top of page
നവമാധ്യമങ്ങളും അനുബന്ധസാഹചര്യങ്ങളും വ്യക്തികളെയും സമൂഹങ്ങളെയും നിയന്ത്രിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ദൈനംദിന പ്രവൃത്തികളും വിനോദ, വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായിക മേഖലകളുമെല്ലാം വിരല്‍ത്തുമ്പിലെ 'ടച്ച്' വഴി നാം സാധിച്ചെടുത്തുകഴിഞ്ഞു. അച്ഛനമ്മമാരുടെയും കുടുംബാംഗങ്ങളുടെയും മുഖങ്ങളും പുഞ്ചിരികളും മറ്റ് വികാരഭേദങ്ങളും സസൂക്ഷ്മം വീക്ഷിച്ചും വിവേചിച്ചും പിച്ചവച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങള്‍ സമീപകാലങ്ങളില്‍ 'ഗൂഗിള്‍', 'നെറ്റ്ഫ്ളിക്സ്' ഉച്ചരിച്ച് ഓടിക്കളിക്കുന്ന കാഴ്ചകള്‍ പാര്‍ക്കിലും മറ്റും സാധാരണമാണ്. യാഥാസ്ഥിതിക ലോകത്തുനിന്നും അവാസ്തവിക ലോകത്തേയ്ക്കും തിരിച്ചും ദിവസത്തിന്‍റെ ഒട്ടുമിക്ക മണിക്കൂറുകളും കുടിയേറ്റയിറക്കങ്ങള്‍ നടത്തുന്ന നവീന തലമുറയെ ഉള്‍ക്കൊള്ളാനും നയിക്കാനും പുതിയ സമീപനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് മാതാപിതാക്കളും അദ്ധ്യാപകരും മുതിര്‍ന്നവരും.മാറുന്ന സമൂഹം എന്നാല്‍ നവീന സമൂഹമാധ്യമങ്ങള്‍ ക്കനുസരിച്ച് മാത്രം മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ഉദ്ബോധിപ്പിക്കുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളുടെ ആകെ തുകയായി സങ്കല്പിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമായി പുനര്‍നിര്‍വചിക്കപ്പെട്ടുകഴിഞ്ഞു. ഇതിന്‍റെ ഏറ്റവും വലിയ ഇരകള്‍ നമ്മുടെ കുട്ടികളാണ്. നവമാധ്യമത്തിന്‍റെ പുതിയ നിര്‍വചനം തന്നെ ഏറ്റവും എളുപ്പത്തില്‍, ഏറ്റവും വേഗത്തില്‍, ഏവര്‍ക്കും സ്വന്ത ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുവാന്‍ സാധിക്കുന്ന സമ്പര്‍ക്ക സംവിധാനം എന്നാണല്ലോ. അകലങ്ങളിലുള്ളവരിലേക്ക് ആശയങ്ങളും ചിന്തകളും വീക്ഷണങ്ങളും എത്തിക്കുവാനുള്ള ഉപാധിയായിരുന്ന പൊതു മാധ്യമത്തിന്‍റെ സ്വഭാവവും ഉപയോഗവും ഇന്ന് ഏറെ മാറ്റങ്ങള്‍ക്കു വിധേയമായിരിക്കുന്നു.
സാമൂഹ്യമാധ്യമങ്ങള്‍ വ്യക്തിമാധ്യമങ്ങളായും സമൂഹത്തോടോ, ചെറിയ സംഘങ്ങളോടോ ബന്ധപ്പെടുവാനുള്ള ഉപാധിയായും ഉപയോഗത്തില്‍ വന്നത് -വ്യക്തി- സമൂഹ സമ്പര്‍ക്കപ്രക്രിയകളെത്തന്നെ മാറ്റിമറിച്ച് ഒരു പുതിയ തലം സൃഷ്ടിച്ചിട്ടുണ്ട്. തൊട്ടടുത്തിരിക്കുന്നവരുമായി ആശയം കൈമാറുന്നതു മുതല്‍ ക്ലാസ് മുറികളിലെ ചര്‍ച്ചകള്‍വരെ ഉദ്ദീപിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നത് സാമൂഹ്യമാധ്യമങ്ങളും അവയുടെ സ്വാധീനവുമാണ്.
കുട്ടികളുടെ മാധ്യമലോകം
വായന ഒരു വ്യക്തിയെ ചിന്തിക്കുവാനും ഭാവന ചെയ്യുവാനും പ്രേരിപ്പിക്കുന്നുവെങ്കില്‍ ദൃശ്യങ്ങള്‍ ഒരു വ്യക്തിയെ അതുമായി ബന്ധപ്പെട്ടതോ മറ്റ് വ്യത്യസ്തമായ സാഹചര്യങ്ങളിലോ ഉള്ള പ്രവൃത്തികളിലേക്കു നയിക്കുവാന്‍ ഉതകുന്നു. ഒരു വ്യക്തിയെ മാധ്യമം സ്വാധീനിക്കുന്നത് പല കാര്യങ്ങളെ ആശ്രയിച്ചാണ്. ആ വ്യക്തിയുടെ പ്രായം, അനുഭവം, മാനസികാവസ്ഥ, വ്യക്തി പ്രതിനിധാനം ചെയ്യുന്ന സമൂഹം, സമൂഹത്തിലെ സ്ഥാനം എന്നിവയും ഇതിനും പുറമേ വ്യക്തി ഏതു ലിംഗത്തെ പ്രതിനിധാനം ചെയ്യുന്നുവോ അതിനെയും ആശ്രയിച്ചിരിക്കുന്നു. സില്‍മാന്‍ & സ്രയാസ്(1985) മാധ്യമ സ്വാധീനത്തെ വിശദീകരിക്കുന്നത് മേല്‍പ്പറഞ്ഞ പ്രകാരമാണ്. ഇതിനെ സ്ഥിരീകരിക്കുന്ന മറ്റു പല പഠനങ്ങളും വ്യക്തമാക്കുന്നത് മാധ്യമങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായോ ഭാഗികമായോ ഒരു വ്യക്തിയെ പല വിധത്തില്‍ സ്വാധീനിക്കുന്നുവെന്നാണ്. ഉദാഹരണത്തിന് ഒരു കുറ്റകൃത്യത്തിന്‍റെ വിശദീകരണം എത്രമാത്രം ആഴത്തില്‍ പ്രദര്‍ശിപ്പിക്കുന്നുവോ അതിന്‍റെ സ്വാധീനവും അതിന്‍പ്രകാരമായിരിക്കും. കുറ്റം ചെയ്ത രീതി എങ്ങനെയെന്ന് വിശദീകരിക്കുമ്പോള്‍ അതിന്‍റെ നാനാവശങ്ങള്‍ അത് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വ്യക്തിയില്‍ ആഴമായി പതിയുന്നു. എന്നാല്‍ ആ കുറ്റകൃത്യം സമൂഹത്തെയും വ്യക്തിയെയും ജീവിതത്തെയും എത്രമാത്രം ബാധിക്കുന്നു എന്നുള്ള വിശദീകരണം ഉളവാക്കുന്ന സ്വാധീനം വ്യത്യസ്തമാണ്. ആദ്യത്തെ വിശദീകരണം ഒരു കുട്ടിയെ (മുതിര്‍ന്നവരെയും) കൗതുകം കൊണ്ടോ പരീക്ഷണത്തിനായോ അതേ ശൈലിയിലുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചേക്കാം. ചില സാഹചര്യങ്ങളില്‍ അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാതിരിക്കാന്‍ തീരുമാനിക്കുകയുമാവാം.
മറ്റൊരു കൂട്ടര്‍ സ്വാധീനിക്കപ്പെടുന്നത് വ്യത്യസ്തമായ രീതിയിലാണ്. സാധാരണ സംഭവിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങള്‍ (സമൂഹം അംഗീകരിക്കുന്നതോ, അല്ലാത്തതോ) മാധ്യമം വഴി ആവര്‍ത്തിച്ച് കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ വ്യക്തിയില്‍ ഉണ്ടാകുന്ന മാറ്റത്തിന്‍റെ പ്രക്രിയയാണ് സാധാരണീകരണം (നോര്‍മ്മലൈസേഷന്‍). ആവര്‍ത്തിച്ച് കേള്‍ക്കുകയോ കാണുകയോ വായിക്കുകയോ ചെയ്യുമ്പോള്‍ വ്യക്തിയില്‍ സാവകാശം നടക്കുന്ന പ്രക്രിയയാണിത്. ഇതിന്‍റെ പരിണതഫലം അത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടുവാന്‍ വ്യക്തിയെ പ്രേരിപ്പിക്കുകയോ അല്ലെങ്കില്‍ അസാധാരണമായ ഇത്തരം കൃത്യങ്ങളോട് നിര്‍വ്വികാരമായ സമീപനം പുലര്‍ത്തുകയോ ആവാം. ഈ രണ്ടു തരത്തിലുള്ള അപകടകരമായ മാധ്യമസ്വാധീനങ്ങള്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ന്നുകാണുന്ന കുട്ടികളിലും അതുപോലെ അശ്ലീലങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് കാണുകയോ കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുന്ന കുട്ടികളിലും വരുന്നുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് അടുത്ത കാലങ്ങളില്‍ നടത്തിയ രണ്ടു പഠനങ്ങള്‍ വിരല്‍ചൂണ്ടുന്നത് കുട്ടികളില്‍ ഉളവാക്കുന്ന അത്യധികം അപകടകരമായ ഈ രണ്ടു മാധ്യമസ്വാധീനങ്ങളാണ്.
ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന പകുതിയിലധികം കുട്ടികളും (68%) സമൂഹം അംഗീകരിക്കാത്ത കാര്യങ്ങള്‍ മാധ്യമങ്ങളില്‍ മനഃപൂര്‍വ്വം അന്വേഷിക്കുന്നതായി ഡല്‍ഹി കേന്ദ്രീകരിച്ച് ഈ ലേഖിക നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത് മറ്റു പട്ടണങ്ങളിലും ഗ്രാമങ്ങളിലും വസിക്കുന്ന കുട്ടികളിലും വ്യത്യസ്തമല്ലെന്ന് ഈ ലേഖിക തുടര്‍ന്ന് നടത്തിയ പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അശ്ലീലചിത്രങ്ങള്‍, കാണുകയോ അതുമായി ബന്ധമുള്ള കാര്‍ട്ടൂണുകള്‍, ഗെയിം ഇവയുടെ ഉപയോഗം, മദ്യപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം, ഓണ്‍ലൈന്‍ വഴിയും അല്ലാതെയും കുട്ടികളെ ഭീഷണിപ്പെടുത്തല്‍, ഇഷ്ടമില്ലാത്ത വ്യക്തികള്‍, സമൂഹം, സ്ഥാപനം, പ്രസ്ഥാനം ഇവയോടൊക്കെ വിരോധാത്മകമായുള്ള കമന്‍റുകളും പ്രസ്താവനയും പൊതുമാധ്യമത്തില്‍ മനഃപൂര്‍വ്വം അറിയിക്കുക എന്നിവയെല്ലാം സാധാരണ കുട്ടികള്‍ അന്വേഷിച്ചുപോകുന്ന വിലക്കപ്പെട്ട കനികളുടെ പട്ടികയില്‍ പെടുന്നു.
ഉദാഹരണത്തിന് 8.5% കുട്ടികള്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് ഒരു വിനോദമായാണ്. 19% കുട്ടികള്‍ കൗതുകം കൊണ്ടും 9% കുട്ടികള്‍ കൂട്ടുകാരുടെ സമ്മര്‍ദ്ദം മൂലവും 4% കുട്ടികള്‍ അഡി ക്ഷന്‍ കാരണവും മറ്റൊരു 4% ഇത് തങ്ങളുടെ സ്വാതന്ത്ര്യവും അവകാശവുമായി കരുതുന്നതുകൊണ്ടുമാണ്. മൊബൈല്‍ ഫോണ്‍ കൈയില്‍ വന്ന് സ്വകാര്യമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന ഈ കാലത്ത് അതിനുള്ള കാരണങ്ങളും അധികമാവാം.
അശ്ലീലസൈറ്റുകളുടെ ഉപയോഗംപോലെ കുട്ടികളില്‍ ആസക്തിയുണ്ടാക്കുന്ന മറ്റൊരു കാര്യമാണ് 'ഗെയിംസ്'. ഇത് സ്വന്തം മുറിക്കുള്ളിലും വീട്ടിലും ഒതുങ്ങിക്കൂടുവാനുള്ള ഉയര്‍ന്ന പ്രവണത കുട്ടികളില്‍ ഉളവാക്കുന്നു. അങ്ങനെ മണിക്കൂറുകളോളം ഇത്തരം കളികളില്‍ മാത്രം അമിതശ്രദ്ധ വയ്ക്കുന്ന കുട്ടികളുടെ സ്വഭാവം, മനോഭാവം എന്നിവയെ ഇത് സാരമായി ബാധിക്കുന്നതായി നമ്മുടെ നാട്ടിലും വിദേശങ്ങളിലും നടത്തിയ പഠനങ്ങള്‍ ഒരേപോലെ വ്യക്തമാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ ലോകത്ത് കൂട്ടുകാരുമായോ മുതിര്‍ന്ന വരുമായോ ഒത്തുചേര്‍ന്നു പോകുവാന്‍ ബുദ്ധിമു ട്ടുള്ള കുട്ടികള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള പലായനമാര്‍ഗ്ഗമായി ഗെയിമിന്‍റെ ലോകത്തേയ്ക്ക് ചേക്കേറാറുണ്ട്. ചില കുട്ടികള്‍ക്ക് ഗെയിം ഭ്രാന്തമായ ഒരു ആവേശമാണ്.
ഉദാഹരണത്തിന് കൂടിയ വേഗത്തില്‍ വാഹനം ഓടിക്കുക, ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുക. പെണ്‍ കുട്ടികളെയും മറ്റു കൂട്ടുകാരെയും ശത്രുപക്ഷ ത്തുള്ളവരെയും ഉപദ്രവിക്കുക, ആര്‍ഭാടകരമായ കാര്യങ്ങളില്‍ പങ്കെടുക്കുക, വ്യത്യസ്തമായ വേഷം ധരിക്കുക, ഗ്രാഫിക്സിന്‍റെ സഹായത്തോടെ പറന്നു നടക്കുക തുടങ്ങി അതിസാഹസികമായ കാര്യങ്ങള്‍ ചെയ്യുക, ഇഷ്ടപ്പെട്ട ആയുധങ്ങള്‍ ഉപയോഗിക്കുക, ധാരാളം പണം ഉപയോഗിക്കുക, കൊള്ളയടിക്കല്‍, കൊലപാതകം ഇങ്ങനെ യഥാര്‍ത്ഥലോകത്ത് അവര്‍ക്കു ചെയ്യുവാന്‍ കഴി യാത്ത പല കാര്യങ്ങളും മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ ചെയ്യുവാന്‍ അവര്‍ക്കു സാധിക്കുന്നു.
ഇതേസമയം കുട്ടികളുടെ വളര്‍ച്ചയ്ക്കുതകുന്ന നിരവധി കാര്യങ്ങളും ഗെയിം വഴി സംഭവിക്കാം. നിശ്ചിതസമയങ്ങളില്‍ 'തിരഞ്ഞെടുക്കപ്പെട്ട' ഗെയിം കളിക്കുന്ന കുട്ടികള്‍ക്ക് മാസികോല്ലാസം ധാരാളമായി ലഭിക്കാന്‍ ഇത് ഉപകരിക്കും. ടീം ഉണ്ടാക്കുക, ടീമിന്‍റെ ഭാഗമാവുക, മറ്റു സംസ്കാരങ്ങളെ അറിയുക, മാന്യമായരീതിയില്‍ പല വ്യക്തികളോടും ഇടപെടുക, സമയം ശരിയായ രീതിയില്‍ വിനിയോഗിക്കുക, ക്രിയാത്മകമായി കാര്യങ്ങള്‍ ചെയ്യുക എന്നിങ്ങനെ വ്യക്തിപരമായും സമൂഹത്തിന്‍റെ ഭാഗമായും വളരാന്‍ ഇത് സഹായിക്കാം.
പ്രകൃതിയെ അടുത്തറിയാനും വിജ്ഞാനം വളര്‍ത്താനും സഹായിക്കുന്ന ഗെയിമുകളുമുണ്ട്. തുടര്‍ച്ചയായി ഗെയിം കളിക്കുന്ന കുട്ടികള്‍ അത്തരം ലോകത്തുനിന്നും യാഥാര്‍ത്ഥ്യത്തിലേയ്ക്കു തിരിച്ചുവരാനാവാത്തവരായി മാറുന്നു. അവരുടെ ചിന്തയിലും സംസാരത്തിലുമൊക്കെ ഈ ഒരു കാര്യം മാത്രമായിരിക്കും. ഇവര്‍ തങ്ങളുടെ ഭക്ഷണം, ദിനചര്യകള്‍, പഠനം എന്നീ കാര്യങ്ങളില്‍പോലും ശ്രദ്ധിക്കാന്‍ കഴിയാത്തവരായി മാറുന്നു. ഗെയിമിനു പിന്നില്‍ സ്വയം അറിയാതെ സ്വാധീനിക്കപ്പെടുന്ന മറ്റൊരു കാര്യമാണ് അതില്‍ ഉപയോഗിക്കുന്ന അംഗീകരിക്കാനാവാത്ത ഭാഷാപ്രയോഗം. യഥാര്‍ത്ഥലോകത്ത് 'ആക്ഷന്‍' പോലെ ഭാഷയും ഇവരുടെ പുതിയ ശൈലിയായി മാറുന്നു. ഗെയിമുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന പരസ്യങ്ങളാണ് മറ്റൊരു സ്വാധീനമേഖല. പുതിയ കളിക്കാരെ സഹായിക്കാനോ അല്ലെങ്കില്‍ സങ്കീര്‍ണ്ണമായകളികളില്‍ ഏര്‍പ്പെടുമ്പോള്‍ സഹായിക്കാനോ എത്തുന്ന മൂന്നാമനാണ് ഈ അപകടകാരി. ഇവര്‍ സാവകാശം കുട്ടികളെ പ്രൈവറ്റ് ചാറ്റി ലേയ്ക്കു ക്ഷണിച്ച് അവരുടെ വ്യക്തിപരമായ വിവരങ്ങള്‍ കൈക്കലാക്കുന്നു. അവര്‍ വഴി മാതാപി താക്കളുടെ ബാങ്ക് അക്കൗണ്ട് തുടങ്ങിയവ തട്ടിയെടുക്കുന്നതും സാധാരണ സംഭവമാണ്. കൂടാതെ സ്വന്തം ഇച്ഛകള്‍ക്കും ഇവര്‍ കുട്ടികളെ ഉപയോഗിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ഭീഷണിക്കു വിധേയമാകുന്ന കുട്ടികള്‍ നിസ്സഹായരും ഭീതിയില്‍ കഴിയുന്ന വരുമായി മാറുന്നു. ഇത് യഥാര്‍ത്ഥലോകത്തിലെ പ്രവൃത്തിയുടെ തുടര്‍ പ്രതികരണമായോ ഓണ്‍ ലൈന്‍ പ്രവൃത്തിയുടെ ഫലമായോ സംഭവിക്കാം. പല പകപോക്കലുകളും മരണത്തിലേയ്ക്കുവരെ കൊണ്ടുചെന്നെത്തിച്ച ദാരുണ സംഭവങ്ങള്‍ നമുക്കു മറക്കാനാവില്ല.
ഓണ്‍ലൈന്‍ ചാറ്റ് ഇന്ന് സര്‍വ്വസാധാരണമായ ഒരു പ്രക്രിയയായി മാറിയിട്ടുണ്ട്. ഉണര്‍ന്നിരിക്കുന്ന ഏതാണ്ടു മുഴുവന്‍ സമയവുംതന്നെ ചാറ്റ് കേന്ദ്രീകരിച്ച് ചിന്തകള്‍ കൊണ്ടുനടക്കുന്ന 'കുട്ടിസംസ്കാരം' യഥാര്‍ത്ഥലോകത്തെയും അതിലെ വസ്തുതകളെയും അവഗണിക്കുവാന്‍ കെല്പുള്ളവയാണ്. വീട്ടിലുള്ളവരുടെ ആവശ്യങ്ങള്‍, നിസ്സഹായര്‍, സഹായമര്‍ഹിക്കുന്നവര്‍ ഇവരെയൊക്കെ മൊബൈലില്‍ കണ്ണുംനട്ടിരിക്കുന്ന കുട്ടികള്‍ കാണാതെ പോകുന്നു. വീട്ടില്‍ ബന്ധുക്കളും അയല്‍പക്കക്കാരും സുഹൃത്തുക്കളും വരുന്നതുപോലും ഇവര്‍ക്ക് അരോചകമാണ്. 'ചാറ്റ്' വഴി കാര്യങ്ങള്‍ നടത്താന്‍ താല്പര്യപ്പെടുന്നവര്‍ വളരെയധികം സ്വാര്‍ത്ഥമതികളായി ചുരുങ്ങുന്നത് വ്യക്തമാണ്. സ്വന്തം ഇഷ്ടം, സ്വന്തം കൂട്ടുകാര്‍, സ്വന്തം വീട്ടുകാര്‍ എന്നതിലപ്പുറത്തേയ്ക്ക് ആരോഗ്യകരമായ സംഭാഷണ (ഡയലോഗ്) ത്തിലേയ്ക്ക് കടന്നുചെല്ലുവാന്‍ ഇവര്‍ക്കു സാധിക്കാതെ പോകുന്നു.
യുവജനങ്ങളാകട്ടെ കൂട്ടുകുടുംബം, കൂട്ടായ്മ എന്നിവയില്‍ നിന്നു മാറി, സ്വയം സൃഷ്ടിച്ചെടുത്ത പ്രത്യേക ഗ്രൂപ്പില്‍ സ്വന്തകാര്യസാധ്യത്തിനും നേട്ടത്തിനും ഗ്രൂപ്പ് ഉപയോഗിക്കുന്ന പ്രവണതകള്‍ വളര്‍ന്നുവരികയാണ്. ഇത്തരം സംഭാഷണങ്ങള്‍ (ചാറ്റ്), ഗ്രൂപ്പുകള്‍ എന്നിവ ഇഷ്ടമില്ലാത്ത വ്യക്തികള്‍, കൂട്ടുകാര്‍, രാഷ്ട്രീയ കച്ചവട താല്പര്യത്തോടെ ജാതി-മത വിള്ളലുകള്‍ ഉണ്ടാക്കുവാന്‍ തത്പരകക്ഷികള്‍ നടത്തുന്ന പദ്ധതിയിലേയ്ക്ക് വീണുപോകുവാന്‍ വഴിയൊരു ക്കുന്നു. മാത്രമല്ല സ്ത്രീകളെയും മറ്റു വ്യക്തിക ളെയും ഒരു ഉപഭോഗവസ്തുവായി മാത്രം കാണു വാന്‍ മാധ്യമങ്ങള്‍ നിരത്തുന്ന വ്യക്തി-സമൂഹ ഗ്രൂപ്പ് കേന്ദ്രീകൃത പരസ്യങ്ങളും ഉള്ളടക്കങ്ങളും തുടര്‍ന്നുള്ള ചാറ്റ് പോലുള്ള കാര്യങ്ങളും സുപ്രധാന പങ്കുവഹിക്കുന്നു.
ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന പകുതിയിലധികം കുട്ടികളും സമൂഹം ആഗ്രഹിക്കാത്ത കാര്യങ്ങള്‍ അന്വേഷിക്കുന്നവരാണെന്ന് ഇന്ത്യയില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇവരില്‍ 18-20% വരെ ഇത്തരം കാര്യങ്ങളില്‍പ്പെട്ട് അതില്‍നിന്നും പുറത്തുവരുവാനാവാതെ കുടുങ്ങിയവരാണ്. സങ്കോചം കൊണ്ടോ, ശിക്ഷ ഭയന്നോ ഇവര്‍ ഇത്തരം കാര്യങ്ങള്‍ മുതിര്‍ന്നവരുമായി പങ്കുവയ്ക്കാറില്ല. കുട്ടികള്‍ ഏറ്റവും ആദ്യം ഇവ പങ്കുവയ്ക്കുന്നത് അവരുടെ സമപ്രായക്കാരോ ടാണ്. അപക്വചിന്തകളും തീരുമാനങ്ങളും പ്രശ്നപരിഹാരങ്ങളും ഇവരെ കൂടുതല്‍ പ്രശ്നങ്ങളിലേയ്ക്കു കൊണ്ടെത്തിക്കുകയും ചെയ്യുന്നു.
എല്ലാറ്റിനും ഉത്തരം ഗൂഗിളില്‍ അന്വേഷിക്കുന്ന കുട്ടികള്‍ക്ക് കാര്യങ്ങളുടെ വരുംവരായ്കകളെപ്പറ്റി ചിന്തിക്കാനും വിവേചനത്തോടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കാണുവാനും തിരഞ്ഞെടുക്കുവാനും സാധിക്കാതെ വരുന്നു. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന അസത്യങ്ങള്‍, ഭാഗികമായ സത്യങ്ങള്‍ ഇവ കണ്ണടച്ച് വിശ്വസിക്കുവാന്‍ ഇവര്‍ പ്രേരിതരാകുന്നു. വാര്‍ത്തകള്‍ അല്ലാത്തവയെ വാര്‍ത്തകളായി പ്രചരിപ്പിക്കുകയും 'ഇന്‍ഫ്ളു വെന്‍സേഴ്സ്' നെ ഉറങ്ങി എഴുന്നേല്‍ക്കുന്ന സമയംകൊണ്ട് സൃഷ്ടിക്കുവാന്‍ കഴിയുകയും ചെയ്യുന്ന സാമൂഹ്യമാധ്യമങ്ങളാണോ നമ്മുടെ കുട്ടികളുടെ (മുതിര്‍ന്നവരുടെയും) സന്തതസഹചാരി എന്നു മുതിര്‍ന്ന തലമുറ വീണ്ടുവിചാരം നടത്തേണ്ടതുണ്ട്. ടെലിവിഷന്‍ പോലുള്ള ദൃശ്യമാധ്യമങ്ങള്‍ ഒരു പരിധിവരെ അതിലെ ആശയങ്ങള്‍ ഉത്തരവാദിത്വമുള്ളവര്‍ അംഗീകരിച്ച് സംപ്രേക്ഷണം ചെയ്യുന്നതാണ്, എന്നാല്‍ സാമൂഹ്യമാധ്യമങ്ങള്‍ നിയന്ത്രണാതീതമാണ്.
അവാസ്തവിക ലോകത്തെ ഹീറോയായി വിലസുന്ന പല കുട്ടികളും യഥാര്‍ത്ഥ ലോകത്ത് ഒരു ഗ്രൂപ്പിന്‍റെ മുന്‍പില്‍ തങ്ങളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കുവാന്‍ കഴിയാത്തവരായും കാണപ്പെടാറുണ്ട്. ചോദിച്ച ഫോണ്‍ മോഡല്‍ കിട്ടിയില്ലെങ്കില്‍ നാടുവിടുന്ന കുട്ടികളും ഓണ്‍ലൈന്‍ ഗ്രൂപ്പിന്‍റെ സമ്മര്‍ദ്ദം മൂലം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും പെട്ടെന്ന് വളരാനും ഉയര്‍ച്ചയിലെത്താനും സാധിക്കാത്തതിനാല്‍ ആത്മഹത്യചെയ്യുന്നവരും, ഓണ്‍ലൈനില്‍ ഹീറോ ആകുവാന്‍ അപകടകരമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടുന്നവരുമായ കുട്ടികളുടെ എണ്ണം ദിവസേന വര്‍ദ്ധിച്ചുവരികയാണ്.
മാധ്യമങ്ങളിലെ സാധ്യതകള്‍
അറിവ് എക്കാലത്തും എല്ലാ പ്രായക്കാര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശവും ഉയര്‍ച്ചയും ഉണ്ടാക്കുവാന്‍ ഇടവരുത്തുന്നു. അത് ശാസ്ത്രീയവും കാലത്തിന് അനുസൃതവും സമൂഹത്തിന് ഉപകാരപ്രദവും ആയിരിക്കണം. അറിവിനൊപ്പം സ്വയം വിമര്‍ശിക്കുവാനും സമൂഹത്തെയും വ്യക്തികളെയും ബാധിക്കുന്ന കാര്യങ്ങള്‍ തിരിച്ചറിയുവാനും സാധിക്കുമ്പോഴാണ് അറിവ് പൂര്‍ണ്ണമാകുന്നത്. അറിവിന്‍റെ അന്വേഷണം അതിരു കടക്കുന്നതും അപകടകരമാണ്. ചില വ്യക്തികള്‍ ഇത്തരം അഡിക്ഷനിലേയ്ക്ക് ചെന്നുപെടാറുണ്ട്. അതിരില്ലാത്ത 'ലിങ്ക്' ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ പ്രത്യേകതയാണ്. ഒരിടത്തു തുടങ്ങി എവിടെ അവസാനിപ്പിക്കണമെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലേയ്ക്ക് അന്വേഷകരെ നയിക്കുന്ന ഒരു അപകടം ഇവിടെയുണ്ട്. ഇത്തരം വിവരാന്വേഷികള്‍ സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനാവാത്തവരും അന്വേഷിക്കുന്ന കാര്യത്തില്‍ (വിഷയത്തില്‍) സംതൃപ്തി കണ്ടെത്താന്‍ സാധിക്കാത്തവരുമായി തീരുന്നു. ഇത്തരം വ്യക്തികള്‍ തങ്ങളുടെ അറിവിലോ നിലവിലുള്ള അറിവിലോ തൃപ്തി കണ്ടെത്താനാവാതെ നിരന്തരം കുറവുകള്‍ മാത്രം ചൂണ്ടിക്കാണിക്കുന്നവരായി ചില പഠനങ്ങള്‍ കാണിക്കുന്നു. ചില കുട്ടികളും ഇത്തരം പ്രശ്നങ്ങളില്‍ ചെന്നുപെടാറുണ്ട്.
എങ്ങനെയാണ് ഒരു വിഷയം ഓണ്‍ലൈനില്‍ അന്വേഷിക്കേണ്ടത് എന്ന് കുട്ടികള്‍ അറിഞ്ഞിരിക്കണം. ഗതിമാറിപ്പോകാതെ ശരിയായ ഉത്തരം കണ്ടെത്തി തിരിച്ചെത്താനും അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമാണ്.
പാഠ്യപാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ധാരാളം അറിവു വളര്‍ത്തുവാന്‍ ഇന്ന് ഒട്ടേറെ സാഹചര്യങ്ങള്‍ നവമാധ്യമങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 'ഈ ലൈബ്രറി, ഓപ്പണ്‍ റിസോഴ്സ്' ഇവയൊക്കെ ലൈസന്‍സ് കൂടാതെ ആര്‍ക്കും ഉപയോഗിക്കുവാന്‍ സാധിക്കും. എന്നാല്‍ ഫ്രീ റിസോഴ്സാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്‍റെ ചില ഭാഗങ്ങള്‍ മാത്രമായിരിക്കും 'ഫ്രീ' മറ്റ് പ്രധാന ഭാഗങ്ങള്‍ പണം കൊടുത്ത് ഉപയോഗിക്കേണ്ടതായിട്ടുണ്ട്.
അറിവുവളര്‍ത്തുന്നതോടൊപ്പം കുട്ടികളിലെ മറ്റു കലാകായിക വളര്‍ച്ചയ്ക്കും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ 'ഫ്രീ' ആയി ലഭ്യമാണ്. തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഇക്കാലത്ത് അനേകം വേദികള്‍ ഓണ്‍ലൈന്‍ ഒരുക്കുന്നുണ്ട്. അതേസമയം കുട്ടികളെ കരുവാക്കികൊണ്ടുള്ള മാധ്യമസംസ്കാരം വളര്‍ന്നുകൊണ്ടിരിക്കുന്നത് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളെ ഉപയോഗിച്ചുള്ള പരസ്യങ്ങള്‍, ട്രോളിംഗ്, ഗ്രന്‍ഡിംഗ് ഇവയിലെല്ലാം കുട്ടികളെ അമിതമായി ഉള്‍ക്കൊള്ളിക്കുന്നതു മൂലം യഥാര്‍ത്ഥ ലോകം അവരുടെ കയ്യില്‍ നിന്നും വഴുതിപ്പോകുന്ന സാഹചര്യം മാതാപിതാക്കള്‍ ഉണ്ടാക്കുന്നു. യഥാര്‍ത്ഥലോകത്തെ അഭിമുഖീകരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കാതിരുന്നാല്‍ വലിയ രീതിയിലുള്ള കുറവുകള്‍ കുട്ടികളില്‍ ഉണ്ടാകുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
മാധ്യമം ഉണ്ടാക്കുന്ന മാസ്മരിക ലോകത്തുനിന്നും മാറിചിന്തിക്കുവാന്‍ കുട്ടികള്‍ക്ക് വഴിയൊരുക്കുമ്പോള്‍ അവരിലെ ക്രിയാത്മകതയും സാഹോദര്യവും സാമൂഹ്യപ്രതിബദ്ധതയുമൊക്കെ സ്വാഭാവികമായി വളര്‍ന്നുവരുന്നത് ആഴമായി പഠിക്കാനും വിലയിരുത്താനും ഈ ലേഖികയ്ക്കു കഴിഞ്ഞിട്ടുണ്ട്. അദ്ധ്യയനവര്‍ഷം നമ്മുടെ കുട്ടികള്‍ക്ക് ഏറെ പ്രധാനമാണ് അത് ഒരു കുടിയിറക്കം തന്നെ അവരോട് ആവശ്യപ്പെടുന്നു. യഥാര്‍ത്ഥ ലോകവും അവാസ്തവിക ലോകവും ഒന്നുചേര്‍ന്ന് കൊണ്ടുപോകുവാന്‍ അദ്ധ്യാപകരും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ട് സമയങ്ങളുടെയും ഉപയോഗം ചിട്ടപ്പെടുത്താനും കാര്യങ്ങളെ വിശകലനാത്മ കമായി കൈകാര്യം ചെയ്യാനും കുട്ടികളെ പഠിപ്പിക്കുക. അദ്ധ്യാപകരും കുട്ടികളും മാതാപിതാക്കളും ഈ പ്രക്രിയയില്‍ പങ്കാളികളാവുക ഈ കാലത്തിന്‍റെ ആവശ്യമാണ്. വായിക്കാനും കാണുവാനും കേള്‍ക്കുവാനും എഴുതുവാനും സ്വയം ചിന്തിക്കുവാനും കുട്ടികളെ പ്രേരിപ്പിക്കേണ്ടതുണ്ട്. തുടര്‍ച്ചയായ ഇടപെടലുകളും ഇതിന് ആവശ്യമാണ്.
(Jolly Jose, Ph.D., Asst. Director Research,
Amity School of Communication,
Amity University, Noida)
Featured Posts
bottom of page