top of page

ലാളിത്യമാണ് സംസ്കാരം

Jun 1, 2011

4 min read

ടമ
Image : Nature

അതിഥിക്ക് ഒരു കിണ്ടിയില്‍ വെള്ളം നല്‍കി സ്വീകരിക്കുക എന്നതായിരുന്നു കേരളീയന്‍റെ ആതിഥ്യ മര്യാദ. ഒരു കിണ്ടി വെള്ളമുണ്ടെങ്കില്‍ കയ്യും കാലും മുഖവും വൃത്തിയായി കഴുകി കഴിഞ്ഞാലും കിണ്ടിയില്‍ വെള്ളം ബാക്കിയുണ്ടാകും. ജനങ്ങളേറ്റവും കുറവും വെള്ളം സമൃദ്ധവും ശുദ്ധവുമായിരുന്ന ഒരു കാലത്താണ് 'കിണ്ടി' എന്ന സാങ്കേതികവിദ്യ രൂപപ്പെട്ടത്. ഇന്ന് അതിഥിയെ ആനയിക്കുന്നത് 'ടാപ്പി'ന്‍റെ അടുത്തേക്കാണ്. ടാപ്പിന്‍റെ ക്ഷമത പരമാവധി 20% മാണ്. അതായത് 100 ലിറ്റര്‍ വെള്ളം ഉപയോഗപ്പെടുത്തുമ്പോള്‍ 20 ലിറ്റര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ബാക്കി 80 ലിറ്റര്‍ വെള്ളവും പാഴാക്കപ്പെടുകയാണ്. ജനങ്ങള്‍ ഏറ്റവും വര്‍ദ്ധിക്കുകയും ജലം ദുര്‍ലഭമാവുകയും ജലത്തിന്‍റെ ശുദ്ധത തന്നെ കുറഞ്ഞിരിക്കുകയും ചെയ്യുന്ന കാലത്താണ് 'ടാപ്പ്' എന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്. പരിമിതമായ വിഭവങ്ങളുള്ള ലോകത്ത് അവയുടെ ചാക്രികതയിലൂടെ അനന്തമായ കാലത്തേക്ക് അപരിമിതമായ ജീവന് ഉപയോഗപ്പെടുംവിധം ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതു മാത്രമേ അവരവര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന വിവേകമാണ് ലാളിത്യം. ലാളിത്യമെന്നത് ഒരു സംസ്കാരമാണ്. കിണ്ടിയില്‍നിന്ന് ടാപ്പിലേക്കുള്ള ദൂരം സംസ്കാരത്തിന്‍റേതാണ്.

ഇന്ത്യയെ കണ്ടെത്താനുള്ള യാത്രയില്‍ ഗാന്ധിജി നര്‍മ്മദാ നദിക്കരയിലെത്തുന്നു. ചെളിയും പൊടിയും പറ്റിപ്പിടിച്ച തന്‍റെ ചെരുപ്പ് അദ്ദേഹം കരയില്‍ അഴിച്ചുവെക്കുന്നു. നര്‍മ്മദയിലിറങ്ങി മേല്‍മുണ്ട് നനച്ച് അതില്‍ വെള്ളം ശേഖരിച്ച് കരയില്‍ വെച്ച ചെരുപ്പ് തുടച്ചു വൃത്തിയാക്കുന്നതു കണ്ടപ്പോള്‍ ഗാന്ധിജിയുടെ ഒപ്പമുള്ളവര്‍ക്ക് കാര്യം മനസ്സിലായില്ല. "ബാപ്പുജീ, അങ്ങെന്താണ് ചെയ്യുന്നത്. നര്‍മ്മദയില്‍ ധാരാളം വെള്ളമുണ്ടല്ലോ?"

തന്‍റെ ജോലിയില്‍തന്നെ ശ്രദ്ധവെച്ച് ഗാന്ധിജി ഇങ്ങനെ മറുപടി പറഞ്ഞത്രെ:

നര്‍മ്മദയില്‍ ധാരാളം വെള്ളമുണ്ട്. ശരി. എന്നാല്‍ അതില്‍ എനിക്കുള്ള പങ്ക് മാത്രമേ ഞാനെടുക്കാവൂ. മറ്റൊരു കാര്യം നര്‍മ്മദയെ പുണ്യമായി കരുതി പൂജിക്കുന്നവരുണ്ട്. തീര്‍ത്ഥമായി സേവിക്കുന്നവരുണ്ട്. മറ്റൊരുപാട് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരുണ്ട്. അത് പാപപങ്കിലമാക്കാന്‍ എനിക്കെന്തവകാശമാണുള്ളത്? "എല്ലാവര്‍ക്കും വേണ്ട വിഭവങ്ങള്‍ ഭൂമിയിലുണ്ട്. പക്ഷേ ആരുടേയും അത്യാര്‍ത്തിക്കുവേണ്ടിയുള്ളതില്ല" എന്ന ഗാന്ധിജിയുടെ ഏറ്റവും പ്രചാരമുള്ള സൂക്തം ഇത്തരം അനുഭവപശ്ചാത്തലത്തില്‍നിന്ന് രൂപംകൊണ്ടതാകണം.

സംസ്കാരത്തെ പടിയടച്ച് പുറത്താക്കി പരിഷ്കാരത്തെ പുണരാന്‍ തുടങ്ങിയപ്പോഴാണ് ലാളിത്യം കൈവിട്ടുപോയത്. അതോടെ വിഭവങ്ങളുടെ ചൂഷണവും അമിതോപഭോഗവും വര്‍ദ്ധിച്ചു. പഴയകാലസമ്പന്നരെന്നു പറയുന്നത് ഭൂപ്രഭുക്കളും ജന്മികളുമായിരുന്നു. ഇവരുടെയൊന്നും വീട്ടില്‍ കുളിമുറി ഉണ്ടായിരുന്നില്ല. കുളത്തിലാണ് നാട്ടിലെ സര്‍വ്വമാന ജനങ്ങളും കുളിച്ചിരുന്നത്. ജലം സുലഭമായിരുന്ന കാലത്താണ് കുളങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. 365 ദിവസവും കുളത്തില്‍ കുളിക്കുന്നവര്‍ ഇന്നുമുണ്ട്. ഗ്ലേസ്ഡ് ടൈല്‍സിട്ട ആധുനിക കുളിമുറിയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ ജലം ഉപയോഗിക്കുന്നത്. ജലം പണം കൊടുത്തു വാങ്ങി ഇങ്ങനെ പാഴാക്കുന്നവരുമുണ്ട്. വെള്ളം ജീവന്‍ നിലനിര്‍ത്താനുള്ള പ്രാഥമികമായ വിഭവമാണ്. അത് ഭൂമിയില്‍ വേണ്ടത്ര വേണ്ടപ്പോള്‍ വേണ്ടിടത്ത് ലഭ്യമായിരുന്നു. പക്ഷേ ജീവജലം ഇന്ന് കിട്ടാക്കനിയാണ്. മലീമസമാണ്. ശുദ്ധജലം പണം കൊടുത്തു വാങ്ങേണ്ടിവരുമ്പോള്‍ പണമുള്ളവനേ ജീവിക്കാനാകൂ എന്ന അവസ്ഥ വരും. ഇത് ജീവനീതിയുടെ ദൈവനീതിയുടെ നിഷേധമാണ്! ഏതാനുംപേരുടെ ധൂര്‍ത്തിനും അത്യാര്‍ത്തിക്കും വിധേയമായി ചത്തൊടുങ്ങേണ്ടതല്ല ജീവന്‍. ശുദ്ധജലം ലഭിക്കാത്തതിനാലും ജലം അശുദ്ധമായി രോഗങ്ങള്‍ പിടിപെടുന്നതിനാലും കോടിക്കണക്കിന് മനുഷ്യര്‍ ഓരോ വര്‍ഷവും മരിക്കുന്നുണ്ട്. അത്തരം മരണത്തിന്‍റെ പാപക്കറ ആഡംബര ജീവിതം നയിക്കുന്നവരുടെ മേലെ പതിക്കുന്നുണ്ടെന്ന് എത്ര പേര്‍ക്കറിയാം.

കിണ്ടി കണ്ടുപിടിച്ച മനസ്സ് എല്ലാ വിഭവങ്ങളുടെ ഉപയോഗത്തിലും ശ്രദ്ധിച്ചിരുന്നുവെന്ന് കാണാം. ഒരു മുത്തശ്ശിക്കഥ കേട്ടിട്ടുള്ളത് ഇങ്ങനെയാണ്. തിരുവള്ളുവരും ഭാര്യയും തിരുവൈയാറിന്‍റെ കരയില്‍ താമസിക്കുന്ന കാലം. മരിക്കാറായ ഭാര്യയെ ശുശ്രൂഷിച്ചുകൊണ്ട് തിരുവള്ളുവര്‍ എപ്പോഴും അരികിലുണ്ടാകും. ഭാര്യക്ക് ഇനി ഏറെ സമയമില്ലെന്ന് മനസ്സിലാക്കിയ തിരുവള്ളുവര്‍ വളരെ മൃദുവായി ചെവിയില്‍ മന്ത്രിച്ചു: "പ്രിയേ, കണ്ണടയാന്‍ എന്താണ് പ്രയാസം. ഏതോ ഒരാഗ്രഹം ബാക്കിയുള്ളതുപോലെ തോന്നുന്നു. പറയൂ എന്താണാഗ്രഹം?"

ഒരു തേജസ് അവരുടെ മുഖത്ത് തെളിഞ്ഞു. ശാന്തമായി അവര്‍ പറഞ്ഞു: "എന്‍റെ എല്ലാ ആഗ്രഹങ്ങളും അങ്ങ് സാധിച്ചുതന്നിട്ടുണ്ട്. എങ്കിലും ഒരു കാര്യം മാത്രം അറിയാന്‍ ബാക്കിയുണ്ട്. അതിതാണ്. എല്ലാദിവസവും ചോറ് വിളമ്പുന്നതിനുമുമ്പ് ഒരു കിണ്ടിയില്‍ വെള്ളവും ഇലയില്‍ ഒരു ഈര്‍ക്കിലും കൊണ്ടുവെക്കാന്‍ നിഷ്ക്കര്‍ഷിക്കാറുണ്ടല്ലോ. എല്ലാനേരവും ഞാനതു ചെയ്തിരുന്നു. പക്ഷേ ഒരു തവണപോലും അങ്ങത് ഉപയോഗിക്കുന്നത് കണ്ടിരുന്നില്ല. എന്തിനാണ് എന്നെക്കൊണ്ട് ആ പ്രവൃത്തി ചെയ്യിച്ചിരുന്നത്?"

"അതാണോ കാര്യം?" തിരുവള്ളുവര്‍ മറുപടി പറഞ്ഞു. "അത് ഉപയോഗിക്കേണ്ട ആവശ്യം വന്നിരുന്നില്ല. നീ ചോറ് വിളമ്പുമ്പോഴും ഞാന്‍ കഴിക്കുമ്പോഴും ഒരന്നവും നിലത്ത് വീണിരുന്നില്ല. വീണിരുന്നെങ്കില്‍ ഈര്‍ക്കില്‍ കൊണ്ട് കുത്തിയെടുത്ത് കിണ്ടിയിലെ വെള്ളത്തില്‍ കഴുകി കഴിക്കാമായിരുന്നു." ഇത്രയും കേട്ടപ്പോള്‍ ഭാര്യയുടെ കണ്ണടഞ്ഞുവെന്നാണ് കഥ.

'അന്നം ബ്രഹ്മം' എന്ന് പ്രാക്തന സമൂഹം വിശ്വസിച്ചിരുന്നു. പഞ്ചഭൂതങ്ങള്‍ അന്നമായി മാറുന്ന പ്രക്രിയയില്‍ അനേകം യജ്ഞങ്ങളുണ്ടെന്നും അത് പ്രാണന്‍ നിലനിര്‍ത്തുന്നു എന്നും വിശ്വസിച്ചതിനാല്‍ ഒരന്നവും കളയാതെ ഭക്ഷിക്കാനും ഒരു ധാന്യമണിപോലും പാഴാക്കാതെ സംരക്ഷിക്കാനും അവര്‍ ശ്രമിച്ചു. കൊയ്ത്തിനുശേഷം വയലില്‍നിന്നും മെതിക്കുശേഷം കളത്തില്‍നിന്നും അവസാനത്തെ കതിര്‍മണിയും പെറുക്കിയെടുക്കാന്‍ തലമുറകളിലൂടെ പരിശീലനം ലഭിച്ചിരുന്നു. ഭക്ഷണം പാകം ചെയ്യാന്‍ അരി കഴുകി ഇടുന്നതിനു മുന്‍പ് അരിയില്‍നിന്ന് നെല്ല് പെറുക്കി മാറ്റാനും അവ സൂക്ഷിച്ച് പിന്നീട് അരിയാക്കി ഉപയോഗിക്കാനും ജനം സ്വയം ശീലിച്ചിരുന്നു. ഇങ്ങനെ ചെയ്യുന്നതും ലളിതമായി ജീവിക്കുന്നതും 'ലുബ്ധ്' ആണെന്നാണ് ആധുനിക മതം. കാഞ്ഞങ്ങാട് ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ മുന്‍പൊക്കെ ബസ്സിന്‍റെ മുന്‍ഭാഗത്ത് ചന്ദനത്തിരി കത്തിച്ച് പൂജിക്കുന്ന ഒരു ഫോട്ടോ കാണും. കുട്ടികള്‍ അതു കാണുമ്പോള്‍ ചിരിക്കും. യുവത്വത്തിലേക്ക് കടക്കുന്നവര്‍ക്ക് പുച്ഛം തോന്നും. ഒരു കോണകം മാത്രം ഉടുത്തിരിക്കുന്ന നിത്യാനന്ദഗുരുവിന്‍റെ ചിത്രമാണത്. ലോകത്തിലുള്ള എല്ലാ വിഭവങ്ങളും ഓരോരുത്തരും എത്ര പരിമിതമായി മാത്രമേ ഉപയോഗിക്കാവൂ എന്ന തത്വചിന്തയാണ് ആ ഗുരു സമൂഹത്തില്‍ പ്രസരിപ്പിച്ചത്.

ജീവിതത്തില്‍ സംതൃപ്തി നല്‍കുന്നത് ലാളിത്യമാണെന്ന് തിരിച്ചറിഞ്ഞ ഹെന്‍ട്രി ഡേവിഡ് തോറെ താന്‍ നേടിയെടുത്ത ഉന്നത ബിരുദങ്ങള്‍ ഉപയോഗിക്കേണ്ടത് ഉപഭോഗതൃഷ്ണയ്ക്കല്ലെന്ന് മനസ്സിലാക്കി. 'വാള്‍ഡന്‍' നദിക്കരയില്‍ താന്‍ കെട്ടിയുണ്ടാക്കിയ ഒരു കൂരയിലേക്ക് താമസം മാറ്റി. പട്ടണത്തില്‍നിന്ന് പിന്‍വാങ്ങി വാള്‍ഡനിലേക്ക് പോയതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു; "ഞാന്‍ കാട്ടിലേക്ക് പോയത് മനഃപൂര്‍വ്വം ജീവിക്കണമെന്ന അഭിലാഷം കൊണ്ടായിരുന്നു. അതായത് ജീവിതത്തിലെ കാതലായ വസ്തുതകളെ മാത്രം നേരിടുകയും അതിനു പഠിപ്പിക്കാനുണ്ടായിരുന്നതു പഠിക്കുവാന്‍ എനിക്ക് കഴിയുകയില്ലയോ എന്ന് നോക്കുകയും ചെയ്യണമെന്നും അല്ലാതെ മരണത്തോടടുക്കുമ്പോള്‍ ഞാന്‍ ജീവിച്ചിരുന്നിട്ടില്ലെന്ന് കണ്ടുപിടിക്കപ്പെടരുതെന്നും ആഗ്രഹിച്ചതിനാലായിരുന്നു." തോറോവിന്‍റെ സിവില്‍ നിസ്സഹകരണം, മിതവ്യയം എന്നീ ആശയങ്ങള്‍ പ്രിട്ടോറിയയില്‍ ജയിലില്‍ കിടന്ന മഹാത്മജിയെ ഏറെ സ്വാധീനിച്ചിരുന്നു. തോറൊ പറയും, "ഈ ഭൂമിയില്‍ തന്നത്താന്‍ പുലര്‍ത്തുക എന്നത് ഒരു ബുദ്ധിമുട്ടല്ല. നേരെമറിച്ച് ഒരു വിനോദമാണ്. അതിന് നാം സരളമായും ബുദ്ധിപൂര്‍വ്വമായും ജീവിക്കണമെന്നേയുള്ളൂ."

ശുദ്ധമായ ജലം, ശുദ്ധമായ വായു, ശുദ്ധമായ ആഹാരം എന്നിവ ജീവാവകാശമാണ്. മനുഷ്യനൊഴികെ മറ്റൊരു ജീവിയും ഇവ കവര്‍ന്നെടുത്ത് സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് ഉപയോഗിക്കുകയോ മലിനീകരിക്കുകയോ ചെയ്യുന്നില്ല. അതിനാല്‍ ഈ മൂന്ന് വിഭവങ്ങളോടുമുള്ള മനുഷ്യബന്ധം ആത്മീയമെന്നതുപോലെ സദാചാരപരവുമാണ്. സഹാറാ മരുഭൂമിയില്‍ കാണുന്ന ഒരു ഗോത്രവര്‍ഗ്ഗമാണ് ബുഷ്മെന്‍. ഇവര്‍ ഒരിടത്തും സ്ഥിരമായി താമസിക്കില്ല. നായാടിയും നാടോടിയും ജീവിക്കുന്നവരാണ്. യാത്രയില്‍ എപ്പോഴെങ്കിലും അപൂര്‍വ്വമായി മഴ കിട്ടുമ്പോള്‍ അവര്‍ ഒട്ടകപ്പക്ഷിയുടെ മുട്ടത്തോടില്‍ ജലം ശേഖരിച്ച് മണ്ണില്‍ കുഴിച്ചിടും. അത് ചെയ്യുന്നത് അവര്‍ക്കു വേണ്ടിയല്ല. പിന്നീട് എപ്പോഴെങ്കിലും അതുവഴിവരുന്ന അവര്‍ക്കുപോലും അറിഞ്ഞുകൂടാത്ത മറ്റൊരു സമൂഹത്തിനു വേണ്ടിയാണ്. ഇതാണ് അവരുടെ possession- സ്വത്ത് സമ്പാദിക്കുന്ന ശീലം. ഇത്തരം ഒരു ജനതക്ക് സമ്പാദ്യമെന്നത് ആത്മസംതൃപ്തിക്ക് ഇടം നല്‍കലാണ്. ലളിതജീവിതം സംതൃപ്തികരമാവുക ഇത്തരം വേളകളിലാണ്.

ജനസംഖ്യ 700 കോടിയിലെത്തി നില്‍ക്കുന്ന ഇന്ന് ലോക ജീവിതം ഹിംസാത്മകമായി മാറിയിരിക്കുകയാണ്. അതിനാല്‍ സ്വത്തുക്കളുടെ ആചാരത്തിന് ഇന്ന് ചില രാഷ്ട്രീയമാനങ്ങള്‍ കൂടി കൈവരും. ഒരു ഉദാഹരണത്തിന് കെവിന്‍ കാര്‍ട്ടറുടെ അന്ത്യത്തെക്കുറിച്ച് പറയാം.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വലുപ്പത്തില്‍ ഒന്നാംസ്ഥാനത്തുള്ള സുഡാനില്‍ 1993-ല്‍ ഒരു ക്ഷാമം നേരിട്ടു. പട്ടിണിമരണം വാര്‍ത്തപോലുമല്ലാതായി. പട്ടിണികൊണ്ട് എല്ലും തൊലിയുമായി തീര്‍ന്ന ഒരു പെണ്‍കുട്ടി ഭക്ഷണകേന്ദ്രത്തിലേക്ക് ഇഴയുകയാണ്. ക്ഷീണിച്ചവശയായ അവള്‍ ഇഴയാന്‍ പറ്റാതെ നെറ്റി മണ്ണില്‍ക്കുത്തി കമിഴ്ന്നിരിക്കുകയാണ്. പെട്ടെന്ന് അവള്‍ക്കരികില്‍ ഒരു കഴുകന്‍ പറന്നിരുന്നു. ശവോപജീവിയായ കഴുകന്‍ അവള്‍ ശവമാകാന്‍ കാത്തിരുന്നു. ഇരുപതുമിനിട്ടോളം ഈ നില തുടര്‍ന്നു. കഴുകന്‍ ചിറകുകള്‍ വിടര്‍ത്തുന്നില്ല. കുട്ടി ഇഴയുന്നുമില്ല. ഈ ദാരുണമായ ചിത്രം തൊട്ടടുത്ത ദിവസം തന്നെ പ്രസിദ്ധീകരിച്ചു. ക്ഷാമത്തിന്‍റെ, പട്ടിണി മരണത്തിന്‍റെ നേര്‍ചിത്രം. 1991 ഏപ്രില്‍ 2-ന് ഈ ഫോട്ടോയ്ക്ക് പുലിറ്റ്സര്‍ സമ്മാനം പ്രഖ്യാപിച്ചു. ഇതിനിടയില്‍ കെവിന്‍ കാര്‍ട്ടര്‍ക്ക് ഒട്ടനവധി സന്ദേശങ്ങളും കത്തുകളും ലഭിച്ചു. എല്ലാം അദ്ദേഹത്തിന്‍റെ ചെയ്തിയെ വിമര്‍ശിക്കുന്നവയായിരുന്നു. വിമര്‍ശനങ്ങളുടെ വേട്ടയാടലും കുറ്റബോധവുംകൊണ്ട് കെവിന്‍ കാര്‍ട്ടര്‍ 1994 ജൂലായ് 24-ന് ആത്മഹത്യ ചെയ്തു. മരണത്തിന് മുന്‍പ് അദ്ദേഹം ഡയറയില്‍ ഇങ്ങനെ കുറിച്ചു: "പ്രിയപ്പെട്ട ദൈവമേ... ഒരു കാരണവശാലും ഞാന്‍ ഭക്ഷണം വെറുതെ കളയില്ല. എത്ര വയര്‍ നിറഞ്ഞിരിക്കുകയാണെങ്കിലും എത്ര ചീത്തഭക്ഷണമാണെങ്കിലും. നാം ദിവസവും ഭക്ഷണം അനാവശ്യമായി കളയുമ്പോഴും കിട്ടിയ ഭക്ഷണത്തെ പഴിക്കുമ്പോഴും ജീവിതത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ചിന്തിക്കാനും പ്രവൃത്തിക്കാനും നമുക്കാവണേ."

പാഴാക്കാതെയും പഴിക്കാതെയും അന്നം ആഹരിക്കുമ്പോഴാണ് നാം ശുദ്ധരായി തീരുന്നത്. ഈ ശുദ്ധിയാണ് സംസ്കാരം.

ടമ

0

0

Featured Posts

bottom of page