top of page
പ്രിയപ്പെട്ട ഡോ. കസ്തൂരിരംഗന്‍,
ഇംഗ്ലണ്ട് സൂയസ് പിടിച്ചടക്കിയതില്‍ പ്രതിഷേധിച്ച് അവിടം ഉപേക്ഷിച്ച് ഇന്ത്യയില്‍ താമസമാക്കിയ 19-ാം നൂറ്റാണ്ടിലെ വിഖ്യാത ശാസ്ത്രജ്ഞനും മനുഷ്യസ്നേഹിയുമായ ജെ. ബി. എസ്. ഹാല്‍ഡേന്‍ ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി: യാഥാര്‍ത്ഥ്യം നാം ഊഹിക്കുന്നതിനേക്കാള്‍ എന്നല്ല നമുക്ക് ഊഹിക്കാനാവുന്നതിനേക്കാളും വിചിത്രമാണ്. പശ്ചിമഘട്ടത്തെക്കുറ ിച്ചുള്ള ഉന്നതാധികാര സമിതി റിപ്പോര്‍ട്ടില്‍ താങ്കളും ഒരു കക്ഷിയാകും എന്നത് എനിക്ക് വിഭാവനം ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമേ ആയിരുന്നില്ല. എന്നാല്‍ യാഥാര്‍ത്ഥ്യം നമുക്ക് ഊഹിക്കാനാവുന്നതിനേക്കാള്‍ വിചിത്രമാണല്ലോ!
വളരെ വിപുലമായ സന്ദര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കുംശേഷം ഞങ്ങളുണ്ടാക്കി കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പാരിസ്ഥിതികമായി അതിലോലമായ പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിന്, പ്രദേശത്തെ ഔചിത്യപൂര്‍വ്വം പലതായി തരംതിരിച്ചുകൊണ്ടുള്ള ഒരു സമീപനം മുന്നോട്ടുവച്ചിരുന്നു. താഴെ തലത്തിലുള്ളവരുടെ സംഭാവനകള്‍ക്ക് സുപ്രധാന പങ്കുള്ള ഒന്നായിരുന്നു അത്. എന്നാല്‍ ഞങ്ങളുണ്ടാക്കിയ ചട്ടക്കൂടുകള്‍ പൊളിച്ചടുക്കിക്കൊണ്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ താങ്കള്‍ മുന്നോട്ടുവച്ചിരിക്കുകയാണ്. അതില്‍ പ്രധാനം ഭൂമിയെ സ്വാഭാവിക പ്രകൃതിയെന്നും സാംസ്കാരിക പ്രകൃതിയെന്നും രണ്ടായി വിഭജിച്ചിരിക്കുന്നു എന്നതാണ്. സ്വാഭാവിക പ്രകൃതി എന്ന് നിങ്ങള്‍ പറയുന്ന, ഉദ്ദേശം മൂന്നിലൊന്നു വരുന്ന പ്രദേശം തോക്കും കാവലും കൊണ്ട് സംരക്ഷിക്കപ്പെടേണ്ടതാണെന്നും, സാംസ്കാരിക പ്രകൃതി എന്നുവിളിക്കുന്ന മൂന്നില്‍ രണ്ട് ഭാഗം വരുന്ന പ്രദേശം വികസനത്തിനുവേണ്ടി മലര്‍ക്കെ തുറന്നു കൊടുക്കാവുന്നതാണെന്നും താങ്കള്‍ ശുപാര്‍ശ ചെയ്യുന്നു. വികസനമെന്നുവെച്ചാല്‍ ഗോവയിലെ, 35000 കോടിയുടെ വിവാദത്തിലേക്ക് ചെന്നെത്തിയ അനധികൃത ഖനനം പോലുള്ളവ.
പാരിസ്ഥിതിക തകര്‍ച്ചയുടെ ഒരു മരുഭൂമിയില്‍ വൈവിധ്യത്തിന്‍റെ മരുപ്പച്ചയെ സംരക്ഷിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതുപോലെയാണിത്. മരുപ്പച്ചയെ മരുഭൂമി താമസംവിനാ വിഴുങ്ങിക്കളയുന്ന സാഹചര്യത്തിലേക്ക് മാത്രമേ അത്തരം തുണ്ടവല്‍ക്കരണം നയിക്കൂ എന്നാണ് പരിസ്ഥിതി വിജ്ഞാനീയം നമ്മെ പഠിപ്പിക്കുന്നത്. ജൈവവൈവിധ്യസമ്പന്നമായ പ്രദേശങ്ങളുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിരക്ഷ ഉറപ്പുവരുത്താന്‍, ആവാസ വ്യവസ്ഥയുടെ അനുസ്യൂതി നിലനിര്‍ത്തുന്നതിനെപ്പറ്റിയും, പരിസ്ഥിതി സൗഹൃദപരമായ ഒരു പരിതോവസ്ഥയെപ്പറ്റിയും ചിന്തിക്കേണ്ടത് ജീവല്‍പ്രധാനമാണ്. ഇതു തന്നെയാണ് ഞങ്ങള്‍ നിര്‍ദ്ദേശിച്ചതും.
മാത്രവുമല്ല, സാംസ്കാരിക പ്രകൃതി എന്ന് താങ്കള്‍ വിശേഷിപ്പിച്ചിരിക്കുന്ന ഇടങ്ങളിലെ ശുദ്ധജലവൈവിധ്യമാണ് ഇന്ന് വനജൈവവൈവിധ്യത്തേക്കാള്‍ കടുത്ത ഭീഷണി നേരിടുന്നത്. ജനതയില്‍ വലിയൊരു വിഭാഗത്തിന്‍റെയും ജീവസന്ധാരണത്തേയും പോഷകസമ്പുഷ്ടിയേയും സംബന്ധിച്ചിടത്തോളം ശുദ്ധജല വൈവിധ്യം ജീവല്‍പ്രധാനമാണല്ലോ.
അതുകൊണ്ടാണ് ഞങ്ങള്‍ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ലോട്ടെ രാസവ്യവസായ മേഖലയെ വിശദമായ പഠനത്തിന് വിധേയമാക്കിയത്. നിയമപരമായ എല്ലാ സീമകളേയും ലംഘിക്കുന്ന അവിടത്തെ മലിനീകരണം മത്സ്യബന്ധന വ്യവസായത്തെ തകര്‍ത്ത് ഇരുപതിനായിരം പേരെ തൊഴില്‍ രഹിതരാക്കിയിരിക്കുന്നു. വ്യാവസായിക മേഖലയില്‍ തൊഴില്‍ ലഭിച്ചതോ വെറും 16,000 പേര്‍ക്ക് മാത്രവും. എന്നിട്ടും അതേ മേഖലയില്‍ മലിനീകരണകാരികളായ വ്യവസായങ്ങള്‍ക്കു തുനിയുകയാണ് ഗവണ്‍മെന്‍റ്. വ്യവസായശാലകള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ മേഖലകള്‍ അടയാളപ്പെടുത്തിക്കൊണ്ട് തങ്ങള്‍ തന്നെ തയ്യാറാക്കിയ ഭൂപടത്തെ അങ്ങനെ അവര്‍ ബോധപൂര്‍വ്വം തമസ്കരിച്ചിരിക്കുകയാണ്.
തീരുമാനങ്ങളെടുക്കാന്‍ നമുക്കുള്ള അധികാരത്തിന്‍റെ ജനാധിപത്യപരമായ കൈമാറ്റം ഭരണഘടന ഉറപ്പുതരുന്ന ഒന്നാണ്. സാമ്പത്തിക തീരുമാനങ്ങളില്‍ പ്രാദേശിക സമൂഹങ്ങള്‍ക്ക് യാതൊന്നും കയ്യാളാനില്ല എന്ന കുറിപ്പോടെ, അതിനെ താങ്കളുടെ റിപ്പോര്‍ട്ട് തള്ളിക്കളയുന്നത് ഞെട്ടലുണര്‍ത്തുന്നു. ലോട്ടെ കമ് പനിയുണ്ടാക്കുന്ന മലിനീകരണത്തിനെതിരെ ഒരു നടപടിയും കൈക്കൊള്ളാതിരിക്കെ, പോലീസിനെ ഉപയോഗിച്ച് പരിസരവാസികളുടെ അങ്ങേയറ്റം ന്യായയുക്തവും സമാധാനപരവുമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണ് ഗവണ്‍മെന്‍റ് ചെയ്യുന്നത് എന്ന ഞങ്ങളുടെ കണ്ടെത്തല്‍ താങ്കളുടെ റിപ്പോര്‍ട്ട് തീര്‍ത്തും അവഗണിച്ചതില്‍ അതിശയമേതുമില്ല.
ഭാരതത്തിന്‍റെ സാംസ്കാരിക പ്രകൃതി, ജൈവവൈവിധ്യത്തിന്‍റെ വിലപ്പെട്ട നിരവധി മൂലഘടകങ്ങളെ ഇടംനല്‍കി പാര്‍പ്പിക്കുന്നുണ്ട്. പശ്ചിമഘട്ടത്തിന്‍റെ തനത് കുരങ്ങുവര്‍ഗ്ഗമായ സിംഹവാലന്‍ കുരങ്ങുകളുടെ 75 ശതമാനവും തേയിലത്തോട്ടങ്ങളുള്‍പ്പെട്ട സാംസ്ക്കാരിക പ്രകൃതിയിലാണുള്ളത്. ഞാന്‍ ജീവിക്കുന്നത് പൂനെ നഗരത്തിലാണ്. എന്‍റെ ചുറ്റുപാടുകളില്‍ എല്ലായിടത്തുമായി അനവധി ആല്‍മരങ്ങളും അരയാലും അത്തിയും വളര്‍ന്നുനില്‍പ്പുണ്ട്. രാത്രിതോറും ഞാന്‍ മയിലുകളുടെ കൂജനം കേള്‍ക്കുന്നു. ഉണര്‍ന്ന്, മട്ടുപ്പാവിലെത്തിനിന്ന് നോക്കുമ്പോള്‍ അവ നൃത്തം ചെയ്യുന്നത് ഞാന്‍ കാണുന്നു.
പ്രകൃതിയോട് ആദരപൂര്‍വമായ സമീപനം പുലര്‍ത്തുന്ന ശക്തമായ ഇന്ത്യന്‍ സാംസ്കാരിക പാരമ്പര്യത്തില്‍ വേരുകളുള്ള നമ്മുടെ ജനതയാണ് അത്തിമരങ്ങളെയും, വള്ളിപ്പടര്‍പ്പുകളെയും, കുരങ്ങുകളെയും,. മൂങ്ങകളെയും പവിത്രവനങ്ങളെയുമെല്ലാം മാനിച്ചതും കാത്തുരക്ഷിച്ചതും.
വ്യക്തമായും, ഇതെല്ലാം ഇല്ലാതാകാന്‍ പോകുകയാണ്. ഈസ്റ്റിന്ത്യാ കമ്പനിയെ, അതിന്‍റെ അര്‍ഹതപ്പെട്ട ഭൂവിഭാഗങ്ങള്‍ക്കുമേല്‍ അവകാശം സ്ഥാപിക്കുന്നതില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള ഒരു കൗശലമാണ് ഇന്ത്യയിലെ പവിത്രവനങ്ങള്‍ എന്ന് 1801 ല്‍ അന്നത്തെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ ഒരു പ്രതിനിധിയായ ഫ്രാന്‍സിസ് ബുക്കനന്‍ രേഖപ്പെടുത്തിവച്ചതാണ് എനിക്ക് ഇപ്പോള്‍ ഓര്‍മവന്നത്.
നാമിന്ന് ബ്രിട്ടീഷുകാരേക്കാള്‍ മുന്തിയ ബ്രിട്ടീഷുകാരായി മാറിയിട്ടുണ്ടെന്ന് തോന്നുന്നു. നിയമാനുസൃതമല്ലാത്തതും തൊഴില്‍ഹരിതവുമായ സാമ്പത്തിക വളര്‍ച്ചയ്ക്കായുള്ള പ്രയാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്, ഈ രാജ്യത്തിലേയും ആഗോളീകൃത ലോകത്തിലേയും സമ്പന്ന-അധീശ വിഭാഗങ്ങള്‍. തങ്ങളാശിക്കും വിധം ചൂഷണം ചെയ്യുന്നതിനും മലിനീകരിക്കുന്നതിനുമായി ഈ ഭൂമിയും ജലവും മുഴുവന്‍ കയ്യടക്കുന്നതില്‍നിന്ന് അവരെ മാറ്റിനിര്‍ത്തുന്നതിനുള്ള ഒരു കൗശലം മാത്രമാണ് സാംസ്കാരിക പ്രകൃതിയിലെ പരിസ്ഥിതി സൗഹൃദപരമായ സമീപനമെന്ന് നമ്മള്‍ ഉറപ്പിക്കുകയാണെന്നും തോന്നിപ്പോകുന്നു. താങ്കളുടെ റിപ്പോര്‍ട്ട് ഇതിനെല്ലാം അടിവരയിടുന്നതാണെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. യാഥാര്‍ത്ഥ്യം തീര്‍ച്ചയായും നമുക്ക് വിഭാവനം ചെയ്യാനാവുന്നതിനേക്കാള്‍ വിചിത്രം തന്നെ.
മാധവ് ഗാഡ്ഗില്‍
പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധസമിതി
(മൊഴിമാറ്റം: എം. ഗോപകുമാര്‍)
Featured Posts
bottom of page