top of page

മരുന്നു വില്പനക്കാര്‍

Sep 1, 2010

1 min read

ശൈഖ്മുഹമ്മദ് കാരകുന്ന്

Image : A drawing of two people

അബ്ബാസിയാ ഭരണാധികാരികളില്‍ പ്രശസ്തനായിരുന്നു മഅ്മൂന്‍. അദ്ദേഹത്തിന്‍റെ മുഖ്യഉപദേഷ്ടാവ് പ്രമുഖപണ്ഡിതനായ സുമാമതുബ്നു അശ്റസായിരുന്നു.

സുമാമ, ബാഗ്ദാദിലെ ഖുല്‍ദ് തെരുവിലൂടെ വാഹനത്തില്‍ സഞ്ചരിക്കുകയാണ്. ഒരിടത്ത് ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കുന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പെട്ടു. അവിടെ സംഭവിച്ചതെന്തെന്നറിയാന്‍ വാഹനംനിര്‍ത്തി അവരുടെ ഇടയിലേയ്ക്ക് ഇറങ്ങി നടന്നു.

വിശാലമായ ഒരു പായ വിരിച്ചിരിക്കുന്നു. അതു നിറയെ മരുന്നുകുപ്പികള്‍ നിരത്തിയിരിക്കുകയും. അതിന്‍റെ അരികില്‍നിന്ന് ഒരാള്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നു: "ഇതൊരു സിദ്ധൗഷധമാണ്. എല്ലാവിധ കണ്ണുരോഗങ്ങള്‍ക്കും ഏറ്റവും പറ്റിയ മരുന്ന്. തിമിരം, കോങ്കണ്ണ് തുടങ്ങി എല്ലാം അതിവേഗം സുഖപ്പെടും. കണ്ണുകാണാത്തവര്‍ക്ക് കാഴ്ചശക്തി തിരിച്ചുകിട്ടും."

"നഷ്ടപ്പെട്ട കാഴ്ചയും തിരിച്ചുകിട്ടുമോ?" സുമാമ വിളിച്ചുചോദിച്ചു.

"അതിലെന്തു സംശയം? അനേകം അന്ധരെ സുഖപ്പെടുത്തിയ അനുഭവമുണ്ട്. പലതവണ പരീക്ഷിച്ചതാണ്. എല്ലാം പരിപൂര്‍ണ്ണവിജയം." മരുന്നുവില്പനക്കാരന്‍ തറപ്പിച്ചുപറഞ്ഞു.

അപ്പോഴാണ് അയാളുടെ ഒരു കണ്ണ് പൊട്ടിചപ്പിയതാണെന്നു സുമാമക്കു മനസ്സിലായത്. എന്നാലും ജനം മരുന്നിനുവേണ്ടി തിക്കിത്തിരക്കുകയായിരുന്നു. ചിലര്‍ നേത്രരോഗത്തെപ്പറ്റി ചോദിക്കുന്നു. വേറെചിലര്‍ മരുന്നുപയോഗിക്കേണ്ട ക്രമംചോദിച്ച് പഠിക്കുന്നു. അയാള്‍ എല്ലാവര്‍ക്കും മരുന്നു നല്കി നിശ്ചിതവില വാങ്ങി പോക്കറ്റിലിടുന്നു.

"അല്ല, ഒന്നുകൂടി ചോദിക്കട്ടെ. താങ്കളുടെ കണ്ണിനെന്തുപറ്റി?" സുമാമ അന്വേഷിച്ചു.

"ഓ, അതു സാരമില്ല." മരുന്നുകച്ചവടക്കാരന്‍ ജാള്യതയോടെ പറഞ്ഞു.

"എന്നാലും കേള്‍ക്കട്ടെ; എന്തുപറ്റി?"

"അതിനു കുറച്ചുകാലമായി കാഴ്ചയില്ല."

"എങ്കില്‍ താങ്കള്‍ക്കാണല്ലോ ഈ മരുന്ന് കൂടുതലാവശ്യം. താങ്കള്‍ക്കിതൊന്നുപയോഗിച്ചുകൂടേ?" സുമാമ ചോദിച്ചു.

മരുന്നു വില്പനക്കാരന്‍ അല്പമൊന്നമ്പരന്നു. പക്ഷേ, പെട്ടെന്നു ധൈര്യം സംഭരിച്ച് രൂക്ഷമായഭാഷയില്‍ പറഞ്ഞു: "വിഡ്ഢി! ഇരുപതു വര്‍ഷമായി ഞാനിവിടെ ജോലിചെയ്യുന്നു. ഇക്കാലമത്രയും നിന്നെപ്പോലൊരു പടുവിഡ്ഢിയെ ഞാന്‍ കണ്ടിട്ടില്ല."

"ഞാന്‍ വിഡ്ഢിത്തമൊന്നും പറഞ്ഞില്ലല്ലോ." സുമാമ ശാന്തസ്വരത്തില്‍ പറഞ്ഞു.

"പിന്നല്ലാതെ, നീ പടുവിഡ്ഢിതന്നെ! എന്‍റെ കണ്ണിനു രോഗം ബാധിച്ചത് എവിടെവച്ചാണെന്ന് നിനക്കറിയാമോ?"

"ഇല്ല, ഞാനതെങ്ങനെ അറിയാനാണ്?" സുമാമ ചോദിച്ചു.

"അതുതന്നെയല്ലേ ഞാന്‍ പറഞ്ഞത് നീ മഹാവിഡ്ഢിയാണെന്ന്. ഈജിപ്തില്‍വച്ചാണ് എന്‍റെ കണ്ണിനു രോഗം പിടിപെട്ടത്."

മരുന്നുവില്പനക്കാരന്‍ വലിയ കാര്യം പറഞ്ഞുവെന്നമട്ടില്‍ അവിടെക്കൂടിയവരെല്ലാം സുമാമയുടെ നേരെ തിരിഞ്ഞു. അയാള്‍ പറഞ്ഞതാണ് ശരിയെന്ന് അവര്‍ ആര്‍ത്തുവിളിച്ചു. അതോടൊപ്പം സുമാമയെ കയ്യേറ്റം ചെയ്യാനും തുടങ്ങി. ഗത്യന്തരമില്ലാതെ സുമാമക്ക് മാപ്പുചോദിക്കേണ്ടിവന്നു. അദ്ദേഹം പറഞ്ഞു: "അയാളുടെ കണ്ണ് പൊട്ടിയത് ഈജിപ്തില്‍വച്ചാണെന്ന് എനിക്കറിയില്ലായിരുന്നു. എന്‍റെ വിഡ്ഢിത്തംകൊണ്ട് ഞാനങ്ങനെ ചോദിച്ചുപോയതാണ്. അതിനാല്‍ എന്നോടു ക്ഷമിക്കുക."

നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷം നേതാക്കളും ഈ മരുന്നു കച്ചവടക്കാരനെപ്പോലെയാണ്. പാവപ്പെട്ട പൊതുജനത്തിന്‍റെ അജ്ഞതയും അന്ധതയും അവര്‍ പരമാവധി ചൂഷണം ചെയ്യുന്നു. അനുദിനം വാക്കുമാറുന്ന നമ്മുടെ നാട്ടിലെ നേതാക്കള്‍ക്ക് സാധാരണക്കാരുടെ വിസ്മയാവഹമായ വിസ്മൃതി വലിയ അനുഗ്രഹവുമാണ്.

Featured Posts

Recent Posts

bottom of page