top of page

ഒരു ഗാന്ധിയന്‍റെ ജീവിതയാത്ര

May 14, 2022

2 min read

ഡോ. റോയി തോമസ്
picture of a Edamattom ratnappan

ഇടമറ്റം രത്നപ്പന്‍ ആരായിരുന്നു? പ്രഭാഷകന്‍, എഴുത്തുകാരന്‍, ഗാന്ധിയന്‍, എഡിറ്റര്‍, വിവര്‍ത്തകന്‍, അധ്യാപകന്‍? ഇതെല്ലാം ചേര്‍ന്നുവരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. ഗാന്ധിയന്‍ മൂല്യങ്ങളില്‍ അടിയുറച്ചതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. ജീവിതവിജയത്തെക്കുറിച്ചുള്ള സാമ്പ്രദായികധാരണകളില്‍നിന്ന് അകന്നുനിന്ന വ്യക്തിത്വം. ആശയങ്ങളെ, മൂല്യങ്ങളെ, ദര്‍ശനങ്ങളെ വാക്കിലും പ്രവൃത്തിയിലും സാക്ഷാത്കരിക്കാന്‍ ഇടമറ്റം രത്നപ്പന്‍ പരിശ്രമിച്ചു. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. വളരെ വിലപ്പെട്ട പലതും നമുക്കായി നല്‍കിയിട്ടാണ് സൗമ്യനും ശാന്തനുമായ അദ്ദേഹം വിടചൊല്ലിയത്.

ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറ്റിയേഴിലാണ് അദ്ദേഹത്തെ നേരിട്ടറിഞ്ഞു തുടങ്ങുന്നത്. അന്ന് അദ്ദേഹം അസ്സീസി മാസികയുടെ സബ് എഡിറ്ററായിരുന്നു. തന്‍റെ മുന്നില്‍ എത്തിച്ചേരുന്ന ലേഖനങ്ങളും മറ്റു കൃതികളും പരിശോധിച്ച് മൂല്യവത്തായതു കണ്ടെത്തുന്നതില്‍ അദ്ദേഹം ശ്രദ്ധവച്ചു. ഉദാത്തമായ മാനവദര്‍ശനമായിരുന്നു അദ്ദേഹത്തെ നയിച്ചത്. ഗാന്ധിയന്‍ മൂല്യങ്ങള്‍ അതിന് ബലമേകി. എന്നും അദ്ദേഹം ഉറച്ച മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. അക്ഷരങ്ങളെയും ഗ്രന്ഥങ്ങളെയും നെഞ്ചോടുചേര്‍ത്ത രത്നപ്പന്‍ സാറിന്‍റെ ആത്മാര്‍പ്പണം നേരിട്ടറിഞ്ഞിട്ടുണ്ട്. സാഹിത്യത്തെ ദര്‍ശനമായി സ്വാംശീകരിച്ച് അദ്ദേഹം പ്രഭാഷണങ്ങളിലൂടെ പകര്‍ന്നു നല്കി. കേള്‍വിക്കാരെ ഉദാത്ത മൂല്യങ്ങളിലേക്ക് ഉയര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്. വായനയുടെയും ചിന്തയുടെയും കരുത്ത് അദ്ദേഹത്തിന്‍റെ ഓരോ വാക്കിലും ലാവണ്യം നിറച്ചു.

അദ്ദേഹത്തോടൊപ്പം മണിക്കൂറുകള്‍ ചെലവഴിച്ച സന്ദര്‍ഭങ്ങള്‍ ജീവിതത്തിലെ മുന്തിയസന്ദര്‍ഭങ്ങളായിരുന്നു. വായിച്ചത്, ചിന്തിച്ചത്, എഴുതുന്നത്, എല്ലാം പങ്കുവച്ചു. നമ്മുടെ നാട് നേരിടുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും സംസാരിച്ചു. സമത്വസുന്ദരമായ ഒരു സമൂഹമെന്ന ഉയര്‍ന്നക്കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് അദ്ദേഹം ഓരോ സന്ദര്‍ഭത്തിലും സംസാരിച്ചത്. സ്നേഹനിര്‍ഭരമായ ആ സന്ദര്‍ഭങ്ങളെ ഹൃദയത്തോടു ചേര്‍ത്തുവയ്ക്കുന്നു. ഭാഷയില്‍ പുലര്‍ത്തുന്ന നിഷ്കര്‍ഷ ഏറെ ശ്രദ്ധിക്കേണ്ടതാണ്.

എഴുതിത്തീര്‍ത്തതും എഴുതാന്‍ ആഗ്രഹിച്ചതും ഏറെയാണ്. വിവര്‍ത്തനങ്ങളും വിലപ്പെട്ടവതന്നെ. ഖലീല്‍ജിബ്രാന്‍റെ ജീവചരിത്രം അദ്ദേഹം ഏറെ ഇഷ്ടപ്പെട്ട് രചിച്ചതാണ്. ഇടമറ്റം രത്നപ്പന്‍ പറഞ്ഞതും ചിന്തിച്ചതുമെല്ലാം രേഖപ്പെടുത്തിയിട്ടില്ല. അത് ചിലരുടെ മനസ്സിലെങ്കിലും ഉണ്ട്. രോഗത്തിന്‍റെ നാളുകളിലും അദ്ദേഹം അക്ഷരങ്ങളുടെ സാന്ത്വനം തേടാനാഗ്രഹിച്ചിരുന്നു.

ഇടമറ്റം രത്നപ്പന്‍ ഒരു ബഹുമുഖവ്യക്തിത്വമായിരുന്നു. വെളിച്ചത്തിന്‍റെ വഴികളാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഗാന്ധിജി അദ്ദേഹത്തിന് ഒരു വിളക്കുമരമായിരുന്നു. ഗ്രന്ഥങ്ങളില്‍ നിന്ന് അമൂല്യരത്നങ്ങള്‍ അദ്ദേഹം ശേഖരിച്ചുവയ്ക്കുകയും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തു. ശേഖരിച്ചുവയ്ക്കുന്നവനല്ല, കൊടുക്കുന്നവനാണ് ശ്രേഷ്ഠന്‍ എന്ന് അദ്ദേഹത്തിന്‍റെ ജീവിതം നമ്മെ പഠിപ്പിച്ചു. ചെരിപ്പിടാതെ മണ്ണിനെ സ്പര്‍ശിച്ച് ദൂരങ്ങള്‍ താണ്ടിയ പഥികന്‍ നിത്യയാത്രയിലാണ്. അദ്ദേഹം നമുക്കായി കരുതിവച്ചതിന് കൃതജ്ഞരാകാം. ഇടമറ്റം രത്നപ്പന്‍ പകര്‍ന്ന പാഠങ്ങളില്‍നിന്ന് വെളിച്ചത്തിന്‍റെ മുത്തുകള്‍ കണ്ടെത്താന്‍ ഏവര്‍ക്കും കഴിയട്ടെ. കൃതജ്ഞതാനിര്‍ഭരമായ ആദരാഞ്ജലി.    അസ്സീസി മാസികയുടെ അമരത്തും അസ്സീസി കുടുംബത്തിന്‍റെ കൂട്ടായ്മയിലും ഏകദേശം പന്ത്രണ്ടുവര്‍ഷക്കാലത്തോളം (1997-2009) അക്ഷരവെളിച്ചവും വാത്സല്യകാരണവരുമായിരുന്ന രത്നപ്പന്‍ സാര്‍ നിത്യതയിലേക്ക് യാത്രയായി. വായനയിലും  എഴുത്തിലും പ്രസംഗത്തിലുമൊക്കെ അദ്ദേഹം അതുല്യ പ്രതിഭതന്നെയായിരുന്നു. സാംസ്കാരിക കാര്യങ്ങളോ, ചരിത്രപരമായ കാര്യങ്ങളോ, രാഷ്ട്രീയകാര്യങ്ങളോ, നാട്ടുകാര്യങ്ങളോ, സാഹിത്യപരമായ കാര്യങ്ങളോ, മതപരമായ കാര്യങ്ങളോ ഒക്കെ അറിയണമെങ്കില്‍ അധികം പുസ്തകങ്ങളൊന്നും തിരയേണ്ടതില്ല, രത്നപ്പന്‍ സാറുമായി അല്പനേരം സംസാരിച്ചാല്‍ മതിയായിരുന്നു. എല്ലാ വിഷയങ്ങളിലും പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം അവയൊക്കെ വളരെ സ്നേഹപൂര്‍വ്വം വിശദമായി പങ്കുവച്ചിരുന്നു. അസ്സീസി  കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തോട് ഔദ്യോഗികമായ ഒരു അടുപ്പത്തേക്കാളുപരി മറ്റെന്തൊക്കെയോ ഹൃദയാടുപ്പമാണുണ്ടായിരുന്നത്. എല്ലാ ദിവസവും എല്ലാ അംഗങ്ങളോടും പേരുചൊല്ലി ക്ഷേമാന്വേഷണം നടത്തുക എന്നത് തന്‍റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്‍റെ ഒരു ഭാഗമായിട്ടുതന്നെയാണ് സാര്‍ കരുതിയിരുന്നത്. ജാടകളൊന്നും ഒട്ടുമേയില്ലാത്ത ഒരു സാധാരണക്കാരനായിരുന്നു അദ്ദേഹം അസ്സീസിക്ക്.  

ഏറെ നല്ല ഓര്‍മ്മകള്‍ ഈ കുടുംബത്തിനു നല്കിയ,അസ്സീസിയുടെ അക്ഷരക്കൂട്ടുകളെ അര്‍ത്ഥവത്താക്കിയ പ്രിയ രത്നപ്പന്‍ സാറിന്  അസ്സീസി കുടുംബം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.


ഡോ. റോയി തോമസ്

0

0

Featured Posts

bottom of page