top of page

നോക്കൂ, ദൈവം മുലപ്പാല്‍ കുടിക്കുന്നു!

Dec 2, 2021

5 min read

ജോര്‍ജ് വലിയപാടത്ത്
Mother Mary are ready to give milk to child Jesus

എന്നുമുതലാണ് തിരുസഭ ക്രിസ്തുമസ് ആഘോഷിക്കാന്‍ തുടങ്ങിയത് എന്നു ചോദിച്ചു നോക്കിയിട്ടുണ്ടോ? ക്രിസ്തുവിന്‍റെ ഉത്ഥാനാനുഭവത്തില്‍ നിന്നായിരുന്നല്ലോ സഭയുടെ ആരംഭം! താമസിയാതെ സംഭവിച്ച പെന്തക്കുസ്തായുടെ അനുഭവമായിരുന്നു സഭയെ ആത്മാവിന്‍റെ മാമ്മോദീസാ നല്കി ഒരു സമൂഹമാക്കിത്തീര്‍ത്തത് എന്നും നമുക്കറിയാം. റോമാസാമ്രാജ്യത്തിന്‍റെ അധീനതയിലായിരുന്നു ഒന്നാം നൂറ്റാണ്ടില്‍ ക്രിസ്തുവിന്‍റെ അപ്പസ്തോലന്മാര്‍ ചെന്നുചേര്‍ന്ന മിക്കവാറും എല്ലാ ദേശങ്ങളും. അതിനാല്‍ത്തന്നെ, റോമാ ചക്രവര്‍ത്തിയുടെ ശാസനയാല്‍ അവിടങ്ങളിലെല്ലാം ധാരാളം എതിര്‍പ്പുകളും പീഡനങ്ങളും ഈ പുതിയ വിശ്വാസ സമൂഹത്തിന് ഏറ്റെടുക്കേണ്ടതായി വന്നു. റോമാ സാമ്രാജ്യാതിര്‍ത്തിക്കു വെളിയിലുള്ള സ്ഥലങ്ങളും പുതിയൊരു ദൈവസങ്കല്പത്തിനു തീര്‍ത്തും സ്വീകാര്യതയുള്ള ഇടങ്ങളായിരുന്നില്ല. അക്കാലത്തെ ഇന്‍ഡ്യയെത്തന്നെ നോക്കുക. ക്രിസ്തുവിന്‍റെ അപ്പസ്തോല നായിരുന്ന ബാര്‍ത്തൊലോമ്യു മുംബൈയില്‍ എത്തിച്ചേര്‍ന്നു വെന്നും, പുതിയൊരു ദൈവസങ്കല്പം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാല്‍ തോലുരിച്ച് കൊല്ലപ്പെട്ടു വെന്നും പാരമ്പര്യങ്ങളുണ്ട്. അപ്പസ്തോലനായ തോമസിന് കേരളമണ്ണില്‍ കുറെയൊക്കെ പ്രേഷിതപ്രവര്‍ത്തനം ചെയ്യാന്‍ സാധിച്ചുവെങ്കിലും അദ്ദേഹവും മൈലാപ്പൂരില്‍ കൊല്ലപ്പെട്ടുവല്ലോ! ആദിമനൂറ്റാണ്ടില്‍ ഉത്ഥാനവും പെന്തക്കുസ്തയുമായിരുന്നു അവരുടെ വിശ്വാസജീവിതത്തിന്‍റെ റഫറന്‍സ് പോയന്‍റുകളെങ്കില്‍, ഏറെത്താമസിയാതെ തന്നെ മംഗലവാര്‍ത്തത്തിരുനാളും പിറവിത്തിരുനാളും മറ്റും വിശ്വാസാഘോഷങ്ങളോടു കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു.

പഴയനിയമഗ്രന്ഥങ്ങളെക്കുറിച്ചുള്ള ആധുനികപഠനങ്ങള്‍ സൂചിപ്പിക്കുന്ന ഒരു കാര്യം, അബ്രാഹത്തില്‍നിന്നു തുടങ്ങുന്ന ഇസ്രായേല്‍ ജനതയുടെ ദൈവാവബോധം ഇസഹാക്കിലൂടെയും യാക്കോബിലൂടെയും വളര്‍ന്ന് ഇസ്രായേലിന്‍റെ ഈജിപ്ത് വാസക്കാലത്ത് അവര്‍ക്കിടയില്‍ വാമൊഴി പാരമ്പര്യങ്ങളായും പാട്ടുകളായും നില നില്ക്കുകയായിരുന്നുവെന്നാണ്. പില്ക്കാലത്ത് ദൈവത്തിന്‍റെ നേരിട്ടുള്ള ഇടപെടലാല്‍, അടിമത്തത്തില്‍ നിന്നുള്ള അവരുടെ പുറപ്പാടനുഭവത്തിലൂടെ, സീനായിലെ ഉടമ്പടി അനുഭവത്തിലൂടെ അതു ശക്തിയും രൂപവും പ്രാപിക്കുകയായിരുന്നു. അബ്രാഹവുമായും യാക്കോബുമായും ഇസ്രായേല്‍ ജനതയുമായും ഉടമ്പടി ചെയ്ത 'ഉടമ്പടിയുടെ ദൈവ'മാ യിരുന്നു അവരുടെ ആദ്യദൈവാനുഭവം. ദരിദ്രനെ, അടിമയെ, ദുര്‍ബലനെ കരുതുന്ന, കാക്കുന്ന, വിടുതലേകുന്ന ദൈവം! ഒരുപക്ഷേ, നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് 'ആകാശവും ഭൂമിയും സൃഷ്ടിച്ച' 'സ്രഷ്ടാവായ ദൈവത്തെ'ക്കുറിച്ച് അവര്‍ ധ്യാനിക്കുന്നത്. അതുകൊണ്ടാണ് ഉല്പത്തിപുസ്തകത്തിന്‍റെ ഒന്നു മുതല്‍ പതിനൊന്നുവരെ അധ്യായങ്ങള്‍ ബാക്കി മുപ്പത്തൊമ്പത് അധ്യായങ്ങള്‍ക്കും പുറപ്പാട് ഗ്രന്ഥത്തിനും ഒക്കെ ശേഷമാണ് എഴുതപ്പെട്ടിട്ടുണ്ടാവുക എന്നു മിക്കവാറും ഇന്നു നമുക്ക് അനുമാനിക്കാനാകുന്നത്. തങ്ങള്‍ക്ക് അനുഭവമായി മാറിയ ഉടമ്പടിയുടെ ദൈവത്തില്‍ നിന്ന് ആകാശങ്ങളുടെയും ഭൂമിയുടെയും അതിലെ സര്‍വജീവ ഭൂതങ്ങളുടെയും സ്രഷ്ടാവായ ദൈവത്തിലേക്ക് അവര്‍ ധ്യാനത്തിലൂടെ എത്തിച്ചേര്‍ന്നു.  അങ്ങനെ ചരിത്രത്തില്‍നിന്ന് പൂര്‍വ്വചരിത്രത്തിലേക്കും അവര്‍ എത്തി.

ഇതുപോലെതന്നെ പുതിയനിയമ കാലത്തിലും കാണാവുന്ന സമാനമായ ഒരു പൂര്‍വ്വ ചരിതഗമനമാണ് മനുഷ്യാവതാരത്തിലേക്കു ശിഷ്യ സമൂഹത്തെ എത്തിച്ചത്. പീഡാനുഭവമരണോത്ഥാനങ്ങളില്‍നിന്ന് അവര്‍ യേശുവിന്‍റെ ജീവിതത്തിലേക്കും പഠനങ്ങളിലേക്കും നിലപാടുകളിലേക്കും മനോഭാവങ്ങളിലേക്കും പിന്നിലേക്കു പോയി. പരസ്യജീവിതത്തില്‍നിന്ന് അവനോടുള്ള സ്നേഹാദരവുകളാല്‍ അവര്‍ അവന്‍റെ ശൈശവത്തിലേക്കും ജനനത്തിലേക്കും മിഴികള്‍ നീട്ടി. പലയിടങ്ങളില്‍ നിന്നായി കൈമാറിക്കിട്ടിയ വാമൊഴി പാരമ്പര്യങ്ങള്‍ ആദിമസഭയില്‍ ഉണ്ടായിരുന്നിരിക്കും. അവയനുസരിച്ചു കൂടിയാവണമല്ലോ സുവിശേഷങ്ങളില്‍ ശൈശവ വൃത്താന്തങ്ങള്‍ എഴുതപ്പെട്ടത്. എന്നിരിക്കിലും യേശു ജനിച്ച മാസം, ദിവസം എന്നിവയെക്കുറിച്ച് സുനിശ്ചിതമായി പറയാന്‍ അവര്‍ക്കാവുമായിരുന്നില്ല. ആയത് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ തിയ്യതികളിലായി ഓരോരോ സഭകള്‍ കൊണ്ടാടിപോന്നിട്ടുണ്ട്. സൂര്യ ദേവന്‍റെ ജന്മദിനമായി റോമാക്കാര്‍ ആഘോഷിച്ചു പോന്നിരുന്നു ഡിസംബര്‍ 25 (ശിശിരസംക്രാന്തി: പകലിന് ഏറ്റവും നീളംകുറഞ്ഞ, അഥവാ ഉത്തരാര്‍ദ്ധഗോളത്തില്‍ ഏറ്റവും ഇരുട്ടുള്ള ദിവസങ്ങള്‍ കഴിഞ്ഞ്, പതുക്കെ സൂര്യന്‍ തിരിച്ചുവരാന്‍ തുടങ്ങുന്ന ദിവസം). ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്‍റെ ഔദ്യോഗിക മതമാവുകയും റോമാക്കാര്‍ മിക്കവരും ക്രിസ്തുമാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്തപ്പോള്‍ 'നീതി സൂര്യനായ' ക്രിസ്തുവിന്‍റെ ജന്മദിനമായി ഡിസംബര്‍ 25 ലെ ആഘോഷം മാറ്റപ്പെടുകയായിരുന്നു. സഭാ പഞ്ചാംഗത്തില്‍ ഒരു ആഘോഷദിനം കൂടിച്ചേര്‍ന്നു എന്നു മാത്രം.

പന്ത്രണ്ടാം നൂറ്റാണ്ടു മുതലാണ് ക്രൈസ്തവ ആധ്യാത്മികമേഖലയില്‍ ക്രിസ്തുവിന്‍റെ മനുഷ്യ ത്വത്തിനു മുമ്പത്തേതിനെക്കാളധികം ഊന്നല്‍ ലഭിച്ചുതുടങ്ങിയത്. ബനഡിക്റ്റൈന്‍ സന്യാസപാര മ്പര്യത്തിലെ ഒരു നവീകരണ മുന്നേറ്റമായിരുന്നു സിസ്റ്റേഴ്സ്യന്‍ സമൂഹം. ഒത്തിരിപ്പേര്‍ ഒരുമിച്ചു ജീവിക്കുന്ന ബ്രഹ്മാണ്ഡമായ കൊവേന്തകള്‍ക്കു പകരം കൂടുതല്‍ ഭക്തിയോടും കായികാധ്വാനത്തോടും കൂടി കുറച്ചുപേര്‍ വീതം താമസിക്കുന്ന ചെറിയ ചെറിയ സന്യാസഭവനങ്ങള്‍, എന്നതായിരുന്നു സിസ്റ്റേഴ്സ്യന്‍ സമൂഹത്തിന്‍റെ മുഖമുദ്ര. സിസ്റ്റേഴ്സ്യന്‍ സന്യാസ പാരമ്പര്യത്തില്‍ ഉയര്‍ന്നുവന്ന വ്യക്തിത്വമായിരുന്നു ക്ലെയര്‍വോയിലെ വി. ബര്‍ണാര്‍ഡ് (St. Bernard of Clairvaux:: 1090-1153). വി. ബര്‍ണാര്‍ഡില്‍ തുടങ്ങി സിസ്റ്റേഴ്സ്യന്‍ പാരമ്പര്യത്തില്‍ ക്രിസ്തുവിന്‍റെ മാനുഷികതക്ക് കൂടുതല്‍ ഊന്നലുണ്ടായി.  വി. ബര്‍ണാര്‍ഡിന്‍റെ സിസ്റ്റേഴ്സ്യന്‍ പാരമ്പര്യത്തിലെ വാത്സല്യാതിരേക ത്തോടെയുള്ള ഭക്തിയും ക്രിസ്തുവിന്‍റെ മാനുഷികതയ്ക്ക് അവര്‍ നല്കിയ ഊന്നലും അസ്സീസിയിലെ ഫ്രാന്‍സിസി (1182 - 1226)നെ സ്വാധീനിക്കുന്നതാണ് നാം പിന്നീട് കാണുന്നത്.

പ്രസ്തുത ദൈവശാസ്ത്ര പാരമ്പര്യത്തില്‍ ക്രിസ്തുവാണ് കേന്ദ്രം. സൃഷ്ടി നടക്കുന്നത് നിത്യ മായ വചനത്തിലൂടെ (ക്രിസ്തുവിലൂടെ: യോഹ.1.3); വീണ്ടെടുപ്പ് സാധ്യമാകുന്നത് മാംസമായ വചനത്തിലൂടെ (ക്രിസ്തുവിലൂടെ: ഞീാ.3.24); സമ്പൂര്‍ണ്ണത/സമന്വയം സാധ്യമാകുന്നത് മഹത്ത്വമാര്‍ന്ന വചനത്തിലൂടെ (ക്രിസ്തുവിലൂടെ: 1കോറി. 15.24). Creation (സൃഷ്ടി), Incarnation (മനുഷ്യാവതാരം), Summation/Consummation (സൃഷ്ടിയുടെ സമന്വയം). ഇതില്‍ ഭൂവാസികളായ നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും ഹൃദയ സ്പര്‍ശിയായത് മനുഷ്യാവതാരമാണ്. അവന്‍ നമ്മോടുള്ള സ്നേഹത്തെപ്രതി നമ്മോടൊപ്പം പാര്‍ക്കാന്‍ നമ്മുടെ ഭവനത്തിലേക്കു വരികയാണ്. ദൈവശാസ്ത്രപരമായി മംഗലവാര്‍ത്തയില്‍ മറിയത്തില്‍ അവന്‍ ഉരുവാകുമ്പോള്‍ത്തന്നെ മനുഷ്യാവതാരം - ദൈവം മണ്ണാകുന്നുണ്ട്. പക്ഷേ, അതു മറിയത്തിന്‍റെ സ്വകാര്യമായ ആനന്ദമായി ആവൃതമായിരിക്കുകയാണ്. ആ പൈതല്‍ ഭൂമിയില്‍ വീണു കരയുമ്പോഴാണ് സ്വര്‍ഗ്ഗവും ഭൂമിയും ആനന്ദഗീതം പാടുന്നത്. (വി. അംബ്രോസില്‍ നിന്ന് സൂചനകള്‍ ഉള്‍ക്കൊണ്ട്, അദ്ദേഹത്തിന്‍റെ ശിഷ്യനും ദൈവശാസ്ത്രജ്ഞനുമായ വി. ആഗസ്തീ നോസ്, തിന്മയെ നന്മയാക്കി പരിണമിപ്പിക്കാന്‍ കഴിവുള്ള ദൈവത്തെക്കുറിച്ച് പറയുമ്പോള്‍ ആദിമനുഷ്യനായ ആദത്തിന്‍റെ പാപത്തെ "Felix Culpa'  'സന്തോഷകരമായ പാപം' എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ആദം, പാപം ചെയ്തില്ലായിരുന്നെങ്കില്‍ ദൈവം മനുഷ്യാവതാരം ചെയ്യില്ലായിരുന്നു, നമ്മെ രക്ഷിക്കാനായി പാടുപീഡകള്‍ സഹിച്ച് കുരിശില്‍ മരിക്കില്ലായിരുന്നു. ദൈവത്തെ നമ്മുടെ ഇടയിലേക്ക് ഇറക്കിക്കൊണ്ടുവന്നതിന് കാരണമായി എന്ന അര്‍ത്ഥത്തിലാണ് 'സന്തോഷ കരമായ പാപം' എന്നദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.) സത്യത്തില്‍ മനുഷ്യന്‍റെ പാപമാണോ ദൈവത്തെ ഭൂമിയിലിറക്കിയത് എന്നാണ് ഫ്രാന്‍ സിസ്കന്‍ പാരമ്പര്യത്തിലെ വി. ബോനവെഞ്ചറും വാ. ഡണ്‍ സ്കോട്ടസും മറ്റും ആരാഞ്ഞത്. മനു ഷ്യരുടെ ഒരു പ്രവൃത്തിക്കും ദൈവത്തെ മണ്ണിലിറക്കാനാവില്ലെന്നും മനുഷ്യസൃഷ്ടിക്കു മുമ്പേ തന്നെയുള്ള ദൈവത്തിന്‍റെ അനാദിയായ പദ്ധതി പ്രകാരമാണ് ദൈവം മനുഷ്യനായത് എന്നുമാണ് അവര്‍ വാദിച്ചത് (എഫേ.1. 4). ദൈവം സ്നേഹമാണ് (1യോഹ. 4.8). ദൈവം ലോകത്തെയും നമ്മെയും സൃഷ്ടിച്ചത് അവിടുത്തെ സ്നേഹത്തില്‍ നിന്നാണ്. മനുഷ്യകുലത്തെ ദൈവം സൃഷ്ടിക്കുന്നതുതന്നെ തന്‍റെ ഛായയിലും സാദൃശ്യ ത്തിലുമാണ് (കൊളോ.1.15). സൃഷ്ടി നടത്തിയതുതന്നെ വചന ത്തിലൂടെ/പുത്രനിലൂടെയാണ് (യോഹ. 1. 3). ലോകത്തെ അത്രമേല്‍ സ്നേഹിക്കയാല്‍ (യോഹ. 3.16) തന്‍റെ പുത്രനിലൂടെ ഭൂമിയില്‍ മനുഷ്യരോടൊപ്പം പാര്‍ക്കാന്‍ ദൈവം ആഗ്രഹിച്ചു. കാരണം, പാപം ഒന്നും ചെയ്യുന്നില്ല/തീരുമാനിക്കുന്നില്ല, മറിച്ച് സ്നേഹം സര്‍വ്വതും ചെയ്യുന്നു/തീരുമാനിക്കുന്നു (1.കോറി. 13.7). ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോള്‍ മനുഷ്യനും അവന്‍റെ പാപവുമല്ല കേന്ദ്രം, മറിച്ച് ദൈവവും അവന്‍റെ സ്നേഹവുമാണ്.

അങ്ങനെ, പതിയെ മധ്യശതകങ്ങളില്‍ പൈതലായ ക്രിസ്തുവിനെക്കുറിച്ചും പീഡാസഹനമുള്‍ക്കൊള്ളുന്ന അവന്‍റെ കുരിശുമരണത്തെക്കുറിച്ചും ദിവ്യകാരുണ്യത്തെക്കുറിച്ചും സ്നേഹവാത്സല്യങ്ങളോടെ കൂടുതല്‍ മിഴിവുള്ള ധ്യാനങ്ങളുണ്ടായി. ആത്മീയത ഹൃദയാര്‍ദ്രമായി. അതിന് കൂടുതല്‍ വൈകാരികോഷ്മളത കൈവന്നു. ശരീരബാഹ്യമായ ആത്മീയത പതുക്കെ ശരീരബന്ധിയായി മാറി. (ചിലപ്പോഴെങ്കിലും അത് അതിവൈകാരികമായി - Sentimental ആയിപ്പോയിട്ടുണ്ട് എന്നതും മറക്കുന്നില്ല).

വചനം വരുന്നു, ഒരു ഉദരം തേടി; വചനം വരുന്നു, ഒരു ഹൃദയം തേടി; വചനം വരുന്നു, ഒരു ശരീരം തേടി. 1123-ലെ ക്രിസ്തുമസ് രാവില്‍ ആയിരുന്നു ഫ്രാന്‍സിസ് ഗ്രേച്ചിയോ മലമുകളില്‍ ദിവ്യബലിക്ക് ജീവനുള്ള പുല്‍ക്കൂടൊരുക്കിയത്. അന്നാബലിയില്‍ പങ്കെടുത്ത സഹോദരന്മാര്‍ക്കും ഗ്രാമവാസികള്‍ക്കും ദൈവത്തിന്‍റെ മനുഷ്യാവതാരം ശക്തമായ അനുഭവമായി മാറി. തന്നെത്തന്നെ ശൂന്യമാക്കുന്ന ദൈവത്തിന്‍റെ സ്നേഹം സാധാരണക്കാരായ മനുഷ്യരില്‍ ആഴത്തിലുള്ള അനുഭവമാകാന്‍ അതു കാരണമായി. ആരിലൂടെയാണോ സൃഷ്ടി നടന്നത്, അതേ ദൈവം അതീവ ദുര്‍ബലനായ ഒരു മനുഷ്യശിശുവായി പിള്ളക്കച്ചകളില്‍ പൊതിയപ്പെട്ട് ദാരിദ്ര്യത്തിന്‍റെ പുല്‍ത്തൊട്ടിയില്‍ കിടക്കുകയാണ്. ദുര്‍ബലനായ ഒരു ശിശുവിന്‍റെ ദര്‍ശനം എന്തു വികാരങ്ങളും മനോഭാവങ്ങളുമാണ് ദ്രഷ്ടാവില്‍ ഉരുവാക്കുക? ഒരു നവജാത ശിശുവിനെ ഒരിക്ക ലെങ്കിലും കണ്ടിട്ടോ തൊട്ടിട്ടോ ഉള്ള ഹൃദയമുള്ള ഏതൊരാളിലും ഒരിത്തിരിപ്പൈതല്‍ ഉണര്‍ത്തുക സ്നേഹമായിരിക്കും; വാത്സല്യമായിരിക്കും; കാരുണ്യമായിരിക്കും; ഇഷ്ടമായിരിക്കും; ഹൃദയാര്‍ദ്രതയായിരിക്കും. ആ ദുര്‍ബലത, ശിശുത്വം, പരാശ്രിതമായല്ലാതെ ഒന്നും ചെയ്യാനാവായ്ക ദൈവമാണ്, എന്നോടുള്ള സ്നേഹമാണത് എന്നു തിരിച്ചറിയുമ്പോഴോ? ദൈവശിശുവിനായി നമ്മുടെ മുലകള്‍ പാല്‍ ചുരത്തത്തക്കവിധം നാം തരളിതരാകും. ആ രാത്രിയില്‍ ഫ്രാന്‍സിസായിരുന്നു പ്രസംഗം പറഞ്ഞത് എന്നു മിക്കവാറും അന്നവിടെ സന്നിഹിതനായിരുന്ന, പില്ക്കാലത്ത് അദ്ദേഹ ത്തിന്‍റെ  ജീവചരിത്രകാരന്‍ ആയ സെലാനോയിലെ തോമസ് സാക്ഷ്യപ്പെടുത്തുന്നു. ബെത്ലെ ഹെമിലെ ഈ കുഞ്ഞു പൈതലിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചപ്പോഴെല്ലാം ശ്രോതാക്കള്‍ക്കേ വര്‍ക്കും അതൊരനുഭവമായി എന്നും, ഒരു ആടിന്‍റെ കരച്ചില്‍പോലെ ('ബാംബീനോ ബീ ബേദ്ലേമേ' എന്നായിരിക്കണം അന്നത്തെ ഇറ്റാലിയന്‍ രീതിയില്‍ അദ്ദേഹം പറഞ്ഞിരിക്കുകയത്രേ!) അതു തോന്നിപ്പിച്ചുവെന്നും അദ്ദേഹം എഴുതുന്നുണ്ട്. നമ്മുടെ മലങ്കര ആരാധനക്രമത്തില്‍ ക്രിസ്തുമസ് രാവിലെ പ്രാര്‍ത്ഥനകളില്‍ സമാനമായ സ്നേഹവാത്സല്യങ്ങളുടെ സമൃദ്ധി നമുക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്.

'അദൃശ്യനും ലോകങ്ങള്‍ക്ക് അതീതനും സൃഷ്ടികള്‍ക്ക് ഉന്നതനുമായ അവന്‍ തന്‍റെ സൃഷ്ടിയുടെ അടുത്തേക്കു വന്നു. തന്‍റെ ജനനിയുടെ ധന്യമായ മടിയില്‍ അവതരിച്ച അശരീരിയും ആത്മീയനുമായ അവന്‍ ലോകങ്ങള്‍ക്ക് അദൃശ്യനാ യിരിക്കേ, മനു ഷ്യസ്നേഹത്താല്‍ ജന്മമെടുത്ത് സകലത്തെയും ഐശ്വര്യ സമ്പൂര്‍ണ്ണമാക്കി' എന്നാണ് മലങ്കരക്രമത്തിലെ 'തീ ഉഴലിച്ച ശുശ്രൂഷ'യില്‍ പ്രാര്‍ത്ഥിക്കുന്നത്. അതിനെത്തുടര്‍ന്നുള്ള 'സെദറ' പ്രാര്‍ത്ഥനയില്‍ ദൈവത്തിന്‍റെ ഈ ശിശുത്വത്തെ കൂടുതല്‍ വിശദമായി പ്രഖ്യാപിക്കുന്നുണ്ട്: "... കന്യക പ്രസവിച്ച ശിശുവായുള്ളോവേ..... ഉദരത്തില്‍നിന്ന് ശോഭയോടുകൂടി ഉദിക്കുകയും നിന്‍റെ ശ്രേഷ്ഠമായ ഉദയത്താല്‍ സകല സൃഷ്ടികളെയും പൂര്‍ണ്ണമായി പ്രകാശിപ്പിക്കുകയും ചെയ്തു. ഉദരങ്ങളില്‍ ശിശുക്കളെ വളര്‍ത്തുന്ന നീ, തിരുവിഷ്ടത്താല്‍ ഉദരത്തില്‍ ശിശുവായിത്തീര്‍ന്നു.... ഭൂമിയില്‍ മഞ്ഞും മഴയും പൊഴിക്കുന്ന നീ, സ്ത്രീയില്‍നിന്നും മാനുഷിക രീതിയില്‍ മുലപ്പാല്‍ നുകര്‍ന്നു. സ്വശക്തിയാല്‍ പര്‍വ്വതങ്ങളെ നിലനിര്‍ത്തുന്ന നീ, ദരിദ്രനായി കല്ലടയില്‍ കിടന്നു. ... "


ഹൃദ്യവും ധന്യവുമല്ലേ ഈ പാരമ്പര്യം?!

മനുഷ്യകുലത്തിന്‍റെ അന്നോളമുള്ള ദൈവ ദര്‍ശനം മുഴുവന്‍ ബെത്ലെഹെമില്‍ പൊളിഞ്ഞു വീഴുകയാണ്. സര്‍വ്വശക്തന്‍, ലോകത്തെ വിറപ്പിക്കുന്നവന്‍, മഹാസൈന്യാധിപന്‍ എന്നെല്ലാം ശക്തിയുടെയും മഹത്ത്വത്തിന്‍റെയും മാത്രം  പ്രത്യയങ്ങള്‍ കേട്ടുപഠിച്ച മനുഷ്യകുലത്തിനാകെ ഒരു ഇടര്‍ച്ചയായി പിള്ളക്കച്ചകളില്‍ പൊതിയപ്പെട്ട ഒരു ചോരക്കുഞ്ഞ്. 'നീ സ്നേഹമാണ്; നീ ജ്ഞാനമാണ്; നീ വിനയമാണ്' എന്ന് 'ദൈവ വാഴ്ത്തുകള്‍' എന്ന തന്‍റെ കൃതിയില്‍ വി. ഫ്രാന്‍സിസ് എഴുതുന്നുണ്ട്. മാനവകുലത്തിന്‍റെ മൗലികമായ ഭോഷ്ക് അഹന്തയാണത്രേ. താന്‍ അല്ലാത്ത എന്തോ ആണ് താന്‍ എന്നു ഭാവിക്കുന്നതാണ് അഹന്തയെങ്കില്‍, എളിമ = സത്യം ആണെങ്കില്‍, ദൈവത്തിന് ഒരിക്കലും അഹങ്കാരിയാകാന്‍ കഴിയില്ല എന്നുതന്നെയല്ല, ദൈവത്തിന് എളിമയാകാനേ കഴിയൂ താനും (ഫിലി. 2.6 : 'ഇത്ര ചെറുതാകാന്‍ എത്ര വളരേണം?').

ദൈവം മാംസമെടുത്തു (In-car-na-tion) എന്നത് ക്രിസ്തുമസിനെക്കാള്‍ അനുഭവിപ്പിക്കാന്‍ മറ്റൊന്നി നുമാവില്ല. വികാരങ്ങളെ ഒഴിവാക്കുന്ന, മാംസത്തെ തള്ളിപ്പറയുന്ന വെറും ആത്മീയതകള്‍ക്കും ദൈവ ശാസ്ത്രങ്ങള്‍ക്കും പുതിയ കാലത്ത് പിടിച്ചു നില്ക്കാനാവാതെ പോകുന്നത് അവയ്ക്കൊന്നും മനുഷ്യന്‍റെ ശരീരത്തിന്‍റെയും വിയര്‍പ്പിന്‍റെയും ഗന്ധമില്ലാത്തതുകൊണ്ടാണ്. അതിനാല്‍ത്തന്നെ അവിടങ്ങളില്‍ സ്നേഹിക്കുക, കാരുണ്യപ്പെടുക എന്നതെല്ലാം ഏട്ടിലെ പശുക്കള്‍ മാത്രമായി നില കൊള്ളും. ആദിമസഭ മനുഷ്യാവതാരത്തെ ധ്യാനിച്ചത് അതുകൊണ്ടാണ്. ക്രിസ്തുവിന്‍റെ ശിശുത്വവും ജനനവും തേടിപ്പോയത് അതുകൊണ്ടാണ്. (വെറുതെയല്ല ഇന്നസെന്‍റ് തൃതീയന്‍ മാര്‍പാപ്പാ ലാറ്ററന്‍ ബസിലിക്ക തകരുന്നതായും കൃശഗാത്രനായ ഒരു സന്യാസി അതിനെ താങ്ങിപ്പിടിച്ചു നിറുത്തുന്നതായും സ്വപ്നം കണ്ടത്). ഇന്നിപ്പോള്‍ ധ്യാനമില്ലാത്ത  ശരീരാഘോഷങ്ങളുടെ മൃതശരീരഭൂമിയായിപ്പോയിട്ടുണ്ട് നമ്മുടേത്. പൊയ്പ്പോയ ഈ ധ്യാനത്തെയാണ് നാം തിരികെ കൊണ്ടുവരേണ്ടത്. അകം പൊള്ളയും സര്‍വ്വത്ര സുഷിരങ്ങളുമാണെന്നു പറഞ്ഞ് പുല്ലാങ്കുഴല്‍ എറിഞ്ഞുകളയുകയല്ല, അതില്‍ സംഗീതം നിറയ്ക്കുകയാണ് വേണ്ടത്.

ശരീരത്തെ ഗൗരവമായെടുക്കുന്ന ആത്മീയതകള്‍ക്കും ദൈവശാസ്ത്രങ്ങള്‍ക്കും ഭൗതികശാസ്ത്രങ്ങള്‍ അസ്പൃശ്യമാവില്ല. ശരീരത്തിനും വികാരങ്ങള്‍ക്കും ഇടമുണ്ടാകുമ്പോള്‍ പരിസ്ഥിതി ആത്മീയതയുമായും സ്ത്രൈണ ആത്മീയതയുമായും ദലിത് ആത്മീയതയുമായുമെല്ലാം ഒരു നാഡീബന്ധം അതിനുണ്ടാകാതെയും വയ്യാ. ആഗോള ബഹുസ്വരത, മത-സാമൂഹിക-ലൈംഗിക ന്യൂനപക്ഷങ്ങള്‍, സാംസ്കാരിക ബഹുത്വം, പരിസ്ഥിതിനാശം, സാമൂഹികാനീതി, ഭൗതിക വല്ക്കരണം, വംശീയത, വിവേചനങ്ങള്‍, കാടത്തത്തിന്‍റെ പുതിയ രൂപങ്ങള്‍, പക, മതവെറി, വംശഹത്യ, അടിമവല്ക്കരണം എന്നിങ്ങനെ നമ്മുടെ കാലഘട്ടം പരിഹാരങ്ങളാവശ്യപ്പെടുന്ന ഒരു നൂറായിരം പ്രശ്നങ്ങളും വെല്ലുവിളികളുമുണ്ട്.  അതിനെയെല്ലാം അഭിസംബോധന ചെയ്യുന്ന ഒരു  ദൈവദര്‍ശനം ഇവിടെ രൂപമെടുക്കേണ്ടതുണ്ട്. (നൂറ്റാണ്ടുകള്‍ക്കു മുമ്പേ അന്യംനിന്നു പോയവയെ തിരികെ കൊണ്ടുവന്നാല്‍ പുതിയ കാലത്തിന് അതുവിനാശം വരുത്തുകയേയുള്ളൂ എന്ന് ജ്യൂറാസിക് പാര്‍ക്ക് പോലെ എത്ര എത്ര രചനകളാണ് നമ്മെ ചിന്തിപ്പിച്ചിട്ടുള്ളത്!) സ്നേഹത്തില്‍നിന്ന് ഉത്ഭവിക്കുന്ന, വിനയത്തിന്‍റെ സാക്ഷാത്ക്കാരമായുള്ള, ശരീരത്തെയും മണ്ണിനെയും ഗൗരവമായെടുക്കുന്ന, എന്നാല്‍ വെറും ബൗദ്ധികമല്ലാത്തതുമായ ഒരു ദൈവശാസ്ത്ര വിചിന്തനം ഉണ്ടാകേണ്ടതു ണ്ടെങ്കില്‍ അതു ക്രിസ്തുമസില്‍ നിന്നുതന്നെയായിരിക്കണം ഉറവയെടുക്കേണ്ടത്.


ജോര്‍ജ് വലിയപാടത്ത്

0

0

Featured Posts

bottom of page