top of page

കത്തുകൾ

May 14, 2018

1 min read

സജി ചിറയത്ത് പുതുവേലി
letter

അസ്സീസി മാര്‍ച്ച്, ഏപ്രില്‍ ലക്കങ്ങളില്‍ ബിജു മഠത്തിക്കുന്നേല്‍ എഴുതിയ എന്‍റെ സ്വന്തം ദൈവം എന്ന ലേഖനപരമ്പര വായിച്ചു. മാര്‍ച്ച് ലക്കത്തിലെ തുടക്കം വായിച്ചപ്പോള്‍ സ്വല്പം നിരീശ്വര ചിന്താഗതിയാണോ ലേഖനത്തില്‍ എന്നു സംശയിച്ചുവെങ്കിലും ലേഖനത്തിന്‍റെ അവസാനമായപ്പോഴേക്കും ദൈവമുണ്ട് എന്ന നിത്യസത്യത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

കാറല്‍ മാര്‍ക്സ് പറഞ്ഞ ഒരു ചരിത്രസത്യമുണ്ട് 'മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രം.' വിശ്വാസങ്ങളും സാഹചര്യങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് മനുഷ്യന്‍റെ ഉത്ഭവം മുതല്‍ എല്ലാ കാലഘട്ടത്തിലും ദൈവസങ്കല്പങ്ങള്‍ ഉണ്ടായിരുന്നു. ഉദാഹരണമായി ഈ കാലഘട്ടത്തിലെ ക്രിസ്തുമതത്തെ തന്നെ പരിശോധിച്ചാല്‍ ക്രിസ്തുവിന്‍റെ പേരില്‍ എത്ര അവാന്തരവിഭാഗങ്ങളുണ്ട് എന്നു പറയാന്‍ നമുക്കിന്നു സാധിക്കുന്നില്ല. എല്ലാവരും ക്രിസ്തുവിനെ പ്രസംഗിക്കുന്നു, എന്നാല്‍ ഓരോ വിഭാഗവും പറയുന്നു തങ്ങളുടെ ക്രിസ്തുവാണ് കൂടുതല്‍ കരുത്തന്‍, അത്ഭുതപ്രവര്‍ത്തകന്‍, രോഗശാന്തിയും സാമ്പത്തികപുരോഗതിയും നല്കുവാന്‍ കഴിവുള്ളവന്‍. ഈ ഓരോ വിഭാഗവും ഏതാനും ചില വ്യക്തികളുടെയും സമൂഹങ്ങളുടെയും താത്പര്യങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ്. 

ഇതുപോലെതന്നെയാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വ്യക്തികളുടെയും സമൂഹങ്ങളുടെയും താത്പര്യങ്ങള്‍ അനുസരിച്ചും അവര്‍ ദൈവങ്ങള്‍ക്ക് ഭാവവും രൂപവും നല്കി. അത് ഓരോ മതങ്ങള്‍ ആയി രൂപാന്തരപ്പെട്ട് ആ മതങ്ങള്‍ ഓരോ സ്വന്തം ദൈവങ്ങളുടെയും പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. അങ്ങനെ മതങ്ങളും സ്വന്തം ദൈവങ്ങളും ഉണ്ടായി. 

ഏപ്രില്‍ ലക്കത്തില്‍ ക്രിസ്തുവിനെയും ബൈബിളിനെയും കുറിച്ച് ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ക്രിസ്തുവിന്‍റെ പേരിലുള്ള ഓരോ വിഭാഗവും അവന്‍റെ ദൈവികശക്തിയേയും അതില്‍നിന്നുണ്ടാകുന്ന അനുഗ്രഹങ്ങളേയും കുറിച്ച് പഠിപ്പിക്കുന്നു. എന്നാല്‍ ഈ മതനേതാക്കള്‍ ആരുംതന്നെ അവന്‍റെ മാനുഷികതയെയും അതുപോലെ ഈ ലോകജീവിതത്തില്‍ അവന്‍ കാണിച്ച കാരുണ്യത്തെയും കുറിച്ച് കാര്യമായി പഠിക്കുന്നില്ല. കാരണം അവരാരും ഈ ലോകത്തില്‍ നിസ്സഹായരോടും നിരാലംബരോടും കരുണകാണിക്കുന്നില്ല എന്ന സത്യം നിലനില്ക്കുന്നതിനാലാണ്. യഥാര്‍ത്ഥത്തില്‍ ക്രിസ്തു ചുങ്കക്കാര്‍ക്കും പാപികള്‍ക്കും വേണ്ടി കുരിശില്‍ ബലിയായി. ഈ സത്യം വേണ്ടവിധത്തില്‍ പഠിപ്പിക്കാതെ ശിക്ഷിക്കുന്ന ഒരു ദൈവത്തെയാണ് ഇവര്‍ വിശ്വാസികളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത്.