top of page

മഡാഡായോ

Apr 1, 2012

2 min read

രവി പാലാ
The movie poster of  the Japanese movie 'Madadayo'
The movie poster of the Japanese movie 'Madadayo'

അകിരാ കുറോസാവാ

ജ: 23 മാര്‍ച്ച് 1910

മ: 6 സെപ്തംബര്‍ 1998


എക്കാലവും സിനിമാ സംവിധായകരില്‍ അഗ്രിമസ്ഥാനിയാണ് ജപ്പാന്‍ സിനിമാ സംവിധായകന്‍ അകിരാ കുറോസാവാ. അദ്ദേഹത്തിന്‍റെ 30-ാമത്തെയും അവസാനത്തേതുമായ ചലച്ചിത്രമാണ് മഡാഡായോ (1993). ഗ്രന്ഥകാരനും വിദ്യാഭ്യാസപ്രവര്‍ത്തകനുമായിരുന്ന ഹലാക്കണ്‍ ഉച്ചിദാ (1889-1971)യുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം. കുറോസാവായുടെ ഏതാണ്ട് ആറു ദശാബ്ദക്കാലത്തെ സിനിമാരംഗം അവസാനിക്കുന്നത് 83-ാം വയസ്സില്‍ സംവിധാനം ചെയ്തു നിര്‍മ്മിച്ച മഡഡായോടു കൂടിയാണ്. ചിത്രത്തിന്‍റെ പേരുപോലും മരണത്തിന് എതിരായി ശബ്ദിക്കുന്നു. പ്രായമായ മനുഷ്യന്‍റെ ജീവിതബാക്കി സുന്ദരമായിക്കാണുന്ന സങ്കല്പം. അതില്‍ ഊറിച്ചിരിക്കുന്ന ആനന്ദം.

രണ്ടാം ലോകമഹായുദ്ധകാലത്തിന് തൊട്ടുമുമ്പ് (1943) ജര്‍മ്മന്‍ പ്രൊഫസര്‍ സ്ഥാനം രാജിവച്ച് പിരിയുന്ന രംഗത്തോടുകൂടി ചിത്രം തുടങ്ങുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യഗണത്തിന്‍റെ ആദരവും സ്നേഹബഹുമാനങ്ങളും തേടി ശേഷിക്കുന്ന ആയുഷ്ക്കാലമാണ് കഥാഭാഗം. ഇംഗ്ലീഷില്‍ Not yet (ഇനിയുമായിട്ടില്ല) എന്ന പ്രയോഗമാണ് ജപ്പാന്‍ ഭാഷയില്‍ 'മഡഡായോ' മരിക്കാന്‍ നേരമായിട്ടില്ല പോലും. എല്ലാവര്‍ഷവും ഇദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍ ഒത്തുകൂടുന്ന ശിഷ്യര്‍ ചോദിക്കും "മാഡാക്കായി?" (എന്താ തയ്യാറായോ?) വലിയ കോപ്പയിലെ ബിയര്‍ വലിച്ചുകുടിച്ച് അദ്ദേഹം പറയും: "മഡാഡായോ" (ഇനിയുമായിട്ടില്ല) മരണം വളരെ അടുത്താണ് എന്നാലും ജീവിതം തുടര്‍ന്നും ഒഴുകിക്കൊണ്ടിരിക്കുന്നു. കടന്നുപോകുന്ന ജന്മദിനാഘോഷങ്ങള്‍ക്കിടക്ക് പുതിയ വീട്ടിലേക്കുള്ള മാറിത്താമസം, നഷ്ടപ്പെട്ട പൂച്ചയുടെ കാര്യങ്ങള്‍, അവസാനമായി എല്ലാവരുടെയും മക്കളും കൊച്ചുമക്കളും ഉള്‍പ്പെട്ട കുടുംബമേള, എല്ലാമെല്ലാം നാം കൂടി പങ്കെടുക്കുന്ന ചടങ്ങുകളായി അനുഭവപ്പെടുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ മനുഷ്യന്‍റെ വികാരങ്ങളുടെ സമൂര്‍ത്തമായ ആവിഷ്കാരം. അവസാനഭാഗത്തെ മേഘാലംകൃതമായ ആകാശം കുറോസാവായുടെ തന്നെ ഒരു പെയിന്‍റിംഗ് ആണ്. അതും അന്‍റോണിയോ വിവാള്‍ഡിയുടെ 9-ാം ഗീതത്തിന്‍റെ അകമ്പടിയോടെ.

ഒരു കൊച്ചുകഥ. ഏറെ ആദരവും സ്നേഹവും നേടിയ ഒരു പ്രൊഫസര്‍ ജോലിയില്‍നിന്നു വിരമിച്ചശേഷം എഴുത്തുകാരന്‍റെ ജീവിതം അഭിലഷിക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തു നശിപ്പിക്കപ്പെട്ട വീടും തുടര്‍ന്ന് വിശ്വസ്തരായ വിദ്യാര്‍ത്ഥികളുടെ ശ്രമത്തില്‍ അദ്ദേഹത്തിന്‍റെ വര്‍ഷംതോറുമുള്ള ജന്മദിനാഘോഷങ്ങള്‍, താന്‍ ഇനിയും മരിക്കാറായില്ല എന്ന് ഉറക്കെ വിളിച്ചുപറയുന്ന രംഗങ്ങള്‍, തുമ്മല്‍ അപശബ്ദമാകാതിരിക്കാന്‍ തൂവാലകൊണ്ട് വായ് പൊത്തി തുമ്മല്‍ ഉതിര്‍ക്കുമ്പോള്‍ പുതുരംഗങ്ങള്‍ ആരംഭിക്കുന്ന ടെക്നിക്ക് - ഇവയെല്ലാം ശ്രദ്ധ പിടിച്ചു പറ്റുന്നു. സംവിധായകന്‍റെ അരയന്നഗാനങ്ങള്‍ തുടരുന്നതിനിടയില്‍ ചിത്രം അവസാനിക്കുന്നുവെങ്കിലും കുറസോവായുടെ മുന്‍കാലചിത്രങ്ങളുടെ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് കാണികള്‍ തീയേറ്ററിനു പുറത്തേക്കിറങ്ങുന്നു. ത്രസിപ്പിക്കുന്ന ചിത്രങ്ങള്‍ കണ്ട് വിരസതയുടെ ലോകത്തെത്തി നില്‍ക്കുന്ന കാഴ്ചക്കാരന് അല്പം ആശ്വാസത്തിനു വക തരുന്നുണ്ട് 'മഡാഡായോ'.

ജാപ്പനീസ് അക്കാഡമിയുടെ 4 അവാര്‍ഡുകളും ബ്ലൂ റിബ്ബനെനിന്‍റെ 2 അവാര്‍ഡുകളും നേടി അഖില ലോകാടിസ്ഥാനത്തില്‍ അന്യഭാഷാചിത്രങ്ങളില്‍ CFCA അവാര്‍ഡിന് നിര്‍ദ്ദേശിക്കപ്പെട്ടതുമായ ഈ ചിത്രം ജപ്പാന്‍ ഭാഷയില്‍ തയ്യാറാക്കി ഇംഗ്ലീഷ് സബ്ടൈറ്റിലോടെ പ്രദര്‍ശിപ്പിച്ചു വരുന്നു. കുറോസാവായുടെ നിര്യാണത്തിന് 2 വര്‍ഷം കഴിഞ്ഞാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ ഇതു റിലീസായത്. പ്രൊഫസറുടെ ഒരു ശിഷ്യന്‍ വിളിച്ചു പറയുന്നതുപോലെ 'തനി തങ്കമാണ് ആ പ്രൊഫസര്‍.'


അകിര കുറോസാവാ അദ്ദേഹത്തിന്‍റെ അവസാന ചിത്രം സമാധാനത്തിനും സന്തോഷത്തിനും ജീവിതത്തില്‍ സ്ഥാനം കൊടുത്ത് ഹൃദയസ്പര്‍ശിയായി അവസാനിപ്പിക്കുന്നു. പുതിയലോകത്തിന്‍റെ വാതായനങ്ങള്‍ തുറക്കുന്ന അനുഭവം ഉള്‍ക്കൊള്ളാന്‍ ഇടയാക്കുന്നു.

Featured Posts

Recent Posts

bottom of page