top of page
യുദ്ധങ്ങള്‍ എപ്പോഴും നഷ്ടങ്ങള്‍ മാത്രം അവശേഷിപ്പിക്കുന്നു. രണ്ടു ലോകമഹായുദ്ധങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ സത്യം ഇത്രമാത്രമാണ്. മഹായുദ്ധങ്ങള്‍, പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധവും ഹിറ്റ്ലറുടെ പടയോട്ടവുമൊക്കെ ഒന്നിലേറെ തവണ സിനിമയ്ക്ക് പ്രബന്ധങ്ങളായിട്ടുള്ള വിഷയങ്ങളാണ്. സ്പീല്‍ബര്‍ഗിന്‍റെ 'Schindler’s List’ ഉം ഹിറ്റ്ലറുടെ തന്നെ അവസാന ദിനങ്ങള്‍ അഭ്രപാളിയിലവതരിപ്പിച്ച ജര്‍മ്മന്‍ ചിത്രം 'Downfall’ ഉം ഒക്കെ ഉദാഹരണങ്ങള്‍. ഇവയൊക്കെ കഥ പറഞ്ഞത് വെടിയൊച്ചകളിലൂടെയും തീപ്പന്തങ്ങളിലൂടെയുമാണ്. യുദ്ധകാലത്തെ വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷം മാനസ്സിക തലത്തില്‍ മനുഷ്യനെ എത്രത്തോളം ബാധിക്കുന്നു എന്നന്വേഷിക്കുന്ന ഒരു ഹംഗേറിയന്‍ സിനിമയാണ് 'The Note book!' അഗോതാ ക്രിസ്റ്റോഫിന്‍റെ നോവലിനെ ആസ്പദമാക്കിയെടുത്ത ഈ ചിത്രം സംവിധാനം ചെയ്തത് യാനോസ് ഷാസ് ആണ്.
സന്തുഷ്ടമായി കഴിഞ്ഞു പോയിരുന്ന ഒരു യഹൂദ കുടുംബം. അച്ഛനും അമ്മയും ഇരട്ടകളായ രണ്ട് ആണ്‍മക്കളും. ഹിറ്റ്ലറുടെ യഹൂദ വേട്ടയില്‍ നിന്ന് രക്ഷ നേടുന്നതിനായി പിരിഞ്ഞു ജീവിക്കാന്‍ തീരുമാനിക്കുകയാണ് കുടുംബനാഥന്‍. ഒരുമിച്ചുള്ള അവസാന രാത്രിയില്‍ അച്ഛന്‍ ഒരു ഭംഗിയുള്ള നോട്ടു പുസ്തകം രണ്ടു മക്കള്‍ക്കും കൂടിയായി നല്‍കുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതം അതില്‍ പകര്‍ത്തണം എന്ന നിര്‍ദ്ദേശത്തോടെ.
പിറ്റേന്നു രാവിലെ തന്നെ പട്ടാളക്കാരനായ അച്ഛന്‍ വീടു വിട്ടിറങ്ങുന്നു. അമ്മയോടൊപ്പം പിരിയാന്‍ വിസമ്മതിച്ച ഇരട്ടക്കുട്ടികള്‍ അതിര്‍ത്തി പ്രദേശത്തുള്ള അവരുടെ മുത്തശ്ശിയുടെ വീട്ടില്‍ എത്തിച്ചേരുന്നു. തടിച്ച കര്‍ക്കശ സ്വഭാവക്കാരിയായ ഒരു സ്ത്രീയായിരുന്നു അവരുടെ മുത്തശ്ശി. അവര്‍ പരസ്പരം കാണുന്നത് ആദ്യമായിട്ടാണു താനും. 'അദ്ധ്വാനിക്കാത്തവന് അന്നമില്ല' എന്നു പറഞ്ഞ് ആദ്യമേ തന്നെ അവര്‍ നയം വ്യക്തമാക്കുന്നു. സുഖസമൃദ്ധിയില്‍ ജീവിച്ചു പോന്ന കുട്ടികള്‍ക്ക് ആദ്യമാദ്യം ഈ കഠിനജീവിതത്തോട് പൊരുത്തപ്പെടാന്‍ ആവുന്നില്ല. എന്നിരുന്നാലും മുത്തശ്ശിയുടെ കടുത്ത പീഡനങ്ങള്‍ക്കിടയിലും സ്വന്തം ജീവിതം നോട്ടു പുസ്തകത്തില്‍ പകര്‍ത്തി വയ്ക്കുവാന്‍ അവര്‍ മറന്നുപോകുന്നില്ല.
ഇപ്രകാരമുള്ള ജീവിതത്തില്‍ പിടിച്ചു നില്‍ക്കുവാന്‍ തങ്ങളുടെ ശരീരത്തെ പരിശീലിപ്പിച്ചെടുക്കേണ്ടത് ഒരു ആവശ്യമാണെന്ന് ആ ഇരട്ടക്കുട്ടികള്‍ മനസ്സിലാക്കുന്നു. ബെല്‍റ്റുകൊണ്ട് പരസ്പരം തല്ലി വേദന മറക്കാന്‍ ശ്രമിക്കുന്ന കുട്ടികളുടെ രംഗം ആരിലും അമ്പരപ്പുളവാക്കും. ബോധം മറഞ്ഞ് നിലത്തു വീഴുന്നതു വരെ അവര്‍ പരസ്പരം തല്ലുന്നു. അവരുടെ വീടിനരികെ ക്യാമ്പ് ചെയ്യാനെത്തുന്ന പട്ടാളത്തലവന്‍ ഇതു കാണുകയും അതിനെപ്പറ്റി ചോദിച്ചറിയുകയും ചെയ്യുന്നു. അയാള്‍ക്ക് സ്വാഭാവികമായും ആ കുട്ടികളോട് അനുകമ്പ നിറഞ്ഞ ഒരു ബഹുമാനം തോന്നിയിട്ടുണ്ടാവണം.
ഓര്‍മ്മകളെ എങ്ങനെ ഓര്‍ക്കാതിരിക്കാം എന്നാണ് അവര്‍ രണ്ടാമതായി പഠിക്കുന്നത്. കുടുംബത്തോടൊപ്പം ഉള്ള ഫോട്ടോകളെല്ലാം അവര്‍ അതിനായി കത്തിച്ചുകളയുന്നു. അത്രനാളും പൊന്നുപോലെ കാത്തുസൂക്ഷിച്ച കടലാസു തുണ്ടുകളെല്ലാം കത്തിയെരിഞ്ഞ് ഒരല്‍പം ചാരമായി പരിണമിക്കുമ്പോള്‍ വൈരാഗ്യം കലര്‍ന്ന ഒരു മനോസുഖം അവര്‍ അനുഭവിക്കുന്നു. അങ്ങനെ അവര്‍ വേദനയിലും സുഖം കണ്ടെത്താന്‍ പഠിക്കുന്നു.
ഇരട്ടകളുടെ സ്വഭാവത്തിലും പ്രവൃത്തിയിലും ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടാകാനാരംഭിക്കുന്നത് മഞ്ഞില്‍ തണുത്തു മരവിച്ച് മരിക്കാറായി ഇരുന്ന ഒരു പട്ടാളക്കാരനെ അവര്‍ കണ്ടെത്തുന്നതോടെയാണ്. അയാള്‍ക്കുള്ള ആഹാരവും കമ്പിളിയുമായി കുട്ടികള്‍ തിരികെയെത്തിയപ്പോഴേയ്ക്കും ആ പട്ടാളക്കാരന്‍ പരലോകം പുല്‍കിയിരുന്നു. എന്നും സൂപ്പാണ് ക്രൂരയായ മുത്തശ്ശി അവര്‍ക്കു നല്‍കിക്കൊണ്ടിരുന്നത്. അന്നു വൈകിട്ട് അവര്‍ നല്‍കിയ ആഹാരം ആ കുട്ടികള്‍ നിരസിച്ചു. ഇരട്ടകളുടെ മട്ടും ഭാവവും പിന്നെ കണ്ണുകളിലെ ഭാവശൂന്യതയും കണ്ട് വൃദ്ധ ഒരു വേള പകച്ചു പോകുന്നു. താന്‍ കഴിച്ചു കൊണ്ടിരുന്ന ഇറച്ചി മുഴുവനായും അവര്‍ കുട്ടികള്‍ക്കായി വച്ചുനീട്ടുന്നു. എന്നിട്ടും പ്രലോഭനങ്ങള്‍ക്കു വഴിപ്പെടാതെ ആഹാരം നിരസിക്കുന്ന ഇരട്ടകള്‍ അങ്ങനെ കഠിനമായ മൂന്നാം അദ്ധ്യായവും അനായാസം കടന്നുപോകുന്നു.
മരണഭയത്തില്‍ നിന്നു കൂടി അവര്‍ക്ക് വിടുതല്‍ നേടേണ്ടിയിരുന്നു. അതിനായി അവര്‍ തെരഞ്ഞെടുത്തത് വ്യത്യസ്തവും കൗതുകകരവുമായ മാര്‍ഗ്ഗമാണ്. ചത്തുപോയ ഷഡ്പദങ്ങളെയും മറ്റും നിരയായി അവര്‍ തങ്ങളുടെ നോട്ടുപുസ്തകത്തില്‍ ആണിയടിച്ചു ചേര്‍ക്കുന്നു. അങ്ങനെ ആണിയടിച്ചു ചേര്‍ത്ത ചുവന്ന നിര പടയാളികളെ അനുസ്മരിപ്പിച്ചു. സിനിമയില്‍ 'ഹാരെലിപ്' എന്ന കഥാപാത്രം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഹാരെലിപ്പിന്‍റെ അമ്മ മൂകയും ബധിരയും അന്ധയും ആയ ഒരു സ്ത്രീ ആയിരുന്നു. അന്നന്നത്തേക്കുള്ള ആഹാരം അവള്‍ കണ്ടെത്തിയിരുന്നതാകട്ടെ കളവിലൂടെയും. പുതിയ അന്തരീക്ഷത്തില്‍ ഇരട്ടക്കുട്ടികള്‍ക്ക് പറ്റിയ ഒരു കൂട്ടാളിയായിരുന്നു ഹാരെലിപ്. ഹിറ്റ്ലറുടെ ജര്‍മ്മനിക്കെതിരെ സോവിയറ്റ് യൂണിയന്‍ ആധിപത്യം നേടിയതോടെ യുദ്ധം അവസാനിച്ചു. വിജയശ്രീലാളിതരായി മടങ്ങുന്ന ഒരു സോവിയറ്റ് പട്ടാളവണ്ടിയില്‍ ഹാരെലിപ് അഭയം തേടുകയും പട്ടാളക്കാര്‍ അവളെ ബലാല്‍സംഗം ചെയ്ത് കൊല്ലുകയും ചെയ്യുന്നു. അത്ര കാലവും ബധിരയും അന്ധയുമായി ജീവിതം കഴിച്ച അവളുടെ അമ്മ അപ്പോള്‍ ഇരട്ടകളോട് വിളിച്ചു പറഞ്ഞു: എനിക്ക് കണ്ണു കാണാം, ചെവിയും കേള്‍ക്കാം!
അപ്പോഴേക്കും വര്‍ഷങ്ങള്‍ കടന്നുപോയിക്കഴിഞ്ഞിരുന്നു. ഒരു രാത്രി ഇരട്ടക്കുട്ടികളുടെ അമ്മ അവരെ തിരികെ കൊണ്ടുപോകാനായി എത്തുന്നു. അമ്മയുടെ ഒപ്പം ഒരു അന്യപുരുഷനെയും കൈക്കുഞ്ഞിനെയും കണ്ടതിനാലാണോ, അതോ കാലം അവര്‍ക്കിടയില്‍ വരച്ച അതിര്‍രേഖ കൊണ്ടോ, ഇരട്ടകള്‍ അമ്മയോടൊപ്പം പോകാന്‍ മടിച്ചു. ഒരു നിമിഷത്തിന്‍റെ ഇടവേളയില്‍ ആ കുട്ടികളുടെ മുമ്പില്‍ വച്ച് അവരുടെ അമ്മയും ആ പിഞ്ചു കുഞ്ഞും മരിച്ച് വെണ്ണീറായി. എന്നിട്ടും അവര്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിച്ചില്ല. പിന്നീട് അവരുടെ അച്ഛനും അവശനിലയില്‍ മടങ്ങിയെത്തുന്നു. വൃദ്ധ വിളമ്പിയ ആഹാരം അയാള്‍ ആര്‍ത്തിയോടെ കഴിക്കുന്നു.
ഒരുമിച്ച് നില്‍ക്കമ്പോള്‍, പീഡനങ്ങള്‍ ഏറ്റു വാങ്ങുന്നു. വേദന സഹിക്കുവാനും ആ ഇരട്ടക്കുട്ടികള്‍ക്ക് ഒരു പ്രത്യേക ആവേശമാണ്. എന്നാല്‍ വേര്‍തിരിഞ്ഞു നില്‍ക്കുമ്പോള്‍ അവര്‍ സാധാരണ മനുഷ്യക്കുട്ടികളായി പരിണമിക്കുന്നു. ജീവിതത്തിനു മേല്‍ സാര്‍വത്രികമായ ആധിപത്യം നേടുവാന്‍ അകന്നു ജീവിക്കുന്നതു കൂടി ഒരാവശ്യമാണെന്ന് അവര്‍ അറിയുന്നു. അതിനു കരുവായി അവര്‍ തെരഞ്ഞെടുക്കുന്നത് സ്വന്തം അച്ഛനെത്തന്നെയാണ്.
കുഴിബോംബുകള്‍ നിറഞ്ഞ അതിര്‍ത്തി രേഖ കടക്കുവാനായി അവര്‍ അച്ഛനെ ആദ്യമേ തന്നെ പറഞ്ഞു വിടുന്നു. ബോംബു പൊട്ടി അയാള്‍ മരിച്ചു വീഴുന്നത് നിര്‍വികാരമായി നോക്കി നില്‍ക്കുന്ന ഇരട്ടക്കുട്ടികളില്‍ ഒരുവന്‍ അയാളുടെ നെഞ്ചില്‍ ചവിട്ടി അതിര്‍ത്തി കടക്കുന്നു. നീളത്തില്‍ കെട്ടിയിരിക്കുന്ന മുള്ളുവേലികളുടെ അപ്പുറത്തേക്കും ഇപ്പുറത്തേക്കുമായി നടന്നകലുന്ന അവര്‍ ഇനി ഒരിക്കലും തമ്മില്‍ കാണേണ്ടി വരില്ലെന്ന് ഉറപ്പാണ്.
യുദ്ധം ഏറ്റവുമധികം ബാധിക്കുന്നത് അബലകളെയും കുട്ടികളെയുമാണെന്ന് ഈ സിനിമ വിളിച്ചു പറയുന്നു. വളര്‍ന്നു വന്ന സാഹചര്യത്തെക്കാളും എത്തപ്പെടുന്ന സാഹചര്യമാകും കുട്ടികളെ ഏറെ ബാധിക്കുക. The Note book ലെ ഇരട്ടക്കുട്ടികള്‍ അതിനുള്ള ഉദാത്ത ഉദാഹരണങ്ങളാണ്. സ്നേഹം മാത്രം അറിഞ്ഞു വന്ന അവര്‍ സ്വന്തം മാതാപിതാക്കളുടെമരണം ആസ്വദിക്കാന്‍ തക്ക വിധത്തില്‍ പരിണമിക്കുന്നു. പരിണാമം ഒരു സ്വാഭാവിക പ്രതിഭാസമാണല്ലോ. എത്ര ശ്രമിച്ചാലും ഒഴിവാക്കാന്‍ സാധ്യമല്ലാത്ത അതിസാധാരണമായ ഒരു പ്രതിഭാസം!
Featured Posts
bottom of page