top of page

ശവംതീനികളാകുന്ന മാധ്യമങ്ങള്‍

Nov 22, 2009

3 min read

 A News room
A News room

ഇരകള്‍ക്ക് ചരിത്രകാരന്മാരില്ലാത്തിടത്തോളം വേട്ടയുടെ കഥകള്‍ പൊലിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും. (ആഫ്രിക്കന്‍ പഴമൊഴി)


ജനാധിപത്യത്തില്‍ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന സംജ്ഞയിലാണ് മാധ്യമങ്ങള്‍ വിവക്ഷിക്കപ്പെടുന്നത്. സിവില്‍സമൂഹത്തിലേക്ക് തുറന്നിരിക്കുന്ന ജാഗ്രവത്തായ ഒരു മൂന്നാംകണ്ണ് മാധ്യമങ്ങള്‍ക്കുണ്ടെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.

എന്നാല്‍ വര്‍ത്തമാനകാലത്തില്‍ മാധ്യമങ്ങള്‍ക്കുള്ള ഈ വിശേഷണങ്ങളെല്ലാം ഒരു മരീചികയായി മാറുന്ന കാഴ്ചയാണുള്ളത്. എന്‍റെ അഭിപ്രായത്തെ എതിര്‍ക്കുവാനുള്ള നിന്‍റെ സ്വാതന്ത്ര്യത്തെ ഞാനെന്‍റെ ജീവന്‍ നല്‍കി സംരക്ഷിക്കും എന്നുള്ള വോള്‍ട്ടയറുടെ വചനം വിസ്മരിച്ചുകൊണ്ടാണ് ഇന്നു മാധ്യമങ്ങള്‍ വാര്‍ത്തകളെ അപനിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്‍റെ സാംസ്കാരിക പരിസരംതന്നെ അപഗ്രഥിച്ചാല്‍ ഇതിന് വളരെയേറെ ദൃഷ്ടാന്തങ്ങളുണ്ട്. സമൂഹം ചാനലൈസ് ചെയ്യപ്പെട്ടതോടുകൂടി വാര്‍ത്തകള്‍ക്കിടയിലെ വിഷം പുരട്ടലിന് ദൃഢത കൂടുകയാണ് ചെയ്യുന്നത്.

വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന 'സരസന്‍' സംഭവം വായനക്കാരുടെ സ്മൃതിപഥത്തില്‍ ഉണ്ടാകുമെന്ന് കരുതട്ടെ. കേരളരാഷ്ട്രീയത്തിലെ അതികായകനായ ബേബിജോണ്‍ 'സരസന്‍' എന്ന ചെറുപ്പക്കാരനെ കൊന്ന് കടലില്‍ താഴ്ത്തി എന്നാരോപണം ഉയര്‍ന്നു. സരസനെ കൊന്നുതാഴ്ത്തിയത് ഇവിടെയാണെന്ന് ഈ ലേഖകന്‍ കുട്ടിയായിരുന്നപ്പോള്‍ ശക്തികുളങ്ങരക്കാരനായ ഒരു സുഹൃത്തിന്‍റെ അച്ഛന്‍ കാണിച്ച് തരുകയും ചെയ്തു. അന്നു മാധ്യമങ്ങള്‍ ബേബിജോണിന്‍റെ രക്തത്തിനുവേണ്ടി ദാഹിച്ചു കൊണ്ട് അപസര്‍പ്പകകഥകള്‍ എഴുതി. വര്‍ഷങ്ങള്‍ക്കുശേഷം സരസന്‍ തിരിച്ചുവന്നു. പക്ഷേ ബേബി ജോണിനെ കൊലയാളിയാക്കി തിരക്കഥയെഴുതിയ മാധ്യമങ്ങള്‍ ഒന്ന് പശ്ചാത്തപിക്കുവാന്‍പോലും തയ്യാറായില്ല.

മലയാളത്തില്‍ മൗലികചിന്തയുടെ ധിഷണാസ്പര്‍ശമുള്ള കെ. പി. നിര്‍മ്മല്‍കുമാറിന്‍റെ നിരീക്ഷണം ഇവിടെ പ്രസക്തമാവുകയാണ്: "മലയാള മാധ്യമപ്രവര്‍ത്തകര്‍ തൊഴില്‍ മഹിമ അറിയാത്തവരാണ്. ഒരു പ്രസ്ക്ലബ് മാധ്യമസംഗമത്തില്‍ അവര്‍ ഇരിക്കുന്നതും ചലിക്കുന്നതും ചോദ്യം ചോദിക്കുന്നതും തല താഴ്ത്തിയിരിക്കുന്നതും കണ്ടാലറിയാം അവിടെ നടക്കുന്നത് മടിയന്‍റെ അരങ്ങേറ്റമാണ്. ക്ലബിന്‍റെ നിശ്ചിത തുക ഫീസടച്ച്, വായപ്പെട്ടി തുറന്ന് സകലവിധ അസത്യങ്ങളും പ്രചരിപ്പിക്കുന്ന രാഷ്ട്രീയക്കാരനോട്, എഴുന്നേറ്റുനിന്ന് സത്യത്തിന്‍റെ ധൈര്യമുപയോഗിച്ച്, 'നിര്‍ത്തൂ ഈ അടിസ്ഥാനമില്ലാത്ത വിടുവായത്തം' എന്ന് ഗര്‍ജ്ജിക്കുന്നതിന് പകരം മൂക്കിലും വായിലും ചെവിയിലും വിരല്‍ തിരുകിയും ഇറക്കിയും അയാള്‍ പത്രധര്‍മ്മത്തെ പരിഹസിക്കുന്നു." മലയാളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ഷണ്ഡത്വത്തെ ശരിയായിത്തന്നെയാണ് കെ. പി. നിര്‍മ്മല്‍കുമാര്‍ വിലയിരുത്തിയിരിക്കുന്നത്.

അയഥാര്‍ത്ഥ നാടകവേദിയുടെ പ്രണേതാവായ യൂജിന്‍ അയനസ്കോയുടെ വിഖ്യാതയായ ഒരു നാടകമുണ്ട്- ദ ലീഡര്‍. നാടകത്തിന്‍റെ തിരശ്ശീല ഉയരുമ്പോള്‍, അരങ്ങില്‍ വെളിച്ചമുണരുമ്പോള്‍ പ്രേക്ഷകന്‍ കാണുന്നത് ഒരു ആള്‍ക്കൂട്ടത്തെയാണ്. ആള്‍ക്കൂട്ടം തങ്ങളുടെ നേതാവിന്‍റെ വരവും കാത്ത് നില്‍ക്കുകയാണ്. ആള്‍ക്കൂട്ടം നേതാവിന്‍റെ അപദാനങ്ങള്‍ ഒന്നൊന്നായി വാഴ്ത്തുന്നുണ്ട്. നേതാവ് തെരുവില്‍ നില്‍ക്കുന്ന കുഞ്ഞിനെ ചുംബിക്കുന്നത്, നിസ്വവര്‍ഗ്ഗത്തിന്‍റെ കണ്ണീരൊപ്പുന്നത്... അങ്ങനെ നേതാവിനെക്കുറിച്ചുള്ള വാഴ്ത്തുകള്‍ ഒന്നൊന്നായി വേദിയില്‍ ഉരുക്കഴിക്കപ്പെടുകയാണ്. വാദ്യഘോഷങ്ങള്‍ ഉച്ചത്തിലായി. നേതാവ് കടന്നുവരികയാണ്. ആള്‍ക്കൂട്ടം ആരവം മുഴക്കി. പൊടുന്നനവേ ഒരു കുട്ടി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: "അയ്യോ... നമ്മുടെ നേതാവിന് തലയില്ലല്ലോ..." ശിരച്ഛേദം ചെയ്യപ്പെട്ട നേതാക്കള്‍ അരങ്ങുവാഴുമ്പോള്‍ രാജാവ് നഗ്നനാണെന്ന് പറയുവാനുള്ള കുട്ടിയുടെ നിഷ്കളങ്കതപോലും നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇല്ലാതാകുന്നു. അധികാരമൊരുക്കുന്ന സുഖശീതളിമയില്‍ ജനാധിപത്യത്തിന്‍റെ കാവല്‍നായ്ക്കള്‍ ഒന്നു കുരയ്ക്കുവാന്‍പോലും കഴിയാതെ തങ്ങള്‍ക്ക് കിട്ടിയ എല്ലിന്‍കഷണങ്ങളും കടിച്ചുപിടിച്ചിരിക്കുകയാണ്. നീതി നിഷേധിക്കപ്പെട്ടവരുടേയും പ്രാന്തവല്ക്കരിക്കപ്പെട്ടവരുടേയും കരള്‍വിലാപങ്ങള്‍ക്ക് മുന്‍പില്‍ നമ്മുടെ മാധ്യമപ്രവര്‍ത്തകരുടെ കാതുകള്‍ ബധിരമാവുകയാണ്.

അനന്തപുരിയില്‍ നടന്ന ചില സംഭവങ്ങള്‍ പരിശോധിക്കുക. പത്മതീര്‍ത്ഥകുളത്തില്‍ മാനസികവിഭ്രമം ബാധിച്ച ഒരാള്‍ മറ്റൊരാളെ മുക്കി കൊല്ലുന്നത് ലൈവായി കാണിക്കുകയാണ്, ആള്‍ക്കൂട്ടത്തോടൊപ്പം നിഷ്ക്രിയമാവുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത്. തമ്പാനൂരെ ഓടക്കുള്ളില്‍ ഒരു സ്ത്രീ കാലുകുരുങ്ങി വിലപിക്കുന്നതിന് ആദ്യം ദൃക്സാക്ഷിയായത് ഒരു മാധ്യമപ്രവര്‍ത്തകനാണ്. എന്നാല്‍ അവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ ആ സ്ത്രീയുടെ വിലാപങ്ങള്‍ ക്യാമറയുടെ വിവിധ ആംഗിളുകളില്‍ പകര്‍ത്തുകയായിരുന്നു സമൂഹത്തിന്‍റെ വഴിവെളിച്ചമാകേണ്ട പത്രപ്രവര്‍ത്തകന്‍ ചെയ്തത്.

ഇതൊക്കെ വൈയക്തികമായ അനുഭവങ്ങളാണെന്ന് വേണമെങ്കില്‍ വാദിക്കാം. എന്നാല്‍, വിദര്‍ഭയിലെ കര്‍ഷകരുടെ കൂട്ടആത്മഹത്യക്ക് പിറ്റേന്നിറങ്ങിയ ദിനപ്പത്രങ്ങളുടെ മുന്‍പേജ് വിശ്വസുന്ദരിയായി ഇന്ത്യക്കാരി തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ വര്‍ണ്ണചിത്രങ്ങളും വാര്‍ത്തകളുമായിരുന്നു. കോര്‍പ്പറേറ്റ് ശക്തികളുടെ അധിനിവേശ താല്പര്യങ്ങളുടെ ജിഹ്വയായി മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. മനുഷ്യന്‍റെ അടിസ്ഥാനാവശ്യങ്ങള്‍ മാറ്റി അവയ്ക്കുപരി കൃത്രിമാവശ്യങ്ങള്‍ സൃഷ്ടിക്കുന്ന ഭ്രാന്തമായ ഉപഭോഗസംസ്കാരത്തിന്‍റെ ചാലകശക്തികളായി മാധ്യമങ്ങള്‍ മാറുകയാണ്.

സമീപകാലത്ത് മൂത്തൂറ്റ് പോള്‍വധത്തെ മാധ്യമങ്ങള്‍ സമീപിച്ച രീതിയെക്കുറിച്ച് മാധ്യമനിരൂപക ഉഷ എസ്. നായര്‍ പറഞ്ഞ അഭിപ്രായം സ്മരണീയമാണ്: "അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഗൗരവമേറിയ പ്രവൃത്തിയാണ്. ക്യാമറ കൊണ്ടുവന്ന സത്യാദ്ഭുതങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ട് പലപ്പോഴും ജനങ്ങള്‍ സംഭ്രമിച്ച് പോയിട്ടുണ്ട്. വിസ്മയങ്ങളാണ് മാധ്യമപ്രവര്‍ത്തനത്തെ സജീവമാക്കുന്നത്. വിസ്മയങ്ങളും സ്തോഭങ്ങളുമില്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് നിലനില്പില്ല എന്ന അവസ്ഥ വന്നുഭവിച്ചതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് പോള്‍വധത്തിന്‍റെ വാര്‍ത്താസംപ്രേക്ഷണങ്ങള്‍, അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്‍റെ പിന്നിലെ കുശാഗ്രബുദ്ധിക്കും ധൈര്യത്തിനും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുമ്പോള്‍തന്നെ മാധ്യമങ്ങള്‍ പ്രൈവറ്റ് ബസുകളുടെ ചേലില്‍ മത്സരയോട്ടം നടത്തി പ്രേക്ഷകരെ ഇടിച്ച് വീഴ്ത്തുന്നത് ദയനീയ കാഴ്ചയാകുന്നു."

ഗുണ്ടകളെ അതിമാനുഷരായി വാഴ്ത്തുന്ന ശൈലിയാണ് ഇന്ന് മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. പുതുതലമുറയുടെ ഹൃദയത്തില്‍ ഇത്തരമൊരു ശൈലി സൃഷ്ടിക്കുന്നതിന്‍റെ ദുരന്തപ്രത്യാഘാതങ്ങള്‍ തിരിച്ചറിയാനുള്ള ആര്‍ജവം മാധ്യമങ്ങള്‍ക്ക് ഇല്ലാതെപോയി. തമിഴ്നാട്ടില്‍ കീഴടങ്ങിയ ഗുണ്ടകളെയുംകൊണ്ട് തമിഴ്നാട് പോലീസ് കേരളത്തിലേക്ക് പുറപ്പെട്ടത് 'ലുക്ക് ഔട്ട് നോട്ടീസുള്ള' പ്രതികളെ ഹാജരാക്കാനുള്ള പ്രത്യേക സംവിധാനത്തോടെയായിരുന്നു. ഈ പോലീസ് വാഹനത്തിന് പിന്നാലെ ഒബി വാന്‍ സഹിതമുള്ള സജ്ജീകരണത്തോടെ ചാനലുകള്‍ പുറപ്പെട്ടത് സ്വകാര്യബസുകളുടെ മത്സരഓട്ടത്തിന് സമാനമാണ്. ചാനലുകളിലൂടെ യാത്രയുടെ വിവരം ലഭിച്ച പ്രേക്ഷകര്‍ എല്ലാം ഇട്ടെറിഞ്ഞ് വഴിവക്കില്‍ തടിച്ചുകൂടി. ഗുണ്ടകളെ ജയിലില്‍ എത്തിച്ചപ്പോള്‍ ഇതാ ഓം പ്രകാശിനെ കാണാം, ഇപ്പോഴിതാ പുത്തന്‍പാലം രാജേഷിനേയും നിങ്ങള്‍ക്ക് കാണാം എന്നൊക്കെ വിളിച്ച് കൂവിയത് ശബരിമലയില്‍ മകരജ്യോതിസ് തെളിയുന്നതിനെപ്പറ്റി പറയുന്ന അത്യുത്സാഹത്തോടെയായിരുന്നു. ഇവിടെ മാധ്യമങ്ങള്‍ക്ക് 'സെന്‍സ് ഓഫ് പ്രൊപ്പോര്‍ഷന്‍' നഷ്ടപ്പെട്ടിരിക്കുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും വക്കം മൗലവിയുടെയുമൊക്കെ മൂല്യവത്തായ പൈതൃകമുള്ളതാണ് മലയാള മാധ്യമരംഗം. എന്നാല്‍ ഇന്ന് ഏറ്റവും മലീമസമായ മേഖലയായി ഈ രംഗം മാറിയിരിക്കുന്നു. ആദിവാസിയുടെ നിലവിളിക്കുന്ന രക്തമോ, വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്നവന്‍റെ രോഷമോ, ധ്വംസിക്കപ്പെടുന്ന മനുഷ്യാവാകശങ്ങളോ, പരിസ്ഥിതിക്ക് മേലുള്ള അധിനിവേശമോ ഇന്ന് മാധ്യമങ്ങള്‍ക്ക് മുഖ്യവാര്‍ത്ത അല്ലാതാകുന്നു. ഒരു വാര്‍ത്തയെ എങ്ങനെ നിറംപിടിപ്പിച്ച നുണയാക്കാം അല്ലെങ്കില്‍ പൈങ്കിളി വല്കരിക്കാം എന്നാണ് ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ നോക്കുന്നത്.

മാധ്യമങ്ങളുടെ അജണ്ടകള്‍ മാറേണ്ടിയിരിക്കുന്നു. വേട്ടക്കാരന്‍റെ സ്തുതിഗീതങ്ങള്‍ക്ക് ഇടം നല്‍കാതെ ഇരയോടൊപ്പം നില്‍ക്കുവാനുള്ള ആര്‍ജവവും സത്യസന്ധതയും ഉണ്ടാവുക എന്നുള്ളതാണ് യഥാര്‍ത്ഥ മാധ്യമധര്‍മ്മം. എങ്കില്‍ മാത്രമേ ജനാധിപത്യത്തിന്‍റെ ഈ നാലാം നെടുതൂണിന് അര്‍ത്ഥമുണ്ടാവുകയുള്ളൂ.

0

0

Featured Posts

bottom of page