top of page

നോട്ടം 2013

Jan 1, 2012

4 min read

വിന്‍സെന്‍റ് പെരേപ്പാടന്‍ S. J.
people standing facing each other.

ഉദയത്തിലുണര്‍ന്ന് അസ്തമയത്തിലൊടുങ്ങുന്ന ഒരു പകലും

ഇരുള്‍ കനത്തുതെളിയുന്ന ഒരു രാത്രിയും ചേര്‍ന്നാല്‍

ഒരു ദിനമെന്നെണ്ണാം.

കാലത്തെ 365 ദിവസങ്ങളുടെ ഒരു ചക്രക്കണക്കില്‍

ഒതുക്കുന്നതാണ് ഒരു വര്‍ഷം.

വീശിപ്പരത്തി വയ്ക്കാവുന്ന ഒരു ചിത്രപടം.

ഇട (space)ത്തില്‍ കാല(time)ത്തിന്‍റെ ചലനനടനത്തെ

അക്കങ്ങള്‍ കൊണ്ടവതരിപ്പിച്ചിരിക്കുന്നു.

അവയെ ഒതുക്കി മുറുക്കിച്ചുരുട്ടി കക്ഷത്തിലാക്കിയ

ഒരു കലണ്ടറുമായി ഞാന്‍ നില്ക്കുകയാണ്.

'2013' കക്ഷത്തിലുണ്ട്. ഇനി ചില നോട്ടങ്ങള്‍:


1). പിന്‍നടത്തം

പൈതഗോറസ്സാണ് പറഞ്ഞത്:

"ഈ ലോകത്തെ എല്ലാറ്റിനെയും ഗണിതംകൊണ്ട്

അപഗ്രഥിക്കാം."

കാലത്തെ ഗണിതംകൊണ്ട് കയ്യടക്കുമ്പോള്‍

നിമിഷവും മണിക്കൂറും ദിവസവും വര്‍ഷവും... അക്കങ്ങള്‍ മാത്രം.

അനന്തകാലപ്രവാഹത്തെ ആഞ്ഞുപിടിച്ചെടുത്ത ഒരാള്‍.

അയാളില്‍നിന്നു തുടങ്ങുന്ന ഒരു കാലഗണിതം.

യാതൊന്നിനും വഴങ്ങാത്ത സമയചക്രത്തിന്‍റെ ഉരുള്‍ച്ചയില്‍

ഒരാള്‍ എതിര്‍നിന്നു.

ഭൂമിക്കും ആകാശത്തിനുമിടയില്‍ ഒരാള്‍.

അവസാനത്തുള്ളി രക്തവും വാര്‍ന്നുപോയ

വിളറി വെളുത്ത ശരീരമായി ഒരു മനുഷ്യന്‍,

കുരിശിലെ ക്രിസ്തു.

ചരിത്രം വിറങ്ങലിച്ചുനിന്ന നിമിഷം.

ആ നിശ്ചലതയില്‍ നിന്നാരംഭിക്കുന്നു, പുതിയകാലം.

പുതിയ ഗണിതം.

ഇനി കാലം അവനു മുന്‍പും പിന്‍പുമാണ്.

അതായത് 2013 ഒരു പിന്‍നടത്തത്തിന്‍റെ അടയാളമാണ്.

ക്രിസ്തുവിലേയ്ക്കുള്ള പിന്‍നടത്തം.

ക്രിസ്തുവില്‍ നിന്നുള്ള പിന്‍നടത്തം.

കാലം മുന്നോട്ടോ

പിറകോട്ടോ സഞ്ചരിക്കുന്നത്?

ജീവിതം മുന്നോട്ടുതന്നെയോ?

ഓരോ വയസ്സും ക്രിസ്തുവിനോളമെത്തുന്ന

ഒരടയാളപ്പെടുത്തലാണെങ്കില്‍

പിന്‍നടത്തത്തിന്‍റെ കണക്കാണത്.

"എത്ര കടുത്ത കയ്പ്പും കുടിച്ചു വറ്റിച്ചു നാം

ഇത്തിരിശ്ശാന്തിതന്‍ ശര്‍ക്കരനുണയുവാന്‍!"

എന്ന് 'സഫലമീ യാത്ര' പാടുന്നു.

പിന്‍ നടത്തത്തിന്‍റെ സാഫല്യം മധുരമാണെന്ന്

കാവ്യദര്‍ശനം.

ജീവിതം എപ്പോഴും അങ്ങനെയാണ്.

പുറകോട്ടു പോകുംതോറും

ആഴവും ആര്‍ദ്രതയുമേറും.

പുറകോട്ടു നടക്കാനറിയാത്തവര്‍ക്കാണ്

പുതുവര്‍ഷം പുളകം മാത്രമാകുന്നത്.

അവര്‍ തുള്ളിച്ചാടിയേക്കാം.

ആര്‍പ്പുവിളിച്ചേക്കാം.

എന്നാല്‍ പിന്‍നടത്തം ശീലമാക്കിയവര്‍ക്ക്

അത് ഭാരിച്ചൊരു ഉത്തരവാദിത്വമാണ്.

അവര്‍ കാണുകയും കേള്‍ക്കുകയും മാത്രമല്ല,

അറിയുകയും അപഗ്രഥിക്കുകയും

തിരിച്ചറിയുകയും ചെയ്യുന്നു.

രണ്ടു സഹസ്രാബ്ദങ്ങളുടെ

ഭാരവും ഉത്തരവാദിത്വവും തിരിച്ചറിവും

ഉള്ളിലുള്ളവര്‍.

സ്വയംമറന്ന് ആഹ്ലാദിക്കുന്നതെങ്ങനെ?

കാലത്തെ കുരിശില്‍ തറച്ചു പിടിച്ചവനോളം

നോട്ടമെത്തുമ്പോള്‍ നാമും അവിടെത്തന്നെ നില്ക്കും.

കാലത്തിന്‍റെ കനലുകള്‍ എരിയുന്നെങ്കിലും

മുള്‍പ്പടര്‍പ്പ് ചാമ്പലാകുന്നില്ലല്ലോ.


2). കലണ്ടര്‍

ഇന്നലെയാണ് പുതിയ കലണ്ടര്‍ കിട്ടിയത്.

2013

അത് ചുവരിലെ ആണിക്കുറ്റിയില്‍ ആടാന്‍ തുടങ്ങി.ഓരോ ദിവസവും ഓരോ ചതുരത്തില്‍.

കറുപ്പും ചുവപ്പുമായി നിരന്ന അക്കങ്ങള്‍.

ഒന്നുമുതല്‍ 31 വരെ ചതുരങ്ങള്‍.

എനിക്കൊരു വയസ്സുകൂടെ ഉറപ്പിക്കുന്ന ഒരു ചതുരമുണ്ടതില്‍.

ഞാന്‍ പിന്നിട്ട ജീവിതത്തില്‍നിന്ന്

കൂടെ നടത്തുന്ന ഓര്‍മ്മകള്‍ ഓരോ ചതുരത്തിലും

ഒളിഞ്ഞിരിക്കുന്നുണ്ട്.

ഓരോ താള്‍ മറിയുമ്പോഴും

പുതിയ മാസത്തിന്‍ തനിയാവര്‍ത്തനമാണ്

അക്കങ്ങളെങ്കിലും ഓര്‍മ്മയടയാളങ്ങള്‍ വേറെയാണ്.

എന്‍റെ ജീവിതത്തിലെ ഏറ്റവും ദുഃഖംപേറുന്ന

രണ്ടുവാക്കുകള്‍ ഉരുവിട്ട ദിവസത്തെ

അടയാളപ്പെടുത്തുവാനുമുണ്ട് ഒരു ചതുരം:

"അമ്മ മരിച്ചു."

ഒരു ചതുരത്തില്‍ക്കുത്തി അതു കുറിക്കുംവരെ

ആ വാക്കുകള്‍ അങ്ങനെയെനിക്കില്ലായിരുന്നു.

ഓരോ വര്‍ഷവും ഭാരപ്പെട്ട ആ വാക്കുകള്‍

നെറ്റിയിലെഴുതി ആ ചതുരം എഴുന്നുനില്ക്കും.

ഏറ്റവും ഭാരമേറിയ ചതുരം.

സുഖദുഃഖ സ്മൃതികളുടെ

പുനരാഖ്യാനങ്ങള്‍, പുതുവ്യാഖ്യാനങ്ങള്‍ നിറഞ്ഞ

ചതുരക്കള്ളികള്‍ എണ്ണിയെണ്ണി

പിന്നിടുന്ന കാലം.

ഒരര്‍ത്ഥത്തില്‍ കാലം വന്നുകയറുന്നത് കലണ്ടറിലാണ്.

കഴിഞ്ഞകാലവും വരാനുള്ള കാലവും

എനിക്കു ചതുരക്കാഴ്ചയാണതില്‍.

അക്കങ്ങള്‍ കൊണ്ടളന്നെടുക്കാന്‍

ഒരു കെണിവച്ചിരിക്കുന്നതുപോലെ കലണ്ടര്‍ തൂക്കി

ഞാനിരിക്കുന്നു.

കാലം അതിനിടയിലെ ഓട്ടകളിലൂടെ

കയ്യും കലണ്ടറും കടന്ന് പൊയ്ക്കൊണ്ടേയിരിക്കുന്നു.

ഒരു കെണിയിലും വീഴാതിരിക്കുന്നു. വീഴുന്നത് ഞാനാണ്.

'അയ്യോ! അതു വേണ്ടായിരുന്നു!' എന്ന വീഴ്ച.

പറയേണ്ടതില്ലായിരുന്നു,' അല്ലെങ്കില്‍

'പറയാമായിരുന്നു'

'ചെയ്യാമായിരുന്നു,' 'കൊടുക്കാമായിരുന്നു...'

വീഴ്ചകളെല്ലാമെനിക്കാണ്.

ചതുരക്കള്ളികളില്‍ അപ്പോഴും കലണ്ടര്‍ തെളിഞ്ഞുനിന്നാടും.

കാത്തിരിക്കുന്ന ദിവസത്തെ കൊതിയോടെ നോക്കാന്‍

കലണ്ടറില്‍ ഒരു കളമുണ്ട്.

എന്‍റെ പ്രതീക്ഷകളും സ്വപ്നങ്ങളും ചതുരാടയാളത്തിലാണ്.

അവയ്ക്കാരോ അക്കമുണ്ട്.

പൂവണിയുന്ന മോഹത്തെ സ്വന്തമാക്കിയെന്ന്

ഉറപ്പിക്കാന്‍ ചുവന്ന ഒരക്കം.

അങ്ങനെ കറുപ്പും ചുവപ്പുമായി

എന്‍റെയൊരു സ്വന്തം കലണ്ടര്‍.

അതാണ് 2013.


3). കളി

ചതുരക്കളങ്ങളിലെ ഒരു കളി കൂടിയാണ്

കളങ്ങള്‍ കടന്നുള്ള ജീവിതം.

ഒരു കള്ളിയില്‍നിന്ന് അടുത്തതിലേക്ക്

ഒരു രാവു പുലര്‍ന്നുണര്‍ന്നപ്പോള്‍

കളത്തിലെന്തുണ്ട്? കയ്യിലെന്തുണ്ട്?

ഈ കളിയില്‍ കളത്തില്‍ കൊടുത്തത് കയ്യിലുണ്ടാകും.

കയ്യില്‍ പിടിച്ചത് കളത്തിലുമാകും.

കാലത്തോടുള്ള കളിയില്‍ അതാണ് നിയമം.

കൈ നീട്ടുന്നവരുടെ കളങ്ങളിലേക്ക്

നീ കൊടുക്കുന്നത്.

നിന്‍റെ കയ്യില്‍ വന്നുചേരും- ഇരട്ടിയായി,

പത്തിരട്ടിയായി.

നിന്‍റേതായെണ്ണി കയ്യില്‍ മുറുക്കിപ്പിടിച്ചവ

കളങ്ങളില്‍ ചോര്‍ന്നുപോകും.

കാരണം, കളിക്കളവും കളിക്കാലവും നിന്‍റെയല്ല.

കളി മാത്രമേ നിനക്കാവൂ.

ഒരു കളത്തില്‍ ഒരിക്കല്‍മാത്രം തൊടാം,

പിന്നെയില്ല.

തൊടുമ്പോള്‍ കയ്യിലുള്ളതവിടെ കൊടുക്കുക.

കൊടുത്തുകൊണ്ടേയിരിക്കുക.

അപ്പോള്‍ നീ കളിച്ചുകൊണ്ടിരിക്കും.

കൊടുക്കല്‍ നിന്നാല്‍ കളി മടുക്കും.

പിന്നെ കാല്‍കുത്താന്‍, കൈ തൊടാന്‍ കളമില്ലാതാകും.

കാലം കഴിയും. കളിക്കളം അപ്രത്യക്ഷമാകും.


4). ശൂന്യവേള

അനാഥശാലയിലായിരുന്നു അന്നു ഞാന്‍.

സ്നേഹത്തിനു വേണ്ടിയുള്ള ദാഹം

ദൈന്യതയാര്‍ന്ന ആര്‍ത്തിയായി

ആ കുരുന്നു കണ്ണുകളില്‍ ഞാന്‍ കണ്ടു.

"എന്നെയൊന്നു നോക്കൂ!"

"ഒന്നെടുക്കൂ!"

"ഒരു ചുംബനം തരൂ!"

"ഞാനൊരു മനുഷ്യനാണെന്ന് ഒന്നു പറയൂ!"

ഇങ്ങനെ വിലപിച്ചാര്‍ക്കുന്ന ദൈന്യം

തീക്ഷ്ണദാഹമായി ഒരുപാടു കണ്ണുകളില്‍

ആര്‍ത്തിപൂണ്ട് എനിക്കു ചുറ്റും.

ഇതില്‍ ആരെ നോക്കണം?

ആരെ തൊടണം?

ആരെ ചേര്‍ത്തുമ്മവയ്ക്കണം?

ഐസ്ക്രീമോ ചോക്ലറ്റോ

പലഹാരങ്ങളോ പോരാ

ആ കണ്ണുകളിലെ തീക്ഷ്ണദാഹത്തെ

ഇറ്റു ശമിപ്പിക്കാന്‍.

ഉമ്മവച്ചൂട്ടുന്ന ഒരമ്മ വേണം,

വിരല്‍ത്തുമ്പിലൂഞ്ഞാലാടാന്‍ ഒരച്ഛന്‍ വേണം,

എന്‍റെയെന്നു പറയുവാന്‍ ദൈവവും വേണം.

എന്നിട്ടുമവര്‍ക്കുമുണ്ട്. "ഹാപ്പി ന്യൂ ഇയര്‍!"

കാത്തിരിക്കുന്നതൊന്നും തരാത്ത

കാലത്തിന്‍റെ ശൂന്യവേളകള്‍

ആര്‍ക്കും അപഹരിക്കാവുന്ന കാലം.

അവരുടേതല്ലാത്ത, അവരുടേതാകാത്ത കാലം.

അതിനും അടയാള വാക്ക്

2013 എന്നു തന്നെയാണ്.

പ്രഭാതത്തിന്‍റെ പേറെടുക്കാന്‍

അവരും അണിചേരുന്നുണ്ട്.

ദാഹാര്‍ത്തമായ കണ്ണുകള്‍ തേടിക്കൊണ്ടിരിക്കും-

നിര്‍ന്നിമേഷം -

അമ്മയെവിടെ? അച്ഛനെവിടെ?

ചേച്ചിയെവിടെ? ചേട്ടനെവിടെ?...


5). കണക്ക്

ഡോ. ബിജു 2012 -ല്‍ സംവിധാനം ചെയ്ത സിനിമയാണ് 'ഭൂമിയുടെ അവകാശികള്‍'. അതില്‍ നായകന്‍ മോഹനചന്ദ്രന്‍ നായര്‍ തന്‍റെ പേരില്‍ എഴുതിവയ്ക്കപ്പെട്ടതും പത്തുനാല്പതുവര്‍ഷമായി ആള്‍ത്താമസമില്ലാത്തതുമായ കാടുപിടിച്ചു കിടക്കുന്ന വിസ്തൃതമായ പുരയിടത്തില്‍ വന്ന് താമസമാരംഭിക്കുന്നു. ഇനി മോഹനചന്ദ്രന്‍നായരുടെ സമ്പര്‍ക്കവും സംഭാഷണവും ആ പുരയിടത്തിലെ വിവിധയിനം അവകാശികളോടാണ്: പാമ്പ്, തവള, ഉറുമ്പ്, ആമ, പല്ലി, തേരട്ട, മരപ്പട്ടി, കാക്ക, തത്ത...

2013- നെക്കുറിച്ചുള്ള അഭിപ്രായം 'ഭൂമിയുടെ അവകാശിക'ളോട് ആരാഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം? കാലഗണനയില്‍ അവരുടെ ഗണിതം ഏതാണ്? ആയുസ്സിനെ പ്രഭാതംകൊണ്ട് വരവേറ്റ്, വെയില്‍ കുടിച്ച്, മണ്ണിനോടു മൗനസല്ലാപം നടത്തി, ഭൂമിയില്‍ ഇഴയുന്നവര്‍ക്ക് ഏതാണ് കാലം? ഒരു പക്ഷേ, മനുഷ്യന്‍ കാലത്തെ കണക്കുകൊണ്ട് കീഴടക്കുന്നത് അവര്‍ ഭയത്തോടെ കാണുന്നുണ്ടാവും. സര്‍വ്വതും കുമ്പിട്ടുനില്ക്കുന്ന കാലത്തിനു മുന്നില്‍ മനുഷ്യന്‍റെ അധീശത്വത്വരയല്ലേ അളവ്? കണക്കുകൂട്ടി കാലത്തെ വരുതിയിലാക്കാനുള്ള വിദ്യ മനുഷ്യന്‍ വികസിപ്പിച്ചില്ലായിരുന്നുവെങ്കില്‍ പ്രകൃതിയുടെ നിശ്ശബ്ദ നിയമങ്ങള്‍ക്കു വഴങ്ങി ഭൂമിയുടെ അവകാശികളുടെ ഭാഗത്ത് നിലയുറപ്പിക്കുമായിരുന്നു. ഇപ്പോള്‍ ഭൂമി മനുഷ്യന്‍ കയ്യാളിയിരിക്കുന്നു. ഇടം കവര്‍ന്നവര്‍ കാലവും കയ്യടക്കി. അതിനാല്‍ സ്ഥലവും കാലവും സഹസ്രകോടി ജീവജാലങ്ങള്‍ക്കില്ല. അളവുവശമാക്കിയവര്‍ക്കേയുള്ളൂ.

നായ്ക്കളും നിസ്സാര ചില അളവുകള്‍ ഭൂമിക്കുമേല്‍ പ്രയോഗിച്ചു നോക്കാറുണ്ട്. മൂത്രത്തിന്‍റെ ഗന്ധം ഘ്രാണിച്ചറിയുവോളം മാത്രം ആയുസ്സുള്ള ഒരു അളവു തന്ത്രം. അത്തരം ചില തന്ത്രങ്ങള്‍ ഭൂമി അവകാശപ്പെടുത്തുന്നവര്‍ക്കിടയിലുണ്ടാകും. എന്നാല്‍ അവരാരും 999 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടെടുക്കാറില്ല; പാട്ടവും നികുതിയും പിരിച്ചെടുക്കുന്നില്ല; ആധാരമെഴുതി തീറാക്കുന്നുമില്ല. കാലഗണനയുടെ അധീശത്വം മനുഷ്യസമൂഹത്തിന്‍റെ അധഃപതനത്തിലേക്കുള്ള നാള്‍വഴിയായി അവര്‍ എണ്ണുന്നുണ്ടോ? ഉണ്ടെങ്കില്‍ കാലം മുന്നോട്ടുതന്നെയാണ് ഗമിക്കുന്നത്. എല്ലാം ഒടുങ്ങുന്ന ഒരന്ത്യകാലത്തിലേക്ക് ഇനിയെത്ര ദൂരം എന്നളക്കാന്‍ ഒരു ഗണിതയന്ത്രം അവര്‍ക്കുണ്ടാകാം. അങ്ങേയറ്റത്തെ അറിയുന്നവര്‍ക്ക് കണക്ക് അവരോഹണക്രമത്തിലാണ്. പൂജ്യത്തില്‍ തീരുന്ന കണക്ക.് തലവലിച്ചുള്ളിലാക്കി പുറംതോടിനുള്ളില്‍ ധ്യാനിക്കുന്ന കൂര്‍മ്മബുദ്ധിക്ക് അത് മനക്കണക്കായിരിക്കണം.


6). വര്‍ത്തമാനം

അന്ത്യവിധി.

ഭൂമിയിലെ എന്‍റെ ജീവിതത്തിന്‍റെ കണക്കുകള്‍

അക്കത്തിലും അക്ഷരത്തിലും നിരത്തി

തിരുമുന്‍പില്‍ ഞാന്‍ നില്ക്കുകയാണ്.

ഉത്തരങ്ങള്‍ക്ക് തയ്യാറാണ് ഞാന്‍.

1991-ല്‍ നീ എവിടെയായിരുന്നു?

എന്തു ചെയ്യുകയായിരുന്നു?

തീയതിയും മണിക്കൂറുമടക്കം ഉത്തരം പറയാന്‍

ഞാന്‍ തയ്യാര്‍.

2001-ല്‍? അതിനും ഉത്തരമുണ്ട്.

2013 ലോ? ഉത്തരം ഇതാ ഇവിടെയുണ്ട്.

അവിടുന്ന് എന്താണ് ചോദിക്കാത്തത്?

ഞാന്‍ കാത്തുനില്ക്കുകയല്ലേ?

ഞാന്‍ അവിടുത്തെ കണ്ണുകളിലേക്കു നോക്കി.

അവിടെ ഞാന്‍ കണ്ടു, എന്നെത്തന്നെ.

മുഴുവനായി; സമ്പൂര്‍ണ്ണമായി കണ്ടു.

അക്കങ്ങളുടെയോ വിവരശേഖര പട്ടികയുടെയോ

അകമ്പടിയില്ലാതെ.

ആ കണ്ണുകളില്‍ ഞാനൊരു വര്‍ത്തമാനകാലം മാത്രം.

അടിമുതല്‍ മുടിവരെ

ജനനം മുതല്‍ മരണം വരെ

ആദിയും അന്തവും എല്ലാം ഒറ്റനോട്ടത്തില്‍.

ഒരേയൊരു വര്‍ത്തമാനം.

ഞാനൊന്നും പറയേണ്ടി വന്നില്ല.

അവിടുന്ന് ഒന്നും ചോദിച്ചുമില്ല.

ഞാന്‍ കണ്ടു; അവിടുന്ന് കണ്ടു.

വാക്കുകള്‍ മഹാമൗനമായി നിറഞ്ഞുനില്ക്കുന്ന

ഗര്‍ഭത്തിലേക്കു ഞാന്‍ പ്രവേശിച്ചു.

അതു സ്വര്‍ഗ്ഗമായിരുന്നു!


7). പതിമൂന്ന്

ഗണിതം നിരപേക്ഷവും നിര്‍മ്മമവുമായ അക്കങ്ങളുടെ നിര്‍മ്മിതിയാണ്. പേരുകളെ അക്കങ്ങളാക്കിയാല്‍ പേരിലെ എല്ലാ ആനുകൂല്യങ്ങളും അജ്ഞാതമാകും. ജയിലുകളില്‍ തടവുകാര്‍ അക്കങ്ങളാണ്. സേനയില്‍ ഭടന്‍ അക്കമാണ്. ആശുപത്രിയില്‍ രോഗിയും, ഭവനസമുച്ചയങ്ങളില്‍ ഭവനവും, സത്രങ്ങളില്‍ മുറിയും അക്കത്തിലാണറിയപ്പെടുക. ശുഭാശുഭ വിവേചനത്തിന് ഗണിതത്തില്‍ ശാസ്ത്രമില്ലെങ്കിലും മനുഷ്യനില്‍ അങ്ങനെയല്ലെന്നുള്ളതുകൊണ്ടാണ് ചില അക്കങ്ങള്‍ ശുഭങ്ങളായും ചിലത് അശുഭങ്ങളായും എണ്ണപ്പെട്ടത്. ഏഴും ഏഴിന്‍റെ ഗുണിതങ്ങളും പൂര്‍ണ്ണതയുടെ എണ്ണമായിക്കരുതി ഇസ്രയേല്‍ ജനത. പന്ത്രണ്ടിന്‍റെ പിന്‍തുടര്‍ച്ചയിലാണ് ക്രൈസ്തവ പാരമ്പര്യം ഉറപ്പിച്ചിരിക്കുന്നത്. മൂന്നിന്‍റെ രഹസ്യം ഉണ്മയുടെ പൊരുളാണ്. ഇരുപത്തിയഞ്ചും, അന്‍പതും, നൂറും ഇവയുടെയൊക്കെ ഗുണിതങ്ങളും അതുല്യതയുടെ ചിഹ്നങ്ങളായി ഘോഷിക്കപ്പെടുകയോ അടയാളപ്പെടുത്തപ്പെടുകയോ ചെയ്യുന്നു. ചില നാടുകളില്‍ സവിശേഷമായ സംസ്കാരം ചില അക്കങ്ങളെ ആശ്ലേഷിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്തിട്ടുണ്ട്.

പതിമൂന്നിന് നല്കപ്പെട്ടത് അശുഭലക്ഷണത്തിന്‍റെ ദുഃസൂചനയാണ്. പതിമൂന്നിനെ വിഴുങ്ങാനാണ് ചില സംസ്കാരങ്ങള്‍ ശീലമാക്കിയത്. പതിമൂന്നില്‍ അകപ്പെടാതിരിക്കാന്‍ തലമുറകള്‍ പലതും ശ്രദ്ധിച്ചു. ഒഴിവാക്കാവുന്നയിടങ്ങളില്‍ പതിമൂന്നിന് അയിത്തമായിരുന്നു. ആശുപത്രികളിലും സത്രങ്ങളിലും 13 ഒഴിവാക്കപ്പെട്ടു. വാഹനങ്ങളുടെ ഔദ്യോഗിക അക്കപ്പട്ടികയില്‍ 13 അപ്രിയഗണത്തിലാണ്. പക്ഷേ, അപ്പോഴെല്ലാം കാലഗണനയില്‍ അവയെ ഒഴിവാക്കാന്‍ തന്ത്രമുണ്ടായില്ല. പതിമൂന്നാം മണിക്കൂറും തീയതിയും വയസ്സും എവിടെയും ഒഴിവാക്കപ്പെട്ടില്ല. ഇപ്പോള്‍ രണ്ടായിരത്തിനുശേഷമുള്ള ആദ്യ പതിമൂന്നിനെ സ്വീകരിക്കാതിരിക്കാന്‍ വഴിയില്ലാതായിരിക്കുന്നു. അശുഭലക്ഷണ കുരുതികള്‍ക്ക് അവസരമുണ്ട്- 2013 ലെ എല്ലാ ദുരന്തങ്ങള്‍ക്കും കാരണമാരോപിക്കാന്‍ ഒരു ഇരയുണ്ട്. അശുഭകരമെന്ന് പ്രഖ്യാപിക്കപ്പെട്ട അക്കമായതിനാല്‍ ആരോപണത്തില്‍ ആരും അരുതായ്മ പറയാനിടയില്ല. എല്ലാം പതിമൂന്നിന്‍റെ ദോഷം.


8). ഒരു സ്വപ്നം

ശരീരത്തിലെ ഏറ്റവും പ്രധാനഭാഗമേത്?

ഉണ്ണിയുടെ ഉത്തരം വായ്.

അമ്മിഞ്ഞയുണ്ണുന്ന മണ്ണുമണക്കുന്ന വായ്.

കുട്ടന്‍റെയുത്തരം കണ്ണ്.

പൂമുറ്റം കാണുന്ന, പൂവായ്പ്പറക്കുന്ന

താരകം മിന്നുന്ന കണ്ണ്.

ചേച്ചിപ്പെണ്ണിനതു മുഖമാണ്.

കണ്ണാടിനോക്കുന്ന, കടക്കണ്ണില്‍ നാണം കിനിയുന്ന

കണ്ണേറു തട്ടുന്ന കാന്തം.

ചേട്ടന്‍റെയുത്തരം കൈ.

കരുത്തിന്‍റെയുരുക്കും കനവിന്‍റെയഗ്നിയും

കടലോളമാര്‍ത്തിയും ചേരുന്ന കൈ.

അച്ഛനു മുഖ്യം തല.

കൂട്ടിയും കിഴിച്ചും പുകച്ചും കുടിച്ചും

വരയില്‍ത്തിരിയുന്ന തേങ്ങാക്കുല.

അമ്മ പറഞ്ഞു: ചുമലാണു മുഖ്യം.

ഉറപ്പുള്ളതോളില്‍ ഭാരമിറക്കാം, തലയൊന്നു ചായ്ക്കാം,

കണ്ണീരു പെയ്യാം, കുരിശൊന്നു വയ്ക്കാം.

പുതുവര്‍ഷം തേടുന്നതും

ഉറപ്പുള്ള ചുമല്‍തന്നെ.

ഈ ലോകത്തിന്‍റെ ഭാരമേറി വരുന്നു.

കണ്ണുനീര്‍ രക്തത്തുള്ളികളായ്

ഒഴുകിത്തീരാതിരിക്കുന്നു.

കുരിശുകള്‍ ചുമലുകള്‍ തേടുന്നു.

പരിദേവനങ്ങള്‍, വാര്‍ദ്ധക്യനിശ്വാസങ്ങള്‍,

കൂടംകൂളത്തെ നിലവിളികള്‍,

വെയില്‍കൊണ്ടു പൊള്ളുന്ന നൊമ്പരങ്ങള്‍...

ഉറപ്പുള്ള ചുമലുകളെവിടെ?

2013 ഒരു ചുമലായ് മാറിയെങ്കില്‍!

കുരിശുകള്‍ ചുമക്കുന്ന ചുമലായിത്തീര്‍ന്നെങ്കില്‍!

വിന്‍സെന്‍റ് പെരേപ്പാട��ന്‍ S. J.

0

0

Featured Posts

Recent Posts

bottom of page