top of page

കൂടെ നടക്കുന്നവനും തിരിച്ചു നടത്തുന്നവനും

May 1, 2012

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
People walking two ways.

രണ്ടു ശിഷ്യന്മാര്‍ എമ്മാവൂസിലേക്കു യാത്രയാവുന്ന രംഗം ലൂക്കാ 24-ാമദ്ധ്യായത്തില്‍ നാം വായിക്കുന്നു. ശാരീരികവും ആത്മീയവുമായ ഒരു യാത്രയാണത്. അന്ധകാരത്തില്‍നിന്നു പ്രകാശത്തിലേക്കും നിരാശയില്‍നിന്നു പ്രതീക്ഷയിലേക്കുമുള്ള ഒരു യാത്ര.

കടുത്തു പോയ ഹൃദയത്തില്‍നിന്നും ജ്വലിക്കുന്ന ഹൃദയത്തിലേക്കുള്ള ഒരു അത്ഭുതയാത്ര. വഴിയിലും മുറിയിലും മുകളിലത്തെ നിലയിലുമായി ഈ യാത്ര നിറഞ്ഞുനില്‍ക്കുന്നു. ആരംഭത്തിലെ അവ്യക്തതയില്‍നിന്നും മോചനം നേടി യേശു ജീവിക്കുന്ന ഉത്ഥിതനാണെന്ന തിരിച്ചറിവിലേക്ക് അവര്‍ വളരുന്നു. ഉത്ഥിതന്‍ അവരുടെ അടുക്കലേക്കു വന്ന് അവരോടൊപ്പം നടന്നു. അവരുടെ സങ്കടങ്ങളിലേക്കും സഹനങ്ങളിലേക്കും അവന്‍ കടന്നുവന്നു. ഉത്ഥിതന്‍റെ ഈ സാന്നിദ്ധ്യം സമൂഹത്തിലെ ക്രൈസ്തവസാന്നിദ്ധ്യത്തിന്‍റെ പ്രതീകം കൂടിയാണ്. ഒരിക്കലും കര്‍ത്താവിന് സന്നിഹിതനാകാതിരിക്കാനാവില്ല. ലോകാവസാനം വരെ കൂടെയുണ്ടാകുമെന്ന വാഗ്ദാനം (മത്തായി 28/20) ഇവിടെ പാലിക്കപ്പെടുന്നു. ഉത്ഥിതന്‍ എല്ലായിടത്തും നിറഞ്ഞുനില്‍ക്കും. നമ്മുടെ വിശ്വാസക്കുറവു കാരണം അവനെ അനുഭവിക്കുവാന്‍ നമുക്കു കഴിയുന്നില്ല.

ഉത്ഥിതനെ തിരിച്ചറിയുവാന്‍ പറ്റാത്തവിധം ശിഷ്യരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു. കര്‍ത്താവ് കണ്ണു തുറന്നുതന്നാലെ അവനെ നമുക്ക് അനുഭവിക്കുവാനും മനസ്സിലാക്കുവാനും കഴിയൂ (ലൂക്കാ 24/31). യേശുവിനെ തള്ളിപ്പറയുന്നവരെയും ദൈവവിശ്വാസമില്ലാത്തവരെയും നാം വെറുക്കരുത്. കര്‍ത്താവ് അവരുടെ കണ്ണുതുറക്കുന്ന കാലത്തിനായി പ്രാര്‍ത്ഥനാപൂര്‍വ്വം നാം കാത്തിരിക്കണം. അവരുടെ സംശയങ്ങളും സഹനങ്ങളും മുഴുവന്‍ പറഞ്ഞു തീര്‍ക്കുന്നതുവരെ യേശു നിശ്ശബ്ദനായി ശ്രവിച്ചുകൊണ്ട് അവര്‍ക്കൊപ്പം നടന്നു. അവരിലേക്കു തന്നെ തിരിഞ്ഞു നോക്കുവാനും ആകുലതയുടെ അടിസ്ഥാന കാരണം കണ്ടെത്തുവാനും അവ തമ്പുരാന്‍റെ മുമ്പില്‍ ഏറ്റുപറയുവാനും കഴിഞ്ഞപ്പോള്‍ അവരുടെ ഹൃദയം ജ്വലിച്ചു തുടങ്ങി. സക്രാരിയുടെ മുമ്പിലിരുന്ന് വിങ്ങിപ്പൊട്ടിയും പരിഭവങ്ങള്‍ പറഞ്ഞു തീര്‍ത്തും കഴിയുമ്പോള്‍ ഒരു വലിയ ശാന്തതയിലേക്ക് ഹൃദയം പ്രവേശിക്കുന്നു. "എന്തു കാര്യങ്ങളെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്?" എന്ന ചോദ്യത്തിന് ഉത്തരമായി ക്രിസ്തുസംഭവങ്ങളുടെ പ്രഘോഷണം അവരിലൊരുവന്‍ നടത്തുന്നു. ഉത്ഥാനത്തെക്കുറിച്ചുള്ള പ്രഘോഷണവും, ഉത്ഥിതനില്‍ നിറവേറ്റിയ പ്രവാചക പ്രവചനങ്ങളും ഏറ്റുപറച്ചിലും നടന്നു കഴിയുമ്പോള്‍ പുതിയ ദൈവാനുഭവം ലഭിക്കുന്നു.

അവര്‍ക്കു പറയാനുള്ളതു പറഞ്ഞു കഴിഞ്ഞപ്പോള്‍ ഉത്ഥിതന്‍ സംസാരിച്ചു തുടങ്ങി. അവരുടെ ഹൃദയ കാഠിന്യത്തെയും വിശ്വാസരാഹിത്യത്തെയും അവിടുന്നു കുറ്റപ്പെടുത്തി. സകല പ്രവചനങ്ങളും ക്രിസ്തുവിലേക്കുള്ള സൂചനകളായി കാണണമെന്ന് ഉത്ഥിതന്‍ തന്നെ ആദ്യമായി പഠിപ്പിക്കുന്നു. ക്രിസ്തു സംഭവങ്ങളുടെ പ്രഘോഷണം ഉത്ഥിതനില്‍നിന്നു ശ്രവിച്ചവരുടെ ഹൃദയം പ്രകാശിച്ചു തുടങ്ങി. ക്രിസ്തുവിനെക്കുറിച്ചുള്ള കേള്‍വി ഹൃദയങ്ങളെ പ്രകാശിപ്പിക്കുന്നു. രക്ഷാകര ചരിത്രത്തിലെ കേന്ദ്രബിന്ദുവാണ് ക്രിസ്തു സംഭവങ്ങളെന്ന തിരിച്ചറിവില്‍ ശിഷ്യര്‍ ആനന്ദിച്ചു തുടങ്ങി. ലൂക്കാ 24 ല്‍ 28-29 വാക്യങ്ങളില്‍ അവര്‍ അവനെ സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുന്നതായി കാണാം. യേശുവാകട്ടെ പോകുന്നതായി ഭാവിച്ചു. കര്‍ത്താവ് ഒരിക്കലും ഇടിച്ചു കയറിച്ചെന്ന് സ്വന്തം സാന്നിദ്ധ്യം അടിച്ചേല്പിക്കുന്നവനല്ല. സ്വാതന്ത്ര്യത്തോടെ സ്വീകരിക്കുന്നവരോടൊപ്പം ചേരാന്‍ മടിയുമില്ല. അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ മനസ്സുമാറ്റി. സ്നേഹത്തിന്‍റെ തുടിപ്പുകള്‍ രൂപപ്പെട്ടപ്പോള്‍ രാത്രിയില്‍ ഒറ്റയ്ക്കു യാത്ര ചെയ്യുവാന്‍ യേശുവിനെ അവര്‍ അനുവദിക്കുന്നില്ല. അപരനിലേക്കു തുറവിയുള്ള ഹൃദയത്തിന്‍റെ ഉടമകളായി അവര്‍ മാറുന്നു. കര്‍ത്താവിനോടു ബന്ധപ്പെടുന്ന ഓരോ വ്യക്തിയും അപരനെക്കുറിച്ച് കരുതലുള്ളവനായി മാറും.

രണ്ടു വശങ്ങളിലായി നടന്നവര്‍ മുറിക്കുള്ളില്‍ മുഖത്തോടു മുഖം നോക്കിയിരിക്കുന്നവരായി മാറുന്നു. ഉത്ഥിതന്‍ അപ്പമെടുത്തു മുറിക്കുന്നു. വഴിയില്‍വച്ച് വചനം മുറിച്ചവന്‍ മുറിയില്‍വെച്ച് അപ്പം മുറിക്കുന്നു. അപ്പം മുറിക്കലും വചനം മുറിക്കലും വിശുദ്ധ കുര്‍ബ്ബാനയുടെ അവിഭാജ്യഭാഗങ്ങളായി ബൈബിള്‍ പഠിപ്പിക്കുന്നു. യേശു ഉത്ഥാനം ചെയ്തു എന്ന് ശിഷ്യര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍ അപ്പം മുറിച്ചവന്‍ അവരുടെ മുമ്പില്‍നിന്നും മറഞ്ഞുപോയി. അവന്‍ അവരില്‍ വസിക്കുവാന്‍ തുടങ്ങിയപ്പോള്‍ ശാരീരികസാന്നിദ്ധ്യം അപ്രസക്തമായി. ഓരോ വിശുദ്ധ കുര്‍ബ്ബാനയിലും മുഖ്യകാര്‍മ്മികനായി, ശാരീരിക സാന്നിദ്ധ്യം മറച്ചുവച്ച്, ക്രിസ്തു അപ്പം മുറിച്ചുതരുന്നു. എമ്മാവൂസ് യാത്രയില്‍ ഒരുവന്‍റെ പേര്‍ ക്ലയോഫാസ് എന്ന് നാം കാണുന്നു. കൂടെയുള്ള അപരന്‍റെ പേര് നാം കാണുന്നില്ല. അവന്‍റെ സ്ഥാനത്ത് ഞാനും നിങ്ങളും ഓരോ ക്രിസ്തുശിഷ്യനും നില്‍ക്കുന്നു. നമ്മുടെ തന്നെ ജീവിതയാത്രയുടെ ചിത്രമാണിത്.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts

bottom of page