top of page

ഉന്മാദവും ലഹരിയും

Nov 1, 2010

2 min read

ഡോ. റോയി തോമസ്
Image : A Beverage Shop
Image : A Beverage Shop

മലയാളികള്‍ ലഹരിയിലൂടെ ഉന്മാദത്തിലേയ്ക്കു നീങ്ങുകയാണ്. വിഷം കലര്‍ന്നതാണെങ്കിലും അല്ലെങ്കിലും ലഹരിയുടെ സ്വാധീനത ഒഴിവാക്കാനാവാത്ത സ്ഥിതിയാണിന്ന്. വിഷമദ്യം കഴിച്ച് അനേകമാളുകള്‍ പിടഞ്ഞുവീഴുമ്പോള്‍ ചില ഒച്ചപ്പാടുകളും ചര്‍ച്ചകളും വിശകലനങ്ങളും ഉണ്ടാകുമെങ്കിലും അവയെല്ലാം 'ചായക്കോപ്പയിലെ കൊടുങ്കാറ്റു'മാത്രമായി ഒടുങ്ങുന്നു. ആഘോഷങ്ങള്‍ക്കിടയില്‍ കുടിച്ചുതീര്‍ത്തതിന്‍റെ കണക്കുകള്‍ ചാനലുകളില്‍ നിറയുമ്പോള്‍ നാം അഭിമാനിക്കുകയാണോ എന്നു സംശയംതോന്നും. കുട്ടികളും സ്ത്രീകളും ലഹരിയുടെ വഴിയില്‍ കാലിടറിവീണുകൊണ്ടിരിക്കുന്നു എന്ന വസ്തുത ആരും ഗൗരവമായി പരിഗണിക്കുന്നില്ല. ലഹരിയുടെ സാമൂഹികശാസ്ത്രവും മനഃശാസ്ത്രവും സാമ്പത്തികശാസ്ത്രവുമൊന്നും ആഴത്തില്‍ വിശകലനംചെയ്യാന്‍ നാം മുതിരുന്നില്ല.

എന്തുകൊണ്ടാണ് നമ്മുടെ സമൂഹം ലഹരിയെ ഉന്മാദത്തോടെ നോക്കിക്കാണുന്നത്? സന്തോഷത്തിലും സന്താപത്തിലും കൂട്ടായി മദ്യത്തെ ഒപ്പംനിര്‍ത്തുന്നതെന്തുകൊണ്ട്? ലഹരിയുടെ കൈപിടിച്ചുമാത്രം നടക്കാന്‍ മാത്രം ഏതു പ്രതിസന്ധിയാണ് നമ്മെ അലട്ടുന്നത്? മദ്യശാലയ്ക്കുമുന്നില്‍ മാത്രം ഭീതിദമായ അച്ചടക്കം വീക്ഷിക്കാന്‍ നമുക്കു കഴിയുന്നതെന്തുകൊണ്ട്? ആത്മീയമായ, ഭൗതികമായ എന്തു ശൂന്യതയാണ് നമ്മെ അലട്ടുന്നത്? സാമൂഹികനവോത്ഥാനത്തിന്‍റെ സദ്ഫലങ്ങള്‍ കൈവിട്ട ശൂന്യതയിലാണോ വര്‍ഗീയതയും മദ്യാസക്തിയും പിടിമുറുക്കുന്നത്? ചില പ്രധാനചോദ്യങ്ങള്‍ നാം ഒഴിവാക്കുന്നു. ഇല്ലെങ്കില്‍ കണ്ടില്ലെന്നുനടിക്കുന്നു. ഇതെല്ലാം കാണാന്‍ ഉത്തരവാദപ്പെട്ടവര്‍ (രാഷ്ട്രീയക്കാര്‍, സാംസ്കാരികനായകര്‍, മതനേതൃത്വം) വായ്ത്താരികളില്‍ ഒതുക്കി നിര്‍ത്തുകയാണ് ധാര്‍മികരോഷം. അതിനപ്പുറത്തേക്കു കടന്നാല്‍ കൈപൊള്ളുമെന്ന് അവര്‍ക്കറിയാം.

ആത്മവിശ്വാസമില്ലാത്ത, അകംപൊള്ളയായ, സാംസ്കാരികപാപ്പരത്തം അനുഭവിക്കുന്ന, കാപട്യത്തില്‍ മുങ്ങിക്കിടക്കുന്ന, ബന്ധങ്ങള്‍ ശിഥിലമായ ഒരു സമൂഹത്തെ ആമൂലാഗ്രം ബാധിച്ച രോഗത്തിന്‍റെ ലക്ഷണമായി മദ്യാസക്തിയെ നാം കാണണം. അതൊരു രോഗവും പ്രധാനപ്പെട്ട രോഗലക്ഷണവുമാണ്. കുടുംബത്തില്‍, സമൂഹത്തില്‍ ലഹരിയുണ്ടാക്കുന്ന വിപത്തുകള്‍ തിട്ടപ്പെടുത്താന്‍ കഴിയാത്തതാണ്. വിഷംകലര്‍ന്ന മദ്യവും വിഷംനിറഞ്ഞ രാഷ്ട്രീയവും വിഷംനിറച്ച മതവും ഒരേ സംസ്കാരത്തിന്‍റെ ഭിന്നമുഖങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഭക്ഷണത്തില്‍, മനസ്സില്‍ വിഷംനിറയുമ്പോള്‍ ലഹരി ഒഴിവാക്കാനാവാതെ വരുന്നു.

ഉപഭോഗസംസ്കാരം സൃഷ്ടിച്ച പുതിയ സാഹചര്യങ്ങള്‍ മനുഷ്യനെ ആത്മശൂന്യനാക്കിയിരിക്കുന്നു. ആത്മശൂന്യത പൊള്ളയായ തൊണ്ടു പോലെ മനുഷ്യനെ മാറ്റിയെടുക്കുന്നു. അസ്വാസ്ഥ്യത്തിന്‍റെ, സന്ദേഹത്തിന്‍റെ ചുഴിയിലേക്ക് അവന്‍/ അവചറപ നിപതിക്കുന്നു. മൂല്യങ്ങളും ലക്ഷ്യങ്ങളും കൈവിടുമ്പോള്‍ പ്രകാശത്തിന്‍റെ വീഥികളില്‍ ഇരുള്‍നിറയുന്നു. ഇരുള്‍വീഥികളില്‍ നീങ്ങുന്നവന് മദ്യവും മയക്കുമരുന്നും അഭയമായിത്തോന്നും. അതൊരു മിഥ്യയാണെന്ന് തിരിച്ചറിയാത്തവര്‍ മുങ്ങിത്താഴുന്നു. പൊയ്ക്കാലുകളില്‍ നടക്കുന്നവന്‍റെ മിഥ്യാടനമാണിത് എന്നതാണ് സത്യം. ആദര്‍ശങ്ങളും മൂല്യങ്ങളും വിപണിമൂല്യങ്ങള്‍ക്ക് വഴിമാറിക്കൊടുത്തപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ചില അഭയകേന്ദ്രങ്ങള്‍ മനുഷ്യന്‍ കണ്ടെത്തുന്നു. തീവ്രവാദം, കൊട്ടേഷന്‍, മദ്യം, മയക്കുമരുന്ന് എന്നിവയെല്ലാം ചിലര്‍ക്ക് ഇത്തരത്തിലുള്ള അഭയകേന്ദ്രങ്ങളാണ്. മാറുന്ന സമൂഹത്തിന്‍റെ അവസ്ഥ വ്യക്തികളെ തൃപ്തിപ്പെടുത്തുന്നില്ല. ആഗ്രഹങ്ങളുടെ പുത്തന്‍ലോകം നിവര്‍ത്തിയിട്ടുകൊണ്ട് ഉപഭോഗസംസ്കാരത്തിന്‍റെ വിപണി പ്രലോഭിപ്പിക്കുമ്പോള്‍ ഓടിത്തളരുകയാണ് നമ്മുടെ വിധി. ഇതിനിടയില്‍ തിരിച്ചറിയാനാവാത്ത ജീവിതയാനത്തിന്‍റെ പൊരുള്‍ കലങ്ങിമറിയുന്നു.

സാമൂഹികസ്ഥാപനങ്ങള്‍ക്ക് ഇവിടെ വലിയ ഉത്തരവാദിത്വങ്ങളാണ് നിറവേറ്റാനുള്ളത്. രാഷ്ട്രീയവും മതവും പ്രസ്ഥാനങ്ങളുമെല്ലാം യഥാര്‍ഥമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചേ മതിയാവൂ. ആത്മശൂന്യതയുടെ സംസ്കാരത്തെ തിരസ്കരിക്കുന്ന പ്രതിസംസ്കൃതിയിലേക്ക് മുന്നേറിക്കൊണ്ടേ പലപ്രശ്നങ്ങളുടെയും പരിഹാരം അന്വേഷിക്കാനാവൂ. തൊലിപ്പുറമേയുള്ള മേക്കപ്പുകള്‍കൊണ്ടു മാറ്റാനാവാത്തതാണ് ഇന്നത്തെ പ്രശ്നങ്ങള്‍. ആഴത്തില്‍ വേരുകളുള്ളതാണ് ഇന്നിന്‍റെ പ്രശ്നങ്ങള്‍. വേരുകളില്ലാതെ ഒഴുകിനീങ്ങുന്നവര്‍ ഒന്നിലും ഗൗരവം കാണുന്നില്ല. ലഹരിയും ഉന്മാദവും അഹിംസാത്മകമായ മുഖമാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. സമൂഹത്തെ ആമൂലാഗ്രം ഗ്രസിച്ചിരിക്കുന്ന ഈ വിപത്ത് ഇനിയും പ്രതിസന്ധികള്‍ രൂക്ഷമാക്കാനാണ് സാധ്യത.

ഇവിടെ വളര്‍ന്നുവരുന്ന നാഗരികത സുബോധത്തോടെ ആളുകളെ ജീവിക്കാന്‍ അനുവദിക്കുന്നില്ല. കേവലം ഉപഭോക്താവായവന്‍ എന്തും ചോദ്യംചോദിക്കാതെ വാരിവിഴുങ്ങുന്നു. മനുഷ്യനെ പൊള്ളയാക്കുന്ന വര്‍ത്തമാനകാല സംസ്കാരത്തിന്‍റെ തനിനിറം കണ്ടെത്തിക്കൊണ്ടേ നമുക്ക് തിരിച്ചുനടക്കാനാവൂ. ഇച്ഛാശക്തിയും ആത്മവിശ്വാസവും ലക്ഷ്യബോധവും മൂല്യദര്‍ശനവും സാമൂഹികബോധവും ശരിയായ രാഷ്ട്രീയബോധവും ആര്‍ജ്ജിച്ചുകൊണ്ടേ ലഹരിയുടെ സംസ്കാരത്തെ ചെറുക്കാന്‍ സാധിക്കൂ. സമൂഹത്തിനും സംസ്കാരത്തിനും സാമൂഹികസ്ഥാപനങ്ങള്‍ക്കും വന്ന മാറ്റത്തോടൊപ്പംനിര്‍ത്തി ഉന്മാദത്തോളമെത്തുന്ന ലഹരിസംസ്കാരത്തെയും തിരിച്ചറിയണം.

Featured Posts

bottom of page