top of page
"If you want to find out what a man is to the bottom, give him power.''
Robert Ingerscll
അധികാരത്തെ സംബന്ധിച്ച ചര്‍ച്ചകളാണെങ്ങും. അധികാരം ദുഷിക്കും; ദുഷിപ്പിക്കുമെന്ന ചിന്തയ്ക്കുള്ള പ്രചാരവും ഉദാഹരണങ്ങളും ഏറെയാണ്. ക്യാപിറ്റോള്‍ മന്ദിരം കൈയൂക്കാല്‍ പിടിച്ചടക്കി അധികാരം നിലനിര്‍ത്താന്‍ ശ്രമിച്ച ഭരണാധികാരിയെ ലോകം ദര്‍ശിച്ചിട്ടു നാളുകള്‍ ഏറെ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പി ലൂടെ നേടിയെടുത്ത അധികാരസ്ഥാനങ്ങളിലിരുന്ന് ഏകാധിപത്യപ്രവണതകള്‍ പ്രകടിപ്പിക്കുന്ന ഭരണാധികാരികളെയും വര്‍ത്തമാനകാലത്തിനു പരിചയമുണ്ട്. അധികാരം കൈയാളാനുള്ള മാന്യ-അമാന്യ-രഹസ്യ-പരസ്യ നീക്കുപോക്കുകളുടെയും ധാരണകളുടെയും തിരഞ്ഞെടുപ്പുകാല തിരക്കിട്ട നീക്കങ്ങള്‍ മലയാളിക്കും സുപരിചിതം. സാമ്പത്തികാധിപത്യത്തിനായി കോര്‍പറേറ്റുകളും രാഷ്ട്രീയാധിപത്യത്തിനായി പാര്‍ട്ടികളും തന്ത്ര, കുതന്ത്രങ്ങള്‍ നെയ്തെടുക്കുമ്പോള്‍ സ്നേഹാധിപത്യത്തിന്‍റെ സന്ദേശവുമായി വന്നെത്തുന്നു നോമ്പിന്‍റെ ദിനങ്ങള്‍.
അധികാരസംബന്ധിയായ ചിന്തകളുടെ അട്ടിമറിയാണ് നോമ്പിന്‍റെ സാരം, അധിപതിയുടെ ആടയാഭരണങ്ങള്‍ അഴിഞ്ഞുവീഴുകയോ അരിഞ്ഞു വീഴ്ത്തപ്പെടുകയോ ചെയ്യുന്നു നോമ്പിന്‍റെ ഓര്‍മ്മവിചാരങ്ങളില്‍. സര്‍വ്വാധികാരിയായ രാജസങ്കല്പത്തിലേക്ക് പീഡിതനായ രാജാവിനെ ചേര്‍ത്തുവയ്ക്കുകയോ പുനഃപ്രതിഷ്ഠിക്കുകയോ ചെയ്യുന്നു നോമ്പിലെ ക്രിസ്തുവിചാരങ്ങള്‍. ശക്തിയുടെ പര്യായമായ രാജാവ് നിരന്തരമായ പീഡകളേറ്റുവാങ്ങുന്നു. ഐശ്വര്യത്തിന്‍റെ പ്രതീകമായ രാജാവ് "അവനെ കണ്ടവര്‍ അമ്പരക്കുമാറ്, മനുഷ്യനെന്നു തോന്നാത്തവിധം വിരൂപനായി" (ഏശയ്യ 52, 54) കുരിശിലേറുന്നു. കീര്‍ത്തിമുദ്രയായ കിരീടത്തിനു പകരം പരിഹാസത്തിന്‍റെ മുള്‍ക്കിരീടമേറ്റുവാങ്ങുന്നു; സ്തുതികളാലപിക്കേണ്ട നാവുകളാല്‍ അപഹസിക്കപ്പെടുന്നു. "യഹൂദരുടെ രാജാവേ, സ്വസ്തി" യെന്ന വാചകം രാജസ്തുതിക്കു പകരം പ്രഹരങ്ങള്‍ക്ക് അകമ്പടിയാകുന്നു(യോഹ 19, 23). അധികാരത്തിന്‍റെ രാജഭാവങ്ങളെ ജീവിതം കൊണ്ടു തിരുത്തിയെഴുതി ക്രിസ്തു പകര്‍ന്നു നല്കിയ സ്നേഹഭാവങ്ങളെ പുല്കാനുള്ള ക്ഷണമായി മാറുന്നു നോമ്പുകാലം.
തന്‍റെ രാജ്യം ഐഹികമല്ലെന്നും(യോഹ 18, 36) സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ രാജ്യം വരണമെന്നും (മത്താ 6,10) പറഞ്ഞുവച്ചവന്‍ തന്‍റെ രാജ്യസങ്കല്പങ്ങളെ നിര്‍വ്വഹിക്കുന്നത് സ്നേഹത്തെ മുന്‍നിര്‍ത്തിയാണ്. ദൈവരാജ്യം സ്നേഹരാജ്യമായിത്തീരുകയാണിവിടെ. സായുധവിപ്ലവങ്ങളുടെ കാലത്ത് സ്നേഹവിപ്ലവം നടത്തിയവന്‍റെ പേരാണ് ക്രിസ്തു. രാജഭരണത്തില്‍ പ്രജകളെ സ്വാധീനിക്കാനും ശത്രുവിനെ നിഗ്രഹിക്കാനും കൗടില്യന്‍ നിര്‍ദ്ദേശിക്കുന്ന സാമ, ഭേദ, ദാന, ദണ്ഡങ്ങളുടെ (അര്‍ത്ഥശാസ്ത്രം, അധ്യായം13) കൈയൊഴിയല്‍ ക്രിസ്തുവിന്‍റെ രാജത്വത്തിലുണ്ട്. അനുനയങ്ങളുടെ, പ്രീതിപ്പെടുത്തലിന്‍റെ ഭാഷയല്ല ബോധ്യങ്ങളുടെ, മൂല്യങ്ങളുടെ മൂര്‍ച്ചയാണ് ക്രിസ്തുവിന്‍റെ പ്രബോധനങ്ങളുടെ കാതല്‍. ദാനങ്ങളിലൂടെ അനുയായികളെ ആകര്‍ഷിക്കുകയല്ല ക്രിസ്തുവിന്‍റെ നയം. രോഗസൗഖ്യങ്ങളും പാപസൗഖ്യങ്ങളും പകര്‍ന്ന് ചുറ്റിസഞ്ചരിച്ചവന്‍ ആള്‍ക്കൂട്ടാരവങ്ങളില്‍ അഭിരമിക്കാതെ ഏകാന്തതയിലേക്കു നിരന്തരം പിന്‍വാങ്ങിയിരുന്നു. ശത്രുക്കളെ ഭിന്നിപ്പിക്കുന്ന ഭേദചിന്തകള്‍ക്കു പകരം കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ചേര്‍ക്കാനാഗ്രഹിക്കുന്ന തള്ളക്കോഴിയെപ്പോലെ സര്‍വ്വരുടെയും ഐക്യമാഗ്രഹിച്ച ക്രിസ്തു. ശിക്ഷകളും മര്‍ദ്ദനോപാധികളും വഴി അധികാരസംസ്ഥാപനം ലക്ഷ്യമിടുന്ന സമൂഹത്തില്‍, വാളെടുത്ത ശിഷ്യനോടു വാളുറയിലിടാന്‍ കല്പിക്കുക മാത്രമല്ല ദണ്ഡനങ്ങളനവധി സ്വയമേറ്റെടുക്കുകയും ചെയ്തു ക്രിസ്തുവെന്ന രാജാവ്. മുറിപ്പെടുത്തി കീഴ്പ്പെടുത്തലല്ല, മുറിയപ്പെട്ടു നേടിയെടുക്കലാണ് ക്രിസ്തുരാജ്യത്തിന്‍റെ സ്നേഹസന്ദേശം. നോമ്പിന്‍റെ ചൈതന്യവും മുറിയപ്പെട്ട് സ്നേഹിക്കലല്ലാതെ മറ്റൊന്നല്ല.
ഉളിപ്പാട് വീഴാത്ത മരംവെറും മരം മാത്രമാണ്സ്നേഹത്താല്‍ മുറിയപ്പെടാത്തമനുഷ്യന്‍ വെറും മനുഷ്യനും(ഉളിപ്പാട് - റോബിന്‍സ് ജോണ്‍)വാക്കുകൊണ്ടും നോക്കുകൊണ്ടും ചെയ്തികൊണ്ടും വീഴ്ത്തിയ മുറിവുകള്‍ നോവായി ഉള്ളിനെ നീറ്റുമ്പോള്‍ നോമ്പിന്‍റെ ക്ഷണം സ്നേഹത്താല്‍ മുറിയപ്പെടാനാണ്. ഓര്‍ക്കുക., കുരിശോളം മുറിയപ്പെട്ടുകൊണ്ടാണ് അവന്‍ അപ്പമായതും സ്നേഹബലിയായതും.
പന്ത്രണ്ടാം വയസ്സില്‍ ഉപാധ്യായന്മാരെ വിസ്മയിപ്പിച്ച ബുദ്ധിശക്തി പ്രകടിപ്പിച്ചവന്‍, നിയമകാര്‍ക്കശ്യങ്ങളോടു സ്നേഹപ്രമാണങ്ങളാല്‍ കലഹിച്ചവന്‍, അത്ഭുതങ്ങളുടെ അമ്പരപ്പ് ജനസമൂഹത്തില്‍ അങ്കുരിപ്പിച്ചവന്‍ കാട്ടിയ ഏറ്റവും വലിയ അത്ഭുതം മുറിയപ്പെടലിന്‍റെതും സ്വയംശൂന്യമാകലിന്‍റേതുമായിരുന്നു. പെസഹായിലെ കാലുകഴുകലിന്‍റെ അത്ഭുതം തുടരുകയാണ് ദുഃഖവെള്ളിയിലെ ശൂന്യമാകലിന്‍റെ അത്ഭുതത്തിലൂടെ. സഹനങ്ങളുടെ, അപമാനങ്ങളുടെ, മുള്‍ക്കിരീടങ്ങളുടെ, തള്ളിപ്പറയലുകളുടെ, മരണത്തിന്‍റെ നിമിഷങ്ങളെ സ്നേഹം കൊണ്ടു സുരഭിലമാക്കിയതിന്‍റെ അത്ഭുതമാണ് കാല്‍വരിയോര്‍മ്മ. മുറിയപ്പെട്ടു സ്നേഹിക്കാന്‍ നാം ഒരുക്കമാണോ എന്നതാണ് നോമ്പിന്‍റെ ചോദ്യം. എവിടെയോ വായച്ചിതോര്‍ക്കുന്നു: "മുറിവേല്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ തിരിച്ചറിയുക, നാമിനിയും ക്രിസ്തുവായിട്ടില്ലെന്ന്."
മുറിയപ്പെടുന്നിടത്താണ് മുന്‍വിധികള്‍ മായുന്നതും തിരിച്ചറിവുകള്‍ ജനിക്കുന്നതും. കുരിശില്‍ പീഡകളേറ്റു മരണം വരിച്ചവനെ കാണുന്നതിലൂടെയാണ് "സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു"(മര്‍ക്കോ 15, 39) എന്ന തിരിച്ചറിവിലേക്ക് ശതാധിപന്‍ വന്നെത്തുന്നത്. അപ്പം മുറിയപ്പെട്ടിടത്താണല്ലോ ശിഷ്യന്മാരുടെയും കണ്ണുകള്‍ തുറക്കപ്പെട്ടതും (ലൂക്കാ 24, 30-31), ഈ ദിവസങ്ങളില്‍ ജെറുസലേമില്‍ നടന്നതൊന്നും അറിയാതിരുന്ന അപരിചിതന്‍ എന്ന മുന്‍വിധി മാറി കര്‍ത്താവെന്ന ബോധ്യം നിറഞ്ഞതും. മുറിയപ്പെട്ടു സ്നേഹിക്കുമ്പോഴാണ് നാമും ക്രിസ്തുവിന്‍റെ സ്നേഹിതരും സാക്ഷികളുമാകുക. "സഭ പീഡനമേല്ക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. കാരണം പാവപ്പെട്ടവരോടു സമരസപ്പെടുന്നതുകൊണ്ടാണല്ലോ അങ്ങനെ സംഭവിക്കുന്നതെന്ന്" ആര്‍ച്ചുബിഷപ്പ് റൊമേരോ. സുരക്ഷിതത്വങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് മുറിയപ്പെട്ടു സ്നേഹിക്കാന്‍ നമുക്കാകണം. ഉള്ളില്‍നിന്നു കൊടുക്കുക എളുപ്പമാണ്, സാധ്യവുമാണ്. ഉള്ളതു മുഴുവന്‍ കൊടുക്കുക കഠിനമാണ്. മുറിയപ്പെട്ടുകൊടുക്കലിന്‍റെ മാഹാത്മ്യമാണ് വിധവയുടെ കൊച്ചുകാശിനെ (ലൂക്കാ21,1-4) പ്രകീര്‍ത്തിതമാക്കുന്നത്.
ഏകാന്തതയും ശാന്തതയും ശീലിക്കാനുള്ള ദിനങ്ങള്‍ കൂടിയാണ് നോമ്പിന്‍റേത്. ആള്‍ക്കൂട്ട വ്യഗ്രതകളില്‍ നിന്നുള്ള പിന്‍വാങ്ങലാണത്, ഒപ്പം ആന്തരികതയെ തേടലും. "വിശ്വാസം നിറയും മാനസമലര്‍വാടി ഏകാന്തത തന്നില്‍ മൗനത്തിന്‍ കുളിരണിയുമ്പോള്‍ ജന്മമെടുക്കുന്ന പ്രാര്‍ത്ഥന, ഏകാന്തത തന്നാഴത്തില്‍ താണുവസിച്ചിടുമാത്മാവില്‍ വിളയുന്ന പവിഴ"മാണെന്ന് സഭയുടെ യാമപ്രാര്‍ത്ഥനകള്‍ (ഒനീസാദക്ക്ദം, ഏലിയസ്ലീവാ മൂശക്കാലം, വ്യാഴം റംശ) നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഏകാന്തത ഭീതിയായി പരിവര്‍ത്തിക്കാറുമുണ്ട്. ഒറ്റയ്ക്കു നടക്കുന്നവനു മൂളിപ്പാട്ടുപോലും ആശ്വാസമായി ഭവിക്കാറുണ്ടല്ലോ. ഒറ്റയ്ക്കായിരിക്കാനും സ്വയം വിലയിരുത്താനും നോമ്പ് ഉപകരിക്കണം. ഒറ്റയ്ക്കാവുന്നവന്‍റെ ആശ്വാസമെവിടെയെന്ന ചോദ്യത്തിനുത്തരവും കുരിശില്‍നിന്നുതന്നെ കണ്ടെത്തണം. ജനനം മുതല്‍ നിരന്തരമായ യാത്രകളുടേതായിരുന്ന ജീവിതം ആകാശത്തിനും ഭൂമിക്കും മധ്യേ മൂന്നാണികളില്‍ നിശ്ചലമാക്കപ്പെടുമ്പോള്‍, ചുറ്റുമുണ്ടായിരുന്നവര്‍ ഭീതിയില്‍ ഓടിമറഞ്ഞപ്പോള്‍, ക്രൂരപീഡകളുടെ അസഹ്യത വിഴുങ്ങിയപ്പോള്‍ ക്രിസ്തു ആശ്വാസം കണ്ടെത്തിയത് പിതാവിലാണ്. ജീവിതവേദനകളുടെ, സഹനങ്ങളുടെ, ഒറ്റപ്പെടലുകളുടെ പ്രതിസന്ധികളില്‍ പിതാവിന്‍റെ കരങ്ങളില്‍ സ്വയം സമര്‍പ്പിക്കാന്‍ കുരിശില്‍ നിന്നു നമുക്കു പഠിക്കാം.
"ഈശ്വരന്‍ ഒരു ചെറുകല്ലുപോലെ എന്നെയെടുത്ത് ജലാശയത്തിലേ ക്കെറിഞ്ഞപ്പോള്‍, ഉപരിതലത്തില്‍ എണ്ണമറ്റ ഓളങ്ങള്‍ സൃഷ്ടിച്ച് ഞാനതിനെ കലുഷിതമാക്കി. അതീവ ശാന്തനായി, നിശ്ചലനായി."
(മണലും പതയും - ഖലീല്‍ ജിബ്രാന്‍)
ഗുരു നമ്മോടും ആവശ്യപ്പെടുകയാണ്: "ആഴങ്ങളിലേക്കു നീങ്ങുക" (ലൂക്കാ 5,4). നോമ്പ് ആഴങ്ങളിലേക്കുള്ള യാത്രയാകട്ടെ.
Featured Posts
bottom of page