top of page
"ഉള്ളി തൊലിപൊളിക്കുന്നതുപോലെയാണ് ജീവിതം. ഭൂതകാലത്തിലെ ഓര്‍മ്മകളുടെ അടരുകളെ മനുഷ്യന്‍ ഒന്നൊന്നായ് പൊളിച്ചുനീക്കുന്നു. ഇടയ്ക്ക് കരയുന്നു. പൊളിച്ച് അവസാനം എത്തിച്ചേരുമ്പോള്‍ ശൂന്യത മാത്രം അവശേഷിക്കുന്നു" എന്ന് പറഞ്ഞുകൊണ്ട് തന്‍റെ ആത്മകഥയ്ക്ക് "ഉള്ളി തൊലി പൊളിക്കുമ്പോള്‍" (Peeling the onion) എന്ന് പേരിട്ട ഗുന്ദര്‍ ഗ്രസ് എന്ന നോബെല്‍ സമ്മാന ജേതാവ് ഏപ്രില്‍ 13 ന് ദിവംഗതനായി. നോവലിസ്റ്റും കവിയും നാടകരചിതാവും ചിത്രകാരനും ശില്പിയുമായ ഗ്രസിന്‍റെ "തകരച്ചെണ്ട"(The Tin Drum) നോവലെഴുത്തിന്‍റെ ലോകത്തെ ഒരു നാഴികക്കല്ലായിരുന്നു. സര്‍റിയലിസ്റ്റിക് കഥാപാത്രങ്ങളിലൂടെ രൂപപ്പെടുത്തിയെടുത്ത ഈ നോവലിന്‍റെ ആദ്യ രണ്ടു ഭാഗങ്ങള്‍ സിനിമാരൂപത്തിലേക്ക് മാറ്റിയിട്ടുണ്ട്.
പക്വത വന്ന മനസ്സോടെ ജനിച്ചുവീണ് മൂന്നാം വയസ്സില്‍ ഇനി ശാരീരികമായി വളരേണ്ടെന്നു തീരുമാനിച്ച ഓസ്ക്കാര്‍ മാറ്റ്സെറാത്തിന്‍റെ കഥയാണ് 'തകരച്ചെണ്ട.' ഓസ്ക്കാറിന്‍റെ മൂന്നാം പിറന്നാളിന് അവന് സമ്മാനമായിക്കിട്ടുന്ന 'തകരച്ചെണ്ട' അവന്‍റെ സന്തതസഹചാരിയാണ്. കുത്തിക്കയറുന്ന ശബ്ദത്തില്‍ അലറിക്കൂവി ജാലകച്ചില്ലുകളെ തകര്‍ത്തും വരിഞ്ഞുമുറുകിയ മുഖഭാവങ്ങളോടെ ശക്തിയില്‍ ചെണ്ടകൊട്ടിയും ഓസ്ക്കാര്‍ മദ്ധ്യവര്‍ഗ്ഗസമൂഹത്തിന്‍റെ നടപ്പുരീതികള്‍ക്ക് നേരെ ധാര്‍മ്മികരോഷം കൊള്ളുകയാണ്. നാസിസത്തിന്‍റെ ശക്തമായ ജൂതവിരുദ്ധത, വംശീയതയുടെ വിവേചനാത്മകമായ ക്രൂരത, പുരുഷമേധാവിത്വത്തിന്‍റെ അധീശത്വവും അവജ്ഞയും നിറഞ്ഞ ലൈംഗികവേഴ്ചകള്‍, കടപ്പാടുകള്‍ സൂക്ഷിക്കാത്ത ബന്ധങ്ങളുടെ ഭൗതികവത്ക്കരണം അങ്ങനെ വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ പ്രതീകാത്മകമായി കഥ പടര്‍ന്നു കയറുകയാണ്. കാര്യങ്ങളെ വ്യാഖ്യാനിച്ച് മനസ്സിലാക്കേണ്ട ഈ കലാസൃഷ്ടി ആസ്വാദനത്തില്‍ അല്പം ബൗദ്ധിക പ്രയ്തനം കൂടി ആവശ്യപ്പെടുന്നുണ്ട്.
"യേശു ഒരു കൂനന്‍ ആയിരുന്നെങ്കില്‍ അവര്‍ക്ക് ഒരിക്കലും അവനെ കുരിശില്‍ തറയ്ക്കാനാവില്ലായിരുന്നു" എന്ന് ഗ്രസ് എഴുതുമ്പോള്‍ അതില്‍ ഒരു കറുത്ത പരിഹാസമുണ്ട്. എന്നാല്‍ ഒരു രണ്ടാം വായനയില്‍ വ്യാഖ്യാനപരമായി ആ വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥഭംഗി വരുന്നു. ആരുടെ മുന്നിലും നട്ടെല്ലു വളച്ച് ഓച്ചാനിച്ചു നില്‍ക്കുന്നവന് അതിജീവിക്കാന്‍ പറ്റുന്നിടമാണ് നമ്മുടെ സമൂഹം; എന്നാല്‍ നട്ടെല്ലു വളയ്ക്കാതെ തന്‍റേടത്തോടെ ജീവിക്കുന്നവന് കുരിശുകളാണ് ഈ സമൂഹം കല്‍പ്പിച്ചു കൊടുക്കുന്നത്. ഈ വാക്കുകള്‍പോലെതന്നെ വ്യാഖ്യാനിച്ച് മനസ്സിലാക്കേണ്ടതാണ് മുരടിച്ച് നില്‍ക്കാന്‍ തീരുമാനിച്ച ഓസ്ക്കാറിന്‍റെ ശാരീരിക വളര്‍ച്ചയും. മനുഷ്യര്‍ ശാരീരികമായി വളര്‍ന്ന് പുഷ്ടിപ്പെടുകയും മാനസികമായി ശിശുക്കളായിരിക്കുകയും ചെയ്യുന്ന ലോകത്ത് ഒരു വെല്ലുവിളിയെന്നോണം പക്വമായ മനസ്സോടെ വളരാന്‍ വിസമ്മതിച്ച ശരീരത്തോടെ ഓസ്ക്കാര്‍ നിലകൊള്ളുന്നു.
മുതലാളിത്ത വ്യവസ്ഥിതി യാന്ത്രികമാക്കി മാറ്റിയ തൊഴിലാളി ജീവിതങ്ങളെക്കുറിച്ച് ഗ്രസ് ഏറെ ആകുലപ്പെട്ടിരുന്നു. ഖനിത്തൊഴിലാളിയായി ജീവിക്കേണ്ടിവന്നിട്ടുള്ള ഗ്രസിന് തൊഴിലാളി ജീവിതങ്ങള്‍ കടന്നുപോകുന്ന വ്യഥയുടെ ആഴങ്ങള്‍ അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ എഴുതിയത്: "ശോകം ഇന്ന് ഒറ്റപ്പെട്ട വ്യക്തികളെ മാത്രം ബാധിക്കുന്ന ഒരു പ്രതിഭാസമല്ല. അത് തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ മുഴുവന്‍ വിശേഷാവകാശമായി മാറിയിരിക്കുന്നു." സദാ പ്രവര്‍ത്തനനിരതമാവുക എന്ന സാങ്കല്പിക മൂല്യത്തിന് ജീവിതം അടിയറവ് വയ്ക്കുമ്പോഴാണ് തിരക്കുപിടിച്ച ജീവിതത്തിന്‍റെ ഇടവേളകളിലേയ്ക്ക് ശോകം കടന്നെത്തുന്നത്. അവസാനം എല്ലാവരും തിരക്കുപിടിച്ച് ചിന്തകളില്ലാതെ ജീവിക്കുന്ന അപാരമായ ആന്തരികസംഘര്‍ഷത്തിന്‍റെ ഒരു കാലം സംജാതമാകുന്നു.
അകവും പുറവും മറവുകളില്ലാതെ സുതാര്യമാകുന്ന നൈര്‍മ്മല്യത്തിന് ഗ്രസ് ഏറെ വില കല്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഉള്ളില്‍ അയാള്‍ ഏറെ സംഘര്‍ഷങ്ങള്‍ അനുഭവിച്ചിട്ടുമുണ്ട്. യൗവനത്തിന്‍റെ തുടക്കത്തില്‍ അയാള്‍ ഹിറ്റ്ലറിന്‍റെ നാസി വാഫന്‍ എസ്എസിലെ (Waffen SS) ലെ ഒരംഗമായിരുന്നു. എന്നാല്‍ അത് ലോകത്തോടു തുറന്നുപറയുന്നതില്‍ വലിയ ലജ്ജയും അറപ്പും അനുഭവിച്ചു. എന്നാല്‍ തന്‍റെ ആത്മകഥയിലൂടെ ഇത് വെളിപ്പെടുത്താന്‍ അയാള്‍ ഊര്‍ജ്ജം കണ്ടെത്തി. "വിശ്വസിക്കുന്നവര്‍ സ്വന്തം നുണകളിലാണ് വിശ്വസിക്കുന്നത്" എന്ന്, അയാള്‍ തിരിച്ചറിയുകയായിരുന്നു. വിശ്വാസം ചോദ്യം ചെയ്യപ്പെടാതെ നിലനില്‍ക്കുന്നത് മതത്തിലോ, രാഷ്ട്രീയ ആദര്‍ശത്തിലോ, സാമ്പത്തിക സംവിധാനത്തിലോ വ്യക്തിമൂല്യങ്ങളിലോ എവിടേയുമാകട്ടെ അത് വലിയ നുണകളിലുള്ള വിശ്വാസമായി അധഃപതിക്കും. നിരന്തരം വിമര്‍ശനാത്മകമായി വിലയിരുത്തപ്പെടേണ്ടതാണ് എല്ലാ വിശ്വാസങ്ങളും.
കാപട്യത്തിന്‍റെയും ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസത്തിന്‍റെയും ആദര്‍ശത്തിന്‍റെയും അധികാരത്തിന്‍റെയും കാലത്ത് 'നശീകരണമാണ് എന്‍റെ ദൗത്യം' എന്ന് 'തകരച്ചെണ്ട'യിലെ ഓസ്ക്കാറിനെപ്പോലെ ഗ്രസും വിശ്വസിച്ചിരുന്നിരിക്കണം. പാട്രിയാര്‍ക്കിയുടെ പ്രതിനിധിയായ തന്‍റെ പിതാവ് ആല്‍ഫ്രഡ് മരിക്കുന്ന ദിവസമാണ് ഓസ്ക്കാര്‍ തുടര്‍ന്ന് വളരാന്‍ തീരുമാനിക്കുന്നത്. അന്നുവരെ തന്‍റെ ധാര്‍മ്മികരോഷങ്ങളുടെ പെരുമ്പറ മുഴക്കിയിരുന്ന 'തകരച്ചെണ്ട' ഓസ്ക്കാര്‍ അപ്പന്‍റെ ശവക്കുഴിലേയ്ക്ക് വലിച്ചെറിയുകയാണ്. ആത്മീയതയുടെ പരിപക്വതയില്‍തന്നെ ജന്മം കൊള്ളുന്ന നമ്മുടെ തലമുറയ്ക്ക് ജീവിക്കണമെങ്കില്‍ ഇവിടെ ആത്മീയ ഉപദേശങ്ങളോ കപടസമൂഹത്തിന്‍റെ പരിപോഷണങ്ങളോ അല്ല ആവശ്യം ഈ സമൂഹം സൃഷ്ടിച്ചുവെച്ചിരിക്കുന്ന വലിയ തടസ്സങ്ങളെ നീക്കിക്കളയുക മാത്രമാണ്. ഓസ്ക്കാര്‍ പറയുന്നതിങ്ങനെയാണ്: "ഞങ്ങള്‍ ജനനത്തില്‍ തന്നെ ആത്മീയ വളര്‍ച്ച പൂര്‍ത്തീകരിച്ച ഇന്ദ്രിയങ്ങള്‍ക്കതീതമായി കേള്‍ക്കാന്‍ ശക്തിയുള്ള കുഞ്ഞുങ്ങളാണ്. ഞങ്ങള്‍ക്ക് വേണ്ടത് അതിനെ ദൃഢീകരിക്കാനുള്ള ഇടം മാത്രമാണ്."
Featured Posts
bottom of page