top of page

മണ്ണും മനുഷ്യനും

Feb 1, 2010

3 min read

തത
Agricultural land and machineries
Agricultural land and machineries

മണ്ണും മനുഷ്യനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. മണ്ണില്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നു. കര്‍ത്താവായ ദൈവം ഭൂമിയിലെ പൊടികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തി. (ഉല്‍പ്പത്തി 2:7) മനുഷ്യന്‍ മണ്ണില്‍ അലിഞ്ഞു ചേരണമെന്നതും അലംഘനീയമായ വിധി. മനുഷ്യന്‍ മണ്ണിലേക്കു മടങ്ങിപ്പോകും വരെ അപ്പം ഭക്ഷിക്കുന്നതും മണ്ണില്‍ ഉണ്ടാകുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുതന്നെയാണല്ലൊ. എക്കാലത്തെയും മനുഷ്യന്‍ മണ്ണിനെ ആശ്രയിച്ചാണ് ജീവിച്ചിരുന്നതെന്ന് നിസ്സംശയം പറയാം.

25000 മുതല്‍ 30000 വരെ വര്‍ഷങ്ങള്‍ക്ക്മുമ്പ് ജീവിച്ചിരുന്ന ശിലായുഗത്തിലെ മനുഷ്യര്‍ കായ്കനികള്‍ ഭക്ഷിച്ചും, വന്യമൃഗങ്ങളെ വേട്ടയാടി പിടിച്ചുമൊക്കെയാണ് ജീവിച്ചിരുന്നത്. മണ്ണില്‍ കിളിര്‍ത്തു വളര്‍ന്ന സസ്യങ്ങളില്‍ നിന്നുമാണു കായ്കനികള്‍ ലഭിക്കുന്നത്. അതുപോലെ മൃഗങ്ങള്‍ സസ്യങ്ങളെയോ മറ്റു ചെറുമൃഗങ്ങളെയോ തിന്നുമാണല്ലൊ ജീവിക്കുന്നത്. ചുരുക്കത്തില്‍ ജീവസന്ധാരണത്തിനും നിലനില്‍പിനും ഏറ്റവും അടിസ്ഥാനപരമായ പ്രകൃതിവിഭവമാണ് മണ്ണ്.

കാലചക്രത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍, ചരിത്രത്തിലെവിടെയോ മനുഷ്യന്‍ സ്ഥിരതാമസം ആരംഭിക്കുകയും ധാന്യങ്ങളും കിഴങ്ങുവര്‍ഗ്ഗങ്ങളുമൊക്കെ കൃഷിചെയ്തു തുടങ്ങുകയും ചെയ്തു.

വിളവ് ലഭിക്കുന്നതിന് മാസങ്ങളോളം കാത്തിരിക്കേണ്ടതുകൊണ്ട്, താമസസൗകര്യം ഉണ്ടാക്കുകയും ക്രമേണ ചെറിയ കുടിലുകള്‍ പണിത് മനുഷ്യന്‍ സ്ഥിരവാസമുറപ്പിക്കുകയും ചെയ്തു. അങ്ങനെ മാനവചരിത്രത്തില്‍ ഒരു പുതിയ സംസ്കാരം ഉരുത്തിരിഞ്ഞുവന്നു. എന്നാല്‍ 6000 വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള മെസപ്പൊട്ടൊമിയന്‍ സംസ്കാരത്തിലും, ഈജിപ്ഷ്യന്‍ സംസ്കാരത്തിലും, 5000 വര്‍ഷങ്ങളിലധികം പഴക്കമുള്ള സിന്ധു നദീതടസംസ്കാരത്തിലും കൃഷിയെപ്പറ്റി വളരെ വ്യക്തമായ ലിഖിതങ്ങള്‍ ഉണ്ട്. കൃഷിയുടെ ക്രമാനുഗതമായ വളര്‍ച്ചയും വ്യാപനവും മാനവസംസ്കാരത്തിന്‍റെ വളര്‍ച്ചയ്ക്കും കാരണമായി. കൃഷി ആരംഭിച്ചതോടെ മണ്ണും മനുഷ്യനും തമ്മിലുള്ള ഇടപെടലുകള്‍ക്കും തുടക്കം കുറിച്ചു.

എന്താണ് കൃഷി?

മണ്ണില്‍ അടങ്ങിയിരിക്കുന്ന പോഷക മൂല്യങ്ങളെ മാനവരാശിക്കു  മുഴുവന്‍ പ്രയോജനകരമായ വിളകളാക്കി മാറ്റുന്ന ഉദാത്തമായ ഒരു പ്രക്രിയയാണ് കൃഷി എന്നത്. മണ്ണില്‍ പോഷകമൂല്യങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നതും, പ്രസ്തുത പോഷകമൂല്യങ്ങളാണ് കൃഷിയിലൂടെ നാം, നമ്മുടെ ഉപയോഗത്തിനായി രുചികരമായ വിളകളാക്കി മാറ്റുന്നുവെന്നതും വസ്തുതാപരമായ ഒരു യാഥാര്‍ത്ഥ്യമാണ്. കൃഷി ഒരു തൊഴില്‍ എന്നതിലുപരി അനിവാര്യമായ ഒരു കര്‍ത്തവ്യമാണെന്നും, കൃഷി ചെയ്യുന്നതിന് അവശ്യം വേണ്ട മണ്ണ്, ജലം, ജൈവവൈവിദ്ധ്യം എന്നിവ പ്രകൃതിയുടെ അമൂല്യമായ വരദാനങ്ങളാണെന്നും, അവ എക്കാലത്തെയും തലമുറക്കാര്‍ക്കുവേണ്ടി കരുതി വെയ്ക്കേണ്ട സ്വത്താണെന്നും നമ്മുടെ പൂര്‍വ്വികര്‍ മനസ്സിലാക്കിയിരുന്നു.

  എന്നാല്‍ 1960- കളിലാരംഭിച്ച ഹരിതവിപ്ലവത്തിന്‍റെ അനന്തര ഫലമെന്നോണം നമ്മുടെ മണ്ണും ജലവും വളരെ വ്യാപകമായ രാസവള, കീടനാശിനി പ്രയോഗങ്ങള്‍ക്കു വശംവദമാവുകയും മണ്ണിന്‍റെ സ്വാഭാവികത നഷ്ടപ്പെടുകയും ചെയ്തു. മണ്ണിനു വന്ന ഈ വ്യതിയാനംമൂലം മണ്ണില്‍ അടങ്ങിയിരിക്കുന്ന ലക്ഷക്കണക്കിനു സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുകയും പല സൂക്ഷ്മ ജീവികളും അന്യംനിന്നു പോവുകയോ, ജനിതകമായ മാറ്റങ്ങള്‍ക്കു വിധേയമാവുകയോ ചെയ്തിരിക്കുന്നു. കര്‍ഷകന്‍റെ എക്കാലത്തെയും മിത്രമായിരുന്ന മണ്ണിര ഇന്നു പല കൃഷിയിടങ്ങളിലും കാണാനേയില്ലാത്ത അവസ്ഥയിലായി. ഹരിതവിപ്ലവത്തിനുശേഷം വന്ന ആഗോളീകരണവും വാണിജ്യവത്ക്കരണവും കൃഷിയെ ഒരു വ്യവസായമാക്കി അധഃപതിപ്പിച്ചു. പൊന്‍മുട്ടയിടുന്ന താറാവിന്‍റെ വയറുകീറിയ കര്‍ഷകന്‍റെ അത്യാര്‍ത്തിയോടെ അമിതമായ രാസവള, കീടനാശിനി പ്രയോഗത്തിലൂടെ, ഓരോ കൃഷിയില്‍ നിന്നും പരമാവധി ലാഭം ഊറ്റിയെടുക്കുവാന്‍ നമ്മള്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

  കൃഷി ആദായകരമല്ലാത്ത ഒരവസ്ഥയിലാണ് നാം ഇന്ന് എത്തിനില്‍ക്കുന്നത്. കൃഷി അനാകര്‍ഷകമാവുകയും വിദ്യാസമ്പന്നര്‍ കൃഷിയില്‍ നിന്നും ഏതാണ്ട് പൂര്‍ണ്ണമായും പിന്‍വാങ്ങുകയും ചെയ്തു കൊണ്ടിരിക്കുന്നു. എന്നാല്‍ കാര്‍ഷിക വൃത്തിയില്ലാതെ ഒരു സമൂഹത്തിനും ജീവിക്കാന്‍ സാദ്ധ്യമല്ല എന്ന യാഥാര്‍ത്ഥ്യം നാം എന്തുകൊണ്ടാണ് വിസ്മരിക്കുന്നത്...? കാര്‍ഷിക സംസ്കാരം ഒരു ജനതയുടെ നിലനില്‍പ്പിന്‍റെ ജീവനാഡിയാണ്. കാര്‍ഷികമേഖലയില്‍ അടിയുറച്ചു നിന്നുകൊണ്ട് മാത്രമേ  ജൈവികമായ ഒരു സംസ്കാരം നിലനിറുത്തുന്നതിന് സാധിക്കുകയുള്ളൂ.

മണ്ണും മനുഷ്യനും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു...?

മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം പരസ്പരപൂരകവും ഒരിക്കലും വേര്‍പെടുത്താനാവാത്തതുമാണ്. കാര്‍ബണ്‍, സിലിക്കന്‍, നൈട്രജന്‍, ഫോസ്ഫറസ് തുടങ്ങി പ്രധാനമായും 24 മുതല്‍ 26 വരെ മൂലകങ്ങളാണ് ഫലഭൂയിഷ്ഠമായ മണ്ണില്‍ അടങ്ങിയിരിക്കുന്നത്. സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് അനിവാര്യമായ ഇതേ മൂലകങ്ങള്‍ തന്നെയാണ് മനുഷ്യശരീരത്തിലും അടങ്ങിയിരിക്കുന്നത്. അതായത് മനുഷ്യശരീരത്തിലും 24 മുതല്‍ 26 വരെ മൂലകങ്ങളാണുള്ളത്. ഒരു മനുഷ്യന്‍റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അവശ്യം വേണ്ട ഈ മൂലകങ്ങളെല്ലാം മണ്ണില്‍ വളരുന്ന സസ്യങ്ങളാണ് പ്രദാനം ചെയ്യുന്നത്. ഇപ്രകാരം മണ്ണും മനുഷ്യനും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

  അശാസ്ത്രീയമായ കൃഷിരീതികള്‍ മണ്ണിനെ മലിനീകരിക്കുമ്പോള്‍ മനുഷ്യ ശരീരത്തിന്‍റെ പരിശുദ്ധിയാണ് നഷ്ടപ്പെടുന്നത്. രാസവള, കീടനാശിനികളുടെ അമിത പ്രയോഗത്താല്‍ വിഷലിപ്തമായ മണ്ണില്‍ വിളയുന്ന എല്ലാ ഫലങ്ങളും വിഷാംശം കലര്‍ന്നവയാണ്. ഇവ ഭക്ഷിക്കുന്ന മനുഷ്യനിലും സ്വാഭാവികമായി വിഷം നേരിയ അളവില്‍ അടിഞ്ഞുകൂടുകയും, അത് ക്രമേണ പല രോഗങ്ങള്‍ക്കും കാരണമായിത്തീരുകയും ചെയ്യുന്നു. നമ്മുടെ മണ്ണും, ജലവും എന്തിന് ജൈവവൈവിദ്ധ്യങ്ങളും ഇന്ന് ക്രമാതീതമായ തോതില്‍ മലിനീകരിക്കപ്പെട്ടു കഴിഞ്ഞു. ലാഭക്കൊതി പൂണ്ട ആധുനിക കര്‍ഷകന്‍ ഈശ്വരന്‍റെ വരദാനങ്ങളായ മണ്ണിനെയും ജലജൈവവൈവിദ്ധ്യങ്ങളെയും വിനാശകരമായ രീതിയില്‍ വിഷലിപ്തമാക്കിയിരിക്കുന്നു. മരിച്ചുകൊണ്ടിരിക്കുന്ന മണ്ണും മരവിച്ച മനസ്സുള്ള ഇന്നത്തെ മനുഷ്യനും വരാന്‍ പോകുന്ന തലമുറയുടെ നിലനില്‍പ്പിനെയാണ് ചോദ്യം ചെയ്യുന്നത്.

കാലാവസ്ഥാ വ്യതിയാനം

അശാസ്ത്രീയമായ മണ്ണിന്‍റെ ഉപയോഗം കാലാവസ്ഥ വ്യതിയാനത്തിനും കാരണമായി. കാലാവസ്ഥാ വ്യതിയാനത്തെ തടയുന്നതിനുവേണ്ടിയുള്ള ആഗോള ഉച്ചകോടികളിലൊന്നും  കൃഷിഭൂമി തുണ്ടവത്ക്കരിക്കുന്നതും, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കു വേണ്ടി ഒരു തത്വദീക്ഷയുമില്ലാതെ കൃഷിഭൂമി ഉപയോഗിക്കുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതേയില്ല.  കളനാശിനി ഉപയോഗിച്ച് ജൈവ വൈവിദ്ധ്യങ്ങളെ നശിപ്പിക്കുന്നവന്‍ അറിയുന്നില്ല, കാര്‍ബണ്‍ ഡൈയോക്സൈഡിനെ ജീവവായുവായ ഓക്സിജനാക്കി മാറ്റുന്നതില്‍ ഈ കളകളും നിസ്സാരമല്ലാത്ത പങ്കു വഹിക്കുന്നുണ്ടെന്ന്. മണ്ണ് മരിക്കുന്നതിനനുസൃതമായി, ജൈവവൈവിദ്ധ്യങ്ങള്‍ ശോഷിക്കുകയും ഒരു ജലഗൃഹമായ നമ്മുടെ ഭൂമിയില്‍ മനുഷ്യവാസം ദുസ്സഹമായിത്തീരുകയും ചെയ്യും.

എന്താണ് പ്രതിവിധി? 

ഉപഭോഗസംസ്കാരത്തിന്‍റെ അടിമത്തത്തില്‍നിന്നും നാം മോചനം നേടിയേ തീരൂ. എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്ന സത്യം നാം തിരിച്ചറിയണം. നമ്മുടെ സുഖഭോഗങ്ങള്‍ക്കുവേണ്ടി പ്രകൃതിവിഭവങ്ങള്‍ ദുരുപയോഗിക്കുന്നതും ദുര്‍വ്യയം ചെയ്യുന്നതും അക്ഷന്തവ്യമായ തെറ്റാണെന്ന് നാം മനസ്സിലാക്കണം. മരിച്ചുകൊണ്ടിരിക്കുന്ന മണ്ണിനെ, ബോധപൂര്‍വ്വവും ശാസ്ത്രീയവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള പ്രവര്‍ത്തനത്തിലൂടെ നാം പുനര്‍ജനിപ്പിക്കണം. കൃഷി ജീവന്‍റെ നിലനില്‍പ്പിനാവശ്യമായ ഒരു പുണ്യകര്‍മ്മമെന്ന രീതിയില്‍ നാം നിര്‍വ്വഹിക്കണം. മണ്ണില്‍ ഈശ്വരന്‍ പാര്‍ക്കുന്നു എന്ന സത്യത്തെ അംഗീകരിച്ചുകൊണ്ട്, മണ്ണിനേല്‍ക്കുന്ന സംഘര്‍ഷങ്ങളെ പരമാവധി ലഘൂകരിച്ചുകൊണ്ടുള്ള ഒരു ഹോളിസ്റ്റിക് സമീപനത്തിലൂടെ മണ്ണും ജലവും ജൈവവൈവിദ്ധ്യങ്ങളും വരുംതലമുറകള്‍ക്കായി നമുക്കു കരുതിവെയ്ക്കാം


Featured Posts

bottom of page