top of page

പൂക്കളം

Sep 20, 1997

1 min read

ജോസഫ് കുത്തിയതോട്

ഓണമായ്, പൂവും തേടിപ്പോകുമിക്കിടാങ്ങളെ

ക്കാണുവാൻ കഴിഞ്ഞതെൻ പുണ്യമെന്നറിഞ്ഞു ഞാൻ.

ഗ്രാമസന്‌ധ്യതൻ നിറച്ചാർത്തുകളാകാശത്തിൽ

പ്രോസാന്ദ്രമാം വിരൽപ്പാടുകളിഴയ്ക്കുമ്പോ‍ള്‍

ഒരു കൈക്കുടന്നയിൽ നിറയെപ്പുവും ചൂണ്ടി-

ലൊരു പുഞ്ചിരിയുമായെൻ മകളടുത്തെത്തി

നമുക്കും വേണം നാളെപ്പൂക്കളമപ്ഛാ, നേരം

വെളുക്കും മുൻപേയെന്നെയുണർത്താൻ മറക്കല്ലേ

മകളേ, മറക്കുവാൻ കഴിയില്ലൊരച്ഛനും

നിൻ്റെയാഗ്രഹങ്ങളെ നിൻ്റെ സ്നേഹത്തെ, നിന്നെ.

പൂക്കളമല്ല നൂറ് പൂക്കാലം തന്നെ നിൻ്റെ

യൊരു പുഞ്ചിരിക്കായി പകരം നൽകാമച്ഛൻ.

കാക്കകൾ കരയും മുമ്പുണർന്നു കുളിച്ചു

പൊൻ പൂക്കളം ചായ്ക്കുവാൻ പൂമുഖത്തിരുന്നു ഞാൻ

പിച്ചകപ്പൂവും മുല്ലമൊട്ടുമിത്തിരിത്തുമ്പ

കൊച്ചു കൈകളാ മണ്ണിൽ വസന്തം വിരിയിക്കേ...

അപ്രതീക്ഷിതമായപ്പുലർച്ചേ പെയ്തു‌ മഴ

ക്ഷിപ്രസന്തോഷത്തിൻ്റെ തിരികൾ കെടുത്തുവാൻ

മങ്ങിയോ മകളേ നിൻ കേവലാഹ്ലാദങ്ങളി

മുങ്ങുവാൻ തുടങ്ങുന്ന പൂക്കളം ചിതറുമ്പോൾ

ഒഴുകിയൊലിച്ചുപോയിത്തിരിത്തുമ്പ, നിൻ്റെ

മിഴികൾ പെയ്യാൻ വെമ്പും മേഘമായ് കറുത്തുവോ!

പൂക്കളം പോകുംപോലെ നമ്മളും കാലത്തിൻ്റെ

ദീർഘമാം പ്രവാഹത്തിലാണു നീ കരയായ്ക..

ജോസഫ് കുത്തിയതോട്

0

0

Featured Posts

Recent Posts

bottom of page