top of page

മാറാനാത്ത

Feb 1, 2016

3 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
The Second Coming of Jesus.

വല്ലാതെ മുഴങ്ങുന്ന ഒരു കാത്തിരിപ്പിന്‍റെ മന്ത്രത്തിലാണ് വേദപുസ്തകം അവസാനി ക്കുന്നത്-മാറാനാത്ത, നീ വേഗം വരണേ. തീരെ നേര്‍ത്തോ തിടംവച്ചോ അതിന് ഭൂമിയിലെമ്പാടും പ്രതിധ്വനികളുണ്ടായി. കോഫി ഹൗസില്‍ വാച്ചിലേക്ക് നോക്കി നോക്കി പരിഭ്രാന്തയാകുന്ന ആ കിളിന്തു പെണ്‍കുട്ടി മുതല്‍ ഭേദപ്പെട്ട ഒരു കാലം മണ്ണില്‍ വരാന്‍ ആരോട് എന്ന് ഇനിയും നിശ്ചയമില്ലാതെ പോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്ന മനുഷ്യസ്നേഹിയായ ആ ചെറുപ്പക്കാരന്‍വരെ അതാണ് നിലവിളിക്കുന്നത്: കര്‍ത്താവേ നീ വേഗം വരണേ. നീണ്ട കാത്തിരിപ്പ് അവരുടെ പ്രേമത്തെ പിന്നെയും പിന്നെയും നിര്‍മ്മലമാക്കിയെന്ന കമലാദാസിന്‍റെ വരികള്‍ ഓര്‍ക്കുന്നു. കാല്‍പനികമായ ഒരു യൗവ്വനത്തില്‍ വേദവാക്യംപോലെ അനുഭവപ്പെട്ട വരികളായിരുന്നു അത്. അവനവനെത്തന്നെ ശുദ്ധീകരിക്കുന്ന എന്തോ ഒരു മൂലകം ഓരോ കാത്തുനില്‍പിനും ഉണ്ട്. സ്നാനഘട്ടങ്ങളിലെ മുങ്ങിപ്പൊങ്ങല്‍പോലെ ലളിതമല്ല ഈ പ്രക്രിയ. ഉലയിലെ ലോഹം പോലെ പൊള്ളിയും പൊള്ളിച്ചും പവിത്രമാവുക എന്ന കഠിന തലവരയാണത്. കേള്‍ക്കുമ്പോള്‍ ഒരു മൃദുപദംപോലെ അനുഭവപ്പെട്ടാലും പ്രപഞ്ചത്തോളം വികസ്വരവും നിഗൂഢവും സങ്കീര്‍ണ്ണവുമായ സൂചനയാണത്. നൊസ്റ്റാള്‍ജിയയായും പ്രണയമായും പ്രതീക്ഷയായും വിലാപമായും സ്വാതന്ത്ര്യമായും രക്ഷയായും മരണമായും ഓരോരോ അര്‍ത്ഥധ്വനികളിലൂടെ ആ വാക്ക് തുഴഞ്ഞു പോകുന്നു. സാര്‍വ്വ ലൗകീകമായ ഒരു ലിപിയാണത്. എല്ലാവരും കാത്തിരിക്കുകയാണ്. അവരുടേതായ ലോകങ്ങളില്‍-അനുഭവങ്ങളില്‍. അതും കേള്‍ക്കേണ്ടിവന്നു. ഒരു ചെറിയ കല്ലറയ്ക്ക് അരികേ നിന്നൊരമ്മ മന്ത്രിക്കുന്നത്: അമ്മുവേ, ഇനിഎത്ര നാള്‍ കൂടി അമ്മയ്ക്ക് കാത്തിരിക്കണമെടാ നിന്‍റെ അടുക്കല്‍ എത്താന്‍. പതിനാലുവര്‍ഷം മുമ്പ് മരിച്ച പതിമൂന്നു വയസ്സുകാരിയാണ് അമ്മു. അവളെ ആ പള്ളിക്കാട്ടില്‍ തനിച്ച് വിടാന്‍ ആവാത്തതുകൊണ്ട് മാത്രം കൊച്ചി വിട്ട് മദിരാശിയില്‍ പാര്‍ക്കുകയാണവര്‍. എല്ലാം കാത്തിരിപ്പാണ്. യുക്തിയും അയുക്തിയും ഭ്രമവും യാഥാര്‍ത്ഥ്യവും ശരികളും നുണകളുമൊക്കെ ചേര്‍ന്ന് കുഴഞ്ഞ് മറിഞ്ഞ്...


The endless wait- എന്നര്‍ത്ഥമുള്ള അന്‍റാഹീന്‍, എന്ന ബംഗാളി സിനിമയുടെ പേരുപോലും അസ്വസ്ഥത ഉണര്‍ത്തുന്നു. ഒരിക്കലും തുഴഞ്ഞ് എത്താത്തവര്‍. കാത്തിരിപ്പ് ഘടികാരങ്ങള്‍ മെല്ലെ മെല്ലെ മാത്രം മിടിക്കുന്നു. ആ കാലദൈര്‍ഘ്യത്തിലാണ് ലോകവും മനുഷ്യരും പാകപ്പെടുന്നത്. ഒരു പ്രാര്‍ത്ഥനയുടെ ഉത്തരം വൈകുന്നതുപോലും നിങ്ങളുടെ പാകതയും പക്വതയും ഉറപ്പിക്കാനെന്നല്ലേ കാലങ്ങളായുള്ള ഈ ആത്മീയ പ്രഭാഷണങ്ങളിലൊക്കെ നാം കേട്ടുകൊണ്ടിരിക്കുന്നത്. എത്രയോ സംവത്സരങ്ങളിലെ ഏകാന്തതകളും പീഡനങ്ങളും ചോരക്കറകളും ഉറഞ്ഞു കിടന്ന ദേശീയതകളില്‍ നിന്നാണ് വസന്തങ്ങളുടെ ഇടിമുഴക്കങ്ങള്‍ ഉണ്ടായത്. വിമോചനസ്വപ്നങ്ങളുമായി പിണഞ്ഞു കിടക്കുന്ന പദമാണത്. യേശുവിന്‍റെ ഉപമകളിലെന്നപോലെ ഇറോം ശര്‍മിളമാര്‍ വറ്റാത്ത എണ്ണവിളക്കുകളുമായി വിവേകമതികളായി കാത്തുനില്‍ക്കുന്നുണ്ട്. സ്വപ്നങ്ങളെ കാലത്തിന്‍റെ തീര്‍പ്പിന് വിട്ടുകൊടുത്ത്...


കാത്തിരിപ്പിന്‍റെ അനുഭവങ്ങള്‍ എത്രയോ വൈവിധ്യമാണ്. ദൈവത്തിന്‍റെ ശക്തമായ കരത്തിന്‍ കീഴില്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളുമെന്ന പത്രോസിന്‍റെ വരികള്‍ ഓര്‍ക്കുന്നു.(1 പത്രോസ് 5:6). അവരവരുടെ നിമിഷംവരെ കാത്തിരിക്കുക അത്ര എളുപ്പമല്ല.


പലപ്പോഴും പരിഹാസ്യതയോടെ ആവര്‍ത്തിക്കപ്പെടുന്ന ഒരു തമാശയുണ്ട്- തടവുപുള്ളികളെക്കുറിച്ച്. ശിക്ഷ തീരാന്‍ പോകുന്ന ദിനങ്ങളിലാണ് മിക്ക തടവുകാരും ജയില്‍ ചാടുന്നതെന്ന്! അനിയന്ത്രിതമായ ഒരു പ്രലോഭനത്തിന്‍റെ ക്രൂരതയിലേക്കാണ് ഇത് ചെന്നെത്തുന്നത്. ഒരാള്‍ എത്രകാലം കാത്തിരിക്കണമെന്നത് ഒരു ഗണിതാത്മകമായ പ്രശ്നമല്ല. ദാര്‍ശനീക വിചാരമാണ്. മറ്റൊരു ദ്വീപില്‍ അകാരണമായി ഒരു കേസില്‍ കുരുക്കപ്പെട്ട് തടവറയിലായ ഒരു അദ്ധ്യാപകന്‍റെ അനുഭവങ്ങള്‍-അതിനുവേണ്ടി പ്രവര്‍ത്തിച്ച സോഷ്യല്‍ നെറ്റ് വര്‍ക്ക്സ്, യത്നങ്ങള്‍ ഇവയൊന്നും കാത്തിരിപ്പിന്‍റെ നൊസ്റ്റാള്‍ജിയ അല്ല വെളിപ്പെടുത്തുന്നത്. അധികാരവും ഭരണകൂട മൃഗീയതകളും കാത്തിരിപ്പിനെ ഒരുതരം ഭീതിയിലേക്ക് എത്തിച്ചിരിക്കുന്നു. കാത്തിരിപ്പു തന്നെ ഇവിടെ ശിക്ഷയാകുന്നു. നിങ്ങളുടെ കളഞ്ഞുപോയ കാലമാണ് കാത്തിരിപ്പ് എന്ന പദത്തിന് പിന്നിലെങ്കിലോ? സാമുവല്‍ ബെക്കറ്റിന്‍റെ വെയിറ്റിംഗ് ഫോര്‍ ഗുഡ്ബൈ പരാമര്‍ശിക്കാതിരിക്കുന്നത് എങ്ങനെ. ഒരിക്കലും വരാത്ത ഗോദെയെ കാത്ത് ജീവിതം ചെലവഴിക്കുന്ന രണ്ടുപേര്‍. ആ നാടകം കാണുന്നവരെല്ലാം തങ്ങളെത്തന്നെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ആ നാടകം ഏറ്റവും അഗാധമായി സ്വീകരിക്കപ്പെട്ടത് ജയില്‍വാസികളുടെ മുമ്പില്‍ അവതരിപ്പിച്ചപ്പോഴാണെന്ന നിരീക്ഷണമുണ്ട്.


ആരെ, എന്തിനെ കാത്തിരിക്കുന്നു എന്നൊരു ചോദ്യമുണ്ട്. അതാണ് കാത്തിരിപ്പിന്‍റെ ധാര്‍മ്മികതയെ നിര്‍ണ്ണയിക്കുന്നത്. പുണ്യഗ്രന്ഥങ്ങളെല്ലാം കാത്തിരിപ്പിനെ ഒരു സംസ്കാരമായി ബലപ്പെടുത്താന്‍ യത്നിക്കുന്നുണ്ട്. എന്താണീ വൃന്ദാവനം? വിധി വെള്ളവസ്ത്രം അണിയിച്ചവരെല്ലാം കാത്തിരിക്കുകയാണ്. മീരാ സാധുവിനായി. രാമായണം കാത്തിരിപ്പിന്‍റെ കാവ്യനീതിയാണ്. നിതാന്തമായ കാത്തിരിപ്പിന്‍റെ പ്രതീകമായി പറയപ്പെടുന്ന കാട്ടാളസ്ത്രീയായ ശബരി - രാമന്‍റെ വരവിനായി നെടുനാള്‍ കാത്തിരിക്കുകയാണ്. ഋതുക്കള്‍ മാറുന്നതും അവളില്‍ യൗവ്വനം മങ്ങുന്നതും അറിയാതെ പതിനാലു സംവത്സരങ്ങള്‍ക്കുശേഷം തിരിച്ചെത്തുമ്പോഴും എങ്ങോട്ടും പോകാതെ അതിര്‍ത്തിയില്‍ കാത്തിരിക്കുന്ന ഹിജഡകള്‍. ഒടുവില്‍ ഇവരൊക്കെ എന്തു നേടുന്നു. കാത്തിരിപ്പിന്‍റെ ഉപാധി കാത്തിരിപ്പ് മാത്രമാണെന്ന് തോന്നുന്നു. സച്ചിദാനന്ദന്‍ വേനല്‍ മഴയില്‍ എഴുതുന്നു: വാഹനങ്ങള്‍ നിലയ്ക്കാത്ത തെരുവു മുറിച്ച് കടക്കാന്‍ കാത്തുനില്‍ക്കുന്ന മുടന്തനെപ്പൊേലെ വാക്കുകളുടെയും മനുഷ്യ രുടെയും പ്രളയപ്രവാഹത്തില്‍ തന്‍റേതായ ഒരു നിമിഷത്തിനുവേണ്ടി അവന്‍ കാത്തുനിന്നു. അതെ, എല്ലാവരും കാത്തുനില്‍ക്കുകയാണ്.


അവനവന്‍റെ ഒരു നിമിഷത്തിനായി, സ്വന്തം ഉണ്‍മയ്ക്കു വേണ്ടിയുള്ള, തിരിച്ചുവരവിനു വേണ്ടിയുള്ള കാത്തിരിപ്പ്. ആത്യന്തികമായി എല്ലാവരും കാത്തിരിക്കുന്നത് അവരവരുടെ ആനന്ദത്തിലേക്ക് നയിക്കുന്ന ആത്മാവിന്‍റെ ഉണര്‍വ്വുകള്‍ക്കുവേണ്ടിയാണ്...

കാത്തിരിക്കാന്‍ മനസ്സില്ലാത്തവരിലെല്ലാം നിലച്ചുപോയ ഘടികാരങ്ങളുണ്ട്. അവരില്‍ കാലം മൃതമായിരിക്കുന്നു. ഡിക്കന്‍സിന്‍റെ മിസ് ഹവിഷാം എന്ന കഥാപാത്രത്തില്‍ സംഭവിച്ചതുപോലെ. വിവാഹദിനം - തൂവെള്ള മംഗല്യവസ്ത്രങ്ങളിഞ്ഞ് അതിഥികള്‍ക്കിടയിലൂടെ ഒരു കിനാവിലെന്നപോലെ ഒഴുകി നടക്കുകയാണവള്‍. അന്തിയായിട്ടും വരനെത്തിയില്ല. പതുക്കെപ്പതുക്കെ അതിഥികള്‍ ഒറ്റയ്ക്കു കരയാന്‍ അവളെ അനുവദിച്ചുകൊണ്ട് പുറത്തേക്കു നടന്നു. ഭിത്തിയിലെ ഘടികാരത്തില്‍ അവളുടെ മിഴികള്‍ കുരുങ്ങി. സമയം 8.40. മതി. നിന്‍റെ സ്പന്ദനങ്ങള്‍. ഭ്രാന്തമായ ഒരു ശാഠ്യത്തോടെ അവള്‍ ക്ലോക്കിന്‍റെ സൂചികള്‍ നിശ്ചലമാക്കി. പിന്നെ ഒരു ഉന്മാദത്തിലെന്നപോലെ ഓരോ മുറിയിലെയും ഘടികാരങ്ങളെയും പിന്നെ ജാലകങ്ങളെയെല്ലാം കൊട്ടിയടച്ചു. നാളത്തെ ഉഷസ്സിന്‍റെ കിരണങ്ങള്‍ ഇനി ഈ ചങ്കിനുള്ളിലേക്കു പ്രവേശിച്ചു കൂടാ. ആ കടലോരത്തില്‍ നില്‍ക്കുന്ന തച്ചനിലേക്ക് വരൂ. പറഞ്ഞതിലേറെയും കാത്തിരിപ്പിന്‍റെ കഥകള്‍. പത്തുകന്യകമാരുടെ ഉപമ, താലന്തുകളുടെ ഉപമ, അലഞ്ഞുപോയ മകനു വേണ്ടി കാത്തിരിക്കുന്ന അപ്പന്‍റെ കഥ തുടങ്ങിയ എല്ലാറ്റിലും കാത്തിരിപ്പിന്‍റെ രൂപകങ്ങള്‍ ശിഥിലമായി കിടക്കുന്നു. രക്ഷയുടെയും മരണത്തിന്‍റെയും ഒറ്റിന്‍റെയും അടക്കം വിവിധ ധര്‍മ്മങ്ങളെ അവ പ്രതിനിധീകരിക്കുന്നു. കാത്തിരിക്കുന്നവരിലാണ് പുതിയ നിയമം ആരംഭിക്കുന്നത്. ജനം സഖറിയായെ കാത്തുനില്‍ക്കുകയായിരുന്നു എന്ന ലൂക്കായുടെ ആമുഖവചനങ്ങളില്‍ത്തന്നെ അതിന്‍റെ സൂചനകളുണ്ട്(1.21). ശിമയോന്‍റെയും അന്നയു ടെയും ഗീതങ്ങള്‍ വായിക്കു. (ലൂക്ക 2: 35-40). അത് തലമുറകളുടെ കാത്തിരിപ്പിന്‍റെ വാഴ്ത്താണ്. കാത്തിരിപ്പ് ഒരാളുടെ മിഴി അടയുമ്പോള്‍ അണഞ്ഞുപോകുന്ന ഒറ്റത്തിരിയിട്ട വിളക്കല്ല. അതിന് തുടര്‍ച്ചകളുണ്ട്. അങ്ങനെയാണ് മനുഷ്യന്‍റെ സ്വപ്നങ്ങള്‍ക്ക് നൈരന്തര്യം ഉണ്ടാകുന്നത്. അലസതയുടെയോ നിസ്സംഗതയുടെയോ പര്യായമായി ഗണിക്കപ്പെടേണ്ട വാക്കല്ലത്. നിരന്തരം മുട്ടുക. പിന്നെ അകത്തുള്ളയാള്‍ ബെനവലന്‍റ് ആയി വാതില്‍പ്പാളി തുറക്കുവോളം മിഴിപൂട്ടി നില്ക്കുക. കര്‍മ്മവും കൃപയും ഒരേ ബിന്ദുവില്‍ സന്ധിക്കുന്ന ചക്രവാളമാണാ വാക്ക്..

Featured Posts

Recent Posts

bottom of page