top of page
പ്രണയം വ്രതനിഷ്ഠയോടെയുള്ള മറ്റൊരു സന്ന്യാസമാണ്, ദൈവത്തോടടുക്കുന്ന ഒരു സനാതനവികാരമാണ്. ആത്മീയതയെയും ശാരീരികതയെയും അതു സ്പര്‍ശിക്കുന്നു. ആ അനുഭവഹര്‍ഷങ്ങള്‍ മനുഷ്യനില്‍ നിത്യവിസ്മയങ്ങളാകുന്നു. പ്രണയമില്ലാത്ത കാലം നിഷ്ഠൂരതകളുടേതാണ്. പ്രണയകാലം ഹിംസക്കു മീതെ ഹരിതം പെയ്യുന്ന മഴക്കാലമാണ്. നിറയാനും മറയാനും കലങ്ങാനുമുള്ള കാലമാണ്. ചൂടും തണുപ്പും മാറിമാറി അനുഭവിച്ച് ഓരോ പ്രണയിയും ഋതുഭേദങ്ങളിലൂടെ സൗഖ്യവാനാകുന്നു. ഹരിതഭംഗികളോടെ പൂര്‍ണരാകുന്നു.
ഭൂമിയിലേക്ക് അടര്‍ന്നുവീണ സ്വര്‍ഗത്തിന്‍റെ ഒരു തുണ്ടാണ് പ്രണയം. പ്രണയത്തിനുവേണ്ടി വേദപുസ്തകം, ഒരു പ്രണയപുസ്തകംതന്നെ കരുതിവച്ചിട്ടുണ്ട്. അതിന്‍റെ പ്രഥമ കാരണം അതു വിശ്വാസവുമായി ബന്ധപ്പെട്ട കാര്യം ആണെന്നുള്ളതുകൊണ്ടാണ്. വിശ്വാസത്തിനു ബൈബിള്‍ നല്‍കുന്ന നിര്‍വ്വചനം: കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവും പ്രതീക്ഷിക്കുന്നവ ലഭിക്കും എന്ന ഉറപ്പും എന്നാണ്. ദൈവത്തെയാണ് ഓരോ മനുഷ്യനും തേടുന്നത്. എന്താണ് ദൈവം? ദൈവം സ്നേഹമാണ്, പ്രണയമാണ് ദൈവം.
പ്രണയം ഒരു സാധ്യതയാണ്. ആദി നന്മയിലേക്കുള്ള മടക്കയാത്ര. പഴയനിയമത്തില്‍ ഏദന്‍തോട്ടത്തില്‍ ദൈവത്തോടൊത്തുള്ള ഒരു സായാഹ്നസവാരിയാണ് അതെങ്കില്‍, പുതിയ നിയമത്തില്‍ ദൈവം മനുഷ്യനെത്തേടി വരുന്നു. എന്നിട്ട് അവന്‍ ഉറക്കെ വിളിച്ചുപറയുന്നു: "ലോകാവസാനത്തോളം ഞാന്‍ നിന്നോടുകൂടെയുണ്ട്." ഏതൊരു പ്രണയിയും കേള്‍ക്കാനും പറയാനും ആഗ്രഹിക്കുന്ന പ്രണയം പതഞ്ഞൊഴുകുന്ന വാക്യവും ഇതുതന്നെ: ഞാന്‍ നിന്നോടുകൂടെയുണ്ട്. ഇതുതന്നെയാണ് 'പാട്ടുകളിലെ പാട്ടി'ലെ പ്രിയയും പ്രിയനും പറയുന്നത്: "ഞാന്‍ എന്‍റെ പ്രിയന്‍റേതും; അവന്‍ എന്‍റേതുമാണ്." ഈ പരിപൂര്‍ണ സമര്‍പ്പണമാണ് പ്രണയം നല്കുന്ന സ്വര്‍ഗ്ഗം.
പ്രണയിക്കുമ്പോള്‍ നാമൊരു യാത്ര പോവുകയാണ്. യാത്ര പോകുമ്പോള്‍ നാം പ്രണയിക്കുകയുമാണ്. അകത്താണ് യാത്രയുടെ ചടുലതയാകവെ. ഈ മഹായാത്രയില്‍ നടന്നുപോകലും വീണുപോകലും പ്രാപ്യതയിലെത്തലും എല്ലാമുണ്ട്. റോഡിന്‍ എന്ന കലാകാരന്‍റെ ഒരു ശില്പമുണ്ട് - പരസ്പരം കൈകള്‍ നീട്ടി ആഞ്ഞുമുന്നേറുന്ന പ്രണയികളുടെ. എന്നെങ്കിലുമൊരിക്കല്‍ നീ എന്നിലും ഞാന്‍ നിന്നിലും ചേര്‍ന്നലിഞ്ഞ് ഒന്നായിത്തീര്‍ന്ന് പൊന്നായി തിളങ്ങുമെന്ന പ്രത്യാശയോടെ അവര്‍ കാത്തുനില്ക്കുന്നു.ഓരോ പ്രണയിയും സാമ്യങ്ങളേതുമില്ലാത്ത ഓരോ ആളാണ്. പ്രണയം ജീവിതത്തിന്‍റെ സമരമാര്‍ഗങ്ങളും സ്വാതന്ത്ര്യമാര്‍ഗവും സാക്ഷാത്കരിക്കപ്പെടുന്ന ഉന്നതമായ അവസ്ഥയുമാണെന്നു തിരിച്ചറിയുമ്പോള്‍ പ്രണയത്തില്‍ അറിയാതെ വീണുപോകുന്നു. പ്രണയിനിയുടെ ശ്രദ്ധ തന്നില്‍ വന്നുവീഴാന്‍ മാത്രം ഒന്നും തന്നിലില്ലെന്ന് ഓര്‍ത്ത് ഉള്ളില്‍ ഒരു തീ പുകഞ്ഞുപോയി എന്നാണ് പ്രണയത്തിന്‍റെ ഓരോ ഘട്ടത്തിലും ഓരോരുത്തരും ചിന്തിക്കുക. ശിരസ്സ് കാല്‍മുട്ടോളം കുനിച്ച് ഒരാള്‍ മറ്റൊരാളെ നമസ്കരിക്കാന്‍ തക്കവിധമുള്ള ആദരവ് പരസ്പരം കാണിക്കും. അപരനു നിങ്ങളേക്കാള്‍ ഇരട്ടി വലിപ്പമുണ്ടെന്ന് ഓരോ പ്രണയകാലവും പറയാതെ പറയുന്നുണ്ട്. താരതമ്യങ്ങളറ്റ പ്രണയത്തിന്‍റെ സഹജമായ പ്രകാശനത്താലെ അവര്‍ ജീവിതത്തെ മറികടക്കുന്നു.
പ്രണയിക്കുമ്പോള്‍ ഒറ്റക്കാഴ്ചയായി പരസ്പരം ഉന്നമാകുന്നു. പ്രണയിക്കാന്‍ എനിക്ക് എന്നെ മതിയാവില്ലെന്നും എല്ലാ ആവിഷ്കാരങ്ങളും അപൂര്‍ണമാകുന്നുവെന്നും ഏതോ പരിപൂര്‍ണതയിലേക്ക് ഞാന്‍ നിന്നിലൂടെയും നീ എന്നിലൂടെയും കുതറിക്കുതിച്ചു കൊണ്ടിരിക്കുകയാണെന്നും നീ വറ്റിപ്പോകാത്ത നദിയാണെന്നും ഞാന്‍ കെട്ടുപോകാത്ത തീയാണെന്നും ഒരു പ്രണയി പ്രഖ്യാപിക്കുന്നിടത്താണ് പ്രണയം അതിന്‍റെ ഉത്സവം ആഘോഷിക്കുന്നത്.
കാലാന്തരങ്ങളില്‍ പ്രണയസങ്കല്പങ്ങള്‍ അടിമുടി മാറിപ്പോയിരിക്കുന്നു. സ്നേഹിക്കാതിരുന്നെങ്കില്‍ പ്രാണനില്‍ പരിക്കേല്ക്കില്ലായിരുന്നു! മേഘങ്ങള്‍ക്കിടയിലേക്ക് വെള്ളില്‍പ്പറവകള്‍ എന്നപോലെ പ്രണയികള്‍ മറഞ്ഞുകൊണ്ടിരിക്കുകയാണ്. 'പൊന്‍ചെമ്പകം പൂത്ത കരളു പണ്ടേ കരിഞ്ഞുപോയി.' പ്രണയം ഒരര്‍ത്ഥത്തില്‍ ഒരു ബലിയാണ്. അത്തരം ബലിയില്‍ വിരക്തി പൂണ്ട ഒരു തലമുറ പ്രണയപ്പകയുടെ ബലിച്ചോരയില്‍ സ്നാനം ചെയ്യുന്നു. ഗ്രാമീണാനുരാഗങ്ങള്‍ നാഗരികതയില്‍ ചത്തടിഞ്ഞു. കാഡ്ബറീസ് പോലെ ക്ഷണനേരംകൊണ്ട് നുണച്ചിറക്കാവുന്ന ഒന്നായി പ്രണയത്തെ പുതുക്കിയെടുത്തു. ഓര്‍മ്മകളില്‍ കന്യകമാരുടെ നവാനുരാഗങ്ങള്‍ യുക്തിഭദ്രമായിരുന്നു. എന്നാല്‍ ഇന്ന് കമ്രശോണ വളകളൊന്നും ഉടയുന്നില്ല, കുപ്പിവളകിലുക്കമില്ല, കാല്‍ത്തളകള്‍ കിലുങ്ങുന്നില്ല. ബാല്യത്തിന്‍റെ പള്ളിക്കൂടങ്ങളിലോ, നാട്ടിടവഴികളിലോ മുറിഞ്ഞും പിണഞ്ഞും അനുരാഗം കൈമാറിയ പഴയ ഗ്രാമീണകമിതാക്കള്‍ ചരിത്രത്തില്‍ മറഞ്ഞുകിടപ്പായി. പരത്തിയിട്ട മുടിച്ചുരുളുകളില്‍ നിന്നൊഴുകുന്ന വെന്ത നാളീകേരത്തിന്‍റെ സുഗന്ധം രവിവര്‍മ്മച്ചിത്രത്തിലെ ഓര്‍മ്മ മാത്രമായി.
സ്മാര്‍ട്ട്ഫോണുകളുടെയും സോഷ്യന്‍ മീഡിയയുടെയും സജീവസാന്നിധ്യത്തില്‍ 'പ്രണയസാധ്യത' വളരെ കൂടുതലാണ്. അതേപോലെ തന്നെ ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കില്‍ തച്ചുടയ്ക്കുകയോ, തകിടം മറിക്കുകയോ, ഇല്ലാതാക്കുകയോ ചെയ്യുന്ന അപകടം നിറഞ്ഞ മാനസികാവസ്ഥകളും കൂടി വരുന്നു. തുടങ്ങാനെളുപ്പം, നിര്‍ത്താന്‍ കഴിയുന്നില്ല എന്ന യുദ്ധനിര്‍വ്വചനം പോലെ ആയിരിക്കുന്നു പ്രണയം. കാഴ്ചയുടെ ഭ്രമങ്ങളെ പ്രണയമെന്ന് തെറ്റിദ്ധരിക്കുന്നു. പ്രണയദിനങ്ങളുടെ ആഘോഷങ്ങളില്‍ കൈമാറുന്ന കാര്‍ഡിനൊപ്പം കത്തിയും, പൂവിനൊപ്പം ചോരക്കൊതിയും ഒളിപ്പിച്ചുവച്ചിരിക്കുന്നു. വികലമാക്കുന്ന വികൃതിയുടെ ഉടമകളല്ല, വിശുദ്ധമായ സുകൃതിയുടെ ഉടമകളാണ് നിത്യപ്രണയിനികള്‍. 'ദൈവമേ. മാംസളമായൊരു ഹൃദയമെനിക്കു നല്കുക.' 'ഞാന്‍ എന്‍റെ പ്രിയന്‍റെയും അവന്‍ എന്‍റേതും മാത്രമാണ്.' 'ഞാന്‍ നിന്നോടു കൂടെയുണ്ട്.' I am with you! ഇതല്ലാതെ മറ്റെന്താണ് പ്രണയം!
Featured Posts
bottom of page