top of page

ഓൾഡ് മങ്ക് & OET

Dec 4

3 min read

ജോര്‍ജുകുട്ടി സെബാസ്റ്റ്യന്‍
A capuchin monk

പഴകിയതെങ്കിലും പോളിഷ് ചെയ്തു മിനുക്കിയ തടിവാതിൽ. മുകളിൽ 'ആവൃതി', വശങ്ങളിലായി "നിശബ്ദത പാലിക്കുക'' "പ്രവേശനമില്ല' തുടങ്ങിയ അറിയിപ്പുകൾ വായിക്കാം. മുന്നിലുള്ള വരാന്തയിലെ കയറിൽ കൊരുത്ത മണി ആരോ വലിച്ചു കിലുക്കി. വാതിൽ തുറന്ന് പ്രായമേറിയൊരാൾ പ്രത്യക്ഷപ്പെട്ടു. മണിയടിക്കാരനെ ശ്രദ്ധിക്കാതെ പടികളിറങ്ങി മെല്ലെ മുന്നോട്ട് നീങ്ങി അടുത്തുള്ളൊരു മുറിയിലേക്ക്... അവിടെ പോളിഷ് ചെയ്ത പഴയൊരു മേശ... നീണ്ട വെളുത്ത താടിയു ള്ളൊരാൾ നടുവിലെ തടിക്കസേരയിൽ ഇരുപ്പുറപ്പിച്ചു. പ്ലാസ്റ്റിക് കയർ പിന്നിയിട്ട, ചുറ്റുമുള്ള കസേരകളിൽ തികഞ്ഞ അച്ചടക്കത്തോടെ കുറച്ചു പേരുമുണ്ട്. മണി വീണ്ടും മുഴങ്ങി. അതിലല്പം നീരസത്തോടെ ആളുടെ ശബ്ദം മുഴങ്ങി;

"Good Evening my dear children...."

***


Parlor -ashram

ഒരു ചില്ലുകൂട്ടിൽ ലെതർ ചെയറുകൾ നിറയെ ആളുകൾ. ചില്ലറ ബഹളങ്ങൾക്കിടയിൽ വലിയൊരു പ്രൊജക്ടർ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടയാൾ; Good evening to you all, Today, lets discuss about the latest Speaking Role Play Samples, come on guys, the exam is fast approaching...

ഉദ്യോഗാർഥികളുടെ മുഖഭാവങ്ങളിൽ നിന്നും ആ പിരിമുറുക്കം വായിച്ചെടുക്കാനാവും.

***

ചോദ്യങ്ങൾ ഓരോരുത്തരുടെ ഊഴമനുസരിച്ചു തടിമീശയ്യ്ക്ക് ചുറ്റും കറങ്ങുന്നു, കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത ഉഴപ്പന്മാരെ ഇടയ്ക്ക് ചെറുതായൊന്നു കിഴുക്കി വീണ്ടും വീണ്ടും പാഠങ്ങൾ ഉച്ചരിക്കുന്ന ഗുരുവര്യൻ. ഇടയ്ക്ക് ഏതോ പുസ്തകമെടുക്കാൻ പ്രവേശനമില്ലാത്ത 'ആവൃതി'യിലേക്ക് അയക്കപ്പെട്ടൊരു കിഴുക്കപ്പെട്ടവന് മുന്നിൽ തെളിയുന്നത് വൃത്തിയും വെടിപ്പുമുള്ളൊരു നീളൻ വരാന്ത. നടുമുറ്റത്തിലെ ആരാമം നിറയെ ധ്യാനത്തിലലിയുന്ന റോസാ ദളങ്ങൾ. ഉത്തരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ മുറിച്ചു വീണ്ടും നാടകൾ കൊണ്ട് കെട്ടപ്പെട്ട കുമ്പളങ്ങകൾഎട്ടാം നമ്പർ മുറിയിൽ നിന്നും പുസ്തകമെടുത്തു ഇക്കാഴ്ച്ചകളിലൂടെ തിരിച്ചു നടന്നു പുസ്തകം കൈമാറുമ്പോൾ ഒരു സന്ദേഹം ബാക്കി!!! ആ മുറിക്കപ്പെട്ട കുമ്പളങ്ങകൾക്കുള്ളിൽ എന്തായിരിക്കും???? ചോദ്യം ഗുരുവിനോട് അരുളണമെന്നുണ്ട്. പക്ഷെ ഗുരു അഭ്യസിപ്പിക്കുന്ന ഭാഷയിൽ തന്നെ ചോദിക്കണം!!!. അതൊട്ടറിയുകയുമില്ല!!! ക്‌ളാസ്സ് കഴിഞ്ഞു പുറത്തേക്കോടുന്ന കുട്ടികൾ സന്തോഷഭരിതരാണ്...എല്ലാവരുടെയും കൈകളിൽ വീട്ടിൽ വിലക്കപ്പെട്ട കനികളായ മിഠായി കളും മധുരപലഹാരങ്ങളുമെല്ലാം ആവോളം❤❤

***


Interlocuter ലൂടെ ചോദ്യമെത്തി. Candidate ലേക്ക്

[00:00:02.25]

Thank you. The role play will now last for 5 minutes. Don’t worry if I stop you when the time is up. Can you start now, please?

[00:00:12.18]

Yes. Good morning, Alex. My name is Jobin, your nurse for today. How are you?

[00:00:18.33]

Hi, Jobin. Yeah, not. Not too bad. Thanks.

[00:00:23.99]

Uh, do you have...er what brings you along here today? Anyway?

[00:00:28.40]

I just had a, er recently had a lesion removed from my hand, and the doctor told me to come in and get the

stitches out today........

അഞ്ചു മിനിറ്റുകൾക്കൊടുവിൽ Accessor ടെ കമന്റ്‌സ് എത്തി...

"The candidate opens the role play appropriately by introducing himself and asks about the

purpose of the visit. Throughout the role play the candidate is easy to understand........"

Test Results OET

പരീക്ഷാ കേന്ദ്രത്തിനു പുറത്തേക്കിറങ്ങുന്നയാളുടെ മുഖത്തും, അകതാരിൽ വിരിഞ്ഞ സന്തോഷം അലയടിച്ചുയരുന്നു..അത് ഒരു കമ്പ്യൂട്ടർ സ്ക്രീനീന് മുൻപിൽ ഉയർന്ന മാർക്കുകൾ തന്റെ പേരിനു നേരെ കാണുന്നിടത്ത് കൂടുതൽ പ്രശോഭിതമാകുന്നു.

***

ജോബിൻ ഇപ്പോൾ ബർമിങ്ങ്ഹാം എയർപോർട്ടിലാണ്. കൊച്ചിയിലേക്ക് സകുടുംബം ഒരു അവധിക്കാല യാത്ര. പതിറ്റാണ്ടുകൾ സൗദി അറേബ്യയുടെ ഊഷരഭൂമിയിൽ രോഗികൾക്ക് സ്വാന്തനത്തിന്റെ കുളിർമയേകി സ്വസ്ഥത നുകരുന്നതിനിടെയാണ് യു കെ എന്ന സ്വപ്നം വീണ്ടും തളിർക്കുന്നത്. പഠനത്തിന്റെ എല്ലാ കെട്ടും വിട്ട പ്രായത്തിൽ OET യിൽ ആദ്യ അവസരത്തിൽ തന്നെ ഹൈ സ്കോർ. ലോഞ്ചിൽ ഫ്ലൈറ്റിനുള്ള വിരസ ഇടവേളയിലാണ് ബാല്യത്തിലെ ചില സരസ ഓർമ്മകൾ 'ആവൃതി' തുറന്ന് അനാവൃതമാകുന്നത്!!!!!


ആ വാതിൽ തുറന്നു വരുന്നത് ഭരണങ്ങാനം അസ്സീസ്സി ആശ്രമത്തിലെ അപ്രേമച്ചനാണ്‌. ഇറ്റലിയിലെ അസ്സീസിയിൽ നിന്ന് ക്രിസ്തുവിനോടുള്ള പ്രേമത്തിൽ ചരിച്ച ഫ്രാൻസിസ് പുണ്യവാളന്റെ പിൻഗാമി. ഒരു കപ്പ് കപ്പുച്ചിനോ കുടിച്ചു തീർക്കുമ്പോൾ മുന്നിൽ തെളിയുന്നത് പുണ്യചരിതനായ ആ കപ്പുച്ചിനച്ചൻ. കടുപ്പം കലർന്ന ആംഗലേയ ഭാഷ ബാല്യത്തിൽ തന്നെ ലൈറ്റ് ആക്കിയ സന്യാസി! അപ്രേമച്ചൻ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആശ്രമത്തിനോട് ചേർന്നുള്ളൊരു മുറിയിൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു. അത് കനത്ത ഫീസ് ഈടാക്കിക്കൊണ്ടായിരുന്നു!!!! കുറച്ചു എക്ലയർ, കോഫി ബൈറ്റ്, കാരമിൽക്ക്, കേക്ക്, ലഡ്ഡു, കടല മിഠായി സാധിക്കുന്നവർ അത് പ്രതിഫലമായി കൊടുത്തുകൊണ്ടേയിരിക്കും. അച്ചൻ അതെല്ലാം ശിഷ്യന്മാർക്ക് വീതം വച്ചു കൊടുത്തു കൊണ്ടേയുമിരിക്കും. കുട്ടികളുടെ ചില്ലറ കുസൃതികളിൽ വിലപിടിപ്പുള്ള ചിരിയോടെ പങ്കു ചേരും. തന്റെ കാപ്പിപ്പൊടി വേഷത്തിന്റെ പിറകിൽ തൂക്കിയ ദാരിദ്ര്യത്തിന്റെ സഞ്ചിയുടെ ആകൃതിയിൽ തന്നെ നീണ്ട തൂവെള്ളത്താടി യിൽ ആരുടെയും നോട്ടം ആദ്യം തടയുന്ന രീതിയിൽ ഒരു സൗമ്യരൂപം. ഒടുവിലത്തെ 'oetഅക്കാഡമിയിൽ തുടങ്ങി ഇംഗ്ലീഷ് പലരും പഠിപ്പിച്ചെങ്കിലും അതിൽ അദ്വിതീയൻ അപ്രേമച്ചൻ തന്നെ....

|ഫ്ലൈറ്റ് ടേക്ക് ഓഫ്|

***

Assisi Ashram, Bharananganam

ടൗണിനോട് അടുത്ത് എന്നാൽ അതിന്റെ ബഹളങ്ങളിൽ നിന്നെല്ലാം തെല്ലകന്ന് പ്രകൃതിയെ പുൽകി, മീനച്ചിലാറിലേയ്ക്ക് ധ്യാനാത്മകമായ ദൃഷ്ടികൾ നീട്ടി ഭരണങ്ങാനത്തെ അസ്സീസി ആശ്രമം.....

ദാരിദ്ര്യം എന്ന പുണ്യപാതയിൽ സഞ്ചരിച്ചു വീടുകൾ തോറും കയറിയിറങ്ങി അവശ്യസാധനങ്ങൾ ശേഖരിച്ചു പ്രാർത്ഥനയിൽ മുഴുകുന്നതായിരുന്നു ഒരിക്കൽ ഫ്രാൻസിസ്കൻ ജീവിത രീതി. കുരുവിനാക്കുന്നേൽ- കോളപ്പാത്ത് കുടുബം ക്ലാരമഠത്തിനു ദാനം ചെയ്ത സ്ഥലത്താണ് ആ കുടുംബത്തിന്റെ തന്നെ ഉദാരമനസ്കതയിൽ 1950കളിൽ ആശ്രമം സ്ഥാപിതമാകുന്നത്.

Tomb stone of Fr. John Berchmans ofm Cap

അതിൽ പ്രധാന പങ്കാളിയായ ബെർക്ക്മാൻസ് അച്ചന്റെ ഭൗതികശരീരം കേടുപാടുകളില്ലാതെ പിന്നീട് കണ്ടെത്തുന്നത് ആശ്രമപ്പള്ളിയോട് ചേർന്ന് പുതിയ കല്ലറകൾ നിർമ്മിച്ച് മുൻപ് മറ്റൊരു ഭാഗത്ത് അടക്കപ്പെട്ട ഏഴ് ദേഹാവശിഷ്ടങ്ങൾ മാറ്റുന്നതിനിടെയാണ്. അന്ന് 1990 കളിൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നാമകരണനടപടികൾ തുടങ്ങിയെന്നൊക്കെ കേട്ടിരുന്നു.


Vault at Assisi Ashram Bharananganam

അവിടെ അപ്രേം അച്ചനുൾപ്പെടെ നന്മയ്ക്കായി സ്വയം സമർപ്പിതരായ പുണ്യാത്മാക്കളുടെ സാന്നിധ്യം ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു. സെറാഫിക് സെമിനാരിയും കിണറിനു സ്ഥാനം കാണുന്നതിൽ പ്രാവീണ്യമുണ്ടായിരുന്ന പുണ്യചരിതനായ അർമൺഡ് അച്ചൻ ഊതിക്കാച്ചിയെടുത്ത ഇദംപ്രഥ കരിസ്മാറ്റിക് ധ്യാന കേന്ദ്രം അസ്സീസ്സി റിന്യൂവൽ സെന്ററുമെല്ലാം ആ പൂങ്കാവനത്തിനു മാ റ്റു കൂട്ടുന്നു. ദൈവത്തെ പലരും ബിസിനസ്സ് പാർട്ണർ ആക്കുന്നതിനു മുൻപേ തന്നെ ടൗണിലും അസ്സീസ്സി സജീവ സാന്നിധ്യമായിരുന്നു. പ്രസ്സും, ജീവസ്സുറ്റ പുസ്തകങ്ങളിലൂടെ പ്രയാണം തുടരുന്ന ജീവൻ ബുക്‌സും, സമാനതകളില്ലാത്ത സമകാലിക പുനർവായന സാധ്യമാക്കുന്ന അസ്സീസ്സി മാസികയും.... ഇപ്പോൾ ജർമ്മൻ ഉൾപ്പെടയുള്ള ഭാഷകളുടെ ശ്രേഷ്ഠ സ്ഥാപനമായ അസ്സിസ്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ്സുമെല്ലാം ടൗണിന്റെ ഹൃദയത്തിൽ തന്നെ മിടിക്കുന്നു. പണ്ട് ആ കോമ്പൗണ്ടിൽ തന്നെയുണ്ടായിരുന്ന വായനശാല കൂടി അവിടെ നിലനിന്നിരുന്നുവെങ്കിൽ

***


Entrance of Assisi Ashram

മണിയടിക്കാരനു മുൻപിലൊരു കിളിവാതിൽ തുറക്കപ്പെട്ടു.

അച്ചാ ഒന്ന് കുമ്പസാരിക്കണം,

ചാപ്പലിൽ ഇരുന്നോയെന്ന മറുപടിയോടെ വാതിൽ അടഞ്ഞു

മണിയടിച്ച തെക്കേൽ മാണിച്ചൻ പാപങ്ങൾ എറ്റു പറഞ്ഞു പ്രായശ്ചിത്തവും നടപ്പാക്കി നിനയ്ക്കാതെ പെയ്ത മഴയേയും വീട്ടിലിരിക്കുന്ന കുടയെയും ചീത്ത വിളിച്ചു വാതിൽപ്പടിയിൽ നിൽക്കുമ്പോൾ കുമ്പസാരം കേട്ട അച്ചൻ ചിരിച്ചു കൊണ്ട് പിന്നിൽ !


###

ഇടവകപ്പള്ളിയിലെ ചിരപരിചിതരായ അച്ചന്മാർക്കു മുന്നിലെ ആണ്ടുകുമ്പസാരമെന്ന വൈതരണിക്കു മുന്നിൽ തുറക്കപ്പെട്ട വാതിൽ കൂടിയായിരുന്നു അസ്സീസിയുടെ ആവൃതി

ജോര്‍ജുകുട്ടി സെബാസ്റ്റ്യന്‍

0

164

Featured Posts

bottom of page