top of page

തലതെറിച്ചവള്‍

Jul 1, 2010

5 min read

ഷസ
Image : A kid
Image : A kid

ബാല്യത്തിന്‍റെ ചവിട്ടുവഴികളിലൂടെ പിന്നിലേയ്ക്കു നടക്കുമ്പോള്‍ മനസുവല്ലാതെ തുടിക്കുന്നതറിയാം. കൊതിപിടിപ്പിക്കുന്ന മാമ്പഴമണത്തിലേയ്ക്കും അലതല്ലുന്ന വെള്ളക്കുളിരിലേയ്ക്കും എത്ര കണ്ടാലും അത്ഭുതം തീരാത്ത ആകാശക്കാഴ്ചകളിലേയ്ക്കും ഞാന്‍ ഓടിപ്പോവുകയാണ്. മഴപെയ്യുന്ന ചേലു നോക്കിയിരിക്കവെ മഴപ്പെയ്ത്തിലേയ്ക്കു പമ്മിപ്പമ്മിയിറങ്ങി നനഞ്ഞു കുതിരുമ്പോഴും മുറ്റത്തു തളംകെട്ടി നില്‍ക്കുന്ന വെള്ളത്തിലേയ്ക്ക് ആവേശത്തോടെ ചാടിത്തിമര്‍ത്ത് തലകുത്തിനിന്ന് മുടി നനയ്ക്കുമ്പോഴും ജലദോഷം പിടിപ്പിക്കാനുള്ള ഓരോരോ വഴികള് എന്നു പറഞ്ഞ് പിടിച്ചുകൊണ്ടുപോകും വീട്ടിലെ മുതിര്‍ന്നവര്‍. എത്ര നനഞ്ഞാലും കൊതിതീരാത്ത മഴ നോക്കി എത്ര വേദനയോടെയാണ് വീടിനുള്ളിലേയ്ക്കു കയറിപ്പോയിരുന്നത്. തോടും അരുവികളും എന്നെ വെള്ളത്തിന്‍റെ പതഞ്ഞു നിറയുന്ന കുളിര്‍മ്മയിലേയ്ക്കു വലിച്ചിഴച്ചു കൊണ്ടുപോയി. മഴനൂലിനെ പിടിച്ചുനോക്കാന്‍ ഇറയത്ത് കൈനീട്ടി നില്‍ക്കുന്നതോര്‍ക്കുന്നു. തെളിഞ്ഞൊഴുകി വീഴുന്ന വെള്ളിക്കമ്പികളില്‍ പിടിച്ച് ആകാശത്തേയ്ക്കു കയറിപ്പോയാല്‍ മുകളിലെവിടെയോ ഒരു മേഘക്കൊട്ടാരവും അവിടെ ഒരുപാട് അത്ഭുതക്കാഴ്ചകളുമുണ്ടാവുമെന്ന് എത്രമാത്രം ഭാവന കണ്ടിരിക്കുന്നു. ആ കൊട്ടാരത്തിന്‍റെ അകത്തളങ്ങളെ മനോധര്‍മ്മമുപയോഗിച്ച് രൂപകല്പന ചെയ്തും അവിടെ കൂട്ടുകൂടാന്‍ കാത്തിരിക്കുന്ന ഒരു രാജകുമാരിയെ സ്വപ്നംകണ്ടും മഴച്ചാറ്റലണിഞ്ഞങ്ങനെയില്ലാതെയാവുമ്പോഴാവും അടുത്ത ബഹളം പിന്നില്‍. അമ്മയാണ്. ഈ കൊച്ചിനിത് എന്തിന്‍റെ കേടാ, ഈ ഇറവാലത്ത് കുത്തിയിരിക്കാതെ ഇങ്ങോട്ടു കയറെടീ എന്നിങ്ങനെ ആക്രോശങ്ങള്‍. കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ജലദേഷം, പനി ഇവ കൂടെപ്പിറപ്പാണ്. പിടികൂടിയാല്‍ പിന്നെ പണിമുഴുവന്‍ പാവം അമ്മയ്ക്കുതന്നെ. പക്ഷേ അതൊന്നും എനിക്കറിയേണ്ട. ശാന്തമായിരുന്ന് മഴകണ്ട് കൊതിതീര്‍ക്കാന്‍ ഇവര്‍ സമ്മതിക്കാത്തതെന്താ എന്ന ചോദ്യമാണ് ഉള്ളിലപ്പോള്‍. മഴ കഴിഞ്ഞാല്‍പ്പിന്നെ ഒഴുകുന്ന വെള്ളത്തിലും മുറ്റത്തും പറമ്പിലും തളംകെട്ടിനില്‍ക്കുന്ന വെള്ളത്തിലുമെല്ലാം കടലാസു വഞ്ചിയുണ്ടാക്കിവിടലാണ് പണി. ഈ വെള്ളമൊക്കെ ഒഴുകിയൊഴുകി പോകുമ്പോള്‍ കൂടെയൊഴുകിപ്പോയി ഒരു വലിയ വെള്ള ലോകത്തെത്തിച്ചേരാമെന്നും അതിന്‍റെയാഴങ്ങളിലേയ്ക്ക് ഊളിയിട്ടിറങ്ങി മത്സ്യകന്യകമാരുടെ രാജ്യത്ത് ചെന്നെത്താമെന്നും സ്വപ്നം കാണും. എനിക്ക് വല്ലാത്ത അസൂയയായിരുന്നു ഈ മത്സ്യകന്യകമാരോട്. മിന്നിത്തിളങ്ങുന്ന ചെതുമ്പലുകളുള്ള മത്സ്യകന്യകമാരെക്കുറിച്ച് ആരോടു ചോദിച്ചാലും നിനക്കു വേറൊന്നും അറിയേണ്ടേ എന്ന മട്ടിലുള്ള നോട്ടം മാത്രമാണ് മറുപടി.

രാത്രിയായാല്‍പിന്നെ ഇരുട്ടത്ത്, മുറ്റത്തിന്‍റെ കോണിലിറങ്ങിനിന്ന്, വേണ്ടിവന്നാല്‍ ഇരുന്നും കിടന്നും ആകാശം കാണലാണ്. നക്ഷത്രങ്ങളങ്ങനെ മിന്നുന്നതും ഇടയ്ക്ക് മറഞ്ഞുതെളിയുന്നതും അമ്പിളിമാമന്‍റെ രൂപഭേദങ്ങളും കണ്ടിരിക്കെ ഞാനങ്ങനെ മാനത്തേയ്ക്കു കയറിയേറിപ്പോകും. അവിടെച്ചെന്ന് അവരെയെല്ലാം തൊട്ടുനോക്കിയും കൂട്ടുകൂടിയും ഓടിക്കളിക്കുമ്പോഴാവും ആരെങ്കിലും പിന്നില്‍നിന്നു വന്ന് തൂക്കിയെടുത്തു കൊണ്ടുപോവുക. വല്ല തേളും പാമ്പുമൊക്കെക്കാണും. ഇരുട്ടത്തു നില്‍ക്കരുതെന്ന് എത്രവട്ടം പറഞ്ഞിട്ടുള്ളതാ. അടുത്ത ശകാരം! എങ്കില്‍പ്പിന്നെ ഒരു തിരിയോ, ടോര്‍ച്ചോ കൊണ്ടുവന്ന് എന്നെ തേളും പാമ്പും കടിക്കാതെ ഇവര്‍ക്കു നോക്കിയാല്‍പ്പോരേ എന്ന സംശയം ചോദിക്കാതെ ബാക്കി. സന്ധ്യയാകുമ്പോള്‍ പല വര്‍ണ്ണത്തിലൊഴുകി നീങ്ങുന്ന മേഘക്കീറുകള്‍ എന്തെല്ലാം രൂപങ്ങളാണ് മനസ്സില്‍ വരച്ചുതരുന്നത്. പുകഭൂതമായും ആനയായും മഞ്ഞുമനുഷ്യനായും പൂച്ചയായും അവസാനം ഞാനായും രൂപപ്പെടും ഈ മേഘങ്ങള്‍. ഈ മേഘങ്ങളുടെ തണുപ്പില്‍ തൊടാനും അതിന്മേലിരുന്ന് ആകാശത്തൊഴുകാനും ദാഹിക്കുമ്പോള്‍ അല്പം ഒടിച്ചെടുത്ത് വായിലിടാനും കൊതിതോന്നും അപ്പോള്‍. ഞാന്‍ കണ്ട മേഘരൂപങ്ങളെക്കുറിച്ച് ആരോടെങ്കിലും പറയാനാഗ്രഹമുണ്ട്. പക്ഷേ ആരു കേള്‍ക്കും? മഴവില്ലു കാണാനാണ് ഏറ്റവും ചന്തം. VIBGIYOR ലെ നിറങ്ങളെ തൊട്ടുതൊട്ടെണ്ണിനോക്കാന്‍ ആശ തോന്നും.

വഴിയോരത്തു നിറഞ്ഞുനില്‍ക്കുന്ന മുക്കുറ്റിപ്പൂക്കളും കൊങ്ങിണിയും പെരിങ്ങലവുമൊക്കെ കണ്ടുകേട്ട് പള്ളിയിലേയ്ക്കു പോകുന്നതും ഇങ്ങനെ വായും പൊളിച്ചുനിന്നാ താമസിച്ചുപോകും എന്നുപറഞ്ഞ് ആന്‍റിമാര്‍ കൈയില്‍ പിടിച്ചുംവലിച്ചുമൊക്കെ കൊണ്ടുപോകുന്നതും ഓര്‍മയില്‍ ഒളിമങ്ങാതെ നില്‍ക്കുന്നു. കുര്‍ബ്ബാന തുടങ്ങിയാല്‍ അടുത്ത കലാപരിപാടി ആരംഭിക്കാം. കുത്തലും പിച്ചലും തോണ്ടലുമൊക്കെയായി നീണ്ടുവരുന്ന കൈകളെ തട്ടിമാറ്റി ഏറ്റവും മുന്‍പിലേയ്ക്ക് എത്തും. എന്നിട്ട് തലകുനിച്ച് നിലത്തു മുട്ടിച്ച് അകറ്റിവച്ച കാലുകള്‍ക്കിടയിലൂടെ മഹാജനത്തെ കാണുന്ന കാഴ്ച എത്ര വ്യത്യസ്തവും മനോഹരവുമാണ്! എല്ലാവരും തലകീഴായി നിന്നു പ്രാര്‍ത്ഥിക്കുന്നു. ഓരോരുത്തരെയും കണ്ടെത്തി, ഉറക്കെ വിളിച്ചുപറഞ്ഞാസ്വദിച്ചു നില്‍ക്കവേ ആരെങ്കിലുംവന്ന് വലിച്ചിഴച്ച് വെളിയിലേയ്ക്കു കൊണ്ടുപോകും. ഇനിമേലാല്‍ നിന്നെ പള്ളിയില്‍ കൊണ്ടുവരില്ലെന്നു പേടിപ്പിക്കും. ശ്ശൊ, നല്ല രസമുള്ള കാഴ്ചകള്‍ എനിക്കു നഷ്ടമാകുന്നത് ഒട്ടും കാര്യമാക്കാതെ ഇവര്‍ ഇങ്ങനെ സംസാരിക്കുന്നതെന്താവും! കുര്‍ബ്ബാന കഴിഞ്ഞു തിരിച്ചുവരുമ്പോഴെങ്കിലും ഇവര്‍ക്കൊക്കെ ഒന്നു പതുക്കെ നടന്നുകൂടേ. വലിയ വലിയ കാര്യങ്ങളൊക്കെ തമ്മില്‍പ്പറയുമ്പോള്‍ എന്നോടുംകൂടി പറയാന്‍ വയ്യേ. ഇത്ര സ്പീഡില്‍ നടക്കുന്നവരുടെ ഒപ്പമെത്താന്‍ എന്‍റെ കുഞ്ഞുകാലുകള്‍ക്ക് ഓടേണ്ടിവരുമെന്നറിയാത്തതെന്താ. ഇടയ്ക്കെങ്ങാനും നിന്നു പോയാല്‍ എന്നാ കാണുവാടീ എന്ന് വിളിച്ചുകൂവൂം. കൂടെ നടക്കാമെന്നു വച്ചാലോ, നിന്‍റെ ചെവി ആന്‍റിന പോലെയാണല്ലോ, വലിയവരു സംസാരിക്കുമ്പോള്‍ എന്നാ കേള്‍ക്കാന്‍ നില്‍ക്കുവാ എന്നുള്ള ചോദ്യവും. പിന്നെ ഞാനെന്തു ചെയ്യണം? അതുമാത്രം പറഞ്ഞുതരില്ല. എവിടെയെങ്കിലും പോയി തിരിച്ചു വന്നാലോ ഇഷ്ടമുള്ള ഉടുപ്പുമിട്ട് കുറേനേരംകൂടി തുള്ളിച്ചാടി നടക്കാമെന്നു വച്ചാല്‍ അതും സമ്മതിക്കില്ല. എല്ലാം ചെളിയാക്കും പോലും! ഹൊ, ജീവിക്കാന്‍ സമ്മതിക്കില്ലതന്നെ.

പറമ്പിലെ ചെടികളെയും മരങ്ങളെയുമൊക്കെ സ്നേഹിച്ച് തൊട്ടുതലോടി നോക്കി നടക്കുന്ന വല്യപ്പനാണ് പകല്‍സമയങ്ങളില്‍ ഒരാശ്വാസം. ആ പിറകേ എന്തെങ്കിലുമൊക്കെ ചോദിച്ചും പറഞ്ഞും നടക്കുമ്പോള്‍ വല്യപ്പനെ പറ്റിക്കാനുള്ള ഒരു ത്രില്‍ മനസിലേയ്ക്കെത്തും. പതുക്കെ കണ്ണുവെട്ടിച്ച് ഏതെങ്കിലും തെങ്ങിന്‍റെ കുഴിയില്‍ച്ചാടി ഒളിച്ചിരിക്കും. അവിടെയിരിക്കുമ്പോള്‍ ചുറ്റും പറ്റിപ്പിടിച്ച സില്‍ക്കുമെത്തപോലെയുള്ള പച്ചപ്പായലില്‍ തൊട്ടുതൊട്ട് കണ്ണില്‍ പച്ചക്കുളിരുനിറച്ച് സമയം പോകുന്നതറിയില്ല. പിന്നെ വല്യപ്പനെ മറക്കും. കുഴിയിലവിടെയവിടെയുള്ള ചുവന്നു മിനുങ്ങിയ വളയങ്ങളുള്ള അട്ടകളെ പെറുക്കിവച്ചങ്ങനെയിരിക്കുമ്പോള്‍ വെപ്രാളത്തോടെയുള്ള വിളി കേള്‍ക്കാം. ഒരു ദിവസമിങ്ങനെ പതുങ്ങിയിരിക്കവേ വല്യപ്പന്‍ കിണറ്റില്‍പ്പോയി നോക്കുന്നതുകണ്ട് ഗൂഢമായി ചിരിച്ചത് അല്പം ഉറക്കെയായിപ്പോയി. കയ്യില്‍പ്പിടിച്ച് വലിച്ചുകയറ്റി അവിടെക്കിടന്ന ചുള്ളിക്കമ്പുകൊണ്ട് നല്ല അടി. എന്തിനാ, എനിക്കൊട്ടും മനസിലായില്ല. ഒരിക്കലും അടിച്ചിട്ടില്ലാത്ത വല്യപ്പന്‍റെ അടി എന്‍റെ മുമ്പില്‍ ഒരു ചോദ്യചിഹ്നമായി വളഞ്ഞുകിടന്നു.

അങ്ങനെ അലഞ്ഞുതിരിഞ്ഞു നടക്കവേയാണ് ഒരു ദിവസം കോഴിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. നല്ല പഞ്ഞിക്കെട്ടുപോലെ, കുഞ്ഞിപ്പന്തുപോലെ അങ്ങനെ ഉരുണ്ടുരുണ്ടു പോകുന്നു. ഒന്നെടുത്തു കണ്ടാലോ. പതുങ്ങിച്ചെന്ന് ഒന്നിനെ കൈക്കലാക്കി പരിശോധിക്കവേയാണ,് എടീ പെണ്ണേ, എന്ന് അമ്മയുടെ അലറിയുള്ള വിളി. സത്യമായും പേടിച്ചുപോയതാണ്, തിരിഞ്ഞോടാന്‍ ശ്രമിക്കുമ്പോള്‍ കൈയുടെ പിടി മുറുകി കോഴിക്കുഞ്ഞു ചത്തുപോയി. എല്ലാവരുടെയും തുറിച്ചകണ്ണുകള്‍ എന്‍റെ നേരെ. കോഴിക്കുഞ്ഞിനെ നിഷ്കരുണം കൊന്ന കുഞ്ഞുപാതകിയെപ്പോലെ അവര്‍ക്കിടയില്‍നിന്ന് ഞാനോടിപ്പോയി, മുറ്റത്ത് ഒരു കോണിലിരുന്ന് എത്ര കരഞ്ഞെന്നോ. പാവം കോഴിക്കുഞ്ഞ്, അതിന്‍റെ അമ്മയ്ക്ക് എന്തു സങ്കടമായിക്കാണും. ജീവന്‍വയ്പിക്കണമെന്നാഗ്രഹമുണ്ട്, എവിടെനിന്നു വാങ്ങാന്‍ കിട്ടും? അപ്പുറത്തേയ്ക്കുചെന്ന് ആരോടെങ്കിലും ചോദിക്കാനും പേടി. കരഞ്ഞും വിറച്ചും അവിടെയിരുന്നുറങ്ങിപ്പോയെന്നാണ് ഓര്‍മ്മ.

വലിയവരുടെ ലോകത്തുകൂടി ചാടിച്ചാടിയും തുള്ളിയോടിയും നുഴഞ്ഞുപോകുമ്പോള്‍ കേള്‍ക്കാം ഇവളെന്താ ഇങ്ങനെ, സ്പ്രിംഗ് വിഴുങ്ങിയതുപോലെ... കുതിര തോറ്റുപോകും ചാട്ടം കണ്ടാല്‍, നടക്കാനിനി എന്നു പഠിക്കും. 'നടക്കാനറിയില്ല' എന്ന കഴിവുകേടില്‍ ഉള്ളു നോവും. നടന്നുതന്നെ പോകണം എന്നുണ്ടോ? എങ്ങനെ പോയാലും ഉദ്ദേശിച്ചിടത്തെത്തിയാല്‍ പോരേ. അങ്ങനെ തുള്ളിച്ചാടി നടക്കുമ്പോള്‍ പൂക്കളും അതില്‍ വന്നിരിക്കുന്ന പൂമ്പാറ്റകളും ഇളംവെയിലില്‍ പാറിനടക്കുന്ന തുമ്പികളുമൊക്കെ എന്‍റെ ലോകത്തു നിറഞ്ഞുനിന്നു. അപ്പോള്‍ എന്‍റെ ചുമലിലും വെള്ളയില്‍ ഓറഞ്ചും പച്ചയും നിറമുള്ള രണ്ടു ചിറകുകള്‍ മുളയ്ക്കുന്നതും അങ്ങനെ പറന്നുപറന്ന് നാടും പട്ടണവും കടന്ന് കാടിന്‍റെ മുകളിലൂടെ കറങ്ങിനടക്കുന്നതും സ്വപ്നം കാണും. എങ്ങും നിറയുന്ന പച്ചക്കുളിര്‍മയില്‍ കണ്‍നിറച്ചങ്ങനെയിരിക്കുമ്പോഴാകും ഭക്ഷണം കഴിക്കാത്തതിനെപ്പറ്റിയുള്ള അമ്മയുടെ പരാതിപ്പെട്ടി തുറക്കുക. രാവിലെ തന്ന പാല്‍ വായില്‍ കൈയിട്ട് ഛര്‍ദ്ദിച്ചു കളഞ്ഞുപോലും! എനിക്കിഷ്ടമില്ലാത്തുമാത്രമാണ് എപ്പോഴും അമ്മ തരിക. ഈ വീട്ടില്‍ നല്ല ഭക്ഷണമൊന്നും ഉണ്ടാക്കാറില്ലെന്നു തോന്നുന്നു.

നേഴ്സറിക്ലാസ്സില്‍ പഠിക്കുമ്പോള്‍ കുട്ടിയമ്മ ടീച്ചര്‍ വികാരനിര്‍ഭരമായ ഒരു കഥ പറഞ്ഞുതന്നു. ഇസഹാക്കിനെ ബലികഴിക്കാന്‍ മലമുകളില്‍ പോകുന്ന അബ്രഹാമിന്‍റെ കഥ. ടീച്ചറിന്‍റെ വിവരണത്തിലൂടെ അങ്ങനെ പോകവേ കണ്ണുകള്‍ നിറഞ്ഞു നിറഞ്ഞു വരികയാണ്. മലമുകളിലെത്താറായപ്പോള്‍ ഇസഹാക്ക് ചോദിച്ചു: 'അപ്പാ, ബലിക്കുള്ള കുഞ്ഞാടെവിടെ' ടീച്ചര്‍ ഇതു പറഞ്ഞതും ഹൃദയം പൊട്ടിയൊഴുകിയ കണ്ണുനീരില്‍ കുതിര്‍ന്ന് അടുത്തിരുന്ന കൂട്ടുകാരിയുടെ മടിയിലേയ്ക്കു വീണതോര്‍മ്മയുണ്ട്. എന്തിനാ ഇവളിത്ര കരയുന്നെ എന്ന മട്ടില്‍ ചുറ്റും കണ്ണുകള്‍. പിന്നെ ടീച്ചര്‍ കഥ മുഴുമിപ്പിച്ചില്ല. നേഴ്സറിക്ലാസ്സില്‍ വച്ച് 'വിശക്കുന്നു' എന്ന് ഇടയ്ക്കിടെ പറയുന്നതുകേട്ട് അടുത്തദിവസം അമ്മ കാണാതെ വീട്ടില്‍നിന്ന് അപ്പമെടുത്തു കൊണ്ടുവന്നു തന്ന 'താര' എന്ന കൂട്ടുകാരിയുടെ സ്നേഹത്തിന്‍റെ മധുരം ഇപ്പോഴും നാവിലൂറുന്നു. തിരിയെ വീട്ടിലേയ്ക്ക് ടീച്ചറുടെ കൂടെയാണ് വരിക. പാതിവഴിയെത്തുമ്പോള്‍ ഒരു കള്ളുഷാപ്പിന്‍റെ മുന്‍പില്‍ കുറ്റിയടിച്ചതുപോലെ നിന്നുപോവും. പാവം ടീച്ചര്‍ നാണംകെട്ട് അനുനയിപ്പിച്ചും, വഴങ്ങാത്തപ്പോള്‍ വഴക്കുപറഞ്ഞും വീട്ടിലെത്തിക്കും. ഈ 'കള്ള്' എന്ന മഹനീയ പാനീയത്തിന് എന്താണിത്ര പ്രത്യേകത എന്നറിയാന്‍ ഇവര്‍ സമ്മതിക്കാത്തതായിരുന്നു എത്രയാലോചിച്ചിട്ടും പിടികിട്ടാത്തൊരു കാര്യം.

ബാല്യത്തിലെ മറ്റൊരത്ഭുതം ആനയായിരുന്നു. എത്ര വലിയ സംഭവമാണ് ഈ ആന. ആനയോളം ഗമയോടെ ഞെളിഞ്ഞു നില്‍ക്കും അതിനെ കാണുമ്പോഴൊക്കെ. എന്നിട്ട് ആനയെക്കുറിച്ച് കുഞ്ഞു പാട്ടുണ്ടാക്കും. അത് പാടിക്കേള്‍പ്പിക്കാമെന്നു വച്ചാലോ, ഇതെന്തു പൊട്ടക്കവിത എന്ന മട്ടില്‍ ഒരു വളവളപ്പന്‍ ചിരിയാവും എല്ലാവരുടെയും മുഖത്ത്. അങ്ങനെയിരിക്കെ ബാലജനസഖ്യത്തിന്‍റെ മത്സര പരിപാടികള്‍ വന്നെത്തി. പ്രസംഗം, പാട്ട്, കഥപറച്ചില്‍, ഡാന്‍സ് ഇവയെല്ലാം വെടിപൊട്ടുമാറുച്ചത്തില്‍ നടത്തിക്കഴിഞ്ഞു. ഇനി ഫാന്‍സിഡ്രസ്. ചട്ടയും മുണ്ടും കുണുക്കുമൊക്കെയിട്ട് വടിയും കുത്തി വിറച്ചുനടക്കുന്ന അമ്മൂമ്മയാക്കാനാണ് ആന്‍റിമാരുടെ പ്ലാന്‍. വസ്ത്രങ്ങളൊക്കെ തയ്ച്ചു റെഡിയാക്കിയിട്ടുണ്ട്. അവസാനം ഇതൊക്കെയിട്ട് കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഒരു പന്തികേട.് നാലുവയസുകാരിക്ക് അത്ര ഇഷ്ടപ്പെട്ടില്ല, ഗ്ലാമര്‍പോര എന്നൊരു തോന്നല്‍. ആഹാ, ഇതിനാണെങ്കില്‍ ഞാനില്ല, കൊണ്ടുപൊയ്ക്കോ എന്നു പറഞ്ഞ് ഒറ്റ ഓട്ടം. പിടിച്ചുവലിച്ചു കൊണ്ടുവന്ന് ഫാന്‍സിഡ്രസ് അമ്മൂമ്മയാക്കുന്നതില്‍ അവസാനം അവരുടെ വാശിതന്നെ ജയിച്ചു. എന്താകാനാ ഇഷ്ടം എന്ന് എന്നോടൊന്നു ചോദിക്കാമായിരുന്നില്ലേ അവര്‍ക്ക്?

സ്കൂളില്‍പ്പോകാന്‍ തുടങ്ങിയത് ഒരു കണക്കിന് വീട്ടിലുള്ളവര്‍ക്ക് 'ആശ്വാസമായി' പക്ഷേ ക്ലാസില്‍ സംസാരിക്കരുതെന്ന ടീച്ചറുടെ ഓര്‍ഡര്‍ പലപ്പോഴും തെറ്റിക്കേണ്ടി വന്നു. മനഃപൂര്‍വ്വമല്ല, നിയന്ത്രണ വിധേയമല്ലാഞ്ഞിട്ടാണ്. ഒരിക്കല്‍ സംസാരിച്ചപ്പോള്‍ മറുസൈഡില്‍ ആണ്‍കുട്ടികളുടെ കൂടെയിരുത്തി. ഈ ആണ്‍കുട്ടികളെന്താ അടുക്കാന്‍ കൊള്ളാത്തവരാണോ എന്നൊരു സംശയം ഉള്ളിലാദ്യം ഉണ്ടായത് അന്നാണ്. പിന്നെപ്പിന്നെ ആ അനുമാനത്തോടെ, നാണക്കേടൊന്നും സംഭവിക്കാതിരിക്കാന്‍ ടീച്ചറുടെ ഭീഷണിയെ അനുസരിക്കാന്‍ തുടങ്ങി, നല്ല കുട്ടിയായി. കൂട്ടുകാരുമായി പലനിറമുള്ള ചോക്കുകള്‍, മിഠായിക്കടലാസുകള്‍, മഷിപ്പച്ച ഇതൊക്കെ വച്ചുമാറും. നനുത്ത തണ്ടുകളുള്ള നേര്‍ത്ത മഷിത്തണ്ടിനേയും ഇലകളേയും സ്നേഹിച്ചു സ്നേഹിച്ച് ആരുമറിയാതെ അതെടുത്തു തിന്നും. ഇപ്പോഴും ആ നേര്‍ത്ത തണുപ്പിന്‍റെ സുഖം നാവിലുണ്ട്. ഒരു ദിവസം ഒരു കൂട്ടുകാരി കൊണ്ടുവന്ന റോസ് നിറമുള്ള സാമ്പ്രാണിക്കടലാസ് ഒട്ടൊന്നുമല്ല മോഹിപ്പിച്ചത്. മണമുള്ള തിളങ്ങുന്ന ആ വര്‍ണ്ണക്കടലാസ് തട്ടിയെടുത്ത് കുടയ്ക്കുള്ളില്‍ ഒളിപ്പിച്ചതും അവള്‍ അതുകാണാതെ കരഞ്ഞതും അപ്പോള്‍ മോഷ്ടാവിന് സങ്കടം വന്നതും ശരിയാണ്. പക്ഷേ വടിവീശി തുറിച്ച കണ്ണുകളുമായി നില്‍ക്കുന്ന ടീച്ചറിന്‍റെ മുന്‍പില്‍ ഞാനാണ് കട്ടത് എന്നു പറയാനുള്ള ധൈര്യവും പോര. പിന്നെ ഒരുവിധത്തിലാണ് ആരും കാണാതെ അതെടുത്ത് അവളുടെ ബാഗില്‍ തിരിയെവച്ചത്. വിവിധ വര്‍ണ്ണങ്ങളില്‍ പലതരം പഴങ്ങളുടെ മണമുള്ള കണ്ണാടിറബ്ബറുകളായിരുന്നു മറ്റൊരാകര്‍ഷണം. അതൊരെണ്ണം വാങ്ങിത്തരാമോ എന്നു ചോദിച്ചാല്‍ അതു മായ്ക്കാന്‍കൊള്ളില്ല, ഇതാണു നല്ലത് എന്നു പറഞ്ഞ് കട്ടികൂടിയതരം വാങ്ങിത്തരും. മായ്ക്കാനല്ല ഉദ്ദേശം, കാണാനും മണക്കാനുമാണെന്ന് അവരോടു പറയാന്‍ പറ്റില്ലല്ലോ.

വൈകുന്നേരം കുടുംബപ്രാര്‍ത്ഥന തുടങ്ങിയാല്‍ അരമുക്കാല്‍ മണിക്കൂര്‍നേരം മിണ്ടാതെ അനങ്ങാതെ ഇരുന്നുകൊള്ളണം, കര്‍ത്താവിന്‍റെ മാലാഖ തെളിച്ചുചൊല്ലണം, ലുത്തിനിയ സമയം മുട്ടുകുത്തി നില്‍ക്കണം ഇങ്ങനെയൊക്കെയാണ് അഞ്ചുവയസുകാരിയോടുള്ള ശിക്ഷണമുറകള്‍. അതിനിടയില്‍ ബോറടി മാറ്റാന്‍ ഒരു വഴികണ്ടെത്തിയതാണ്. രണ്ടു കൈപ്പത്തിയും വിരലുകളും പല രീതിയില്‍ തിരിച്ചും വളച്ചുമൊക്കെ പിടിച്ച് ഭിത്തിയില്‍ നിഴല്‍ രൂപങ്ങളുണ്ടാക്കുക. ആട്, അരയന്നം, പാമ്പ്, കുതിര ഇങ്ങനെ വിവിധ ജീവികള്‍ അണിനിരക്കുന്നത് ഒരിക്കല്‍ ആന്‍റി കണ്ടുപിടിച്ചു. കഴിഞ്ഞില്ലേ കഥ! പ്രാര്‍ത്ഥനാസമയത്തെ ബഹുമാനഭക്തിക്കുറവുകളെക്കുറിച്ചുള്ള ഒരു ലഘുപ്രസംഗം ഫ്രീ. എന്നാല്‍ എല്ലാവരേയും സുഖിപ്പിച്ചേക്കാമെന്നു കരുതി നീട്ടിപ്പിടിച്ച് 'നന്മ നിറഞ്ഞ മറിയമേ' എന്നു തുടങ്ങിയാലോ ഇതെന്താ റാസക്കുര്‍ബ്ബാനയാണോ എന്ന ചോദ്യവും!

അറ്റകൈക്കാണ് പുസ്തകങ്ങളെ കൂട്ടുപിടിച്ചത്. പൂമ്പാറ്റയും ബാലരമയും വായിച്ചുതീരുംവരെ ഒറ്റയിരുപ്പാണ്. ഒലിവര്‍ട്വിസ്റ്റും മാക്ബത്തും റോബിന്‍ഹുഡും അമര്‍ച്ചിത്രകഥകളും കന്യാസ്ത്രീയാന്‍റി കൊണ്ടെത്തരുന്ന വിശുദ്ധരുടെ ജീവിതചരിത്രവുമൊക്കെ തിങ്ങിനിറഞ്ഞൊരു ലോകമായിരുന്നു ഇത്തിരികൂടെ മുതിര്‍ന്നപ്പോള്‍. പഠിക്കാന്‍ കഴിയില്ല അവള്‍ക്ക്, ഓരോന്നു വായിച്ചിരിക്കാനാണേല്‍ ഊണും ഉറക്കവും വേണ്ട - അടുത്ത കമന്‍റാണ്. പിന്നെ പേടിച്ചും ഒളിച്ചുമാണ് എന്തെങ്കിലും വായിക്കുക. പത്രവും ശാസ്ത്രമാസികകളുമൊക്കെ വായിച്ച് വിജ്ഞാനഭണ്ഡാഗാരമാകാനൊന്നും എനിക്കാവുമായിരുന്നില്ല.

അങ്ങനെയങ്ങനെ ഒത്തിരി കുസൃതിയും ഇത്തിരി വികൃതിയുമെല്ലാം ചേര്‍ന്ന് ബാല്യം നിറഞ്ഞുകവിയുകയായിരുന്നു. ഇന്നീ ജീവിതവഴിയില്‍ ഇടറുമ്പോഴും പതറുമ്പോഴും തേങ്ങുമ്പോഴും ഈ നിലാവെട്ടമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. അതിന്‍റെ ബാക്കിപത്രമെന്നോണം ഉള്ളില്‍ നിറയുന്നത് കവിതയും പ്രകൃതിയോടുള്ള പ്രണയവും പൂക്കളോടും പുഴകളോടും പൂമ്പാറ്റകളോടുമുള്ള അത്ഭുതാദരവുകളുമൊക്കെത്തന്നെ.

Featured Posts

bottom of page