top of page

ഭാഷ

Jul 13, 2016

3 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
Different elements of a language

പരിണാമത്തിന്‍റെ അടുത്ത ചുവടതാണ്, ശിരസ്സില്‍ തീനാളവുമായി മെഴുകുതിരിപോലെ കത്തിപ്പോകുന്ന മനുഷ്യന്‍. പെന്തക്കോസ്ത അതായിരുന്നു. ഞൊടിയിടയിലും അടിമുടി മാറ്റം സാദ്ധ്യമാണെന്ന അടയാളംപോലെ ചവിട്ടി നിന്ന മണ്ണ് മാറുകയും, വീശിയടിച്ച കാറ്റില്‍, ഭീതിയിലും നിഷ്ക്രിയത്വത്തിലും കുരുങ്ങി നിന്ന ജീവിതങ്ങളുടെ പായ്മരം ചലിച്ചു തുടങ്ങുകയും ചെയ്ത ദിനമായിരുന്നുവത്. അവര്‍ വീഞ്ഞുകുടിച്ചവരെപ്പോലെ ഉന്മത്തരായി കാണപ്പെട്ടു. എല്ലാവര്‍ക്കും പിടുത്തം കിട്ടുന്ന ഭാഷയാണവരുടേതെന്നായിരുന്നു അവരെക്കുറിച്ച് ആ കാലത്തിന്‍റെ വാഴ്ത്ത്.



നോക്കൂ, ഏതൊരു വിളുമ്പില്‍പ്പെട്ട മനുഷ്യരെയുംപോല്‍ തല കുനിക്കേണ്ട ഭാഷയായിരുന്നു അവരുടേത്. പത്രോസ് എന്ന മുക്കുവന്‍ നഗരത്തില്‍ കുരുങ്ങിയതുപോലും അയാളുടെ ഉച്ചാരണ പിശകുകൊണ്ടാണെന്ന വായനകളുണ്ട്. ഞാന്‍ ഗലീലിയനേയല്ലായെന്ന് ഉറക്കെ മൂന്നാവര്‍ത്തി പ്രാകുമ്പോഴും അയാളുടെ നീട്ടലും കുറുകലുമൊക്കെ അയാള്‍ കടപ്പുറത്തുകാരനാണെന്ന് ഭംഗിയായി ഒറ്റിയിട്ടുണ്ടാകും. സംസ്കൃതചിത്തരെ നിര്‍ണ്ണയിക്കുന്ന ഏകകം അവരുടെ ഭാഷയാണെന്ന് ആര്‍ക്കാണറിയാത്തത്. 'ഒരണയ്ക്ക് നേന്ത്രപ്പഴം തരൂ' എന്ന് ആവശ്യപ്പെടുന്ന ചെറുമ ബാലനെ, എന്തിനെന്നര്‍ത്ഥത്തില്‍ കണ്ണുരുട്ടി, തള്ളയ്ക്ക് പുഴുങ്ങാളാണെന്ന് പറഞ്ഞ് ചൂളിപ്പിച്ച് ഉറക്കെ ചിരിക്കുന്നവരുടെ പ്രതിധ്വനികളാണെല്ലായിടത്തും. അതിനിടയിലും അയാളെ അവര്‍ക്ക് മനസ്സിലാവു ന്നല്ലോ...


എല്ലാവര്‍ക്കും പിടുത്തം കിട്ടുന്ന ഒരു ലോകഭാഷയെക്കുറിച്ചുള്ള പഠനത്തിലും ഗവേഷണത്തിലുമായിരുന്നു അകാലത്തില്‍ മരിച്ച ഞങ്ങളുടെ ഒരു ജ്യേഷ്ഠസുഹൃത്ത്. അതൊരു സാങ്കേതികവും പ്രായോഗികവുമായ വൈതരണി മാത്രമാണോ? എങ്ങനെ നമ്മുടെ ഭാഷകള്‍ ചിതറിപ്പോയെന്നതാവണം മനുഷ്യന്‍റെ ഏറ്റവും പുരാതനമായ ദാര്‍ശനിക വ്യഥകളിലൊന്ന്.  Real Metaphysical problem today is the word. അങ്ങനെയാണ് ബാബേല്‍ എന്ന മിത്തുണ്ടായത്. മിത്തിന് കെട്ടുകഥയെന്നൊ ന്നുമല്ലര്‍ത്ഥം. ലോകവും മാനവികതയും വര്‍ത്തമാനരൂപത്തില്‍ പരിണമിച്ചതിനെക്കുറിച്ചുള്ള വിശുദ്ധമായ ആഖ്യാനമായി Allan Dundes  അതിനെ വ്യാഖ്യാനിക്കുന്നുണ്ട്.


ആകാശം മുട്ടുന്ന ഒരു പട്ടണത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് അത് സംഭവിച്ചത്. ഗ്രാമം നഗരമാവുക മനുഷ്യാസ്തിത്വവുമായി ബന്ധപ്പെട്ട ഒരു രൂപകമാണ്. സരളത സങ്കീര്‍ണ്ണതയിലേക്ക് വഴി മാറുകയെന്നതാണ് അതിന്‍റെ ചുരുക്കെഴുത്ത്. ചോക്ലേറ്റില്‍ താന്‍ മരണം കാണുന്നുവെന്ന് ആശങ്കപ്പെട്ട ഒരാളുണ്ടായിരുന്നു, ഭ്രാന്തി. എം.ടി.യുടെ കടവ് എന്ന ചിത്രമോര്‍ക്കുന്നു. കടത്തുവഞ്ചിയില്‍ അഴിഞ്ഞുപോയ അവളുടെ പാദസരവുമായി അവളെത്തേടി നഗരത്തിലേക്ക് പോകുന്ന ബാലനെപ്പോലെ നഗരം ഗ്രാമത്തെ തീരെ തിരിച്ചറിയുന്നില്ല, വ്യാകരണം കൊണ്ട് ക്ലിപ്തപ്പെടുകയും അലങ്കാരങ്ങള്‍കൊണ്ട് തോരണം കെട്ടുകയും ചെയ്യുന്ന പകിട്ടുള്ള ഒരു നഗരഭാഷയുടെ  മുമ്പില്‍ ഗ്രാമീണരുടെ ഭാഷ പകച്ചും ഭയന്നും വിക്കി വിക്കി പോവുന്നു...


Art of Relating  - എന്നാണ് ആത്മീയതയെക്കുറിച്ചുള്ള പൊതുവായ നിരീക്ഷണം. എത്ര അഗാധമായി നിങ്ങള്‍ക്ക് പരിസരത്തോട് ബന്ധപ്പെടാന്‍ കഴിയുന്നുവെന്നതാണ് ആത്മീയ അഭിവൃദ്ധിയുടെ ഏകകം. അതുകൊണ്ടുതന്നെ ഭാഷയുടെ ആതുരതകള്‍ ആത്മീയ ഉത്കണ്ഠകള്‍ കൂടി ആവുന്നു. പ്രാര്‍ത്ഥനകളില്‍ അമിതഭാഷണം പാടില്ലെന്നും, വ്യവഹാരങ്ങളില്‍ അതെയെന്നോ അല്ലയെന്നോ ഏറ്റവും ഋജുവായ വാക്കേ പാടുള്ളെന്നും ഒക്കെയുള്ള അനുശാസനങ്ങളും, ചെവിയുണ്ടായിട്ടും കേള്‍ക്കാതെ പോകുന്നു എന്ന കഠിനമായ ആരോപണത്തിലൂടെയും ആ തച്ചനത് തന്‍റെ കാലത്തോട് പങ്കുവയ്ക്കുന്നുണ്ട്. മറച്ചുപിടിക്കാനല്ല, വെളിപ്പെടുത്താനാണ് വാക്ക്.


ബാബേലിന്‍റെ കഥയിലെന്നപോലെ ചിതറിയ ഭാഷയില്‍ നിന്നാണ് ദുരന്തങ്ങളെല്ലാം സംഭവിക്കുന്നത്. കടപ്പുറത്ത് നിന്ന് കേള്‍ക്കുന്ന ആ പഴയ കഥപോലെ. അപൂര്‍വ്വമായി മാത്രം എത്തുന്ന ചരക്കുകപ്പലിനു വേണ്ടി കടല്‍പ്പാലത്തില്‍ നില്ക്കുന്ന ഗ്രാമീണര്‍. നിയന്ത്രണം വിട്ട കപ്പലിന്‍റെ അപായ സൂചന കാട്ടാന്‍ ഷര്‍ട്ട് ഊരി വീശി അലറിവിളിക്കുന്ന നാവികര്‍. അതൊരു അഭിവാദ്യരീതിയാണെന്നു കരുതി അതേപോലെ കുപ്പായങ്ങള്‍ ഊരി ചുഴറ്റി നില്‍ക്കുന്ന മനുഷ്യര്‍. അങ്ങനെ അഭിവാദ്യങ്ങള്‍ക്കും പ്രത്യാഭിവാദ്യങ്ങള്‍ക്കുമിടയില്‍ തകര്‍ന്നു വീഴുന്ന കടല്‍പ്പാലം! ഒരു സന്ദേശം കുറെക്കൂടി നന്നായി  പരാവര്‍ത്തനം ചെയ്തിരുന്നുവെങ്കില്‍ നാഗസാക്കിയും ഹിരോഷിമയും പോലും  ഒഴിവാക്കപ്പെടുമായിരുന്നുവെന്ന കയ്പുള്ള ഒരു ഫലിതവും കേട്ടിട്ടുണ്ട്. വേണമെങ്കില്‍ അഭ്യര്‍ത്ഥനപോലെ കരുതാവുന്ന ഒരു കത്ത് ചക്രവര്‍ത്തിക്ക് വേണ്ടി വായിച്ചു കൊടുത്ത ദ്വിഭാഷി അതൊരു താക്കീതിന്‍റെ സ്വരത്തിലാണ് വായിച്ചു കൊടുത്തത്. അത്തരമൊരു ധാര്‍ഷ്ട്യം മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് ചക്രവര്‍ത്തി തീരുമാനിച്ചത്. ബാക്കിയൊക്കെ പാഠപുസ്തകത്തിലുള്ള കാര്യങ്ങള്‍ തന്നെ. ഒരു വാതില്‍ മുറുകെ വലിച്ചടയ്ക്കുമ്പോള്‍ അതെപ്പോഴും ഒരാളുടെ അമര്‍ഷം തന്നെയാവണമെന്നില്ല. അടക്കിവച്ച സങ്കടമോ പറയാന്‍ മടിക്കുന്ന അരക്ഷിതാവസ്ഥയോ ചിലപ്പോള്‍ വെറുമൊരു ശീലം പോലുമാവാം. വ്യാഖ്യാനത്തിലാണ് അപായങ്ങള്‍ പതുങ്ങിയിരിക്കുന്നത്.


 The 5 Love language എന്നൊരു പുസ്തകം വായിച്ചിട്ടുണ്ട്. Gary chapman-ന്‍റെ. തങ്ങള്‍ വെറുതെ റൂം മേറ്റ്സ് മാത്രമാണെന്ന് ആശങ്കപ്പെടുന്ന, തങ്ങള്‍ക്കിടയില്‍ പൊതുവായി ഒന്നുമില്ലെന്നും പരാതിപ്പെടുന്ന സൂസന്‍റെ പരാതിയില്‍ മനസു നുറുങ്ങി ജോണ്‍ ഇങ്ങനെ പറയുന്നു: ഞങ്ങള്‍ രണ്ടുപേരും ജോലിക്ക് പോകുന്നുണ്ട്. അവള്‍ക്കു മുമ്പേ ജോലി കഴിഞ്ഞെത്തുവാന്‍ ഞാന്‍ ശ്രമിക്കുന്നു. അവളെത്തുമ്പോള്‍ അത്താഴം തയ്യാറാ ക്കുന്നു. അവളുടെ നടുവിന് പ്രശ്നങ്ങളുള്ളതു കൊണ്ട് വീട് വൃത്തിയാക്കല്‍ സന്തോഷപൂര്‍വ്വം ചെയ്യുന്നു. പൂമ്പൊടി അലര്‍ജിയുള്ളതുകൊണ്ട് തോട്ടപ്പണിയില്‍ നിന്നവളെ ഒഴിവാക്കുന്നു. ഇതൊന്നും ഇവള്‍ക്ക് സ്നേഹമാണെന്ന് തോന്നാത്തതെന്തുകൊണ്ട്? സ്നേഹഭാഷകളിലെ ഈ വൈരുദ്ധ്യങ്ങള്‍ എങ്ങനെയാണ് പരിഗണിക്കപ്പെടേണ്ടതെന്ന് കാര്യമായ നിശ്ചയമൊന്നുമില്ല. ലളിതമായൊരു രീതി അപരന്‍റെ ചെരിപ്പില്‍ കാല്‍ ചവിട്ടി കാര്യങ്ങള്‍ കാണാനുള്ള ശ്രമമാണ്. അപ്പോള്‍ മനുഷ്യരുടെ കലഹങ്ങള്‍ക്കും ശാഠ്യങ്ങള്‍ക്കും നിസ്സംഗതകള്‍ക്കും അവഗണനകള്‍ക്കും ധാര്‍ഷ്ട്യങ്ങള്‍ക്കുമൊക്കെ ഒരു പുനര്‍വായന സാദ്ധ്യമാണ്. അപ്പോള്‍ കന്മദം പോലെയെന്തോ ഒന്ന് കിനിയുന്നതു കണ്ട് മിഴികള്‍ സജലങ്ങളായെന്നിരിക്കും.


ജീവജാലങ്ങളുടെ ഭാഷയെക്കുറിച്ചുപോലും ധാരണയുണ്ടാകുമ്പോഴാണ് നിങ്ങള്‍ ശലമോ നാകാന്‍ പോകുന്നത്. ഇന്ന് നിഷേധിക്കപ്പെടുമ്പോള്‍പോലും ഭാഷയുടെ ഉല്പത്തി ജീവജാലങ്ങളുടെ സ്വരത്തിന്‍റെ പൊരുള്‍ തേടിപൊകുമ്പോഴായിരുന്നുവെന്ന് പാരമ്പര്യമതം. നദിയുടെ ശബ്ദം തേടിപ്പോയതില്‍ നിന്നാണ് നാദമുണ്ടായതെന്ന വായനപോലുമുണ്ട്. മരിച്ചവരോടു പോലും ഭാഷണം സാദ്ധ്യമെന്നു കരുതുന്ന എത്രയോ ഗണം മനുഷ്യര്‍ ഇപ്പോഴും വാഴ്വിലുണ്ട്. അതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ജോണ്‍സിമാഷ് അയുക്തിയുടെ അഭംഗികളിലേക്ക് വഴുതിപ്പോകുന്നതുപോലെ അനുഭവപ്പെട്ടു. വൈകാരികതയിലേക്കും, ആന്തരികതയിലേക്കും തുറന്നിട്ട ജാലകമായി മാത്രം ഭാഷയെ ഗണിച്ചുകൂടാ. ഭിന്നിച്ചുപോയ മനുഷ്യസമൂഹങ്ങളെ ഇണക്കി നിര്‍ത്തുന്ന കാണാച്ചരടായി ഭാഷ മാറുന്നു. ധാര്‍മ്മികമായ ഒരു ഐഡന്‍റിറ്റി ഭാഷയ്ക്ക് കൈവരുന്നത് അപ്പോള്‍ മാത്രമാണ്. മാനസികവും ശാരീരികവുമായ അടിമത്തത്തില്‍ പൂണ്ടുകിടന്ന ഒരു ജനത സ്വാതന്ത്ര്യത്തിന്‍റെ വിശാലതകളിലേക്ക് ഉയര്‍ന്നുവന്നത് അവരുടേതുമാത്രമായ ഭാഷയുടെ താക്കോലുമായാണ്. സ്ത്രീകളും കുട്ടികളും ഉഭയലിംഗവ്യക്തികളും, ദളിതരും ഒരുമിച്ചു പറയുന്നത് നൂറ്റാണ്ടുകളായി അടിച്ചമര്‍ന്നു പോയ തങ്ങളുടെ ഭാഷയെക്കുറിച്ചാണ്. ഒരു ദേശത്തിന്‍റെ ധമനികളില്‍ ആഴ്ന്നു കിടക്കുന്ന എത്രയോ അജ്ഞാത മുദ്രകളുണ്ട്. നാട്ടറിവുകളുടെ പദസഞ്ച ങ്ങളാണ് ഓര്‍മ്മയില്‍. ഈ പദങ്ങള്‍ക്കെല്ലാം ജീവനുണ്ട്. അതിനാല്‍ നിഘണ്ടുവിന്‍റെ പുറങ്ങള്‍ അവസാനിക്കുന്നേയില്ല. വ്യതിചലിക്കുകയും നിരന്തരം നവീകരിക്കപ്പെടുകയും ചെയ്യുന്ന ഭാഷയുടെ പിന്നാലെ ചൂരല്‍വടികളുമായി പോകേണ്ടബാധ്യത ആര്‍ക്കുമില്ല. കലാപങ്ങള്‍, പ്രതിരോധങ്ങള്‍, ആത്മാലാപങ്ങള്‍, സ്വപ്നങ്ങള്‍, കാമനകള്‍ അങ്ങനെ  എല്ലാം ഭാഷയില്‍  ഉദിക്കുന്നു. ഭാഷയില്‍ത്തന്നെ അസ്തമിക്കുന്നു. എന്‍റെ ലോകം അവസാനിക്കുന്നത് എന്നില്‍നിന്ന് ഭാഷ മാഞ്ഞുപോകുമ്പോഴാണ്... ഡിമെന്‍ഷ്യ ബാധിച്ച ഒരാളെ കാണാന്‍പോകുമ്പോള്‍ നിങ്ങള്‍ക്കത് നേരിട്ട് പിടുത്തം കിട്ടും.


ഭാഷണത്തിനുള്ള ശ്രമമാണ് ഏറ്റവും പുരാതനവും നവീനവുമായ സംസ്കാരിക പ്രവര്‍ത്തനം. ബസില്‍ അരികിലിരിക്കുന്ന ചെറുപ്പക്കാരനോട് നിങ്ങള്‍ ഇങ്ങനെ പറഞ്ഞുതുടങ്ങുന്നു. ഇന്നലെയും ചാലക്കുടിപ്പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിട്ടുണ്ട്. അവന്‍ തലവെട്ടിക്കുന്നു. പുഴ, മത്സ്യം, പുകക്കുഴല്‍ ഇവയല്ലാതെ ഇവറ്റയ്ക്ക് പുതുതായൊന്നും പറയാനില്ലേയെന്ന മട്ടില്‍. ശരീരഭാഷ കൊണ്ടവന്‍ സംഭാഷണത്തിനുള്ള പഴുതുകളെ താഴിടുന്നു. പിന്നെ ഹെഡ്സെറ്റെന്ന ഉപകരണംകൊണ്ട് കാതടച്ച്, 'മാഹിയിലെ പെണ്ണുങ്ങളെ കാണിക്ക, കാണിക്ക...'യിലേക്കു വഴുതിപ്പോകുന്നു. പുറത്തേക്കുനോക്കിയാല്‍ തീരെ ഒച്ചയില്ലാതെ മെട്രോ പായുന്നതു കാണാം. ഒക്കെ പുതിയ ഭാഷകളാണ്. രണ്ട് കിളുന്തനുഭവങ്ങള്‍, പറഞ്ഞ് കുറിപ്പ് അവസാനിപ്പിക്കാം. സ്നേഹിതന്‍ പറഞ്ഞതാണ്. അതത്ര കിളുന്തൊന്നുമല്ല, ഒരു വിനയത്തില്‍ പറഞ്ഞെന്നേയുള്ളു.  ആദ്യത്തേത്: ഏതാനും സഹോദരന്മാര്‍ ഉണ്ടയാള്‍ക്ക്. അമ്മ തറവാട്ടിലാണ്. എന്നും രാവിലെ അമ്മയെ കണ്ട് ഒരു ഗ്ലാസ് കാപ്പി വാങ്ങിച്ചു കുടിക്കുന്ന ശീലമുള്ള ഒരു മകനുണ്ടായിരുന്നു. ഇത്തവണ പതിവുപോലെ പുറത്തേക്ക് നടക്കുമ്പോള്‍ അയാള്‍ അമ്മയെ നോക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ മറ്റു മക്കളെ വിളിച്ചു പറഞ്ഞു, അവന്‍റെ നോട്ടത്തിലെന്തോ അപാകതയുണ്ട് - അവന്‍ അബദ്ധം ചെയ്തേക്കും. അവരെത്തും മുമ്പേ ആ അബദ്ധം സംഭവിച്ചിരുന്നു.


ഇതൊക്കെത്തന്നെയായിരിക്കും പെന്തക്കോസ്ത അല്ലേ? ഏറ്റവും ചെറിയ നോട്ടങ്ങളിലെ കടലിരമ്പങ്ങള്‍ തിരിച്ചറിയുക.


മറ്റൊന്ന്, യാത്രയില്‍ നടന്നതാണ്. വിശ്വപ്രസിദ്ധമായ ഒരു ആര്‍ട്ട് മ്യൂസിയം. അകത്തെ ചിത്രങ്ങളുടെ പോസ്റ്റ്കാര്‍ഡുകള്‍ പുറത്ത് വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. കുറെനേരമെടുത്ത് അഞ്ച് കാര്‍ഡുകള്‍ തിരഞ്ഞെടുത്തു. കൗണ്ടറില്‍ കൊണ്ടുപോയപ്പോഴാണ് നമുക്ക് തത്ക്കാലം താങ്ങാനാവാത്ത മുതലാണെന്ന് പിടുത്തം കിട്ടിയത്. ചെറിയൊരു ഇച്ഛാഭംഗ ത്തോടെ അതെല്ലാം തിരികെ വച്ചു. കുറച്ചുദൂരം നടന്നെത്തിയപ്പോള്‍ നില്‍ക്കൂ എന്നുപറഞ്ഞ് ഒരു ചെറിയ പെണ്‍കുട്ടി പിറകെയെത്തി. ആ അഞ്ചുചിത്രങ്ങള്‍ വച്ചു നീട്ടി: നീയെടുത്തുകൊള്ളുക. നിനക്കിതിഷ്ടമായതല്ലേ. കഷ്ടിച്ച് പേര് ചോദിക്കാനുള്ള നേരം തരുന്നു. പേര് - വെറോണിക്ക. വീട് - മെക്സിക്കോ. ബൈ. അവള്‍ ആള്‍ക്കൂട്ടത്തില്‍ മാഞ്ഞുപോകുന്നു. ലോകത്തെല്ലായിടത്തും നിസ്സഹായതയ്ക്കും ദാരിദ്ര്യത്തിനും ദയയ്ക്കും അനുഭാവത്തിനുമൊക്കെ ഒരേ  ഭാഷയാണ്. ആ അറിവിലാണ് എല്ലാ ഭാഷകളും ഉപേക്ഷിച്ച് മനുഷ്യര്‍ നിറമിഴികളോടെ മൗനത്തിന്‍റെ കുടീരങ്ങളിലേക്ക് പ്രവേശിക്കുന്നത്.


ശബ്ദസാഗരത്തിന്‍റെ അഗാധം നിശ്ശബ്ദസാന്ദ്രതയെന്നു പ്രിയകവി.... 


ഫാ. ബോബി ജോ��സ് കട്ടിക്കാട്

0

0

Featured Posts

Recent Posts

bottom of page