top of page

നിങ്ങളിലെ പ്രോഗ്രാമിംഗിനെ തിരിച്ചറിയുക

Jul 24, 2009

3 min read

റ്റോണി ഡിമെല്ലോ

സ്നേഹത്തിലേയ്ക്കൊരു കൈചൂണ്ടി


"ഈ വചനം കേട്ട് അവന്‍ വിഷാദിച്ച് സങ്കടത്തോടെ തിരിച്ചു പോയി. കാരണം അവനു വളരെയേറെ സമ്പത്തുണ്ടായിരുന്നു" (മര്‍ക്കോ 10:22)


  നിങ്ങളെ നിയന്ത്രിക്കുന്ന പ്രോഗ്രാം നിങ്ങളെ ഏതു സാഹചര്യത്തിലും അസംതൃപ്തയാക്കുന്നുവെന്നും, എത്രയൊക്കെ ശ്രമിച്ചാലും ആനന്ദമനുഭവിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വെറും പാഴ്വേലയായിത്തീരുന്നുവെന്നുമുള്ള യാഥാര്‍ത്ഥ്യം നിങ്ങള്‍ക്കിന്നുവരെ ബോദ്ധ്യപ്പെട്ടിട്ടുണ്ടോ? ഗണിതശാസ്ത്ര സൂത്രവാക്യങ്ങള്‍ നിങ്ങള്‍ കംപ്യൂട്ടറിനു കൊടുത്തിട്ട് ഷേക്സ്പിയറിന്‍റെ മനോഹരവാക്യങ്ങള്‍ പ്രതീക്ഷിക്കുന്നതിനു സമാനമാണ് നിങ്ങളുടെ ഇത്തരം പാഴ്ശ്രമങ്ങള്‍.

  നിങ്ങള്‍ക്ക് സംതൃപ്തിയാണ് യഥാര്‍ത്ഥ ലക്ഷ്യമെങ്കില്‍ വേണ്ടത് പരിശ്രമമല്ല, നല്ല ആഗ്രഹങ്ങളല്ല, ഉറച്ച തീരുമാനങ്ങളല്ല, പിന്നെയോ നിങ്ങള്‍ ഏതു വിധത്തില്‍ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നു എന്ന വ്യക്തമായ ധാരണയാണ്. നിങ്ങള്‍ക്കു സംഭവിച്ചത് സത്യത്തില്‍ ഇതാണ്:


1. ചില പ്രത്യേക വ്യക്തികള്‍ കൂടാതെയോ, ചില പ്രത്യേക സാധനങ്ങള്‍ കൈവശമില്ലാതെയോ നിങ്ങള്‍ക്കു സംതൃപ്തി ലഭിക്കില്ലെന്നു വിശ്വസിക്കാന്‍ നിങ്ങളുടെ സമൂഹവും സംസ്കാരവും നിങ്ങളെയങ്ങു പഠിപ്പിച്ചു.

ചുറ്റുമൊന്നു കണ്ണോടിക്കൂ: ധനം, അധികാരം, വിജയം, അംഗീകാരം, നല്ല പേര്, സ്നേഹം, സൗഹൃദം, ആത്മീയത, ദൈവം... ഇവയിലേതെങ്കിലുമൊക്കെയില്ലാതെ സന്തുഷ്ടരായിരിക്കാന്‍ ആവില്ലെന്നുള്ള സംശയാതീതമായ വിശ്വാസത്തില്‍ അധിഷ്ഠിതമാണ് എല്ലാവരുടെയും ജീവിതം. നിങ്ങളുടെ പ്രത്യേക താല്പര്യം ഇവയിലേതിലാണ്?


2. ഒരിക്കല്‍ നിങ്ങള്‍ ഈ വിശ്വാസം വിഴുങ്ങി. തുടര്‍ന്ന്, ആരെക്കൂടാതെയോ ഏതു കൂടാതെയോ നിങ്ങള്‍ക്കു സംതൃപ്തയാകാനാവില്ലെന്നു നിങ്ങള്‍ കരുതിയോ, അതിനോട് നിങ്ങള്‍ വലിയ അഭിനിവേശം വളര്‍ത്തി.

 

3. അതിനുശേഷം ആ 'വിലമതിക്കാനാവാത്ത' വ്യക്തിയെയോ വസ്തുവിനെയോ നേടിയെടുക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളായിരുന്നു. തുടര്‍ന്നുള്ള അദ്ധ്വാനം അതിനോട് പറ്റിപ്പിടിച്ചിരിക്കാനും അതു നഷ്ടപ്പെടാനുള്ള എല്ലാ സാഹചര്യങ്ങളെയും ചെറുത്തു തോല്‍പിക്കാനുമായിരുന്നു.


4. അങ്ങനെ വളരെ പരിഹാസ്യമായ ഒരു വൈകാരിക ദാസ്യം നിങ്ങളില്‍ രൂപപ്പെടുന്നു. നിങ്ങള്‍ ആഗ്രഹിച്ചതു ലഭിക്കുമ്പോള്‍ നിങ്ങള്‍ക്കു രോമാഞ്ചം, പിന്നെ അതു നഷ്ടപ്പെടുമോ എന്ന ആശങ്ക, നഷ്ടപ്പെട്ടു കഴിയുമ്പോള്‍ വളരെ ദയനീയമായ ജീവിതം.

ഒരു നിമിഷം നിന്നിട്ട് നിങ്ങളിലെ അഭിനിവേശങ്ങളോടുള്ള നിങ്ങളുടെ ദാസ്യത്തെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. നിങ്ങള്‍ ഓര്‍ക്കേണ്ടത് അമൂര്‍ത്തമായ കാര്യങ്ങളല്ല, മൂര്‍ത്തമായ വ്യക്തിയോ വസ്തുവോ ആണ്. നിങ്ങളുടെ അഭിനിവേശങ്ങളുടെ നീണ്ട ലിസ്റ്റ് നിങ്ങളെ പേടിപ്പെടുത്തുക തന്നെ ചെയ്യും.

നിങ്ങളുടെ അഭിനിവേശം നിങ്ങളെ കീഴ്പ്പെടുത്തിയപ്പോള്‍ മുതല്‍ അതിനനുസരിച്ച് കാര്യങ്ങളെ, ചുറ്റുപാടിനെ ക്രമീകരിക്കാന്‍ സര്‍വ്വശക്തിയുമുപയോഗിച്ച് നിങ്ങള്‍ ശ്രമിച്ചു വന്നു. ജീവിക്കാനും സന്തോഷിക്കാനുമുള്ള നിങ്ങളുടെ സകല കഴിവിനെയും ഇല്ലാതാക്കുന്ന ഒരു ശ്രമമായിരുന്നു അത്. ഒപ്പം ഫലശൂന്യമായ ഒരു പ്രവൃത്തിയുമായിരുന്നു, അത്. കാരണം എപ്പോഴും നിരന്തരമാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ലോകം നിങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ ഒരിക്കലും നിങ്ങള്‍ക്കാവില്ലല്ലോ.

അങ്ങനെ നിങ്ങള്‍ക്കു ലഭിച്ചത് നിറവിന്‍റെയും തികവിന്‍റെയും ഒരു ജീവിതത്തിനു പകരം നിരാശയുടെയും പരാതികളുടെയും പിരിമുറുക്കത്തിന്‍റെയും അരക്ഷിതത്വത്തിന്‍റെയും ഉത്ക്കണ്ഠയുടേതുമായ ഒന്നാണ്.

കുറച്ചുസമയത്തേക്ക് ലോകത്തെ നിങ്ങളുടെ ആഗ്രഹമനുസരിച്ച്  നിങ്ങളുടെ അദ്ധ്വാനം വരുതിയിലാക്കിയേക്കാം; നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നിങ്ങള്‍ക്ക് കാര്യങ്ങള്‍ ക്രമീകരിക്കാനുമായേക്കാം. അപ്പോള്‍ നിങ്ങള്‍ സന്തുഷ്ടയായിത്തീരുന്നു. പക്ഷേ നിമിഷനേരത്തേക്കുള്ള ഈ സുഖം യഥാര്‍ത്ഥ സംതൃപ്തിയേ അല്ല.  കാരണം നിങ്ങള്‍ ഒരുപാട് അദ്ധ്വാനിച്ച് രൂപപ്പെടുത്തിയെടുത്ത ലോകം താറുമാറായേക്കാമെന്നും നിങ്ങളുടെ കൈവിരലുകള്‍ക്കിടയിലൂടെ അതു ചോര്‍ന്നു പോയേക്കാമെന്നുമുള്ള ഒരു ഭീതി ഉള്ളിലെവിടെയോ നിങ്ങളെ വിടാതെ പിടികൂടിയിരിക്കുന്നു.


5. ഒരു കാര്യം കൂടി നിങ്ങളൊന്നു ചിന്തിച്ചുനോക്കൂ: എപ്പോഴാണ് നിങ്ങള്‍ക്ക് ഉത്ക്കണ്ഠയും ഭയവും ഉള്ളില്‍ തോന്നുന്നത്? നിങ്ങള്‍ പറ്റിപിടിച്ചു നില്‍ക്കുന്ന വ്യക്തിയോ വസ്തുവോ ലഭിക്കാതെ വരുമ്പോഴോ, നഷ്ടപ്പെടുമെന്നു തോന്നുമ്പോഴോ അല്ലേ? നിങ്ങളുടേതെന്നു നിങ്ങള്‍ കരുതിയത് ആരെങ്കിലും കൈക്കലാക്കുമെന്നു തോന്നുമ്പോഴല്ലേ നിങ്ങള്‍ക്ക് അസൂയ തോന്നുന്നത്? നിങ്ങള്‍ ആഗ്രഹിക്കുന്നതു നേടുന്നതിന് ആരെങ്കിലും തടസ്സമാകുമ്പോഴല്ലേ നിങ്ങളില്‍ കോപം നിറയുന്നത്? നിങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് നിങ്ങളില്‍ ചിത്തഭ്രമം സൃഷ്ടിക്കുന്നത് കാണുന്നില്ലേ? നിങ്ങള്‍ക്ക് നിഷ്പക്ഷമായി ചിന്തിക്കാനാവാതെ പോകുന്നില്ലേ? ചിന്തകള്‍ വികലമാക്കപ്പെടുകയല്ലേ? ജീവിതത്തോട്  തന്നെ വിരസത തോന്നുന്നത് നിങ്ങളെ സംതൃപ്തയാക്കുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നത് ആവശ്യത്തിനു കിട്ടാതെ വരുമ്പോഴല്ലേ?

  നിങ്ങളിലുണ്ടാകുന്ന നെഗറ്റീവായ സകല വികാരങ്ങളുടെയും കാരണം നിങ്ങളിലെ അഭിനിവേശങ്ങളെ തൃപ്തിപ്പെടുത്താന്‍ ജീവിതത്തിനാവാതെ പോകുന്നതു കൊണ്ടാണ്. വലിയൊരു ചുമട് നിങ്ങള്‍ ശിരസ്സില്‍ വഹിക്കുകയാണ്. ഈ ചുമടിന്‍റെ കീഴില്‍ വിയര്‍ത്തൊലിച്ച് നിങ്ങള്‍ സംതൃപ്തിക്കായി ശ്രമിക്കയാണ്. എന്തൊരു വിഢിത്തമാണത്! ദുഃഖകരമായ കാര്യമെന്തെന്നു വച്ചാല്‍, ആകാംക്ഷയും നിരാശയും ദുഃഖവും നിശ്ചയമായും ഉളവാക്കുന്ന ഒരു മാര്‍ഗ്ഗം മാത്രമേ സംതൃപ്തിക്കായുള്ള അന്വേഷണത്തില്‍ ആശ്രയിക്കാന്‍ എല്ലാവരേയും പഠിപ്പിച്ചിട്ടുള്ളൂ. ആരേയും ഇന്നുവരെ ഈ സത്യം ആരും പറഞ്ഞു ബോദ്ധ്യപ്പെടുത്തിയിട്ടില്ല: സംതൃപ്തി ലഭിക്കാന്‍ ഒരേയൊരു വഴിയേയുള്ളൂ- നിങ്ങളെ നിയന്ത്രിക്കുന്ന പ്രോഗ്രാം ഉപേക്ഷിക്കുക; അഭിനിവേശങ്ങളെ ദൂരെയെറിയുക.

  സുവ്യക്തമായ ഈ സത്യം പറയുന്നതോടുകൂടി തങ്ങളുടെ അഭിനിവേശങ്ങളെ മുറിച്ചുകളയണമല്ലോയെന്ന ചിന്ത ജനങ്ങളെ ഭയചകിതരാക്കുന്നു. വേദനാജനകമായ ഒരു പ്രക്രിയയേയല്ല അത്. മുറിച്ചുകളയാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണം ദൃഢനിശ്ചയത്തിനും ത്യജിക്കലിനും പകരം ഉള്‍ക്കാഴ്ചയാണെങ്കില്‍ ആ പ്രക്രിയ വളരെ ലളിതവും ആനന്ദപ്രദവുമായിരിക്കും. നിങ്ങള്‍ ആകെ ചെയ്യേണ്ടത് ഇത്രമാത്രം:


a. നിങ്ങള്‍ പറ്റിപ്പിടിച്ചിരിക്കാന്‍ നോക്കുന്ന വസ്തുവോ വ്യക്തിയോ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ അത്യന്താപേക്ഷിതമല്ലെന്നു കണ്ണു തുറന്നു കാണുക.


b. ഈ വ്യക്തിയോ വസ്തുവോ കൂടാതെ നിങ്ങള്‍ സന്തുഷ്ടയാകില്ലെന്നും നിങ്ങള്‍ക്കു ജീവിക്കാനാകില്ലെന്നുമുള്ള ചിന്തയാല്‍ നിങ്ങളുടെ മസ്തിഷ്കം പ്രക്ഷാളനം ചെയ്യപ്പെട്ടതാണെന്നു നിങ്ങള്‍ മനസ്സിലാക്കുക.


ഒന്നോര്‍ത്തു നോക്കൂ: ഒരിക്കല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഏറ്റം പ്രിയപ്പെട്ട വ്യക്തിയോ വസ്തുവോ നഷ്ടപ്പെട്ടപ്പോള്‍ നിങ്ങളുടെ ഹൃദയം എത്രമാത്രം വേദനിച്ചു? ഒരിക്കലും ആ പഴയ സന്തോഷം ലഭിക്കില്ലെന്നും നിങ്ങള്‍ക്ക് ഉറപ്പായിരുന്നില്ലേ? പിന്നീടെന്താണു സംഭവിച്ചത്? കാലം കഴിഞ്ഞപ്പോള്‍, എല്ലാം മറക്കാനും   ജീവിതം സാധാരണരീതിയില്‍ കൊണ്ടുപോകാനും നിങ്ങള്‍ക്ക് ആയില്ലേ? സത്യത്തില്‍, നിങ്ങളുടെ ധാരണകളുടെ പിശകിനെപ്പറ്റി, നിങ്ങളുടെ പ്രോഗ്രാം ചെയ്യപ്പെട്ട മനസ്സ് നിങ്ങളെ എങ്ങനെ വഴിതെറ്റിക്കുന്നുവെന്നതിനെപ്പറ്റി ഈ അനുഭവത്തിലൂടെ നിങ്ങള്‍ ബോധമതിയാകേണ്ടതായിരുന്നു.

അഭിനിവേശം യാഥാര്‍ത്ഥ്യമല്ല. അതൊരു വിശ്വാസമാണ്, മനസ്സിന്‍റെ സങ്കല്‍പ്പമാണ്, നിങ്ങളിലെ പ്രോഗ്രാം നിങ്ങളില്‍ സൃഷ്ടിക്കുന്ന ഭ്രമമാണ്.

ഈ സങ്കല്‍പം നിങ്ങളുടെ ശിരസ്സിലില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒന്നിനോടും ഒട്ടിപ്പിടിച്ചിരിക്കാനാവില്ല. അതോടെ പൂര്‍ണ്ണമായി ആസ്വദിക്കാനും സ്നേഹിക്കാനും നിങ്ങള്‍ പ്രാപ്തയാകും.

ഏതിനെയും ആസ്വദിക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗമുണ്ടെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?


6 നിങ്ങള്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന എല്ലാറ്റിനെയും ഒന്നു മനസ്സില്‍ കൊണ്ടുവരിക. ഓരോന്നിനോടും നിങ്ങള്‍ ഇങ്ങനെ പറയുക: "എനിക്കു നിന്നോട് ഒരു അഭിനിവേശവും ഇല്ല. നീയില്ലാതെ ഞാന്‍ സന്തോഷവതിയാകില്ലെന്നു വെറുതെ ഞാന്‍ എന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അങ്ങനെ ഞാന്‍ എന്നെത്തന്നെ വഞ്ചിക്കുകയായിരുന്നു."

സത്യസന്ധമായി ഇതു നിങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ വരുന്ന മാറ്റങ്ങള്‍ നിങ്ങളൊന്നു ശ്രദ്ധിച്ചു നോക്കൂ.

റ്റോണി ഡിമെല്ലോ

0

2

Featured Posts

bottom of page