top of page
ജീവിതം എപ്പോഴും അതിശയകരമായ ചിലത് കരുതിവെക്കാറുണ്ട്. വളരെ സാധാരണമെന്ന് നമ്മള്‍ കരുതുന്ന ഓരോ ജീവിതത്തിലും നമ്മെ വിസ്മയിപ്പിക്കുന്ന ചിലതുണ്ടാകും. അത് ഓര്‍മ്മകളോ ആരും അടുത്തറിയാതെ സൂക്ഷിച്ചുപോരുന്ന ജീവിതാനുഭവങ്ങളോ ആകാം. ചിലരെ ഓര്‍മ്മയില്‍ നിന്നും എടുത്തുകളയാന്‍ പോലും നമ്മള്‍ അത്തരം അനുഭവങ്ങള്‍ ഉപയോഗിക്കാറുണ്ട്. ചിലരെ ചേര്‍ത്തുനിര്‍ത്താനും കരുതലോടെയിരിക്കാനും അവ നമ്മെ പ്രേരിപ്പിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ആളുകളെക്കുറിച്ചുള്ള മുന്‍ധാരണകളെല്ലാം ഒരു പൊതു സാഹചര്യത്തില്‍ മറന്നു കൊണ്ടും നാം പെരുമാറാറുണ്ട്. എത്രയടുത്തുണ്ടെങ്കിലും ചില ജീവിതങ്ങള്‍ നമുക്കജ്ഞാതവുമാണ് എന്നത് തികച്ചും അത്ഭുതമാണ്. ഒരുമിച്ചുണ്ടാകുമ്പോള്‍ പോലും മനുഷ്യരും അവരുടെ ജീവിത പരിസരങ്ങളും നമുക്ക് ദുര്‍ഗ്രഹമായിരിക്കുകയും ചെയ്യും. കാരണം ഇതെല്ലാം ജീവിതമാണ്. ഒരുപാട് അടരുകള്‍ അടുക്കിയൊരുക്കിവെച്ചതാണ് ഓരോ ജീവിതവും. ഭൂതകാലങ്ങള്‍ ചാരംമൂടിക്കിടക്കണമെന്നാണ് മിക്കവരും ആഗ്രഹിക്കുന്നത്. ഓര്‍മ്മകള്‍ പൊള്ളിക്കുന്നവയും മറക്കാന്‍ ആഗ്രഹിക്കുന്നതുമാകാം എന്നതാകാം അതിനു കാരണം. ഇത്തരത്തില്‍ നമുക്കപരിചിതമോ ഏറെക്കുറെ പരി ചിതമോ ആയ അതിസങ്കീര്‍ണ്ണ ജീവിതകഥകളാണ് വിഖ്യാതമായ ചലച്ചിത്രങ്ങള്‍ക്കും ആധാരമാ യിട്ടുള്ളത് എന്നതിനാല്‍ നമ്മള്‍ ചലച്ചിത്രങ്ങളില്‍ കണ്ടുമുട്ടുന്ന ജീവിതങ്ങളെ അയഥാര്‍ത്ഥമെന്ന് കണക്കാക്കി തള്ളിക്കളയാന്‍ കഴിയുന്നതുമല്ല.
ചലച്ചിത്രങ്ങള്‍ കാണുന്ന സാധാരണ പ്രേക്ഷകര്‍, അവക്ക് ചില മാനദണ്ഡങ്ങള്‍ കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. ചിലയാളുകള്‍ സിനിമകളില്‍ നല്ല സന്ദേശം വേണമെന്ന നിലപാടുള്ളവരാണ്. നല്ല ഗാനങ്ങള്‍, ചിത്രീകരണം, കഥ, ആക്ഷന്‍ എന്നിവയൊക്കെ സിനിമകളില്‍ വേണമെന്ന് ശഠിക്കുന്നവരുമുണ്ട്. എന്നാല്‍ കലാരൂപങ്ങള്‍ക്ക് സംവേദന ശക്തിയുണ്ടാവേണ്ടത് കലാപരമായ പരിഗണനകളില്‍ മാത്രമാകണം എന്നതാണ് ശരി. ബാക്കിയൊക്കെ മനുഷ്യന്‍റെ വിവേചനബുദ്ധിക്ക് അനുസരിച്ച് സ്വമേധയാ നിര്‍വ്വചിക്കേണ്ടതാണ്. ചലച്ചിത്രങ്ങള്‍ക്ക് ആധാരമാകുന്ന നിരവധിവിഷയങ്ങളില്‍ പൊതുസമൂഹത്തിന്‍റെ എതിര്‍പ്പ് കൂടിവരുന്നത് സമകാലിക സാമൂഹിക സാഹചര്യ ത്തില്‍ കാണാറുണ്ട്. ചില സിനിമകള്‍ കവര്‍ച്ചക്കും കൊലപാതകത്തിനും കാരണമാകുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് കാരണമാകുന്നു എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളും ഏറിവരുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ലഹരിയുമായി ബന്ധപ്പെടുത്തിയുള്ള സിനിമകള്‍ക്ക് അത്തരത്തില്‍ വിമര്‍ശനം ഏല്‍ക്കേണ്ടി വരുന്നത് ഇത്തരം സാമൂഹിക സാഹചര്യങ്ങളില്‍ സ്വാഭാവികം മാത്രമാണ്. ലഹരിയുമായി ബന്ധപ്പെടുത്തിയ വിഷയങ്ങളില്‍ ചിത്രീകരിച്ചിട്ടുള്ള സിനിമകള്‍ പലതും ലോകപ്രശസ്തങ്ങളും സിനിമാപ്രേമികള്‍ അത്യാവേശത്തോടെ ഏറ്റെടുത്തിട്ടുള്ളതുമാണ്. പള്‍പ്പ് ഫിക്ഷന്‍, റിക്വയിം ഫോര്‍ എ ഡ്രീം, നൊട്ടോറിയസ്, ട്രാഫിക്, റേ തുടങ്ങിയ ലോകസിനിമകള്‍ ഇതിനുദാഹരണമാണ്. ദേവദാസ്, ഹരേ രാമ ഹരേ കൃഷ്ണ, പംഖ് തുടങ്ങിയ ദേശീയ ചലച്ചിത്രങ്ങളും വിവിധ തരത്തിലുള്ള ലഹരികളുമായി ബന്ധപ്പെട്ട ജീവിതകഥകള്‍ പറഞ്ഞ് പ്രശസ്തമായിട്ടുള്ള ചലച്ചിത്ര ങ്ങളാണ്.
ലഹരിയും ജീവിതവും മുഖ്യവിഷയമാക്കിയ ചലച്ചിത്രങ്ങളില്‍ ഏറ്റവും അണ്ടര്‍റേറ്റഡ് ആയിട്ടുള്ള സിനിമകളിലൊന്നാണ് 2015-ല്‍ പുറത്തിറങ്ങിയ ക്രിഷ (KRISHA) എന്ന അമേരിക്കന്‍ ചലച്ചിത്രം. ഇന്തോ-അമേരിക്കന്‍ സംവിധായകനായ ട്രൈ എഡ്വാര്‍ഡ് ഷള്‍ട്ട് ആണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ സിനിമയാണ് ക്രിഷ. ഒരുപക്ഷേ അമേരിക്കന്‍ നിര്‍മ്മിത മുഖ്യധാരാ സിനിമകളില്‍ ഏറ്റവും കുറച്ചു പണം മുടക്കിയ ചലച്ചിത്രമാകാം ഒരുപക്ഷേ ക്രിഷ. ഇന്നത്തെ നിരക്കില്‍ കേവലം 25 ലക്ഷം ഇന്ത്യന്‍ രൂപ മാത്രമാണ് ചിത്രത്തിന്‍റെ മുതല്‍മുടക്ക് എന്ന് കണക്കാക്കുന്നു. ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ ചിത്രം നേടിയിട്ടുണ്ട് എന്നും കണക്കാക്കുന്നു. സംവിധായകന്‍റെ കുടുംബാംഗങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കളില്‍ ഏറെയും. എന്നാല്‍ അതൊന്നും ചിത്രത്തിന്‍റെ ഗുണനിലവാരത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലായെന്ന് കാണാം. വിഖ്യാത സംവിധായകനായ ടെറന്‍സ് മാലിക്കിന്‍റെ മൂന്ന് ചിത്രങ്ങളില്‍ സഹായിയായി പ്രവര്‍ത്തിച്ച പരിചയസമ്പത്തി ലാണ് ട്രൈ എഡ്വാര്‍ഡ് ഷള്‍ട്ട് തന്‍റെ കന്നിചിത്രം സംവിധാനം ചെയ്തത്.
ക്രിഷ 60-കളുടെ പ്രായത്തില്‍ ജീവിക്കുന്ന സ്ത്രീയാണ്. വര്‍ഷങ്ങളായി തന്‍റെ കുടുംബത്തെ പിരിഞ്ഞാണ് അവരുടെ ജീവിതം. അവരുടെ ജീവിതത്തില്‍ ലഹരിയുടെ അമിത ഉപയോഗത്തിന്‍റെ കഥകളുണ്ട്. അവരുടെ മകനായ ട്രൈ ക്രിഷയുടെ സഹോദരിയോടൊത്താണ് ജീവിക്കുന്നത്. തന്‍റെ ബന്ധുക്കളുമായി വിരളമായ ബന്ധം പുലര്‍ത്തിയിരുന്ന ക്രിഷ അവരെ ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നു. താന്‍ ലഹരിയുടെ ലോകത്തുനിന്നും പൂര്‍ണ്ണമുക്തയായെന്നും കുടുംബാംഗങ്ങളെ ഒരുമിച്ചു കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ആ അറിയിപ്പിലുണ്ടായിരുന്നു. കുടുംബാംഗങ്ങ ളോടൊത്ത് ഭക്ഷണം കഴിക്കുന്നതിന്‍റെ ആനന്ദവും ക്രിഷ അവരോട് പങ്കുവെച്ചു. വീട്ടിലെത്തിയ ക്രിഷയെ കുടുംബാംഗങ്ങള്‍ സ്നേഹത്തോടെയാണ് വരവേറ്റത്. എന്നാല്‍ മകനായ ട്രൈ ക്രിഷയെ നിരാകരിക്കുന്നു. അവനോടടുക്കുവാനുള്ള അവരുടെ എല്ലാ ശ്രമങ്ങളും പാഴാകുന്നു. രാത്രിയാകുകയും വിരുന്നിന്‍റെ ആവേശം മുറുകുകയും ചെയ്തപ്പോള്‍ കുടുംബാംഗങ്ങള്‍ ക്രിഷയുടെ മാറ്റത്തെക്കുറിച്ച് വാചാലരാകുകയും ചെയ്തു.
പിറ്റേന്ന് ക്രിഷയുടെ വൃദ്ധയായ അമ്മ കുടുംബാംഗങ്ങളെ കാണുന്നതിനായി വീട്ടിലെത്തുന്നു. ഓര്‍മ്മക്കുറവുണ്ടെങ്കിലും അവര്‍ പാടുപെട്ട് മിക്കവരെയും ഓര്‍ത്തെടുക്കുന്നു. എന്നാല്‍ ക്രിഷയെ ഓര്‍ത്തെടുക്കുന്നതിന് അവര്‍ക്ക് കഴിയുന്നില്ല. അമ്മയുടെ പെരുമാറ്റം ക്രിഷയെ അസ്വസ്ഥയാക്കുന്നു. വീട്ടുകാരെ പിരിഞ്ഞ് ഒറ്റക്ക് ശുചിമുറിയിലേക്ക് പോകുന്ന ക്രിഷ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് ഉന്‍മത്തയാകുന്നു. തുടര്‍ന്നുള്ള സംഭവങ്ങളില്‍ വിരുന്ന് അലങ്കോലമാക്കുകയും ക്രിഷ ഒറ്റപ്പെടുകയും ചെയ്യുന്നു.
സംവിധായകന്‍റെ ബന്ധുവായ ക്രിഷ ഫെയര്‍ ചൈല്‍ഡാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ലഹരി ഉപയോഗത്തിന് അടിപ്പെട് ട വ്യക്തിയുടെ ഭാവവിഹ്വലതകളെ മനോഹരമായി അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നത് വ്യക്തമാണ്. തികച്ചും സ്വതന്ത്ര സിനിമാനിര്‍മ്മാണ രീതിയില്‍ എടുത്ത ചിത്രമാണെങ്കിലും ചിത്രത്തിന്‍റെ നിലവാരത്തിന് യാതൊരുവിധ പോറലുമേല്‍ക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ല എന്നത് അഭിനന്ദനാര്‍ഹമാണ്.
2015-ലെ കാന്‍ ചലച്ചിത്ര മേളയിലെ ഇന്‍ര്‍നാഷണല്‍ ക്രിട്ടിക്സ് വീക്ക് മല്‍സരവിഭാഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 2015-ലെ സൗത്ത് ബൈ സൗത്ത് വെസ്റ്റ് ചലച്ചിത്ര മേളയില്‍ ഗ്രാന്‍റ് ജൂറി പുരസ്കാരം നേടുന്നതിനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ലണ്ടന്‍ ചലച്ചിത്രമേള, എ.എഫ്.ഐ ചലച്ചിത്രമേള, ഡ്യൂവില്ലെ ഫിലിം ഫെസ്റ്റിവല്‍, ഗോഥം അവാര്‍ഡ്സ്, ഇന്‍റിപ്പെന്‍റന്‍സ് സ്പിരിറ്റി അവാര്‍ഡ്സ് റെയ് ക്ജാവിക്ക് ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലും ചിത്രം പ്രദര്‍ശിപ്പിക്കു കയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.
നമുക്ക് സുപരിചിതമായ പല കഥാസന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്നതിനാല്‍ ക്രിഷ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാകും എന്നതില്‍ സംശയമില്ല. ചിലപ്പോഴൊക്കെ നമ്മളുടെ ഉള്ള് പൊള്ളിക്കുന്നതിനും കണ്ണുകള്‍ ഈറനണിയിക്കുന്നതിനും ചിത്രത്തിലെ ചില രംഗങ്ങള്‍ കാരണമായേക്കാം. ലഹരി ഉപയോഗത്തിന്‍റെ ഓരോ അവസ്ഥയിലൂടെയും കടന്നുപോകുന്ന ഓരോരുത്തര്‍ക്കും പറയാനുണ്ടാകുന്നത് വ്യത്യസ്ത കഥകളായിരിക്കും. എന്നാല്‍ അവരൊക്കെയും പറയാറുണ്ട് തങ്ങളനുഭവിച്ച സ്നേഹനിരാസത്തിന്‍റെ കഥകള്‍, ഒറ്റപ്പെടുത്തലിന്‍റെയും ആരുമില്ലാതാകലിന്‍റെയും കഥകള്‍. യഥാര്‍ത്ഥത്തില്‍ അവയൊക്കെയും വ്യത്യസ്തങ്ങളായ കഥകളല്ല, ജീവിതത്തിന്‍റെ ഓരോ അടരുകള്‍ മാത്രമാണ്. ക്രിഷ പ്രേക്ഷകന് സമ്മാനിക്കുന്നത് ഒരു വെളിപാടാണ്. ജീവിതത്തിന്‍റെ നിറഭേദങ്ങള്‍ ഏതൊക്കെയെന്ന് തിരിച്ചറിയണം എന്ന വെളിപാട്.
Featured Posts
bottom of page