top of page
ഇരുപതോ ഇരുപത്തിയഞ്ചോ കൊല്ലം മുമ്പാണ്. വിദ്യാസമ്പന്നനായ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു. "ഞാനെന്‍റെ മക്കളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുകയില്ല." "പിന്നെ?" കേട്ടുനില്ക്കുന്നവര്‍ ചോദിച്ചു. "ഞാനവരെ വീട്ടിലിരുത്തി പഠിപ്പിക്കും." വളരെ സ്വാഭാവികമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അദ്ദേഹം വിദ്യാസമ്പന്നനാണ്. അദ്ദേഹത്തിന്‍റെ ഭാര്യയും വിദ്യാസമ്പന്നയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന ചോദ്യത്തിന് അവര്‍ക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു. സാമ്പ്രദായിക വിദ്യാഭ്യാസസമ്പ്രദായം ഒരു വ്യക്തിയുടെ വളര്‍ച്ചയെയോ നീതിബോധത്തെയോ സൗന്ദര്യബോധത്തെയോ ലക്ഷ്യം വെയ്ക്കുന്നില്ല. ഒരു കുട്ടിയെ സമൂഹത്തിന് ഉതകുന്നവിധത്തില്‍ വ്യക്തിത്വ വികാസമുള്ളവനോ/ ഉള്ളവളോ ആക്കി വളര്‍ത്തിയെടുക്കുന്നതില്‍ അത് പരാജയമാണ്. എന്‍റെ മക്കള്‍ 'അറിവിന്‍റെയും അക്ഷരത്തിന്‍റെയും സാധ്യതകളെന്തൊക്കെ എന്ന് തിരിച്ചറിയണം. പരീക്ഷകള്‍ ജയിക്കുക എന്നതിലുപരി ജ്ഞാനമാര്‍ജ്ജിക്കുന്നതിലാവണം അവര്‍ മികവ് പുലര്‍ത്തേണ്ടത്.' മറ്റു നിരവധികാരണങ്ങളും സാമ്പ്രദായിക വിദ്യാഭ്യാസത്തിന്‍റെ പോരായ്മകളും അന്നദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഒരു കൊച്ച് സുഹൃദ്സദസ്സിലായിരുന്നു അന്നത്തെ സംവാദങ്ങള്‍ നടന്നത്. അദ്ദേഹത്തിന്‍റെ മക്കള്‍ക്ക് അഞ്ചും മൂന്നും വയസ്സായിരുന്നു, എന്നാണെന്‍റെ ഓര്‍മ്മ. പറഞ്ഞതുപോലെത്തന്നെ അദ്ദേഹം തന്‍റെ മക്കളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചില്ല. പക്ഷേ ഇന്ന് ആ കുട്ടികള്‍ അദ്ദേഹത്തിന്‍റെ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മികച്ച നിലയില്‍ ജീവിക്കുന്നു. അദ്ദേഹത്തിന് ജീവിതത്തെക്കുറിച്ചുണ്ടായിരുന്നത് വ്യത്യസ്തമായ സങ്കല്പമായിരുന്നു. പൊതുധാരയോടൊപ്പം ഒഴുകലായിരുന്നില്ല അത്. ജീവിതം എങ്ങനെ കൂടുതല്‍ സ്വസ്ഥവും ശാന്തവും ആനന്ദകരവുമാക്കിത്തീര്‍ക്കാം എന്ന അന്വേഷണമാണ് അദ്ദേഹം നടത്തിയത്.
ഉപഭോഗാസക്തമായ ഒരു ലോകം മനുഷ്യരെ അസംതൃപ്തരും ആര്‍ത്തി പിടിച്ചവരും ഉപഭോഗതത്പരരും ആക്കിത്തീര്‍ക്കുന്നു. രോഗാതുരമായ ബന്ധങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യത്വത്തിന്‍റെ വിലയിടിവ് അതിന്‍റെ സഹജസ്വഭാവമാണ്. ഉപയോഗിച്ച് വലിച്ചെറിയാവുന്ന വസ്തുക്കള്‍ പോലെ ബന്ധങ്ങളും അവരവരുടെ ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയാനുള്ളതാണ് എന്ന കച്ചവട മൂല്യം സൗഹൃദം അസാധ്യമാക്കുന്നു. ഇവിടെ എങ്ങനെ മറ്റൊരു രീതിയില്‍ ജീവിക്കാം എന്ന ചിന്ത പുലര്‍ത്തുന്ന അപൂര്‍വ്വം കുറച്ചു മനുഷ്യരെങ്കിലും ഉണ്ടാവുക സ്വാഭാവികം.
വയനാട്ടിലെ 'കനവ്' എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനം ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കെ. ജെ. ബേബിയുടെ ശ്രമഫലമായി ആദിവാസി കുട്ടികള്‍ക്കു വേണ്ടി നടന്ന ഒന്നായിരുന്നു അത്. ആദിവാസികളുടെ സ്വത്വവും സംസ്കാരവും ജീവിതരീതിയും മാറ്റിമറിക്കാതെതന്നെ അവര്‍ക്ക് എങ്ങനെ വിദ്യാഭ്യാസം നല്കാം എന്ന ചിന്തയാണ് അതിന്‍റെ കേന്ദ്രബിന്ദു. ഒരു ജനത എന്ന നിലയില്‍ അവരാര്‍ജ്ജിച്ചിട്ടുള്ള ജീവിതദര്‍ശനവും ജ്ഞാനവും അവരുടെ മക്കളിലേക്ക് എത്തിക്കേണ്ടതുണ്ട്. കൃഷിയുടെയും സംഗീതത്തിന്‍റെയും വൈദ്യത്തിന്‍റെയും പ്രകൃതിജീവിതത്തിന്‍റെയും സമാന്തര പാഠങ്ങള്‍ അവരില്‍നിന്ന് മുഖ്യധാരാ സമൂഹത്തിലേക്ക് എത്തേണ്ടതുണ്ട്. അതേസമയം സ്വന്തം സ്വത്വവും സംസ്കാരവും നിലനിര്‍ത്തിക്കൊണ്ടു തന്നെ ആധുനികലോകത്തിന്‍റെ ജ്ഞാനമേഖലകളെ അറിയാനും ആര്‍ജ്ജിക്കാനുമുള്ള അവസരം അവര്‍ക്കുണ്ടാകേണ്ടതുണ്ട്. കനവില്‍ കുട്ടികള്‍ ഏതാണ്ടൊരു ഗുരുകുല സമ്പ്രദായത്തിലുള്ള പഠനമാണ് നടത്തിയിരുന്നത്. കനവിന്‍റെ എല്ലാമായിരുന്ന കെ. ജെ. ബേബിക്കു പുറമേ മറ്റു വിഷയങ്ങളില്‍ പ്രാവീണ്യം നേടിയവര്‍ കനവിലെത്തുകയും കുട്ടികളുമായി സഹവസിച്ച് അവര്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. അവര്‍ ചരിത്രം പഠിക്കാന്‍ തുടങ്ങുന്നത് സ്വന്തം കുടുംബത്തിന്‍റെ ചരിത്രം പഠിച്ചുകൊണ്ടാണ്. അവര്‍ സസ്യശാസ്ത്രം പഠിക്കുന്നതും ഭൂമി ശാസ്ത്രം പഠിക്കുന്നതും കനവിന്‍റെ ചുറ്റുമുള്ള കാട്ടില്‍നിന്നും ഭൂപ്രകൃതിയില്‍നിന്നുമാണ്. ഭക്ഷണം പാകം ചെയ്യുന്നതും വെള്ളം കൊണ്ടു വരുന്നതും വിറകുതേടുന്നതും താഴെയുള്ള കുട്ടികളെ നോക്കി പരിപാലിക്കുന്നതുമൊക്കെ അവര്‍ തന്നെയാണ്. കണക്കുകൂട്ടല്‍ തൊട്ട് സിനിമവരെ വ്യാപ്തമായ വിഷയങ്ങളില്‍ അവര്‍ക്ക് അറിവുണ്ട്. അവര്‍ തങ്ങളുടെ ഗോത്രഗാനങ്ങളും നൃത്തവും നിരന്തരം അഭ്യസിക്കുകയും ആടുകയും പാടുകയും ചെയ്യുന്നു. സമ്പൂര്‍ണ്ണമായ അറിവ് എന്ന ഒന്നില്ലെങ്കിലും പൂര്‍ണ്ണത തേടുക എന്നതാണ് കനവിലെ വിദ്യാഭ്യാസസമ്പ്രദായത്തിന്‍റെ പ്രത്യേകത. അവര്‍ക്കു സിലബസോ സാമ്പ്രദായിക വിദ്യാഭ്യാസത്തിന്‍റെ അനുഷ്ഠാനങ്ങളോ പരീക്ഷയോ ഇല്ല. എന്നാല്‍, എസ്.എസ്. എല്‍. സി. പോലെയുള്ള ഒരു ബോര്‍ഡ്പരീക്ഷ എഴുതി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനു അവരെ സഹായിക്കാന്‍ ആ വിദ്യാഭ്യാസസ്ഥാപനത്തിന് സാധിക്കുകയും ചെയ്യും. അവര്‍ കൃഷി ചെയ്യുന്നു. ആടുമാടുകളെ വളര്‍ത്തുന്നു. എന്‍റെ വീട്ടില്‍ ഒരു കുമ്പളങ്ങയുണ്ടായാല്‍ ഞാനത് അടുത്ത വീട്ടിലും കൂടി പങ്കുവെച്ച് അനുഭവിക്കുന്നു. പകരം അവിടെയുള്ളത് എനിക്കും കിട്ടുന്നു എന്ന ആദിവാസി ജീവിതത്തിന്‍റെ കൊടുക്കല്‍ വാങ്ങലുകളാണ് അവരുടെ സാമ്പത്തികശാസ്ത്ര പഠനത്തിന്‍റെ അടിത്തറ. ഇതൊരു ഉട്ടോപ്യ ആണെന്ന് വിമര്‍ശിക്കുന്നവരുണ്ട്. പക്ഷേ, സാമ്പ്രദായിക വിദ്യാഭ്യാസത്തിന്‍റെ കുഴപ്പങ്ങളോടും പോരായ്മകളോടും തട്ടിച്ചു നോക്കുമ്പോള്‍ ഈ ഉട്ടോപ്യയില്‍ നിന്ന് പാഠങ്ങള്‍ ഏറെ ഉള്‍ക്കൊള്ളാനുണ്ടെന്ന് മനസ്സിലാകും.
നിലനില്ക്കുന്ന ജീവിതം ചൂഷണപരവും വിനാശകരവുമാണെന്ന തിരിച്ചറിവാണ് പലപ്പോഴും ബദലുകളെ അന്വേഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ഹരിതവിപ്ലവത്തിനുശേഷം നമ്മുടെ മണ്ണിനും വെള്ളത്തിനും ഭക്ഷ്യവസ്തുക്കള്‍ക്കും കര്‍ഷകര്‍ക്കും സംഭവിച്ചനാശം അത്രഭീകരമാകയാല്‍ കാര്‍ഷികമേഖലയില്‍ ഇന്ത്യയൊട്ടാകെ പാരമ്പര്യ കൃഷിരീതി എങ്ങനെ തിരിച്ചുകൊണ്ടുവരാം എന്ന ചിന്തയിലേക്ക് തിരിഞ്ഞു. ബി.ടി. പരുത്തി പരീക്ഷിച്ച കര്‍ഷകരുടെ കൂട്ടആത്മഹത്യകളും പരുത്തി ക്കൃഷിയുടെ വന്‍തോതിലുള്ള നാശവുമൊക്കെ ജനിതകമാറ്റം വരുത്തിയ വിത്തുകളോടും രാസവളവും കീടനാശിനിയും ഉപയോഗിച്ചുള്ള കൃഷിരീതിയോടും വലിയ സംശയം വെച്ചു പുലര്‍ത്താനും പഴയ കൃഷിരീതിക്കുതകുന്നവിധം മണ്ണിനെ ഇനിയെങ്ങനെ പുനരുജ്ജീവിപ്പിയ്ക്കാമെന്ന് ചിന്തിക്കാനും കര്‍ഷകരെ പ്രേരിപ്പിച്ചു. ഭക്ഷ്യസുരക്ഷയും ഭക്ഷ്യസ്വയം പര്യാപ്തയുമാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അഗ്രികള്‍ച്ചര്‍, അഗ്രി 'ബിസിനസ്' ആക്കി മാറ്റിയെടുത്ത ആഗോളമൂലധന തന്ത്രങ്ങള്‍ നമ്മെ വിഷം തിന്നുവരാക്കിമാറ്റി. ഒപ്പം വന്ന സാമ്പത്തിക നയങ്ങള്‍ കര്‍ഷകരെ കടക്കെണിയിലാക്കി ആത്മഹത്യയിലേക്ക് നയിച്ചു. ഇന്ന് സുഭാഷ് പലേക്കറെപ്പോലുള്ളവര്‍ 'സീറോ ബജറ്റ് ഫാമിങ്ങി'നെക്കുറിച്ച പറയുന്നത് ശ്രദ്ധിക്കാനും പ്രയോഗിക്കാനും ഒരുപാട്പേര്‍ മുന്നോട്ടു വരുന്നുണ്ട്. കൃഷിയുടെ ആത്മീയതയും ശാന്ത സ്വഭാവവും തിരിച്ചുകൊണ്ടുവരിക എന്നത് നമ്മുടെ ജീവിതരീതിയിലും സംസ്കാരത്തിലും തന്നെ മാറ്റങ്ങള്‍ക്ക് കാരണമാവും. സങ്കടകരമായ യാഥാര്‍ത്ഥ്യം, 'ഒറ്റ വൈക്കോല്‍ വിപ്ലവ'മായാലും 'സീറോ ബജറ്റ് ഫാമിങ്ങ്' ആയാലും ഇവിടെ നമ്മുടെ പൂര്‍വ്വികര്‍ ചെയ്തു പോന്നിരുന്ന പരമ്പരാഗത കൃഷിരീതി തന്നെയാണെന്നും അവയെ 'ബദലുകള്‍' എന്ന് വിളിക്കേണ്ടി വരുന്നു എന്നുമുള്ളതാണ്. ഉള്ളത് രുചിയോടെ, വിഷഭയമില്ലാതെ, ഉത്തമമായ ഉറപ്പോടെ ഭക്ഷിക്കാന്‍ കഴിഞ്ഞിരുന്ന പഴയകാലമാണ് ധാരാളിത്തത്തിന്‍റെയും ധൂര്‍ത്തിന്‍റേയും ഈ കാലത്തേക്കാള്‍ നല്ലതെന്നും ചുരുങ്ങിയപക്ഷം നമ്മെ ബാധിക്കുന്ന രോഗങ്ങളെങ്കിലും നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ട്.
എനിക്കൊരു എഞ്ചിനീയറെ അറിയാം. 'ക്ലയന്‍റ്' വീടുണ്ടാക്കാനുള്ള ചര്‍ച്ച തുടങ്ങുമ്പോള്‍ അദ്ദേഹം ചോദിക്കുന്നു. 'എത്രപേര്‍ക്ക് താമസിക്കാനുള്ള വീടാണ്?"
"മൂന്ന്, അല്ലെങ്കില്‍ നാല്."
"എത്ര സ്ക്വയര്‍ ഫീറ്റ്?"
"മൂവായിരമെങ്കിലും വേണം." ക്ലയന്‍റ് പറയുന്നു. "പറ്റില്ല. മൂന്നുപേര്‍ക്ക് താമസിക്കാന്‍ മൂവായിരം സ്ക്വയര്‍ ഫീറ്റിന്‍റെ ആവശ്യമില്ല." എഞ്ചിനീയര്‍ പറയുന്നു.
ക്ലയന്‍റ് അമ്പരക്കുന്നു, "വീട് വെയ്ക്കുന്നവനല്ലേ അത് തീരുമാനിക്കേണ്ടത്? എനിക്ക് മൂവായിരമോ മൂവായിരത്തഞ്ഞൂറോ വേണ്ടി വരും. അത് താങ്കള്‍ അറിയേണ്ട കാര്യമില്ല."
"എങ്കില്‍ നിങ്ങള്‍ വേറെ ആളെ നോക്കിക്കോളൂ. ഞാനിത് ചെയ്യില്ല.
നിര്‍മ്മാണമേഖല ഏറ്റവും വലിയ കൊള്ളയുടെ അക്ഷയഖനിയായി വിലസുന്ന ഇക്കാലത്ത് ഇങ്ങനെ ഒരെഞ്ചിനീയര്‍ക്ക് പ്രസക്തിയേറുന്നു. വിഭവങ്ങള്‍ തീര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ലോകമാണ് നമ്മുടേത്. മണ്ണ്, മണല്, കരിങ്കല്ല്, വെട്ടുകല്ല്, ഇരുമ്പ്, കമ്പി എല്ലാം ഉറവ വറ്റിക്കൊണ്ടിരിക്കുന്ന നിര്‍മ്മാണ സാമഗ്രികകളാണ്. ഒരു വീടുണ്ടാക്കുന്നവന്‍ ആയുഷ്കാലത്തെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കുന്നതെന്ന് നമുക്കറിയാം. പ്രകൃതിയോടിണങ്ങിച്ചേരുന്നതും അധികവിഭവചൂഷണം നടത്താത്തതുമായ ഒരു വീട് നിര്‍മ്മിക്കുക എന്ന ആശയമാണ് ലാറി ബേക്കര്‍ മുതല്‍പേര്‍ പുലര്‍ത്തിക്കൊണ്ടിരുന്നത്. ഇന്ന് കരിങ്കല്ലോ വെട്ടുകല്ലോ ഇല്ലാതെ മേല്‍മണ്ണുകൊണ്ട് തന്നെ വീടുണ്ടാക്കാമെന്ന ബദല്‍ ചിന്ത ഉയര്‍ന്നു വരുന്നുണ്ട്.
ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഇത്തരത്തിലുള്ള ബദലുകളുടെ അന്വേഷണം നടത്തുന്ന ഒട്ടേറെപ്പേരുണ്ട്. എനിക്കറിയാം ഒരമ്മയെ. കൊള്ളരുതാത്ത കെട്ടിയവന്‍, ധൂര്‍ത്തരായ ആണ്‍മക്കള്‍, ദാരിദ്ര്യം, അവഗണന, ഒരു ഞായറാഴ്ച കുര്‍ബ്ബാന കഴിഞ്ഞ് വരുംവഴി വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നിടത്തുനിന്ന് അവര്‍ക്കും കിട്ടി ഒരു തൈ. അത് കുഴിച്ചിടാന്‍ സ്ഥലമില്ലാത്തതിനാല്‍ അവരത് വഴിയോരത്ത് കുഴിച്ചിട്ടു. കുഴിച്ചിട്ട് ഉപേക്ഷിക്കുകയല്ല ചെയ്തത്. എന്നും നനച്ചു. അല്പം വളമിട്ടുകൊടുത്തു. അത് വളരുന്നത് അവരെ ആനന്ദിപ്പിച്ചു. പിന്നെ അതിനൊരു തുടര്‍ച്ചയുണ്ടായി. തന്‍റെ വീട്ടിലേക്കുള്ള വഴിയുടെ ഇരുപുറവും അവള്‍ നട്ടുപിടിപ്പിച്ച തൈമരങ്ങള്‍ വളര്‍ന്ന് വന്‍തണല്‍ വിരിച്ചു. ഈയടുത്ത് നാട്ടുകാരും പഞ്ചായത്തധികൃതരും ചേര്‍ന്ന് അവരെ ആദരിച്ച വേളയില്‍ അവര്‍ പറഞ്ഞു, കൊച്ചുന്നാളില്‍ പഠിച്ച ഒരു പാഠം അതിന് പ്രേരണയായി എന്ന്. കാലുകള്‍ തളര്‍ന്ന ചിയാങ് കൈപ്പെക് എന്ന ബാലന്‍ ഒരു വിത്തുമായി നിരങ്ങി നിരങ്ങി വന്ന് അത് കുഴിച്ചിട്ട് വളര്‍ത്തിയെടുത്ത കഥ. ഒരു തൈനടുമ്പോള്‍ ഒരു തണല്‍ നടന്നു എന്ന മഹത്തായ ചിന്ത, ജീവന്‍റെ വളര്‍ച്ചയില്‍ ലഭിക്കുന്ന നിശബ്ദമായ ആനന്ദം, ഇതൊക്കെ ഏത് എളിയവരിലും പ്രവര്‍ത്തിക്കുന്നുണ്ട്.
നാം ജീവിക്കുന്ന ഈ കാലഘട്ടം നിരന്തരമായ ആക്രമണങ്ങളുടെയും ബലാത്സംഗങ്ങളുടെയും സ്ത്രീ പീഡനങ്ങളുടെയും ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ നിറഞ്ഞതാണ്. കുടുംബത്തിനകത്തും പുറത്തും ഒരുപോലെ സ്ത്രീകള്‍ സുരക്ഷിതരല്ലാതിരിക്കുന്നു. സ്നേഹത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും പരസ്പരാദരവിന്‍റെയും കരുതലിന്‍റെയുമായ ഒരു സ്ത്രീപുരുഷ ബന്ധം എത്രയോ അകലെയാണ്. ഇതിനു കാരണം കുടുംബത്തിന്‍റെ, നിലനില്ക്കുന്ന അധികാര പ്രയോഗങ്ങളാണ്. വിവാഹം/ കുടുംബം തുടങ്ങിയ സ്ഥാപനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് 'സഹജീവിതം' പോലെയുള്ള സമാന്തര അന്വേഷണങ്ങള്‍ക്ക് മനുഷ്യര്‍ നിര്‍ബന്ധിതരാകുന്നത് ഈ സാഹചര്യത്തിലാണ്. 'ലൈംഗികത' ഏറ്റവും ആനന്ദകരവും ഏറ്റവും ഉദാത്തവുമായ രീതിയില്‍ ആസ്വദിയ്ക്കുന്നതില്‍ നിന്ന് മനുഷ്യരെ വിലക്കുന്ന കപടസദാചാര സങ്കല്പങ്ങളെ പുനഃപരിശോധിക്കേണ്ടതുണ്ട്. പൂര്‍ണ്ണതതേടുന്ന മനുഷ്യര്‍ക്ക് എന്താണ് 'ഇണ' യുടെ പ്രാധാന്യമെന്ന് മനസ്സിലാക്കിക്കൊടുക്കുന്നതില്‍ മതവും കുടുംബവുമൊക്കെ പരാജയപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. കുടുംബം ജനാധിപത്യപരമല്ലാത്തതുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യമില്ലാത്തവള്‍, കര്‍ത്തൃത്വമില്ലാത്തവള്‍, സ്വത്തധികാരമോ സ്വയം നിര്‍ണ്ണയാവകാശമോ ഇല്ലാത്തവള്‍ അടിമയേ ആകൂ; ഇണയാവില്ല. അതിനാല്‍ ആണും പെണ്ണും സ്വന്തം ഇണയെ കണ്ടെത്തുകയാണ് വേണ്ടത്. സ്ത്രീ പുരുഷബന്ധത്തില്‍ അനേകം ബദലുകള്‍ പരീക്ഷിക്കപ്പെടുന്ന കാലമാണ് ഇത്. പ്രണയം, ക്ഷമയും ത്യാഗവും ഉത്തരവാദിത്വവും ആഴമേറിയ സ്നേഹവും ആവശ്യപ്പെടുന്നുണ്ട്. പ്രണയിക്കാനുള്ള കഴിവാണ് ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.
Featured Posts
bottom of page