top of page

എന്‍റെ സോദരീ...

Sep 10, 2022

2 min read

ഡO
disciples of  Francis treating at his last breath

"എനിക്ക് അവധി കിട്ടിയിരിക്കുന്നു. സഹോദരന്മാരെ എന്നെ യാത്ര അയക്കുക.

എല്ലാവരെയും പ്രണമിച്ചിട്ട് ഞാന്‍ വിടവാങ്ങുന്നു. വീടിന്‍റെ താക്കോല്‍ ഞാന്‍ മടക്കിത്തരുന്നു. അതിന്മേലുള്ള യാതൊരവകാശവും ഇനി ഞാന്‍ കൈവശം വയ്ക്കുന്നില്ല.

എല്ലാവരുടേയും അനുഗ്രഹമാണ് ഇപ്പോള്‍ എനിക്ക് വേണ്ടത്.

വളരെക്കാലം അയല്‍ക്കാരായി നാം കഴിഞ്ഞു കൂടി. അങ്ങോട്ടു തന്നതിലേറെ ഇങ്ങോട്ട് ഞാന്‍ വാങ്ങിക്കഴിഞ്ഞു.

രാത്രി അവസാനിച്ചു.

മുറിയിലെ വിളക്കണഞ്ഞു.

ഇതാ വിളികേള്‍ക്കുന്നു.

ഞാന്‍ ഇറങ്ങുകയായി

"ടാഗോറിന്‍റെ ഗീതാഞ്ജലിയിലെ 93-ാം ഗദ്യശകലത്തിന്‍റെ മലയാള വിവര്‍ത്തനമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്.

മരണം ഒരു യാത്രയുടെ ഭാഗം മാത്രമാണ്, ഒന്നിന്‍റെയും അവസാനമല്ല. ദൈവത്തില്‍ എത്തിച്ചേരും വരെ ഒരു യാത്ര തുടരും. തുടര്‍ന്നുകൊണ്ടേ ഇരിക്കും. ഭൂമിയിലെ ജീവിതം ഒരു  short commercial break മാത്രമാണ്. മരണത്തെ ഭീതി നിറഞ്ഞ ഒന്നായിട്ടെ നമ്മള്‍ എന്നും കണ്ടിട്ടുള്ളൂ. അങ്ങനെ കാണാനെ നമ്മള്‍ പഠിച്ചിട്ടുള്ളൂ. പഠിപ്പിച്ചിട്ടുള്ളൂ. മരണം സംഭവിച്ച വീട്ടില്‍ മാറത്തടിച്ച് കരയുന്ന ആള്‍ അറിയുന്നില്ല, ഓര്‍ക്കുന്നില്ല, തന്‍റെ ദിവസവും എണ്ണപ്പെട്ടിരിക്കുന്നുവെന്ന്. അപ്പോള്‍, എന്തിനാണ് നമ്മള്‍ ജനിച്ചത് എന്തിനാണ് ജീവിക്കുന്നത്.... ഇവയെല്ലാം ചോദ്യങ്ങള്‍ ആയി അവശേഷിച്ചേക്കാം. എത്ര വലിയ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കിയാലും ഒറ്റ വാചകത്തില്‍ 'ആവശ്യക്കാരന്, ആവശ്യമുള്ളപ്പോള്‍, ആവശ്യമുള്ളതായി തീരാനും; അതിലൂടെ സ്രഷ്ടാവിനെ പ്രകീര്‍ത്തിക്കാനും' ഉള്ളതാണ് ഈ ജീവിതം. ഇത് സാധ്യമാകുന്നില്ലെങ്കില്‍ ഒരിക്കല്‍ കൂടി ജനിക്കേ ണ്ടിയിരിക്കുന്നു... ജലത്താലും പരിശുദ്ധാത്മാ വിനാലും.

1182 ന്‍റെ ആദ്യ ഘട്ടത്തിലാണല്ലോ ഫ്രാന്‍സീസിന്‍റെ ജനനം. താന്‍ അടിച്ച് പൊളിച്ചാണ് നടന്നി രുന്നത് എന്ന് ഫ്രാന്‍സീസ് തന്നെ സമ്മതിക്കുന്നു. പിന്നീടൊരിക്കല്‍ 'വകതിരിവുണ്ടായി' എന്നുവേണം പറയാന്‍. ദൈവം തരുന്ന എന്തിനും വ്യക്തമായ ഉദ്ദേശം ഉണ്ട് എന്ന് ആ മനസ്സില്‍ പതിഞ്ഞു. അതി നാല്‍ തന്നെ ജീവിതാനുഭവങ്ങളെ അടയാള ങ്ങളായി തിരിച്ചറിയാന്‍, അതിനനുസൃതമായി ജീവിതക്രമം മാറ്റാന്‍ ഫ്രാന്‍സീസിന് കഴിഞ്ഞു.

നമ്മുടെ ജീവിതങ്ങളിലും ദൈവം ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. അത് ദൈവത്തില്‍ നിന്നാണ് എന്ന് മനസ്സിലാക്കി ജീവിതം ക്രമീകരിക്കാന്‍ സാധ്യമാകണമെങ്കില്‍ പ്രപഞ്ചത്തിലെ ദൈവസാന്നിധ്യം മനസ്സിലാക്കാനുള്ള തുറവിവേണം. 'അവരുടെ' വിശ്വാസരാഹിത്യം നിമിത്തം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ പോകുന്ന യേശുവിനെ വിശുദ്ധ ഗ്രന്ഥത്തില്‍ നാം കാണുന്നു. ഇതില്‍ 'അവര്‍' നമ്മളല്ലെ?

ഫ്രാന്‍സീസിന്‍റെ ജീവിതത്തില്‍ പരിവര്‍ത്തനം  ഒരു തുടര്‍പ്രക്രിയയായിരുന്നു. ചില വ്യക്തമായ അനുഭവങ്ങളാണ് അതിലേക്ക് നയിക്കുന്നത്. സമയം മാറുന്നതി നനുസൃതമായി, വര്‍ഷങ്ങള്‍ പുരോഗമിക്കുന്നതോടെ, ഫ്രാന്‍സീസിന്‍റെ മരണ ത്തെക്കുറിച്ചുള്ള നിലപാടിനും പക്വമായ മാറ്റം സംഭവിക്കുന്നതിനായി, കാലക്രമത്തിന് അനുസ്യൂ തമായ ഫ്രാന്‍സിസ്കന്‍ ലിഖിതങ്ങളുടെ പഠന ത്തില്‍ നിന്ന് മനസ്സിലാക്കാം.

1224 ല്‍ ഫ്രാന്‍സീസ് പഞ്ചക്ഷതധാരിയായി ലവേര്‍ണയില്‍ നിന്ന് വരുന്നത് തന്നെ ക്ഷീണിത നായിട്ടാണ്. അറുപത് വയസ്സില്‍ താഴെയാണ് പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളില്‍ ഇറ്റലിയിലെ പുരുഷന്മാരുടെ ശരാശരി ആയുസ്സ്. തന്‍റെ ശരീര ത്തോടുള്ള ഫ്രാന്‍സിസിന്‍റെ സമീപനം കാര്‍ക്കശ്യം നിറഞ്ഞതായിരുന്നു. ഇതു തന്നെ ആ പുണ്യപുരു ഷന്‍റെ ആരോഗ്യത്തെ ഒരുപാട് ബാധിച്ചു കാണും. അക്കാലത്തെ വികാര്‍ ജനറലായിരുന്ന ബ്രദര്‍ ഏലിയാസ്, കര്‍ദിനാള്‍ ഉഗോലിനോയുടെ സഹായത്താല്‍ തന്‍റെ ഒരുപാടുള്ള അസുഖങ്ങള്‍ക്ക് ചികിത്സ തേടാന്‍ ഫ്രാന്‍സീസിനെ നിര്‍ബന്ധിക്കുന്നു. ചീന്തിയെടുക്കാന്‍, സാധാരണക്കാര്‍ മാത്രമല്ല, സഹോദരങ്ങളും ശ്രമിച്ചിരുന്നു എന്നതാണ് ഇതു വിവരിക്കുന്ന ചില ഗ്രന്ഥങ്ങളെങ്കിലും പറയുന്നത്!

സയ്നയില്‍ നിന്ന് വരുന്ന വഴി, ഫ്രാന്‍സീസ് അസ്സീസിയില്‍ എത്തും മുമ്പേ മരിച്ചു പോകുമോ എന്നതായിരുന്നു ഭയം. മാത്രമല്ല, കാലങ്ങളായി വൈരികളായി കഴിയുന്ന പെറുജിയയിലെ ജനങ്ങള്‍ ഫ്രാന്‍സീസിനെ ജീവനോടെയോ അല്ലാതെയോ തട്ടിയെടുത്താലോ? കഴിഞ്ഞില്ലേ കഥ! ഫ്രാന്‍സീസിനെ അസ്സീസിയില്‍ എത്തിക്കുക എന്നത് ഒരു 'പ്രസ്റ്റീജ് ഇഷ്യു' ആയിരുന്നു.

അസ്സീസിയിലെ ബിഷപ്പിന്‍റെ ആസ്ഥാനമന്ദിര ത്തിലാണ് ഫ്രാന്‍സീസിനെ എത്തിച്ചത്. ഫ്രാന്‍സീ സിന് പാട്ടുകേള്‍ക്കണം. സൂര്യകീര്‍ത്തനം അതില്‍ ഒന്നായിരുന്നിരിക്കണം. വാദ്യോപകരണങ്ങളും പാട്ടുകളുമായി സഹോദരര്‍ ഫ്രാന്‍സീസിനു ചുറ്റുംകൂടി. എന്തായിരിക്കും അവസ്ഥ! മ്ലാനമായ അന്തരീക്ഷവും പ്രാര്‍ത്ഥനയും വിശുദ്ധഗ്രന്ഥ ഭാഗങ്ങളുടെ പാരായണവും പ്രതീക്ഷിച്ചിരുന്ന സമീപവാസികള്‍ ചിന്താക്കുഴപ്പത്തിലായി. അവര്‍ ബ്ര. ഏലിയാസിനെ സമീപിച്ചു. ഒരു വിശുദ്ധന്‍ മരിക്കേണ്ടത് 'പാട്ടുകള്‍ക്ക്' ഇടയിലായിരുന്നില്ല എന്ന് ആ നാട്ടുകാര്‍ കരുതി. മരണത്തെ സോദരിയായി കരുതാന്‍ അവര്‍ അന്ന് പഠിച്ചി ട്ടില്ലായിരുന്നു. നമ്മള്‍ ഇപ്പോഴും ആ സത്യത്തില്‍ നിന്ന് എത്രയോ ദൂരെയാണ്...


Featured Posts

bottom of page