top of page
മനുഷ്യന്‍ സങ്കീര്‍ണ്ണനായ ഒരു ജീവിയാണ്. ഓരോ കാലത്തും ഓരോ ദേശത്തും ഉണ്ടായ ജീവിതരീതികളും വിശ്വാസപ്രമാണങ്ങളും തികച്ചും വൈരുദ്ധ്യമെന്നു തോന്നുംവിധം വ്യത്യസ്തവുമാണ്. ഇത് എന്നും ഇങ്ങനെ തുടരുകതന്നെ ചെയ്യും. അതുകൊണ്ടുതന്നെ ഒരാളുടെ ശരി മറ്റൊരാള്‍ക്ക് തെറ്റായിരിക്കുന്ന ഈ വ്യവസ്ഥിതിയില്‍ സത്യമെന്നത് വളരെ കുറച്ചുപേര്‍ക്കു മാത്രം തെളിഞ്ഞുകിട്ടുന്ന അമൂല്യമായ വെളിച്ചമായി ഇന്നും നിലനില്ക്കുന്നു. ലോകത്ത് ഇന്നുവരെ ഉണ്ടായ എല്ലാ ദര്‍ശനങ്ങളെയും ജീവിതത്തെ ഓരോരുത്തര്‍ നോക്കിക്കണ്ട വ്യത്യസ്ത മാനങ്ങളായി സ്വീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നു. ലോകത്തിന്‍റെ നിലനില്പിനു തടസ്സമാകാത്ത എല്ലാ ദര്‍ശനങ്ങളെയും ഒരേ മനസ്സോടെ സ്വീകരിക്കാന്‍ അവര്‍ക്കു കഴിയും. എല്ലാ വിഭാഗീയതകളെയും ആ സമന്വയദര്‍ശനത്തില്‍ വിലയിപ്പിക്കാന്‍ കഴിയുമെന്ന് അറിവിന്‍റെ ഉള്‍ക്കാഴ്ച ലഭിച്ചവര്‍ ജീവിതം കൊണ്ട് തെളിയിച്ചിട്ടുണ്ട്. ജീവിതത്തെ കൂടുതല്‍ സുഗമവും പ്രശാന്തവുമാക്കാന്‍വേണ്ടി ഇന്നുവരെ ഉണ്ടായ എല്ലാ സ്നേഹാത്മാക്കളുടെയും ജീവിതത്തെ ആദരവോടെ സ്വീകരിക്കാനും അവര്‍ മൊഴിഞ്ഞത് ശ്രദ്ധയോടെ മനസ്സിലാക്കാനും ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ട്.
ബുദ്ധനെക്കാള്‍ മിടുക്കനാണോ മഹാവീരന്‍? ജീസസോ മുഹമ്മദോ ശരി? ശങ്കരനോ മധ്വനോ രാമാനുജനോ? ശാസ്ത്രമോ ശസ്ത്രമോ? ആത്മീയതയോ ഭൗതികതയോ? എന്നു തുടങ്ങിയുള്ള വാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇവര്‍ സമയം കളയാറില്ല. അറിയാനും അറിയിക്കാനുമാണ്, വാദിക്കാനും ജയിക്കാനുമല്ല അവര്‍ ശ്രമിച്ചത്. ശാസ്ത്രം ഉള്‍പ്പെടെയുള്ള എല്ലാ ദര്‍ശനങ്ങളും നമ്മുടെ ജീവിതത്തെ അനായാസമാക്കാന്‍, പ്രസാദാത്മകമാക്കാന്‍ സഹായകരമാണെന്ന് ഇവര്‍ക്കുറപ്പുണ്ട്. എന്നാല്‍ മനുഷ്യന്‍റെ അഹങ്കാരം നിറഞ്ഞ നിര്‍ബന്ധബുദ്ധി ഈ ദര്‍ശനങ്ങളിലെല്ലാം വിഷം കലക്കുന്നതും നാം കാണുന്നുണ്ട്. നിഷ്കളങ്കരായ മനുഷ്യര്‍പോലും ഈ മായാവലയത്തില്‍പ്പെട്ട് അക്രമാസക്തരായി മാറുന്നു. അവിവേകികളായി ഇരുളില്‍ തപ്പുന്നു. തൊട്ടടുത്തു നില്ക്കുന്നവന്‍ തന്‍റെ ശത്രുവാണെന്നു ധരിക്കുന്നു. ഈ ഇരുട്ടില്‍നിന്നും ജീവിതത്തെ രക്ഷിച്ചെടുക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. അപരനെ രക്ഷിച്ചെടുക്കേണ്ട കാര്യമല്ല നാം ഇവിടെ പറയുന്നത്. നമ്മെത്തന്നെ രക്ഷിക്കേണ്ട കാര്യമാണ്.
മനുഷ്യമേധയ്ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനോ മനസ്സിലാക്കാനോ കഴിയാത്തവിധം നിഗൂഢമാണ് ഈ പ്രപഞ്ചം. യുക്ത്യാതീതമായ ഈ സമസ്യയെ ആശ്ചര്യത്തോടെയും വിനയത്തോടെയും നാം സ്വീകരിക്കുമ്പോഴും യുക്തികൊണ്ടു മനസ്സിലാക്കാവുന്ന ഒരിടം നമ്മുടെ ജീവിതത്തിലുണ്ടെന്നും മനസ്സിലാക്കണം. വൈദ്യുതി കണ്ടുപിടിച്ച ഒരു ലോകത്ത് ഇനി പന്തം കൊളുത്തിവെച്ച് ആരും കഴിയേണ്ടതില്ല എന്നത് ഒരു സാധാരണ യുക്തിയാണ്. നമ്മുടെ മേധയ്ക്ക് അറിയാവുന്ന വിഷയങ്ങളില്‍ വിവേകപൂര്‍വ്വം വര്‍ത്തിക്കുകയും അറിയാനാവാത്തവയെ ആദരപൂര്‍വ്വം നമിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം അതിന്‍റെ സഹജനിലയില്‍ നമുക്ക് അനുഭവിക്കാനാവുക. അപ്പോഴാണ് നാം നമ്മെ സ്നേഹിച്ചു തുടങ്ങുക.
അപരനെ അറിയാനും സ്നേഹിക്കാനും കഴിയണമെങ്കില്‍ അവനവനെ സ്നേഹിക്കാനാകണം. സ്വയം സ്നേഹവും ആദരവും തോന്നുമ്പോഴാണ് നമുക്ക് ആകാശത്തെയും നക്ഷത്രങ്ങളെയും പൂക്കളെയും പുഴുക്കളെയും മലകളെയും കാണാനും ആസ്വദിക്കാനുമാവുക. നമ്മുടെ ദര്‍ശനങ്ങള്‍ പ്രത്യേകിച്ച് മതദര്‍ശനങ്ങള്‍ അപരനെ സ്നേഹിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയാറുണ്ടെങ്കിലും അവനവനെ കുറച്ചുകാണുന്ന തരത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. സ്വയം സ്നേഹവും ആദരവും തോന്നാത്തിടത്തോളം എങ്ങനെയാണ് അപ്പുറത്തിരിക്കുന്നവനെ സ്നേഹിക്കാനും ആദരിക്കാനും കഴിയുക?
അവനവനെ സ്നേഹിക്കുകയെന്നാല്‍ തന്‍റേമാത്രം സുഖത്തിനായി പ്രയത്നിക്കുകയെന്നല്ല നാം മനസ്സിലാക്കേണ്ടത്. നാം ഒരു വ്യക്തി മാത്രമല്ലെന്നും ഒരു മഹാസംവിധാനത്തിലെ ഏകകങ്ങളാണെന്നും അറിയേണ്ടതുണ്ട്. ഒരേസമയം ആഴിയും ഒപ്പം ഒരു തുള്ളി ജലവുമാണ് നാം. ആ അറിവില്‍നിന്നുണര്‍ന്നു വരുന്ന ഉത്തരവാദിത്വമാണ് തനിക്കു ചുറ്റുമുള്ളതിലേക്ക് പ്രസരിക്കാന്‍നമ്മെ പ്രേരിപ്പിക്കുക. അവിടെയാണ് സ്നേഹത്തിന്‍റെ സ്വാഭാവികത നാം അനുഭവിച്ചു തുടങ്ങുക. സ്നേഹം അപരന് ഒഴിച്ചു കൊടുക്കുന്ന ഔദാര്യമല്ലെന്നും അവനവന്‍റെ ഉണര്‍വ്വിനായുള്ള വഴിയാണെന്നും നാമറിയും. അനുഭവിക്കും. കൊടുക്കുന്നത്രതന്നെ മൂല്യം സ്വീകരിക്കുന്നതിലുമുണ്ടെന്ന് ഈ അറിവിലൂടെയാണ് നമുക്ക് മനസ്സിലാകുക. കൊടുക്കുന്നവര്‍ മീതെയും സ്വീകരിക്കുന്നവര്‍ താഴെയുമെന്ന മൂല്യബോധം അഴിഞ്ഞുവീണാലേ വിനയാന്വിതമായ സ്നേഹസ്പര്‍ശം നാം ഹൃദയത്തില്‍ അനുഭവിച്ചു തുടങ്ങുകയുള്ളൂ. ഈ പശ്ചാത്തലത്തെ ഹൃദയത്തില്‍വെച്ചുകൊണ്ടുവേണം സ്നേഹാദരങ്ങളുടെ ലോകങ്ങളെ നാം അടുത്തറിയാന്‍.
നാരായണഗുരുവിന്‍റെ ദര്‍ശനങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ നമുക്ക് അനുഭവിക്കാന്‍ കഴിയുന്നത് ലോകഗുരുക്കന്മാരുടെയെല്ലാം ദര്‍ശനങ്ങളുടെ സാരസംഗ്രഹം അദ്ദേഹത്തിലൂടെ പ്രവഹിക്കുന്നതാണ്. ഏതെങ്കിലും ഒരു ദര്‍ശനത്തെ സ്ഥാപിക്കുക എന്നതിലുപരി സര്‍വ്വദര്‍ശനങ്ങളിലും പൊരുളായിരിക്കുന്ന സ്നേഹസ്പര്‍ശത്തെ വെളിപ്പെടുത്തുകയെന്ന മഹത്തായ കര്‍മ്മമാണ് അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങളില്‍ അന്തര്‍ധാരയായിരിക്കുന്നത്. കാലാകാലങ്ങളായി ഉണര്‍ത്തിയിട്ടും ഉണര്‍ത്തിയിട്ടും ഉണര്‍ന്നിട്ടില്ലാത്ത നമ്മിലെ ഇരുള്‍നിറഞ്ഞ ഇടങ്ങളിലേക്ക് വെളിച്ചം വീശുകയാണദ്ദേഹം. ആകാശത്തോളം വലിയ ദര്‍ശനങ്ങളും വായിലൊതുങ്ങാത്ത മഹത്വാക്യങ്ങളും ഓരോരുത്തര്‍ക്കും ആവോളമുണ്ടെങ്കിലും തൊട്ടടുത്ത സഹോദരനെ ശത്രുവായിക്കാണുന്നതില്‍ ഒരു മനസ്താപവുമില്ലാത്ത നാം 'വിശ്വാസി' കളെ എങ്ങനെ കുറച്ചുകൂടി വെളിവുള്ള ആകാശങ്ങളിലേക്ക് ഉണര്‍ത്തിയെടുക്കാമെന്ന് ആ ദര്‍ശനങ്ങളിലൂടെ അറിയുന്നു.
എന്‍റെ ഇഷ്ടവും നിന്‍റെ ഇഷ്ടവും വേറെവേറെ ആയിരിക്കുന്നിടത്ത് അകല്‍ച്ച ആരംഭിക്കുകയായി. വൈരാഗ്യവും മാത്സര്യവും ഉണര്‍ന്നുവരികയായി. അതിനു പരിഹാരമായി ഒരാളുടെ ഇഷ്ടം വേറൊരാളുടെ ഇഷ്ടമായി മാറണമെന്നു പറഞ്ഞാല്‍ അസംബന്ധം പറയുന്നതായേ നമുക്കു തോന്നുകയുള്ളൂ. അതു സത്യമാണുതാനും. എന്നാല്‍ പ്രിയവിഷയങ്ങള്‍ വ്യത്യസ്തമായിരിക്കുന്നെങ്കിലും പ്രിയം എന്നത് ഒന്നുതന്നെയാണെന്ന കാര്യം നാം കാണാതെപോകുന്നുണ്ട്. അവനവന്‍റെ ഹൃദയത്തില്‍ ഉണര്‍ന്നിരിക്കുന്ന എന്തിനെയോ തൃപ്തിപ്പെടുത്താനായാണ് നാം ഓരോരോ വിഷയങ്ങളിലേക്ക് കടന്നുചെല്ലുന്നത്. ആ തൃപ്തിപ്പെടുത്തുന്ന ഇടം എല്ലാവര്‍ക്കും ഒന്നുതന്നെയാണ്. പ്രിയവിഷയങ്ങളെ പ്രിയമായി തെറ്റിദ്ധരിച്ചതുകൊണ്ടാണ് പല പ്രിയങ്ങള്‍ ഉണ്ടെന്നു നമുക്കുതോന്നുന്നത്. അതൊരു ഭ്രമമാണെന്നാണ് ഗുരു പറയുന്നത്. ആ ഭ്രമത്തില്‍ നിന്ന് മോചനം കിട്ടാന്‍ കുറച്ചുകൂടി അടുത്തുചെന്നുനിന്ന് വസ്തുതകളെ അറിയുകയാണു വേണ്ടത്.
ഒരാള്‍ മഞ്ഞ ഇഷ്ടപ്പെടുമ്പോള്‍ മറ്റൊരാള്‍ പച്ചയിലേക്ക് ആകൃഷ്ടനാകുന്നു. മറ്റൊരാള്‍ക്ക് ചുവപ്പിനോടാവാം പ്രിയം. ഇനിയുമൊരാള്‍ വയലറ്റിന്‍റെ മാസ്മരികതയിലാകും ലയിച്ചുപോവുക. ഇതില്‍ ഏതാണ് മികച്ച ഇഷ്ടം എന്നു ചോദിച്ചാല്‍ ആ ചോദ്യംതന്നെ തെറ്റാണെന്നേ പറയാനാകൂ. ഇവിടെ ഇഷ്ടം എന്ന ഉണര്‍വ്വ് ഒരേ ഭാവത്തോടെയാണിരിക്കുന്നത്. ഇഷ്ടവിഷയമേ പലതായിരിക്കുന്നുള്ളൂ എന്നു നാം അറിയണം. ആ അറിവ് ജീവിതത്തെ നരകതുല്യമാക്കുന്ന പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമായി മാറിയേക്കും.
ഒരാളുടെ പ്രിയം തന്നെയാണ് തന്‍റെയും പ്രിയമായിരിക്കുന്നതെന്നറിയുമ്പോള്‍ പരസ്പര ബഹുമാനത്തിന്‍റെ നനവ് ഹൃദയത്തില്‍ പടര്‍ന്നു തുടങ്ങും. അപ്പുറത്തിരിക്കുന്നവന്‍റെ ഹിതത്തെക്കൂടി ഉള്ളില്‍ കണ്ടുകൊണ്ടാകും പിന്നീട് നമ്മില്‍നിന്നു കര്‍മ്മങ്ങളെല്ലാം വിടര്‍ന്നുവരിക. അപ്പുറത്തിരിക്കുന്നവന്‍റെ നന്മകൂടി തന്‍റെ ശാന്തിക്ക് കാരണമാകുന്നുണ്ട്. അതുപോലെ നമ്മുടെ കര്‍മ്മം അപരനു ശാന്തി പ്രദാനം ചെയ്യുന്നതാകാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. എത്രയോ മഹാത്മാക്കളുടെ നിരന്തരപ്രയത്നത്തിന്‍റെ ഫലമാണ് ഇന്ന് എല്ലാ മേഖലകളിലും ശാന്തിയായി നാം അനുഭവിക്കുന്നത്. സ്വജീവിതമാകെ മനുഷ്യന്‍റെ നന്മയെമാത്രം ലക്ഷ്യമാക്കി നയിച്ചവരായിരുന്നു ഇന്ന് നമ്മുടെ ഹൃദയത്തെ പുല്കി നില്ക്കുന്ന എല്ലാ മഹത്തുക്കളും. അവിടെയായിരുന്നു അവര്‍ കൃതാര്‍ത്ഥത അനുഭവിച്ചിരുന്നത്. അത് അവര്‍ എന്തോ മഹത്തായ നന്മ ചെയ്യണമെന്നു കരുതി ചെയ്തതല്ല.
മറ്റുള്ളവരെ ചവിട്ടിമെതിച്ച് മുമ്പോട്ടുകുതിക്കുമ്പോള്‍ സുഖത്തെക്കാള്‍ ആധിയും അതൃപ്തിയും നിറഞ്ഞ ഇരുള്‍ മാത്രമെ അനുഭവിക്കാനാകൂ. അതിജീവിനത്തിന്‍റെയും മാത്സര്യത്തിന്‍റെയും കഥപറയുമ്പോള്‍ സമരത്തെക്കാള്‍ സഹകരണമാണ് ജീവനെയും ജീവിതത്തെയും സുസ്ഥിരമാക്കാന്‍ സഹായിക്കുന്നതെന്ന യാഥാര്‍ത്ഥ്യം നാം മറക്കാതിരിക്കണം. പരസ്പരാശ്രിതത്വത്തിന്‍റെ ലോകമാണ് ജീവന്‍റേത്. അവിടെ 'തനിയെ' എന്നത് അസംഭവ്യമാണ്. സാമൂഹികതയിലും അതേ തത്ത്വമാണ് സംഭവിക്കുന്നത്. ആ സംവിധാനത്തിന്‍റെ ഭാഗമായും എന്നാല്‍ സ്വവ്യക്തിത്വത്തെ മാനിച്ചും സ്വരലയപ്പെടാനായാലേ നമുക്ക് അനായാസതയുടെ അനുഗ്രഹം ലഭിക്കുകയുള്ളൂ. പരന്‍ അപരനാണെന്ന് തിരിച്ചറിയുന്നിടത്താണ് കര്‍മ്മങ്ങളെല്ലാം വ്യഷ്ടിഗതത്തെക്കാള്‍ സമഷ്ടിഗതമായിത്തീരുന്നത്. കൃപ സ്വാഭാവികഗുണമാകും. സര്‍വ്വരിലേക്കും പ്രവഹിക്കുന്ന കൃപയില്‍ 'ഞാന്‍' അപ്രസക്തമാകും. അതിനുള്ള ഉണര്‍വ്വുകളാണ് കാലാകാലങ്ങളില്‍ ഗുരുക്കന്മാര്‍ നമുക്കു പകര്‍ന്നുതന്നിട്ടുള്ളത്. അവരുടെ കര്‍മ്മലോകങ്ങളെ ശ്രദ്ധിച്ചാല്‍ അവിടെ 'അവര്‍' ഉണ്ടായിരുന്നില്ലെന്നു കാണാനാകും.
ആകെ പ്രപഞ്ചത്തെ പുല്കിനിന്നുകൊണ്ട് 'ഞാന്‍' വ്യവഹരിക്കുമ്പോള്‍ ആ ഞാനിന് പ്രപഞ്ചത്തോളം വിശാലത സംഭവിക്കും. ആ വിശാലതയുടെ സ്ഫുരണങ്ങളാണ് നിരന്തരപ്രയത്നമായി ആ കൃപാലുക്കളിലൂടെ ഒഴുകിയത്. എന്നാല്‍ അവനവനെമാത്രം കാണുന്ന ആളുകളാകട്ടെ അധോമുഖമായ കര്‍മ്മങ്ങളാല്‍ അവനവനുതന്നെ വിനയായിത്തീരുന്നു. മറ്റുള്ളവര്‍ക്കുവേണ്ടിയല്ല, മറിച്ച് അവനവനുവേണ്ടിയാണ് കര്‍മ്മമണ്ഡലം കൃപോന്മുഖമാക്കേണ്ടതെന്നു അറിയുമ്പോഴേ കര്‍മ്മം സഹജവും നന്മനിറഞ്ഞതുമായി മാറുകയുള്ളൂ. ഒരേ പൊരുളിന്‍റെ ഭാവാവിഷ്കാരങ്ങളാണ് സര്‍വ്വവും എന്ന വെളിവുണ്ടായാലേ നിസ്വാര്‍ത്ഥത ഉണര്‍ന്നുവരികയുള്ളൂ. അതിനുള്ള കൃപയാണ് അറിവിലൂടെ നാം ഉണര്‍ത്തിയെടുക്കേണ്ടത്. നമുക്ക് നന്മയും മറ്റുള്ളവര്‍ക്ക് വിഷമതയും ഉണ്ടാക്കുന്ന തരത്തിലുള്ള കര്‍മ്മങ്ങള്‍ ആത്മബോധത്തിന്‍റെ സ്വച്ഛതയ്ക്ക് തടസ്സമാകും. ജീവിതത്തെ നരകതുല്യമാക്കുന്നത് ഇത്തരം കര്‍മ്മങ്ങള്‍ തന്നെയാണ്.
കാലാകാലങ്ങളില്‍ വന്നുപിറന്ന മഹത്തുക്കളിലൂടെ കാലദേശാനുസൃതമായി ആവിഷ്ക്കരിക്കപ്പെട്ട ദര്‍ശനങ്ങള്‍ ബാഹ്യമായി വ്യത്യസ്തവും വൈരുദ്ധ്യവുമുള്ളതായി തോന്നിയാലും അകമേ ഒരൊറ്റ ലക്ഷ്യത്തെയാണ് കേന്ദ്രീകരിക്കുന്നത്. ആ അറിവില്‍ സദാ ശ്രദ്ധാന്വിതമായിരുന്നാലേ വാദങ്ങളാലും തര്‍ക്കങ്ങളാലും ശബ്ദമുഖരിതമായ യുക്തിയുടെ ലോകങ്ങളില്‍ ക്ഷീണിക്കാതെ, സമാധാനത്തോടെ സംയമികളായി നന്മയെമാത്രം ലക്ഷീകരിച്ച് ജീവിക്കാനാകൂ. അല്ലാത്തിടത്തോളം ഭ്രമബുദ്ധിക്കടിപ്പെട്ട് ഞാന്‍ ശരി മറ്റേതെല്ലാം തെറ്റ് എന്ന വാദത്തിന്‍റെ അസ്വസ്ഥതയില്‍ ജീവിതം ഹോമിക്കേണ്ടിവരും.
അവനവന്‍റെ ശരികള്‍ക്കുവേണ്ടി പരസ്പരം പൊരുതിപ്പൊരുതി ആരും ജയിക്കാതെ തുടരുന്ന ഒരു ലോകമാണ് നമുക്കു മുമ്പിലുള്ളത്. ചരിത്രത്തില്‍നിന്നു പാഠമുള്‍ക്കൊണ്ട് ഇനിയെങ്കിലും നാം ഉണര്‍ന്നെഴുന്നേറ്റേ മതിയാകൂ. മതങ്ങള്‍ തമ്മില്‍, ദര്‍ശനങ്ങള്‍ തമ്മില്‍, രാജ്യങ്ങള്‍ തമ്മില്‍, അയല്‍ക്കാര്‍ തമ്മില്‍, എന്തിന് വീട്ടിലുള്ള സഹോദരങ്ങള്‍ തമ്മില്‍ പോരടിച്ച് ഉറങ്ങാത്ത രാത്രികള്‍ ഒരുപാടു നാം പിന്നിട്ടുകഴിഞ്ഞു. ഒന്നു മറ്റൊന്നിനോടു പൊരുതി ജയിക്കുകയെന്നത് അസാദ്ധ്യമാണെന്നറിഞ്ഞ് വിനയാന്വിതരായാലേ ഉണര്‍വ്വോടെ ജീവിച്ച് കൃതാര്‍ത്ഥരായി അരങ്ങൊഴിയാന്‍ നമുക്കാകൂ. അതിനുള്ള സാമാന്യബുദ്ധി ഉണര്‍ത്തിയെടുക്കാനെങ്കിലും നമുക്കായെങ്കിലെന്നാണ് ഗുരു പ്രാര്‍ത്ഥിക്കുന്നത്.
ഒരു മതത്തിനും വേറൊരു മതത്തെ പൊരുതിത്തോല്‍പ്പിക്കാന്‍ കഴിയുകയില്ല. തോല്‍പ്പിക്കാന്‍ ശ്രമിക്കുംതോറും ശക്തിപ്രാപിച്ചു വരികയേയുള്ളൂ. യുക്തിപരമായാലും ശക്തിപരമായാലും. അതാണ് നാം ഇന്ന് ലോകത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഒരിറ്റു രക്തത്തില്‍നിന്ന് ആയിരം ശത്രുക്കള്‍ ഉണ്ടാവുകയേയുള്ളൂ. ഒരു തര്‍ക്കത്തില്‍നിന്ന് വേറൊരു മതമേ ഉണ്ടാകൂ. ഒരു മതത്തില്‍ത്തന്നെ അനേകം വിഭാഗങ്ങള്‍ ഉണ്ടായി വരുന്നത് നാം കാണുന്നുണ്ടല്ലോ. അതിനാല്‍ പൊരുതിപ്പൊരുതി സ്വയം വിഭജിക്കാതെയും നശിക്കാതെയും സ്വജീവിതത്തെ വിവേകപൂര്‍ണ്ണമാക്കുകയാണു വേണ്ടത്.
അവരവര്‍ പറയുന്നതാണ് ശരിയെന്ന് തര്‍ക്കിക്കുമ്പോള്‍ ഒരേ ശരിയാണ് എല്ലാവരും പറയാന്‍ ശ്രമിക്കുന്നതെന്ന കാര്യം മറന്നുപോകുന്നു. വാദങ്ങളെല്ലാം ഒഴിഞ്ഞ ബോധങ്ങള്‍ക്കേ ആ ദര്‍ശനമഹിമ അനുഭവിക്കാനും അറിയുവാനും കഴിയൂ. എല്ലാവരും ആത്മസുഖത്തിനായി പല വഴികളില്‍ അന്വേഷിച്ചുകൊണ്ടേയിരിക്കയാണെന്നും ആ മതം ലോകത്ത് ഏകമാണെന്നും അറിഞ്ഞ് ഉള്ളടക്കി ശാന്തി കൈവിടാതെ ജീവിച്ചുതുടങ്ങുകയാണ് വേണ്ടത്. അവിടെയേ ആദരവിന്‍റെ നനവ് ഹൃദയങ്ങളില്‍ പടര്‍ന്നു തുടങ്ങുകയുള്ളൂ.
മനുഷ്യജീവിതത്തെ സ്നേഹമസൃണമാക്കാന്‍ സംഭവിച്ച മതങ്ങളെല്ലാം എന്നത്തെയുംപോലെ അക്രമത്തിന്‍റെയും ചൂഷണത്തിന്‍റെയും ലോകങ്ങളില്‍ അഴിഞ്ഞാടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എവിടെ നോക്കിയാലും അസഹിഷ്ണുതയുടെയും അരാജകത്വത്തിന്‍റെയും ഇരുള്‍ച്ചുഴികള്‍ മാത്രം. എല്ലാവര്‍ക്കും അവരവരുടെ ചെയ്തികളെ ന്യായീകരിക്കാന്‍ ആവശ്യത്തിലധികം പ്രമാണങ്ങളുണ്ട്. എന്നാല്‍ 'ഞാന്‍' എന്നും 'നീ' എന്നും പറഞ്ഞ് പരസ്പരം തല്ലിച്ചാകുന്ന മനുഷ്യരെ കാണുമ്പോള്‍ ഈ ഭൂമിയില്‍ മനുഷ്യന്‍ ഇല്ലാതിരുന്നെങ്കില്‍ മിണ്ടാപ്രാണികളായ ജീവികള്‍ക്ക് അവരുടെ ജന്മാവകാശമായ സ്വാതന്ത്ര്യം അനുഭവിച്ചു ജീവിക്കാമായിരുന്നല്ലോ എന്ന് നാരായണഗുരു പറഞ്ഞ വാക്കുകളാണ് ഓര്‍മ്മവരുന്നത്.
സമൂഹജീവിയായ മനുഷ്യനെ സ്വാധീനിക്കുകയും ഭരിക്കുകയും ചെയ്യുന്നത് വ്യക്തിതാല്‍പര്യങ്ങളേക്കാള്‍ സാമൂഹ്യതാല്‍പര്യങ്ങളാണ്. സംഘത്തിന്‍റെ പൊതുതാല്‍പര്യങ്ങള്‍ക്കു മുമ്പില്‍ പലപ്പോഴും അവന്‍റെ ബുദ്ധി അന്ധമായിപ്പോകുന്നു. ആകെ മനുഷ്യരുടെ ആവേശങ്ങള്‍ക്കിടയില്‍ അവന്‍റെ ഹൃദയസ്വരം അടഞ്ഞുപോകുന്നു. ആവേശത്തിനടിപ്പെട്ട് അക്രമാസക്തരാകുന്ന മനുഷ്യര്‍ ഏകാന്തതകളില്‍ ചെയ്തുപോയ തെറ്റിനെയോര്‍ത്ത് വിലപിക്കാതിരിക്കുകയില്ല. വിഭാഗീയതയുടെ കാലുഷ്യം ബാധിച്ച ബോധങ്ങളെ യാഥാര്‍ത്ഥ്യത്തിലേക്കു നയിക്കാന്‍ നാം ആഗ്രഹിക്കുന്നെങ്കില്‍ അവരെ ഉപദേശിക്കാന്‍ ശ്രമിക്കാതെ ഒന്നു നടക്കാന്‍ ക്ഷണിക്കാനാണ് ഗുരു നിത്യ പറയുക.
വെറുതെ കടല്‍ത്തീരത്തോ മലമുകളിലോ അവരോടൊപ്പം നടക്കാന്‍ പോകുക. ഒന്നും സംസാരിക്കേണ്ട. ആകാശവിശാലതയും മന്ദമാരുതനും അവരോടു സംസാരിച്ചുകൊള്ളും. നാം വെറുതെ അവര്‍ക്കു കൂട്ടുപോയാല്‍ മതി. നമ്മുടെ ഹൃദയം അവരോടുള്ള അനുകമ്പയാല്‍ നിറഞ്ഞിരിക്കട്ടെ. ശാന്തമായ ഒരിടത്ത് അവരുമൊത്തിരിക്കുക. ഒരു ചായ വാങ്ങിക്കൊടുത്ത് അവരുടെ ഹൃദയവ്യഥകള്‍ നമ്മോടു പങ്കുവയ്ക്കാന്‍ അനുവദിക്കുക. അവര്‍ക്കു സമയം കൊടുക്കുക. അവര്‍ സംസാരിക്കട്ടെ. നമുക്ക് മൗനമായിരിക്കാം. സ്വകാര്യജീവിതത്തില്‍ അവരനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അവര്‍ പങ്കുവയ്ക്കുമ്പോള്‍ സ്നേഹപൂര്‍വ്വം അവരുടെ ചുമലില്‍ സ്പര്‍ശിക്കുക. സാരമില്ല. ഞാനുണ്ട് കൂടെ എന്ന് സൗമ്യമായി അവരോടു പറയുക. സ്നേഹംനിറഞ്ഞ ഹൃദയത്തോടെയാണ് നാം അതു പറയുന്നതെങ്കില്‍ അവരുടെ കണ്ണു നിറയുന്നത് നമുക്ക് കാണാനാകും. അത്രയും മതി. അതുവരെ അന്യനെന്നു കരുതിയിരുന്ന നാം അവര്‍ക്ക് ആത്മമിത്രമാകും. അപരനില്‍ തന്നെത്തന്നെ കാണാനുള്ള ഹൃദയവിശാലത അവിടെ ഉണര്‍ന്നു വരും. സ്നേഹപൂര്‍വ്വമുള്ള ഇടപെടലുകളിലൂടെ മാത്രമെ അതിര്‍വരമ്പുകള്‍ അറ്റുവീഴുകയുള്ളൂവെന്ന് നാം അറിയും. എല്ലാവരും ആഗ്രഹിക്കുന്നത് ശാന്തമായ ഒരുള്ളമാണെന്ന് അതനുഭവിക്കുമ്പോഴേ അറിയാനാകൂ. അങ്ങനെയൊരു ശാന്തിയിലേക്ക് ഒരാളെ നയിക്കാനായാല്‍ അയാളോട് എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനമാണെന്നും ആ മതം ഏകമാണെന്നും പിന്നീട് പറഞ്ഞു കൊടുക്കേണ്ടി വരികയില്ല.
ഗുരു നിത്യ അദ്ദേഹത്തിന്‍റെ ആത്മോപദേശ ശതക ധ്യാനത്തില്‍ എഴുതിയ രണ്ടു കഥകളാണ് ഓര്‍മ്മ വരുന്നത്. ഒരു കുളത്തില്‍ മത്സ്യങ്ങളോടൊപ്പം നീന്തി നടക്കുന്ന ഒരു ആമ ഒരു ദിവസം കരയ്ക്കുകയറി കുറച്ചുനേരം നടന്നിട്ട് മടങ്ങിച്ചെന്ന് കുളത്തിലെ മത്സ്യങ്ങളോട്, "ഞാന്‍ കരയ്ക്കു നടക്കാന്‍ പോയി' എന്നു പറഞ്ഞു. എന്നാല്‍ മത്സ്യങ്ങള്‍ വിചാരിച്ചത് ആമ കുറെ സമയം കരയ്ക്കു നീന്താന്‍പോയി എന്നാണ്. നമ്മുടെ നിറംപിടിപ്പിച്ച കണ്ണാടിയില്‍ക്കൂടി നാം മറ്റുള്ളവരെ വിലയിരുത്തുന്നത് ഇതുപോലെയാണ്. നമ്മുടെ അനുഭവത്തിലിരിക്കുന്നതിനുപരിയായി ഒന്നുമില്ല എന്ന അന്ധമായ വിശ്വാസമാണ് നമ്മെ നയിക്കുന്നത്.
മാനസസരോവരത്തില്‍ താമരത്തേന്‍ കുടിച്ചും പൂമ്പൊടിയുണ്ടും ജീവിച്ചിരുന്ന ഒരു ഹംസം ഒരിക്കല്‍ നാട്ടുമ്പുറത്തുള്ള ഒരു പൊട്ടക്കുളത്തില്‍ വരികയുണ്ടായി. അപ്പോള്‍ അവിടെയുണ്ടായിരുന്ന കൊറ്റികള്‍ അടുത്തുകൂടി ദേവലോകത്തിലെ സുഖസൗകര്യങ്ങളെപ്പറ്റി അന്വേഷിച്ചു. ഹംസം പറഞ്ഞതൊന്നും കൊറ്റികള്‍ക്ക് അത്ര വലിയ കാര്യമായി തോന്നിയില്ല. അതിലൊരു കൊറ്റി അക്ഷമനായി ചോദിച്ചു: ആകട്ടെ അവിടെ നത്തയ്ക്കയുണ്ടോ? ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് ഒരു മതവിശ്വാസി വേറൊരു മതവിശ്വാസിയോടു ചോദിക്കുന്നത്. എത്ര അപഹാസ്യമാണിത്!
ഒരു മതത്തിന് മറ്റു മതങ്ങളെല്ലാം നിന്ദ്യമാണ്. ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റായി മാറുന്നു. എന്നാല്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണോടിക്കുമ്പോഴാണ് ഇതെല്ലാം വികാരത്തിനടിപ്പെട്ട മനസ്സിന്‍റെ ഭ്രാന്തമായ ചേഷ്ടകളാണെന്ന് മനസ്സിലാകുക. ശാന്തമായി ആലോചിച്ചു നോക്കുക. ദൈവത്തിന് ആരോടെങ്കിലും വിവേചനം കാണിക്കാന്‍ കഴിയുമോ? ആകാശത്തുണര്‍ന്നു വരുന്ന സൂര്യന്‍ മതമോ ജാതിയോ നോക്കിയാണോ തന്‍റെ പ്രകാശത്തെയും ഊര്‍ജ്ജത്തെയും ലോകരിലേക്ക് പ്രസരിപ്പിക്കുന്നത്. എങ്ങുന്നോ അടിച്ചു വരുന്ന തെന്നല്‍ ആരെയെങ്കിലും പ്രത്യേകം തെരഞ്ഞെടുത്താണോ തഴുകിയൊഴുകുന്നത്. ഗംഗാനദി ഇനി ഞാന്‍ ഹിന്ദുവിലേക്കേ ഒഴുകൂ എന്നു പറയുന്നുണ്ടോ? നമസ്കരിക്കാനായി നിങ്ങള്‍ വിരിച്ചിടുന്ന പായ ആരാണ് നെയ്തത്? നാം ദൈനംദിനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്ലാറ്റിലും സര്‍വ്വ മനുഷ്യരുടെയും വിയര്‍പ്പും അദ്ധ്വാനവുമാണുള്ളതെന്ന് നാം ആലോചിക്കാറുണ്ടോ? എവിയെടാണ് പിന്നെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും? മനുഷ്യനെ മനുഷ്യനായി കാണാനും എല്ലാറ്റിലും നിറഞ്ഞിരിക്കുന്ന സത്യം ഏകമാണെന്നറിയാനും കഴിഞ്ഞാലെ സമാധാനമുണ്ടാകു.
എല്ലാവരും പറയുന്നു ഒരു ദൈവമേ ഉള്ളൂ എന്ന്. എന്നാല്‍ അവര്‍ പറയുന്ന ദൈവമാണ് ശരിയായ ദൈവമെന്ന് ബുദ്ധിഹീനന്മാരെപ്പോലെ വിളിച്ചുപറയുകയും ചെയ്യുന്നു. എല്ലാവരും ശ്രമിക്കുന്നത് ഒരേ സത്യത്തെ വെളിപ്പെടുത്താനാണെന്ന കാര്യം ഈ തര്‍ക്കത്തിനിടയില്‍ നാം മറന്നുപോകുന്നു. വിവേകം നശിച്ച് വികാരത്തിനടിമയായതിന്‍റെ ലക്ഷണമാണത്. മുമ്പോട്ടുമുമ്പോട്ടു പോകുംതോറും ദൈവവും കരുണയും സത്യവുമെല്ലാം അകന്നുമറയുന്നു. പിന്നെ ഞങ്ങളും നിങ്ങളും മാത്രമേയുള്ളൂ. അവിടെ പിന്നെ അടിയും പിടിയും മാത്രം. എന്തിനാണ് ഞാന്‍ ഇങ്ങനെ അക്രമിയാകുന്നതെന്ന് ഒരിക്കലും അവന്‍ സ്വയം ചോദിക്കുന്നില്ല. കാരുണികനും ദയാപരനുമായ ദൈവത്തിനു വേണ്ടിയാണ് ഞാന്‍ യുദ്ധം ചെയ്യുന്നതെന്നു പറയുന്നവന്‍ യുദ്ധം കരുണയോ ദയയോ അല്ല എന്ന കാര്യം മറന്നുപോകുന്നു. സര്‍വ്വനാശത്തിന്‍റെ വിത്തു വിതയ്ക്കാനേ യുദ്ധം എന്നും കാരണമായിട്ടുള്ളൂവെന്ന ചരിത്രസത്യം അവര്‍ കാണാതെ പോകുന്നു. ദൈവത്തിന്‍റെ വേഷം ധരിച്ച ചെകുത്താന്‍റെ വാക്കുകളാണ് നമുക്കു പ്രമാണം. എല്ലാം സൃഷ്ടികള്‍ക്കും കാരണമായിരിക്കുന്ന കാരുണ്യത്തിന് എങ്ങനെ പരസ്പരം യുദ്ധം ചെയ്യുന്നതിനെ അംഗീകരിക്കാനാവും.
അനുഗൃഹീതമായ ഒരു ജീവിതത്തിന്‍റെ ഉടമകളാണു നാം. അതു തമ്മില്‍ത്തമ്മില്‍ പോരടിച്ച് കലുഷമാക്കേണ്ടതല്ല. വൈവിധ്യങ്ങളും വൈചിത്ര്യങ്ങളും സൃഷ്ടികളില്‍ സ്വാഭാവികമാണ്. ഒരു പൂന്തോട്ടത്തില്‍ വിവിധയിനത്തിലുള്ള, വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വിടര്‍ന്നു പുഞ്ചിരിക്കുന്നത് ആഹ്ലാദജനകമാണ്. അതുകൊണ്ട് ഒരു ദോഷവും ആര്‍ക്കുമില്ല. എല്ലാ പൂക്കളും ഒരേ ജാതിയിലും ഒരേ വര്‍ണ്ണത്തിലും ആകണമെന്നു നിര്‍ബന്ധം പിടിക്കുന്നവര്‍ പ്രകൃതിയെ അറിയാത്തവരാണ്. അങ്ങനെ ഒരറിവുണ്ടായാലേ വിഭാഗീയതകളുടെ ഇരുള്‍വലയത്തില്‍നിന്നു നമുക്കു രക്ഷ ലഭിക്കുകയുള്ളൂ. അതിനുള്ള വിവേകം നമ്മുടെയെല്ലാം ബോധത്തില്‍ വിടര്‍ന്നിരുന്നെങ്കില്‍!
Featured Posts
bottom of page