top of page

സ്നേഹവും സന്തോഷവും- അതിവിചിത്രമായ സത്യങ്ങളുടെ തുറന്നെഴുത്തുകള്‍

Mar 11, 2022

2 min read

അജി ജോര്‍ജ്
movie poster

ആലീസ് ഗൈ ബ്ലാഷെയില്‍ തുടങ്ങി ഇനിയും അവസാനിക്കാതെ ഭാവിയിലേക്ക് നീളുന്ന പട്ടികകളാണ് ലോകപ്രശസ്ത സ്ത്രീ സംവിധായകരുടേത്. അവരുടെ നിരയില്‍ ലോകസിനിമയെ അത്രയധികം സ്വാധീനിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത പേരാണ് ബെല്‍ജിയന്‍-ഫ്രഞ്ച്  സംവിധായികയായ ആഗ്നസ് വര്‍ദയുടേത്. 1960-കളിലെ ഫ്രഞ്ച് നവതരംഗ ചലച്ചിത്രധാരയില്‍ അതിവ്യത്യസ്തമായതും അതുവരെ യുണ്ടായിരുന്ന പറച്ചില്‍ രീതികളെയും ചിന്താധാരകളെയും ആകമാനം പൊളിച്ചെഴുതുകയും ലോകമാകെയുള്ള സിനിമാ പ്രവര്‍ത്തകരില്‍ മാറ്റം കൊണ്ടുവരികയും സ്വാധീ നിക്കുകയും ചെയ്ത ചലച്ചിത്രങ്ങള്‍ പിറവിയെടുത്തിട്ടുണ്ട്. ഫ്രഞ്ച് നവതരംഗസിനിമാധാരയിലെ എണ്ണം പറഞ്ഞ സംവിധായികയാണ് ആഗ്നസ് വര്‍ദ. സാധാരണ വിഷയങ്ങളെ അസാധാരണവും വിചിത്രവുമായ സാക്ഷാത്കാരം കൊണ്ട് കൈ കാര്യം ചെയ്തയാളാണ് ആഗ്നസ് വര്‍ദ.

ആഗ്നസ് വര്‍ദയുടെ സംവിധാനത്തില്‍ 1965-ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഹാപ്പിനെസ് (Le Bonheur). 1960കളിലെ ഫ്രഞ്ച് സിനിമകള്‍ ബന്ധങ്ങളുടെ പ്രത്യേകിച്ച് ലൈംഗികതയുടെ തുറന്നുപറച്ചിലിലും അതുവരെ മറച്ചുവെക്കപ്പെടുകയോ സദാചാരവല്‍ക്കരിക്കപ്പെടുകയോ തുറന്നുപറയാന്‍ മടിക്കുകയോ ചെയ്തിരുന്ന ബന്ധങ്ങളുടെ കെട്ടു പാടുകളുടെ തുറന്നെഴുത്തായി മാറുകയുണ്ടായി. ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും വ്യക്താധിഷ്ഠിത ബന്ധങ്ങളുടെ വൈചിത്ര്യത്തെക്കുറിച്ചുമെല്ലാം അക്കാലത്ത് സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടു. അതുവരെയില്ലാ തിരുന്ന രീതിയില്‍ വ്യക്തി-കുടുംബബന്ധങ്ങളെ ചിത്രീകരിച്ച  സിനിമയാണ് ആഗ്നസ് വര്‍ദയുടെ ഹാപ്പിനെസ് എന്ന ലോകോത്തര ചലച്ചിത്രം. അതു വരെയുണ്ടായിരുന്ന ശീലങ്ങളെയും നടപ്പുരീതികളെയും ഹാപ്പിനെസ് പൊളിച്ചെഴുതി. സ്നേഹം എന്നത് സ്വതന്ത്രമാണെന്നും കെട്ടുപാടുകളിലും പൊതുവെ പറയുന്ന സദാചാര രീതികളിലും തളച്ചിടപ്പെടേണ്ടതല്ലെന്നുമുള്ള സൂചനകള്‍ ചലച്ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലേക്കുവെച്ചു. തീര്‍ച്ചയായും സ്ഫോടനാത്മകമായ പരിചരണരീതിയായിരുന്നു അത്. വര്‍ദ പ്രേക്ഷകരെ സ്നേഹത്തിന്‍റെ അതി സംഭവ്യവും അതിഗുപ്തവുമായ സാധ്യതകളിലേക്കാണ് നയിച്ചത്. ഒരു വനിത എന്ന നിലയില്‍ സ്നേഹത്തെക്കുറിച്ചും അതിന്‍റെ വൈചിത്ര്യമാര്‍ന്ന സാധ്യതകളെക്കുറിച്ചും സംവദിക്കാനുള്ള ഉയര്‍ന്ന അവകാശം തനിക്കുണ്ടെന്നു അവര്‍ കരുതിയിട്ടുണ്ടാകണം.

വൈവാഹിക ജീവിതവും അതിന്‍റെ ഉലച്ചിലുകളും വിവാഹേതരബന്ധങ്ങളും അതിന്‍റെ പതംപറച്ചിലുകളും കണ്ണീരുമെല്ലാം നിരവധി രീതിയില്‍ പല സിനിമകളിലൂടെയും നമുക്ക് മുന്‍പിലെത്തിയിട്ടുണ്ട്. ലൈംഗികമായ ദാരിദ്ര്യവും അതിന്‍റെ തേടലുകളും നിസഹായമെന്നും നിഷ്കളങ്കമെന്നും ദ്യോതിപ്പിക്കുന്ന ഇതരബന്ധങ്ങളുടെ ന്യായീകരണവും  അതിന്‍റെ സ്വീകാര്യതയുമെല്ലാം നാം കണ്ടിട്ടുണ്ട്. കുടുംബബന്ധങ്ങളുടെയും വ്യക്താധിഷ്ഠിത സ്നേഹബന്ധ ങ്ങളുടെയുമെല്ലാം സാന്‍മാര്‍ഗ്ഗിക സാധ്യതകളുടെ ഉത്തുംഗത്തില്‍ മാത്രം സ്വീകരിക്കുന്ന പൊതുബോധവും നമുക്കുണ്ട്. എന്നാല്‍ വ്യക്തിപരമായി ഇതരസ്നേഹത്തിലേക്ക് ആണ്ടുപോകുന്നവര്‍ ഇത്തരം പൊതുബോധങ്ങളെയെല്ലാം മൂടിവെച്ചുകൊണ്ട് സമര്‍ത്ഥമായി ന്യായീകരിക്കാറുമുണ്ട്. ഇത്തരം സദാചാരങ്ങളെ ചോദ്യം ചെയ്യുകയും സ്നേഹത്തിന്‍റെ അനന്ത സാധ്യതകളെ വിരോധാഭാസകരമായ സമീപന ത്തിലൂടെ കാണികള്‍ക്കു മുന്നിലേക്ക് തുറന്നിടുകയുമാണ് ആഗ്നസ് വര്‍ദ ഹാപ്പിനെസ് എന്ന ചലച്ചിത്രത്തിലൂടെ ചെയ്തത്.

ഫ്രാങ്കോയിസും തെരേസയും രണ്ട് മക്കളും അടങ്ങിയ കുടുംബത്തിന്‍റെ ജീവിതവും അവരുടെ യാത്രകളും സന്തോഷവുമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. സ്നേഹത്തിന്‍റെ അറ്റുപോകാത്ത നൂലില്‍ ചേര്‍ത്തു തുന്നിയതുപോലെയായിരുന്നു അവരുടെ ജീവിതം. അവര്‍ കുടുംബമായി വനപ്രാന്തങ്ങളിലേക്ക് യാത്ര പോകുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും സന്തോഷിക്കുകയും ചെയ്തു. ഫ്രാങ്കോയിസിന് ഭാര്യയോടും മക്കളോടും നിസ്തുലമായ സ്നേഹമുണ്ട്. അതയാള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ശണ്ഠകളോ, തര്‍ക്കങ്ങളോ ഒഴിവാക്കിക്കൊണ്ടുള്ള അവരുടെ ജീവിതം സ്വര്‍ഗ്ഗസമാനവുമായിരുന്നു. ഇതിനിടയില്‍ തെരേസയുമായി സാദൃശ്യമുള്ള എമിലിയുമായി ഫ്രാങ്കോയിസ് സ്നേഹത്തിലാകുകയും ചെയ്യുന്നു. എമിലിയോട് തനിക്കുള്ള സ്നേഹം തുറന്നുപറയുന്നതിനൊപ്പം തെരേസയോടും മക്കളോടുമുള്ള തന്‍റെ ബന്ധത്തിന്‍റെ ആഴവും അയാള്‍ വ്യക്തമാക്കുന്നുണ്ട്. അയാളുടെ മാനസികനിലയെയും തന്നോടുള്ള സ്നേഹവും എമിലിക്ക് അംഗീകരിക്കാനാവുന്നതുമായിരുന്നു.

ഒരിക്കല്‍ വനത്തിലൂടെയുള്ള യാത്രയില്‍ ഫ്രാങ്കോയിസിന്‍റെ ആഹ്ലാദത്തിന്‍റെ കാരണം തിരക്കിയ തെരേസയോട് അയാള്‍ തന്‍റെ കുടുംബത്തോടൊപ്പം അനുഭവിക്കുന്ന ആനന്ദത്തെക്കുറിച്ചും, അതോടൊപ്പം എമിലിയോടുള്ള സ്നേഹത്തെക്കുറിച്ചും സത്യസന്ധമായി വിവരിക്കുന്നു. മരത്തിനുകീഴെ വച്ചുള്ള സ്നേഹപ്രകടങ്ങള്‍ ക്കൊടുവില്‍ ഉറക്കത്തിലാണ്ടുപോയ ഫ്രാങ്കോയിസ് ഉറക്കമുണരുമ്പോള്‍ തെരേസയെ കാണ്‍മാനില്ല എന്ന് മനസിലാക്കി. ദുരന്തപൂര്‍ണ്ണമായ തിരച്ചിലുകള്‍ക്കൊടുവില്‍ ജലാശയത്തിലകപ്പെട്ടുപോയ തെരേസയെ ജീവനറ്റനിലയില്‍ കണ്ടെത്തുന്നു. തെരേസയുടെ മരണത്തിനുശേഷം മക്കളെ ബന്ധുക്കളുടെ കാവലിലേല്‍പ്പിച്ച് അയാള്‍ തന്‍റെ ജോലിയിലേക്ക് മടങ്ങുന്നു. നാളുകള്‍ക്കു ശേഷം എമിലിയെ അയാള്‍ അവളുടെ ഫ്ലാറ്റിലെത്തി കാണുകയും എമിലിയും ഫ്രാങ്കോയിസും മക്കളുമായി അവര്‍ ജീവിതം തുടരുകയും ചെയ്യുന്നു.

മുഖവും നെറ്റിയും ചുളിച്ചുകൊണ്ട് കാണുകയും കണ്ടവസാനിപ്പിക്കുകയും ചെയ്യേണ്ട സിനിമയല്ല ഹാപ്പിനെസ്സ്. ഹൃദയം കൊണ്ടും അനുഭവം കൊണ്ടും ഓര്‍മ്മകള്‍ കൊണ്ടും കാണേണ്ട സിനിമയാണിത്. യാതൊരുതരത്തിലും വിവാഹേതര ബന്ധങ്ങള്‍ക്കുള്ള ലൈസന്‍സ്  നല്‍കുകയോ അത്തരം ബന്ധങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയോ  ചിത്രം ചെയ്യു ന്നില്ല. പകരം ഒരിക്കലെങ്കിലും നാമോരോരുത്തരും കടന്നുപോയിട്ടുള്ള സ്നേഹത്തിന്‍റെ വൈചിത്ര്യങ്ങളെ സത്യസന്ധമായി ആവിഷ്കരിക്കുക മാത്രമാണ് ചെയ്യുന്നത്. സദാചാരബോധത്തിന്‍റെ പ്ലക്കാര്‍ഡും പിടിച്ചുകൊണ്ടല്ല, പകരം അവനവനിലേക്കുള്ള യഥാര്‍ത്ഥമായ കണ്ണാടിയും കയ്യില്‍ പിടിച്ചുകൊണ്ട് മാത്രം ചിത്രം കാണേണ്ടതുണ്ട്.

ആഗ്നസ് വര്‍ദയുടെ മൂന്നാമത്തെ ചലച്ചിത്രവും ആദ്യത്തെ വര്‍ണ്ണചിത്രവുമാണ് ഹാപ്പിനെസ്. നായകനായ ഫ്രാങ്കോയിസിനെയും നായികയായ തെരേസയേയും മക്കളേയും അവതരിപ്പിച്ചത് യഥാര്‍ത്ഥ ജീവിതത്തിലും ഭാര്യാഭര്‍ത്താക്കന്‍മാരായ ജീന്‍-ക്ലോഡ് ഡ്രോട്ടും, ക്ലെയര്‍ ഡ്രോട്ടുമായിരുന്നു. അവരുടെ മക്കളും സിനിമയില്‍ അവരുടെ മക്കളായിത്തന്നെ അഭിനയിച്ചു. മൊസാര്‍ട്ടിന്‍റെ സംഗീത ശകലങ്ങളുടെ പശ്ചാത്തലത്തില്‍ പ്രകൃതിയുടെ അതിസുന്ദരമായ പശ്ചാത്തലത്തിലാണ് സിനിമ കഥപറഞ്ഞുപോകുന്നത്. 1965-ലെ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ട് പുരസ്കാരങ്ങളും ചിത്രം നേടിയിട്ടുണ്ട്. സ്നേഹവും അതനുഭവിക്കുന്ന വ്യക്തികളും കാലാന്തരത്തില്‍ വ്യത്യാസപ്പെട്ടേക്കാം. എന്നാല്‍ ജീവിതത്തിന്‍റെ ഒഴുക്ക് തുടര്‍ന്നുതന്നെ പോകും എന്ന ലോകസത്യം അപ്രിയമായ രീതിയില്‍ അനുവാചകര്‍ക്കു മുമ്പില്‍ ചര്‍ച്ചക്കുവെക്കുകയാണ് ആഗ്നസ് വര്‍ദ ഈ ചിത്രത്തിലൂടെ ചെയ്തിട്ടുള്ളത്. 


Featured Posts

Recent Posts

bottom of page