top of page
സിനിമയെക്കുറിച്ച് പല വിതാനങ്ങളില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. സിനിമയുടെ രൂപഭാവങ്ങളെ, സാങ്കേതിക രീതികളെ, വ്യാകരണത്തെ തിരുത്തിക്കുറിച്ച സൗന്ദര്യശാസ്ത്ര മുന്നേറ്റങ്ങള്‍ പല സന്ദര്‍ഭങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ലോകസിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ അത്തരത്തിലുള്ള മഹാപ്രതിഭകളെ നാം കണ്ടുമുട്ടും. ചരിത്രത്തിന്‍റെ ആഴങ്ങളില്‍നിന്ന് തികഞ്ഞ ബോദ്ധ്യത്തോടെ കണ്ടെടുക്കുന്ന തീക്ഷ്ണമുഹൂര്‍ത്തങ്ങള്‍ 'കാലത്തില്‍ കൊത്തിയ ശില്പങ്ങളായി' പരിലസിക്കുന്നു. സമൂഹാബോധമനസ്സിനെ വേട്ടയാടുകയും സാന്ത്വനിപ്പിക്കുകയും ഉണര്‍ത്തുകയും ചലിപ്പിക്കുകയും ചെയ്യുന്ന സൗന്ദര്യശാസ്ത്ര കലാപങ്ങളായിരുന്നു സിനിമയിലെ അര്‍ത്ഥപൂര്‍ണ്ണമായ ഓരോ പരീക്ഷണവും. രീതിശാസ്ത്രപരവും ആഖ്യാനാത്മകവുമായ മുന്നേറ്റങ്ങള്‍ ഈ കലാരൂപത്തിന്‍റെ സാദ്ധ്യതകള്‍ വിപുലമാക്കി. ഇതിന്‍റെ അലയൊലികള്‍ ഇന്ത്യന്‍ സിനിമയിലും മലയാളസിനിമയിലും പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ തിരിഞ്ഞുനോട്ടത്തിന് ഏറെ പ്രസക്തിയുണ്ട്.
മലയാള സിനിമയില്‍ ഇത് 'ന്യൂ ജനറേഷന്‍'ന്‍റെ കാലമെന്നു വിശേഷിപ്പിക്കപ്പെടുന്നു. ന്യൂവേവ്, ന്യൂ ജനറേഷന്‍ എന്നീ സംജ്ഞകള്‍ രാഷ്ട്രീയവും കലാത്മകവും പ്രത്യയശാസ്ത്രപരവും സാങ്കേതികവുമായ ഏറെ വിവക്ഷകള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് സിനിമയുടെ ചരിത്രം പരിചയമുള്ളവര്‍ക്കറിയാം. എന്നാല്‍ ഇവിടെ ഈ പേരില്‍ അവതരിപ്പിക്കപ്പെടുന്ന സിനിമകള്‍ അത്രമാത്രം ഗൗരവത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ടോ എന്ന് ചിലര്‍ ചോദിക്കുന്നത് പ്രസക്തമാണ്. ചില പുതിയ പ്രമേയങ്ങള്‍, പരിചരണ രീതികള്‍, ആഖ്യാനവഴികള്‍ അവ അവതരിപ്പിച്ചിട്ടുണ്ട് എന്നത് എടുത്തുപറയേണ്ടതുതന്നെയാണ്. എന്നാല്‍ ലോകസിനിമയില്‍നിന്നുള്ള സ്വീകരണവും അനുകരണവും തള്ളിക്കളയാവുന്നതല്ല. ഇപ്പോള്‍ 'ന്യൂ ജനറേഷന്‍' എന്നത് അത്ര അഭികാമ്യമായി കണക്കാക്കുന്നവര്‍ കുറവാണ്. പുതിയ തലമുറയ്ക്കായുള്ള വിനോദ സിനിമകള്‍ തന്നെയാണ് ഈ വിഭാഗത്തില്‍ പുറത്തുവരുന്നവയില്‍ കൂടുതലുമെന്ന് ബി. രാജീവന്‍ നിരീക്ഷിക്കുന്നത് വസ്തുതയാണ്. അരാഷ്ട്രീയമായ, മധ്യവര്‍ഗ കേന്ദ്രീകൃതമായ, നാഗരികാനുഭവങ്ങളുടെ ആവിഷ്കാരങ്ങളെന്ന നിലയില്‍ അവ നിര്‍വഹിക്കുന്ന പ്രത്യയശാസ്ത്രധര്‍മ്മം പലപ്പോഴും പ്രതിലോമമാണ്. ആഗോളീകൃത സാംസ്കാരിക കാലാവസ്ഥയിലെ വിനോദവ്യവസായത്തിന്‍റെ ഭാഗമായി നിലകൊള്ളുകയാണ് ഈ സിനിമകള്‍. നമ്മുടെ ജീവിതാനുഭവങ്ങളുമായും അടിസ്ഥാന ജീവിത സത്യങ്ങളുമായും അവയില്‍ ഏറിയപങ്കും സംവദിക്കുന്നില്ല എന്നതുതന്നെയാണ് പരമാര്‍ത്ഥം. ഒറ്റപ്പെട്ട ധനാത്മകചലനങ്ങള്‍ ഇല്ല എന്നു കരുതുന്നതും ശരിയല്ല. എങ്കിലും ഈ പരമ്പരയില്‍ സൃഷ്ടിക്കപ്പെട്ട സിനിമകളിലെ ചേരുവകള്‍ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ നമ്മുടെ സമൂഹം നേരിടുന്ന ചില അടിസ്ഥാനപ്രശ്നങ്ങളില്‍ നാം ചെന്നുചേരും.
ആമുഖമായി ഇത്രയും കുറിച്ചത് തന്‍റെ ആദ്യ സിനിമയുമായി രംഗത്തുവന്ന ദേവപ്രസാദിന്‍റെ 'ലൈറ്റ്' എന്ന മനോഹര കലാസൃഷ്ടിയെക്കുറിച്ചെഴുതാനാണ്. ഒരു സിനിമ എങ്ങനെ ചരിത്രവുമായും സംസ്കാരവുമായും പ്രകൃതിയുമായും അടിസ്ഥാന മനുഷ്യജീവിതത്തിന്‍റെ സൂക്ഷ്മ യാഥാര്‍ത്ഥ്യങ്ങളുമായും സംവദിക്കണമെന്ന് നാം ഈ സിനിമയിലൂടെ മനസ്സിലാക്കുന്നു. വളരെയധികം കഷ്ടതകള്‍ സഹിച്ച് നിര്‍മ്മിച്ച ഈ ചലച്ചിത്രം തിയേറ്ററുകളിലെത്തിക്കാനും സംവിധായകന്‍ ബുദ്ധിമുട്ടുന്നു. സംവിധായകനെന്ന നിലയിലും നായക കഥാപാത്രത്തെ അവതരിപ്പിച്ച നടനെന്ന നിലയിലും ദേവപ്രസാദ് ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു. ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ സിനിമകള്‍ ലോകശ്രദ്ധയില്‍ കടന്നുവന്നത് രാഷ്ട്രീയസാംസ്കാരികചരിത്ര യാഥാര്‍ത്ഥ്യങ്ങളുമായുള്ള സംവാദാത്മക സാദ്ധ്യതകള്‍ തുറന്നിട്ടുകൊണ്ടാണ്. പൊള്ളിക്കുന്ന ചരിത്രസത്യങ്ങളെ കലാത്മകമായി പുനഃസൃഷ്ടിക്കുകയാണ് അവര്‍ ചെയ്തത്. സിനിമയെന്ന മാധ്യമത്തെ വിപ്ലവകരമായി മാറ്റിമറിച്ച അവര്‍ ചരിത്രത്തെ ഖനനം ചെയ്യുകയായിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ തൊട്ടുമുമ്പുള്ള കാലഘട്ടം മുതല്‍ ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറിലെ റഷ്യയുടെ പതനം വരെയുള്ള ചരിത്രസാഹചര്യമാണ് 'ലൈറ്റില്‍' ആവിഷ്കരിക്കപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയും വിഭജനവും ജനങ്ങള്‍ക്കിടയിലുള്ള വ്യാപനവുമെല്ലാം ഇടകലരുന്ന ആഖ്യാനരീതിയാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. രാമന്‍ എന്ന കഥാപാത്രത്തിന്‍റെ ജീവിതം ചിത്രീകരിക്കുന്നതിലൂടെ അധഃകൃതജീവിതത്തിന്‍റെ സൂക്ഷ്മതലങ്ങള്‍ അനാവൃതമാകുന്നു. ജാതിചിന്തകള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ ഈ സിനിമയിലെ വിവക്ഷകള്‍ വിലപ്പെട്ടതാകുന്നു. രാമന്‍റെ യുവത്വവും വാര്‍ധക്യവും ഇടകലര്‍ത്തി ചരിത്രത്തെ നിവര്‍ത്തിയിടുന്ന ആഖ്യാനമാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. അധഃകൃതന്‍റെ കണ്ണിലൂടെ ചരിത്രത്തെ അപനിര്‍മ്മിക്കുകയാണദ്ദേഹം. 'കമ്മ്യൂണിസം എന്നാല്‍ സ്നേഹമാണ്' എന്ന ബോദ്ധ്യത്തിലാണ് രാമന്‍ പാര്‍ട്ടിയോടടുക്കുന്നത്. മറ്റു സൈദ്ധാന്തികതലങ്ങളൊന്നും അയാള്‍ക്കു പ്രശ്നമല്ല. പാര്‍ട്ടിയുടെ വിഭജനവും വീഴ്ചകളുമൊന്നും രാമന്‍റെ നിലപാടില്‍ മാറ്റം വരുത്തുന്നില്ല. എല്ലാവിധത്തിലുള്ള മാറ്റങ്ങളും അധഃകൃതനെന്താണ് നല്‍കിയതെന്ന പ്രസക്തമായ ചോദ്യമാണ് സംവിധായകന്‍ ചോദിക്കുന്നത്. സംവിധായകന്‍ തന്നെയാണ് രചനയും നടത്തിയിരിക്കുന്നതെന്നതിനാല്‍ തന്‍റെ ശക്തമായ നിലപാടുകള്‍ തന്നെയാണ് രാമനിലൂടെ അവതരിപ്പിക്കുന്നതെന്നു നമുക്കു കരുതാം.
മണ്ണിലും ചേറിലും പണിയെടുക്കുന്നവര്‍, മറ്റുള്ളവരുടെ ഉച്ഛിഷ്ടം ഭക്ഷിക്കുന്നവര്‍, ചത്തമൃഗങ്ങളുടെ മാംസം തിന്നുന്നവര്‍ എന്നിങ്ങനെയുള്ള രൂപഭാവങ്ങളില്‍ അധഃകൃതരുടെ ജീവിതത്തെ ക്യാമറ പിന്തുടരുന്നു. അവരുടെ നിറംമങ്ങിയ ജീവിതങ്ങള്‍ നാം തിരിച്ചറിയുന്നു. വാന്‍ഗോഗിന്‍റെ 'ഉരുളക്കിഴങ്ങു തിന്നുന്നവര്‍' എന്ന ചിത്രപരമ്പരയിലെ മനുഷ്യരുടെ ഇരുണ്ടനിറമാണ് അധഃകൃതജീവിതങ്ങളില്‍ നാം കാണുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയും വികാസവും തളര്‍ച്ചയും സൂക്ഷ്മമായി പിന്തുടരുന്ന സിനിമ രാഷ്ട്രീയമായ ചോദ്യങ്ങളാണ് ശക്തമായി ഉന്നയിക്കുന്നത്. രാമനെന്ന കഥാപാത്രത്തിന്‍റെ രണ്ടു രൂപഭാവങ്ങള്‍ അവതരിപ്പിക്കുന്ന സംവിധായകന്‍ അധഃകൃതജീവിതത്തിന്‍റെ സൂക്ഷ്മചരിത്രമാണ് ആലേഖനം ചെയ്യുന്നത്.
ഈ സിനിമയില്‍ എടുത്തുപറയേണ്ട വസ്തുത പ്രകൃതി സാന്നിധ്യമാണ്. പ്രകൃതി ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാകുന്നു. അധഃകൃതന്‍റെ ജീവിതത്തെ പ്രകൃതി പശ്ചാത്തലമാക്കിയാണ് സംവിധായകന്‍ ഒരുക്കുന്നത്. ആകാശത്തോടും നക്ഷത്രങ്ങളോടും വെള്ളത്തോടും മീനിനോടും മണ്ണിനോടും മരത്തോടും കുട്ടികളോടും പുല്ലിനോടും കാറ്റിനോടും സംവദിക്കുന്ന രാമന്‍ ജൈവമനുഷ്യനാണ്. ഈ കഥാപാത്രത്തിന്‍റെ ജൈവികത നമ്മെ ഏറെ സ്വാധീനിക്കുന്നു. ജൈവികതയും സ്വാഭാവികതയും നഷ്ടപ്പെട്ട നാം മണ്ണില്‍നിന്നും പ്രകൃതിയില്‍നിന്നും അകലുന്നു. അധഃകൃതനു മാത്രമാണ് ഇപ്പോഴും പ്രകൃതിയുമായി ആഴത്തിലുള്ള ബന്ധമുള്ളത്. രാമന്‍ സ്വന്തം ഭാഗമായാണ് പ്രകൃതിയെ കാണുന്നത്. അതുകൊണ്ടുതന്നെ തന്‍റെ സന്തോഷത്തിലും ദുഃഖത്തിലും സംഘര്‍ഷങ്ങളിലും മനുഷ്യരെക്കാള്‍ സാന്ത്വനമരുളുന്നത് പ്രകൃതിയാണെന്ന് അയാള്‍ തിരിച്ചറിയുന്നു. നമ്മുടെ ഉള്ളിലേക്ക് പുതിയൊരു തിരിച്ചറിവാണ് ഈ കഥാപാത്രം കടത്തിവിടുന്നത്. സ്ത്രീ പുരുഷബന്ധത്തിലും മറ്റു മനുഷ്യരുമായുള്ള ബന്ധത്തിലുമെല്ലാം ഈ സ്വാഭാവികത, ആര്‍ജവം പുലര്‍ത്താന്‍ രാമനു കഴിയുന്നു. തന്‍റെ ഏകാന്തതയെ ഈ കഥാപാത്രം മറികടക്കുന്നത് പ്രകൃതിയിലേക്കും മറ്റുള്ളവരിലേക്കുമുള്ള വ്യാപനത്തിലൂടെയാണ്. ഈ വ്യാപനം അസാദ്ധ്യമാകുന്നിടത്താണ് കമ്മ്യൂണിസത്തില്‍നിന്നും മറ്റു പ്രസ്ഥാനങ്ങളില്‍നിന്നും സ്നേഹം നഷ്ടമാകുന്നത്. സ്നേഹം നഷ്ടമാകുമ്പോള്‍ ഒരാള്‍ ഉന്മാദിയാകുന്നു. വഴിത്താരയിലൂടെ ഉന്മാദിയായി നടന്നുനീങ്ങുന്ന രാമനില്‍ അവസാനിക്കുന്ന സിനിമ നമ്മില്‍ നൊമ്പരമുണര്‍ത്തുകയും അനേകം ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ജീവിതത്തെ ചരിത്രത്തിനു സമാന്തരമായി കൊരുത്തെടുത്തുകൊണ്ട് കലാശില്പം മെനയുകയാണ് ദേവപ്രസാദ്. നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും രചയിതാവെന്ന നിലയിലും അദ്ദേഹം പ്രശംസയര്‍ഹിക്കുന്നു.
ഭാഷയുടെ തലത്തില്‍ 'ലൈറ്റ്' തനിമ പുലര്‍ത്തുന്നു. അധഃകൃതഭാഷയെ ചൈതന്യം ചോര്‍ന്നുപോകാതെ പിടിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരിക്കുന്നു. മലയാളവും ഇംഗ്ലീഷുമല്ലാത്ത നപുംസകഭാഷ സംസാരിക്കുന്ന ന്യൂജനറേഷന്‍ സിനിമക്കാര്‍ ഈ സിനിമയെ എങ്ങനെ തിരിച്ചറിയും എന്ന അന്വേഷണം കൗതുകകരമായിരിക്കും. ശബ്ദപഥവും ഛായാഗ്രഹണവുമെല്ലാം എങ്ങനെ സര്‍ഗാത്മകമാക്കാമെന്ന് കാണിച്ചുതരുന്നു സംവിധായകന്‍. അമ്പരപ്പിക്കുന്ന സാങ്കേതികതയിലൂടെ വിഷയദാരിദ്ര്യം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സംവിധായകരാണ് ഏറെയും. പ്രമേയത്തിന്‍റെ കരുത്താണ് 'ലൈറ്റി'ന്‍റെ എല്ലാമേഖലകളെയും സമ്പുഷ്ടമാക്കുന്നത് അധഃകൃതജീവിതത്തെക്കുറിച്ചും കമ്മ്യൂണിസത്തെക്കുറിച്ചും കേരളസമൂഹത്തെക്കുറിച്ചും സജീവമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ചിത്രമാണ് 'വെളിച്ചം.' നമ്മെ ഇത് ചരിത്രത്തിനഭിമുഖം നിര്‍ത്തുന്നു.
'ലൈറ്റ്' കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ ജസ്റ്റിന്‍ ചാഡ്വിക്കിന്‍റെ 'ദ ഫസ്റ്റ് ഗ്രേഡര്‍' എന്ന വിഖ്യാത സിനിമ ഓര്‍മ്മയിലെത്തും. കിമാനി മറുഗ്വേ എന്ന ചരിത്ര പുരുഷനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം കെനിയന്‍ ചരിത്രത്തിന്‍റെ തീക്ഷ്ണമുഹൂര്‍ത്തങ്ങള്‍ തുറന്നിടുന്നു. (87-ാം വയസ്സില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നു പഠിച്ച മറുഗ്വേ ഗിന്നസ്ബുക്കിലെ 'ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ത്ഥി'യാണ്. അദ്ദേഹം യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്തിട്ടുണ്ട്.) അമ്പതുകളില്‍ നടന്ന 'മൗ മൗ'പ്രസ്ഥാനത്തിന്‍റെ പശ്ചാത്തലത്തില്‍ മറുഗ്വേയുടെ കഥപറയുന്ന, 'ഫസ്റ്റ് ഗ്രേഡര്‍' രാമന്‍റെ കഥ പറയുന്ന 'ലൈറ്റു'മായി കൂട്ടിവായിക്കാന്‍ സാധ്യതകളേറെയുണ്ട്. ചരിത്രസാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങള്‍ എങ്ങനെ സിനിമയെ സമ്പന്നമാക്കുന്നു എന്ന തിരിച്ചറിവില്‍ നാമെത്തും. ലൈറ്റിന്‍റെ പ്രസക്തിയും അതുതന്നെയാണ്.
ചരിത്രത്തില്‍നിന്നും സാംസ്കാരത്തില്‍നിന്നും തനിമകളില്‍നിന്നും വേറിട്ട് നിലംതൊടാമണ്ണുപോലെ നിലകൊള്ളുന്ന പുത്തന്‍ സിനിമാപരീക്ഷണങ്ങള്‍ക്കിടയില്‍ തനിമ വിളിച്ചോതുന്ന ചലച്ചിത്രമായി 'ലൈറ്റ്' ഉയര്‍ന്നുനില്‍ക്കുന്നു. സ്വന്തം മണ്ണില്‍ തൊടുന്നതിന്‍റെ ചൈതന്യം ഈ ചിത്രം നമ്മില്‍ ഉണര്‍ത്തുന്നു. വേരുകള്‍ പറിഞ്ഞവന്‍ ചരിത്രമില്ലാത്തവനാണ്. ഇവിടെ വേരുകളില്‍ ഉറച്ചുനില്‍ക്കുന്ന മനുഷ്യാനുഭവങ്ങളുടെ സമഗ്രത അന്വേഷിക്കുകയാണ് ദേവപ്രസാദ്. അദ്ദേഹത്തിന് ഇത് ആത്മാന്വേഷണവുമാണ. 'വെളിച്ചത്തിനെന്തു വെളിച്ചം' എന്നു ബഷീര്‍ എഴുതിയത് അന്വര്‍ത്ഥമാകുന്നു.
Featured Posts
bottom of page