top of page

ഏകാന്തതയുടെ സംഗീതം

Feb 12

2 min read

ഡോ. റോയി തോമസ്


ലാറ്റിനമേരിക്കയുടെ ഏകാന്തതയെ ആവിഷ്കരിച്ചത് സാക്ഷാല്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് ആണ്. 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' മനുഷ്യന്‍റെ ഏകാന്തതയുടെ ഇതിഹാസമാണ്. തന്‍റെ കൃതികളില്‍ നിന്ന് ഏകാന്തത വലിച്ചൂരിയാല്‍ മറ്റൊന്നും അധികമില്ല എന്ന് ഈ ഇതിഹാസകാരന്‍ സൂചിപ്പിച്ചിട്ടുണ്ട്. എസ്. ഹരീഷിന്‍റെ 'പട്ടുനൂല്‍പ്പുഴു' എന്ന പുതിയ നോവല്‍ ഏകാന്തതയുടെ രാഗങ്ങള്‍ ഉയര്‍ത്തുന്നതാണ്. "പട്ടുനൂല്‍പ്പുഴുവിലാകട്ടെ ഏകാന്തത മാത്രമേയുള്ളൂ. ദുരിതങ്ങളുടെ കൊക്കൂണില്‍ ഒറ്റയ്ക്കാണ് ഇതിലെ കഥാപാത്രങ്ങള്‍" എന്ന് നോവലിസ്റ്റ് പ്രസ്താവിക്കുന്നു. ഈ വാക്കുകള്‍ നോവിലേക്കുള്ള താക്കോല്‍വാചകങ്ങളാണ്.


പട്ടുനൂല്‍പ്പുഴു ഒരേകാറ്റിലാണ്. കൊക്കൂണിനുള്ളില്‍ ഏകാന്തത അനുഭവിക്കുന്ന ജീവി. സ്വയം നെയ്തെടുത്തതാണ് കൊക്കൂണ്‍. ഓരോ മനുഷ്യനും ഏകാന്തതയുടെ ഒരു തലമുണ്ട്. ചിലപ്പോഴെങ്കിലും കൊക്കൂണിനുള്ളില്‍ ഏകാകിയാകാന്‍ ഏവരും കാംക്ഷിക്കുന്നുണ്ട്. ഏകാന്തതയെ ഭയക്കുന്നവര്‍ ആള്‍ക്കൂട്ടത്തില്‍, ബഹളങ്ങളില്‍ അനുഭവം കണ്ടെത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ആള്‍ക്കൂട്ടത്തിലും ചില സന്ദര്‍ഭങ്ങളില്‍ നാം ഏകാകികളാകുന്നു. ഏകാന്തതയുടെ കൊക്കൂണ്‍ ഏവരെയും വലയം ചെയ്തിട്ടുണ്ട്.


പട്ടുനൂല്‍പ്പുഴുവിലെ എല്ലാ കഥാപാത്രങ്ങളും ഏകാകികളാണ് എന്നതാണ് വാസ്തവം. സമൂഹജീവിയുടെ വേഷം അഭിനയിക്കുമ്പോഴും ഏകാന്തത ചൂഴുന്ന വ്യക്തിത്വം ഏവര്‍ക്കുമുണ്ട്. പ്രധാനകഥാപാത്രമായ സാംസ എന്ന കുട്ടിയിലൂടെയാണ് ഏകാന്തതയുടെ ചരിതം വിരചിതമാകുന്നത്. കാഫ്കയുടെ രൂപാന്തരപ്രാപ്തിയിലെ പ്രധാനകഥാപാത്രമാണ് ഗ്രിഗര്‍ സാംസ. ലോകസാഹിത്യത്തിലെ ഏറ്റവും ഏകാകിയായ കഥാപാത്രമാണ് സാംസ. ഒരു പ്രഭാതത്തില്‍ വലിയ പാറ്റയാത്തീര്‍ന്ന ഗ്രിഗര്‍സാംസ ഏകാന്തതയുടെ തുരുത്തില്‍ ഒറ്റപ്പെടുന്നു. ദുരന്തത്തിന്‍റെ, ഏകാന്തതയുടെ, മഹാസങ്കടത്തിന്‍റെ കഥയാണ് അയാളിലൂടെ കാഫ്ക ആവിഷ്ക്കരിക്കുന്നത്. ഹരീഷിന്‍റെ നോവലിലെ കഥാപാത്രങ്ങളെയും ഏകാന്തതയും വിഷാദവും ചൂഴ്ന്നു നില്‍ക്കുന്നു.


ഉള്ളിലേക്കു നോക്കി ജീവിക്കുന്ന കുട്ടിയാണ് സാംസ. അവനെ ആരുംതന്നെ ഗൗനിക്കുന്നില്ല. സ്വന്തം ലോകത്തിലൂടെയാണ് അവന്‍ സഞ്ചരിക്കുന്നത്. അവര്‍ ചുറ്റുവട്ടത്തു നടക്കുന്ന പലതിനും സാക്ഷിയുമാണ്. അവന്‍റെ ആകാശം ആന്തരികമാണ്. സാംസയുടെ ഭാഷണങ്ങള്‍ അധികവും ആത്മഭാഷണങ്ങളുമാണ്. ആരുടെയും നോട്ടമില്ലാത്ത സ്ഥലത്ത്, ആരുടെയും ശബ്ദം കേള്‍ക്കാത്തിടത്ത് തനിയെ ഇരുന്നാല്‍ സമയം വളരെ വേഗത്തില്‍ നീങ്ങും എന്നതാണ് സാംസയുടെ അനുഭവം. അത് അവന്‍റെ സഹജപ്രകൃതമാണ്.


എന്തുകൊണ്ടാണ് സാംസയില്‍ വിഷാദം വന്നു നിറഞ്ഞതെന്ന് അമ്മയായ ആനി ചിന്തിക്കുന്നുണ്ട്. 'നീലിച്ച വിഷാദമാണ്' കുഞ്ഞ് മുലപ്പാലിലൂടെ കുടിച്ചതെന്ന് അവള്‍ മനസ്സിലാക്കുന്നു. "ഇപ്പോളീ മുലപ്പാലിന്‍റെ വിഷാദം എങ്ങനെ നിര്‍ത്തും? ഇല്ലെങ്കില്‍ അതവനെ ജീവിതകാലം മുഴുവന്‍ പിന്തുടര്‍ന്നേക്കും" എന്ന് ആനി വിചാരിക്കുന്നു. അവനെല്ലാ കാലത്തേക്കുമായി ആ വിഷാദം വലിച്ചുകുടിച്ചു. അതിന്‍റെ രുചിയില്‍ കണ്ണടച്ചുറങ്ങി. ആ ഉറക്കത്തില്‍ വിതുമ്പി. അങ്ങനെ ഏകാന്തത അവന്‍റെ സ്വത്വത്തിന്‍റെ ഭാഗമായി. കുട്ടികളുടെ ലോകം വിഷാദം നിറഞ്ഞതാകുമ്പോള്‍ ജീവിതത്തിന്‍റെ വര്‍ണ്ണങ്ങള്‍ നഷ്ടമാകുന്നു. ജീവിതക്കാഴ്ചകള്‍ മങ്ങിയതാകുന്നു.


ഏപ്പോഴും മാറിയിരിക്കാന്‍ ഒരു രഹസ്യസ്ഥലം അന്വേഷിക്കുന്നവനാണ് സാംസ. അതൊരു ഉള്‍വലിയലാണ്. ആള്‍ക്കൂട്ടത്തില്‍ ലയിക്കാത്ത ഏകാകിയുടെ ലോകം സങ്കീര്‍ണ്ണമാണ്. അവന്‍റെ യാത്ര വിഷാദത്തിന്‍റെ മുള്ളുകള്‍ നിറഞ്ഞ വീഥിയിലൂടെയാകുന്നു. മരിച്ചവരുടെ ലോകവും ജീവിക്കുന്നവരുടെ ലോകവും തമ്മില്‍ ഭേദമില്ലാത്ത ലോകത്തിലാണ് സാംസ ജീവിക്കുന്നത്. എന്നോ മരിച്ച നതാഷയുമായി അവര്‍ നടത്തുന്ന സംഭാഷണങ്ങള്‍ ആഖ്യാനത്തെ വേറൊരു വിതാനത്തിലെത്തിക്കുന്നു.


ലൈബ്രറിയും മാര്‍ക് സാറും പുസ്തകങ്ങളും എല്ലാം നിഗൂഢമായ സാംസയുടെ ലോകത്തിന്‍റെ പര്യായങ്ങളാണ്. പുസ്തകങ്ങളില്‍ തലപൂഴ്ത്തി നിശ്ശബ്ദസംവാദത്തില്‍ മുഴുകുന്ന സാംസ പുതിയ പാത തുറന്നു സഞ്ചരിക്കുകയാണ്. അച്ഛന്‍ പുറംലോകത്ത് ഒളിയിടം കണ്ടെത്തുമ്പോള്‍ സാംസ ഉള്ളിലേക്ക് പതുങ്ങാനാണ് നോക്കിയത്. അവന്‍റെ ഉള്ളില്‍ നിഗൂഢമായ ഒരു ലോകമുണ്ട്. അതിന് പിന്തുണ നല്‍കാന്‍ ലൈബ്രറിക്കു കഴിയുന്നു. 'ഈ ലോകമല്ല ആ ലോകമാണ് യാഥാര്‍ത്ഥ്യം' എന്ന് അവന് അനുഭവപ്പെടുന്നു. അവന്‍ മറ്റൊരു ലോകത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ബഹളം നിറഞ്ഞ ലോകം പുറത്തു കുതിക്കുമ്പോള്‍ മൗനത്തിന്‍റെ മറ്റൊരു ലോകത്തില്‍ സാംസ ഏകാന്ത സഞ്ചാരം നടത്തുന്നു. ആരും കണ്ടെത്താത്ത ഭൂഖണ്ഡമാണത്. സാംസ മാത്രം കണ്ടെത്തിയ ആന്തരലോകത്തിന്‍റെ ദീപ്തിയും വിഷാദവും എല്ലാം കഥയില്‍ പെയ്തിറങ്ങുന്നു.


അച്ഛന് കടം നല്‍കിയവന്‍റെ അടി കവിളിലേറ്റ നിമിഷം സാംസയുടെ കുട്ടിക്കാലം നഷ്ടമാകുന്നു. പിന്നീട് അവന്‍ ലോകത്തെ നോക്കിക്കാണുന്നത് വേറൊരു വിധത്തിലാണ്. "കൂട്ടുകാരില്ലാത്ത, ഉള്ളിലേക്ക് നോക്കി നടക്കുന്ന കുട്ടിക്ക്" പലതും തിരിച്ചറിയാന്‍ സാധിക്കുന്നു. അങ്ങനെ ഇഷ്ടപ്പെടുന്നതെല്ലാം വേറൊരു രഹസ്യലോകത്തേക്ക് പോകുന്നത് അവന്‍ കാണുന്നു. ഏവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഏകാകികളാണ്. ഏകാന്തതയുടെ അപാരതീരം ഏവരുടെയും ഉള്ളിലുണ്ട്. ചിലര്‍ അതില്‍നിന്ന് ഓടിയകലാന്‍ ശ്രമിക്കുമ്പോള്‍ മറ്റുചിലര്‍ അതിനെ വാരിപ്പുണരുന്നു. സാംസയെപ്പോലുള്ളവര്‍ ഉള്ളില്‍ ഏകാന്തത പേറി നടക്കുന്നവരാണ്. സ്വന്തം അകത്തേക്ക് നോക്കാത്ത പുറംന്തോടുകളായിത്തീര്‍ന്നവര്‍ക്കിടയില്‍ സാംസ വേറിട്ടു നില്‍ക്കുന്നു. അവന്‍റെ നോട്ടം ഉള്ളിലേക്കു മാത്രമാണ്. പുറത്തുള്ളതു പലതും അവന്‍റെ ഗാഢശ്രദ്ധയില്‍ കടന്നുവരുന്നില്ല.


ഗ്രിഗര്‍ സാംസയുടെ ഏകാന്തത പങ്കുവയ്ക്കുന്ന കഥാപാത്രമാണ് നോവലിലെ സാംസ. അവന്‍റെ ഏകാന്തത എല്ലാ കഥാപാത്രങ്ങളും ഏറിയും കുറഞ്ഞും പങ്കുവയ്ക്കുന്നു. അങ്ങനെ 'പട്ടുനൂല്‍പ്പുഴു' ഏകാന്തതയുടെ ആവിഷ്ക്കാരമായി മാറുന്നു.

Featured Posts

bottom of page