top of page

നെഞ്ചിടിപ്പുകള്‍

Jul 1, 2010

3 min read

Image : A sad child
Image : A sad child

ഇന്ന് കുഞ്ഞനിയത്തിയെയും കൊണ്ട് അമ്മ ആശുപത്രിയില്‍നിന്നുവരും. രാവിലെ നേരത്തേ എഴുന്നേറ്റു. അമ്മയുടെകൂടെ കിടക്കാത്തതുകൊണ്ട് രാത്രിയില്‍ വല്ലാതെ തണുക്കും. അമ്മ ആശുപത്രിയില്‍ പോയതിനുശേഷം ഉറക്കം ശരിയാകുന്നില്ല. ചിറ്റമ്മ ഇന്നലെമുതല്‍ മുറിയൊക്കെ വൃത്തിയാക്കിത്തുടങ്ങിയിരുന്നു. കുഞ്ഞനിയത്തി വരുന്നതിന് എന്തിനാ ഇത്ര ഒരുക്കങ്ങള്‍? ഞാന്‍ എവിടെപ്പോയി വന്നാലും ആരും ശ്രദ്ധിക്കാറില്ലല്ലോ? 'അയ്യോ, ആ ഉടുപ്പൊക്കെ ചെളിയാക്കിയോ? ചെരിപ്പൂരാതെ അകത്തു കയറിയോ? ചെരിപ്പു പുറത്തിട്ട് കാല്‍കഴുകി വാ...' എന്നിങ്ങനെ ശകാരങ്ങള്‍തന്നെ. ഇന്നലെ കുഞ്ഞനിയത്തിയെക്കാണാന്‍ ആശുപത്രിയില്‍ ചെന്നപ്പോഴും അങ്ങനെതന്നെ. ചുവന്ന് തുടുത്ത് തക്കാളിപ്പഴംപോലുള്ള അനിയത്തിക്കുട്ടിയെക്കണ്ടപ്പോള്‍ ഓടിച്ചെന്നു തൊട്ടുനോക്കി. 'നിന്‍റെ അഴുക്കുപിടിച്ച കൈകൊണ്ട് കുഞ്ഞിനെ തൊടാതെ' എന്നു ചിറ്റമ്മ വിലക്കിയപ്പോള്‍ ഞെട്ടിപ്പോയി. 'നോക്കിക്കേ... നല്ല വെളുത്ത് എന്തു സുന്ദരിയാ അവളെക്കാണാന്‍. നിന്നെപ്പോലെ കറുത്തിട്ടൊന്നുമല്ല...' എന്നു മുത്തശ്ശി. ഇതൊക്കെ കേട്ടിട്ടും അമ്മയെന്താ ഒന്നും മിണ്ടാതിരിക്കുന്നത്? എല്ലാം കേട്ടു ചിരിച്ചതേയുള്ളൂ. 'എന്‍റെ കുഞ്ഞുമോളു സുന്ദരിയാ' എന്ന് എത്രയോ തവണ എന്നോടു പറഞ്ഞിരിക്കുന്നു? എന്നിട്ട് ഇപ്പോഴെന്താ അവരിങ്ങനെയൊക്കെപ്പറഞ്ഞിട്ടും ഒന്നും മിണ്ടാതെ ചിരിക്കുന്നത്?

*****************

അമ്മയെയും അനിയത്തിയെയും കൊണ്ടുവരാന്‍ അച്ഛന്‍ പോയിട്ട് ഏറെ നേരമായല്ലോ? കാപ്പികുടിക്കാന്‍ ചിറ്റമ്മ വിളിച്ചിട്ടും പോകാന്‍ തോന്നിയില്ല. വേണ്ടെന്നു പറഞ്ഞപ്പോള്‍ 'അസത്ത്, നൂറുകൂട്ടം ജോലിയുള്ളപ്പോഴാ അവള്‍ടെ വാശി' എന്നൊത്തിരി ദേഷ്യപ്പെടുകയും ചെയ്തു. പിന്നെ വിളിച്ചിട്ടുമില്ല, നോക്കിയിട്ടുമില്ല. ഇനി എന്നെ ആര്‍ക്കുംവേണ്ടേ? അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും എല്ലാം അനിയത്തിയെ മതി. ചിറ്റമ്മയ്ക്കാണെങ്കില്‍ ദേഷ്യവും. ആര്‍ക്കും വേണ്ടാതെ എത്ര നേരമായി ഞാനിങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട്? ഇനി അമ്മ വരട്ടെ. ഇത്രയും ദിവസം എന്നെ എടുക്കാതിരുന്നതല്ലേ? ഓടിവന്ന് കെട്ടിപ്പിടിക്കും, ഉമ്മതരും, 'എന്‍റെ പൊന്നുമോള് മിടുക്കിയായിട്ടിരുന്നുവല്ലേ' എന്നു ചോദിക്കും. അപ്പോള്‍ ഗമയില്‍ നില്ക്കണം. ഇത്രയും ദിവസം എന്നെ തനിച്ചാക്കിപ്പോയതിന് അമ്മയോടു പിണക്കമാണെന്നു പറയണം. അതാ അവരു വന്നല്ലോ! അച്ഛന്‍ പെട്ടികളൊക്കെ ഇറക്കുകയാണ്. അമ്മ കുഞ്ഞനിയത്തിയെ ഒരു തുണിക്കെട്ടുപോലെ ചേര്‍ത്തുപിടിച്ചിട്ടുണ്ട്. 'സൂക്ഷിച്ച് നടക്ക്' എന്നൊക്കെപ്പറഞ്ഞ് മുത്തശ്ശിയുണ്ട് കൂടെ. അച്ഛനെന്തോ ഇഷ്ടമില്ലായ്കയാണ് മുഖത്ത്. പക്ഷെ... എന്നെ ആരും നോക്കുന്നതേയില്ലല്ലോ... അതാ അവരെല്ലാം അകത്തേയ്ക്കു കയറുകയാണ്. വേണ്ട... എന്നെയാര്‍ക്കും വേണ്ട... ഇവിടുന്നു പോയാലും ആരും വിഷമിക്കില്ല... പോയേക്കാം... ഒരുപാടു ദൂരേയ്ക്ക് ഓടി രക്ഷപെടാം... ഈശ്വരാ.. ഞാനിതെന്താ വീടിനുചുറ്റും തന്നെയാണല്ലോ ഓടുന്നത്... ഓട്ടം നിര്‍ത്താന്‍ പറ്റുന്നില്ലല്ലോ... എന്തൊക്കെയോ സ്വരങ്ങള്‍ കേള്‍ക്കുന്നു. ആരൊക്കെയോ വിളിക്കുന്നുണ്ട്. 'അതിനെ ആരെങ്കിലും പിടിച്ചു നിര്‍ത്ത്' മുത്തശ്ശിയുടെ സ്വരം. 'അലറിക്കരഞ്ഞുകരഞ്ഞ് അതിന്‍റെ തൊണ്ട പൊട്ടുമല്ലോ. ഇതെന്താ ഈ കൊച്ചിങ്ങനെ' ചിറ്റമ്മ പറയുന്നു. അച്ഛന്‍റെ സ്വരം ഉയര്‍ന്നു കേള്‍ക്കാം... അമ്മ വിളിക്കുന്നുണ്ട്. പിന്നെയും എന്തൊക്കെയോ ഒച്ചകള്‍... വേണ്ട വിളിക്കേണ്ട... എന്നെയാര്‍ക്കും വേണ്ടല്ലോ... ഞാന്‍ പൊയ്ക്കൊള്ളാം. 'നീയിങ്ങനെ കരയുന്നതുകൊണ്ട് അമ്മ ഇവിടുന്നു പോകുവാ' ചിറ്റമ്മ കയ്യില്‍ ബലമായി പിടിക്കുന്നു. അമ്മ പോകുവാണോ? ഇനി കാണാന്‍ പറ്റില്ലേ? എന്‍റെ ഉള്ളു വിറയ്ക്കുന്നു... കയ്യും കാലുമെല്ലാം തളരുന്നു. ഒച്ചകളെല്ലാം കൂടിക്കുഴയുന്നു... ഒച്ചകള്‍ നിറഞ്ഞ് എന്‍റെ ചെവി പൊട്ടുന്നു. മുന്നിലിപ്പോള്‍ ഇരുട്ടു മാത്രമേയുള്ളൂ. ഞാനേതോ കുഴിയിലേയ്ക്ക് വീഴുന്നല്ലോ... അമ്മയെ ഇനി കാണാന്‍ പറ്റില്ലേ...

*****************

ഇന്ന് എഴുന്നേറ്റപ്പോള്‍ ഏറെ വൈകി. അച്ഛന്‍റെകൂടെ കിടക്കുന്നതുകൊണ്ട് ശരിക്കുറങ്ങാന്‍ കഴിയുന്നില്ല. എനിക്കിഷ്ടമില്ലാത്ത എന്തോ ഒരു മണവുമായാണ്, വൈകുന്നേരം കടയില്‍ പോയിട്ട് അച്ഛന്‍ വരുന്നത്. 'നീയിങ്ങനെ തുടങ്ങിയാലെങ്ങനെയാ' എന്നു മുത്തശ്ശി ദേഷ്യപ്പെടുന്നതും മുഖം വീര്‍പ്പിച്ച് അമ്മ പിറുപിറുക്കുന്നതും പതിവായിരിക്കുന്നു. അച്ഛനിപ്പോള്‍ അമ്മയോടങ്ങനെ മിണ്ടാറേയില്ല. കൂടെ നടക്കുമ്പോള്‍ പാട്ടുപാടിത്തന്നും കഥപറഞ്ഞും കൂട്ടുകൂടിയിരുന്ന ചിറ്റമ്മയ്ക്കും എന്തോ അകല്‍ച്ചപോലെ. എന്തെങ്കിലും ചോദിച്ചാല്‍ 'ശല്യം' എന്നു ദേഷ്യപ്പെടും. എപ്പോഴും പണികളിലാണെന്നു തോന്നുന്നു. ഇന്നെന്താ എന്നെ ആരും വിളിച്ചെഴുന്നേല്‍പ്പിക്കാതിരുന്നത്? ഓ, അമ്മ അനിയത്തിയെയും കൊണ്ട് ആശുപത്രിയില്‍ പോകാനൊരുങ്ങുന്നു. മുത്തശ്ശിയും പോകുന്നുണ്ടല്ലോ... എന്നെ എവിടെയും കൊണ്ടുപോകാറില്ല ഇപ്പോള്‍. ഇന്നിനി ആരും എന്നെ അന്വേഷിക്കില്ല. തന്നെ കളിക്കാന്‍ വലിയ രസമില്ലെങ്കിലും വേറെന്തു ചെയ്യാനാ? എനിക്കിപ്പോള്‍ അച്ഛനെയും ചിറ്റമ്മയെയും മുത്തശ്ശിയെയും ഒക്കെ പേടിയാ. എന്തു ചെയ്താലും എല്ലാവരും വഴക്കുപറയും. അനിയത്തിക്കുട്ടി വന്നതുകൊണ്ടു മാത്രമാണോ ആവോ?

*****************

മുത്തശ്ശിയും ചിറ്റമ്മയും പോകാനിറങ്ങുന്നു. എന്നെയും അവരോടൊപ്പം അമ്മയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോകുകയാണ്. രണ്ടു കുഞ്ഞുങ്ങളെയും നോക്കി വീട്ടുജോലിയും എല്ലാംകൂടി അമ്മയ്ക്കു തനിച്ചുചെയ്യാന്‍ വയ്യത്രെ. രാവിലെ മുത്തശ്ശിയാ പറഞ്ഞത് അമ്മവീട്ടില്‍ പോകുവാ, ഒരുങ്ങിക്കൊള്ളാന്‍. "ഞാനൊരു വഴക്കും ഉണ്ടാക്കില്ല അമ്മേ, എനിക്ക് അച്ഛന്‍റെയും അമ്മയുടെയും കൂടെ കഴിഞ്ഞാല്‍ മതി." എത്ര യാചിച്ചിട്ടും ഫലമുണ്ടായില്ല. അവസാനം, മഞ്ചാടിക്കുരുവും വളപ്പൊട്ടുകളും മയില്‍പ്പീലിയും വര്‍ണ്ണക്കടലാസുകളും നിറഞ്ഞ എന്‍റെ കൊച്ചുപെട്ടിയുമായി മുത്തശ്ശിയുടെ പുറകെ ഞാനുമിറങ്ങുകയാണുണ്ടായത്. ബലമായി പറിച്ചുമാറ്റപ്പെടുമ്പോള്‍ ഇനിയൊരിക്കലും തായ്വേരൂന്നി വളരാന്‍ കഴിയില്ലെന്ന്, എത്രയൊക്കെ ശ്രമിച്ചാലും ഒരു താങ്ങില്ലാതെ നിവര്‍ന്നു നില്ക്കാന്‍ കഴിയില്ലെന്ന് ആരാണറിയുന്നത്!

*****************

ഒന്നാംക്ലാസ്സില്‍ ചേര്‍ക്കാന്‍ വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ് രണ്ടാമത്തെ അനിയത്തിക്കുട്ടിയെ കാണുന്നത്. 'എല്ലാവരെക്കാള്‍ സുന്ദരിയാ അവള്‍' എന്ന് മുത്തശ്ശി പറഞ്ഞിരുന്നു. എപ്പോഴും ചിരിക്കുന്ന അവളെ മതി ഇപ്പോള്‍ അച്ഛനും അമ്മയ്ക്കും. എന്‍റെ ചിരികള്‍ എന്നാണ് വറ്റിപ്പോയത്? എന്‍റെ കണ്ണുകളിലെ തിളക്കം എങ്ങനെയാണ് മങ്ങിപ്പോയത്? കണ്ണാടിയുടെ മുന്നില്‍ചെന്ന് നില്‍ക്കുമ്പോള്‍ അസംതൃപ്തിയും അസൂയയുംകൊണ്ട് കറുത്തിരുണ്ട ഒരു മുഖം എന്നെ തുറിച്ചുനോക്കി. അനിയത്തിക്കുട്ടിയെ കാണാന്‍ ബന്ധുക്കള്‍ വരുമ്പോള്‍ കതകിന്‍റെ പുറകിലോ പിന്‍മുറ്റത്തെ വാഴക്കൂട്ടത്തിനിടയിലോ ഞാന്‍ ഒളിച്ചു. ആരും എന്നെ ഇപ്പോള്‍ ഒരു കുട്ടിയായി കാണുന്നില്ല. 'നീ ചേച്ചിയല്ലേ, നിനക്കെന്തിനാ, ഇനി കളിപ്പാട്ടങ്ങള്‍? അവര്‍ക്കു കൊടുത്തേയ്ക്ക്' എന്ന് അമ്മ പറയും. 'നീ ചെയ്യുന്നതൊക്കെ കണ്ടല്ലേ അവര്‍ പഠിക്കുന്നത്? അതുകൊണ്ട് വികൃതിയൊന്നും വേണ്ട' എന്ന് അച്ഛന്‍റെ ശാസന. 'മൂത്തതു നന്നെങ്കില്‍ മൂന്നും നന്ന്' എന്നു മുത്തശ്ശി. അനിയത്തിമാര്‍ എന്നെ എത്ര ഉപദ്രവിച്ചാലും അവരെ വഴക്കു പറയുന്നില്ല. 'അവര്‍ കുഞ്ഞുങ്ങളല്ലേ, അറിയാഞ്ഞിട്ടല്ലേ' എന്ന ന്യായം എപ്പോഴുമുണ്ടാവും. അപ്പോള്‍ ഞാനാരാണ്? ഇഷ്ടമുള്ളതെല്ലാം വേണ്ടെന്നുവയ്ക്കാനും എല്ലാവരും പറയുന്നതും ചെയ്യുന്നതും മനസ്സിലാക്കാനുംമാത്രം മുതിര്‍ന്നുവോ? എന്‍റെ ഇഷ്ടങ്ങള്‍ പിടിച്ചുവാങ്ങി അവിടെ ശാസനകളുടെ നടുക്കവും നോട്ടങ്ങളുടെ തീക്ഷ്ണതയും വിലക്കുകളുടെ മുള്‍വേലികളും അവഗണനയുടെ കറുപ്പും നിറയ്ക്കാന്‍ നിങ്ങള്‍ക്കെന്തവകാശം?

*****************

അമ്മയെ അടുക്കളപ്പണികളിലും അനിയത്തിമാരെ ഹോംവര്‍ക്ക് ചെയ്യാനും സഹായിച്ച് അനുജനെ തൊട്ടിലാട്ടി ഉറക്കിയതിനുശേഷം പഠിക്കാനിരുന്നപ്പോഴേയ്ക്കും വൈകിയിരുന്നു. ഈയിടെയായി, നന്നായി മദ്യപിച്ച് ഏറെ വൈകിയാണ് അച്ഛനെത്തുന്നത്. ചിറ്റമ്മയെച്ചൊല്ലി വഴക്കു പതിവായിരുന്നു. ചിറ്റമ്മ വിവാഹിതയായിട്ടും അവരുടെ നിഴല്‍ എന്നും അടുക്കളയിലും ഊണ്‍മേശയിലും കിടപ്പുമുറിയിലും വീട്ടില്‍ ഒപ്പമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഒന്നും രണ്ടും പറഞ്ഞ് വഴക്കാകും. ഒടുക്കം കഴിക്കാതെ അച്ഛനെഴുന്നേറ്റുപോകും- കഴിച്ചെന്നുവരുത്തി ഞാനും. അമ്മ കരച്ചിലും ശാപവാക്കുകളുമായി പിന്നെയും ഏറെനേരം അടുക്കളയില്‍ തന്നെ തങ്ങും. എനിക്കിപ്പോള്‍ വെളിച്ചത്തെപ്പോലും പേടിയായിരിക്കുന്നു. ലൈറ്റ് കെടുത്തി എന്‍റെ മുറിയില്‍, കട്ടിലിന്‍റെ മൂലയില്‍ വെറുതെയിരിക്കാനാണിഷ്ടം. അപ്പോള്‍ വല്ലാത്തൊരു സുരക്ഷിതത്വമുണ്ട്. പക്ഷേ.. എപ്പോഴുമങ്ങനെ ഇരിക്കാന്‍ പറ്റില്ലല്ലോ? അഞ്ചാം ക്ലാസിലേ എത്തിയിട്ടുള്ളൂവെങ്കിലും ഏറെ പഠിക്കാനുണ്ട്. അദ്ധ്യാപകരുടെ മകള്‍ ക്ലാസില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയേ പറ്റൂ. അല്ലെങ്കില്‍ അവര്‍ക്ക് നാണക്കേടാകും. മാര്‍ക്ക് കുറഞ്ഞാല്‍ അച്ഛന്‍ ഒച്ചയുയര്‍ത്തും. ചെലവാക്കുന്ന പണത്തെക്കുറിച്ചും ഒരു കുറവും വരാതെ വളര്‍ത്തുന്നതിനെക്കുറിച്ചും എണ്ണിപ്പറയും. അമ്മ ശകാരങ്ങളുടെയും ശാപവാക്കുകളുടെയും കെട്ടഴിക്കും. 'നീ ആ അപ്പന്‍റെ മകളല്ലേ, എങ്ങനെ ഗുണം പിടിക്കാനാ...' എന്ന വായ്ത്താരിയോടൊപ്പം അമ്മയുടെ കണ്ണുകളിലെ വെറുപ്പും ആത്മാവിലോളം ഇഴഞ്ഞിറങ്ങും. പക്ഷേ അപൂര്‍വ്വം അവസരങ്ങളില്‍ എന്തിനെന്നറിയാതെ കെട്ടിപ്പിടിച്ചു കരയുമ്പോള്‍ കണ്ണീരിനു പകരം മനസ്സില്‍ ചോരയുടെ നനവാണ് പടരുന്നത്. നനഞ്ഞു നനഞ്ഞു വഴുവഴുത്തിട്ടും ഒരു തുള്ളിപോലും പുറത്തേയ്ക്കു തുളുമ്പാതെ സൂക്ഷിക്കാന്‍ ഞാനെപ്പോഴേ പഠിച്ചുകഴിഞ്ഞു! ഓരോ രാത്രിയിലും ആവര്‍ത്തിക്കപ്പെടുന്ന വാഗ്വാദങ്ങള്‍ക്കും ചിലപ്പോള്‍ കയ്യാങ്കളിക്കും സാക്ഷിയായതിനുശേഷം ഉള്ളിലേയ്ക്കൊഴുകുന്ന കണ്ണീരരുവികളും ഭയത്തിന്‍റെ കറുത്ത പുതപ്പും തുടച്ചുമാറ്റി മുഖംമിനുക്കി ചുണ്ടത്തൊരു ചിരി സ്ഥിരമായി സൂക്ഷിച്ച് രാവിലെ സ്കൂളില്‍ പോകണം. ആരും ഒന്നും അറിയരുത്. സമൂഹത്തിനു മുമ്പില്‍ മാതൃകാ കുടുംബം എന്ന പരിവേഷത്തിന് ഒരുടവും തട്ടരുത്. എപ്പോഴും സന്തോഷം അഭിനയിക്കുകതന്നെ. പക്ഷേ ഇഷ്ടങ്ങളും സന്തോഷങ്ങളും നിറങ്ങളും എവിടെയോ കളഞ്ഞുപോയിരിക്കുന്നു. ഉള്ളിലെ ഓരോ നീരുറവകളും വറ്റിവരണ്ടുപോയിരിക്കുന്നു. വാഗ്വാദം മൂര്‍ദ്ധന്യത്തിലെത്തിയ ഒരു രാത്രിയില്‍ 'നിന്‍റെ അമ്മയോട് എന്നെ വെട്ടിക്കൊല്ലാന്‍ പറയ്' എന്നു പറഞ്ഞ് അച്ഛന്‍ എന്നെ വിളിച്ച് കയ്യിലേല്പിച്ച വലിയ കത്തിയുടെ തിളങ്ങുന്ന വായ്ത്തല, എല്ലാ മൃദുലതകളെയും എന്നേയ്ക്കുമായി കീറിമുറിച്ച് എന്‍റെയുള്ളിലാണ് ആഴ്ന്നിറങ്ങിയത്. നേരം പുലരുമ്പോള്‍ ആരെങ്കിലും ഒരാള്‍ മാത്രമേ അവശേഷിക്കൂ എന്ന ബാല്യത്തിന്‍റെ നിഷ്കളങ്ക ഭയം ഒന്നാകെ കടപുഴക്കിയത് എല്ലാ നന്മകളെയും അവശേഷിച്ച സന്തോഷങ്ങളെയുമാണ്. വളര്‍ച്ചയുടെ ഓരോ പുതുനാമ്പുകളും അവിടെ, ആ നിമിഷം മുരടിച്ചു പോയി... ഓരോ പച്ചപ്പും മരുഭൂമിയായി... ഓരോ കിളിപ്പാട്ടും ആക്രോശമായി മാറി... തിളങ്ങുന്ന ആ കത്തിയും കയ്യില്‍പിടിച്ച് ഞാനിപ്പോഴും അവിടെത്തന്നെ നില്ക്കുന്നു... കുട്ടിയായിരുന്നിട്ടും കുട്ടിയല്ലാതെ... മുതിര്‍ന്നിട്ടും പേടിച്ചരണ്ടൊരു കുട്ടിയായി... കണ്ണീരില്ലാത്തൊരു വരണ്ട കരച്ചിലോടെ... ചിരിയില്ലാത്തൊരു പൊള്ളുന്ന ചിരിയോടെ... അവസാനമില്ലാത്തൊരു അന്ത്യനിമിഷത്തില്‍... ഇന്നും.

Featured Posts

bottom of page