top of page

മാതൃക

Nov 13, 2023

2 min read

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Brother and siter walking

നേരം സന്ധ്യയോടടുത്തു തുടങ്ങി. കടല്‍ത്തീരത്തുനിന്ന് കുഞ്ഞനുജത്തിയുടെ കൈയുംപിടിച്ച് അവന്‍ വീട്ടിലേക്കു നടന്നു. നാലു വയസ്സുള്ള അവളെ ഏറെ കരുതലോടെ ആറു വയസ്സുമാത്രമുള്ള അവന്‍ ഒപ്പം നടത്തുന്നു. ഇത്തിരി കഴിഞ്ഞപ്പോള്‍ അനുജത്തിയുടെ നടത്തം നിന്നു. അവള്‍ അതികൗതുകത്തോടെ ഒരു കളിപ്പാട്ടക്കടയിലേക്ക് നോക്കി പുഞ്ചിരിക്കുന്നു. എന്താണ് അവളെ ഇത്ര ആകര്‍ഷിച്ചതെന്ന് ഏട്ടന്‍ നോക്കി. ആ കടയിലെ കണ്ണാടിക്കൂട്ടിലിരിക്കുന്ന ഒരു 'ടെഡി ബെയറി'ലേക്കാണ് അവള്‍ നോക്കിനില്‍ക്കുന്നതെന്ന് അവനു മനസ്സിലായി.

"മോള്‍ക്കതു വേണോ?"

'ങ്ും' പാവക്കുട്ടിയില്‍ നിന്ന് കണ്ണുപറിക്കാതെ അവള്‍ മൂളി.

അവന്‍ അവളയും കൂട്ടി കടയിലേക്കു കയറി. നേരെ ചെന്ന് ആ പാവക്കുട്ടിയെ എടുത്ത് കുഞ്ഞനുജത്തിയുടെ കൈയില്‍ കൊടുത്തു. അവള്‍ സന്തോഷത്തോടെ അതിനെ മാറോടുചേര്‍ത്തുപിടിച്ചു.

അവന്‍ അവളെയും കൂട്ടി ക്യാഷ് കൗണ്ടറിലേക്കു നടന്നു. കുട്ടികള്‍ കടയിലേക്കു കയറിയപ്പോള്‍ മുതല്‍ അവരെ വളരെ സാകൂതം നോക്കിയിരുന്ന വൃദ്ധനായ കടയുടമയോട് അവന്‍ ചോദിച്ചു:

"അങ്കിള്‍, ഈ ടെഡി ബെയറിനെന്താ വില?"

അയാള്‍ അവരെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു:

"മോന്‍റെ കൈയിലെന്തുണ്ട് തരാന്‍?"

അവന്‍ ട്രൗസറിന്‍റെ പോക്കറ്റില്‍ കൈയിട്ടു. കടപ്പുറത്തുനിന്ന് പെറുക്കിയെടുത്തിട്ടിരുന്ന കക്കാതോടുകളും കുഞ്ഞുശംഖുകളും വളരെ ഗൗരവമായിത്തന്നെ മേശപ്പുറത്തു വച്ചു. അവ വളരെയേറെ മൂല്യമുള്ളവയാണെന്ന ഭാവമായിരുന്നു അവന്‍റെ കുഞ്ഞുമുഖത്ത്. അവന്‍റെ അന്നത്തെ അദ്ധ്വാന ഫലമാണ് അവ.

ആ നില്പ്പും ഭാവവുമൊക്കെ കടയുടമയിലും ഉത്സാഹം ജനിപ്പിച്ചു. വിലപിടിപ്പുള്ള നോട്ടുകള്‍ എണ്ണിയെടുക്കുന്ന ജാഗ്രതയോടെ അവ എണ്ണിത്തിട്ടപ്പെടുത്തിയതിനുശേഷം പറഞ്ഞു:

"മക്കളേ, ഇത്രയും വില ഇതിനില്ല. ദാ, ബാക്കിയെടുത്ത് പോക്കറ്റിലിട്ടോളൂ."

അയാള്‍ നാലു കക്കാത്തോടുകളൊഴികെ ബാക്കിയെല്ലാം അവന്‍റെ കൈയില്‍ വച്ചുകൊടുത്തു. അവന്‍ അതു പോക്കറ്റിലിട്ടു. കുഞ്ഞനുജത്തിയുടെ കൈയും പിടിച്ച് ഏറെ തൃപ്തിയോടെ വീട്ടിലേക്കു നടന്നു.

ഇതെല്ലാം കണ്ടു നിന്നിരുന്ന കടയിലെ ജോലിക്കാരന്‍ ചോദിച്ചു; "അത്രയും വില കൂടിയ പാവക്കുട്ടിയെ ഒരു വിലയുമില്ലാത്ത നാലു കക്കാത്തോടിനു പകരമായി കൊടുത്തതെന്തിനാ?"

"ആ പയ്യന് പണത്തിന്‍റെ വില അറിയില്ലല്ലോ. അവന്‍ പെറുക്കിയെടുത്ത കക്കാത്തോടും ശംഖുമൊക്കെയാണ് രൂപായേക്കാള്‍ അവനു വലുത്. പക്ഷേ അവന്‍ വളര്‍ന്നു വലുതാകുമ്പോള്‍, പണത്തിന്‍റെ വില മനസ്സിലാക്കുമ്പോള്‍, അവന്‍റെ ഓര്‍മ്മയില്‍ ഈ കക്കാത്തോടും പാവയും ഈ കടയുമൊക്കെ എപ്പോഴെങ്കിലും തെളിയും. ഒപ്പം എന്നെയും അവന്‍ ഓര്‍ത്തെടുക്കും. അന്ന് അവന്‍ തിരിച്ചറിയും... ഈ ലോകത്തില്‍ നന്മയുള്ള, മനുഷ്യത്വമുള്ള ഒരാള്‍ അന്നുണ്ടായിരുന്നു... ഇന്നും അങ്ങനെതന്നെ ഉണ്ടാവണം... അവനില്‍ നന്മയുടെ വിത്തുകള്‍ മുളപൊട്ടും... സ്നേഹം പൂക്കുന്ന കാരുണ്യത്തിന്‍റെ ചെടിയായി തണലേകുവാനായ്... തനിക്കും നല്ലൊരു മനുഷ്യനാകണമെന്ന ദൃഢനിശ്ചയം അവനുണ്ടാകും. ഈ കഥയിലെ വൃദ്ധന്‍റേതുപോലുള്ള കരുണയും കരുതലുമാണ് ജീവിതങ്ങളെ പ്രകാശിപ്പിക്കുന്നത്.

സഭാനവീകരണത്തിന്‍റെയും വിശുദ്ധീകരണത്തിന്‍റെയും കാലമാണ് പള്ളിക്കൂദാശക്കാലം. വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയവരും വചനപ്രഘോഷകരുമൊക്കെ സഭയെ വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. മാതൃകകളാണ് എന്നും സഭയെ പടുത്തുയര്‍ത്തിയിട്ടുള്ളത്. അത്തരം നല്ല മാതൃകകളാണ് സഭയ്ക്കിന്നാവശ്യം. അപരനുവേണ്ടി ഉരുകിത്തീര്‍ന്നതിന്‍റെ, മാപ്പ് അര്‍ഹിക്കുന്നില്ലെന്നു കരുതിയവര്‍ക്കുപോലും മാപ്പ് കൊടുത്തതിന്‍റെ, നിസ്സഹായതയില്‍ തളര്‍ന്നു നിന്നവര്‍ക്ക് കരുത്തായതിന്‍റെ, ജീവിതം കീഴ്മേല്‍ മറിയുമ്പോഴും കൈവിട്ടുപോയിയെന്നു കരുതുമ്പോഴും ക്രിസ്തുവിനെ നെഞ്ചോടു ചേര്‍ത്തുവച്ചതിന്‍റെ... നല്ല മാതൃകകള്‍. പാദങ്ങള്‍ കഴുകിയ ഗുരുവിന്‍റെ പാദത്തോളം താഴ്ന്നപ്പോഴാണ് ഇവരൊക്കെ മാതൃകയായത്.

ഗുരുവിനോടൊപ്പം, അപരന്‍റെ പാദത്തോളം തല താഴ്ത്താം; ഒപ്പം നമ്മിലെ അഹവും കഴുകി തുടച്ച് നിര്‍മ്മലമാക്കാം.

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍

0

0

Featured Posts

bottom of page