top of page

മധുരം കിനിയാത്ത തേന്‍കൂടുകള്‍

Oct 8, 2023

3 min read

അജ
movie poster

ഓരോ മനുഷ്യന്‍റെയും ദൈനംദിന ജീവിതത്തില്‍ ഊര്‍ജ്ജം നല്‍കുന്നത് അവന്‍/അവള്‍ കഴിക്കുന്ന ഭക്ഷണ ത്തിന്‍റെ പോഷകമൂല്യത്തിനനുസരിച്ചാണ്. സമ്പത്തും ദാരിദ്ര്യവും ഒട്ടൊക്കെ വിശകലനം ചെയ്യുന്നതും ഇതേ പോഷണമൂല്യത്തിന്‍റെ അളവുകോലുകള്‍ അടിസ്ഥാനമാക്കിയാണ്. പാലും മുട്ടയും തേനുമില്ലാത്ത പോഷകാഹാരക്രമത്തെക്കുറിച്ച് ലോകത്തൊരു വിദഗ്ദനും സംസാരിക്കാനും സാധിക്കുകയില്ല. ബാല്യങ്ങളിലെ സിനിമകളും അങ്ങനെ തന്നെയാണ്. എന്താണോ കാണുന്നത് അതാണ് ഒരുവന്‍റെ ചലച്ചിത്രാഭിനിവേശം ഭാവിയിലേക്ക് കരുതിവെക്കുന്നത്. സിനിമയെ കാണുന്ന ബാല്യമാണ് അവന്‍റെ മുമ്പോട്ടുള്ള യാത്രകള്‍ക്ക് പ്രചോദനമാകുന്നതെന്നു നിസംശയം പറയാന്‍ കഴിയും വിധം അത്രക്ക് ഇഴയടുപ്പമാണ് കാഴ്ചയും കാഴ്ചക്കാരനും തമ്മിലുള്ളത്. തുര്‍ക്കി സംവിധായകനായ സെമീഹ് കപ്ലനോഗ്ലുവിന്‍റെ സ്വന്തം ബാല്യകാല ജീവിത കഥാംശങ്ങളുള്‍പ്പെടുന്ന യൂസഫ് ട്രിലോജിയിലെ സിനിമകളായ എഗ്ഗ് (യുമുര്‍ത്ത), മില്‍ക്ക് (സുട്ട്), ഹണി (ബാല്‍) എന്നിവ ഇത് പൂര്‍ണ്ണമായും ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. 2007 മുതല്‍ 2010 വരെയുള്ള കാലയളവുകളില്‍ പുറത്തിറങ്ങിയ ഈ സിനിമകളില്‍ ഓരോന്നും, ചിത്രങ്ങള്‍ പുറത്തിറങ്ങിയ കാലഗണനക്കു നേര്‍വിപരീതമായി കേന്ദ്രകഥാപാത്രമായ യൂസഫിന്‍റെ ജീവിതത്തെ ഒരു ഫ്ളാഷ് ബാക്ക് രീതിയിലാണ് ചിത്രീകരിച്ചുകാണുന്നത്. എഗ്ഗില്‍ യുവാവായ യൂസഫില്‍ തുടങ്ങി ഹണിയില്‍ യൂസഫിന്‍റെ ബാല്യത്തില്‍ അവസാനിക്കുന്ന രീതിയില്‍ വിപരീത മുന്‍ഗണനാ ക്രമത്തിലാണവയെന്ന് കാണാം.


യൂസഫ് ത്രയ സിനിമകളിലെ എണ്ണം പറഞ്ഞ ചലച്ചിത്രമാണ് ഹണി. സെമീഹ് കപ്ലനോഗ്ലുവിന്‍റെ ഒട്ടെല്ലാ സിനിമകളും നിരവധി ചലച്ചിത്ര പരീക്ഷണങ്ങളും രീതികളും നിറഞ്ഞതാണ്. ഹണിയില്‍ ആകെ 5 അഭിനേതാക്കളേയുള്ളൂ. സംഭാഷണങ്ങളും സംഗീതവും ശുഷ്കമാണ്. പശ്ചാത്തലത്തില്‍ നിറയുന്നതോ സിനിമയുടെ കഥക്ക് കാരണമായ കാടിന്‍റെ സംഗീതവും. ലോകസിനിമാ ചരിത്രത്തില്‍ പരീക്ഷണങ്ങള്‍ നടത്തിതന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടനവധി സംവിധായകരുണ്ട്. അതില്‍ത്തന്നെ റഷ്യന്‍ സംവിധായകനായ ആന്ദ്രേ തര്‍ക്കോവ്സ്കിയുടെ രീതികളോടാണ് സെമീഹ് കപ്ലനോഗ്ലുവിന്‍റെ ആഭിമുഖ്യമെന്ന് കാണാം. തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ ഗതിവേഗം കുറഞ്ഞ ചിത്രീകരണവും, നീളംകൂടിയ ദൃശ്യങ്ങളുടെ ആധിക്യവും കപ്ലനോഗ്ലുവിന്‍റെ സിനിമകളില്‍ കാണാം. അതീവദൃശ്യഭംഗിയും പ്രകൃതിയുടെയും ഓര്‍മ്മകളുടെയും മനോഹരമായ ചിത്രീകരണവും അദ്ദേഹത്തിന്‍റെ സിനിമകളുടെ പ്രത്യേകതകളാണ്. ആത്മീയതയും അതിന്ദ്രീയതയുടെ അന്വേഷണവും ഇഴചേര്‍ന്നു നില്‍ക്കുമ്പോഴും സ്വപ്നസമാനമായ ദൃശ്യചിത്രീകരണവും കപ്ലനോ ഗ്ലുവിന്‍റെ സിനിമകളില്‍ കാണാന്‍ സാധിക്കും. ഹണി എന്ന സിനിമയിലും ഇത്തരം നിരവധി ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച അര്‍ദ്ധവൃത്താകൃതിയിലുള്ള പാലത്തിന്‍റെ വിദൂര ദൃശ്യവും ക്യാമറക്ക് തൊട്ടരികിലൂടെ ചിറകടിച്ച് പറന്നുപോകുന്ന പക്ഷിയുടെ ദൃശ്യവും ചിത്രത്തിന്‍റെ മനോഹാരിതക്ക് ഉദാഹരണം മാത്രമാണ്.


സെമീഹ് കപ്ലനോഗ്ലൂവിന്‍റെ സിനിമകള്‍ കേരളത്തിലെ സിനിമാപ്രേക്ഷകര്‍ക്ക് ഒട്ടും അപരിചിതമല്ലായെന്ന് കാണാം. 2006-ല്‍ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സുവര്‍ണ്ണ മയൂരം നേടിയത് കപ്ലനോഗ്ലുവിന്‍റെ സിനിമയായ എയ്ഞ്ചല്‍സ് ഫാള്‍ ആയിരുന്നു. ഹണി എന്ന സിനിമയും നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ചിത്രം 2010-ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം നേടുകയും ചെയ്തു. അക്കൊല്ലത്തെ തുര്‍ക്കിയുടെ ഓസ്കാര്‍ പുരസ്കാരത്തിനുള്ള നാമനിര്‍ ദ്ദേശം കൂടിയായിരുന്നുഈ ചിത്രം. റിവര്‍ റണ്‍ അന്ത്രാഷ്ട്ര ചലച്ചിത്രോല്‍സവം, ഇസ്താംബുള്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം, സിനിഫൈല്‍ ചലച്ചിത്രമേള, അദാന ചലച്ചിത്രോല്‍സവം, വുക്കോവര്‍ ചലച്ചിത്രമേള എന്നിവയിലും ചിത്രം അംഗീകരിക്കപ്പെട്ടു.


തുര്‍ക്കിയുടെ വനാന്തരങ്ങള്‍ക്കുള്ളിലെ കിളര മേറിയ മരങ്ങള്‍ക്കു മുകളില്‍ കൂടുകൂട്ടിയ തേനീച്ചകളുടെ കൂട്ടില്‍ നിന്നും വലിയ വടം കെട്ടിക്കേറി തേന്‍ കരഗതമാക്കി വില്‍പ്പന നടത്തുന്ന ആളായിരുന്നു യൂസുഫിന്‍റെ പിതാവായ യാക്കൂപ്. യാക്കൂപിനൊപ്പമുള്ള യൂസഫിന്‍റെ ഹ്രസ്വ ബാല്യദൃശ്യങ്ങളും, അമ്മയായ സെഹ്റയോടൊത്തുള്ള ദൃശ്യങ്ങളും യൂസഫിന്‍റെ ബാല്യകാലത്തിന്‍റെ നേര്‍ച്ചിത്രങ്ങളാണ് നമുക്ക് കാണിച്ചുതരുന്നത്. തേന്‍ ശേഖരിക്കാന്‍ പോയ യാക്കൂബിന്‍റെ അപ്രതീക്ഷിതമായ കാണാതാകല്‍ സാമ്പത്തികമായി നട്ടം തിരിഞ്ഞിരുന്ന ആ കുടംബത്തെ സമൂഹത്തിനു മുന്നില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിപ്പിച്ചു. പിതാവിന്‍റെ തിരോധാനത്തിനുശേഷം യൂസഫ് ശ്രദ്ധിക്കാന്‍ ആരുമില്ലാത്തവനായി മാറുകയായിരുന്നു. ഉറക്കെ പാഠഭാഗങ്ങള്‍ ക്ലാസില്‍ വായിക്കുന്ന കുട്ടിക്ക് സ്കൂളില്‍ നിന്നും ലഭിക്കുന്ന ചുവന്ന നിറമുള്ള അഭിമാനാര്‍ഹമായ ബാഡ്ജിനു വേണ്ടി യൂസഫും അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും സഭാകമ്പവും വിക്കും അവനെ ആ നേട്ടം ലഭിക്കുന്ന തില്‍ നിന്നും മാറ്റിനിര്‍ത്തുകയായിരുന്നു.


പിതാവ് ഒപ്പമില്ല എന്ന അതീവ നിരാശ യൂസഫിനെ കാട്ടിലേക്ക് എത്തിക്കുന്നു. പിതാവിനോടൊപ്പമായിരിക്കുന്നതിന് അവന്‍റെ മുമ്പിലുണ്ടായിരുന്ന ഏക മാര്‍ഗ്ഗം കാനനത്തിലേക്ക് പ്രവേശിക്കുക എന്നതായിരുന്നു. അവിടെ അവന്‍റെ പിതാവ് കേട്ട വനത്തിന്‍റെ മാസ്മരിക ശബ്ദവും, കാഴ്ചകളുമാണ്ടായിരുന്നു. പിതാവ് എന്നത് അവനെ സംബന്ധിച്ചിടത്തോളം അതിരൂഢവും ഗാഢവുമായ ഓര്‍മ്മകളും ഉറപ്പുമായിരുന്നു. എന്നാല്‍ പിന്നീട് അവന്‍ തന്‍റെ പിതാവിന്‍റെ നഷ്ടം എന്നെന്നേക്കുമാണെന്നും തന്‍റെ പിതാവ് കാണാതായതല്ല, മരണപ്പെട്ടതാകാം എന്നുംഉറപ്പിക്കുന്ന തരത്തില്‍ ഒരു സ്വപ്നം കാണുകയും പിതാവിന്‍റെ തിരിച്ചുവരവിലല്ല പ്രതീക്ഷയ ര്‍പ്പിച്ചു കാത്തിരിക്കേണ്ടത് എന്നതിനാല്‍ തന്‍റെ ഭാവി അത്രയും അമ്മയാണെന്ന് തിരുത്തിപ്പ റയാനും അതിനനുസരിച്ച് ജീവിതം ക്രമീകരിക്കു വാനും യൂസഫ് ശ്രമിക്കുന്നുണ്ട്. തേന്‍ നല്‍കുന്ന സമ്പന്നമായ കാലത്തില്‍ നിന്നും അമ്മയുടെ പ്രതീകമായ പാല്‍ ആണ് താന്‍ തിരഞ്ഞെടുക്കുന്നതെന്ന് ചിത്രത്തില്‍ യൂസഫ് പറയുന്നുമുണ്ട്.


a scene from the movie Bal

ചിത്രത്തിന്‍റെ മുന്‍ഗാമികളായ മറ്റ് രണ്ട് ചിത്രങ്ങളിലേക്കുമുള്ള കാല്‍വെപ്പാണ് ഹണി എന്ന ചിത്രത്തിലൂടെ സംവിധായകന്‍ പരാമര്‍ശിക്കുന്നത്. യൂസഫിന്‍റെ ബാല്യം, കൊമാരം, യൗവ്വനം എന്നിവയെല്ലാം ഈ മൂന്ന് ചിത്രങ്ങളില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. മൂന്ന് ചിത്രങ്ങളും ഒരുമിച്ചുകാണു ന്നത് കാഴ്ചക്കാരനില്‍ കൗതുകവും, ആസ്വാദനത്തിന്‍റെ ഉയര്‍ന്ന തലവും സൃഷ്ടിക്കുമെന്നുറപ്പാണ്. അതുപോലെതന്നെ അതിന്ദ്രീയമായ നിഗൂഡതയും ആത്മീയതയും പ്രകൃതിയോടുള്ള മനുഷ്യന്‍റെ അദമ്യമായ അഭിവാഞ്ചയും ചിത്രത്തിന്‍റെ പല അടരുകളിലുള്ള വായനയും പുനര്‍വായനയും സാദ്ധ്യമാക്കുകയും ചെയ്യുമെന്നത് ഉറപ്പാണ്. കാരണം ഹണി എന്ന ചലച്ചിത്രം കേവലം ഒരു ദൃശ്യകാഴ്ച മാത്രമല്ല, വളരെ ബുദ്ധിപരമായ ഒരു കാവ്യനിര്‍മ്മാണം കൂടിയാണ്.


ഹണി എന്ന ചലച്ചിത്രത്തിന്‍റെ സംഗീതകാരന്‍ പ്രകൃതിയാണെങ്കിലും കഥ നിര്‍മ്മിക്കുന്ന ദൃശ്യ പരിസരങ്ങളെ അതിമനോഹരമായി ഒപ്പിയെടുത്ത ഛായാഗ്രാഹകനെ അഭിനന്ദിക്കുക എന്നത് ദുഷ്കരമാണ്. ചലച്ചിത്രത്തിന്‍റെ ആത്മാവിനെ ഉള്ളംകൈയിലെടുത്തുകൊണ്ടാണ് ഛായാഗ്രാഹകനായ ബാറിസ് ഓസ്ബിസര്‍ തന്‍റെ ദൗത്യം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഹണി പേരു പോലെ മധുരമുള്ള ബാല്യത്തിന്‍റെ കഥയല്ല എന്നു തന്നെ പറയേണ്ടിവരും. അത് തീഷ്ണവും തിക്തവുമായ ജീവിതാനുഭവങ്ങളുടെ കൂടിച്ചേരലാണ്. മധുരമുള്ള ഓര്‍മ്മകളില്‍ അഭിരമിക്കലല്ല, ജീവിതം ഇത്തരം ഉറപ്പുള്ള അടിസ്ഥാനങ്ങളിലാണ് പണിയപ്പെടുന്നത് എന്ന് ഊട്ടിയുറപ്പിക്കുകയാണ് ചിത്രത്തിലൂടെ സംവിധായകന്‍ ചെയ്തിട്ടുള്ളത് എന്നത് പുതിയൊരു കണ്ടെത്തല്‍ കൂടിയാണെന്ന് കാണാം.

അജ

0

0

Featured Posts

bottom of page