top of page

ഉത്ഥാനവഴികള്‍

May 13, 2022

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
lent-fast, pray, give

നോമ്പുവഴികളില്‍ നിന്ന് ഉത്ഥാനവഴികളിലേക്കു നമ്മുടെ യാത്ര പ്രവേശിച്ചിരിക്കുന്നു. വിശുദ്ധവാരത്തിലൂടെ നമ്മള്‍ കടന്നുപോയി. ഇഷ്ടപ്പെട്ട പല ഭക്ഷണങ്ങളും ഇഷ്ടപ്പെട്ട കാഴ്ചകളും ഇഷ്ടമുള്ള വാര്‍ത്തകളും അങ്ങനെയങ്ങനെ ഒത്തിരിയൊത്തിരി ഇഷ്ടങ്ങള്‍ വേണ്ടെന്നുവച്ച്, പരമാവധി മൗനം പാലിച്ച് കടന്നുപോയ 50 ദിനരാത്രങ്ങള്‍. കര്‍ത്താവിന്‍റെ പീഡാനുഭവസ്മരണകളും കുരിശിന്‍റെ വഴിയും ഉപവാസവുമെല്ലാം നമ്മുടെ ചുറ്റുമൊരു മൗനാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. 50 നോമ്പിന്‍റെ കാലം മൗനത്തിന്‍റെ  കാലമായി കൂടി അറിയപ്പെടുന്നു. വെറുപ്പുകൊണ്ട് മൗനം പാലിച്ചവരും സ്നേഹം കൊണ്ടു മൗനം പാലിച്ചവരുമുണ്ട്. അടുത്തിരുന്നാലും സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലുള്ളവരുമുണ്ട്. അതു വെറുപ്പിന്‍റെ മൗനമാണ്. സ്നേഹം ഉള്ളിലൊതുക്കി ഒന്നും പറയാതെ നില്‍ക്കുന്നവരുണ്ട്. സ്നേഹം കൊണ്ടു വീര്‍പ്പുമുട്ടുന്നവര്‍. അമ്പതു നോമ്പുകാലത്തെ നമ്മുടെ മൗനം നമ്മെ ദഹിപ്പിച്ച മൗനമായിരുന്നോ? സ്വയം കത്തിജ്വലിച്ച മൗനം? പ്രാര്‍ത്ഥനയില്‍ ജ്വലിക്കുന്ന മൗനം? ആകാശത്തിലിരുന്ന് സൂര്യന്‍ നമ്മോടു പറയുന്നു: "എന്നെപ്പോലെ സ്വയം കത്തിത്തീര്‍ന്നാലേ ചുറ്റുപാടും പ്രകാശം പരത്തുവാന്‍ കഴിയൂ."

നോമ്പുകാലം വര്‍ജ്ജിക്കലിന്‍റേതു മാത്രമായിരുന്നില്ല; ആര്‍ജ്ജിക്കലിന്‍റേതു കൂടിയായിരുന്നു. നോമ്പുകാലത്ത് പ്രാര്‍ത്ഥനകളും ബൈബിള്‍ ചിന്തകളും ഉള്ളില്‍ നിറച്ചു. അവ ഉള്ളില്‍ നിറയുമ്പോള്‍ നമ്മള്‍ മൗനം പാലിക്കണം. അപ്പോള്‍ നമ്മുടെ ചുറ്റുപാടുകളില്‍ നാം പ്രകാശിക്കും.

മരുഭൂമിയിലെ പ്രലോഭനത്തെ അതിജീവിച്ച യേശു ആത്മാവിനാല്‍ നിറഞ്ഞവനായി. മൗനപൂര്‍ണമായ പ്രാര്‍ത്ഥനകള്‍ നമ്മെ ആത്മാവിനാല്‍ നിറയ്ക്കും. ദൈവാത്മാവിനാല്‍ നിറഞ്ഞ യേശു പുതിയ ശക്തിയുമായി മനുഷ്യര്‍ക്കിടയിലേക്കു കടന്നുവന്നു. ദൈവാത്മാവു നിറഞ്ഞവരായി ഈ ഉത്ഥാനനാളില്‍ നമ്മളും കടന്നുവരണം. ആത്മാവിന്‍റെ ശക്തി ഒരു വ്യക്തിയില്‍ നിറയുമ്പോള്‍ വരുന്ന മാറ്റങ്ങള്‍ ബൈബിളില്‍ വിവരിക്കുന്നുണ്ട്. ഒന്നാമതായി ഒരു സ്വാതന്ത്ര്യം നമുക്കു തോന്നിത്തുടങ്ങും. യോഹന്നാന്‍ മൂന്നാം അധ്യായത്തില്‍ പയുന്നു: "കാറ്റ് അതിനിഷ്ടമുള്ളിടത്തേക്കു വീശുന്നു." ആകാശം പോലെ വിശാലമായ ഒരു ഹൃദയം നമുക്കു ലഭിക്കും. ആകാശത്തിനു കീഴെ ചിറകടിച്ചു പറക്കുന്ന പക്ഷികളെപ്പോലെ നാം ആയിത്തീരും. രണ്ടാമതായി ഹൃദയത്തിന്‍റെ ആഴങ്ങളില്‍ ഒരു ശാന്തത അനുഭവിക്കാന്‍  ഈ നിശ്ശബ്ദത നമ്മെ പ്രാപ്തരാക്കുന്നു. യാതൊന്നും ഹൃദയത്തെ അലട്ടില്ല. ചെറിയ ചെറിയ പ്രശ്നങ്ങള്‍ നമ്മെ അസ്വസ്ഥരാക്കില്ല. ഇപ്രകാരമുള്ള ഒരു ആത്മീയ വളര്‍ച്ചയിലൂടെയാണ് നോമ്പുകാലത്ത് നമ്മള്‍ സഞ്ചരിച്ചത്. മൂന്നാമതായി ലോകം തരാത്ത ഒരാനന്ദം നമ്മള്‍ അനുഭവിക്കും. മുറുമുറുപ്പോടെ നോമ്പെടുത്തവര്‍ക്ക് ഈ ആനന്ദം ലഭിക്കില്ല. പൂര്‍ണ്ണ സമര്‍പ്പണത്തോടെ 50 നോമ്പെടുത്തവരെല്ലാം വലിയ ആനന്ദത്തിലേക്ക് ഈ ഉത്ഥാനനാളുകളില്‍ പ്രവേശിക്കും.

നമ്മെ വിയര്‍പ്പിക്കുന്ന അനുഭവങ്ങള്‍ കടന്നുവരുമ്പോള്‍ ദൈവത്തിന്‍റെ തീരുമാനത്തിനു വിട്ടുകൊടുക്കാനുള്ള കൃപ ഗത്സെമേന്‍ അനുഭവങ്ങളിലൂടെ കടന്നുവന്ന നമുക്ക് കൈവരും. സഹതപിക്കുന്നവരും പരിഹസിക്കുന്നവരും നിറഞ്ഞു നില്‍ക്കുന്ന കുരിശിന്‍റെ വഴിയാണ് നമ്മുടെ ജീവിതം. എല്ലാറ്റിനെയും സമഭാവനയോടെ നോക്കിക്കാണുന്നവന്‍ ഓരോ തകര്‍ച്ചയില്‍നിന്നും ഉയിര്‍ത്തെഴുന്നേല്ക്കും. ലോകത്തിലെ ഒരു കല്ലറയ്ക്കും അങ്ങനെയുള്ളവരെ ഒതുക്കാനാവില്ല. അരിമത്തിയാക്കാരന്‍ ജോസഫിന്‍റെ കല്ലറയില്‍നിന്നും ഉയിര്‍ത്തഴുന്നേറ്റവന്‍റെ ശക്തി  ഈ ഉത്ഥാനനാളുകളില്‍ നമ്മെയും ആവരണം ചെയ്യും.

ഉത്ഥിതനില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. നോമ്പുകാലത്തിന്‍റെ തപശ്ചര്യകളിലൂടെ കടന്നുവന്ന നാം പുതിയ വ്യക്തികളായി ഉയിര്‍ത്തെഴു ന്നേറ്റിരിക്കുകയാണ്. 2 കൊറി. 6:17ല്‍ പൗലോസ് പറയുന്നു: "ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി ഇതാ പുതിയതു വന്നിരിക്കുന്നു." യോഹന്നാന്‍ മൂന്നാം അധ്യായത്തില്‍ രാത്രിയില്‍ കടന്നുവന്നവനോട് പ്രഭാതത്തിന്‍റെ സന്ദേശം യേശു പറയുന്നു: "നീ വീണ്ടും ജനിക്കണം." ഒരു പുതിയ സ്വഭാവത്തിന്‍റെ ആളായി നമ്മള്‍ വീണ്ടും ജനിക്കണം. എഫേ. 4/28-29   "ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ  ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കണം." ക്രിസ്തുവിന്‍റെ ഹൃദയാഭിലാഷമനുസരിച്ചു ജീവിക്കുന്ന പുതിയ മനുഷ്യരായി മാറണം. ദൈവം തരുന്ന വലിയ ആനന്ദങ്ങള്‍ അനുഭവിക്കാന്‍ ഭൂമിയിലെ ചെറിയ സുഖങ്ങളെ വെടിയണം. വലിയ ആനന്ദത്തിന്‍റെ ദൈവവഴികളില്‍ ഈ ഉയിര്‍പ്പുതിരുനാളില്‍ നമുക്കു ചേര്‍ന്നു നടക്കാം. ഒരു പുതിയ അവബോധത്തോടെ, ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനൊപ്പം നമുക്കും നില്‍ക്കുവാനാകട്ടെ.    


ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts

bottom of page