
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും എഴുതുന്ന കത്താണ്. എന്‍റെ പേര് പ്രദീപ്. ഒരു കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷകിട്ടി ഒന്‍പതു വര്‍ഷമായി ജയിലില്‍ കഴിഞ്ഞുവരികയാണ്. പ്രതീക്ഷകള്‍ എല്ലാം നഷ്ടപ്പെട്ട് കുഴിയില്‍നിന്നും വീണ്ടും താഴേക്ക് കുഴിച്ചുപോയിക്കൊണ്ടിരിക്കുന്ന അവസ്ഥയായിരുന്നു. ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല. പ്രായം 36. എന്നായാലും ജയില്‍ മോചിതനാകും.
സര്‍ക്കാര്‍ എന്തുതന്നെയായാലും 14 വര്‍ഷത്തിനുള്ളില്‍ മോചിപ്പിക്കും. എനിക്ക് ഇനിയും നല്ല ജീവിതം പുറത്തുണ്ട്, എന്ന ചിന്ത വന്നതിന് ആദ്യം അസ്സീസി മാസികയ്ക്ക് നന്ദി പറയട്ടെ. ഞാന്‍ എല്ലാ മാസവും അസ്സീസി വായിക്കാറുണ്ട്. ഇവിടെ സാധാരണ എല്ലാവരും ആഴ്ചയില്‍ കിട്ടുന്ന മംഗളം, മനോരമ വീക്കിലി നോക്കിയാണ് ഇരിക്കാറ്. എന്നാല്‍ അസ്സീസി മാസിക നോക്കിയിരിക്കുന്ന എനിക്ക് ഇതില്‍ നിന്നും വായിക്കുന്ന ജീവിതങ്ങളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞപ്പോള്‍ എനിക്കും പുതിയ പ്രതീക്ഷയും ജീവിതം എന്നാല്‍ 'ഷാരൂഖാനെ' പോലെ ഉള്ളവര്‍ക്ക് മാത്രമല്ല എന്ന തിരിച്ചറിവും ഉണ്ടായി. ഇപ്പോള്‍ ഈ കത്ത് എഴുതാനുള്ള പ്രധാനകാരണം മെയ് ലക്കത്തിലെ ഇച്ഛാശക്തിയുടെ നേര്‍ക്കാഴ്ചകള്‍ - നീയെത്ര ധന്യ എന്ന ലേഖനമാണ്. വിടരാന്‍ നില്ക്കുന്ന റോസാപ്പൂപോലെ ഐശ്വര്യമുള്ള ധന്യയുടെ കണ്ണുകള്‍, അടഞ്ഞുപോയ എന്‍റെ മനസ്സില്‍ പ്രതീക്ഷ നല്‍കി. ഞാന്‍ ആദ്യം സൂചിപ്പിച്ചതുപോലെ കുഴിയില്‍ നിന്നും താഴോട്ട് കുഴിക്കാതെ കുറെശ്ശേ ചരിച്ച് മേലോട്ട് കുഴിച്ചാല്‍ തീര്‍ച്ചയായും പുറത്തെത്താം. ഈ കുട്ടിക്ക് ഇങ്ങനെയൊക്കെ കഴിയുന്നുണ്ട്, എന്തെല്ലാം സഹിച്ച്. സത്യം പറയാമല്ലോ എന്‍റെ കണ്ണ് തുറപ്പിച്ചു. എനിക്ക് ഒരുപാട് എഴുതണമെന്നുണ്ട്. ഞാന്‍ ഇവിടെ എന്‍റെ സാറിന്‍റെയടുത്ത് ഇക്കാര്യം പറഞ്ഞു. സാര്‍ നെറ്റില്‍ നിന്നും ആ കുട്ടിയുടെ കവിതകളും സാമൂഹ്യപ്രവര്‍ത്തനങ്ങളും എല്ലാം കാണിച്ചു തന്നു. ധന്യക്ക് കവിത എഴുതാന്‍ നല്ല കഴിവ് ഉണ്ട് എന്ന് എനിക്ക് മനസ്സിലായി. ഓരോ കവിതയും പോസിറ്റീവ് ചിന്തകള്‍ മാത്രമാണ്.
പ്രദീപ് കെ.