top of page

നഗ്നം

Aug 8, 2017

4 min read

ഫാ. ബോബി ജോസ് കട്ടിക്കാട്

a village woman

പാവാടയുയര്‍ത്തി, അതിന്‍റെ കോന്തലയില്‍ മുഖം മറച്ച്, കുനിഞ്ഞ് നില്‍ക്കുന്ന ആ പ്രാചീന ഗോത്ര സ്ത്രീ നിങ്ങളില്‍ പരിഹാസമുണര്‍ത്താ ത്തതെന്തുകൊണ്ട്? ശരീരത്തിന്‍റെ വിവസ്ത്രത യെക്കാള്‍ നാണം കെടുത്തുന്ന എന്തോയൊന്നിലൂടെ അവളുടെ ഉള്ളം കടന്നുപോകുന്നുണ്ടാവും. മണല്‍ക്കാറ്റിനെ ഓര്‍മ്മിപ്പിക്കുന്ന വന്യവും ഊഷരവുമായ അനുഭവത്തില്‍ പ്രാണന്‍റെ പല വര്‍ണ്ണച്ചേലകള്‍ - സംസ്ക്കാരം, പാരമ്പര്യം, കുലമഹിമ, വിവേകം, അറിവ്... -മടിക്കുത്തഴിഞ്ഞു വീഴുകയും, ഭൂമിയുടെ തുറിച്ചു നോട്ടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം ബാഷ്പീകരിച്ചു മാഞ്ഞു പോയിരുന്നുവെങ്കില്‍ എന്ന് നിലവിളിക്കുകയും ചെയ്യുന്നുണ്ടാവാം...

അല്ല, ലജ്ജ മലയാളി കരുതുന്നതുപോലെ അത്ര നിരുപദ്രവമോ, കാല്‍പനികമോ ആയ പദമൊന്നുമല്ല. 'ലജ്ജാവതിയേ' എന്ന് ജാസിഗിഫ്റ്റ് പരുക്കന്‍ ശബ്ദത്തില്‍ പാടുമ്പോള്‍ പോലും മറ്റൊന്നു ധരിക്കേണ്ട ബാദ്ധ്യത നമുക്കില്ല!  ശരീരകാമനകളെ തെളിഞ്ഞോ മറഞ്ഞോ തൊടുന്ന വാക്കെന്ന നിലയിലായിരുന്നു ഭാഷയിലതിന്‍റെ നിലനില്‍പ്പ്. കാല്‍പ്പനികതയുടെ അസ്കിത പാടില്ലെന്ന് നാം സങ്കല്പിച്ചിരുന്ന ഇടതുപക്ഷ പരിസരത്തില്‍ നിന്നുള്ള കവികള്‍പോലും അങ്ങനെയാണതില്‍ തട്ടി നിന്നത്. യാദൃച്ഛികമാണ്, ഇതെഴുതുമ്പോള്‍ തെല്ലകലെ നിന്ന് ആ നല്ല പാട്ടുകേള്‍ക്കാം: വ്രീളാവിവശയാമൊരു പുലര്‍കാലം...

ഒരു രാഷ്ട്രീയ രൂപകമെന്ന നിലയില്‍ അതിനെ പരിചയപ്പെടുത്തുവാന്‍ ആരുമത്ര ശ്രദ്ധിച്ചു കണ്ടിട്ടില്ല... തസ്ലീമ നസ്റിന്‍ തന്‍റെ കൃതിക്ക് 'ലജ്ജ'യെന്ന് പേരിടുമ്പോള്‍ അത് വേദനാജനകമായൊരു ഗൂഢഭാഷയായി പരിണമിക്കുന്നത് കണ്ടില്ലേ? ഇന്‍റോ, ആര്യന്‍ ഭാഷകളിലെല്ലാം ആ പദം ഒരേ അര്‍ത്ഥത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. മതത്തില്‍നിന്ന്  ചോര്‍ന്നുപോകുന്ന മാനുഷിക പരിഗണനകളെ ക്കുറിച്ചാണ് തസ്ലീമ സദാ ലജ്ജിതയാവുന്നത്. മാനവികത മതത്തിന്‍റെ മറ്റൊരു നാമമായി let another name for religion be humanism, പരാവര്‍ത്തനം ചെയ്യപ്പെടുന്ന കാലത്തിനു വേണ്ടിയാണവര്‍ പ്രാര്‍ത്ഥിക്കുന്നത്. ലജ്ജയെന്ന ഏറെ കേളികേട്ട കൃതി മതമെന്ന ഒറ്റക്കാരണം കൊണ്ട് പലതായി വിഭജിക്കപ്പെട്ട ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ക്കാണവര്‍ സമര്‍പ്പിച്ചിട്ടുള്ളത്.

ചാള്‍സ് ഡാര്‍വിന്‍റെ -The expession of the Emotions in man and animals ലജ്ജയുടെ ശരീരഭാഷയെ എത്ര കൃത്യമായിട്ടാണ് അടയാളപ്പെടുത്തിയിരിക്കു  ന്നതെന്ന് നോക്കൂ. മുഖത്തെ ചോരയോട്ടം, ദൃഷ്ടി തെന്നിക്കുക, മുഖം തിരിക്കുക, മുഖം പൊത്തുക, മിഴിപൂട്ടുക, കരച്ചിലിന്‍റെ വക്കിലെത്തുക... ചുരുക്കത്തില്‍ എത്ര സമര്‍ത്ഥമായി മറച്ചുപിടിക്കാന്‍ ശ്രമിച്ചാലും ശരീരം നിങ്ങളെ ഒറ്റുകൊടുക്കുമെന്ന് സാരം. എല്ലാ വികാരങ്ങള്‍ക്കും കപ്പം കൊടുക്കേണ്ടത് ശരീരമാണല്ലോ... ഭയത്തില്‍ നിങ്ങള്‍ ശരീരത്തില്‍ ചുരുങ്ങുമ്പോള്‍, ലജ്ജയില്‍ ശരീരം പതയുകയാണ്...

കുലീനമല്ലെന്ന് വെളിപ്പെട്ടു കിട്ടിയ ഒരു കനലില്‍ ചവിട്ടിനിന്ന് ഉള്ളം വേകുന്ന അനുഭവമാണ് ലജ്ജ. അതെപ്പോഴും സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച ഒരു പാളിച്ചയാവണമെന്നില്ല. അയാള്‍ സ്വയം അര്‍പ്പിച്ചിട്ടുള്ള ഒരു കാരണത്തിന്‍റെ പൊള്ളത്ത രമോ, വിശ്വസിച്ച വ്യക്തികളുടെ അഭംഗിയോ, ഉള്‍പ്പെട്ട സമൂഹത്തിന്‍റെ ജീര്‍ണ്ണതയോ ഒക്കെ തല കുനിയാനുള്ള  കാരണമാവുന്നുണ്ട്. അതുകൊ ണ്ടാണ് പെഡോഫീലിയയെക്കുറിച്ച് പറയുമ്പോള്‍, സദാ പ്രസാദം പുലര്‍ത്തുന്ന വയോധികനായ ഒരു മാര്‍പാപ്പയുടെ കണ്ണ് നിറയുകയും, ശബ്ദം ഇടറുകയും ചെയ്യുന്നത്. വലിയ പള്ളികള്‍ ഉയര്‍ന്നു പൊങ്ങുമ്പോള്‍ വിശ്വാസിയെന്ന നിലയിലും, പാണ്ടിയെന്ന് തമിഴനെയും, ഭായിയെന്ന് ബംഗാളിയെയും പരിഹാസത്തോടെ വിളിക്കു മ്പോള്‍, മലയാളിയെന്ന നിലയിലും, കൈയില്‍ പശുവിറച്ചി കരുതിയതിന്‍റെ പേരില്‍ പേപ്പട്ടിയെ പ്പോലെ തല്ലിക്കൊല്ലുമ്പോള്‍ ഭാരതീയനെന്ന പേരിലും ഒക്കെ ആത്മനിന്ദയനുഭവപ്പെടുന്നെങ്കില്‍ മനുഷ്യനെന്ന നിലയില്‍ ഇനിയും ആശിക്കാന്‍ ചില കാരണങ്ങള്‍ അവശേഷിക്കുന്നുവെന്നു തന്നെ സാരം! മനസ്സാക്ഷിയെന്ന ഒരു വിളക്കിനെ നിങ്ങളിപ്പോഴും വലം ചുറ്റുന്നുണ്ടെന്നും...

ആണെന്ന നിലയില്‍ ലജ്ജ തോന്നിയ ഒരു നേരമോര്‍ക്കുന്നു, മാറില്‍ അപകടകരമായ ഒരു തടിപ്പ് ശ്രദ്ധിച്ച വിവാഹിതയായ ഒരു സ്ത്രീ, ചികിത്സിക്കാതെ ദൈവത്തില്‍ നിന്നുള്ള രോഗശാന്തിക്ക് വേണ്ടിയാണ്  മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നത് എന്നു കേട്ടപ്പോള്‍ ദാരിദ്ര്യമോ, ഭയമോ - എന്ന കാരണങ്ങളെക്കുറിച്ചല്ലാതെ മറ്റെന്താണ് തലയില്‍ വരിക? ഉവ്വ്, ഭയമാണ്. ഒരു സര്‍ജറിക്ക് ശേഷം മാറില്‍ തുന്നിക്കുത്തുള്ള തന്നെ അയാള്‍ വെറുക്കുമോയെന്ന ഭയം! അത് ശരിയോ തെറ്റോ ആവട്ടെ, അങ്ങനെ ഒരു സ്ത്രീ തന്‍റെ പുരുഷനെക്കുറിച്ച് കരുതുന്നുണ്ടെങ്കില്‍ ആണെന്ന നിലയില്‍ തലയുയര്‍ത്തി അവളെ ഉറ്റുനോക്കാനുള്ള അവകാശമെനിക്കുണ്ടോ? എനിക്കു തോന്നുന്നു ഒരു പുരുഷന് നേരിടാവുന്ന ഏറ്റവും വലിയ അപമാനം, നീയും ഒരു ആണ് തന്നെയാണ് അവള്‍ സ്വകാര്യം പറഞ്ഞത് തെല്ലുറക്കെയാകുമ്പോഴാണ്...

ലോകത്തിന്‍റെ തന്നെ പുരാതന ഗ്രന്ഥങ്ങളിലൊ ന്നെന്നു കരുതാവുന്ന ബൈബിള്‍ നഗ്നതയെന്ന സങ്കേതമുപയോഗിച്ചാണ് ലജ്ജയുടെ പാഠങ്ങള്‍ പറഞ്ഞുതരാന്‍ ശ്രമിക്കുന്നത്. ശരീരത്തിന്‍റെ വിവസ്ത്രതയുമായി കാര്യമായി ബന്ധമുള്ള പദമൊന്നുമല്ല അത്. അവര്‍ നഗ്നരായിരുന്നു വെങ്കിലും, ലജ്ജയനുഭവപ്പെട്ടില്ല എന്ന ഉല്‍പത്തിയുടെ ആരംഭത്തിലെ സൂചന തൊട്ട്, നഗ്നനായി മരിച്ച ആ മരപ്പണിക്കാരന്‍റെ രേഖാചിത്രം വരെ ശരീരത്തിന്‍റെ  നഗ്നത അപഹസിക്കപ്പെടേണ്ട ഒന്നായി ആ പുസ്തകം കരുതുന്നില്ല. ആ പശ്ചാത്തലത്തിലാവണം മൈക്കിള്‍ ആഞ്ച ലോയുടെ നഗ്നസൈനികര്‍ എന്ന  വിവസ്ത്രതയുടെ ഉത്സവചിത്രമൊക്കെ പോപ്പിന്‍റെ ഇടനാഴികളില്‍ ഇടം കണ്ടെത്തിയത്. Soldier‘s bathing - എന്ന  കവിത (1942) കണ്ടെത്തി വായിക്കാവുന്നതാണ്. സ്വന്തം നഗ്നതയെ അഭിമുഖീകരിക്കുകയെന്നത് ബൈബി ളിനെ സംഭവിച്ചിടത്തോളം ഒരാത്മീയ രൂപകമാണ്. അതുകൊണ്ടാണ് വെളിപാടിന്‍റെ പുസ്തകത്തില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നത്: ഞാന്‍ ധനവാനാണ്, എനിക്ക് സമ്പത്തുണ്ട്, ഒന്നിനും കുറവില്ല, എന്ന് നീ പറയുന്നു. എന്നാല്‍ നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനുമാണെന്ന് നീ അറിയുന്നില്ല. ഞാന്‍ നിന്നെ ഉപദേശിക്കുന്നു: നീ ധനികനാകാന്‍ അഗ്നിശുദ്ധി വരുത്തിയ സ്വര്‍ണ്ണം എന്നോട് വാങ്ങുക. നിന്‍റെ നഗ്നത മറ്റുള്ളവര്‍ കണ്ട് നീ ലജ്ജിക്കാതിരിക്കുവാന്‍ ശുഭ്ര വസ്ത്രങ്ങള്‍ എന്നോട് വാങ്ങുക (വെളിപാട് 3:17-18).

ഒരുതരം കോമാളിജീവിതമായിരുന്നു തന്‍റേതെന്ന കണ്ടെത്തലിലാണ് ആത്മീയ മനുഷ്യന്‍റെ പിറവി ഉണ്ടാകുന്നത്. നമുക്ക് പരിചയമുള്ള ആ കഥ കണക്ക് അകത്തു നിന്നോ പുറത്തു നിന്നോ ആരെങ്കിലുമത് വിളിച്ചു പറയേണ്ടിയിരിക്കുന്നു. ഈ ആടയാഭരണങ്ങള്‍ നമ്മള്‍ നെയ്തെടുത്ത സങ്കല്പങ്ങളായിരുന്നുവെന്ന്. അത് പറയാന്‍ ഉള്ളിലെ കുഞ്ഞിന് മാത്രമേ ധൈര്യമുണ്ടാവു കയുള്ളൂ. ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സിന്‍റെ കഥയാണത് - 1837 ആണ് കൃത്യമായ വര്‍ഷം, The empere's new suit of clothes. രാജകീയ പ്രദര്‍ശനത്തിന്‍റെ നടുവില്‍ അനന്യഭംഗിയില്‍ നെയ്തെടുത്ത അങ്കിയെന്ന് ധരിച്ച് നടന്നുനീങ്ങുന്ന രാജാവിനോട് അയാള്‍ നഗ്നനാണെന്ന് വിളിച്ചുപറയുന്ന കുഞ്ഞ് ഓരോരോ പുതിയ വായനകള്‍ അര്‍ഹിക്കുന്നുണ്ട്. അവനവന്‍റെ പടപ്പുറപ്പാടുകളും, ബുദ്ധിമോശങ്ങളും തിരിഞ്ഞു നോക്കാന്‍ തയ്യാറായാല്‍ അതില്‍ത്തന്നെ ലജ്ജയ്ക്കുള്ള കാരണങ്ങളാണ്.

ആ കനി ഭക്ഷിച്ചതിനു ശേഷം അവര്‍ക്ക് ലജ്ജയുണ്ടായി എന്നാണ് വേദപുസ്തകം പറയാന്‍ ശ്രമിക്കുന്നത്. ചില അടിസ്ഥാന ഉടമ്പടികളുടെ ലംഘനത്തിനു ശേഷം ഓരോരുത്തര്‍ക്കും അവരുടെ സ്വാഭാവിക സുകൃതങ്ങള്‍ കളഞ്ഞുപോവുകയാണ്. നിഷ്കളങ്കതയുടെയും സരളതയുടെയും ഏദന്‍തോട്ടത്തില്‍ നിന്ന് അവര്‍ക്കു തലകുനിച്ച് പുറത്ത് കടക്കേണ്ടി വരികയാണ്. അത്തിയില കൊണ്ട് തുന്നിയ വസ്ത്രത്തില്‍ അവര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നത് സുകൃതക്ഷയത്തെയും, കുറ്റബോധ ത്തെയുമാണ്. അങ്ങനെ വസ്ത്രം ലജ്ജയുടെ പര്യായമായി. അലംഘനീയമെന്ന് ഒരു കാലത്ത് കരുതിയിരുന്ന ഡ്രെസ്സ്കോഡ് ആത്മനിന്ദയ്ക്ക് കാരണമായ ഇന്നലെകളിലേക്കുള്ള തിരിഞ്ഞുനോ ട്ടമാണ്. വസ്ത്രത്തിന് ഹീബ്രുഭാഷയില്‍ ഉപയോഗിക്കുന്ന le-bushന്‍റെ വേര് buwsh എന്ന പദത്തോട് ചേര്‍ന്നാണ് കിടക്കുന്നത് - നാണക്കേട് എന്നുതന്നെയര്‍ത്ഥം. വസ്ത്രധാരണത്തെക്കുറിച്ച് ഇസ്ലാം പുലര്‍ത്തുന്ന നിഷ്ഠയുടെ വേരുകള്‍ക്ക് ഈ വിചാരവുമായി ബന്ധമുണ്ടായിരിക്കുമോ? നിഷ്കളങ്കതയിലേക്ക് മടങ്ങിപ്പോകുന്നത് ആത്മനിന്ദയില്ലാതെ ജീവിക്കാന്‍ വേണ്ടിയാണ്... യഹൂദ കഥാപാരമ്പര്യങ്ങളിലൊന്നില്‍ കഷ്ടിച്ച് പന്ത്രണ്ടു മണിക്കൂര്‍ മാത്രമായിരുന്നു ഏദനിലെ അവരുടെ വാസം. ആത്മനിന്ദയില്ലാതെ ഒരാള്‍ക്ക് ജീവിക്കാന്‍ ഉതകുന്ന നേരം തീരെ ഹ്രസ്വമായിരിക്കുമോ എന്നൊരര്‍ത്ഥം അതില്‍ വായിച്ചെടുക്കാനാവുമോ.

നഗ്നത പിന്നെയും പലയിടങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അപ്പന്‍റെ നഗ്നത കണ്ട മക്കളുടെ കഥയായിരിക്കും അതിലെടുത്തു പറയേണ്ടത്. പ്രളയത്തിനുശേഷം ആദ്യമായി മുന്തിരിത്തോട്ടം നട്ടുവളര്‍ത്തി, നന്നായി മദ്യപിച്ച അപ്പന്‍, നോഹ. വേദോപദേശത്തിന്‍റെ ഭാഗമായി പറയുന്നതല്ല, ഒരു ശരാശരി പുരുഷന്‍റെ ആത്മനിന്ദകളില്‍ നിശ്ചയമായും കള്ളെന്നൊരു ട്രിഗര്‍-ഫാക്ടര്‍ ഉണ്ടാവും. എത്ര കഥകളുണ്ടാ യിരിക്കും വായനക്കാര്‍ക്ക് പങ്കുവെയ്ക്കുവാന്‍. ഒരു മദ്യപനെപ്പോലെ തലകുനിച്ച് നില്‍ക്കുന്ന അധികം മനുഷ്യരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? നഗ്നത കാണുന്നതിന് ശാരീരിക ബന്ധത്തിന് സാക്ഷിയാവുക എന്നര്‍ത്ഥം കൂടിയുണ്ട്.

തിരിഞ്ഞു നോക്കുമ്പോള്‍ ലജ്ജിക്കാന്‍ അധികം കാരണങ്ങളില്ലാത്ത മനുഷ്യര്‍ അവരുടെ ഏദന്‍തോട്ടമാണ് ഉറപ്പുവരുത്തുന്നത്. ഒപ്പം കൂടെ പാര്‍ക്കുന്നവരുടെ ലജ്ജാകരമായ മുഹൂര്‍ത്തങ്ങളില്‍ കരുണയുള്ള രക്ഷകരുമാവുക. മനുഷ്യര്‍ പുലര്‍ത്തുന്ന എല്ലാ ശിക്ഷാരീതികളും ലജ്ജയിലേക്കവരെ എറിഞ്ഞുകൊടുക്കുകയാണ്. ലജ്ജാകരമായ സാഹചര്യത്തില്‍ പെട്ടുപോയി തലയുയര്‍ത്താനാവാതെ നില്‍ക്കുന്ന ഒരുവളോട് ആ മരപ്പണിക്കാരന്‍ കാണിച്ച അനുഭാവം കണ്ടില്ലേ? 'സ്ത്രീയെ ഞാന്‍ നിന്നെ വിധിക്കുന്നില്ല'. അതിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക് ശേഷം എഴുതിയ, പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഒടുവില്‍ നത്താനിയേല്‍ ഹവ്തോണിന്‍റെ (ചമവേമിശലഹ ഒമംവേീൃില) സ്കാര്‍ലെറ്റ് ലെറ്റര്‍ എന്ന നോവല്‍ വായിക്കുമ്പോളറിയാം അയാള്‍ കാണിച്ച അനുഭാവം. തിളങ്ങുന്ന അക്ഷരത്തില്‍ ഹെസ്റ്ററിന് അത് തുന്നിചേര്‍ത്ത് വയ്ക്കേണ്ടിവന്നു, അമറൗഹലേൃ്യ എന്നര്‍ത്ഥം നമ്മളിങ്ങനെ ഓരോന്നായി അപരനില്‍ ചാപ്പകുത്തുകയാണ്.

അപകര്‍ഷത തൊട്ട് ആത്മഹത്യവരെ നീളുന്ന ലജ്ജയുടെ പല ഡെഫിനിഷന്‍സില്‍ പെട്ടുപോയവര്‍ക്ക് കൂട്ടുപോവുക. മനുഷ്യര്‍ തലകുനിച്ചുപോകാവുന്ന സാഹചര്യങ്ങളില്‍ അവരെ ചേര്‍ത്തുപിടിക്കുക. ഒരാളെയും ആരുടെയും നിന്ദയ്ക്ക് വിട്ടുകൊടുക്കാതിരിക്കുക. രാഷ്ട്രീയവും സാംസ്കാരികവുമായ ചില പ്രതിരോധങ്ങള്‍ സൃഷ്ടിക്കുക. അങ്ങനെ നഗ്നനെ ഉടുപ്പിക്കുകയെന്ന ആ ചെറുപ്പക്കാരന്‍ ഗുരുവിന്‍റെ കിനാവില്‍ പങ്ക് ചേരുക.

ഒന്നിനെയും പരിഹസിക്കാതിരിക്കുക. അടുത്തയിടെ നന്നായി സ്വീകരിക്കപ്പെട്ട ഒരു ചിത്രത്തില്‍ ഇങ്ങനെയൊരു മുഹൂര്‍ത്തമുണ്ടെന്നു കേട്ടു. കണക്കില്ലാതെ ഭക്ഷിക്കുന്ന ഒരു കുട്ടിയെ പരിഹാസത്തോടെ നോക്കുന്ന പോലിസുകാരനോട് പ്രതി പറഞ്ഞു: കളിയാക്കരുത് സര്‍, ഈ പ്രായത്തില്‍ നല്ല വിശപ്പാണ്! യേശുവിന് ലഭിക്കുന്ന വാഴ്ത്ത് വായനക്കാരാ, നിങ്ങള്‍ക്ക് വേണ്ടി കൂടിയാണ്, അവനെ നോക്കിയവരൊന്നും ലജ്ജിതരായില്ല.



ബോക്സ്


ലോകത്തിന്‍റെ തന്നെ പുരാതന ഗ്രന്ഥങ്ങളിലൊന്നെന്നു കരുതാവുന്ന ബൈബിള്‍ നഗ്നതയെന്ന സങ്കേതമുപയോഗിച്ചാണ് ലജ്ജയുടെ പാഠങ്ങള്‍ പറഞ്ഞുതരാന്‍ ശ്രമിക്കുന്നത്. ശരീരത്തിന്‍റെ വിവസ്ത്രതയുമായി കാര്യമായി ബന്ധമുള്ള പദമൊന്നുമല്ല അത്. അവര്‍ നഗ്നരായിരുന്നുവെങ്കിലും, ലജ്ജയനുഭവപ്പെട്ടില്ല എന്ന ഉല്‍പത്തിയുടെ ആരംഭത്തിലെ സൂചന തൊട്ട്, നഗ്നനായി മരിച്ച ആ മരപ്പണിക്കാരന്‍റെ രേഖാചിത്രം വരെ ശരീരത്തിന്‍റെ  നഗ്നത അപഹസിക്കപ്പെടേണ്ട ഒന്നായി ആ പുസ്തകം കരുതുന്നില്ല.

ഫാ. ബോബി ജോ��സ് കട്ടിക്കാട്

0

1

Featured Posts

Recent Posts

bottom of page