top of page
വികസനം: പ്രധാനമന്ത്രിയുടെ ജന്മനാട്ടില്‍
പഞ്ചാബിലെ ഒരു ഉള്‍നാടന്‍ ഗ്രാമമാണ് ഫില്ലോര്‍. അവിടുത്തെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഒരു പബ്ളിക്ക് ഹിയറിംങ് നടക്കുകയാണ്. അതിലേയ്ക്കാണ് ഞാനും കവിയായ ഒ. പി. സുരേഷും എത്തുന്നത്. ദലിത് ദാസ്താ മൂവ്മെന്‍റ് എന്ന സംഘടന നടത്തുന്ന, പഞ്ചാബിലെ ഭൂരഹിതരായ ദലിതരുടെ സമ്മേളനമാണ് അവിടെ നടക്കുന്നത്. പബ്ലിക് ഹിയറിംങിന്‍റെ വേദിയിലിരിക്കുന്നത് മലയാളിയും ഇന്ത്യയിലെ ഭൂരഹിതരുടെ സമരനായകനും ഏക്താ പരിഷത്ത് നേതാവുമായ പി. വി. രാജഗോപാലാണ്. അദ്ദേഹത്തെ കാണുകയായിരുന്നു ഞങ്ങളുടെ യാത്രയുടെ ഉദ്യേശം. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ നിറഞ്ഞ് കവിഞ്ഞിരിക്കുന്ന ജനങ്ങളില്‍ ഭൂരിഭാഗവും ദലിതു സമുദായക്കാരാണ്. പഞ്ചാബിലെ ഗോതമ്പു വിളയുന്ന പാടങ്ങളില്‍ പണിയെടുക്കുന്ന ഭൂരഹിതരായ ദലിതുകളെയാണ് ഞങ്ങളിവിടെ കണ്ടുമുട്ടിയത്. ശാംമിള ഭൂമിയില്‍ (മിച്ചഭൂമി) ഭൂവുടമയ്ക്ക് വേണ്ടി പണിയെടുക്കുന്ന അടിമകള്‍. അവര്‍ തങ്ങളുടെ കദനകഥകള്‍ ഭൂസമരയാത്രക്കിടയില്‍ അവിടെയെത്തിയ രാജഗോപാലിനോട് വിശദീകരിക്കുകയാണ്.
അമിതമായ കീടനാശിനി ഉപയോഗം കൊണ്ട് ക്യാന്‍സര്‍ രോഗത്തിനടിമകളായ ധാരാളം പേര്‍ ആ സമ്മേളനത്തിനുണ്ടായിരുന്നു. അവര്‍ക്ക് സ്വന്തമായി കൃഷിയിടങ്ങളില്ല. ഭൂരിഭാഗവും ഭൂവുടമകളുടെ കൃഷിയിടങ്ങളിലെ കൂലിവേലക്കാര്‍...അടിമകള്‍.. ഭൂരിപക്ഷവും ക്യാന്‍സര്‍ രോഗികള്‍. ചികിത്സയ്ക്കായി രാജസ്ഥാനില്‍ ജയ്പൂരിലെ ആശുപത്രിയിലേക്കാണ് അവര്‍ പോകുന്നതെന്ന് അവരുടെ നേതാവും പഞ്ചാബിലെ പ്രമുഖ അഭിഭാഷകയുമായ അഡ്വ. ജയ പറഞ്ഞു. ലുധിയാനയില്‍ നിന്നും ജയ്പൂരിലേക്കുള്ള തീവണ്ടി അറിയപ്പെടുന്നതു തന്നെ ക്യാന്‍സര്‍ വണ്ടി എന്നാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗോതമ്പു വിളയുന്ന പാടങ്ങളുള്ള നോക്കെത്താ ദൂരത്തോളം പടര്‍ന്നു പരന്നു കിടക്കുന്ന പച്ചപ്പു നിറഞ്ഞ പ്രദേശമായിരുന്നു എന്‍റെ മനസ്സില്‍ പഞ്ചാബ് അന്നു വരെ. ആ പച്ചപ്പിനെയാണ് ദുരിതങ്ങളുടെയും വേദനയുടെയും നേര്‍സാക്ഷ്യങ്ങള്‍ കരിച്ചുകളഞ്ഞത്. ശരീരത്തെ കാര്‍ന്നുതിന്നുന്ന ക്യാന്‍സറിന്‍റെ വേദനയില്‍ നിന്നും രക്ഷനേടാന്‍ എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുന്ന ഒരു കൂട്ടം ആളുകളുടെ രോദനങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടിരുന്നു.
വൈകുന്നേരം നാലുമണിക്ക് ഹാളിനു പുറത്തെ മരച്ചോട്ടിലിരുന്ന് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ രാജേട്ടന്‍ പറഞ്ഞു: "നമ്മുടെ പ്രധാനമന്ത്രിയുടെയും ഇന്ത്യയുടെ ആസൂത്രണ ബോര്‍ഡ് ചെയര്‍മാന്‍ അലുവാലിയയുടെയും ജന്മനാടാണ് പഞ്ചാബ്. അവിടുത്തെ ജനങ്ങളുടെ അവസ്ഥയാണ് നിങ്ങള്‍ ഇവിടെ കാണുന്നത്. സ്വന്തം നാട്ടിലെ പാവങ്ങളുടെ ഈ ദുര്‍ഗ്ഗതിക്കൊരു പരിഹാരമുണ്ടാക്കാന്‍ പോലും ഇവര്‍ക്കാവുന്നില്ല. ഇന്ത്യ ഭരിക്കുന്നത് അവരല്ല അവര്‍ക്ക് മുകളിലിരിക്കുന്ന ഒരു ശതമാനം വരുന്ന വന്‍കിട കോര്‍പ്പറേറ്റുകളാണ്. ഇതാണ് ഇന്ത്യയുടെ ദുര്‍ഗതി." പഞ്ചാബില്‍നിന്നു തിരിച്ചെത്തി നാളുകള്‍ കഴിഞ്ഞിട്ടും പഞ്ചാബിന്‍റെ പച്ചപ്പ് മനസ്സില്‍നിന്നു കരിച്ചുകളഞ്ഞ ആ യാത്ര ഇപ്പോള്‍ ഇവിടെ ഓര്‍ക്കുവാന്‍ ഒരു കാരണമുണ്ട്. ഇതെഴുതുമ്പോഴാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. മന്‍മോഹന്‍ സിങ് എമര്‍ജിങ് കേരള ഉദ്ഘാടനം ചെയ്യാനായി കൊച്ചിയിലെത്തുന്നത്. എമേര്‍ജിങ് കേരളയെ സംബന്ധിച്ച് ചര്‍ച്ചകളും പ്രതിഷേധങ്ങളും തുടരുന്നതിനിടയിലാണ് ഈ ഉദ്ഘാടന മാമാങ്കം നടക്കുന്നത്.
ഗോത്രവര്‍ഗ്ഗജനതയും വികസനവും
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് കേരളത്തിലെ പ്രധാന ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ നിന്നും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ആദിവാസി മരണങ്ങളെക്കുറിച്ചുള്ള കണക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിവരാവകാശ പ്രകാരം څതമ്പ് چ (Centre for Tribal Education Development and Research) എന്ന സംഘടനയ്ക്ക് ലഭിച്ച സര്‍ക്കാര്‍ കണക്കുകളായിരുന്നു അത്. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലായി ഒന്നര വര്‍ഷത്തിനിടയില്‍ 776 പേര്‍ മരിച്ചുവെന്നും അട്ടപ്പാടിയ്ക്ക് പുറത്ത് വിവിധ ആശുപത്രികളിലായി അതേ കാലയളവില്‍ 118 ആദിവാസികള്‍ മരണപ്പെട്ടുവെന്നും വിവരാവകാശ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതായി څതമ്പ് چ പ്രതിനിധി കെ. എ. രാമു പറയുന്നു. കിഴക്കന്‍ അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലെ ആദിവാസികള്‍ ഭൂരിഭാഗവും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് അതിര്‍ത്തി പ്രദേശമായ ആനക്കട്ടിയെയും കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയേയുമാണ്. അവിടെ മേല്‍പറഞ്ഞ കാലയളവിലെ കണക്കു കൂടി പരിശോധിക്കുകയാണെങ്കില്‍ മരണ സംഖ്യ ഇനിയും ഉയരുമെന്ന് څതമ്പ് چ നിരീക്ഷിക്കുന്നു. ജനന മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടേണ്ടത് ജനന മരണങ്ങള്‍ എവിടെ നടന്നുവോ അതാതു പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലാണ്. ഇങ്ങനെ 894 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ 519 ജനനം മാത്രമെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളു. മരണത്തില്‍ ഭൂരിഭാഗവും ആദിവാസികളും ജനനത്തില്‍, ഇതര സമുദായക്കാരുമാണ്. മരണപ്പെട്ടവരില്‍ 70 ശതമാനവും ആദിവാസികളും 40 നും 50 നും ഇടയില്‍ പ്രായമുള്ളവരുമാണ്. അട്ടപ്പാടിയിലെ ആദിവാസികളുടെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു വരുന്നതായി മേല്‍പറഞ്ഞ കണക്കുകള്‍ കാണിക്കുന്നു. ഞാനിവിടെ മേല്‍പറഞ്ഞ കണക്കുകള്‍ അവതരിപ്പിച്ചത് ആദിവാസികളുടെ ഉയര്‍ന്നുവരുന്ന മരണങ്ങളെക്കുറിച്ച് ഒരന്വേഷണം നടത്തുവാനാണ്. ഒരു കാലത്ത് ഭൂമിയുടെ അവകാശികളായിരുന്ന ആദിവാസികള്‍ അവരുടെ ഭൂമിയില്‍ അവര്‍ക്ക് ആവശ്യമുള്ള റാഗി, ചാമ പോലുള്ള ധാന്യങ്ങള്‍ കൃഷി ചെയ്തു ഉപജീവനം നടത്തിയിരുന്നു. ഭൂമിയുടെ അന്യാധീനപ്പെടല്‍, മാറി മാറി വന്ന വനനിയമങ്ങള്‍ എല്ലാം ആദിവാസികള്‍ക്ക് അവരുടെ അതിജീവനം സാധ്യമല്ലാതാക്കിത്തീര്‍ത്തു. അവരെ കോളനിയിലൊതുക്കി. അതിന്‍റെ ബാക്കിപത്രങ്ങളാണ് പഞ്ചായത്തു ജനനമരണ രജിസ്റ്ററില്‍ കാണുന്ന ചുവന്ന കോളങ്ങള്‍.
മേല്‍പറഞ്ഞ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കാലയളവില്‍ ത്രിതല പഞ്ചായത്തുകള്‍, ഐ. റ്റി. ഡി.പി. അഹാഡ്സ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സന്നദ്ധ സംഘടനകള്‍ വഴി ഏകദേശം 50 കോടി രൂപ ആദിവാസി ക്ഷേമത്തിനായി അട്ടപ്പാടിയില്‍ എത്തിയിട്ടുണ്ട്. ഇതിനുപുറമെ 48 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രാക്തന ഗോത്രവര്‍ഗ്ഗമായ കുറുമ്പരുടെ ക്ഷേമത്തിനായി അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിലാണ് മരണനിരക്ക് ക്രമാതീതമായി ഉയരുന്നതും. ഇത്തരം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്ന തുക കൃത്യമായി ഇവരുടെ ക്ഷേമത്തിനായി വിനിയോഗിക്കുന്നില്ല എന്നതാണ് കുത്തനെ ഉയരുന്ന മരണങ്ങളുടെ ഗ്രാഫ് കാണിക്കുന്നത്. ആദിവാസി ക്ഷേമത്തിന്‍റെ പൊള്ളത്തരം ഇത് വെളിവാക്കുന്നു. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി അന്യാധീനപ്പെടാതിരുന്ന കാലത്ത് ആദിവാസിയുടെ ആരോഗ്യസുരക്ഷ, ആ കാലത്ത് പ്രസിദ്ധീകരിച്ചിട്ടുള്ള 'വിഷകന്യക' പോലുള്ള പുസ്തകങ്ങളില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. കാരിരുമ്പിന്‍റെ ശക്തിയുള്ള ആദിവാസി കഥാപാത്രങ്ങള്‍ എവിടെവെച്ചാണ് നമുക്ക് നഷ്ടപ്പെട്ടുതുടങ്ങിയത്. കെ. പാനൂരിന്‍റെ കേരളത്തിലെ ആഫ്രിക്കയിലും, ആഫ്രിക്കയിലെ നീഗ്രോകളെ വെല്ലുന്ന ആരോഗ്യമുള്ള പണിയന്മാരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം നമുക്ക് കൈമോശം വന്നിരിക്കുന്നു. ആദിവാസിക്ക് അവന്‍റെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുവാന്‍ തുടങ്ങിയപ്പോഴാണ് അടിതെറ്റിത്തുടങ്ങിയത്. അതുകൊണ്ടുകൂടിയാണ് ഭൂസമരങ്ങളില്‍ നിന്ന് മാറി ആരോഗ്യസുരക്ഷ ആവശ്യപ്പെട്ടുകൊണ്ട് പ്രാക്തന ഗോത്രവര്‍ഗ്ഗമായ കുറുമ്പര്‍ അടക്കമുള്ള ആദിവാസികള്‍ സമരവുമായി അട്ടപ്പാടിയിലെ റോഡുകളില്‍ ഇറങ്ങിയത്. അവര്‍ക്ക് തങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി ഐ.റ്റി.ഡി.പി. ഉപരോധിക്കേണ്ടി വന്നത്.
മണ്ണും മാനവും അപഹരിക്കപ്പെടുമ്പോള്‍
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16 നാണ് ഷോളയൂര്‍ സ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന തിലകമണി എന്ന കുട്ടി സ്കൂള്‍ വിട്ട് ആറ് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് പോകും വഴി സാമൂഹികവിരുദ്ധരാല്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് മരണമടഞ്ഞത്. കാറ്റാടിപ്പാടങ്ങള്‍ക്ക് വേണ്ടി ഭൂമി നഷ്ടപ്പെട്ട 32 ആദിവാസി കുടുംബങ്ങള്‍ പാര്‍ക്കുന്ന ഊരിന് ഏതാനും വാര അകലെയായിരുന്നു തിലകമണിയുടെ കുടി. കാറ്റാടിപ്പാടങ്ങള്‍ക്ക് വേണ്ടി ആദിവാസി ഭൂമി അന്യാധീനപ്പെടുത്തുന്നതിനെതിരെ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയ യു. ഡി. എഫ്. നേതാക്കളില്‍ ശ്രീ. ഉമ്മന്‍ചാണ്ടി അടക്കം പത്തോളം പേര്‍ ഇന്ന് മന്ത്രിമാരാണ്. എന്നിട്ടും അവരുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കുവാന്‍ ഒരു ചെറുവിരലെങ്കിലും അനക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മറ്റു മന്ത്രിമാര്‍ക്കും കഴിഞ്ഞിട്ടില്ല. കാരണം, അവരെ നയിക്കുന്നതും വന്‍കിട മുതലാളിമാരാണ്. അവര്‍ക്കെവിടെ ഈ പാവങ്ങളെപ്പറ്റി ഓര്‍ക്കുവാന്‍ നേരം. ഏതു ഭരണത്തിനു കീഴിലും ആദിവാസിക്ക് അവന്‍റെ മാനവും മണ്ണും നഷ്ടപ്പെടുന്ന കഥകളാണ് ഈ മേഖലകളില്‍നിന്നു കേള്‍ക്കാനാവുന്നത്.
ഭൂമിയുടെ അന്യാധീനപ്പെടലിന്‍റെ ബാക്കിപത്രം എന്നപോലെ ആദിവാസികളുടെ മരണസംഖ്യ ഇവിടെ ക്രമാതീതമായി ഉയരുമ്പോഴും ഭൂരഹിതരായ ദളിതുകളും റോഡ് പുറമ്പോക്ക് വാസികളും ഒരു തുണ്ട് ഭൂമിക്ക് വേണ്ടി മുറവിളി കൂട്ടുമ്പോഴുമാണ് ഭൂദാനം നടത്തി എമേര്‍ജിങ് കേരള പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭൂമി തരാമെന്ന വാഗ്ദാനവുമായി പച്ചപ്പരവതാനി വിരിക്കുന്നത്. യാഥാര്‍ത്ഥ്യങ്ങളെ തുറന്ന മനസ്സോടെ കാണുകയും അടിസ്ഥാനവര്‍ഗ്ഗങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കുകയും ചെയ്തിട്ടു വേണമായിരുന്നു ഇത്തരം മാമാങ്കങ്ങള്‍. ഉദ്ഘാടന ദിവസം പെട്ടിക്കടകള്‍ നിരോധിച്ചുകൊണ്ടും സാധാരണക്കാരന്‍റെ കഞ്ഞിയില്‍ പാറ്റയിട്ടുകൊണ്ടും വേണമായിരുന്നോ ഇത്തരം ചടങ്ങുകള്‍? വികസനം എന്നും എപ്പോഴും ആവശ്യമാണ്. അത് പരിസ്ഥിതിക്ക് ആഘാതം ഏല്‍പ്പിക്കുമ്പോഴും ആദിമ ജനതയ്ക്ക് അവരുടെ ആവാസമേഖല നഷ്ടപ്പെടുത്തിയാവുമ്പോഴുമാണ് എതിര്‍ക്കപ്പെടുന്നത്. പക്ഷേ, ഒന്നോര്‍ക്കുക: കേരളത്തിലെ ആയിരക്കണക്കിന് പാവങ്ങളുടെ, ആദിവാസികളുടെ രോദനങ്ങള്‍ക്ക് - രക്തസാക്ഷിത്വത്തിന് മുകളിലാണ് വികസനത്തിന്‍റെ പറുദീസയ്ക്ക് കല്ലിടുന്നത്.
('ഗോത്രഭൂമി' വാരികയുടെ പത്രാധിപറാണ് ലേഖകൻ)
Featured Posts
bottom of page