top of page

സഞ്ചരിക്കുന്ന മരങ്ങള്‍

Jan 2, 2022

4 min read

ഫM
a mother giving comfort to her child

2020 ജൂണ്‍ 15-ന് ബിബിസി-യില്‍ വന്ന ഒരു ഫീച്ചര്‍ നമ്മുടെ ഹൃദയം നടുക്കുന്നതാണ് എന്നു പറയാതിരിക്കാന്‍ വയ്യ. നതാലിയ ഒജേവ്സ്ക എന്ന ജേര്‍ണലിസ്റ്റ് റുവാണ്ടന്‍ വംശഹത്യയില്‍ അവിടുത്തെ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് എഴുതിയ ഫീച്ചറാണ് അത്. വംശഹത്യ നടത്തിയതിനു ജയിലിലായ സ്ത്രീകളെ ഇന്‍റര്‍വ്യൂ ചെയ്താണ് ഇത് എഴുതിയിരിക്കുന്നത്.

ജയിലില്‍ കഴിയുന്ന ഫോര്‍ത്തുണേറ്റ് മുകാന്‍കുരാംഗ എന്ന സ്ത്രീയുമായി സംസാരിച്ചതും ഫീച്ചറിലുണ്ട്. ഈ സ്ത്രീ ജയിലിലാകാന്‍ കാരണം അവര്‍ 1994 -ലെ റുവാണ്ടന്‍ വംശഹത്യയില്‍ പങ്കെടുത്തു എന്നതാണ്. പങ്കെടുത്തു എന്നതല്ല, അവര്‍ മറ്റുള്ളവരെ കൊല്ലുകയും ചെയ്തു. 1994 ഏപ്രില്‍ 7 മുതല്‍ ജൂലൈ പകുതി വരെയായിരുന്നു റുവാണ്ടന്‍ വംശഹത്യ നടന്നത്. ഇതില്‍ റുവാണ്ടയിലെ ഭൂരിപക്ഷമായ ഹുടു വംശജര്‍ ന്യൂനപക്ഷമായ ടുട്സി വംശജരെ കൊന്നൊടുക്കി. ഏകദേശം അഞ്ചു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയില്‍ ആളുകളാണ് അന്നു കൊല്ലപ്പെട്ടത്.

താന്‍ എങ്ങനെയാണ് വംശഹത്യയില്‍ ഭാഗഭാക്കായതെന്ന് മുകാന്‍കുരാംഗ പറയുന്നു:''ഞാന്‍ വഴിയിലൂടെ നടന്നുവരികയായിരുന്നു. അപ്പോഴാണ് ടുട്സി വംശജരായ രണ്ടുപേരെ ഞങ്ങളുടെ ആളുകള്‍ കൂട്ടം കൂടി ആക്രമിക്കുന്നത് കണ്ടത്. ഞാനും അടുത്തേക്കു ചെന്നു.'' ഒന്നു നിര്‍ത്തിയിട്ട് അവര്‍ തുടര്‍ന്നു. ആ രണ്ടുപേരും ആക്രമണം സഹിക്കാന്‍ കഴിയാതെ തളര്‍ന്നു നിലത്തുവീണു. എവിടെ നിന്നോ ഒരു വടി എനിക്കും കിട്ടി. വടി ഉയര്‍ത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു, ''ടുട്സികള്‍ മരിക്കണം.'' എന്നിട്ട് വടികൊണ്ട് ഞാന്‍ ഒരാളെ അടിച്ചു. പിന്നെ അടുത്ത ആളെയും. അവര്‍ മരിച്ചു. ''അങ്ങനെ ഞാനും കൊലപാതകിയായി.''

അത്രയും കാലം ഒരുമിച്ചു കഴിഞ്ഞവരാണ് പെട്ടെന്ന് തങ്ങളുടെ ഹുടു വ്യക്തിത്വത്തിലേക്ക് പിന്‍വാങ്ങി ടുട്സികളെ കൊന്നൊടുക്കിയത്. ടുട്സികള്‍ കൊല്ലപ്പെടേണ്ടവരാണ്, അവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ല എന്ന തെറ്റായ ചിന്ത അവരുടെ മനസില്‍ അടിയുറച്ചിരുന്നു. അപരനെ മനുഷ്യനായി കാണാന്‍ അവര്‍ക്കു സാധിച്ചില്ല.

റുവാണ്ടയിലെ 96,000 സ്ത്രീകള്‍ക്കാണ്, വംശഹത്യ നടത്താന്‍ കൂട്ടുനിന്നു എന്നതിന്‍റെ പേരില്‍ പിന്നീട് ശിക്ഷ അനുഭവിക്കേണ്ടി വന്നത്. പുരുഷന്മാരുടെ എണ്ണം ഇതിലും എത്രയോ വലുതാണ്. വംശഹത്യയുടെ ഇരയായ സ്റ്റാനിസ്ലസ് കയിരേറ്റ എന്ന 53 വയസുകാരന്‍ വംശഹത്യയിലെ ഒരു സംഭവം വിവരിക്കുന്നത് ഇപ്രകാരമാണ്.

''ന്യമാസ്ഷെക്കേയിലെ കത്തോലിക്കാ പള്ളിയില്‍ ആയിരക്കണക്കിനു ടുട്സികള്‍ ഒന്നിച്ചു കൂടിയിരിക്കുകയായിരുന്നു. തങ്ങളുടെ ജീവന്‍ കാത്തുസൂക്ഷിക്കാനുള്ള ശ്രമമായിരുന്നു അത്.''

കയിരേറ്റ തന്‍റെ കൈത്തണ്ടയിലെ മുറിപ്പാടിലൂടെ വിരലോടിച്ചു തുടര്‍ന്നു.

''ഞാനും അക്കൂട്ടത്തില്‍ പള്ളിയിലുണ്ടായിരുന്നു. ഹുടു പുരുഷന്മാര്‍ ഞങ്ങള്‍ക്കു നേരെ കല്ലെറിയാന്‍ ആരംഭിച്ചു. അവരുടെ സ്ത്രീകളായിരുന്നു എറിയാനുള്ള കല്ലുകള്‍ ശേഖരിച്ചു നല്‍കിക്കൊണ്ടിരുന്നത്. പിന്നീട് അവര്‍ പള്ളി തകര്‍ത്ത് അകത്തു കയറി, ഞങ്ങളെ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം കൊന്നൊടുക്കി. ഞാന്‍ നിലത്തുവീണു. എന്‍റെ മുകളില്‍ ശവശരീരങ്ങള്‍ കുമിഞ്ഞുകൂടി. അങ്ങനെ ശവശരീരങ്ങള്‍ക്കിടയിലായതു കൊണ്ടു മാത്രം ഞാന്‍ രക്ഷപെട്ടു.''

അയാളുടെ കണ്ണുകളില്‍ അപ്പോഴും ഭീതി നിറയുകയാണ്.

എറിയാന്‍ വേണ്ടി കല്ലെടുത്തു കൊടുത്ത സ്ത്രീകളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന, പിന്നീട് അക്കാര്യത്തില്‍ ജയിലില്‍ അയയ്ക്കപ്പെട്ട മുകാമുഷിന്‍സിമാന എന്ന സ്ത്രീ ഇതേ സംഭവത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്:

''കുഞ്ഞിനെ തോളത്തു വച്ചുകൊണ്ടാണ് ഞാന്‍ എറിയാനുള്ള കല്ലുകള്‍ എടുക്കാന്‍ പോയത്. പള്ളിയില്‍ അഭയം പ്രാപിച്ചവരെ കൊല്ലുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.''

അങ്ങനെ ചെയ്തതില്‍ അവര്‍ക്ക് ഇപ്പോള്‍ പശ്ചാത്താപമുണ്ട്.

''എന്‍റെ കുഞ്ഞ് ജനിച്ചിട്ട് രണ്ടാഴ്ചയേ ആയിരുന്നുള്ളൂ. സത്യത്തില്‍ ഞങ്ങളൊക്കെ മറ്റാരാലോ ഇങ്ങനെയൊക്കെ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.'' അവര്‍ പറഞ്ഞവസാനിപ്പിച്ചു.

ഇങ്ങനെ എത്രയെത്ര സംഭവങ്ങളാണ് റുവാണ്ടന്‍ വംശഹത്യയില്‍ അരങ്ങേറിയത്. റുവാണ്ടയിലെ ടുട്സി വംശജരിലെ 70 ശതമാനം ആളുകള്‍ അന്ന് കൊല്ലപ്പെട്ടു എന്നു പറയുമ്പോള്‍ അതിന്‍റെ ഭീകരത നമുക്കു മനസിലാകും. ഇതിലേക്ക് അവരെ നയിച്ചതെന്താണ്? അപരന്‍ തന്നെപ്പോലെ ഒരു മനുഷ്യനാണ് എന്നു കാണാനും അംഗീകരിക്കാനും പറ്റാത്ത ഒരു മനസ്! ഇതായിരുന്നു അവിടുത്തെ അടിസ്ഥാന പ്രശ്നം. അപരന്‍ തന്നെപ്പോലെയുള്ള ഒരാള്‍ ആണെന്ന് അവര്‍ക്ക് അംഗീകരിക്കാനായില്ല.

സുവിശേഷത്തിലെ അന്ധന്‍ മനുഷ്യരെ മരങ്ങളെപ്പോലെ കാണുന്നത് നമ്മള്‍ വായിക്കുന്നുണ്ട്. മര്‍ക്കോസിന്‍റെ സുവിശേഷം എട്ടാം അദ്ധ്യായത്തിലാണ് ഈ സംഭവം. 22 മുതല്‍ 26 വരെയുള്ള വാക്യങ്ങളില്‍ അതിന്‍റെ കൃത്യമായ വിവരണവും നമ്മള്‍ കാണുന്നു. ''അവന്‍ അന്ധനെ കൈക്കു പിടിച്ച് ഗ്രാമത്തിന്‍റെ വെളിയിലേക്കു കൊണ്ടുപോയി. അവന്‍റെ മേല്‍ കൈകള്‍ വച്ചുകൊണ്ടു ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ? നോക്കിയിട്ട് അവന്‍ പറഞ്ഞു: ഞാന്‍ മനുഷ്യരെ കാണുന്നുണ്ട്. അവര്‍ മരങ്ങളെപ്പോലിരിക്കുന്നു. നടക്കുന്നതായും കാണുന്നു.''

അവന്‍ മനുഷ്യരെ നടക്കുന്ന മരങ്ങളെപ്പോലെ കാണുന്നു. അതാണ് പ്രശ്നം. മനുഷ്യരെ മനുഷ്യരായിട്ടാണ് കാണേണ്ടത്; മരങ്ങളായിട്ടല്ല. മരം എന്നത് ഒരു ഒബ്ജക്റ്റ് (Object) ഉപകരണം ആണ്. മനുഷ്യന്‍ 'സബ്ജക്റ്റ്' (Subject) കര്‍മ്മം ചെയ്യുന്ന ആള്‍ ആണ്. 'സബ്ജക്റ്റിന് ഉപയോഗിക്കാനുള്ള ഉപകരണമാണ് ഒബ്ജക്റ്റ്' എന്നുവേണമെങ്കില്‍ പറയാം. എല്ലാ മനുഷ്യരും 'സബ്ജക്റ്റ്' ആണ്. മനുഷ്യന്‍ ഓരോരോ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മേശകള്‍, കസേരകള്‍, വാഹനങ്ങള്‍, മരങ്ങള്‍, ഇലക്ട്രോണിക് ഗാഡ്ജറ്റ്സ് എല്ലാം 'ഒബ്ജക്റ്റുകളുടെ' ഗണത്തില്‍പ്പെടും. 'സബ്ജക്റ്റിന് ഉപയോഗിക്കാനുള്ളതാണ് ഒബ്ജക്റ്റ്' എന്ന് ഈയൊരു നിരീക്ഷണത്തില്‍ വരുന്നു.

ഇവിടെ അന്ധന്‍ മനുഷ്യരെ മരങ്ങളെപ്പോലെ കാണുന്നു എന്നു പറഞ്ഞാല്‍ അവന്‍ മറ്റു മനുഷ്യരെ തന്നെപ്പോലെയുള്ള ഒരു 'സബ്ജക്റ്റ്' ആയിട്ടല്ല കേവലമൊരു 'ഒബ്ജക്റ്റ്' ആയിട്ടാണ് കാണുന്നത് എന്നു സാരം. അത് അപകടമാണ്. മറ്റൊരാളെ തന്‍റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അയാള്‍ അപരനെ കേവലം ഉപകരണമാക്കി, 'ഒബ്ജക്റ്റ്' ആക്കി മാറ്റുകയാണ് ചെയ്യുന്നത്.

ഭൂമിയിലെ മനുഷ്യന്‍റെ ഏതാണ്ട് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഇതാണ്. മനുഷ്യന്‍ മനുഷ്യനെ തന്‍റെ ഇഷ്ടപൂര്‍ത്തീകരണത്തിനുള്ള ഉപകരണമായി കാണുന്നു. എല്ലാ യുദ്ധങ്ങളുടെയും കൊലപാതകങ്ങളുടെയും കുടുംബവഴക്കുകളുടെയും കാരണം ഇതാണ് - അപരനെ തന്‍റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കല്‍. അതിന് അപരന്‍ വഴങ്ങാതിരിക്കുമ്പോള്‍, അതിനെ അപരന്‍ എതിര്‍ക്കുമ്പോള്‍ അവിടെ കലഹങ്ങളുണ്ടാകുന്നു, ആക്രമണങ്ങളുണ്ടാകുന്നു, ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാകുന്നു, യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു, ദാരിദ്ര്യവും കെടുതികളും സംഭവിക്കുന്നു. ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്.

 

എല്ലാ വംശഹത്യകളും മനുഷ്യനെ 'ഒബ്ജക്റ്റ്' ആയി കണ്ടതിനാല്‍ സംഭവിച്ചതാണ് എന്നു വേണമെങ്കില്‍ പറയാം. മറ്റനേകം കാരണങ്ങള്‍ ഉണ്ടാവാം. എങ്കിലും ഏറ്റവും അങ്ങേ അറ്റത്തേക്കു ചെല്ലുമ്പോള്‍ 'അവന്‍ എന്നെപ്പോലെ ഉള്ളവനല്ല. അതിനാല്‍ അവന്‍ ജീവിച്ചിരിക്കാന്‍ പാടില്ല' എന്ന ചിന്തയിലാണ് എല്ലാ വംശഹത്യകളും സംഭവിച്ചത്. ചെങ്കിഷ്ഖാന്‍ (1162-1227) നാലു കോടി മനുഷ്യരെ കൊന്നു. ആ കാലത്തെ ലോകത്തിലെ ജനങ്ങളുടെ 11 ശതമാനത്തോളം. ടാമെര്‍ലിന്‍ (1336-1405) 1.7 കോടി ജനങ്ങളെയാണ് ഇല്ലാതാക്കിയത്. അന്നത്തെ ലോകജനസംഖ്യയുടെ അഞ്ചു ശതമാനത്തെ. ഹിറ്റ്ലറുടെയും സ്റ്റാലിന്‍റെയും നരഹത്യയുടെ കണക്കു നമുക്ക് അറിയാവുന്നതാണ്. ഹിറ്റ്ലറുടെ നേതൃത്വത്തില്‍ നടന്ന വംശഹത്യ (1941-1945), സോവിയറ്റ് യൂണിയനില്‍ നടന്ന വംശഹത്യ (1932-1933), കമ്പോഡിയന്‍ വംശഹത്യ (1975-1979), ഓട്ടോമന്‍ തുര്‍ക്കികള്‍ നടത്തിയ അര്‍മേനിയന്‍, അസ്സീറിയന്‍, ഗ്രീക്ക് വംശഹത്യകള്‍ (1915-1922) എല്ലാം അപരന്‍ തന്നെപ്പോലെയുള്ള ഒരാളാണെന്ന് അംഗീകരിക്കാന്‍ പറ്റാത്തതിനാല്‍ സംഭവിച്ചതാണ്.

 

ഇതില്‍ ഏറ്റവും തമസ്ക്കരിക്കപ്പെട്ടത്, ഓട്ടോമന്‍ തുര്‍ക്കികള്‍ നടത്തിയ അര്‍മേനിയന്‍, അസ്സീറിയന്‍, ഗ്രീക്ക് വംശഹത്യകളാണ്. ഈ വംശഹത്യകളില്‍ നിന്നും രക്ഷപെട്ടവര്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകളും വിവരണങ്ങളും നമ്മെ കണ്ണീരണിയിക്കും. എത്ര ക്രൂരമായിട്ടാണ് മനുഷ്യന്‍ മനുഷ്യനോടു പെരുമാറിയിരുന്നത്.

15 ലക്ഷം ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ അര്‍മേനിയന്‍ വംശഹത്യയുടെ  കഥ പറയുന്ന സിനിമയാണ് ദ ലാര്‍ക്ക് ഫാം. 2007 -ലെ സിനിമയാണ്. ചങ്കു തകര്‍ക്കും ആ സിനിമ. അര്‍മേനിയന്‍ കൂട്ടക്കുരുതിയാണ് അതിന്‍റെ ഇതിവൃത്തം. തുര്‍ക്കിയിലെ മുസ്ലീം ഓട്ടോമന്‍ സാമ്രാജ്യം ക്രിസ്ത്യാനികളായ അര്‍മേനിയന്‍ ജനതയെ ഇല്ലായ്മ ചെയ്യുകയാണ്. സിനിമയിലെ മൂന്നു ഭാഗങ്ങള്‍ പറയാം.


ഒന്ന്, അവാക്കിയന്‍ കുടുംബത്തിലെ എല്ലാ പുരുഷന്മാരെയും ആണ്‍കുട്ടികളെയും കൊന്നൊടുക്കി അവരുടെ വീടുനു മുമ്പില്‍ നിരത്തിയിട്ടിരിക്കുകയാണ്. ഭീകരമായ ദൃശ്യം. അപ്പോഴാണ് ആ മേഖലയിലെ പോലീസ് തലവന്‍ അവിടെ എത്തുന്നത്. അദ്ദേഹത്തിന്‍റെ സുഹൃത്താണ് കൊല്ലപ്പെട്ട കുടുംബത്തലവന്‍. അയാളുടെ അനുമതി ഇല്ലാതെയാണു പ്രത്യേക സൈന്യം ഈ കൃത്യം ചെയ്തത്. കൂടിക്കിടക്കുന്ന മൃതദേഹങ്ങള്‍ക്കിടയിലൂടെ നടന്ന് അയാള്‍ സുഹൃത്തിന്‍റെ അടുത്തെത്തി. നോക്കിയപ്പോള്‍ അയാള്‍ മരിച്ചിട്ടില്ല; മരിക്കാറായി കിടക്കുകയാണ്. പെട്ടെന്ന് പോലീസ് മേധാവി തോക്കെടുത്ത് തന്‍റെ സുഹൃത്തിന്‍റെ നെറുകയിലേക്കു ചേര്‍ത്തു കാഞ്ചി വലിക്കുന്നു. അതു ചെയ്യുമ്പോള്‍ അയാളുടെ കണ്ണു നിറയുന്നുണ്ട്. വേദനയില്‍ നിന്നും അപമാനത്തില്‍ നിന്നും രക്ഷപെടുത്താനാണ് അതു ചെയ്യുന്നത് എങ്കിലും.


രണ്ട്, സിറിയന്‍ മരുഭൂമിയിലൂടെ സ്ത്രീകളെയും കുട്ടികളെയും കൊണ്ടുപോവുകയാണ്. സ്ത്രീകളിലൊരാള്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നു. കുട്ടിയെ കൊല്ലാന്‍ തുടങ്ങുകയാണ് പട്ടാളക്കാരന്‍. നമ്മള്‍ അയല്‍ക്കാരായിരുന്നുവെന്നും ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും ആ അമ്മ പട്ടാളക്കാരനോട് കെഞ്ചിപ്പറയുമ്പോള്‍, എങ്കില്‍ നീ തന്നെ അതിനെ കൊല്ല് എന്ന് അയാള്‍ ഉത്തരവിടുന്നു. പിന്നീട് അമ്മ സ്വന്തം കുഞ്ഞിനെ വധിക്കുന്ന ദൃശ്യമാണ്. ഭയാനകമായ ഒന്ന്.


മൂന്ന്, തുര്‍ക്കികള്‍ അര്‍മേനിയന്‍ പുരുഷന്മാരെ കൊന്നൊടുക്കിയിട്ടു സ്ത്രീകളെയും കുട്ടികളെയും സിറിയന്‍ മരുഭൂമിയിലേക്കു കൊണ്ടുപോവുകയാണ്. പൊള്ളുന്ന വെയിലിലൂടെ അവര്‍ മരണത്തിലേക്കു നടന്നടുക്കുന്നു. പോകുന്ന വഴി ഈ സ്ത്രീകളെ അവര്‍ ശാരീരികമായും ലൈംഗികമായും ഉപയോഗിക്കുന്നു. മരുഭൂമിയുടെ നടുവിലെത്തുമ്പോള്‍ അവരെ അവിടെ ഉപേക്ഷിച്ച് തുര്‍ക്കി പട്ടാളക്കാര്‍ തിരികെ പോരും. മരുഭൂമിയിലെ കൊടുംചൂടില്‍ അന്ന് ലക്ഷക്കണക്കിന് അര്‍മേനിയന്‍ സ്ത്രീകളും കുട്ടികളുമാണു കൊല്ലപ്പെട്ടത്. സിനിമയില്‍ നായികയായ നുനിക് കൂടെയുള്ള പട്ടാളക്കാരനിലൊരുവനുമായി പ്രണയത്തിലാകുന്നു. ഒടുവില്‍ നുനിക്കിനെയും കുടുംബത്തെയും അവരുടെ മുന്‍പരിചാരകനായ നാസിം കൈക്കൂലി കൊടുത്ത് മരുഭൂമിയില്‍ നിന്ന് രക്ഷപെടുത്താന്‍ ശ്രമിക്കുന്നു. രക്ഷപെടുന്ന രാത്രിയില്‍ നുനിക്കിനെ പട്ടാളക്കാര്‍ കണ്ടുപിടിക്കുകയാണ്. ശിക്ഷ, നഗ്നയാക്കി പൊതുസ്ഥലത്തു വച്ച് കഴുത്ത് വെട്ടുക! അത് നടത്തേണ്ടി വരുന്നത് നുനിക്കിനെ സ്നേഹിക്കുന്ന പട്ടാളക്കാരനും. ഒടുവില്‍ അവന്‍റെ വാള്‍ അവളുടെ കഴുത്ത് ഭേദിക്കുന്നു. നിസ്സഹായതയും ക്രൂരതയും ഒരുമിച്ച് നമ്മള്‍ കാണുന്നു.

ഈ സിനിമയില്‍ കാണിച്ചിരിക്കുന്നതിനേക്കാളും ഭീകരസംഭവങ്ങളാണ് അന്ന് അരങ്ങേറിയതെന്ന് അവശേഷിച്ച അര്‍മേനിയക്കാര്‍ വിവിധ രീതികളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. തുര്‍ക്കികള്‍ക്ക് അര്‍മേനിയക്കാരെ തങ്ങളെപ്പോലുള്ള മനുഷ്യരായിക്കാണാന്‍ കഴിഞ്ഞില്ല എന്ന സത്യമാണ് ഇതെല്ലാം വെളിവാക്കുന്നത്.

സഞ്ചരിക്കുന്ന മരങ്ങളായി മനുഷ്യരെ കാണുമ്പോള്‍ സംഭവിക്കുന്ന അത്യാഹിതങ്ങളാണ് ഇതൊക്കെ. വലിയ രീതിയിലുള്ള ഒബ്ജക്റ്റിഫിക്കേഷന് (മനുഷ്യരെ ഉപകരണങ്ങളായി കാണുന്ന രീതി) ആണ് നമ്മള്‍ കണ്ടത്. ഇതിന്‍റെ ചെറിയ രൂപങ്ങള്‍ ഓരോ ദിവസവും നമുക്കിടയില്‍ അരങ്ങേറുന്നുണ്ട്. എനിക്ക് നിന്നെക്കൊണ്ട് ഒരാവശ്യമുണ്ട്چ എന്നു പറയുമ്പോള്‍, 'നിന്നെ എന്തിനു കൊള്ളാം' എന്നു പുച്ഛിക്കുമ്പോള്‍, 'ഒരു ഉപകാരവും ഇല്ലാത്തവന്‍/ ഇല്ലാത്തവള്' എന്ന് അപമാനിക്കുമ്പോള്‍ ഈ  ഒബ്ജക്റ്റിഫിക്കേഷന് ആണ് സംഭവിക്കുന്നത്.


രണ്ടു കാര്യങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.

ഒന്ന് മറ്റുള്ളവരെ 'ഒബ്ജക്റ്റ്' - ഉപകരണം ആയി കാണാതിരിക്കുക, നമ്മുടെ ആഗ്രഹങ്ങളുടെ, ആവശ്യങ്ങളുടെ, ആനന്ദത്തിന്‍റെ പൂര്‍ത്തീകരണത്തിനായി മറ്റുള്ളവരെ ഉപയോഗിക്കാതിരിക്കുക.

രണ്ട്, നമ്മള്‍ മറ്റാരുടെയും 'ഒബ്ജക്റ്റ്' ആയി മാറാതിരിക്കുക. മറ്റുള്ളവരുടെ ആഗ്രഹങ്ങളുടെ, ആവശ്യങ്ങളുടെ, ആനന്ദത്തിന്‍റെ പൂര്‍ത്തീകരണത്തിനുള്ള കേവലം ഉപകരണങ്ങളായി നമ്മള്‍ മാറാതിരിക്കുക, അധഃപതിക്കാതിരിക്കുക. കാരണം, ഉപകരണങ്ങള്‍ നശിപ്പിക്കപ്പെടാന്‍ വളരെ എളുപ്പമാണ്. നമ്മള്‍ ആരുടെയും ഉപകരണങ്ങളായി മാറാതിരിക്കുക.


ഫM

0

0

Featured Posts

bottom of page