top of page
1
നേരം ഉച്ചയോടടുത്തിരുന്നു. പുത്തന്‍പുര വീട്ടു മുറ്റത്താകെ കുറുകിയ നിഴലുകള്‍ നിറഞ്ഞു. അവ നീലപടുതയ്ക്കു മീതെ വെള്ളത്തുണി വലിച്ചുകെട്ടി, അലമുറകളാലലങ്കരിച്ച പന്തലിനുള്ളിലേയ്ക്ക് തൂങ്ങിയ കഴുത്തുകളുമായി പോകുകയും വരുകയും ചെയ്തു.
ആശയുടെ കണ്ണുകളില്‍നിന്നൊരുതുള്ളി കണ്ണുനീര്‍പോലും പൊടിയാതിരുന്നതില്‍ അവിടെ കൂടിയിരുന്നവരില്‍ പലരും അത്ഭുതപ്പെട്ടു. 'ഒന്ന് കരയുകയെങ്കിലും ചെയ്യടീ' എന്നു നിലവിളിക്കിട യില്‍ കൂട്ടിച്ചേര്‍ത്ത് അമ്മ ആന്‍മേരി അവളെ പിടിച്ചു കുലുക്കി. അപ്പന്‍ ആരെയും ശ്രദ്ധിക്കാതെ ചാരുക സേരയില്‍ കണ്ണടച്ചു കിടന്ന് ആത്മഹത്യാക്കു റിപ്പിലെ അക്ഷരങ്ങളെ മനനം ചെയ്തു.
ആകാശിന്‍റെ കോളേജില്‍ നിന്നുള്ള കുറെ കുട്ടികള്‍ വരിവരിയായി വന്ന് വലിയൊരു പുഷ്പ ചക്രം സമര്‍പ്പിച്ചു. അതിലൊരു പെണ്‍കുട്ടി അവന്‍റെ നെഞ്ചിലേയ്ക്കു വീണ് ആര്‍ത്തലച്ചു കരഞ്ഞു.
കിങ്ങിണി ആശയുടെ മടിയില്‍നിന്നു ചാടി യിറങ്ങി ആകാശിന്‍റെ കണ്ണുകള്‍ വലിച്ചു തുറക്കാന്‍ ശ്രമിക്കുകയും എത്തിവലിഞ്ഞ് അവന്‍റെ ചുണ്ടില്‍ ഉമ്മവയ്ക്കുകയും ചെയ്തു. ശേഷം ശവമഞ്ചത്തില്‍ നിന്ന് ഒരു പൂവെടുത്ത് തലയില്‍ വച്ച്, ഉപ്പൂറ്റി പരമാവധി ഉയര്‍ത്തി, കൈകള്‍ വിരിച്ചു പിടിച്ച്, ബാലറീനയായി ഭാവിച്ചു ചുവടുകള്‍ വച്ചു. ആരോ അവളെ പിടിച്ചു മാറ്റി.
ആശ ദൃഷ്ടികള്‍ മറ്റെവിടെയോ പതിപ്പിച്ച് ഒരേ ഇരുപ്പ് തുടര്‍ന്നു. അവളുടെ തലയ്ക്കുള്ളില്‍ കൊള്ളിയാനുകള്‍ മിന്നി. ഹൃദയത്തില്‍ പെരുമഴ ആര്‍ത്തലച്ചു പെയ്തു. മനസ്സില്‍ ഓര്‍മ്മകള്‍ തിങ്ങിക്കൂടി വീര്‍പ്പുമുട്ടിച്ചു.
'ചേച്ചിക്കുട്ടീ....' ഉള്ളിന്‍റെ ഉള്ളില്‍ നിന്ന് ഒരു കുട്ടി ഉറക്കെ വിളിച്ചു. അവള്‍ ഓര്‍മ്മകളില്‍ പിടഞ്ഞു.
'എനിച്ചു ശൂ ശൂ വക്കണം' കിങ്ങിണി അടുത്തെത്തി ഉടുപ്പൊരല്‍പ്പം പൊക്കി കാലുകള്‍ മാറി മാറി ചവിട്ടി തന്‍റെ അത്യാവശ്യകത അറിയിച്ചു. അവളുടെ ചുണ്ടുകള്‍ കരയാനെന്നവണ്ണം കൂമ്പി.
മെല്ലെയെഴുന്നേറ്റ് കിങ്ങിണിയെയും കൊണ്ട് അകത്തേക്കു നടക്കവേ തന്‍റെമേല്‍ പതിയുന്ന സഹതാപക്കണ്ണുകളെ ആശ കണ്ടില്ലെന്നു നടിച്ചു.
ഇരുപത്തിയഞ്ചു വയസ്സുമാത്രം പ്രായമുള്ള ഒരു സുന്ദരിപ്പെണ്ണ് വിവാഹമോചനം നേടി മൂന്നുവയസ്സുള്ള കുട്ടിയേയും കൊണ്ട് സ്വന്തം വീട്ടില്‍ നില്‍ക്കുന്നതായിരുന്നു സഹതാപമേല്‍ക്കാനുള്ള ഒന്നാം കാരണം. അവസാനവിശ്രമത്തിനൊരുങ്ങി ശവമഞ്ചത്തില്‍ കിടക്കുന്ന, അഞ്ചുവയസ്സിനിളപ്പ മുള്ള ഒരേ ഒരനിയന്‍ രണ്ടാം കാരണവും.
ആകാശ് അവള്‍ക്ക് അനിയന്‍ മാത്രമായിരുന്നില്ല; അമ്മയും അപ്പനും കുഞ്ഞുങ്ങളെ പണിക്കാരിയെ ഏല്‍പ്പിച്ചു ജോലിക്കുപോയപ്പോള്‍ തുടങ്ങിയതാണ് അവനോടുള്ള മാതൃസഹജമായ വാത്സല്യം. വളര്‍ന്നപ്പോള്‍ ഒരു കൂട്ടുകാരനോടുള്ള സ്വാതന്ത്ര്യവുമായി. അവളുടെ പ്രണയത്തിലും വിവാഹത്തിലുമൊക്കെ എല്ലാ എതിര്‍പ്പുകളെയും മറികടക്കാന്‍ തോളോടുതോള്‍ ചേര്‍ന്നു പൊരുതിയത് അവനായിരുന്നു.
പക്ഷെ, കുറേനാളുകളായി ആകാശ് ആളാകെ മാറിപ്പോയതുപോലെ... എപ്പോഴും മുറിയില്‍ മൊബൈലുമായി അടച്ചിരിക്കും. ആരെന്തുചോദിച്ചാലും ദേഷ്യപ്പെടും. കിങ്ങിണിയൊഴിച്ച് ആരെങ്കിലും മുറിയില്‍ കയറിയാല്‍ ഭ്രാന്തുപിടിച്ചവനെപ്പോലെ അലറും. സാധനങ്ങള്‍ എറിഞ്ഞുടയ്ക്കും.
വീട്ടില്‍ ആകാശ് ദേഷ്യം കാണിക്കാത്ത ഒരേയൊരാള്‍ കിങ്ങിണിയായിരുന്നു. അവളുടെ കൂടെ ഒളിച്ചുകളിക്കാനും ഡാന്‍സ് ചെയ്യാനും നെഞ്ചില്‍ കിടത്തിയുറക്കാനുമൊക്കെ അവന്‍ ആശയോടു പോലും മത്സരിച്ചു. അച്ഛന്‍റെ സ്നേഹവും വാത്സല്യവും കിട്ടാതെ വളരുന്ന കുഞ്ഞിന് അനിയന്‍ നല്‍കുന്ന സ്നേഹത്തെയോര്‍ത്തവള്‍ കള്ളപ്പരിഭവത്തോടെ സന്തോഷിച്ചു.
ഒന്നിച്ചു ജീവിക്കാനാവില്ല എന്ന തിരിച്ചറിവില്‍ ദാമ്പത്യം വഴിമുട്ടി നില്‍ക്കുമ്പോള്‍, അപ്പനും അമ്മയും എതിര്‍ത്തിട്ടും 'നിനക്കു പറ്റില്ലെങ്കില്‍ ഇങ്ങുപോരെടീ ചേച്ചീ' എന്നു പറഞ്ഞു ധൈര്യം പകര്‍ന്ന കൗമാരക്കാരന്‍ കിങ്ങിണിക്കു വേണ്ടി അച്ഛന്‍റെ റോള്‍ ഏറ്റെടുത്തതില്‍ അവള്‍ അളവറ്റു സന്തോഷിച്ചിരുന്നു. പക്ഷെ അവന്‍റെ പെട്ടെന്നുള്ള മാറ്റത്തില്‍ അവള്‍ പകച്ചു. പലതും ചിന്തിച്ചുകൂട്ടി.
'കെട്ടിയോനുപേക്ഷിച്ച പെണ്ണ്' എന്ന അഭി സംബോധനകള്‍ ഒളിഞ്ഞും തെളിഞ്ഞുമെയ്യുന്ന ബന്ധുക്കളാരെങ്കിലും ചേച്ചിയെക്കുറിച്ച് മോശമായതെന്തെങ്കിലും പറഞ്ഞുകൊടുത്തിട്ടുണ്ടാകാമെന്നും അല്ലെങ്കില്‍ ചേച്ചിയും കുഞ്ഞും പിന്നീടൊരു ഭാരമാകുമെന്ന് ആരെങ്കിലും അവന്‍റെ മനസ്സില്‍ എഴുതിചേര്‍ത്തിട്ടുണ്ടാവാമെന്നും അവള്‍ ശങ്കിച്ചു. സമയം പോലെ അവനോടു സംസാരിക്കണമെന്നും തെറ്റിദ്ധാരണകള്‍ നീക്കണമെന്നും അവള്‍ തീരുമാനിച്ചുറച്ചിരുന്നു.
പിരിയാനാവില്ല എന്നു കരഞ്ഞുപറഞ്ഞ് വിവാഹം കഴിച്ചവര്‍ ഒരുവര്‍ഷത്തിനു ശേഷം വേര്‍പിരിയുന്നു എന്ന വാര്‍ത്ത നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ അംഗീകരിക്കാനാവുന്നതായിരുന്നില്ല. അവര്‍ കാരണങ്ങള്‍ ചികഞ്ഞു. കഥകള്‍ മെനഞ്ഞു. കഥയിലവള്‍ വില്ലത്തിയായി, പിഴച്ചവളായി. ഭര്‍ത്താവ് കള്ളുകുടിയനായി, അസന്മാര്‍ഗ്ഗിയായി. ആരെയും തിരുത്താന്‍ നില്‍ക്കാതെ അവള്‍ മൗനം പാലിച്ചു.
ആ മൗനം മനപ്പൂര്‍വ്വമായിരുന്നില്ല. വര്‍ഷങ്ങളുടെ പ്രണയസാഫല്യവുമായി തന്നിലലിയാന്‍ വന്ന പ്രിയപ്പെട്ടവനെ തള്ളിമാറ്റി മുഖം പൊത്തിക്കരഞ്ഞതും പലനാളുകളുടെ ശ്രമങ്ങള്‍ക്കു ശേഷം ഒരു ബലാല്‍സംഗത്തിലൂടെ അവന് ശരീരം സ്വന്തമാക്കേണ്ടി വന്നതും എന്തിനായിരുന്നു എന്ന് അന്നവള്‍ക്കറിയില്ലായിരുന്നു. ഒരു മനഃശാസ്ത്രജ്ഞന്‍ ഉള്ളിലെ ആഴക്കിണര്‍തേകി പലതും വാരിവെളിയിലിടുന്നതുവരെ.
2
വലിയ മരച്ചില്ല മുറിച്ചുനാട്ടി, ഇലകളില്‍ തോരണങ്ങളൊട്ടിച്ച ഒരു ക്രിസ്മസ് ട്രീയുടെ മുകളില്‍ മിന്നിത്തിളങ്ങുന്ന ചെമപ്പന്‍ നക്ഷത്രത്തെ വിടര്‍ന്ന കണ്ണുകളോടെ ആശ നോക്കിനിന്നു.
അമ്മയ്ക്കു പുതിയ കുഞ്ഞാവയുണ്ടായതു കൊണ്ട് ആ അവധിക്കാലം ചെലവഴിക്കാന്‍ അമ്മായിയുടെ വീട്ടിലെത്തിയതായിരുന്നു അവള്‍.
അമ്മാച്ചന്‍ വാങ്ങിക്കൊണ്ടുവന്ന പുത്തനുടുപ്പുമിട്ട് പുതിയ പള്ളിയില്‍ പാതിരാകുര്‍ബ്ബാനക്കു പോകുന്നതോര്‍ത്ത് ഉറങ്ങിപ്പോയ ആശ ഒരു സ്വപ്നം കണ്ടു. മിന്നുകയും കെടുകയും ചെയ്യുന്ന പലനിറ ലൈറ്റ് ബള്‍ബുകളും കുഞ്ഞുനക്ഷത്രങ്ങളും തൂക്കിയിട്ടിരിക്കുന്ന പുല്‍ക്കൂട്ടില്‍, ആടുകളുടെയും പശുക്കളുടെയും നടുവില്‍ തണുത്തു വിറച്ചു കിടക്കുന്ന അവളുടെ ചുറ്റും ആരൊക്കെയോ നിന്ന് അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനം എന്ന് ഉറക്കെ ചൊല്ലുന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അവരൊക്കെ കുനിഞ്ഞ് അവളെ ഉമ്മവയ്ക്കാന്‍ തുടങ്ങി...
പോകെപ്പോകെ ഉമ്മകള്‍ക്ക് ശക്തി കൂടിക്കൂടി വന്നു. അതവളെ ശ്വാസം മുട്ടിച്ചു. എവിടൊക്കെയോ നോവിച്ചു. ചാടിയെഴുന്നേറ്റ് സ്വന്തം ദേഹത്തേയ്ക്കു നോക്കിയ അവള്‍ നാണംകൊണ്ട് ചൂളിപ്പോയി. അവളുടെ വെള്ളപ്പുതപ്പുകള്‍ മാറ്റപ്പെട്ടിരുന്നു. കുഞ്ഞു വെള്ളയുടുപ്പ് കഴുത്തോളം ഉയര്‍ത്തപ്പെട്ടിരുന്നു.
അവള്‍ ചിണുങ്ങിക്കരഞ്ഞു. പിന്നെയെപ്പൊഴോ വീണ്ടും ഉറക്കത്തിലേയ്ക്ക് വഴുതി വീണു. ഉറക്കത്തിലുടനീളം അവള്‍ ഓടിക്കൊണ്ടിരുന്നു. കാടുകളും തോടുകളും താണ്ടി. കുന്നുകളും മലകളും താണ്ടി.
'എന്തൊരുറക്കമായിരുന്നെന്‍റെ ആശമോളെ.... ഞങ്ങള്‍ കുറെ വിളിച്ചു. പിന്നെ ജെറിമോനെ കൂട്ടിരുത്തിയിട്ടു പോയി' അമ്മായി കള്ളുമണമുള്ള കൊതിപ്പിക്കുന്ന അപ്പങ്ങള്‍ ചുട്ടുനിരത്തുന്നതിനിടയില്‍ പറഞ്ഞു. കോഴിക്കറിക്കായി തേങ്ങ ചിരകിക്കൊണ്ടിരുന്ന ജെറി അതുകേട്ടു ചിരിച്ചപ്പോള്‍ അവള്‍ തന്‍റെ സ്വപ്നത്തെ ഓര്‍ത്ത് നാണിച്ചു. പാലുവാങ്ങാന്‍ പോയപ്പോള്‍ അവന്‍ വാങ്ങി ക്കൊണ്ടുവന്ന തേന്മുട്ടായിയുടെ മധുരം നുണഞ്ഞിറക്കി അവള്‍ ആ സ്വപ്നത്തെ മറക്കാന്‍ ശ്രമിച്ചു.
ഒന്നാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു അവളപ്പോള്‍. അവധി കഴിഞ്ഞു വീട്ടില്‍ തിരിച്ചെ ത്തിയിട്ടും ആ സ്വപ്നം അവളെ വിടാതെ പിന്തുടര്‍ന്നു. പറമ്പില്‍ കഞ്ഞിയും കറിയും വച്ചു കളിക്കുന്നതിനിടയില്‍ അടുത്ത വീട്ടിലെ ബിന്ദുവിനോട് ആ സ്വപ്നത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ അച്ഛന്‍റെ അനിയന്‍ പഠിപ്പിച്ച ഒരു കളി ബിന്ദു അവള്‍ക്കു കാണിച്ചു കൊടുത്തു. അതിനായി അവള്‍ താഴെ കിടക്കണമായിരുന്നു. ഇഷ്ടികയ്ക്കായി പച്ചമണ്ണു വെട്ടിയെടുത്ത കുഴിയില്‍ അവളെ കിടത്തി ബിന്ദു അവളുടെ മുകളില്‍ ഉയരുകയും താഴുകയും ചെയ്തു.
ക്ലാസ്സില്‍ വച്ച് റോസിയും അവളുടെ രണ്ടാനച്ഛന്‍ പഠിപ്പിച്ച ഒരു കളിയെക്കുറിച്ച് പറഞ്ഞു. കണക്കുക്ലാസ്സിലിരുന്നപ്പോള്‍ ടീച്ചര്‍ കാണാതെ പാവാടയ്ക്കുള്ളില്‍ കൈ കടത്തി അവള്‍ ആ കളി കളിച്ചു. ആശയ്ക്കപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വന്നു.
സ്നേഹത്തിന്‍റെ പ്രതീകമായി വാഴ്ത്തപ്പെട്ടിരുന്ന, അമ്മായിയുടെ വീട്ടിലെ അവധിക്കാല സന്ദര്‍ശനങ്ങള്‍ക്ക് അവളുടെ ജീവിതത്തിന്‍റെ വില കൊടുക്കേണ്ടി വരുമെന്നു പ്രിയപ്പെട്ടവരാരും അറിഞ്ഞില്ല. എല്ലാ അവധിക്കാലങ്ങളിലും അവളെ കൂട്ടാന്‍ വന്നുകൊണ്ടിരുന്ന, സ്വന്തമായി സഹോദരങ്ങളില്ലാത്ത ജെറിയുടെ 'സഹോദര സ്നേഹം' കുടുംബസദസ്സുകളില്‍ പുകഴ്ത്തപ്പെട്ടു കൊണ്ടിരുന്നു.
പക്ഷെ ആ സ്നേഹം അവളെ വെറുപ്പിച്ചു. അതവളെ റോസിയെയും ബിന്ദുവിനെയും ഓര്‍മ്മിപ്പിച്ചു. ആ സ്നേഹപ്രകടനങ്ങളുടെ വേദനയില്‍ മൂത്ര മൊഴിച്ചപ്പോഴൊക്കെ പുളഞ്ഞു.
അവളുടെ ആര്‍ത്തനാദങ്ങള്‍ അടച്ചിട്ട വാതില്‍ തട്ടി മടങ്ങിവന്നു. പ്രതിഫലമായി വാങ്ങിക്കൊടുത്തിരുന്ന തേന്മുട്ടായികള്‍ കണ്ണീരുവീണലിഞ്ഞു. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന ഭീഷണിക്കു മുന്‍പില്‍ അവള്‍ ഭീതിയോടെ മൗനം പാലിച്ചു.
പല അവധിക്കാലങ്ങളിലും ഇതാവര്‍ത്തിക്കപ്പെട്ടു. അവള്‍ വയസ്സറിയിക്കുകയും വീട്ടുകാര്‍ അവധിയാഘോഷിക്കാന്‍ മറ്റൊരിടത്തും അയക്കാതാകുകയും ചെയ്യുന്നതുവരെ.
3
'അമ്മേ നോവുന്നു'മൂത്രമൊഴിക്കാന്‍ കൊണ്ടിരുത്തിയ മൂന്നുവയസ്സുകാരി വേദനകൊണ്ടു വാ പൊളിച്ച്, നിറഞ്ഞ കണ്ണുകളോടെ വിതുമ്പി.
ആശയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. കുറ്റബോധം തെല്ലൊന്നൊതുങ്ങി. വേദന കുറയ്ക്കാ നായി ഡോക്ടര്‍ കൊടുത്ത ലേപനം മെല്ലെ പുരട്ടിക്കൊടുത്തിട്ട് കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് വാവിട്ടു കരഞ്ഞു.
കിങ്ങിണി മൂത്രമൊഴിക്കുമ്പോള്‍ വേദന പറയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിരുന്നു.
വെള്ളം കുടിക്കാഞ്ഞിട്ടാകും എന്നു പറഞ്ഞ് അവള്‍ കുഞ്ഞിനെ വഴക്കു പറഞ്ഞു. ആവശ്യത്തിലധികം വെള്ളം കുടിപ്പിച്ചു.
പതിവില്ലാതെ, രാത്രികളില്‍ കിടന്നു മുള്ളി ത്തുടങ്ങിയപ്പോള്‍ ആദ്യമൊക്കെ കൂടുതല്‍ വെള്ളം കുടിച്ചതിന്‍റെയാണെന്ന് കരുതി ആശ്വസിച്ചെങ്കിലും വേദനകൊണ്ടു കരഞ്ഞു തുടങ്ങിയപ്പോള്‍ ആശ കിങ്ങിണിയെ ഒരു ശിശുരോഗ വിദഗ്ധയുടെ അടുത്തു കൊണ്ടുപോയി. മൂത്രം പരിശോധിച്ച് ഇന്‍ ഫെക്ഷന്‍ ഒന്നുമില്ല എന്നുറപ്പുവരുത്തി ഡോക്ടര്‍ അവളെ പറഞ്ഞയച്ചു.
നന്നായി സംസാരിച്ചു കൊണ്ടിരുന്ന കിങ്ങിണി വിക്കിവിക്കി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പേടിച്ചു. വേഗം തന്നെ ഡോക്ടറെ കാണിച്ചു. ചോദിച്ചതിനൊക്കെ കുഞ്ഞുവായില്‍ വലിയ ഉത്തരങ്ങള്‍ പറഞ്ഞപ്പോള്‍ കുഞ്ഞിനല്ല അമ്മക്കാണ് ട്രീട്മെന്‍റ് വേണ്ടതെന്നു ഡോക്ടര്‍ കളിയാക്കി.
കുറച്ചു ദിവസങ്ങള്‍ക്കുശേഷം കിങ്ങിണി നടക്കാന്‍ ബുദ്ധിമുട്ടു കാണിച്ചു തുടങ്ങി. ചില പ്പോഴൊക്കെ നടക്കുമ്പോള്‍ കാലുകള്‍ വേച്ചുപോകുന്നതുപോലെ. ശ്രദ്ധ കിട്ടാനുള്ള അടവാണെന്നു പറഞ്ഞ് ആദ്യം വഴക്കു പറഞ്ഞു. പിന്നെ അടികൊടുത്തു. ഒടുവില്‍ വീണ്ടും ഡോക്ടറെ കാണിച്ചു.
മടിയിലിരുത്തി വണ്‍ ടു ത്രീ ചൊല്ലിക്കളിച്ചു കൊണ്ട് ഡോക്ടര്‍ കിങ്ങിണിയോട് പല പല ചോദ്യങ്ങള്‍ ചോദിച്ചു. ടേബിളില്‍ കിടത്തി ശരീരമാസകാലം പരിശോധിച്ചു. പിന്നെ നമ്രമുഖയായി ആ ഞെട്ടിക്കുന്ന സത്യം ആശയോട് വെളിപ്പെടുത്തി. തലയില്‍ വലിയ കൂടം കൊണ്ടടിച്ചാലെന്ന പോലെ അവള്‍ കസേരയിലേക്കാഴ്ന്നു പോയി.
4
'നിന്‍റെ സഹോദരന്‍ എവിടെ?'
ദൈവം അവളോട് ചോദിച്ചു.
'എനിക്കറിയില്ല... ഞാനാര്, എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരിയോ?' അവള്‍ തര്‍ക്കിച്ചു.
'നീയെന്താണ് ചെയ്തത്? നിന്‍റെ സഹോദരന്‍റെ രക്തം മണ്ണില്‍നിന്ന് നിനക്കെതിരെ നിലവിളി ക്കുന്നു.' ദൈവം ക്രൂദ്ധനായി.
അവള്‍ ദൈവത്തെ ഒരു ഉയര്‍ന്ന മലയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ലോകത്തിലുള്ള എല്ലാ പെണ്‍കുഞ്ഞുങ്ങളെയും അവരുടെ നിലവിളികളും ദൈവത്തിനു കാണിച്ചു കൊടുത്തുകൊണ്ടു പറഞ്ഞു:
'ഒരു നോട്ടംകൊണ്ടു പോലും ദുരുപയോഗം ചെയ്യപ്പെടാത്ത ആയിരം പെണ്‍കുഞ്ഞുങ്ങളെ കാണിച്ചു തന്നാല്‍ ഞാന്‍ കുറ്റം സമ്മതിക്കാം.'
ദൈവം ചുറ്റും നോക്കി. ഒരു നിമിഷം ആലോചിച്ചു നിന്നു. എന്നിട്ടു ചോദിച്ചു.
'അത് നൂറായാലോ?'
'നൂറെന്നത് വളരെ ചെറിയ സംഖ്യ ആണ്. എങ്കിലും നൂറുപേരെങ്കിലും ഞാനും എന്‍റെ കുഞ്ഞും റോസിയും ബിന്ദുവുമൊക്കെ കടന്നുപോയ അവസ്ഥകളിലൂടെ പോകുന്നില്ല എന്നതു വലിയ സന്തോഷം തരുന്നു. ആ നൂറു പേരെ കാണിച്ചു തന്നാല്‍ ഞാന്‍ കുറ്റം സമ്മതിക്കാം.' അവള്‍ ഉറപ്പിച്ചു പറഞ്ഞു.
ദൈവം കുറച്ചു സമയം കണ്ണുകളടച്ച് മൗനമായി നിന്നു. പിന്നെ തലകുനിച്ച് ഖേദത്തോടെ അവളോട് ചോദിച്ചു.
'നൂറ് ഒരു വലിയ സംഖ്യയാണെന്ന് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു. അത് പത്തായാലോ?'
'അങ്ങനെയല്ലാത്തവരായി പത്തു പേരെങ്കിലും ഉണ്ടാകുമെന്ന് എനിക്ക് നന്നായി അറിയാം. ഞാനിതാ കുറ്റം സമ്മതിക്കുന്നു. പക്ഷെ ആരൊക്കെയാണ് ആ പത്തു ഭാഗ്യശാലികള്‍ എന്ന് ഒന്നു കാണണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ദയവായി എനിക്കവരെ കാണിച്ചു തരിക.' അവള്‍ എളിമ യോടെ അപേക്ഷിച്ചു.
ദൈവം ഓരോരുത്തരെയായി അവള്‍ക്കു കാണിച്ചു കൊടുത്തു തുടങ്ങി. പക്ഷെ ആറാമത്ത വളില്‍ എത്തിയപ്പോഴേയ്ക്കും അദ്ദേഹത്തിന്‍റെ മുഖം വിളറി. സ്വരം ഇടറി. 'മിയ കുല്‍പ, മിയ കുല്‍പ, മിയ മാക്സിമ കുല്‍പ' എന്നു മാറത്തടിച്ചു നിലവിളിച്ചുകൊണ്ട് അദ്ദേഹം അവളെ വിട്ട് ഓടിപ്പോയി.
'എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ'
Featured Posts
bottom of page