top of page

നമ്മുടെ പ്രകൃതവുംനമ്മുടെ മനോനിലയും

Jul 21

2 min read

ടോം മാത്യു

പ്രസാദത്തിലേക്ക് പതിനാലു പടവുകള്‍


Mind maping and Depression
Courtesy-Machinatorium

വിഷാദരോഗ(depression)-ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar disorder)-ത്തിനും മരുന്നില്ലാ ചികിത്സയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍നിന്ന് രൂപപ്പെടുത്തിയ പതിനാലുദിവസം കൊണ്ടു പൂര്‍ത്തിയാകുന്ന മനോനിലചിത്രണം(Mood Mapping).. പതിനൊന്നാം ദിവസത്തില്‍ മനോനില കൈവരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ശാന്തതയും കര്‍മ്മോത്സുകതയും കൈവരിക്കുന്നതിന് അഞ്ച് മാര്‍ഗ്ഗങ്ങള്‍ അഞ്ച് താക്കോലുകളായി നല്‍കുന്നു. ഇന്ന് നാം അഞ്ചാമത്തെ താക്കോലായ നമ്മുടെ പ്രകൃതത്തെക്കുറിച്ച് പഠിക്കുന്നു.

നാം ആരെന്ന് അറിയുകയും നമ്മുടെ യഥാര്‍ത്ഥ സ്വത്വത്തെ ആവിഷ്കരിക്കാന്‍ കഴിയുകയും ചെയ്യുക, മാനസികാരോഗ്യത്തിനും മനശ്ശാന്തിക്കും സ്വസ്ഥതയ്ക്കും അത്യന്തം അത്യന്താപേക്ഷിതമാണ്. ഒരു നിയന്ത്രണവുമില്ലാതെ എന്തും ചെയ്യാന്‍ കഴിയണം എന്നല്ല അതു തീര്‍ച്ചയായും അര്‍ത്ഥമാക്കുന്നത്. പക്ഷേ സ്വയം ആവിഷ്കരിക്കാന്‍ കഴിയാതെ, അവനവനെ വെളിപ്പെടുത്താന്‍ സാധിക്കാതെ ജീവിക്കുക എന്നത് തീര്‍ച്ചയായും അത്യന്തം സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുന്ന സാഹചര്യമാണെന്നതില്‍ തര്‍ക്കമില്ല. ഇക്കാര്യത്തില്‍ ചിലത് ചെയ്യേണ്ട സമയമായിരിക്കുന്നു. ഇതാ അതിന് ചില മാര്‍ഗ്ഗങ്ങള്‍.  


1. നമ്മുടേതായ കാഴ്ചപ്പാട് ഉറപ്പിക്കുക

എവിടെയാണ് നമ്മുടെ കഴിവ് എന്നറിയുന്നതിന്, എന്താണ് ചെയ്യേണ്ടത് എന്നറിയുന്നതിന് നമ്മുടേതായ കാഴ്ചപ്പാട് ആവശ്യമാണ്. നമ്മുടെ കര്‍ത്തവ്യങ്ങള്‍ തിരിച്ചറിഞ്ഞ്, നമ്മുടെ  കഴിവുകള്‍ തിരിച്ചറിഞ്ഞ്, പ്രതിസന്ധികള്‍ തരണം ചെയ്ത്, കഴിവിനും കര്‍ത്തവ്യങ്ങള്‍ക്കും ഒത്തവിധം ജീവിക്കുന്നതിന് വ്യക്തമായ കാഴ്ചപ്പാട് നമ്മെ സഹായിക്കും.  കാഴ്ചപ്പാട് വ്യക്തമല്ലെങ്കില്‍ വഴിയും അവ്യക്തമാകും. വ്യക്തമായ കാഴ്ചയില്‍ വ്യക്തമായ വഴിയിലൂടെയുള്ള യാത്ര സമ്മര്‍ദ്ദകരമാകില്ല എന്നു മാത്രമല്ല, ഉല്ലാസകരവുമാകും.


2. നമ്മുടെ മൂല്യങ്ങള്‍ക്കൊത്തു ജീവിക്കുക

നമ്മോട്, നമ്മുടെ മൂല്യങ്ങളോട് സത്യസന്ധരായിരിക്കാന്‍ ശ്രദ്ധിക്കുക. അതു നമ്മെ ശക്തരാക്കും. നമ്മുടെ ചുറ്റും സംഭവിക്കുന്നതൊന്നും അതിനാല്‍ നമ്മെ സ്പര്‍ശിക്കയില്ല.


3. ആഭിമുഖ്യം നിലനിര്‍ത്തുക

ഉത്കണ്ഠയ്ക്ക് കണ്‍കണ്ട മരുന്നാണ് ആഭിമുഖ്യം അഥവാ താല്‍പ്പര്യം(Passion). എന്തു ചെയ്യുന്നതും അത്യന്തം താല്‍പര്യത്തോടെ, അഭിനിവേശത്തോടെ ചെയ്യുക. എവിടെ ആയിരുന്നാലും ആ താല്‍പര്യം നിലനിര്‍ത്തുക. ആരോടൊപ്പമായിരുന്നാലും അവരോടൊക്കെ ആഭിമുഖ്യം പുലര്‍ത്തുക. സന്തോഷകരമായ ജീവിതത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണത്. താല്‍പര്യമുള്ള കാര്യം അത്യന്തം ഫലപ്രദമായി ചെയ്യുന്നതില്‍നിന്ന് ആര്‍ക്കും നിങ്ങളെ തടയാനാവില്ല.


4. വിശ്വാസം

ഉത്കണ്ഠയുടെ വേരറുക്കാന്‍ വിശ്വാസം പോലെ പോന്ന മറ്റൊന്നില്ല. ദൈവത്തിലാകട്ടെ, ആദിമമായ ഒരു കാരണത്തിലാകട്ടെ അതല്ലെങ്കില്‍ ബൃഹത്തായ ഒരു പ്രപഞ്ചപദ്ധതിയിലാകട്ടെ വിശ്വാസം അത് നമ്മുടെ ആധിയെ ശമിപ്പിക്കുന്നു. ജീവിതത്തിന്‍റെ ഉണ്മയില്‍, നന്മയില്‍. അഥവാ നമ്മുടെ ജീവിതം നല്ലതാണ് എന്നതിലുള്ള വിശ്വാസം നമുക്ക് പ്രതീക്ഷയും ഉറപ്പും ആത്മവിശ്വാസവും അതുവഴി ശാന്തിയും നല്‍കുന്നു. കൈവിട്ടുകളയാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ അതു നിങ്ങള്‍ക്ക് പ്രേരണ നല്‍കുന്നു. വിജയത്തെ അതു പരാജയത്തില്‍ നിന്ന് വേര്‍തിരിക്കുന്നു.


5. ധ്യാനം

ശാന്തരാകാന്‍ ധ്യാനം നമ്മെ സഹായിക്കുന്നു. ശ്രദ്ധയാണ് ധ്യാനം. കേന്ദ്രീകൃതമായ ശ്രദ്ധ. ശ്രദ്ധയ്ക്ക് മനസ്സ് ഏകാഗ്രമാകേണ്ടതുണ്ട്. മനസ്സിന്‍റെ ശ്രദ്ധ എന്തിലെങ്കിലും ഒന്നില്‍ കേന്ദ്രീകരിക്കുക. ശ്വാസോച്ഛ്വാസത്തില്‍, സുന്ദരമായ ഒരു വസ്തുവില്‍, ഒരു മന്ത്രത്തില്‍, അതുമല്ലെങ്കില്‍ ഈ നിമിഷത്തില്‍. ശ്രദ്ധ കേന്ദ്രീകരിക്കുക. ഉല്‍ക്കണ്ഠാകുലമായ ചിന്തകള്‍ക്ക് പിന്നാലെ പായുന്നതില്‍നിന്ന് മനസ്സിനെ പിന്തിരിപ്പിക്കാനുള്ള തന്ത്രമാണ് ധ്യാനം. അത് ശാന്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വ്യായാമം പോലെ തന്നെ ധ്യാനവും പതിവായി ചെയ്യേണ്ടുന്ന ഒന്നത്രേ. അതു പൂര്‍ണഫലം തരും. ധ്യാനം പല തരത്തിലുണ്ട്. ചിലത് മറ്റുള്ളവയേക്കാള്‍ ഊര്‍ജസ്വലമായിരിക്കും. എല്ലാം തീര്‍ച്ചയായും മനസ്സിന് അയവും ശാന്തിയും നല്‍കും.


** ഏത് ധ്യാനം

ഏതെങ്കിലുമൊരു മന്ത്രം ഉരുവിടുന്നതാണ് അതീന്ദ്രിയധ്യാനത്തിന്‍റെ രീതി. 'കുരിന്‍' (kurin)എന്ന വാക്കാണ് ഞാന്‍ (ഡോ. ലിസ് മില്ലര്‍) ഉപയോഗിക്കുക. അര്‍ത്ഥമൊന്നുമില്ല ആ വാക്കിന്. ധ്യാനം പരിശീലിപ്പിക്കുന്ന ആള്‍ എനിക്കായി തിരഞ്ഞെടുത്തതാണ് അത്. അര്‍ത്ഥമില്ലാത്തതാണ് പക്ഷേ, അതിന്‍റെ മേന്മ. വാക്കിന്‍റെ അര്‍ത്ഥത്തിലേക്കും അതുവഴി പല വഴികളിലേക്കും നമ്മുടെ മനസ്സ് പോകുന്നതിനെ ഈ അര്‍ത്ഥമില്ലായ്മ തടയും. അത് നിങ്ങളുടെ മനസ്സിനെ വ്യക്തതയുള്ളതാക്കും. മന്ത്രം ഉരുവിടുമ്പോള്‍, നമ്മുടെ ചിന്തകളില്‍ അകപ്പെട്ടുപോകാതെ, അതിനെ നിരീക്ഷിക്കാന്‍ നമുക്കു കഴിയും. ചിന്തയെ ചിന്തയായി തന്നെ നമുക്ക് കാണാന്‍ കഴിയും. ചിന്തകള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രേരണകളെ നമുക്ക് ഒഴിവാക്കാന്‍ കഴിയും. അതുവഴി ചിന്തകളെ തന്നെ ഒഴിവാക്കാന്‍ കഴിയും.


*** പൂര്‍ണശ്രദ്ധ (Mindful)

കണ്ണ് കാണുന്നേടത്തെല്ലാം അലയുന്ന ശ്രദ്ധയെ നാം തിരഞ്ഞെടുക്കുന്ന ഏതെങ്കിലും ഒരിടത്തേക്ക് നയിക്കുന്നു പൂര്‍ണശ്രദ്ധാ ധ്യാനം അഥവാ Mindful Meditation. ഈ നിമിഷത്തെക്കുറിച്ച് അതുവഴി നാം ബോധമുള്ളവരായി മാറുന്നു. ഈ നിമിഷത്തെ നാം അനുഭവിക്കുന്നു. ഈ നിമിഷം കേള്‍ക്കുന്നത് നമ്മുടെ കാതു സ്വീകരിച്ച് നമ്മുടെ ബോധത്തിലെത്തിക്കുന്നു. നാം കാണുന്നത് കണ്ണുകള്‍ വഴി ബോധത്തിലെത്തുന്നു. നാം സ്പര്‍ശിക്കുന്നത്, നാം രുചിക്കുന്നത്, നാം ശ്വസിക്കുന്നത് ഒക്കെ ബോധ്യത്തോടെ, ബോധത്തോടെ ആകുന്നു.

തീര്‍ച്ചയായും ഉത്കണ്ഠാകുലമാകുമ്പോള്‍ ധ്യാനത്തിനായി സന്നദ്ധമാകുക എന്നത് ഏറെ ബുദ്ധിമുട്ടാണ്. ഏങ്കിലും ഒരു ദിവസം മൂന്നോ നാലോ മിനിട്ടെങ്കിലും അതിനു ശ്രമിച്ചാല്‍ അതിനായി നമ്മുടെ മനസ്സ് സന്നദ്ധമാകും, സജ്ജമാകും. ക്രമേണ കൂടുതല്‍ സമയം നാം അതിനായി നീക്കിവയ്ക്കും. അതു നമുക്ക് ശാശ്വതമായ ശാന്തി പ്രദാനം ചെയ്യും. (തുടരും)   



Featured Posts

bottom of page