top of page
ചരിത്രത്തിന്‍റെ ഗതി തിരുത്തിയ മഹാമനീഷികളെ അതിന് പ്രാപ്തമാക്കിയ ഏറ്റവും ഉത്കൃഷ്ടമായ ഗുണസിദ്ധി എന്തായിരിക്കും? മനുഷ്യരെ അറിഞ്ഞും ആദരിച്ചും അവരുടെ പങ്ക് സാമൂഹ്യനിര്‍മ്മാണത്തില്‍ വിലയിപ്പിക്കാനുള്ള സാമര്‍ത്ഥ്യത്തെയായിരിക്കണം നേതൃയോഗ്യതയായി ദൈവം നിശ്ചയിച്ചത്.
മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെടുന്നത് അറേബ്യന്‍ മണലാരണ്യത്തിലേക്കാണ്. മരുഭൂമിയുടെ വരള്‍ച്ച സ്വാഭാവികമായും മരുവാസികളുടെ സ്വഭാവത്തിലും സംസ്ക്കാരങ്ങളിലുമുണ്ടായിരുന്നു. ഇടയന്മാരും കച്ചവടക്കാരുമായ നാടോടി അറബികള്‍ പ്രാചീന ഗോത്രസംസ്കൃതി ആചരിച്ചുപോന്നു. പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള അവരുടെ യാത്രകളും അലച്ചിലുകളും കൂടിപാര്‍പ്പുകളും മടക്കങ്ങളും നിത്യവൈരം ഒരു ജീവിത ശീലമാക്കി അവരില്‍ നിക്ഷേപിച്ചിരുന്നു. ശിഥിലമായ ഈ സമൂഹത്തെ സമുദ്ധരിച്ച് ഏകീകരിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് മുഹമ്മദിന് ഏറ്റെടുക്കാനുണ്ടായിരുന്നത്.
അറേബ്യയിലെ ആദിമ ദേവാലയമായിരുന്ന കഅ്ബ പ്രവാചകന്‍ ഇബ്റാഹിം ആണ് പടുത്തുയര്‍ത്തിയത്. ഇബ്റാഹിമിനു മുമ്പും ആ ദേവാലയം അവിടെയുണ്ടായിരുന്നു. അറേബ്യന്‍ ഗോത്ര ജീവിതത്തിന്‍റെ ഹൃദയമായിരുന്നു ആ ദേവാലയം. അവരുടെ ജീവിതവും മതവും സംസ്കാരവും സാഹിത്യവും ഭാഷയുമെല്ലാം ആ ദേവാലയത്തെ ചൂഴ്ന്ന്നിന്നു.
മുഹമ്മദ് യുവാവായിരുന്ന കാലം. പ്രവാചകത്വം ലഭിച്ചിട്ടില്ല. മാന്യനും സുശീലനും വിശ്വസ്തനുമായ ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. അക്കാലത്താണ് ഒരിക്കല്‍കൂടി കഅ്ബ ദേവാലയം പുതുക്കിപ്പണിയാന്‍ വിവിധ ഗോത്രക്കാര്‍ ചേര്‍ന്ന് തീരൂമാനിച്ചത്. കാലപ്പഴക്കവും പ്രകൃതിക്ഷോഭവും നിമിത്തം തകര്‍ച്ച നേരിടുന്ന ദേവാലയത്തെ പുനര്‍ നിര്‍മ്മിക്കുകയായിരുന്നു അവരുടെ പദ്ധതി.
പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഗോത്രങ്ങള്‍ വിഭജിച്ചെടുക്കുകയായിരുന്നു. മത്സരബുദ്ധിയോടെ അവര്‍ പുനര്‍ നിര്‍മ്മാണ ജോലികള്‍ ദിവസങ്ങള്‍ക്കൊണ്ടുതന്നെ പൂര്‍ത്തിയാക്കി. ഇനിയാണ് ഏറ്റവും പവിത്രമായ ചടങ്ങ് നടക്കാനുള്ളത്. കഅ്ബാലയത്തിലെ വിശുദ്ധ ശിലയായ 'ഹജറുല്‍ അസ്വദ്' പുനസ്ഥാപിക്കുന്ന ചടങ്ങ്. ആ ചടങ്ങിന് വമ്പിച്ച പ്രാധാന്യമാണവര്‍ കല്‍പ്പിച്ചത്. ആ വിശുദ്ധ കൃത്യം ആര് നിര്‍വഹിക്കണം? സ്വതവേ തര്‍ക്കപ്രിയരായ അറബികളെ ഈ പ്രശ്നം കടുത്ത കലഹത്തിലേക്ക് എടുത്തെറിഞ്ഞു. വിവിധ ഗോത്രനേതാക്കള്‍ ഈ പവിത്ര ചടങ്ങിനുള്ള തങ്ങളുടെ അര്‍ഹത തെളിയിക്കാന്‍ ബദ്ധപ്പെട്ടു കൊണ്ടിരുന്നു. ഒടുവില്‍, ഗോത്രത്തലവന്മാരില്‍ വയോവൃദ്ധനായ അബു ഉമയ്യ ബിന്‍ മുഗീറ ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. നാളെ പ്രഭാതത്തില്‍ ആദ്യമായി കഅബാലയത്തില്‍ പ്രവേശിക്കുന്നവന് ഇക്കാര്യം തീരുമാനിക്കാനുള്ള അര്‍ഹത ഉണ്ടായിരിക്കട്ടെ. ഭാഗ്യവശാല്‍, ആ നിര്‍ദേശം എല്ലാവരും സ്വീകരിച്ചു.
പിറ്റേദിവസം ദേവാലയത്തില്‍ ആദ്യം എത്തിച്ചേര്‍ന്നത് യുവാവായ മുഹമ്മദ് ആയിരുന്നു. 'അല്‍ അമീന്‍' (വിശ്വസ്തന്‍) ആയിരുന്ന മുഹമ്മദ് അവര്‍ക്ക് പ്രിയങ്കരനായിരുന്നു. മുഹമ്മദ് ആ പവിത്ര ചടങ്ങ് സ്വയം നിര്‍വഹിക്കുമെന്ന് അവര്‍ ഊഹിച്ചു. അവര്‍ക്കതില്‍ അപ്രിയവുമില്ലായിരുന്നു. മുഹമ്മദിന്‍റെ തീരുമാനത്തിനായി അവര്‍ കാതോര്‍ത്തു.
മുഹമ്മദ് ആ വിശുദ്ധ കൃത്യം താന്‍ സ്വന്തമായി ചെയ്യുന്നില്ലെന്നായിരുന്നു തീരുമാനിച്ചത്. അദ്ദേഹം തന്‍റെ ഉത്തരീയം നിലത്തുവിരിച്ചു. എല്ലാവരും സ്തബ്ധരായിരിക്കെ അദ്ദേഹം പറഞ്ഞു. "എല്ലാവരും ചേര്‍ന്ന് വിശുദ്ധ ശില ഈ ഉത്തരീയത്തില്‍ എടുത്തുവയ്ക്കൂ." അവര്‍ അനുസരിച്ചു. "ഇനിഎല്ലാവരും ചേര്‍ന്ന് ഈ ഉത്തരീയത്തിന്‍റെ നാലുഭാഗവും പിടിച്ച് ഉയര്‍ത്തിക്കൊള്ളുക" അതിന്‍റെ സ്ഥാനത്തോളം അവര്‍ ഒന്നിച്ച് അത് ഉയര്‍ത്തി. അവസാനം ഒന്നിച്ചുതന്നെ അത് യഥാസ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്തു.
അറബികളുടെ ചരിത്രത്തിലെ അപൂര്‍വമായ സംഭവമായിരുന്നു അത്. അറേബ്യന്‍ ഗോത്രവാസികളെ ചരിത്രത്തിലെ മഹത്തായ ജനതയായി സംസ്കരിച്ചുയര്‍ത്താന്‍ പ്രവാചകന്‍ വാസ്തവത്തില്‍ ഒരു പാഠമേ ചൊല്ലിക്കൊടുത്തുള്ളൂ. സമവായത്തിന്‍റെ പാഠം. സമൂഹത്തിലെ ഭിന്ന വിഭാഗങ്ങളെ സര്‍ഗാത്മകമായി കൂട്ടി യോജിപ്പിക്കുകയായിരുന്നുവല്ലോ അദ്ദേഹം.
വിശുദ്ധ ശില പുനസ്ഥാപിക്കാന്‍ മുഹമ്മദ് സ്വീകരിച്ച ഉപായമായിരിക്കുമോ ദൈവിക ദൗത്യത്തിന് അദ്ദേഹത്തെ യോഗ്യനാക്കിയത്?
Featured Posts
bottom of page