top of page
തീയും ഗന്ധകവും ഇറങ്ങുമ്പോള്‍ ദൈവം സംരക്ഷിക്കാന്‍ ശ്രമിച്ചത് അവരെ മാത്രമായിരുന്നു, ലോത്തിനെയും കുടുംബത്തെയും. മലമുകളിലേക്ക് ഓടി രക്ഷപ്പെടാനാണ് അവരോട് പറഞ്ഞത്. ഓടിപ്പോകുമ്പോള്‍ ഒരിക്കലും തിരിഞ്ഞു നോക്കരുതെന്നും. പുരുഷനതു പാലിക്കും. എന്നാല്‍, അയാളുടെ സ്ത്രീയെന്തു ചെയ്യും. നഗരമല്ല കത്തിയെരിയുന്നത്; അവളുടെ എണ്ണിയാല്‍ തീരാത്ത ഓര്‍മ്മകളുടെ തിരുവരങ്ങാണത്. അവളെങ്ങനെ തിരിഞ്ഞുനോക്കാതിരിക്കും. പ്രണയത്തിന്‍റെയോ സൗഹൃദത്തിന്‍റെയോ നഗരം ചാമ്പലാകുമ്പോള്‍ അയാള്‍ക്കത് ആയെന്നിരിക്കും. അവള്‍ അയാളല്ല. അതോടുകൂടി ഒരായിരം ഓര്‍മ്മകള്‍ അവളുടെ കഴലുകെട്ടുകയാണ്. അവള്‍ ഉപ്പു തൂണാവുന്നു. ജീവിതം ചില ഓര്‍മ്മകളില്‍ നിശ്ചലവും, നിസ്സഹായവുമാവുകയാണ്... ശരീരം കൊണ്ടവള്‍ ഇനിയും കുറെദൂരം താണ്ടിയെന്നിരിക്കും, അതില്‍ കാര്യമില്ല.
ഞാനോര്‍ക്കുന്നു, ഒരു ബന്ധു ആത്മഹത്യ ചെയ്തത്. മധ്യവയസ്സിൽ എത്തിയിരുന്ന അയാള്‍ അവിവാഹിതനായിരുന്നു. ആ രാത്രി മുഴുവന്‍ ടേപ്പ്റിക്കാര്‍ഡില്‍ നിന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് 'ഓര്‍മ്മയില്‍ ഒരു ശിശിരം, ഓമനിക്കാനൊരു ശിശിരം' എന്ന ഗാനം അയാളുടെ മുറിയില്‍നിന്ന് വീട്ടുകാര്‍ കേട്ടിരുന്നു. പുലരിയിലാണത് ചെയ്തത്. അയാളുടെ മരണത്തെക്കാള്‍ അയാള്‍ കേട്ട ഗാനമാണ് കുട്ടിയായിരുന്ന എന്നെ പരിഭ്രമിപ്പിച്ചത്. പൊട്ടിയ റിക്കോര്‍ഡ് കണക്കെ ചില ഓര്‍മ്മകളില്‍ തട്ടി, അത് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഒരു വരി മുമ്പോട്ട് മീട്ടാനാവാതെ നിസ്സഹായരാവുന്ന ചില മനുഷ്യര്‍. ഓര്‍മ്മ ഒരപകടം പിടിച്ച കാര്യമാണെന്ന് തോന്നുന്നു.
എന്നിട്ടും ഈ ഓര്‍മ്മകള്‍കൂടി ഇല്ലാതിരുന്നുവെങ്കില്‍ ചില മനുഷ്യര്‍ എത്രമാത്രം ദരിദ്രരായിപ്പോയേനെ. യവന സങ്കല്പത്തിലെ ലിഥിനദിക്ക് കുറുകെയെന്നപോലെ ഒരു നൂല്‍പ്പാലത്തിലൂടെയാണ് ഓരോരുത്തരുടെയും സഞ്ചാരം. ഒരു നിമിഷത്തെ അശ്രദ്ധ മതി അയാള്‍ അതിലേക്കിടറി വീണേക്കാം. പിന്നെ അയാള്‍ക്കൊന്നുമില്ല, അയാള്‍ ആരുമല്ല. വെറുതെയല്ല ഗുരുക്കന്മാര്‍ പറയുന്നത്, ഒരേയൊരു പാപമേയുള്ളൂ - വിസ്മൃതി. വന്നവഴികളും എത്തേണ്ടയിടങ്ങളും മറന്നു പോകരുത്. പാതിവഴിയില്‍ പലതും ഉപേക്ഷിക്കുന്ന അതിപ്രായോഗികവാദികളുടെ ചുണ്ടില്‍ വിരിയുന്ന പരിഹാസച്ചിരി കാണാതിരിക്കുന്നില്ല...
ഓര്‍മ്മയെ സുകൃതമായി എണ്ണാന്‍ പഠിപ്പിക്കുന്ന പുസ്തകമാണ് ബൈബിള്‍. സ്മൃതിയെ സജീവമാക്കി നിര്‍ത്താന്‍ അതിന് അതിന്‍റേതായ രീതികളുമുണ്ട്. ഒറ്റനോട്ടത്തില്‍ത്തന്നെ മടുപ്പിക്കുന്ന വിരസമായ വംശാവലികുറിപ്പുകളുമായി സുവിശേഷങ്ങള്‍ ആരംഭിക്കുന്നതു പോലും അതിനു വേണ്ടിയാവണം. നിങ്ങള്‍ മറ്റേതോ കാലത്തിനു കൂടി അവകാശപ്പെട്ടതാണ്, എന്ന സൗമ്യമായ ഓര്‍മ്മപ്പെടുത്തലാണത്. വൃക്ഷത്തിന്‍റെ ജീവരസംപോലെ മനുഷ്യരുടെ നിലനില്പിനെ സാദ്ധ്യമാക്കുന്നത് ഓര്‍മ്മകളുടെ ഇടമുറിയാത്ത സഞ്ചാരമാണെന്ന ആഷാ മേനോന്‍റെ നിരീക്ഷണം ഓര്‍ക്കുന്നു.
ഓര്‍മ്മകളുടെ സമൃദ്ധിയിലാണ് ക്രിസ്തുവിന്‍റെ ജീവിത വ്യാപാരമെല്ലാംതന്നെ. ഒരുപക്ഷേ, അവനുള്ളിടത്തോളം അഗാധമായ ഓര്‍മ്മകള്‍ ആര്‍ക്കുമുണ്ടായിരിക്കില്ല. ദൈവത്തിന്‍റെ മടിത്തട്ടോളം നീളുന്ന വിധത്തില്‍. അതിനെയയാള്‍ തന്‍റെ വീടെന്ന് വിളിച്ചു. മുപ്പത്തിമൂന്നു സംവത്സരം ഈ വാഴ്വിലൂടെ സഞ്ചരിക്കുമ്പോളും ഒരൊഴിവുകാലത്തിലെന്നപോലെ അമിത മമതകളോ ഭാരമോ ഇല്ലാതെ അയാള്‍ ജീവിച്ചത് വിട്ടുപോന്ന വീടിന്‍റെ ഓര്‍മ്മകളിലായിരുന്നു. ആ വീട്ടില്‍ നിറയെ മുറികളുണ്ടെന്നൊക്കെ പറയുമ്പോള്‍ വേനലവധിക്ക് അമ്മവീട്ടിലെത്തി, മാഞ്ചുവട്ടിലിരുന്നു വമ്പു പറയുന്ന കുട്ടികളുടെ ശരീരഭാഷയുണ്ടായിരുന്നിരിക്കണം ക്രിസ്തുവിന്... കൃതജ്ഞതയെന്ന ഭാവത്തെ സദാ നിലനിര്‍ത്തുവാന്‍ തന്‍റെ സ്നേഹിതരെ അഭ്യസിപ്പിച്ചതും ഓര്‍മ്മകളെ തിട്ടപ്പെടുത്താനായിരുന്നു. ചില സ്മൃതികള്‍ മിഴികളെ നനയ്ക്കുന്നതിന് വിളിക്കേണ്ട വാക്കാണല്ലോ കൃതജ്ഞത. ആ ഒമ്പതു പേരെവിടെ (LK 17/17) എന്ന് ആരായുമ്പോള്‍ ഓര്‍മ്മകളില്ലാത്ത ആ ഒമ്പത് പേരെവിടെ എന്നു തന്നെയര്‍ത്ഥം...
പള്ളിയായ പള്ളികളിലൊക്കെ പ്രഭാതം മുതല്‍ പ്രദോഷം വരെ അര്‍പ്പിക്കപ്പെടുന്ന തിരുവത്താഴ ശുശ്രൂഷ ഈ ഓര്‍മ്മകളുടെ വിരുന്നല്ലാതെ മറ്റെന്ത്? പെസഹ മേശയില്‍വച്ചാണത് ആരംഭിക്കുന്നതെന്ന് ഓര്‍മ്മിക്കണം. മേശയില്‍ വിളമ്പിയ ഓരോ വിഭവവും ഓരോ ഓര്‍മ്മയാണ്. ആ കയ്പിലകള്‍ നമ്മള്‍ കടന്നുവന്ന കയ്പിക്കുന്ന കാലത്തിന്‍റെ ഓര്‍മ്മയ്ക്ക്. ആ ധാന്യകുഴമ്പ് ഇഷ്ടിക കളങ്ങളില്‍ ഉപയോഗിച്ച ചാന്തിന്‍റെ ഓര്‍മ്മയ്ക്ക്. രാത്രി യിലായിരുന്നു വിടുതല്‍. പുലരിയായാല്‍ ഫറവോയുടെ ഹൃദയം പിന്നെയും കഠിനമായേക്കും. പ്രാതലിനായി മാവില്‍ പുളിമാവ് ചേര്‍ത്തുവച്ചിട്ടുണ്ട്. എന്നാല്‍ അതു പുളിക്കുന്നതിനുമുമ്പ് പുളിക്കാത്ത മാവുമായി സ്ത്രീകള്‍ക്ക് യാത്ര പുറപ്പെടേണ്ടി വന്നു. ആ ഓര്‍മ്മക്ക് പുളിക്കാത്ത അപ്പം. അങ്ങനെ ഓരോ വിഭവവും ഓരോ ഓര്‍മ്മ യായി, സുഗന്ധം പരത്തുമ്പോള്‍ പെസഹാവിരുന്ന് ആരംഭിക്കുന്നു. അത്തരമൊരു മേശയിലാണ് അപ്പവും വീഞ്ഞുമുയര്‍ത്തി ഇത് തന്‍റെ ഓര്‍മ്മയ്ക്കായി ആചരിക്കണമെന്ന് അവന്‍ അരുള്‍ചെയ്തത്. അതിനുശേഷം ആ അപ്പത്തെ വിളിക്കുന്ന വാക്ക് ഓസ്തിയെന്നാണ്. വിളമ്പുന്നവന്‍ എന്നര്‍ത്ഥം. You are not eating the bread, you are eating the host! മുന്തിരിപ്പഴം പിഴിയുമ്പോള്‍ അവന്‍റെ രക്തത്തിന്‍റെ ഓര്‍മ്മ പതഞ്ഞൊഴുകും. അപ്പം മുറിക്കുമ്പോള്‍ മുറിവേറ്റ കര്‍മ്മത്തിന്‍റെ വ്രണിതമേനിയേയും നിങ്ങള്‍ ഓര്‍ക്കണം. ഭക്ഷണപാനീയത്തില്‍പ്പോലും അയാളുടെ പ്രകാശമുള്ള നിഴല്‍ വീഴുന്നുണ്ട്.
ഒരാളെ ഓര്‍മ്മിക്കുക എന്നാല്‍, അയാള്‍ക്കു വേണ്ടി ഹൃദയത്തിന്‍റെ അറകളിലൊന്നില്‍ ഇത്തിരി സ്പെയ്സ് മാറ്റി വയ്ക്കുകയെന്നര്‍ത്ഥം. മറ്റാര്‍ക്കും പ്രവേശിക്കാനാവാത്ത വിധത്തില്‍ ഭദ്രമാക്കപ്പെട്ട ഒരിടം... നഷ്ടപ്രണയികളോട് ചോദിക്കൂ, അവര്‍ പറയും അതിന്‍റെ സാക്ഷ്യം. വെറുതെ ഒരു സാധാരണ വീട്ടു കാഴ്ചയെടുക്കൂ. ജോലിസ്ഥലത്തുനിന്ന് മടങ്ങി വന്നയയാള്‍ തന്‍റെ ചെറിയ കുട്ടിയോട് പറയുന്നു: കുട്ടാ നീ പറഞ്ഞ പെന്‍സില്‍ ഞാന്‍ വാങ്ങാന്‍ മറന്നുപോയി. അവനപ്പോള്‍ വാവിട്ടു കരയുന്നു. പെന്‍സില്‍ അല്ല പ്രശ്നം... ഒത്തിരി തിരക്കുകള്‍ക്കിടയില്‍ ഏറ്റവും എളുപ്പത്തില്‍ മറന്നുപോകാവുന്ന ഒരാളായോ താനെന്ന കുഞ്ഞിന്‍റെ വ്യാകുലമാണത്...
അല്ലെങ്കില്‍ത്തന്നെ ഈ പ്രാര്‍ത്ഥനകളെന്താണ്... ഓര്‍മ്മകളിലേക്കുള്ള നിലവിളികളല്ലാതെ. അവന്‍റെ ഒടുവിലത്തെ യാമത്തില്‍പ്പോലും മനുഷ്യര്‍ അവനോടുണര്‍ത്തിയ പ്രാര്‍ത്ഥനയോര്‍ക്കൂ. അവനോടൊപ്പം ഉയര്‍ന്ന ഒരു കുരിശില്‍ നിന്നാണത്. നിന്‍റെ രാജ്യത്ത് ചെല്ലുമ്പോള്‍ നീ എന്നെ ഓര്‍ക്കണമേ. അയാളുടെ മനസ്സിലും ചില ഓര്‍മ്മകളുടെ പരാഗങ്ങളുണ്ട്. തന്‍റെ കാലത്തെ ഒരു റോബിന്‍ഹുഡായിരുന്നു അയാള്‍. ഹേറോദോസിനെ ഭയന്ന് കൈക്കുഞ്ഞുമായി ജോസഫും മേരിയും രക്ഷപ്പെടുമ്പോള്‍ പട്ടാളക്കാരുടെ കൈയില്‍ നിന്ന് ആ കുഞ്ഞിനെ രക്ഷിക്കുവാന്‍ അയാള്‍ ഒരു നിമിത്തമായി. മേരിയന്ന് അയാളോട് പറഞ്ഞിട്ടുണ്ട്, എന്‍റെ ഉണ്ണി ഇതൊരിക്കലും മറക്കില്ലെന്ന്. ദൈവമേ, ദൈവമേ, നമ്മളിലാരാണ് പരസ്പരം കൂടുതലോര്‍ക്കുന്നതെന്ന സൗമ്യമധുരമായ പരിഭവമാണ് പ്രാര്‍ത്ഥനയെന്നു തോന്നുന്നു.
ഓര്‍മ്മകളുണ്ടായിരിക്കണം. ഒരു സമൂഹത്തിന്‍റെ ഏറ്റവും വലിയ പ്രതിരോധമാണത്. Public Memory is short lived എന്നൊരു ആരോപണം എം. എന്‍ വിജയന്‍റെ പ്രഭാഷണങ്ങളില്‍ നിന്ന് നിരന്തരം ഉയര്‍ന്നു കേട്ടിരുന്നത് ഓര്‍മ്മിക്കുന്നു. ഏകാധിപത്യത്തിന് പേരുകേട്ട ചിലര്‍ ജനരോഷത്തില്‍ തകര്‍ന്നു തരിപ്പണമാവുകയും എന്നാല്‍, ചെറിയ ഇടവേളയ്ക്ക് ശേഷം അതേ വ്യക്തികളെ അതിന്‍റെ ഇരകള്‍തന്നെ അരിയിട്ടു വാഴ്ത്തുകയും ചെയ്യുന്ന എത്ര കഥകള്‍ വേണം നിങ്ങള്‍ക്ക്? മരണ കാരണമാകുന്ന ചില വിസ്മൃതികള്‍... സ്വകാര്യജീവിതത്തിലും ഓര്‍മ്മ ഒരാത്മീയ പ്രതിരോധമാണ്. മഹാ നഗരത്തില്‍ പഠിക്കാനെത്തിയ യുവാവ്- നഗരകൗതുകങ്ങളുടെ ചിലന്തിവലയില്‍ താന്‍ കുരുങ്ങുമെന്ന് ഭയന്ന ആ യുവാവ് തന്‍റെ ആശങ്ക ഗ്രാമത്തിലുള്ള അച്ഛനെഴുതുന്നു. മടക്കത്തപാലില്‍ അച്ഛന്‍ മകന്നൊരു ചിത്രമയയ്ക്കുന്നു. പൊരിവെയിലത്ത് പാറപൊട്ടിക്കുന്ന അയാളുടേതു തന്നെ- വെയില്‍കൊള്ളുന്ന എന്‍റെ തണല്‍മരം! അതുമതി അയാളുടെ ജീവിതത്തെ ഏകാഗ്രവും കര്‍മ്മനിരതമാക്കാനും. ചില നേരങ്ങളില്‍ ശരീരവാതിലിനു പുറമേനിന്നു കൊട്ടിവിളിക്കുന്ന ആസക്തികളെ ഒരു നിര്‍മ്മല സൗഹൃദത്തിന്‍റെ സ്മൃതി - ഓടാമ്പല്‍ കൊണ്ടാണ് ഒരാള്‍ ഇന്നോളം അകത്തുനിന്നു തഴുതിട്ട് നില്ക്കുന്നത്. നഗരത്തിന്‍റെ ഓടയ്ക്ക് കുറുകെ കടക്കുമ്പോള്‍ പേരറിയാത്ത ഒരു പൂമരത്തിന്‍റെ സുഗന്ധം.
അസുഖകരമായ ചില ഓര്‍മ്മകളെ ഒരാള്‍ ബോധപൂര്‍വ്വം ഉപേക്ഷിക്കേണ്ടതും ഉണ്ടെന്നു തോന്നുന്നു. ജോസഫ് തന്‍റെ കുഞ്ഞിന് പേരിടുന്നത് പോലെ. നീ മറക്കണം ഒരു തരം Selective forgeting അയാള്‍ കുറെയധികം പരുക്കുകളിലൂടെ കടന്നുപോയതാണ്. എന്നാലതൊന്നും ഓര്‍മ്മിക്കാന്‍ അയാള്‍ക്ക് താല്‍പര്യമില്ല. അടുത്ത തലമുറയിലേക്കത് സംക്രമിപ്പിക്കാനും അയാള്‍ തയ്യാറല്ല. രണ്ടുപേരുടെ യാത്രയ്ക്കിടയില്‍ സംഭവിച്ചതുപോലെ മരുഭൂമിക്ക് കുറുകെ നടക്കുമ്പോളായിരുന്നു അത്. എന്തോ ക്ഷോഭത്താല്‍ ഒരാള്‍ അപരനെ അടിച്ചു. ഉടനെതന്നെ അവന്‍ നിലത്തുകുനിഞ്ഞ് മണലില്‍ എഴുതി: 'ഇവിടെവച്ച് എന്‍റെ ചങ്ങാതി എന്നെ അടിച്ചു'. പിന്നീട് ഒരു പുഴ കടക്കുമ്പോള്‍ അവന്‍ വഴുതി വീണപ്പോള്‍ ചാടി രക്ഷിച്ചതും അതേ ചങ്ങാതി. അപ്പോള്‍ അവന്‍ പൊക്കണത്തില്‍ നിന്നും ഉളിയെടുത്തു അടുത്തുള്ള പാറയില്‍ ഇങ്ങനെ കൊത്തി വച്ചു: 'ഇവിടെ വച്ച് എന്‍റെ ചങ്ങാതി എന്നെ രക്ഷിച്ചു'. 'ഞാന്‍ നിന്നെ പ്രഹരിച്ചപ്പോള്‍ നീയതു മണലിലെഴുതി. രക്ഷിച്ചപ്പോള്‍ ശിലയിലും.' അവന്‍ പറഞ്ഞു: 'ലഭിച്ച പരുക്കുകളെ മണലിലെഴുതിയാല്‍ മതി. ഒരു കാറ്റില്‍ അതു മായും. സ്വീകരിച്ച അനുഗ്രഹങ്ങളെ നിശ്ചയമായും കല്ലില്‍ കൊത്തി വയ്ക്കണം. കാറ്റിനൊ പുഴയ്ക്കോ കവരനാ കാത്ത വിധത്തില്‍...'
താരതമ്യേനെ നിസ്സാരമായ ചില അടയാളങ്ങളിലൂടെപോലും മനുഷ്യര്‍ക്ക് അവരുടെ ഓര്‍മ്മകളെ തിരികെ കിട്ടുന്നുണ്ട്. പ്രൂസ്തിന്‍റെ ഒരു കഥാപാത്രം ഒരു ബിസ്ക്കറ്റിന്‍റെ ഗന്ധത്തിലൂടെ തന്‍റെ ബാല്യത്തിലേക്ക് തിരികെ നടക്കുന്നുണ്ട്. പഴയ പുസ്തകങ്ങള്‍ അടുക്കിവയ്ക്കുമ്പോള്‍ ഉതിര്‍ന്നുവീണ ഒരു കത്ത് ഒരു വൃദ്ധയുടെ മുഖപ്രസാദത്തെ വീണ്ടെടുക്കുന്നുണ്ട്. ദൂരെയെവിടെയോ നിന്ന് ഒരു കോഴി കൂവുമ്പോള്‍ പീറ്റര്‍ ഗുരുവിനെ ഓര്‍മ്മിച്ചെടുക്കുന്നു. അപ്പം മുറിച്ചപ്പോള്‍ ശിഷ്യന്‍മാര്‍ അത് ക്രിസ്തുവാണെന്ന് തിരിച്ചറിഞ്ഞു...
സകലതും ഓര്‍മ്മിപ്പിക്കുന്നയൊരാള്‍ എന്ന നിലയിലാണ് ക്രിസ്തു പരിശുദ്ധാത്മാവിനെക്കുറിച്ച് പഠിപ്പിക്കുന്നത്. ഉള്ളിലെവിടെയോ ഓര്‍മ്മകളുടെ കനലുണ്ട്. പിന്നെ കാണെക്കാണെ അതിനു മീതെ മറവിയുടെ ചാരം വീണിട്ടുണ്ടാവും. എന്നാലും ആ കാറ്റുവീശുമ്പോള്‍ ഓര്‍മ്മകളുടെ കനല്‍ ജ്വലിക്കുന്നു.
Featured Posts
bottom of page