

കുട്ടികളുടെ ബൈബിൾ നാടകാവിഷ്കാരങ്ങളിലും ചിത്രകഥകളിലും പ്രസംഗങ്ങളിലും മറ്റും അങ്ങനെയാണ് കണ്ടും കേട്ടും പോന്നിട്ടുള്ളത്. ജോസഫും ഗർഭവതിയായ മേരിയും ഇസ്രായേലിൽ നിന്ന് യൂദയായിലെ ബേത്‌ലഹേമിലേക്ക് യാത്ര ചെയ്തെന്നും, അവിടെ അവർക്ക് താമസിക്കാൻ വീടോ സത്രത്തിലിടമോ ലഭിച്ചില്ല എന്നുമാണ് മനസ്സിൽ തറഞ്ഞിരുന്നത്.
വീടുകളുടെ വാതിലിൽ യൗസേപ്പ് മുട്ടിവിളിക്കുന്നതും, ഇടമില്ല എന്ന് പറഞ്ഞ് മടക്കപ്പെടുന്നതും പല തവണ കണ്ടിട്ടുള്ളതാണ്.
ഇത്തവണ സംശയം വന്നു. ലൂക്കായുടെ സുവിശേഷം എടുത്ത് ഒന്നുകൂടി വായിച്ചു നോക്കി. വീടുകളെക്കുറിച്ച് അവിടെ പരാമർശമോ സൂചനയോ ഇല്ല. ''അവിടെയായിരിക്കുമ്പോൾ അവൾക്ക് പ്രസവസമയം അടുത്തു. അവൾ തൻ്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി. കാരണം, സത്രത്തിൽ അവർക്ക് സ്ഥലം ലഭിച്ചില്ല." എന്നു മാത്രമാണ് ലൂക്കാ എഴുതിയിട്ടുള്ളത്. "വീടുകളിലോ സത്രത്തിലോ" എന്നവിടെ കാണുന്നില്ല. വിദൂര ദിക്കിൽനിന്ന് വരുന്ന ചാർച്ചക്കാരൻ എന്ന നിലക്ക് കുടുംബക്കാർ തീർച്ചയായും അവരെ സ്വീകരിക്കുമായിരുന്നു. നമ്മുടെ കാലത്തേതുപോലെ അല്ല. എത്ര വേണമെങ്കിലും ആതിഥ്യ മനോഭാവം ഉള്ളവരാണ് ഗോത്രജനത.
എന്നാൽ, യൗസേപ്പ് സത്രത്തിൽ മാത്രമേ സ്ഥലം അന്വേഷിച്ചിട്ടുള്ളൂ എന്നാണ് സുവിശേഷത്തിലെ വചനത്തിൽ നിന്ന് മനസ്സിലാവുന്നത്. ചുരുക്കത്തിൽ, യൗസേപ്പ് വളരെ ഒതുക്കത്തി ലാണ് അവിടെ എത്തുന്നതും പാർക്കുന്നതും. എന്തായിരിക്കാം കാരണം? "താനുമായി വിവാഹ നിശ്ചയം ചെയ്തിരുന്ന മറിയത്തോടൊപ്പം" എന്ന 5-ാം വാക്യത്തിൽത്തന്നെ അതിനുള്ള കാരണം ഉണ്ട് എന്നെനിക്ക് തോന്നുന്നു. ("...ഗർഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി" എന്നാണ് പക്ഷേ, പി.ഒ.സി. ബൈബിളിലെ പരിഭാഷ).
ലൂക്കാ സുവിശേഷമനുസരിച്ച് അവർ തമ്മിൽ വിവാഹം കഴിഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് പൂർണ്ണ ഗർഭിണിയായ മറിയത്തെ സ്വന്തക്കാർക്കു മുമ്പിൽ എത്തിക്കാൻ യൗസേപ്പിന് കഴിയുമായിരുന്നില്ല. അങ്ങനെ ചെയ്താൽ, അവൾക്കും തനിക്കും പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തുകയായിരിക്കും യൗസേപ്പ്.




















