top of page

സ്വത്വത്തിന്‍റെ ബഹുസ്വരത

Feb 1, 2011

3 min read

ഡോ. റോയി തോമസ്
Image : Fingerprint
Image : Fingerprint

സ്വത്വം (self identity) ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു. മനുഷ്യസ്വത്വത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് അനേകം പ്രശ്നങ്ങള്‍ ഉയര്‍ന്നു വരിക. മതവും ജാതിയും രാഷ്ട്രീയവും ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും അവിശ്വാസവുമെല്ലാം സ്വത്വത്തിന്‍റെ ഭിന്നതലങ്ങളാണ്. ഒരു ജാതിയില്‍, മതത്തില്‍, വിശ്വാസത്തില്‍ കുടുക്കിയിട്ടുകൊണ്ട് സ്വത്വനിര്‍വചനം നടത്തുന്നവര്‍ പലപ്പോഴും ഹിംസാത്മകത പ്രകടമാക്കുന്നു. "identity and violence' എന്ന തന്‍റെ ഗ്രന്ഥത്തില്‍ അമര്‍ത്യസെന്‍ സ്വത്വത്തിന്‍റെ ഹിംസാത്മകമാനങ്ങള്‍ ആഴത്തില്‍ അപഗ്രഥിക്കുന്നുണ്ട്. സ്വത്വത്തെ പരമാവധി ചുരുക്കുന്ന പ്രവണതയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മനുഷ്യസ്വത്വം കെട്ടിക്കിടക്കുന്ന തടാകമോ, വെള്ളം കേറാത്ത അറകളോ ആയി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ചരിത്രത്തിനും സംസ്കാരത്തിനും വെളിയില്‍ സ്വത്വത്തിന്‍റെ തനിമയെക്കുറിച്ചുള്ള ആപല്‍ക്കരമായ ചിന്തകളില്‍ മുഴുകുന്നു. ഭൂരിപക്ഷം, ന്യൂനപക്ഷം, പിന്നാക്കം, മുന്നാക്കം എന്നിങ്ങനെ സ്വത്വതലങ്ങള്‍ വ്യത്യസ്തമാകുന്നു. പരസ്പരം കലഹിക്കുന്ന സ്വത്വങ്ങള്‍ ബഹുസ്വരതയെ ചെറുക്കുകയും അപ്രസക്തമാക്കുകയും ചെയ്യുന്നു. "പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതുപോലെ സ്വത്വം ഒരു പാത്രധര്‍മ്മമോ, പാത്രധര്‍മ്മ ശ്രേണിയോ അല്ല. പുറത്തെ കാലാവസ്ഥയ്ക്കനുസരിച്ച് ധരിക്കാവുന്നതോ ഊരിമാറ്റാവുന്നതോ ആയ ഒരു കുപ്പായമല്ല അത്. 'ദ്രവ'രൂപമല്ല. മറിച്ച് ജീവിതചക്രത്തിനിടയില്‍ ഒരു മനുഷ്യന്‍ എവിടെയായിരുന്നാലും ഒരു തുടര്‍ച്ചയും ഏകതാനതയും അടയാളപ്പെടുത്തുന്ന ഒന്നാണത്. ഒരു മനുഷ്യന്‍റെ സ്വത്വമാണ് അവന് തന്നെത്തന്നെ അംഗീകരിക്കാനും തന്‍റെ ലോകത്തിന്‍റെ ഘടന നിര്‍ണ്ണയിക്കുന്ന ജനങ്ങളാല്‍ അംഗീകരിക്കപ്പെടാനും ഇടയാക്കുന്നത്. അവന്‍ വളര്‍ന്ന സംസ്കാരം ഇതില്‍ ഒരു നിര്‍ണ്ണായകഭാഗം വഹിക്കുന്നു. ഈ സ്വത്വം അവന്‍ തെരഞ്ഞെടുത്ത ഒന്നല്ല, മറിച്ച് അവനെ പിടിച്ചെടുത്ത ഒന്നാണ്. അതിന് അവനെ മുറിവേല്‍പ്പിക്കാനും അവന്‍റെ ശാപമോ വിലാപമോ ഏറ്റുവാങ്ങാനും കഴിയും, പക്ഷേ, അതിനെ മറ്റുള്ളവരില്‍നിന്നോ, തന്നില്‍നിന്നു തന്നെയോ എപ്പോഴും ഒളിച്ചുവയ്ക്കാനാവുമെങ്കിലും തിരസ്കരിക്കാനാവില്ല" എന്ന് സുധീര്‍കക്കര്‍ പറയുന്നത് ശ്രദ്ധേയമാണ്. (The Indians- Portrait of a People). മനുഷ്യത്വത്തിന്‍റെ അടരുകള്‍ എത്ര സങ്കീര്‍ണ്ണമാണെന്ന് ഇതില്‍നിന്ന് നമുക്കു മനസ്സിലാക്കാം.

മനുഷ്യസ്വത്വം സാദ്ധ്യമാകുന്ന പ്രശ്ന പരിസരങ്ങളെ സമഗ്രമായി വിലയിരുത്തിക്കൊണ്ടു മാത്രമേ സ്വത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രൂപീകരിക്കാനാവൂ. സ്വത്വസാക്ഷാല്‍ക്കാരത്തിനുള്ള ശ്രമങ്ങള്‍ ചരിത്രത്തില്‍ എല്ലാ ഘട്ടങ്ങളിലും കാണാം. വരേണ്യസ്വത്വവും അധഃകൃതന്‍റെ സ്വത്വവും പ്രശ്നവല്‍ക്കരിക്കപ്പെടുന്ന ചരിത്രസന്ധികള്‍ നിരവധിയാണ്. ഒരു ജനാധിപത്യ മതേതരത്വ രാഷ്ട്രത്തില്‍ സ്വത്വത്തിന്‍റെ സാദ്ധ്യതകളും പരിമിതികളും ഗണിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അനിവാര്യമായ തിന്മയായി പലപ്പോഴും മാറുന്നു. ദമിതസ്വത്വങ്ങള്‍ (Suppressed selves) ഉണര്‍ന്നുനിന്ന് ചില ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അതിന്‍റെ വിവക്ഷകള്‍ നിരവധിയാണ്. സങ്കുചിത താത്പര്യങ്ങള്‍ക്കുവേണ്ടി സ്വത്വചിന്തകളെ കൂട്ടുപിടിക്കുമ്പോള്‍ അനാവശ്യമായ വിവാദങ്ങളും കലഹങ്ങളും ഉടലെടുക്കുന്നുവെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാനാവില്ല. അതോടൊപ്പം തന്നെ പിരിമുറുകിയ സ്വത്വചിന്തകള്‍ അപായകരമായ തീവ്രവാദമായും മാറിയേക്കാം - "മനുഷ്യര്‍ ഒരിടത്തുനിന്നു വേറൊരിടത്തേക്ക്, അല്ലെങ്കില്‍ ഒരു അവസ്ഥയില്‍നിന്ന് വേറൊരവസ്ഥയിലേക്ക്, അധിവാസം മാറ്റുകയോ നീങ്ങുകയോ ചെയ്യുവാന്‍ പാടില്ലെന്ന വാദം, എല്ലാവരും അവരവരുടെ രാഷ്ട്രങ്ങളുടെ ഭാഷകളുടെയും സംസ്കാരങ്ങളുടെയും മതങ്ങളുടെയും വംശങ്ങളുടെയും (race) ഗോത്രങ്ങളുടെയും കൂടുകളില്‍ പരിപാവനമായി, വര്‍ഗശുദ്ധിയോടെ, ചലനമറ്റ് തളച്ചിട്ടിരുന്നുകൊള്ളണമെന്ന് - ഇതൊക്കെ മനുഷ്യന്‍റെ മാറാനരുതാത്ത ശാശ്വത സ്വത്വങ്ങളാണെന്ന്" കടുംപിടുത്തം ഉണ്ടാകുമ്പോള്‍ കാര്യങ്ങള്‍ മാറിമറിയും. ആനന്ദ് 'ജൈവ മനുഷ്യന്‍' എന്ന പഠനഗ്രന്ഥത്തിലെ 'സ്വത്വത്തിന്‍റെ മാനങ്ങള്‍' എന്ന അധ്യായത്തില്‍ ചര്‍ച്ചചെയ്യുന്ന ചില ആശയങ്ങള്‍ ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തി കൈവരിക്കുന്നു.

"ഇപ്പോള്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ഞാനെന്ന മനുഷ്യന്‍റെ ഏകാന്തസുന്ദരമായ സ്വത്വത്തിനു മുമ്പിലും പുറകിലും കിടക്കുന്നതും ഇതുപോലെ എല്ലാം അലിഞ്ഞുചേര്‍ന്നതും അവ്യക്തമായതുമായ ആ കടലുകള്‍ തന്നെയല്ലേ? ആ കടലുകള്‍ക്കിടയില്‍, ഇവിടെ, ഇപ്പോള്‍ മാത്രമല്ലേ എന്‍റെ സ്വത്വത്തിനും ഞാന്‍ ഘോഷിക്കുന്ന എന്‍റെ തനിമയ്ക്കും സംസ്കാരത്തിനും ഭാഷയ്ക്കും രാഷ്ട്രത്തിനു തന്നെയും അര്‍ത്ഥമുള്ളൂ" എന്ന ചോദ്യം ആനന്ദ് ചോദിക്കുന്നു. തന്നെ ഒരു സമുദ്രത്തിലെ തുള്ളിയായി മാത്രം കാണുമ്പോള്‍ സ്വത്വത്തിന്‍റെ മാനങ്ങള്‍ വര്‍ധിക്കുന്നു. ഒരു തുള്ളിയായി നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നാം എത്രമാത്രം ചുരുങ്ങിപ്പോകുന്നുവെന്നും ഓര്‍ക്കുക. ചുരുങ്ങലിന്‍റെ പ്രത്യയശാസ്ത്രമാണ് സ്വത്വചര്‍ച്ചകളില്‍ പലപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്നത്. സ്വത്വം എന്നത് മാറുന്നതും ആപേക്ഷികവുമാണ് എന്ന് ആനന്ദ് നിരീക്ഷിക്കുന്നത് യാഥാര്‍ത്ഥ്യമാണ്. മാറ്റമില്ലാത്ത സ്വത്വം ജഡമാണ്. "നമ്മുടേതെന്ന് ഇന്നു നാം സങ്കല്പിക്കുന്ന സ്വത്വങ്ങളൊന്നുംതന്നെ ചരിത്രത്തിന്‍റെ കാന്‍വാസില്‍ ഏറെ പിടിച്ചുനിന്നിട്ടുള്ളവയോ ദീര്‍ഘകാല പ്രസക്തിയുള്ളവയോ അല്ല. പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍, അതു പണ്ടത്തെക്കാളേറെ വേഗത്തില്‍, ശാശ്വതവല്‍ക്കരിക്കാന്‍ തക്കതായ ഒരു ദിവ്യത്വവും ഈ സങ്കല്പങ്ങള്‍ക്കില്ലെന്നര്‍ഥം. തന്നെയുമല്ല, ആ വഴി ശ്രമിക്കുന്നത് സമൂഹത്തിന്‍റെ സ്വാഭാവികമായ പരിണാമത്തെ തടസ്സപ്പെടുത്തുന്ന ഒരു പ്രക്രിയയായേക്കും താനും" എന്നു കുറിക്കുമ്പോള്‍ സ്വത്വങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള പലായനാത്മകമായ പ്രവണതയെയാണ് ആനന്ദ് വിമര്‍ശിക്കുന്നത്. വികസിക്കുന്നതിനു പകരം ചുരുങ്ങുന്നതിനാണ് സ്വത്വചിന്തകള്‍ നയിക്കുന്നതെങ്കില്‍ അതു പലായനാത്മകമാണെന്നു സാരം. ജാതിമതസ്വത്വചിന്തകള്‍ പലപ്പോഴും ഈ വഴിക്കാണു സഞ്ചരിക്കുന്നതെന്നു മനസ്സിലാക്കാം. മദ്ധ്യകാലഘട്ടത്തിലേക്കു സമൂഹത്തെ നയിക്കുന്ന സ്വത്വചിന്തകള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍, മുറിവുകള്‍ ഉണക്കാന്‍ കാലമേറെയെടുക്കും. മനുഷ്യസമൂഹം ഇന്നുവരെ നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ തിരിച്ചുവിടുന്ന സ്വത്വവിചാരങ്ങള്‍ 'സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തി'ലേക്ക് നയിച്ചേക്കാം. സാമുവല്‍ ഹണ്ടിങ്ടന്‍ പറയുന്ന സംസ്കാരസംഘടനം സ്വത്വ സംഘട്ടനമായും നിര്‍വചിക്കാമെന്ന് നാം തിരിച്ചറിയുന്നു. 'സംസ്കാരം എന്നത് ചരിത്രസാഹചര്യങ്ങളോടു പ്രതികരിച്ചുകൊണ്ട് നിത്യമായി വളര്‍ന്നുകൊണ്ടിരിക്കുന്ന മനുഷ്യചേതനയാണ്' എന്നറിയുമ്പോള്‍ നിശ്ചല സ്വത്വമെന്ന (stagnant self) സങ്കല്പം തകര്‍ന്നുവീഴും.

സ്വന്തം സ്വത്വത്തിന്‍റെ മാളങ്ങളിലേക്കോടിക്കയറി സുരക്ഷിതത്വം പ്രഖ്യാപിക്കുന്നവര്‍ നിരവധിയാണ്. 'വളരെ എളുപ്പം അത് ചില സ്വത്വങ്ങള്‍ നേടിയെടുക്കുന്നതിലും അവയില്‍ അഭയം തേടിയോ അവയെ സംരക്ഷിച്ചോ നിലനില്‍ക്കുന്നതിലും ഒതുങ്ങുന്ന പ്രയത്നങ്ങളായി മാറുമ്പോള്‍' ചിലപ്പോള്‍ വിശാലമായ ചക്രവാളങ്ങള്‍ നഷ്ടമായേക്കാം. ഇവിടെ മുന്തിനില്‍ക്കുന്നത് "ഒരു കൃത്രിമമായ സ്വത്വത്തിന്‍റെ കോട്ടകളുയര്‍ത്തി, വ്യാജമായ ഒരു സുരക്ഷാസങ്കല്പം സൃഷ്ടിക്കാനുള്ള യത്നമായിരുന്നു. ദേശീയത്വവും മതാഭിമാനവും ഭാഷാഭ്രാന്തും സാംസ്കാരികാനുഭാവവും എല്ലാം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയുക്തമാകുന്ന കോട്ടകളാണ്." മതവും ജാതിയുമാണ് ഹിംസാത്മകസ്വത്വത്തിന്‍റെ ആയുധങ്ങള്‍ കൂടുതലും മെനഞ്ഞുണ്ടാക്കുന്നതെന്ന് ചരിത്രം വിളിച്ചോതുന്നു. ഭയത്തിന്‍റെയും ആശങ്കയുടെയും സംശയത്തിന്‍റെയും വിത്തുകള്‍ വിതച്ചുകൊണ്ട് അസമാധാനം കൊയ്തെടുക്കാന്‍ ഇടുങ്ങിയ സ്വത്വചിന്തകള്‍ കാരണമാകുന്നു. "തങ്ങള്‍ക്ക് പിടിച്ചുനില്‍ക്കുവാന്‍, തങ്ങള്‍ ഇന്നതാണെന്നു വിളിച്ചുപറയുവാന്‍, ഒരു ലേബല്‍ തേടുക. ഒരിക്കല്‍ ആരംഭിച്ചുകഴിഞ്ഞാല്‍ ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കും." ഓരോ പ്രശ്നമുയര്‍ന്നു വരുമ്പോഴും സ്വത്വത്തിനായുള്ള അന്വേഷണം ഓരോ വ്യക്തിയേയും ബാധിക്കുന്നത് അതുകൊണ്ടാണ്. "താന്‍ ഒന്നുമല്ലെന്നു തോന്നിക്കുന്ന ഒരു ലോകത്തില്‍ താന്‍ എന്തെങ്കിലുമാണെന്നു പറയുവാനുള്ള ആഗ്രഹം അതുകൊണ്ട് അവനെ വിശാലമായ മനുഷ്യത്വത്തിലേക്കു വികസിക്കുന്നതിനുപകരം പിന്തിരിഞ്ഞ്, ചുരുങ്ങിയതും വ്യാജമായതുമായ സ്വത്വങ്ങളെ തേടുന്നതിലേക്കു തിരിക്കുന്നു. വിശാലമായ മാനവസംസ്കാരത്തിലേക്കു തന്‍റെ ശാഖകളെ വിടര്‍ത്തിക്കൊണ്ടുപോകാന്‍ സംസ്കാരത്തിന്‍റെ പോഷകദ്രവ്യങ്ങള്‍ പോരാതെവരുമ്പോള്‍, മനുഷ്യന്‍റെ പ്രയത്നം താഴെ താന്‍ നില്‍ക്കുന്ന മണ്ണിലെ വേരുകള്‍ പുറത്തുകൊണ്ടുവരുവാന്‍ തുനിയുന്നു." ഇത് നിരവധിയായ പ്രശ്നങ്ങളും സങ്കീര്‍ണതകളും സൃഷ്ടിച്ചുകൊണ്ട് പെരുകി നിറയുന്നു.

മനുഷ്യന്‍റെ സ്വത്വത്തിനു ലളിതമായ നിര്‍വചനങ്ങള്‍ കൊടുക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമാണ് വര്‍ഗീയ ലഹളകള്‍ എന്ന് ആനന്ദ് കരുതുന്നു. "സമയവും സാഹചര്യവും സന്ദര്‍ഭവുമനുസരിച്ച് ഓരോ വിധത്തിലാണ് മനുഷ്യന്‍ തന്‍റെ സ്വത്വത്തെ മനസ്സിലാക്കുന്നത്. ചിലപ്പോള്‍ അവന് മതവിശ്വാസങ്ങളിലൂടെയുള്ള ബന്ധം കൂടുതല്‍ ഗാഢവും പ്രസക്തവുമായി തോന്നുന്നു. ചിലപ്പോള്‍ ഭാഷയുടേത്, വേറെ ചിലപ്പോള്‍ വംശത്തിന്‍റെയും ഗോത്രത്തിന്‍റെയും. ചില പ്രത്യേക നൃത്തരൂപങ്ങളുടെയോ ഭാഷകളുടെയോ മതാനുഷ്ഠനങ്ങളുടെയോ പേരില്‍ തരംതിരിക്കാവുന്ന ബ്ലോക്കുകളല്ല മനുഷ്യരെന്ന് അര്‍ഥം." അതുകൊണ്ടുതന്നെ മനുഷ്യസ്വത്വത്തിന്‍റെ മാനങ്ങള്‍ Dimensions) നിരവധിയാണ്. ഗ്രീക്കു പുരാണത്തിലെ രാക്ഷസനായ പ്രോക്രറ്റസിന്‍റെ കട്ടില്‍പോലെ സ്വത്വത്തെ വെട്ടിച്ചുരുക്കുന്ന ഘടനകള്‍ നിരവധിയാണ്. ജൈവസ്വത്വത്തിന്‍റെ നിരവധിയായ മാനങ്ങളെ തിരിച്ചെടുത്തുകൊണ്ടു മാത്രമേ മനുഷ്യസമൂഹത്തിന് ഇനി മുന്നോട്ടു പോകാനാവൂ. പലായനസ്വഭാവമുള്ള സ്വത്വ നിര്‍മ്മിതികളിലേക്കു വീണുപോയാല്‍ ഭാവി ഇരുളടഞ്ഞതാവും. സ്വത്വചിന്തകളിലേക്കു കടക്കുമ്പോള്‍ ആനന്ദിന്‍റെ ഈ വാക്കുകള്‍ നമുക്കോര്‍ക്കാം. "നിരന്തരമായി സാഹചര്യങ്ങളോടു പ്രതികരിച്ചുകൊണ്ടിരിക്കുന്നതും വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതും അന്യമായവയുടെ കൂടെ സംയോഗം പ്രാപിച്ചുകൊണ്ടിരിക്കുന്നതും ഇതിലൂടെയെല്ലാം മാറുകയും വളരുകയും ചെയ്തുകൊണ്ടിരിക്കുന്നതുമായ ഒന്നാണ് സംസ്കാരം. ജീവിതം പോലെതന്നെ, അഥവാ ജീവിതം തന്നെയാണു സംസ്കാരം. ബോധപൂര്‍വമായ ജീവിതം. നിത്യമോ ശാശ്വതമോ ആയ ഒന്ന് അതിലുണ്ടെങ്കില്‍ അത് അതിന്‍റെ ഈ വളരുന്ന സ്വഭാവം മാത്രമാണ്. അതുകൊണ്ട് ഒരു സംസ്കാരത്തെ രക്ഷിക്കുക എന്നാല്‍ അതിനു വളരാനുള്ള സാഹചര്യങ്ങള്‍ ഉറപ്പുവരുത്തുകയാണ്, അതിനെ ഏതെങ്കിലും രൂപത്തിലോ അവസ്ഥയിലോ ഉറയ്ക്കുന്നതിനുവേണ്ടി ചുറ്റും കോട്ടകള്‍ കെട്ടിക്കൊടുക്കുകയല്ല. നാലതിരുകള്‍ക്കകത്ത് അതിനെ സംരക്ഷിക്കുവാന്‍ ശ്രമിച്ചപ്പോഴൊക്കെ അതു ജീര്‍ണിക്കുകയാണുണ്ടായത്. ജീര്‍ണിക്കുമ്പോള്‍, ആത്മാവ് നശിച്ച്, അത് ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേയ്ക്കും ഒതുങ്ങുന്നു."

Featured Posts

bottom of page