top of page

മനോനിലചിത്രണം മൂന്നാം ദിനം നിങ്ങളുടെ പ്രഥമ മനോനിലചിത്രണം

Jun 16, 2020

4 min read

ടോം മാത്യു

a person sitting alone

വിഷാദരോഗ(depression)ത്തിനും അതിന്‍റെ അത്യുല്‍ക്കടനിലയായ വിരുദ്ധധ്രുവമാനസികവ്യതിയാന(Bipolar disorder)ത്തിനും പ്രതിവിധിയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തിലൂടെ രൂപം നല്കിയ പതിനാലുദിനംകൊണ്ട് പൂര്‍ത്തിയാകുന്ന പരിഹാരക്രിയയായ മനോനിലചിത്രണത്തിന്‍റെ മൂന്നാം ദിനം.

"തിക്കിനും തിരക്കിനും കോലാഹലങ്ങള്‍ക്കും ഇടയിലൂടെ ശാന്തമായി സഞ്ചരിക്കുക. നിശ്ശബ്ദതയില്‍ അവിടെ എത്ര പ്രശാന്തി അനുഭവപ്പെടുമായിരുന്നു എന്നോര്‍ക്കുക."        

മാക്സ് എഹ്ര്‍മാന്‍


ഇന്നലെ നാം നമ്മുടെ ഊര്‍ജനില രേഖപ്പെടുത്തി. ഇന്ന് മനോനിലയുടെ മറ്റൊരു പ്രധാന ഘടകത്തെ സൗഖ്യം അഥവാ സുഖാവസ്ഥയെ രേഖപ്പെടുത്തുന്നു(Well being).നിങ്ങള്‍ക്ക് എത്രമാത്രം നന്നായി അഥവാ മോശമായി, പ്രസാദഭരിതമായി അഥവാ നിരാശഭരിതമായി അനുഭവപ്പെടുന്നു, അതാണ് നിങ്ങളുടെ 'സൗഖ്യം.'

ഊര്‍ജ്ജനിലയെപ്പോലെ സൗഖ്യവും പുറംലോകത്തെ നിരവധി സംഭവങ്ങളാലും ഒപ്പം നിങ്ങളുടെ ആന്തരികലോകത്തെ ഓര്‍മ്മകളാലും പ്രവര്‍ത്തനങ്ങളാലും സ്വാധീനിക്കപ്പെടുന്നു. സൗഖ്യത്തില്‍ ശാരീരികാരോഗ്യത്തിനും നിര്‍ണായകസ്ഥാനമുണ്ട്. ഒരു ഡോക്ടറുടെ ആദ്യചോദ്യം സാധാരണഗതിയില്‍ 'നിങ്ങള്‍ക്ക് എങ്ങനെ അനുഭവപ്പെടുന്നു?' എന്നായിരിക്കുമല്ലോ.  ഒരാള്‍ക്ക് നന്നായി അനുഭവപ്പെട്ടാല്‍ സൗഖ്യമെന്ന് പൊതുതത്ത്വം.

മനുഷ്യന്‍ സമൂഹജീവിയാണ്. നമുക്കെല്ലാം ആളുകളെ ആവശ്യമുണ്ട്. ഓരോ വ്യക്തിക്കും ആ ആവശ്യം വ്യത്യസ്തമായിരിക്കുമെന്ന് മാത്രം. ചിലര്‍ താരതമ്യേന ഏകാന്തത ഇഷ്ടപ്പെടുന്നു. ചിലര്‍ക്കാവട്ടെ ആള്‍ക്കൂട്ടത്തിന്‍റെ മധ്യേ കഴിയുന്നതാവും ഇഷ്ടം. 'ഏകാന്തതടവ്' ചിലപ്പോള്‍ നിങ്ങളെ വട്ടുപിടിപ്പിച്ചേക്കാം. പക്ഷേ നമ്മുടെ സൗഖ്യത്തെ ഏറ്റവുമധികം നശിപ്പിക്കുക മറ്റു മനുഷ്യരാകും. ഭീഷണിയും ശകാരവും പരിഹാസവും വ്യക്തിപരമായ ആക്രമണവും നിങ്ങളുടെ മനോനിലയെ തകര്‍ക്കുന്നു. അഗ്നിശമനസേനയില്‍ ജോലിചെയ്യുമ്പോള്‍ രണ്ട് സേനാംഗങ്ങള്‍ എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. തങ്ങളുടെ സംഘത്തിലെ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ പതിവ് 'വിനോദം.' ആഴ്ചയില്‍ നാലുദിവസം ഒരുമിച്ച് ജോലിചെയ്യുന്ന ആറുപേരടങ്ങുന്നതാണ് ഇവരുടെ സംഘം. മനോരോഗികളെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തക്കവിധം വഷളായിരുന്നു അവരുടെ മാനസികാരോഗ്യം.

വ്യക്തിപരമായ അനുഭവങ്ങളും സൗഖ്യത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്നവര്‍ പില്‍ക്കാലത്ത് വലിയതോതില്‍ വിഷാദരോഗത്തിന് അടിപ്പെടുന്നു. ദാമ്പത്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ജോലിസ്ഥലത്ത് ഭീഷണിയും പരിഹാസവും നേരിടുന്നവരും വിഷാദത്തില്‍ എത്തിപ്പെട്ടേക്കാം. ആത്മാഭിമാനം സൗഖ്യത്തിന്‍റെ മുഖ്യഘടകമാണ്. ആത്മാഭിമാനത്തിന് അധികം ക്ഷതമേല്‍ക്കാത്ത മനുഷ്യര്‍ സ്വതവേ പ്രസാദവാന്മാരും അസുഖങ്ങള്‍ക്ക് അധികം അടിപ്പെടാത്തവരുമായിരിക്കും.

ആത്യന്തികമായി സൗഖ്യം നിങ്ങളെ നിങ്ങളായിരിക്കാന്‍ കെല്‍പ്പുള്ളവരാക്കുന്നു. തങ്ങള്‍ അല്ലാത്ത ആരോ ആയി നടിച്ച് ജീവിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. നമ്മുടെ കഴിവുകളെ മിനുക്കിയെടുക്കാനും നമ്മുടെ കര്‍മ്മമണ്ഡലത്തിലും നമ്മുടെ ബന്ധങ്ങളിലും നമ്മുടെ സാധ്യതകളത്രയും വിനിയോഗിക്കാനും നാം താല്‍പ്പര്യപ്പെടുന്നു. നാം നാമായിരിക്കാനുള്ള സ്വാതന്ത്ര്യം കൊതിക്കുന്നു. നാമായിരിക്കുന്നതിന്‍റെ സൗഖ്യവും നാം കൊതിക്കുന്നു. നമ്മുടെ വ്യക്തിത്വത്തെ തടവിലാക്കി ശ്വാസംമുട്ടി കഴിയുന്ന അവസ്ഥ ഒരു കാരണവശാലും സുഖകരമാവില്ല എന്ന് പറയേണ്ടതില്ലല്ലോ.


ഇനി തുടങ്ങാം

നിങ്ങളുടെ മനോനില ഭൂപടത്തില്‍ നിങ്ങളുടെ ഊര്‍ജനിലയും സൗഖ്യവും സംഗമിക്കുന്ന സ്ഥാനം രേഖപ്പെടുത്തുക, അതാണ് മനോനിലചിത്രണം. ഇന്നലെ നിങ്ങള്‍ നിങ്ങളുടെ ഊര്‍ജനില അടയാളപ്പെടുത്തി. ഇനി നിങ്ങളുടെ സൗഖ്യനില രേഖപ്പെടുത്താം. നിങ്ങളുടെ ആന്തരിക ഊര്‍ജത്തിന്‍റെ അളവുകോല്‍ ഒരു ലംബരേഖകൊണ്ട് ചിത്രീകരിക്കാം. ആന്തരികസൗഖ്യനിലയെ തിരശ്ചീനരേഖ കൊണ്ടും.

നിങ്ങളുടെ നോട്ടുപുസ്തകത്തില്‍ ഒരു ലംബരേഖ വരയ്ക്കുക. അതില്‍ അളവുകള്‍ കുറിക്കുക. ഒന്ന് ഏറ്റവും അടിയില്‍ ഏറ്റവും കുറഞ്ഞ ഊര്‍ജ്ജനിലയെ കുറിക്കുന്നു. പത്ത് ആവട്ടെ ഏറ്റവും മുകളില്‍ ഏറ്റവും ഉയര്‍ന്ന ഊര്‍ജ്ജനിലയെയും. ഇനി ലംബരേഖയ്ക്ക് കുറുകെ തിരശ്ചീനരേഖ വരയ്ക്കുക, അതിലും അളവുകള്‍ കുറിക്കുക. ഇടത്തേ വശത്ത് ഒന്ന്, നിങ്ങളുടെ മനസ്സ് ഏറ്റം ആതുരമായ അവസ്ഥ. വലത്തേ അറ്റത്ത് പത്ത് ഏറ്റം പ്രസാദാത്മകമായ അവസ്ഥ.

ആദ്യമായി ലംബരേഖയില്‍ നിങ്ങളുടെ ഊര്‍ജനില ഒരു ഗുണനചിഹ്നത്താല്‍ അടയാളപ്പെടുത്തുക. ഇനി നിങ്ങളുടെ സൗഖ്യനിലയെക്കുറിച്ച് ചിന്തിക്കുക. എത്രമാത്രം പ്രസാദാത്മകമായാണ് അഥവാ എത്രമാത്രം വിഷാദാത്മകമായാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത്? തിരശ്ചീനരേഖയില്‍ കഴിയുന്നത്ര കൃത്യമായി അതു ഗുണനചിഹ്നം ഉപയോഗിച്ച് രേഖപ്പെടുത്തുക.

നിങ്ങള്‍ക്ക് വളരെയധികം ഊര്‍ജ്ജം, ഉത്കണ്ഠ അനുഭവപ്പെടുന്നുവെങ്കില്‍ ലംബരേഖയുടെ മുകള്‍ഭാഗത്തോട് ചേര്‍ന്ന് ഗുണനചിഹ്നം രേഖപ്പെടുത്തുക. തികച്ചും ഉന്മേഷരഹിതമാണെങ്കില്‍ ഏറ്റവും താഴെ ഭാഗത്തിനോട് ചേര്‍ന്ന് അടയാളപ്പെടുത്തുക. നിങ്ങള്‍ക്ക് നന്നായി തോന്നുന്നുവെങ്കില്‍ തിരശ്ചീനരേഖയുടെ വലതറ്റത്തോട് ചേര്‍ന്ന് ഗുണനചിഹ്നം ഇടുക. നിരാശ അനുഭവപ്പെടുന്നെങ്കില്‍ ഇടത്തേ അറ്റത്ത് ചേര്‍ക്കുക.


ഉദാഹരണത്തിന്

ഇനി ലംബരേഖയിലെ ഗുണനചിഹ്നത്തില്‍ നിന്നും തിരശ്ചീനരേഖയിലെ ഗുണനചിഹ്നത്തില്‍ നിന്നും പുറത്തേക്ക് ഓരോ രേഖകള്‍ വരക്കുക. അവ തമ്മില്‍ കൂട്ടിമുട്ടുന്ന സ്ഥലം അടയാളപ്പെടുത്തുക. അതാണ് മനോനില ഭൂപടത്തില്‍ നിങ്ങളുടെ മനോനിലയുടെ സ്ഥാനം.

ഈ അടയാളം നിങ്ങളുടെ ഇപ്പോഴത്തെ മനോനിലയെ കുറിക്കുന്നു. ചെറിയ പരിശീലനം കൊണ്ട് നിങ്ങള്‍ക്ക് ലംബ, തിരശ്ചീന രേഖകളില്‍ നിന്നുള്ള രേഖകള്‍ വരയ്ക്കാതെ തന്നെ മനോനിലയുടെ സ്ഥാനം പെട്ടെന്ന് അടയാളപ്പെടുത്താന്‍ കഴിയും. നിങ്ങളുടെ ഊര്‍ജം അഥവാ ഉന്മേഷം കൂടുന്നതും കുറയുന്നതും അനുസരിച്ചും നിങ്ങളുടെ സൗഖ്യനില വ്യത്യാസപ്പെടുന്നതിന് അനുസരിച്ചും നിങ്ങളുടെ മനോനിലയും മാറുന്നു. ലംബരേഖയില്‍ നിങ്ങള്‍ എത്ര ഉയരെയോ നിങ്ങളുടെ ഊര്‍ജനിലയും ഉയര്‍ന്നതായിരിക്കും. തിശ്ചീനരേഖയില്‍ എത്രമാത്രം വലത്താണോ നിങ്ങളുടെ സ്ഥാനം അത്ര നന്നായിരിക്കും നിങ്ങളുടെ അനുഭവം. അതേപോലെ നിങ്ങളുടെ ഊര്‍ജനില എത്ര കുറവോ അത്ര താഴെയായിരിക്കും ലംബരേഖയില്‍ നിങ്ങളുടെ സ്ഥാനം. നിങ്ങളുടെ മനസ്സ് എത്രമാത്രം നിരാശഭരിതമോ അത്ര ഇടത്തായിരിക്കും തിരശ്ചീനരേഖയില്‍ നിങ്ങളുടെ സ്ഥാനം.

നാമെല്ലാവരും മുന്‍പ് ഭൂപടങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. നാം എവിടെയാണെന്നറിയാന്‍ അല്ലെങ്കില്‍ നാം പോകാനാഗ്രഹിക്കുന്നത് എവിടേക്കെന്ന് അറിയാന്‍. മനോനില ചിത്രണവും മൂഡ്മാപ്പും ഇതുപോലെ മനോനിലയുടെ, മൂഡിന്‍റെ സഞ്ചാരപഥമാണ്.

വാച്യാലുള്ള നിര്‍ദേശങ്ങളുടെ ബാഹുല്യവും അതു മൂലമുള്ള ആശയക്കുഴപ്പവും (റോഡിന്‍റെ അറ്റത്ത് ഇടത്തേക്ക് തിരിയുക, ഏകദേശം രണ്ടു മൈല്‍ നേരെ പോകുക. പിന്നെ വലത്തേക്ക് തിരിയുക തുടങ്ങിയ) ഒരു വഴിയുടെ ഭൂപടം, റോഡ് മാപ്പ് എങ്ങനെ ഒഴിവാക്കുന്നുവോ മനോനിലചിത്രണം നമ്മുടെ പഠനത്തെ വാക്കുകളുടെയും വിവരണങ്ങളുടെയും ബാഹുല്യത്തെ ഒഴിവാക്കി ദൃശ്യവത്കരിക്കുന്നു.


മനോനിലയും വാക്കുകളും

മനോനില വിവരിക്കാന്‍ തീര്‍ച്ചയായും വാക്കുകള്‍ ഉപയോഗിക്കാം. പക്ഷേ വാക്കുകളുടെ അര്‍ത്ഥം ദൗര്‍ഭാഗ്യവശാല്‍ ആ വാക്കുകളെ മാത്രം ആശ്രയിച്ചല്ല ഇരിക്കുക. വാക്കുകള്‍ എങ്ങനെ, ഏത് സാഹചര്യത്തില്‍ ഉപയോഗിക്കുന്നു. വാക്കിന്‍റെ ഉച്ചാരണരീതി അഥവാ ഉച്ചാരണഭേദം എന്ത്? ആ വാക്കുകൊണ്ട് പറയുന്നയാള്‍ ഉദ്ദേശിച്ചതെന്ത്, തുടങ്ങി പല ഘടകങ്ങളെയും ആശ്രയിച്ചാണ് വാക്കിന്‍റെ അര്‍ത്ഥം സംഭവിക്കുക. അതേ സമയം നമ്മുടെ മനോനിലയെ മനസിലാക്കാനുള്ള പ്രക്രിയയില്‍ വാക്കുകള്‍ ഉപകാരപ്രദവുമാണ്. നിങ്ങളുടെ സംസാരംകൊണ്ട് നിങ്ങള്‍ അര്‍ത്ഥമാക്കുന്നത് എന്ത് എന്ന് വ്യക്തമാക്കുന്നതിന് അടുത്ത അഭ്യാസം നിങ്ങളെ സഹായിക്കും.

മനോനില എന്നത് വാക്കുകളില്‍ വിവരിക്കാന്‍ കഴിയാത്ത ഒരു ആശയവിനിമയമാണ്. ഇക്കാര്യത്തില്‍ നാം മൃഗങ്ങളുടെ ലോകത്താണ്. ഏഴ് ശതമാനത്തില്‍ താഴെ ആശയവിനിമയം മാത്രമേ വാക്കുകള്‍കൊണ്ട് നടക്കുന്നുള്ളൂ എന്ന് വിദഗ്ദ്ധര്‍ പറയുന്നു. പ്രായോഗികമായി എല്ലാ ആശയവിനിമയങ്ങളും ഭാഷേതരമാണ്. നമ്മുടെ കുട്ടികള്‍ എന്തെങ്കിലും പറയുംമുമ്പ് തന്നെ അവരുടെ മനസിലിരിപ്പ് നമുക്ക് മനസിലാകും. രണ്ടോ മൂന്നോ വാക്കുകള്‍ കൊണ്ട് നാം  നമ്മുടെ ഓമനമൃഗങ്ങളെ നിയന്ത്രിക്കുന്നു. ഒന്നും പറയാതെ സിംഹങ്ങള്‍ ഒരുമിച്ച് പട്ടാളച്ചിട്ടയില്‍ ഇരതേടുന്നു. ഒരു മൊബൈല്‍ ഫോണോ കമ്പ്യൂട്ടര്‍ ടെര്‍മിനലോ കൂടാതെ ലക്ഷക്കണക്കിന് അന്തേവാസികളുള്ള കോളനികള്‍ ഉറമ്പുകള്‍ നടത്തിക്കൊണ്ടുപോകുന്നു.

ഏതാണ്ട് മൂന്നുലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് നാം വാക്കുകള്‍ വികസിപ്പിക്കാന്‍ തുടങ്ങിയത്. ഭാഷ അതിന്‍റെ പൂര്‍ണസ്വഭാവത്തില്‍ എത്തിയിട്ട് അമ്പതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയില്‍ വര്‍ഷങ്ങളേ ആയുള്ളൂ. നാം പരസ്പരം അറിയുന്നത് കൂടുതലും മനോനിലയിലൂടെയും വികാരങ്ങളിലൂടെയുമാണ്. മനുഷ്യപരിണാമത്തിന്‍റെ മഹായാത്രയില്‍ ഏറെ വൈകി വന്ന അതിഥിയാണ് വാക്കുകള്‍.

തലച്ചോറിന്‍റെ ചെറിയൊരു പ്രദേശം മാത്രമാണ് വാക്കുകളും ഭാഷയും കൈകാര്യം ചെയ്യുന്നത്. ഒരു അണ്ടിപ്പരിപ്പിന്‍റെ അത്രയും മാത്രം വലിപ്പമുള്ള പ്രദേശം. ഈ മേഖല രണ്ട് ഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നു.

ചിന്തകളെ വാക്കുകളിലേക്ക് പരിഭാഷപ്പെടുത്തുന്ന ബ്രോക്കാമേഖല (Broco’s Area) എന്നും വാക്കുകളെ ചിന്തകളിലേക്ക് പരിഭാഷപ്പെടുത്തുന്ന വെര്‍നിക് മേഖല(wernick’s area) എന്നും.


തലച്ചോറിലെ സംസാര(ഭാഷണ)മേഖല

വൈരുധ്യമെന്നു പറയട്ടെ തലച്ചോറിന്‍റെ കുറെ അധികം പ്രദേശം ചിന്തയെ കൈകാര്യം ചെയ്യാനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. ഭാഷ നഷ്ടപ്പെട്ടാലും മനുഷ്യന്‍ ജീവിതം തുടരും, സംഗീതം ആസ്വദിക്കും, തീരുമാനങ്ങള്‍ എടുക്കും, ജോലിയും ചെയ്യും.സംസാരത്തെ നിയന്ത്രിക്കുന്നത് തലച്ചോറിന്‍റെ ഒരു ഭാഗം മാത്രം കൊണ്ടാണ്. ഒരാളുടെ നിയന്ത്രണത്തില്‍ അധികവും കൈകാര്യം ചെയ്യുന്നത് തലച്ചോറിന്‍റെ മറുവശമാണ്. നിങ്ങള്‍ വലതുകൈപ്പാങ്ങുകാരനാണെങ്കില്‍ നിങ്ങളുടെ തലച്ചോറിന്‍റെ ഇടതുവശമായിരിക്കും നിങ്ങളുടെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുക. ഇടതു കൈപ്പാങ്ങുകാരനെങ്കില്‍ തലച്ചോറിന്‍റെ വലതുഭാഗവും.


സംസാരമല്ല ഏക ആശയവിനിമയമാര്‍ഗം

സംസാരശേഷി ഇല്ലാത്തവര്‍ക്ക്, നഷ്ടപ്പെട്ടവര്‍ക്ക് ആശയവിനിമയത്തിന് അനവധി മാര്‍ഗങ്ങളുണ്ട്. അവര്‍ക്ക് പൂര്‍ണമായ, സമ്പന്നമായ ജീവിതം ജീവിക്കുകയും ആവാം. സ്വയം പ്രകാശനത്തിന് നാം വാക്കുകള്‍ ഉപയോഗിക്കുന്നു. പക്ഷേ വാക്കുകളെപ്പോലെ തെറ്റായി വ്യാഖ്യാനം ചെയ്യപ്പെടാന്‍ ഇടയുള്ള മറ്റൊരു ആശയവിനിമയ ഉപാധിയുമില്ല. ആശയവിനിമയത്തിന് ടെക്സ്റ്റ് മെസേജുകളും ഇമെയിലുകളും നിലവില്‍ വന്ന കാലത്ത് ഏറ്റവും പ്രകടമായ ഒരു സംഗതിയും ഇതു തന്നെയാണ്. ഇന്ന് ഏതാണ്ടെല്ലാ ഇന്‍റര്‍നെറ്റ് ചാറ്റ്റൂമുകളിലും ഫോറങ്ങളിലും മൊബൈല്‍ ഫോണുകളിലും വളരെയധികം 'ഇ- വികാരചിഹ്നങ്ങള്‍' 'ഇമോജികള്‍' ലഭ്യമാണ്. ഒപ്പം ഒട്ടേറെ 'അവതാരങ്ങളും' (ആള്‍രൂപങ്ങളും). നാം എന്തു പറയാന്‍ ആഗ്രഹിക്കുന്നുവോ വാക്കുകള്‍ കൂടാതെ അതു പ്രകടിപ്പിക്കാന്‍ അവ  സഹായിക്കുന്നു. വാട്സാപ്പ്, ഇമെയില്‍ സന്ദേശങ്ങളില്‍ അവ സര്‍വസാധാരണമായിരിക്കുന്നു. ചിത്രത്തിലെ ഇമോജികളെ നോക്കുക, വാക്കുകള്‍ പറയുന്നതിലും എത്ര ഭംഗിയായി അവ ആശയം കൈമാറുന്നു.        

  (തുടരും)

Featured Posts

Recent Posts

bottom of page