
മനുഷ്യസ്നേഹത്തിന്‍റെ ഉത്തമമാതൃകയായ മദര്‍ തെരേസ ഹൃദയത്തിന്‍റെ നിറവില്‍ നിന്നു പറഞ്ഞു: "ഞാന്‍ കര്‍ത്താവിന്‍റെ കയ്യിലെ ഒരു പെന്‍സില്‍ ആണ്." അമ്മയുടെ ഹൃദയവിശുദ്ധിയുടെയും അടിയുറച്ച വിശ്വാസത്തിന്‍റെയും സര്‍വ്വോപരി തന്നെത്തന്നെ ദൈവത്തിനു വിട്ടുകൊടുക്കാനുള്ള എളിമയുടെയും പ്രതിധ്വനിയാണ് ഈ വാക്കുകള്‍. വിശുദ്ധ തോമസ് അക്വിനാസ് പറയുന്നു: "നാം ദൈവത്തെ തീവ്രമായി സ്നേഹിക്കുന്നു. നാം അവനിലേക്ക് കുതിക്കുന്നു. കുതിച് ച് കുതിച്ച് ചാരെ എത്തുന്നു. ഒടുവില്‍ നാം അവനില്‍ ആവേശിക്കുന്നു." ദൈവകരങ്ങളിലേക്ക് തന്നെ പൂര്‍ണമായി വിട്ടുകൊടുക്കാന്‍ മദര്‍ സന്നദ്ധയായി.
നമ്മളെല്ലാവരും നിസ്സാരങ്ങളായ ഉപകരണങ്ങളാണ്. ഓരോ ചുമതലകള്‍ നിക്ഷിപ്തമായിരിക്കുന്ന ഉപകരണങ്ങള്‍. അവ വലുതോ ചെറുതോ ആയിക്കൊള്ളട്ടെ, ദൈവഹിതത്തിനു ചേര്‍ന്നവിധം വിശ്വസ്തതയോടെ അതു നിറവേറ്റുക. അതാണ് നമ്മുടെ ദൗത്യം. മാനുഷിക ബുദ്ധിയില്‍ എല്ലാ ദൗത്യങ്ങള്‍ക്കും അര്‍ത്ഥം കണ്ടെത്തുക പ്രയാസമായിരിക്കും. തിരുവിഷ്ടത്തിനു യോജിച്ചവിധമുള്ള ഉപകരണങ്ങളാകുക. സഹിഷ്ണുതയോടും ക്ഷമയോടും കൂടെ ഏറ്റവും മികച്ച രീതിയില്‍ കര്‍ത്തവ്യങ്ങളനുഷ്ഠിക്കുക.
ലോകത്തിനു മുഴുവന്‍ പ്രണയലേഖനമെഴുതാനുള്ള കൊച്ചുതൂലികയാണ് താനെന്ന് സ്വയം വിശേഷിപ്പിച്ച മദര്‍ സഹോദരിമാരോട് പറഞ്ഞു; "നിങ്ങളും ഞാനും ഒന്നുമല്ല. നാം മനസ്സിലാക്കേണ്ടത് ദൈവത്തിന്‍റെ അഗാധമായ എളിമയത്രേ. അവന്‍റെ മഹത്വം അളവറ്റതത്രേ. അതിനാല്‍ അവനത് പ്രദര്‍ശിപ്പിക്കുന്നത് ശൂന്യതയിലത്രേ. അതിനാലാണ് അവന്‍ നമ്മെ ഉപയോഗിക്കുന്നത്. സ്വയം ശൂന്യനാക്കി ദൈവകാരുണ്യം നിറയാന്‍ അനുവദിക്കുക."
ഒരിക്കല്‍ സോവിയറ്റ് കമ്യൂണിസ്ററ് പാര്‍ട്ടി അംഗങ്ങളോട് മദര്‍ പറഞ്ഞു; "ദൈവം നിങ്ങളെ സ്നേഹിക്കുന്നു. അവന്‍റെ കരങ്ങളില്‍ നിങ്ങളുടെ പേരുകള്‍ എഴുതപ്പെട്ടിരിക്കുന്നു. നിങ്ങള്‍ അവന്‍റേതാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമായി അവന്‍ നിങ്ങളെ മെനഞ്ഞിരിക്കുന്നു.
നാമൊക്കെ ദൈവത്തിന്‍റെ കരങ്ങളിലിരിക്കുന്ന പല വര്‍ണങ്ങളിലുള്ള, ലോകദൃഷ്ടിയില്‍ വിലകൂടിയതോ, ക ുറഞ്ഞതോ ആയ പെന്‍സിലുകളാണ്. പക്ഷേ ബാഹ്യരൂപങ്ങളെ നോക്കി ആരെയും വിലയിടാനാവില്ല. അവന്‍റെ പ്രവൃത്തിയും ലക്ഷ്യം വയ്ക്കുന്ന ഫലവും അനുസരിച്ചു വേണം നിങ്ങളാകുന്ന പെന്‍സിലിനു വിലയിടാന്‍.
മര്‍ക്കോസ് 7, 20-23-ല്‍ പറയുന്നു, മനുഷ്യരുടെ ഉള്ളില്‍ നിന്നാണ് സകല തിന്മകളും വരുന്നത്." തെറ്റുകള്‍ മാനുഷികം. പക്ഷേ അതു തിരുത്താനുള്ള എളിമ ദൈവികമാണ്. നമ്മളൊരു പെന്‍സില്‍ ആണെങ്കില്‍ അതിനോടൊപ്പം ദൈവം ഒരു റബറും - അനുതാപമാകുന്ന, തിരിച്ചുവരവിന്‍റെയും തിരിച്ചറിവിന്‍റേതുമായ- കരുതിയിട്ടുണ്ട്. പല വിശുദ്ധരുടേയും ജീവിതം പരിശോധിച്ചാല്‍ അവരുടെ വഴികളില്‍ ഈ റബര്‍ ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്താം. മായ്ക്കലിലും തിരുത്തലുകളിലൂടെയുമാണ് അവര്‍ വിശുദ്ധ പദവിയിലേക്ക് എത്തപ്പെട്ടത്. ജീവിതമാകുന്ന എഴുത്തിലെ തെറ്റുകള്‍ തിരുത്തിയെഴുതുക.
ഈ ജീവിതം ക്ഷണികമായി കടന്നുപോകും. നമ്മുടെ ജീവിതവഴികള്‍ ഇവിടെ അവശേഷിക്കും - നമ്മുടെ പ്രവൃത്തികള്‍, അതിന്‍റെ ഫലങ്ങള്‍ അങ്ങനെ പലതും. ഇവിടെയാണ് നാം ശ്രദ്ധിക്കേണ്ടത്. തിന്മയ്ക്കുപകരം നന്മ അവശേഷിപ്പിച്ച് കടന്നുപോകാന്‍ ഉള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കുക. വി. പൗലോസ് പറയുന്നതുപോലെ, ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്കും ആത്മീയാഭിലാഷങ്ങള്‍ ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു. കര്‍ത്താവിനോട് ചേര്‍ന്നു നില്‍ക്കുന്നവന് ഒരു കാലത്തും ലജ്ജിക്കേണ്ടിവരില്ല.
സഹജീവികളിലും പ്രപഞ്ചത്തിലും ദൈവത്തെ കാണുക. ചെയ്തതെല്ലാം ദൈവകരങ്ങള്‍ എന്നറിയുക. അവന്‍റെ സ്നേഹം തിരിച്ചറിയുക. നമുക്ക് ആവാത്തതൊന്നും ദൈവം നമ്മോട് ആവശ്യപ്പെടുകയില്ല. തന്നില്‍ വിശ്വസിക്കുന്നവന് മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ദൈവം ഉറപ്പുനല്കുന്നു.(യോഹ. 14, 12)