top of page

പദശ്രദ്ധ

Jan 26, 2024

1 min read

ഫാ. ഷാജി CMI
Malayalam alphabets

"ആദിയിലേ വചനമുണ്ടായിരുന്നു. വചനം ദൈവസന്നിധിയിലായിരുന്നു. വചനം ദൈവമായിരുന്നു" എന്ന തിരുവെഴുത്തോടുകൂടിയാണ് വിശുദ്ധ യോഹന്നാന്‍ തന്‍റെ സുവിശേഷം ആരംഭിക്കുന്നത്. വചനം - അത് ഉച്ചരിക്കുമ്പോള്‍ വാക്കായി മാറുന്നു. അതില്‍ ഈശ്വരസാന്നിധ്യമുണ്ട്. ഈശ്വരസാന്നിധ്യമുള്ള വാക്ക് സര്‍ഗാത്മകമാണ്. 'ഉണ്ടാകട്ടെ' എന്ന ഒറ്റ വാക്കില്‍നിന്നാണ് സൃഷ്ടിമുഴുവന്‍ നടന്നതെന്ന് വേദപുസ്തകം പറയുന്നു.

പണ്ടു കാലങ്ങളില്‍ നമ്മുടെ വിദ്യാലയങ്ങളില്‍ മുഴങ്ങിക്കേട്ട ഒരു പ്രാര്‍ത്ഥനാഗാനമാണ് പന്തളം കേരളവര്‍മ്മയുടെ "ദൈവമേ കൈതൊഴാം, കേള്‍ക്കുമാറാകണം" എന്നത്. ഈ പ്രാര്‍ത്ഥനാഗാനം നമ്മുടെ വിദ്യാലയാന്തരീക്ഷത്തെ വിശുദ്ധമാക്കിയിരുന്നു. അതിലെ ഒരു വരിയാണ് "നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകേണം." നല്ല വാക്കോതുവാന്‍ കഴിവും ശേഷിയുമുണ്ടാകണേ എന്നാണ് പ്രാര്‍ത്ഥന. നല്ലതല്ലാത്ത വാക്ക് പറയാന്‍ പ്രത്യേകിച്ചൊരു കഴിവും വേണ്ട എന്നൊരു ധ്വനിയും അതിലുണ്ട്. അത് താനേ വന്നുകൊള്ളും. എന്നാല്‍ നല്ല വാക്കോതുവാന്‍ ശ്രദ്ധ വേണം. വാക്ക് സര്‍ഗാത്മകമാണെന്ന ബോധ്യം വേണം.

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി മെര്‍ലിന്‍ മെക്കന്‍ഡയര്‍ എഴുതിയ ഒരു പുസ്തകമാണ് 'നുണകളുടെ ലോകത്തെ പദശ്രദ്ധ.' നല്ല വാക്കുകള്‍ നല്‍കുന്ന ആനന്ദത്തെക്കുറിച്ചാണ് അതില്‍ പറയുന്നത്. സാക്ഷരരായ ഓരോരുത്തരും ഈ പുസ്തകം വായിക്കുകയാണെങ്കില്‍ അതിന്‍റെ ഫലം സമൂഹത്തെ അട്ടിമറിക്കുന്നതായിരിക്കും. എളിമയോടും ഉള്‍ക്കാഴ്ചയോടും കൂടി എഴുതിയ ഈ പുസ്തകം മാനവസംസ്കൃതിയില്‍ വലിയ സന്തോഷം കൊണ്ടുവരുന്നു എന്നാണ് നിരൂപകര്‍ പറയുന്നത്. മറ്റേതൊരു ജൈവികവസ്തുവുംപോലെ ഭാഷയും മലിനമാക്കപ്പെടാം, ശോഷിച്ചുപോകാം. അതുകൊണ്ട് ഭാഷയ്ക്കും രക്ഷയും വീണ്ടെടുപ്പും ആവശ്യമാണ്. എന്നാല്‍, ആയുധമുന പിടിപ്പിച്ച വാക്കുകളും വാക്യങ്ങളും നമുക്കു ചുറ്റും വിന്യസിക്കപ്പെടുകയാണിപ്പോള്‍. സാധാരണ ജീവിതത്തിലായാലും ഡിജിറ്റല്‍ ജീവിതത്തിലായാലും വാക്കുകള്‍ മലിനമാക്കപ്പെടുകയും, ചിലപ്പോഴെങ്കിലും പൈശാചിക ഭാവമാര്‍ജ്ജിക്കുകയും ചെയ്യുന്നു. നുണകളുടെ ലോകവും സംസ്കാരവും ഉണ്ടാകുന്നത് ഇങ്ങനെയാണെന്ന് മെര്‍ലിന്‍ മെക്കന്‍ഡയര്‍ പ്രസ്താവിക്കുന്നു.

മനുഷ്യര്‍ക്ക് പരസ്പരമുള്ള കരുതല്‍പോലെ പ്രാധാന്യമുള്ളതാണ് വാക്കുകളിന്മേലുള്ള മനുഷ്യന്‍റെ ശ്രദ്ധ. 'പദശ്രദ്ധ' എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത് അതാണ്. പദങ്ങള്‍ പരസ്പരം സഹായത്തിനും പോഷണത്തിനുമുള്ളതാണ്. ഈ ലോകത്തിന്‍റേതല്ലെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ പോക്കുവെയില്‍ വീണ് സ്വര്‍ണ്ണവര്‍ണ്ണമായിരിക്കുന്ന പദങ്ങള്‍കൊണ്ട് നമ്മുടെ അനുദിനജീവിതത്തിലെ മൊഴികളെ അലങ്കരിക്കാനാവണം. പദശ്രദ്ധയിലൂന്നിയ ജീവിതം സാധ്യമാണ്. അത്തരമൊരു ജീവിതത്തിലൂടെ വാക്കുകളെ ജ്ഞാനസ്നാനപ്പെടുത്തി നുണകളുടെ ലോകത്തെ വിശുദ്ധീകരിച്ചെടുക്കാനുള്ള ആഹ്വാനമായി ഒരു പുതുവര്‍ഷം കൂടി.

പറയുന്ന വാക്കുകളില്‍ സ്നേഹവും വാത്സല്യവുമുണ്ടായാല്‍ അതു വലിയൊരു ഊര്‍ജ്ജപ്രവാഹമാകുന്നു. ഇത്തരം വാക്കുകള്‍ ലോകത്തിലുള്ള ഏതൊരു മനുഷ്യന്‍റെയും ഹൃദയത്തിലേക്ക് കടന്നുചെല്ലുന്നു. അതു ശ്രോതാക്കളെ പരിവര്‍ത്തിതരാക്കുന്നു. വാക്കുകളില്‍ സ്നേഹാമൃതമുണ്ടാകാന്‍ ചിന്തയെ ക്രമപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അപ്പോള്‍ ഒരു അരുവിപോലെ വിചാരങ്ങള്‍ സ്വച്ഛമായി ഒഴുകിയെത്തുന്നു. വാക്കുകള്‍ തേന്‍ക്കട്ടപോലെ മധുരതരമാകുന്നു.

മനോഹരമായ വാക്കുകള്‍ ജീവിതഭാഗമാകാന്‍ ഒരാള്‍ പ്രപഞ്ചത്തിന്‍റെ താളവുമായി സ്വരൈക്യത്തിലാകണം. പുറമേ കാണുന്ന പ്രകൃതി അകത്തുള്ള പ്രകൃതിയുടെ ജ്ഞാനഗ്രന്ഥത്തെ വായിക്കാന്‍ ഒരുവനെ സഹായിക്കും. അരുവിയൊഴുകുന്നത്, കിളികള്‍ പാടുന്നത്, കടലിരമ്പുന്നത്, കാറ്റ് ഇലകള്‍ക്കിടയിലൂടെ വീശുന്നത്, മഴ പെയ്യുന്നത് ഇതെല്ലാം ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചാല്‍ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെ റിപ്പയര്‍ ചെയ്യാനാകും. അതുവഴി മനുഷ്യര്‍ ജ്ഞാനികളും പ്രവാചകന്മാരുമാകും.

പദശ്രദ്ധയുള്ള ജ്ഞാനികളും പ്രവാചകന്മാരുമയി നുണകളുടെ ലോകത്തെ സ്നാനപ്പെടുത്താന്‍ ഇടയാകട്ടെ.

Featured Posts

Recent Posts

bottom of page