top of page

നരവംശശാസ്ത്രജ്ഞന്മാര്‍ മനുഷ്യരെ പല വര്‍ഗങ്ങളായി തിരിച്ചിട്ടുണ്ട്. അങ്ങനെയുള്ള വര്‍ഗങ്ങള്‍ തമ്മില്‍ ജൈവശാസ്ത്രപരവും അടിസ്ഥാനപരവുമായ വ്യത്യാസങ്ങളുമുണ്ട്. ആ വ്യത്യാസങ്ങളില്‍ ദൈവങ്ങള്‍ക്കോ, മതങ്ങള്‍ക്കോ, ജാതികള്‍ക്കോ, ഉപജാതികള്‍ക്കോ, ആചാരാനുഷ്ഠാനങ്ങള്‍ക്കോ ഒന്നും സ്ഥാനമില്ല. വര്‍ഗങ്ങള്‍ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങളെയോ അങ്ങനെയുള്ള വ്യത്യാസങ്ങളില്‍നിന്നും രൂപപ്പെട്ട വൈരുദ്ധ്യങ്ങളെയോ അല്ലല്ലോ നാം ഇന്ന് 'വര്‍ഗീയത' എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. വര്‍ഗീയത ഇന്നൊരു വൈകാരിക പ്രശ്നമാണ്. അതിന് വിവേചനത്തിന്‍റെയോ, വിവേകത്തിന്‍റെയോ വിചാരത്തിന്‍റെയോ ചൈതന്യമില്ല. പ്രത്യുത വികാരത്തിന്‍റെ ബീഭത്സതയാണ് കൈവന്നിരിക്കുന്നത്. ഇന്നത്തെ വര്‍ഗീയതയില്‍ മനുഷ്യനല്ല പ്രാമുഖ്യം. മറിച്ച്, ദൈവങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെല്ലാമാകുന്നു കാരകത്വവും സ്ഥാനവും.
ചില തത്ത്വങ്ങളിലടിയുറച്ച ചര്യകള്‍, ഒരു സമൂഹം അനുവര്‍ത്തിക്കുന്നതാണ് 'മതം' എന്നാണ് ആധുനിക താത്ത്വികരുടെ വിവക്ഷ. അവിടെ മേല്‍നോട്ടം വഹിക്കുന്നതിനു ദൈവങ്ങളോ ദേവന്മാരോ പുരോഹിതരോ ഇല്ല. എന്നാല്‍ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ദൈവത്തില്‍നിന്നും വേറിട്ടുള്ള ഒരു സദാചാരബോധനമോ സ്നേഹസന്ദേശമോ ഇല്ലതന്നെ. അതുകൊണ്ട്, നമ്മുടെ സങ്കല്പങ്ങളിലും ചിന്തകളിലും ദൈവസാന്നിദ്ധ്യമില്ലാത്ത ഒരു മതവിശ്വാസം അസാദ്ധ്യമാണ്.
സ്നേഹത്തിന്‍റെ മൂര്‍ത്തരൂപമാണ് ദൈവം. മുമ്പെങ്ങോ ഒന്നായിരുന്നതും പിന്നീട് വിഘടിച്ചു പോയതുമായ രണ്ടു വസ്തുക്കള്‍ വീണ്ടും ഒന്നുചേരുന്നതിനുള്ള ഉത്കടമായ വാഞ്ഛയെയോ ആകര്‍ഷണത്തെയോ സ്നേഹമെന്നു വിളിക്കാം.
ഈ പ്രപഞ്ചവും സകല ചരാചരങ്ങളും ദൈവസൃഷ്ടിയെന്നു നാം വിശ്വസിക്കുന്നു. ആ നിലയ്ക്ക് അവയെല്ലാംതന്നെ ദൈവത്തിന്‍റെ ഭാഗങ്ങളും അംശങ്ങളുമാകുന്നു. ഈ അംശങ്ങള്‍ക്കു തമ്മില്‍ തമ്മിലും ദൈവത്തിലേയ്ക്കും ചേരുന്നതിനുള്ള ആകര്‍ഷണവും ഇച്ഛയുമാണ് സ്നേഹം. ലോകം ഒരു തറവാടാണെന്നും പുല്‍കളും പുഴുക്കളും എല്ലാം കുടുംബക്കാരാണെന്നും കവി പാടിയതും മറ്റൊന്നല്ല. ഈ പൂര്‍ണമായ സ്നേഹത്തെ അറിയുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ഉപാധിയായാണ് ഇന്നു നാം കാണുന്ന വിവിധ മതങ്ങളും ആചാരങ്ങളും ഉണ്ടായിട്ടുള്ളത്. നാനാജാതി മതങ്ങളും ഉദ്ഘോഷിക്കുന്നത് ഒന്നു തന്നെ. അതായത് ദൈവം സ്നേഹമാണെന്നും പരസ്പരസ്നേഹത്തിലൂടെയാണ് ദൈവസാന്നിദ്ധ്യത്തെ അറിയുന്നതിനും അനുഭവിക്കുന്നതിനും കഴിയുന്നതെന്നും അപ്പോള്‍പിന്നെ പരസ്പരം പോരടിച്ചു നില്ക്കുന്ന മതവിശ്വാസങ്ങള്‍ക്കെവിടെയാണ് തെറ്റുപറ്റിയത്?
ഭയത്തില്‍നിന്നാണ് മനുഷ്യന്‍റെ ദൈവാരാധനയുടെ തുടക്കം. ഭീകരങ്ങളായ പ്രകൃതിശക്തികളെ അവര്‍ ആരാധിച്ചിരുന്നു. ആരാധനയില്‍നിന്നും ആചാരങ്ങളുണ്ടായി. സംഘങ്ങളായി പിരിഞ്ഞു വസിച്ചിരുന്ന മനുഷ്യര്‍. അതാതു സംഘങ്ങളുടെ ആരാധനകളുടെയും ആചാരങ്ങളുടെയും മേന്മകളില്‍ ഊറ്റം കൊണ്ട സംഘാംഗങ്ങള്‍ ഇതരസംഗങ്ങളുടെ ആചാരങ്ങളെ പുച്ഛിച്ചുതള്ളി; ഇതില്‍നിന്നും സംഘര്‍ഷവും സംഘര്‍ഷത്തില്‍നിന്നു നാശവുമുണ്ടായി. തങ്ങള്‍ പേരിട്ടു വിളിക്കുന്ന ദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്ന അസഹിഷ്ണുത. ഇത് സംഘര്‍ഷങ്ങളെയും തത്ജന്യമായ നാശത്തെയും ശതഗുണീഭവിപ്പിക്കകയും ചെയ്തു.
ലാഭേച്ഛയില്ലാതെ ദൈവസ്നേഹം പ്രചരിപ്പിക്കയും മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാക്കിക്കൊടുക്കുകയും ചെയ്യുന്നവരാണ് പുരോഹിതര്‍. സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ദൈവത്തെ ആയുധമാക്കുന്നവര്‍ പുരോഹിതരല്ല. സമൂഹത്തെ നിയന്ത്രിക്കുന്ന ഭരണാധികാരികളും പുരോഹിതരും തമ്മിലുള്ള ബന്ധത്തിന്, സമൂഹത്തോളം തന്നെ പഴക്കമുണ്ട്. മാനവനന്മയ്ക്കുവേണ്ടി ഭരണചക്രം തിരിക്കുന്നതിന് ഉത്സുകരായവര്‍ക്ക്, അത് എപ്രകാരം ചലിപ്പിക്കണമെന്നതിനു നല്ല വഴികാട്ടിയാകാന്‍ യഥാര്‍ത്ഥപുരോഹിതനു കഴിയും. എന്നാല്‍ സ്വാര്‍ത്ഥമതിയായ കിരാതര്‍ക്ക് ദൈവത്തെ ചുറ്റികയാക്കി സമൂഹത്തിന്‍റെ തലയില്‍ ആഞ്ഞടിക്കുന്നതിനുള്ള പ്രചോദനവും പ്രേരണയും നല്‍കുന്നതിനും 'ദൈവത്തിന്‍റെ വക്താക്കളെന്നു' ചമയുന്നവര്‍ക്കു കഴിയും. ഈ സാദ്ധ്യതകളാണ് ഇന്നു നാം കാണുന്ന അസഹിഷ്ണുതയ്ക്കും കലാപങ്ങള്‍ക്കും മുഖ്യഹേതു.
ഭയം കലര്‍ന്ന സ്നേഹബഹുമാനങ്ങളാണ് നമുക്ക് ദൈവത്തോട് ഉള്ളത്. നമ്മുടെ ബുദ്ധിക്കും യുക്തിക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനുമപ്പുറത്തും ഏറെ ഉയരത്തിലുമുള്ള എന്തോ ഒന്നായാണ് ബഹുഭൂരിപക്ഷവും ദൈവത്തെ കാണുന്നത്. അതുകൊണ്ടുതന്നെയാണ്, ദൈവബന്ധിയായ എന്തും വൈകാരികമാകുന്നതും. അക്കാരണത്താല്‍തന്നെ, തന്ത്രശാലിയായ മതപ്രചാരകര്‍ക്ക് ഒരു സമൂഹത്തെതന്നെ മൂക്കുകയറിട്ട്, സ്വേച്ഛപ്രകാരം ഏതു വഴിക്കും കൊണ്ടുനടക്കാനും സാധിക്കും.
ഡൈനാമിറ്റിന്‍റെയും അണുശക്തിയുടെയും മറ്റും കണ്ടുപിടിത്തവും മാനവപുരോഗതിക്ക് എത്ര സഹായകരമായി എന്നു നമുക്കറിയാം. അതുപോലെ ഈ കണ്ടുപിടിത്തങ്ങള്‍ തന്നെ, വികലമായ കൈകളിലെത ്തിയാല്‍ എത്ര വിനാശകരമായിരിക്കുമെന്നും നാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മേന്മകൊണ്ട് പ്രാമുഖ്യം നേടാന്‍ ത്രാണിയില്ലെന്നു വരുമ്പോള്‍ തിന്മകൊണ്ട് അതു നേടാമെന്ന് കരുതുന്ന ജളന്മാരുടെ കാലമാണിത്. ഇന്നു നാമെത്തിനില്ക്കുന്നത് ഒരു വര്‍ഗീയ സ്ഫോടനത്തിന്‍റെ വക്കിലാണെങ്കില്‍ അതിനുത്തരവാദികള്‍, ഇത്തരം ജളന്മാരായ ഭരണകര്‍ത്താക്കളും രാഷ്ട്രീയ ഭിക്ഷാംദേഹികളും മതപ്രചാരകരും മറ്റുമല്ലാതെ മറ്റാരുമല്ല.
ആധുനിക ജീവിതത്തിലെ അവിഭാജ്യഘടകമായി മാറിയിരിക്കയാണല്ലോ മാധ്യമങ്ങള്‍. പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഇന്ന് സാധാരണക്കാരന്‍റെപോലും ജീവിതചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു. ലോകത്തിന്‍റെ ഏതു മുക്കിലും മൂലയിലും നടക്കുന്ന സംഭവങ്ങളെക്കുറിച്ചും മാലോകര്‍ക്ക് താമസംവിനാ അറ ിവുകൊടുക്കുന്നതിന് പത്രമാധ്യമങ്ങള്‍ക്ക് കഴിയും. ദൃശ്യമാധ്യമങ്ങളാകട്ടെ ലോകത്തെവിടെയും എന്തിന് അന്യഗ്രഹങ്ങളില്‍പോലും സംഭവിക്കുന്ന സംഗതികള്‍ തത്സമയം നമ്മുടെ കണ്‍മുന്നിലെത്തിച്ചു തരുന്നതിനു തക്കവണ്ണം വളര്‍ന്നിരിക്കുന്നു. മാധ്യമങ്ങള്‍ കാണെക്കാണെ വളരുമ്പോള്‍ ലോകം ചെറുതായിച്ചെറുതായി വരുന്നു.
ഇന്നു മനുഷ്യന്‍റെ ജീവിതരീതികളെയും ചിന്താഗതികളെയും സംസ്കാരത്തെതന്നെയും നിയന്ത്രിക്കുന്നതിനും നയിക്കുന്നതിനും മാധ്യമങ്ങള്‍ക്കുള്ള കെല്പ്, മറ്റൊന്നിനുമില്ലതന്നെ.സദാചാരബോധമാണ് സമൂഹത്തിന്‍റെ ജീവനാഡിയെന്നതില്‍ രണ്ടുപക്ഷം ഇല്ല. സദാചാരസങ്കല്പങ്ങള്‍, ഓരോ സമൂഹത്തിനും തനതും മറ്റൊന്നില്‍നിന്ന് വ്യത്യസ്തവും ആയിരിക്കുമെങ്കിലും ആ ഒരു ബോധമാണ്, സമൂഹത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്നത്. ഒരു സമൂഹത്തെ നയിക്കുന്നതില്‍ ഭരണകര്‍ത്താക്കള്‍ക്കും സാഹിത്യകാരന്മാര്‍ക്കും സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ക്കും അനിഷേധ്യമായ സ്ഥാനമുണ്ടെങ്കിലും അതിനെക്കാളെല്ലാമുപരിയാണ് മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള സ്ഥാനവും പ്രാധാന്യവും.
തീവ്രമായ വൈകാരികതയാണല്ലോ വര്‍ഗീയ ചിന്തകളുടെ മുഖമുദ്ര. ഒരു തീപ്പൊരികൊണ്ട് വന്‍സ്ഫോടനം ഉണ്ടാകുംവിധം അപകടകരമാണ് ജാതിമതസംബന്ധമായ വിദ്വേഷങ്ങള്‍, അനുചിതവും അനവസരത്തിലുള്ളതുമായ ഒരു ചെറു പ്രവൃത്തിയോ, ഒരു ചെറുവാക്കോ, വന്‍കലാപത്തിനും നാശത്തിനും കാരണമായിട്ടുള്ള സംഭവങ്ങള്‍ നമുക്കറിവുള്ളതാണല്ലോ. ഏതു തര്‍ക്കത്തെയും രാഷ്ട്രീയവല്‍ക്കരിക്കുന്നതിനോ വര്‍ഗീയവത്കരിക്കുന്നതിനോ ഇന്ന് വലിയ പ്രയാസമൊന്നും വേണ്ടിവരില്ല. കേവലം വൈയക്തികമായ അഭിപ്രായവ്യത്യാസങ്ങള്‍ ഇരുമതസ്ഥര്‍ തമ്മിലായാല്‍ ഏറ്റുപിടിക്കുന്നവര്‍ക്കും ഏലായിടുന്നവര്‍ക്കും മതപരിവേഷമായി. അതെ സംബന്ധിച്ച വാര്‍ത്ത പടരുന്നത്ര വേഗതയില്‍ തര്‍ക്കവും കലാപവും പടരുകയുമായി.
മാധ്യമങ്ങളുടെ നിഷ്പക്ഷത എന്നത് ഇന്നൊരു കിനാവുമാത്രമാണല്ലോ. രാഷ്ട്രീയവും മതപരവും സാമ്പത്തികവും എന്നുവേണ്ട അനേകമനേകം ഇഷ്ടാനിഷ്ടങ്ങളും പക്ഷങ്ങളുമാണ് ഇന്ന് മാധ്യമലോകത്തെ നിയന്ത്രിക്കുന്നത്. പ്രചാരത്തിന്‍റെ വലുപ്പത്തിലാണ് ഇന്ന് മാധ്യമങ്ങള്‍ക്കെല്ലാം താല്പര്യം. വായനക്കാരുടെ എണ്ണത്തിന് ആനുപാതികമായി വര്‍ദ്ധിക്കുന്ന വരുമാനവും വലുപ്പവും പെരുപ്പവും പറഞ്ഞുനേടുന്ന പരസ്യവരുമാനവും ഉള്‍പ്പെടുന്ന സാമ്പത്തികലക്ഷ്യങ്ങള്‍ക്കാണ് മാധ്യമലോകത്തില്‍ ഏറ്റവും സ്വാധീനം അതുകൊണ്ടുതന്നെ, പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഹീനമാര്‍ഗങ്ങള്‍പോലും മാധ്യമങ്ങള്‍ക്ക് ഇന്ന് അന്യമല്ലാതായിത്തീര്‍ന്നിരിക്കുന്നു.
അഭിപ്രായസ്വാതന്ത്ര്യം നമുക്ക് ഭരണഘടന കല്പിച്ചു തന്നിട്ടുള്ള മൗലികാവകാശം തന്നെ. എന്നാല്‍, ആ സ്വാതന്ത്ര്യം പോലും കടിഞ്ഞാണില്ലാത്ത കുതിരയാണെന്നു കരുതുവാന്‍ പാടില്ല. പറയുന്നത് സത്യമായിരിക്കണമെന്നല്ലാതെ സകലസത്യങ്ങളും പറഞ്ഞുകൊള്ളണമെന്നൊന്നും പ്രമാണമില്ല. വിവേകവും വിവേചനബുദ്ധിയും ഏറ്റവും ആവശ്യമായി വരുന്നത് മാധ്യമരംഗത്താണല്ലോ.
സാധാരണനിലയില്‍ വര്‍ഗീയസ്പര്‍ദ്ധയും കലാപവും പടരുന്നത്, അതെ സംബന്ധിച്ച വാര്‍ത്ത പടരുന്നതോടൊപ്പമാണ്. അതുപോലെതന്നെ, പലപ്പോഴും കാലുഷ്യം ജനിക്കുന്നതും ഏതെങ്കിലും അവിവേകപ്രവൃത്തിയോ അനുചിതവാക്കുകളോ പ്രചരിപ്പിക്കപ്പെടുമ്പോഴാണ് പലപ്പോഴും. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളുമാവും പ്രചരിപ്പിക്കപ്പെടുന്നത്. സത്യങ്ങള്‍ തന്നെയും അപൂര്‍ണമായോ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്താതെയോ പ്രചരിപ്പിക്കപ്പെടുമ്പോള്‍ അസത്യത്തേക്കാളും ബീഭത്സമായിത്തീര്‍ന്നിട്ടുള്ള അനുഭവങ്ങളും നമുക്കുണ്ട്. അനുവാചകന്‍റെ ആകാംക്ഷയും ജിജ്ഞാസയും അവസാനം വരെ നിലനിര്‍ത്തുകയെന്നുള്ളതാണല്ലോ അവതാരകന്‍റെ വൈഭവം. തന്മൂലം ഉടനീളം ഔത്സുക്യം നിലനിര്‍ത്തുന്നതിനാവശ്യമായ നിറം പിടിപ്പിക്കപ്പെട്ട അര്‍ദ്ധസത്യങ്ങളും ചേര്‍ത്ത് വര്‍ത്തമാനങ്ങള്‍ മെനഞ്ഞെടുക്കുവാന്‍ ഇന്നത്തെ മാധ്യമലോകം വ്യഗ്രത കാണിക്കുന്നുമുണ്ട്.
വര്‍ഗീയ കാലുഷ്യം ഉണ്ടാകുന്നയവസരത്തില്‍ അതു പടര്‍ന്നു പന്തലിക്കാതിരിക്കുന്നതിന് മാധ്യമലോകത്തിന് സ്വീകരിക്കാവുന്ന ഏറ്റവും ഫലവത്തായ മാര്‍ഗങ്ങളിലൊന്ന്. അതിന്‍റെ പൈശാചികമുഖത്തെ അവഗണിക്കലാണ്. പലപ്പോഴും, ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ മൂലമുണ്ടാകുന്ന തീ കെടാതെ സൂക്ഷിക്കുന്നതിനും ഊതിക്കത്തിക്കുന്നതിനും ശ്രമിക്കുന്ന തല്പരകക്ഷികള്‍, കുഴപ്പങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനും അതുവഴി തങ്ങളുടെ പ്രസക്തി നിലനിര്‍ത്തുന്നതിനും ശ്രമിക്കുന്നതായി കണ്ടിട്ടുണ്ട്. പ്രചാരവും പ്രസിദ്ധിയും മോഹിച്ചുവരുന്ന അത്തരക്കാരെ പൂര്‍ണമായും അവഗണിച്ചാല്‍ ഒരു വലിയ പരിധിവരെ കലാപങ്ങളും സ്പര്‍ദ്ധതയും നിയന്ത്രിക്കുന്നതിനു സാധിക്കും. അനുവാചകന്‍റെ ചിന്താസരണിയെ നിയന്ത്രിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക്, വായനക്കാരനെ, അല്ലെങ്കില്‍ ശ്രോതാവിനെ അവനറിയാതെ തന്നെ നയിച്ചുകൊണ്ടുപോകുന്നതിനുള്ള കഴിവാണല്ലോ ആഖ്യാതാവിനുള്ളത്.
നമുക്ക് ചുറ്റുമുള്ള സ്വാര്‍ത്ഥതാല്പര്യക്കാരെ തിരിച്ചറിയുന്നതിനുള്ള വിവേചനബുദ്ധി, സാധാരണജനങ്ങളിലുണ്ടാക്കിയെടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്കു സാധിക്കും. വികാരങ്ങളാലല്ലാതെ വിവേകത്താല്‍ നയിക്കപ്പെടുവാനുള്ള പ്രാപ്തി ജനങ്ങളില്‍ സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഇച്ഛാശക്തി ഉണ്ടാകണം.
മാധ്യമരംഗത്ത് ഇന്നു കാണുന്ന സങ്കുചിതത്വം അപകടകരമായ ഒരു സൂചനയാണ്. അനുവാചകരുടെ പെരുമയ്ക്ക് അനുസരിച്ച്, പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഞാണിന്മേല്‍ കളിയായി വര്‍ഗീയപ്രശ്നങ്ങളെ വളച്ചൊടിക്കുമ്പോള്‍, നേട്ടം താല്ക്കാലികമായിരിക്കുമെന്നുതന്നെയല്ല, കോട്ടം ഭീകരവും സമൂഹത്തിന്‍റെ നിലനില്പിനു തന്നെ ഭീഷണിയായിത്തീരുന്നതുമായിരിക്കുമെന്നതില്‍ സംശയമില്ല.മിതമായും സാരമായും വചിക്കുന്നവനാണ് വാഗ്മിയെന്ന തത്ത്വം മറക്കാതിരിക്കാം.
Featured Posts
Recent Posts
bottom of page