top of page

നവലോകക്രമം ഒരു ഗാന്ധിയന്‍ സമീപനം

Oct 22, 2009

5 min read

ജജ
Mahatma Gandhi
Mahatma Gandhi Credit- Gettyimages

'Let us seek first the kingdom of God and his righteousness and the irrevocable promise is that everything will be added unto us'. These are real economics. May you and I treasure them and enforce them in our daily life.

-M.K. Gandhi

ഇന്ന് ലോകത്ത് നിലവിലുള്ള സാമ്പത്തിക ഘടനകളാണല്ലോ മുതലാളിത്തവും സോഷ്യലിസവും. ജനാധിപത്യം, കമ്മ്യൂണിസം എന്നൊക്കെ പറയാറുണ്ടെങ്കിലും ഒട്ടൊക്കെ ഏറ്റക്കുറച്ചിലുകളോടെ ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഈ രണ്ടു ഗണത്തില്‍പെടുത്താം. എന്നാല്‍ ഈ വ്യവസ്ഥകളില്‍ ഇന്ന് നാം കാണുന്നതും അനുഭവിക്കുന്നതും എന്താണ്? ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും അസമത്വവും ദാരിദ്ര്യവും തൊഴിലില്ലായ്മയും വര്‍ദ്ധിച്ചുവരുന്നു. അതിന്‍റെ ഉപോത്പന്നമായി സമൂഹങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും സ്പര്‍ദ്ധയും അക്രമവും കൂടുന്നു. ലോകത്തെ പരിസ്ഥിതി സംതുലിതാവസ്ഥ പൂര്‍ണ്ണമായും തകര്‍ച്ചയുടെ വക്കത്തെത്തിയിരിക്കുന്നു. ആഗോള താപനം മൂലം ഭൂമിയുടെ ചൂട് വര്‍ദ്ധിച്ചുവരുന്നതായി ശാസ്ത്രലോകം മുന്നറിയിപ്പു നല്‍കുന്നു. എന്താണ് ഇതില്‍നിന്നൊക്കെ മാനവസമൂഹവും ലോകരാജ്യങ്ങളും മനസ്സിലാക്കേണ്ടത്, പഠിക്കേണ്ടത്? ലോകത്തെ രാഷ്ട്രീയ സാമ്പത്തിക ഭരണ സംവിധാനങ്ങള്‍ക്കൊക്കെ കാര്യമായ തകരാറുണ്ടെന്നല്ലേ? എങ്കില്‍ എന്താണ് ആ കുഴപ്പങ്ങള്‍? ഇവയ്ക്ക് എന്തെങ്കിലും പരിഹാരം ഉണ്ടോ?

ഏറ്റവും അടിയന്തിരമായി ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ട സമയമാണിത്. അതിനു നമ്മെ ഏറ്റവുമധികം സഹായിക്കുക ഒരുപക്ഷേ നമ്മുടെ രാഷ്ട്രവിധാതാവായ മാഹാത്മജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളായിരിക്കും.

ഗാന്ധിജി തന്‍റെ വിഖ്യാതമായ 'ഹിന്ദ് സ്വരാജ്' എന്ന ചെറിയ പുസ്തകമെഴുതിയിട്ട് നൂറുവര്‍ഷം ആയിരിക്കുന്നു. വ്യാവസായിക വിപ്ലവത്തെ തുടര്‍ന്നുണ്ടായ പടിഞ്ഞാറന്‍ നാഗരികതയ്ക്കും ആധുനിക വികസന രീതികള്‍ക്കുമെതിരെയുള്ള ഒരു മൗലിക വിമര്‍ശനമായിരുന്നു ഗാന്ധിജിയുടെ അഭിമുഖ സംഭാഷണ ശൈലിയിലുള്ള ഈ ചെറിയ 'വലിയ' പുസ്തകം. മുതലാളിത്തമെന്നും ജനാധിപത്യ മുതലാളിത്തമെന്നും മുതലാളിത്ത സോഷ്യലിഷസമെന്നുമെല്ലാം പറയാമെങ്കിലും വലിയ വ്യത്യാസങ്ങളില്ലാതെ ലോകത്തിലെ എല്ലാ രാജ്യങ്ങളും മൂലധനാധിഷ്ഠിതമായ ഏക ധ്രുവ സങ്കല്പത്തിലേക്ക് മാറിക്കഴിഞ്ഞു. കോര്‍പറേറ്റ് ആഗോളവത്കരണവും സ്വകാര്യവത്കരണവും ഇന്നിന്‍റെ വികസനമന്ത്രമായി പ്രചരിപ്പിക്കപ്പെടുന്നു. ഇവിടെയാണ് 'ഹിന്ദ് സ്വരാജ്' പോലെയുള്ള പഠനങ്ങളുടെ പ്രസക്തി.


ലോക സമ്പദ്ഘടനകളുടെ പരിമിതികള്‍

ഒരു അക്കാദമിക വിഷയമായി പതിമൂന്നാം നൂറ്റാണ്ടിലാണല്ലോ സാമ്പത്തികശാസ്ത്രത്തിന്‍റെ ഉദയം. ആഡംസ്മിത്തിന്‍റെ "An enquiry into the nature and the causes of the wealth of nations" എന്ന പുസ്തകത്തിന്‍റെ പ്രസിദ്ധീകരണത്തോടെയാണ് സാമ്പത്തിക മൂല്യങ്ങളെക്കുറിച്ചുള്ള സൈദ്ധാന്തിക അന്വേഷണം തുടങ്ങുന്നത്. ഏറെ പറഞ്ഞിട്ടുള്ള ഈ ചരിത്രത്തിലേയ്ക്ക് തത്ക്കാലം പ്രവേശിക്കുന്നില്ല. എങ്കിലും ഇന്നത്തെ മുഖ്യധാരാവികസന മാതൃകയെക്കുറിച്ച് പഠിക്കുമ്പോള്‍ ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ സ്വാധീനങ്ങളും സ്വഭാവവിശേഷങ്ങളും എന്തൊക്കെയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. വളരെയധികം വിഭജനങ്ങളോടു കൂടിയ ഭാഗികവീക്ഷണമാണ് ഇന്നത്തെ സാമ്പത്തികശാസ്ത്രത്തില്‍ കാണാന്‍ കഴിയുന്നത്. പരിസ്ഥിതി-സാമൂഹ്യഘടനയുടെ ഒരു ഭാഗം മാത്രമാണ് ആധുനിക സാമ്പത്തിക ശാസ്ത്രമെന്ന് അംഗീകരിക്കാന്‍ അതിന്‍റെ വക്താക്കള്‍ തയ്യാറാവുന്നില്ല. ഈ വിഭജിത നിലപാട് സര്‍ക്കാരിന്‍റെ നയപരിപാടികളിലും ആസൂത്രണത്തിലും സാമൂഹ്യ സാമ്പത്തിക സമീപനങ്ങളിലും കാണാന്‍ കഴിയും. മുതലാളിത്തവ്യവസ്ഥയുടെ വിമര്‍ശനത്തില്‍ 19-ാം നൂറ്റാണ്ടില്‍ തന്നെ മാക്സ് വെബര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

മറ്റൊന്ന് ക്യാപിറ്റലിസത്തിന്‍റെയും കമ്മ്യൂണിസത്തിന്‍റെയും പൊതുസ്വഭാവമായി നമുക്ക് കാണാന്‍ കഴിയുന്നത് അനുസ്യൂതമായ വളര്‍ച്ചയോടുള്ള അഭിനിവേശമാണ്. പരിമിതമായ പരിസരത്തില്‍ അനന്തമായ വികസനം സാധ്യമല്ലെന്ന് ഇന്ന് വളരെ വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വിരുദ്ധ ധ്രുവങ്ങളിലെന്ന് നാം കരുതിയ ഈ രണ്ടു പ്രത്യയശാസ്ത്രങ്ങള്‍ക്കും 'വികസന'ത്തിന്‍റെ കാര്യത്തില്‍ ഒരേ നിലപാടാണ് ഉള്ളത്. അത് വ്യാവസായിക വികസനവും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതാവട്ടെ കേന്ദ്രീകൃതമായ ഉദ്യോഗസ്ഥ മേധാവിത്തത്തിലാണ് അവസാനിക്കുന്നത്- സ്റ്റേറ്റായായാലും വന്‍കിട 'സ്വകാര്യ' കോര്‍പറേഷനായാലും. വളര്‍ച്ചയെന്നത് ജീവിതത്തിന്‍റെ അടിസ്ഥാനഘടകമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ എത്രത്തോളം ആരോഗ്യകരമാണ്, സംതുലിതമാണ് ഈ വളര്‍ച്ചയെന്നതാണ് ചോദ്യം.


മാര്‍ക്സില്‍നിന്ന് ഗാന്ധിയിലേക്ക്

മുതലാളിത്തം പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ടുള്ള സാമൂഹ്യ സാമ്പത്തിക വിശകലനമായിരുന്നല്ലോ മാര്‍ക്സിസം. മാര്‍ക്സിന്‍റെ തന്നെ വിഖ്യാതമായ ഒരു നീരിക്ഷണമുണ്ടല്ലോ, "ഇതുവരെയുള്ള തത്ത്വചിന്തകരെല്ലാം ചരിത്രം വ്യാഖ്യാനിക്കുകയായിരുന്നു. ഞാന്‍ ചരിത്രത്തെ മാറ്റാനാണ് ശ്രമിക്കുന്നത്". മാര്‍ക്സ് എങ്ങനെയാണ് ലോകത്തെ മാറ്റാന്‍ ശ്രമിച്ചത്?

ഫ്രഞ്ചുവിപ്ലവത്തിന്‍റെ ലക്ഷ്യത്തെ പിന്‍തുടര്‍ന്നുകൊണ്ട് മനുഷ്യര്‍ക്കിടയില്‍ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം ഇവ നടപ്പിലാക്കുക എന്നതായിരുന്നു ലക്ഷ്യം. ഏറ്റവും ഉയര്‍ന്ന മാനവിക മൂല്യങ്ങളാണ് ഇവയെന്ന് സംശയമില്ല. ഈ ഉദാത്ത ലക്ഷ്യങ്ങള്‍ മുന്നില്‍വച്ചുകൊണ്ട് എങ്ങനെ ലോകത്തില്‍ ഇതിനനുഗുണമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം അന്വേഷിച്ചു. മാറ്റത്തിനായി 'ചരിത്ര' വിശകലനത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിച്ചു. സമൂഹത്തിന്‍റെ അടിസ്ഥാന ധാരകളായി വര്‍ത്തിക്കുന്ന സാംസ്കാരികവും മതപരവുമായ എല്ലാറ്റിന്‍റെയും അടിസ്ഥാനം സാമ്പത്തിക ഘടനയിലും പ്രത്യേകിച്ച് ഉല്പാദനമാര്‍ഗ്ഗങ്ങളിലും ഉല്പാദകരിലുമാണെന്ന് അദ്ദേഹം കണ്ടെത്തി. അതുകൊണ്ട് സാമൂഹ്യമാറ്റത്തിന് ഉല്പാദനവും ഉല്പാദന ഉപാധികളും നിയന്ത്രിക്കുന്നവരും അതിനിരയായവരും തമ്മിലുള്ള വര്‍ഗ്ഗസമരമാണ് മാര്‍ഗ്ഗം. അങ്ങനെ വര്‍ഗ്ഗസമരത്തിലൂടെ ലോകത്തിലെ മൂലധനാധിഷ്ഠിത വ്യവസ്ഥകള്‍ തകരുന്നതുവഴി വര്‍ഗ്ഗരഹിത സമൂഹം ഉടലെടുക്കുമെന്നും, തുടര്‍ന്ന് തൊഴിലാളിവര്‍ഗ്ഗസ്വേച്ഛോധിപത്യം നിലവില്‍ വരുമെന്നും, ഇത് പിന്നീട് ജനാധിപത്യം സ്ഥാപിക്കുമെന്നും അങ്ങിനെ അവസാനം രാജ്യങ്ങള്‍ തന്നെ കൊഴിഞ്ഞുപോകുമെന്നും അദ്ദേഹം പറഞ്ഞുവച്ചു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്? ഈ കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങള്‍ ദേശീയതലത്തിലും അന്തര്‍ദ്ദേശീയതലത്തിലും യുദ്ധങ്ങളും അസമാധാനവും അല്ലേ ഉണ്ടാക്കിയിട്ടുള്ളത്? ലക്ഷക്കണക്കിനാളുകള്‍ ഈ ഉദാത്ത സ്വപ്നത്തിനായി ബലിയര്‍പ്പിക്കപ്പെട്ടു. മാര്‍ക്സിന്‍റെ മാനവികമൂല്യങ്ങള്‍ മറന്നുകൊണ്ട് അവ സമൂഹത്തില്‍ വെറുപ്പിന്‍റെയും ഹിംസയുടെയും അന്തരീക്ഷം സംജാതമാക്കി. കാറല്‍ മാര്‍ക്സിന്‍റെ മാനവികലക്ഷ്യങ്ങള്‍ക്കുമീതെ ഇതെങ്ങനെ സംഭവിച്ചു?


ഗാന്ധിജിയുടെ മാര്‍ക്സിയന്‍ വിശകലനങ്ങള്‍ നമ്മെ ഇതിനു സഹായിക്കും.

വിപ്ലവകാരി'യായ മാര്‍ക്സ് അടിസ്ഥാനപരമായ രാഷ്ട്രീയ ധാര്‍മ്മിക മൂല്യവ്യവസ്ഥകളെ മാറ്റുന്നതിന് ഒന്നും തന്നെ ചെയ്തില്ല എന്നതാണ് കാരണം. വിപ്ലവകരമായ മാറ്റങ്ങള്‍ക്കായി അതുവരെ ചരിത്രത്തില്‍ തുടര്‍ന്നുവന്ന അക്രമത്തിന്‍റെയും കീഴടക്കലിന്‍റെയും മാര്‍ഗ്ഗം തന്നെയാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നതും. തങ്ങളുടെ ലക്ഷ്യം നേടുന്നതിനായി കൗശലവും, വഞ്ചനയും, വെറുപ്പും, ഹിംസയും, യുദ്ധവും തരംപോലെ ഉപയോഗിക്കാം. എല്ലാം 'അടവ് നയ'ത്തിന്‍റെ ഭാഗം. ചുരുക്കിപ്പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരു മൂല്യമെ ഉള്ളൂ. അതായത് ലക്ഷ്യം നേടാന്‍ ഏതുമാര്‍ഗ്ഗത്തിനും സാധൂകരണമുണ്ട്. സാമാന്യജനങ്ങളുടെ താത്പര്യവും അവര്‍ക്കറിയേണ്ടതില്ല. അധികാരമുള്ളിടത്തോളം ഏകാധിപതിയായ സ്റ്റാലിന്‍ പറഞ്ഞതും ചെയ്തതും ശരി. അയാളുടെ തിരോധാനത്തിനുശേഷം ചരിത്രം മാറ്റിയെഴുതപ്പെടും. എന്നാല്‍ വ്യക്തികളുടെയോ സമൂഹത്തിന്‍റെയോ ഗതിവിഗതികളിലേയ്ക്ക് മാത്രമായി ഗാന്ധിജി സാമ്പത്തിക മൂല്യങ്ങളെ ചുരുക്കി കണ്ടില്ല. മാര്‍ക്സ് വീക്ഷിച്ചതുപോലെ എല്ലാ സ്ഥാപനങ്ങളും മൂല്യവ്യവസ്ഥകളും സാമ്പത്തിക മൂല്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതായി ഗാന്ധിജി കണ്ടില്ല. ലക്ഷ്യവും മാര്‍ഗ്ഗവും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായിരുന്നില്ല. എല്ലാം അഭിവാജ്യമാണ്. തെറ്റായ മാര്‍ഗ്ഗങ്ങള്‍ ലക്ഷ്യങ്ങളെ തെറ്റിക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളുടെ പരിണാമം അതാണല്ലോ കാണിച്ചു തരുന്നത്. ഗാന്ധിജിയുടെ 'വിപ്ലവം' സത്യവും അഹിംസയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. രാഷ്ട്രീയ മണ്ഡത്തില്‍ അതുവരെ നിലനിന്നിരുന്ന മൂല്യങ്ങളെ മാറ്റിമറിച്ച വ്യക്തി എന്നതായിരിക്കും ഗാന്ധിജിയുടെ രാഷ്ട്രീയ ചരിത്രത്തിലുള്ള സ്ഥാനം.


വികസന മാതൃകയുടെ പ്രതിസന്ധികളും ഗാന്ധിയന്‍ വീക്ഷണവും

ഗാന്ധിജിയുടെ ചിന്താസമ്പ്രദായത്തിന് മറ്റു സിദ്ധാന്തങ്ങളും ദര്‍ശനങ്ങളുമായുള്ള അടിസ്ഥാന വ്യത്യാസമെന്താണെന്ന് പരിശോധിക്കുന്നത് ഒരു ബദല്‍ രാഷ്ട്രീയ സാമ്പത്തിക മാതൃക അന്വേഷിക്കുമ്പോള്‍ ഏറെ പ്രസക്തമാണ്. ഇപ്പോഴത്തെ രാഷ്ട്രീയ ഭരണസമ്പ്രദായങ്ങള്‍ എന്തായാലും അദ്ദേഹമതിനെ അതിവര്‍ത്തിക്കാനാഗ്രഹിച്ചിരുന്നു. വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങള്‍ കണ്ടും കേട്ടും ശീലിച്ചവര്‍ ഇത് അപ്രായോഗികമാണെന്ന് വിധിയെഴുതാം. എന്നാല്‍ വളരെ ലളിതവും ഋജുവുമായിരുന്നു ഗാന്ധിജി പറഞ്ഞുവച്ചതും ചെയ്തതുമായ കാര്യങ്ങള്‍. ഗാന്ധിജിയുടെ സാമൂഹ്യ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ചിന്തകള്‍ കൂടുതല്‍ തെളിമയുള്ളതാക്കിയതും പിന്നീട് അവയെ ക്രോഡീകരിക്കാനും സഹായിച്ചത് ജോണ്‍ റെസ്കിന്‍ന്‍റെ 'അവസാനത്തവന്‍റെയും ഉദയം' (Unto This Last) എന്ന പുസ്തകത്തിന്‍റെ വായനയായിരുന്നു. ഗാന്ധിജി സൗത്ത് ആഫ്രിക്കയിലുണ്ടായിരുന്ന സമയത്ത് ജോഹന്നാസ്ബര്‍ഗ്ഗില്‍ നിന്ന് ഡര്‍ബനിലേയ്ക്കുള്ള യാത്രയിലാണ് അദ്ദേഹം ഈ പുസ്തകം വായിക്കാനിടയായത്.

ഗാന്ധിജി ഈ പുസ്തകം ആദ്യമായി ഗുജറാത്തിയിലേയ്ക്കാണ് വിവര്‍ത്തനം ചെയ്തത് - 'സര്‍വ്വോദയ' എന്ന പേരില്‍: എല്ലാവരുടെയും ഉന്നമനം. യഥാര്‍ത്ഥത്തില്‍ ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്രം തുടങ്ങുന്നതും ഒടുങ്ങുന്നതും 'സര്‍വ്വോദയം' എന്നൊരൊറ്റ ചിന്താധാരയിലാണെന്ന് കാണാന്‍ കഴിയും. ഗാന്ധിജിയുടെ സാമ്പത്തിക വ്യവസ്ഥതിയെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകള്‍ കൂടുതല്‍ വികസിപ്പിച്ചത് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ജെ.സി. കുമരപ്പയായിരുന്നു. അദ്ദേഹത്തിന്‍റെ Economy of Permanence തുടങ്ങിയ പുസ്തകങ്ങളും പഠനങ്ങളും ഈ ദിശയില്‍ വലിയ സംഭാവനകള്‍ നല്കിയിട്ടുണ്ട്.

സാമ്പത്തിക കാര്യങ്ങളില്‍ മാത്രമല്ല ഗാന്ധിജിയുടെ ചിന്ത വ്യാപരിച്ചിരുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, മതം, ഭരണനിര്‍വ്വഹണം, നീതിന്യായം, തൊഴില്‍ തുടങ്ങി ജീവിതത്തിന്‍റെ സമസ്ത മണ്ഡലങ്ങളിലും അദ്ദേഹത്തിന്‍റെ ചിന്തയും പ്രവര്‍ത്തനവും വ്യാപിച്ചിരുന്നു.

വ്യവസായിക യൂറോപ്പിന്‍റെ സാമൂഹ്യവ്യവസ്ഥകളോട് ഗാന്ധിജിക്ക് ഒട്ടും തന്നെ യോജിപ്പില്ലായിരുന്നു. പ്രകൃതിയോടും മനുഷ്യരോടുമുള്ള അമിതചൂഷണമാണല്ലോ ആധുനിക വ്യവസായിക വിപ്ലവത്തിന്‍റെ പ്രകടസ്വഭാവം. വലിയ അളവില്‍ കേന്ദ്രീകൃത സ്വഭാവത്തോടു കൂടിയ ഉല്പാദനപ്രക്രിയ, യാന്ത്രിക തൊഴിലുകള്‍ തുടങ്ങിയ ദോഷഘടകങ്ങളും ഒഴിവാക്കാനാകുമെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക പ്രവര്‍ത്തനത്തിന്‍റെ പ്രാഥമിക ഘടകങ്ങള്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയായിരിക്കണം.

ആധുനിക വ്യാവസായിക വികസന രീതികളോടുള്ള ഗാന്ധിജിയുടെ ശക്തമായ വിയോജിപ്പിന് ഇതുമാത്രമായിരുന്നില്ല കാരണം. മുതലാളിത്തത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും പിറകിലുള്ള ചാലകശക്തി എല്ലാ പരിധികളും ലംഘിച്ചുള്ള ഉപഭോഗസംസ്കാരമാണെന്നും അദ്ദേഹം അറിഞ്ഞു. ഉപഭോഗത്വരയില്ലാത്ത ഏതു വ്യവസായത്തെയും വികസനത്തെയും അദ്ദേഹം അനുകൂലിച്ചു. എല്ലാ മനുഷ്യരുടെയും ആവശ്യത്തിലധിഷ്ഠിതമായ ഉല്പാദനം - പ്രാദേശികമായും വികേന്ദ്രീകൃതമായും തൊഴില്‍ കേന്ദ്രീകൃതവുമായ ഉല്പാദനം - നിലവിലുള്ള ഒരു വ്യവസ്ഥയുടെയും ഭാഗമായിരുന്നിട്ടില്ലല്ലോ. പടിഞ്ഞാറന്‍ വ്യവസായിക ഘടനയോടുള്ള അദ്ദേഹത്തിന്‍റെ എതിര്‍പ്പിന്‍റെ മൂലകാരണവും ഇതു തന്നെയായിരുന്നു.

1926-ലെ 'യംഗ് ഇന്‍ഡ്യ'യില്‍ അദ്ദേഹം ഇങ്ങനെ എഴുതി: "ഇന്ത്യയെ ഇംഗ്ലണ്ടോ, അമേരിക്കയോ ആക്കണമെങ്കില്‍ ചൂഷണത്തിനായി ലോകത്തില്‍ പുതിയ വംശമോ സ്ഥലമോ കണ്ടെത്തേണ്ടിവരും..." ഇങ്ങനെ പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. ഗാന്ധിജി ഒരിക്കലും പടിഞ്ഞാറിനെ അന്ധമായി എതിര്‍ത്തിട്ടില്ല. ക്യാപിറ്റലിസവും കമ്മ്യൂണിസവും ആധുനികതയുടെ കണ്ടെത്തലുകള്‍ തന്നെ. എന്നാല്‍ ഇവയില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന ചൂഷണാധിഷ്ഠിതവും മത്സരാധിഷ്ഠിതവുമായ ഭാവത്തെ അദ്ദേഹം എതിര്‍ത്തിരുന്നു. കൃത്രിമമായി ആവശ്യങ്ങളും ആഗ്രഹങ്ങളും വര്‍ദ്ധിപ്പിക്കുന്നതു മാത്രമല്ല അദ്ദേഹത്തിനെ ആകുലചിത്തനാക്കിയിരുന്നത്. ഇന്ത്യയിലും ലോകത്തെമ്പാടും അടിച്ചേല്പിക്കപ്പെട്ട ദാരിദ്ര്യം അദ്ദേഹത്തെ ദുഃഖിതനാക്കിയിരുന്നു. ദാരിദ്ര്യം ഭൗതികമായി ദോഷകരമാണെന്നു മാത്രമല്ല ധാര്‍മ്മിക ച്യുതി കൂടിയായി അദ്ദേഹം കരുതി. അദ്ദേഹം ഇങ്ങനെയാണ് അതിനെക്കുറിച്ച് പറഞ്ഞത്: "ജീവിക്കാനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കുമുള്ളതുകൊണ്ടുതന്നെ നിലനില്പിനാവശ്യമായ ജീവനോപാധികളും ഭക്ഷണവും വസ്ത്രവും എല്ലാവര്‍ക്കും ആവശ്യമുണ്ട്. അതവര്‍ക്ക് അവകാശപ്പെട്ടതുമാണ്. ഇത്രയും സുവ്യക്തവും ലളിതവുമായ സത്യം മനസിലാക്കുന്നതിന് നമുക്ക് സാമ്പത്തിക വൈദഗ്ദ്ധ്യവും നിയമത്തിന്‍റെ സഹായവും വേണമെന്നില്ല." ഗാന്ധിജി വേറൊരു സന്ദര്‍ഭത്തില്‍ പറയുകയുണ്ടായി: "നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്കു വേണ്ടത് പ്രകൃതി ഉല്പാദിപ്പിക്കുന്നുണ്ട്. ഓരോരുത്തരും അവര്‍ക്ക് ആവശ്യമുള്ളതുമാത്രം എടുക്കുകയാണെങ്കില്‍ ലോകത്തില്‍ ദാരിദ്ര്യം ഉണ്ടാവില്ല... എന്നാല്‍ അസമത്വം നിലനില്‍ക്കുന്നിടത്തോളം കാലം കള്ളവും ചതിയുമുണ്ടാകും".

വികസനത്തിന് ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും പങ്ക് വളരെ വലുതാണ്. സുപ്രധാനമായ ശാസ്ത്രീയ കണ്ടെത്തലുകളാണ് ആധുനിക കാലഘട്ടത്തില്‍ നടന്നിരിക്കുന്നത്. ഇത് വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ആക്കം കൂട്ടിയിരിക്കുന്നു. പ്രകൃതിയുമായി സമരസപ്പെട്ടു പോകുന്നതിനു പകരം പ്രകൃതിയെ ഒരു എതിരാളിയെപ്പോലെ കണ്ട് വേഗത്തില്‍ കൊള്ളയടിക്കുന്നതിനും കീഴടക്കുന്നതിനും സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കപ്പെടുന്നു.


നിലനില്‍ക്കുന്ന വികസനം - വ്യക്തിയില്‍ നിന്ന് സമഷ്ടിയിലേക്ക്

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പലപ്പോഴും സ്വതന്ത്രമനുഷ്യര്‍ (free human beings)എന്നു പറയാറുണ്ടായിരുന്നതുപോലെ ഗാന്ധിജി 'ഹിന്ദ് സ്വരാജി'ലൂടെ ലക്ഷ്യംവച്ചിരുന്നത് ആത്മനിയന്ത്രണത്തിലടിസ്ഥാനപ്പെടുത്തിയ സ്വയംഭരണത്തിനായിരുന്നു. ഗാന്ധിജിയുടെ എല്ലാ ആശയങ്ങളുടെയും ആത്മബലത്തിന്‍റെയും സ്രോതസ്സ് ഈ മാനസികാവസ്ഥയായിരുന്നു. മനുഷ്യന് അവരുടെ ആന്തരികമായ ഊര്‍ജ്ജം കണ്ടെത്തുവാനും ശരിയായ ദിശയില്‍ തിരിച്ചുവിടാനും കഴിഞ്ഞാല്‍ അത് പുതിയൊരു നാഗരികതയ്ക്കും സംസ്കാരത്തിനും വൈവിധ്യപൂര്‍ണ്ണമായ സാങ്കേതികവിദ്യകള്‍ക്കും ഇടയാക്കുമെന്നദ്ദേഹത്തിന് ഉറച്ചവിശ്വാസമുണ്ടായിരുന്നു. മനുഷ്യന്‍റെ കാര്യക്ഷമതയ്ക്കുപരി, സര്‍ഗ്ഗാത്മകതയെ ഉണര്‍ത്തുന്നതും ഉയര്‍ത്തുന്നതും ശാസ്ത്രത്തിന്‍റെ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്നതും നമ്മുടെ പരിസരത്തിന്‍റെ സംതുലിതാവസ്ഥ തിരികെ കൊണ്ടുവരുന്നതുമായിരിക്കുമത്. ആ സാങ്കേതിക വിദ്യ ഒരിക്കലും പ്രകൃതിയെ ഹനിക്കുന്നതും മനുഷ്യനെ അതിന്‍റെ അടിമയാക്കുന്നതുമായിരിക്കില്ല.

നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ 'ഹിന്ദ് സ്വരാജ്' എന്ന പുസ്തകത്തില്‍ ഗാന്ധിജി ഇന്നത്തെ നാഗരികതയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ വളര്‍ച്ചയ്ക്ക് ഒരു പരിമിതിയുണ്ട് എന്ന ഗാന്ധിജിയുടെ ദര്‍ശനം പൂര്‍ണ്ണമായും വളര്‍ച്ചയെ നിഹനിക്കുന്ന ഒന്നല്ല. പക്ഷേ ഇന്ന് കാണുന്ന ഭൗതികമായ അത്യാര്‍ത്തിയെ ഒട്ടും അനുകൂലിക്കുന്നുമില്ല അദ്ദേഹം. അതോടൊപ്പം സ്വന്തം ജീവിതത്തില്‍ നമുക്കൊക്കെ വിഭാവനം ചെയ്യാവുന്നതിലുമപ്പുറം ലാളിത്യവും മിതത്വവും അദ്ദേഹം പാലിച്ചിരുന്നു. എല്ലാവരും ഈ മാതൃക ഉടനെ പിന്‍തുടരുമെന്ന് പ്രതീക്ഷിച്ചല്ല അദ്ദേഹം അങ്ങനെ ജീവിക്കാന്‍ തുടങ്ങിയത്. മറിച്ച്, തീര്‍ത്തും അശരണരായ ആയിരക്കണക്കിന് ജനങ്ങളുടെ പ്രതിനിധി എന്ന നിലയിലായിരുന്നു.

ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം വികസനം എന്നു പറയുന്നത് കൂടുതല്‍ വസ്തുവകകളോ, ആഡംബര ജീവിതമോ, കൂടിയ ദേശീയ വരുമാനമോ, ആളോഹരി ഉപഭോഗമോ, ആയുധശേഷിയോ അല്ല, മറിച്ച് കുടുംബ ബന്ധങ്ങളുടെ വികാസം, ബൗദ്ധികമായ ഉന്നതി(ജോലിക്കുപരി വിജ്ഞാനത്തിനും വിനോദത്തിനുമായി ശാസ്ത്ര വിഷയങ്ങളിലുള്ള അറിവ്), മാനസിക ഏകാഗ്രത,സാംസ്കാരിക - കലാപ്രവര്‍ത്തനങ്ങളിലുള്ള ആസ്വാദന മികവ്, ആദ്ധ്യാത്മിക വളര്‍ച്ച എന്നിവയെല്ലാമാണ്. ഗാന്ധിജി ഭൗതിക വളര്‍ച്ചയെ ഒരിക്കലും നിരാകരിക്കുന്നില്ല. എന്നാല്‍ അതോടൊപ്പം ഭൗതികത അതില്‍ തന്നെ സന്തോഷം തരുന്നില്ല എന്ന് തിരിച്ചറിഞ്ഞിരുന്നു. ഇത്രയും പറയുമ്പോള്‍ ഒരു കാര്യം നാം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ഭൗതിക സുഖസൗകര്യങ്ങളുടെ ബലം പിടിച്ചുള്ള നിരാസത്തിന് അദ്ദേഹം എതിരായിരുന്നു. ആധുനിക നാഗരികതയോടുള്ള അദ്ദേഹത്തിന്‍റെ കലഹത്തിനുള്ള കാരണവും ഇതു തന്നെയായിരുന്നു. ഇന്നത്തെ പരക്കംപാച്ചിലിനെ നിയന്ത്രിക്കാനോ യഥാര്‍ത്ഥ വളര്‍ച്ചയ്ക്കും സന്തോഷത്തിനും സഹായിക്കുന്ന വസ്തുതകളെ പ്രോത്സാഹിപ്പിക്കാനോ എന്തിന് അത് അംഗീകരിക്കാനോ തന്നെ അതു തയ്യാറാകുന്നില്ല. ഭൗതികവളര്‍ച്ചയ്ക്ക് ഇന്ന് നല്‍കുന്ന അമിതമായ ഊന്നല്‍ നമ്മുടെ സന്തോഷത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്നു മാത്രമല്ല അവ ക്രമേണ ഭൗതിക വളര്‍ച്ചയ്ക്കു തന്നെ വിഘാതമായി തീരുകയും ചെയ്യും. എന്നാണിനി നാം ഗാന്ധിജിയെ തിരിച്ചറിയുക, വീണ്ടെടുക്കുക?


(ലേഖകന്‍ നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പീള്‍സ് മൂവ്മെന്‍റിന്‍റെ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററാണ്. )

Featured Posts

bottom of page