top of page

വിതക്കാരന്‍റെ ഉപമ

Mar 19, 2021

4 min read

ഷക

parable of the sower

മര്‍ക്കോസ് 4:3-20 (മത്തായി 13:1-23; ലൂക്കാ 8:4-15)ല്‍ കാണുന്ന വിതക്കാരന്‍റെ ഉപമ വളരെ പ്രസിദ്ധമാണല്ലോ. ആ ഉപമക്കിടയില്‍ നാം വായിക്കുന്ന ചില വാക്യങ്ങള്‍ പ്രശ്നം പിടിച്ചതാണ്. പ്രധാനമായും മൂന്നു പ്രശ്നങ്ങളാണുള്ളത്:

ഒന്ന്:- മര്‍ക്കോ. 4:12-ല്‍ കാണുന്ന ഏശയ്യായുടെ (6:10) ഉദ്ധരണി. "അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ മാനസാന്തരപ്പെട്ട് രക്ഷ പ്രാപിക്കാതിരിക്കാനും വേണ്ടിയാണ"ത്രേ യേശു ഉപമകളിലൂടെ പഠിപ്പിച്ചത്! ജോണ്‍ ക്രിസോസ്റ്റം ചോദിച്ചതുപോലെ, എന്നാല്‍പ്പിന്നെ ഒന്നും പഠിപ്പിക്കാതിരുന്നാല്‍ പോരേ? ഇങ്ങനെയുള്ള യേശു എന്തിനാണു സുവിശേഷവുമായി ശിഷ്യരെ ഭൂമിയുടെ അതിരുകളിലേക്ക് അയയ്ക്കുന്നത്?

ചുങ്കക്കാരുടെയും പാപികളുടെയും സുഹൃത്ത് എന്നു പേരു കേട്ടവന്‍ എന്നും ജനത്തോടൊപ്പമായിരുന്നല്ലോ. അവര്‍ക്കു ദുര്‍ഗ്രഹമായ കാര്യങ്ങളാണ് അവന്‍ പറഞ്ഞുകൊണ്ടേയിരുന്നത് എന്നു സുവിശേഷങ്ങളില്‍ മറ്റൊരിടത്തുനിന്നും നമുക്കു തോന്നുന്നുമില്ല. ജനക്കൂട്ടത്തിന് അവനെ നന്നായി മനസ്സിലായിയെന്നാണു സുവിശേഷം നമുക്കു പറഞ്ഞുതരുന്നത്. മര്‍ക്കോ. 1:27-28 - "എല്ലാവരും അത്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു: ഇതെന്ത്? അധികാരത്തോടെയുള്ള പ്രബോധനമോ?... അവന്‍റെ കീര്‍ത്തി എങ്ങും പെട്ടെന്നു വ്യാപിച്ചു." മര്‍ക്കോ 1:38 - "അവന്‍ പറഞ്ഞു: നമുക്ക് അടുത്ത പട്ടണങ്ങളിലേക്കു പോകാം. അവിടെയും എനിക്കു പ്രസംഗിക്കേണ്ടി യിരിക്കുന്നു. അതിനാണു ഞാന്‍ വന്നിരിക്കുന്നത്."

ജനക്കൂട്ടത്തിനു മാത്രമല്ല, യേശുവിന്‍റെ ശത്രുക്കള്‍ക്കും അവന്‍ പഠിപ്പിച്ചതെന്താണെന്നു സുവ്യക്തമായിരുന്നു. മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ യേശു അവസാനിപ്പിച്ചപ്പോള്‍ "തങ്ങള്‍ക്കെതിരായിട്ടാണ് ഈ ഉപമ അവന്‍ പറഞ്ഞതെന്നു മനസ്സിലാക്കി അവര്‍ അവനെ പിടിക്കാന്‍ ശ്രമിച്ചു"വെന്നു നാം വായിക്കുന്നു (മര്‍ക്കോ. 12:12). ജനക്കൂട്ടത്തെ ചിന്താക്കുഴപ്പത്തിലാക്കുന്ന കാര്യങ്ങള്‍ മനഃപൂര്‍വ്വം യേശു പറഞ്ഞുവെന്നു പൊതുവേ നമുക്കു തോന്നുന്നില്ല.

രണ്ട്:- മര്‍ക്കോ. 4:11 - "അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്‍റെ രഹസ്യം നിങ്ങള്‍ക്കാണു നല്‍കപ്പെട്ടിരിക്കുന്നത്. പുറത്തുള്ളവര്‍ക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം." ഇവിടെ പ്രശ്നം ആരാണു പുറത്തുള്ളവര്‍, ആരാണ് അകത്തുള്ളവര്‍ എന്നതാണ്.

മൂന്ന്:- മര്‍ക്കോ. 4:14-ല്‍ നാം വായിക്കുന്നത് "വിതക്കാരന്‍ വചനം വിതയ്ക്കുന്നു" എന്നാണ്. ഈ വാക്യത്തില്‍ പറയുന്നത് വിതയ്ക്കപ്പെട്ടത് വചനം ആണെന്നാണല്ലോ. എന്നാല്‍ 4: 16 ഇങ്ങനെയാണ്: "...പാറപ്പുറത്തു വിതയ്ക്കപ്പെട്ട വിത്ത് ഇവരാണ്." 4:18 - "മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്ക്കപ്പെട്ടത് മറ്റു ചിലരാണ്." ഈ വാക്യങ്ങള്‍ അനുസരിച്ച് വിതയ്ക്കപ്പെട്ടത് മനുഷ്യരാണ്. അപ്പോള്‍ പ്രശ്നം ഇതാണ്: വിതയ്ക്കപ്പെട്ടത് വചനമോ, അതോ, മനുഷ്യരോ?

ദൈവമല്ല, മനുഷ്യരാണു മനസ്സുകള്‍ കൊട്ടിയടയ്ക്കുന്നത്ശരിയാണ്, വളരെ രൂക്ഷമായ ശൈലിയിലാണ് ഏശയ്യാ 6-ാം അധ്യായത്തില്‍ സംസാരിക്കുന്നത്: "അവിടുന്ന് അരുള്‍ ചെയ്തു: പോവുക ഈ ജനത്തോടു പറയുക. നിങ്ങള്‍ വീണ്ടും കേള്‍ക്കും, മനസ്സിലാക്കുകയില്ല; നിങ്ങള്‍ വീണ്ടും കാണും, ഗ്രഹിക്കുകയില്ല. അവര്‍ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേള്‍ക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും അങ്ങനെ മാനസാന്തരപ്പെട്ടു സൗഖ്യം പ്രാപിക്കുകയും ചെയ്യാതിരിക്കേണ്ടതിന് അവരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ചെവികളെ മന്ദീഭവിപ്പിക്കുകയും കണ്ണുകളെ അന്ധമാക്കുകയും ചെയ്യും." സുവ്യക്തവും അതുകൊണ്ടുതന്നെ അസ്വസ്ഥതയുളവാക്കുന്നതുമാണല്ലോ ഈ വചനങ്ങള്‍. മനുഷ്യന്‍റെ മനസ്സിനെ ദൈവം കഠിനമാക്കുന്നത്രേ! അപ്പോള്‍ പിന്നെ മാനസാന്തരപ്പെടാത്തത് മനുഷ്യന്‍റെ കുറ്റമാകുന്നതെങ്ങനെയാണ്?

ഏശയ്യായും ഇസ്രായേലിന്‍റെ എല്ലാ പ്രവാചകന്മാരും കേള്‍വിക്കാരില്‍ പലരില്‍നിന്നും തിരസ്കരണം നേരിട്ടവരും വേട്ടയാടപ്പെട്ടവരുമായിരുന്നു. പ്രവാചകശബ്ദം ബധിരകര്‍ണങ്ങളില്‍ പതിച്ചതിനു പ്രവാചകഗ്രന്ഥങ്ങളില്‍ ധാരാളം തെളിവുകളുണ്ട്. എസെക്കിയേല്‍ 3:7 - "ഇസ്രായേല്‍ ഭവനം നിന്‍റെ വാക്കു കേള്‍ക്കുകയില്ല. എന്തെന്നാല്‍ എന്‍റെ വാക്കു കേള്‍ക്കാന്‍ അവര്‍ തയ്യാറല്ല. എന്തെന്നാല്‍ അവര്‍ മുഴുവന്‍ കടുത്ത നെറ്റിയും കഠിനഹൃദയവുമുള്ളവരാണ്." സഖറിയാ 7:11 - "എന്നാല്‍ അവര്‍ കേള്‍ക്കാതിരിക്കാന്‍ ചെവി അടച്ചുകളഞ്ഞു."

പ്രവാചകന്മാരെല്ലാം ശ്രമിച്ചത് കൊട്ടിയടയ്ക്കപ്പെട്ട നെഞ്ചുകളില്‍ ദൈവത്തിന്‍റെ വാക്കുകള്‍ എത്തിക്കാനാണ്. തങ്ങളെ കേള്‍ക്കുന്ന ജനം ഇന്നല്ലെങ്കില്‍ നാളെ തങ്ങളെ ശ്രവിക്കുമെന്നുതന്നെ അവര്‍ പ്രതീക്ഷിച്ചു. "അന്ന് ചെകിടര്‍ ഗ്രന്ഥത്തിലെ വാക്കുകള്‍ വായിച്ചു കേള്‍ക്കുകയും അന്ധര്‍ക്ക് അന്ധകാരത്തില്‍ ദര്‍ശനം ലഭിക്കുകയും ചെയ്യു" മെന്നാണ് ഏശയ്യായുടെ പ്രതീക്ഷ (29:18). 35:5-ല്‍ പറയുന്നത് "അന്ധരുടെ കണ്ണുകള്‍ തുറക്കപ്പെടുമെന്നും ബധിതരുടെ ചെവി ഇനി അടഞ്ഞിരിക്കില്ലെ"ന്നുമാണ്.

ഈ പ്രതീക്ഷ ഉടനീളം വച്ചുപുലര്‍ത്തിയതുകൊണ്ടാണ് ഇസ്രായേല്യരെ ദൈവത്തിങ്കലേക്കും മോചനത്തിലേക്കും നയിക്കുന്നതിന് തന്‍റെ ജീവിതം ഏശയ്യാ സമര്‍പ്പിച്ചത്. 1:16 - "നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍. നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍..." 37: 31 -"യൂദയായുടെ ഭവനത്തില്‍ അവശേഷിക്കുന്നവര്‍ വീണ്ടും വേരുപിടിക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യും." (വേരുപിടിക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നത് മനുഷ്യരാണെന്നതു പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.)

ഏശയ്യായുടെ ജീവിതത്തിന്‍റെയും പ്രഘോഷണങ്ങളുടെയും പശ്ചാത്തലത്തില്‍, നമ്മള്‍ ആദ്യം കണ്ട ഏശ. 6: 9-10 ലെ വാക്യങ്ങള്‍ വോറൊരു രീതിയിലാണു മനസ്സിലാക്കപ്പെടേണ്ടത്. "നീ നന്നാകില്ല" എന്ന് അമ്മ കുഞ്ഞിനോടു പറയുന്നത് ഒരേ സമയം അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പും തിരുത്താനുള്ള ക്ഷണവുമാണ്. "മാനസാന്തപ്പെടാതിരിക്കാന്‍ ദൈവം നിങ്ങളുടെ കണ്ണും കാതും അടച്ചുകളഞ്ഞു" എന്നത് സത്യത്തില്‍ കണ്ണും കാതും തുറക്കാനുള്ള ക്ഷണമാണ്. ഏശയ്യായുടെ ഈ വാക്കുകള്‍ കേള്‍വിക്കാരുടെ ഹൃദയകാഠിന്യത്തെ കുറിക്കുന്ന ഒരു ശൈലീപ്രയോഗമായി പിന്നീടു മാറുന്നുണ്ട്. ഈ ശൈലീപ്രയോഗം ചെറിയമാറ്റങ്ങളോടെ പലരും ഉപയോഗിച്ചതായി വേദപുസ്തകത്തില്‍ നമുക്കു കാണാം. ചില ഉദാഹരണങ്ങള്‍: ജറെമിയ 5:21; എസെക്കിയേല്‍ 12:2; യോഹന്നാന്‍ 9:39; 12:39-40; നടപടി 28: 26-27.   ഇവയില്‍ ഏറ്റവും അവസാനത്തേത്, പൗലോസിന്‍റെ വാക്കുകളെ തള്ളിക്കളഞ്ഞ റോമിലെ യഹൂദരെക്കുറിച്ചു പറയുന്നതാണ്. അപ്പോള്‍ കാതടപ്പിക്കുന്നതും കണ്ണടപ്പിക്കുന്നതും ദൈവം ചെയ്യുന്ന പ്രവൃത്തികളല്ല, അവര്‍ സ്വയം ചെയ്യുന്നതാണ് എന്നര്‍ത്ഥം.

യേശു തന്നെത്തന്നെ അവതരിപ്പിച്ചതു കൂടുതലും പ്രവാചകരുടെ ഒരു മാതൃകയിലാണല്ലോ. നസ്രത്തിലെ സിനഗോഗില്‍വച്ച് അവന്‍ നടത്തുന്ന ആദ്യപ്രഘോഷണത്തില്‍ത്തന്നെ പറയുന്നത് ഏശയ്യായുടെ പ്രവചനം തന്നിലൂടെ പൂര്‍ത്തിയാകുന്നുവെന്നാണ് (ലൂക്കാ 4: 16-21). തുടര്‍ന്നുള്ള പ്രഭാഷണത്തിലും യേശു തന്നെത്തന്നെ താരതമ്യപ്പെടുത്തുന്നത് പ്രവാചകരായ ഏലിയായോടും ഏലീശായോടുമാണ്. ദേവാലയശുദ്ധീകരണവേളയില്‍ ഉദ്ധരിക്കുന്നത് ജറെമിയെയാണ്. അതുകൊണ്ടുതന്നെ പ്രവാചകര്‍ അഭിമുഖീകരിച്ച അതേ തരിസ്കരണം യേശുവും നേരിടുന്നുണ്ട്. തന്നിമിത്തം തന്‍റെ കേള്‍വിക്കാരുടെ ഹൃദയകാഠിന്യത്തിനെതിരെ, ഏതൊരു പ്രവാചകനും ചെയ്തതുപോലെ, യേശുവും നിശിതമായ വിമര്‍ശനം നടത്തുന്നുണ്ട്. മത്തായി 11-ാം അധ്യായത്തില്‍ തന്‍റെ കേള്‍വിക്കാരില്‍ ചിലര്‍ ചന്തസ്ഥലത്തെ കുട്ടികളെപ്പോലെയാണു പെരുമാറുന്നതെന്ന് അവന്‍ പറയുന്നുണ്ട്; കൊറാസിന്‍, ബെത്സെയ്ദാ, കഫര്‍ണാം ഇവയെക്കുറിച്ച് അവന്‍ നെടുവീര്‍പ്പിടുന്നുണ്ട്; മത്തായി 12-ല്‍ യേശുവിനെതിരെയുള്ള  ഗൂഢാലോചനയെക്കുറിച്ചും അവനെ ബില്‍സെബൂല്‍ ആവേശിച്ചതാണെന്നുമുള്ള ആരോപണത്തെക്കുറിച്ചും നാം വായിക്കുന്നുണ്ട്.

അപ്പോള്‍, വിതക്കാരന്‍റെ ഉപമയില്‍ ഏശയ്യാ ഉദ്ധരിക്കപ്പെടുമ്പോള്‍, യേശു അഭിമുഖീകരിച്ച പ്രശ്നത്തെക്കുറിച്ചുള്ള പരാമര്‍ശമാണത്. യേശുവിന്‍റെ സമകാലികരില്‍ പലരും അവനെ കേള്‍ക്കാന്‍കൂടി കൂട്ടാക്കിയില്ല എന്ന പച്ചപ്പരമാര്‍ത്ഥമാണ് ഈ ഉദ്ധരണിയിലൂടെ വ്യക്തമാക്കപ്പെടുന്നത്.

അകത്തും പുറത്തുമുള്ളവര്‍മര്‍ക്കോ 4:11 -ല്‍ പറയുന്നതിനെക്കുറിച്ച് നാം ലേഖനത്തിന്‍റെ തുടക്കത്തില്‍ ഒന്നു കണ്ടതാണ്. പുറത്തുള്ളവര്‍ക്ക് ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ നല്കപ്പെടുകയില്ലെന്നു പ്രസ്തുതവാക്യം നിസ്സംശയം പ്രഖ്യാപിക്കുന്നു. ഇതിനോട് ചേര്‍ന്ന് മര്‍ക്കോ. 4: 34 കൂടി വായിക്കണം: "ഉപമകളിലൂടെ അല്ലാതെ അവന്‍ അവരോടു സംസാരിച്ചിരുന്നില്ല. എന്നാല്‍ ശിഷ്യന്മാര്‍ക്ക് എല്ലാം രഹസ്യമായി വിശദീകരിച്ചുകൊടുത്തിരുന്നു." 4:36-ല്‍ 'ജനക്കൂട്ടത്തെ വിട്ട്' യേശുവും ശിഷ്യന്മാരും മറുകരയ്ക്കു പോയിയെന്നു പറയുന്നുണ്ട്. അപ്പോള്‍ 4:34 ലെ 'അവര്‍' ജനക്കൂട്ടമാണെന്നു വ്യക്തം.

തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വിശേഷാനുകൂല്യങ്ങളും ജനക്കൂട്ടത്തിന് അവഗണനയും നല്കുന്ന ഒരാളായി നമുക്കു യേശുവിനെ സുവിശേഷത്തിലൊരിടത്തും കണ്ടെത്താനാകില്ല. ജനത്തിന്‍റെ സുഹൃത്ത് എന്നറിയപ്പെട്ടവനാണ് അവനെന്നു നാം മുന്‍പേ കണ്ടതാണ്. 4:11, 4:34 എന്നീ വാക്യങ്ങള്‍ പക്ഷേ പറയുന്നത് ജനത്തെ അവര്‍ അവഗണിച്ചെന്നും ശിഷ്യന്മാര്‍ക്കു മാത്രം എല്ലാം രഹസ്യമായി പറഞ്ഞുകൊടുത്തെ ന്നുമാണല്ലോ. ശിഷ്യന്മാര്‍ ഒരുവശത്തും ജനക്കൂട്ടം മറുവശത്തും എന്ന രീതിയിലല്ല കാര്യങ്ങളെ കാണേണ്ടത്. അതിനൊരു സൂചന മര്‍ക്കോ. 4:10ലുണ്ട്: "അവന്‍ തനിച്ചായപ്പോള്‍ പന്ത്രണ്ടുപേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഉപമകളെക്കുറിച്ച് അവനോടു ചോദിച്ചു." അപ്പോള്‍ യേശു കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്ത് താന്‍ മുന്‍പേ തിരഞ്ഞെടുത്തവര്‍ക്കു മാത്രമല്ല, മറ്റു പലര്‍ക്കുമാണ്. അങ്ങനെ വരുമ്പോള്‍ ആരാണ് അകത്തുള്ളവര്‍? ആരാണു പുറത്തുള്ളവര്‍?

സ്നാപകയോഹന്നാനെയും യേശുവിനെയുമൊക്കെ തേടി ജനക്കൂട്ടം വന്നിരുന്നെന്നും അവരോട് ഇരുവരും സംവദിച്ചിരുന്നുവെന്നും നമുക്കറിയാം. മര്‍ക്കോ. 1:5 "യൂദയാ മുഴുവനിലെയും ജറുസലേമിലെയും ആളുകള്‍ സ്നാപകന്‍റെ അടുത്തെത്തി." മര്‍ക്കോ. 3: 7-8-ല്‍ നാം വായിക്കുന്നു: ഗലീലി, യൂദാ, ഇദുമെയാ, ടയിര്‍, സീദോന്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം യേശുവിനെ കേള്‍ക്കാന്‍ ആളുകള്‍ എത്തിക്കൊണ്ടിരുന്നു.

അതേസമയം അവനു നേര്‍ക്ക് തിരിഞ്ഞത് യഹൂദസമൂഹത്തിലെ നേതൃത്വവും അവന്‍റെ സ്വന്തവുമൊക്കെയായിരുന്നു. യേശുവില്‍ കുറ്റമാരോപിക്കാന്‍ അവന്‍ സാബത്തുദിവസം രോഗശാന്തി നല്കുമോ എന്നുറ്റുനോക്കുന്ന യഹൂദനേതൃത്വത്തെക്കുറിച്ച് മര്‍ക്കോ. 3ല്‍ പറയുന്നുണ്ട്. സ്വന്തം നാട്ടില്‍ ചെന്നപ്പോള്‍ അവന്‍റെ നാട്ടുകാര്‍ അവനെ അവഗണിക്കുന്നതായി മര്‍ക്കോ. 6-ല്‍ വിവരിക്കുന്നുണ്ട്. മര്‍ക്കോ. 3:31-35-ല്‍ നാം വായിക്കുന്നത് അവന്‍റെ യഥാര്‍ത്ഥവീട്ടുകാര്‍ ദൈവത്തിന്‍റെ ഹിതം നിറവേറ്റുന്നവരാണ് എന്നാണല്ലോ. ഇവയുടെയൊക്കെ പശ്ചാത്തലത്തില്‍ യേശുവിനോടുള്ള കൂറാണ് അകത്തും പുറത്തുമുള്ളവരെ നിശ്ചയിക്കുന്നതിനുള്ള ഒരേയൊരു മാനദണ്ഡം എന്നു വ്യക്തമാണല്ലോ. യേശു കുറെപ്പേരെ തിരഞ്ഞെടുത്ത് അകത്താക്കുകയും ബാക്കിയുള്ളവരെ അവഗണിച്ചു പുറത്താക്കുകയുമായിരുന്നില്ല.

വിതയ്ക്കപ്പെട്ടത് വചനമോ മനുഷ്യരോ?

ഏശ. 55:11 - "എന്‍റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്ക് ഫലരഹിതമായി തിരിച്ചുവരില്ല."

അപ്പോള്‍ വിത്തു കണക്ക് ഫലം പുറപ്പെടുവിക്കുന്നത് ദൈവം അരുള്‍ചെയ്ത വചനമാണെന്നാണല്ലോ ഈ വാക്യം പറയുന്നത്. ഹോസിയാ 2: 23: "ഇസ്രായേലിനെ ഞാന്‍ ദേശത്ത് എനിക്കുവേണ്ടി വിതയ്ക്കും." ഈ വാക്യമനുസരിച്ച് വിതയ്ക്കപ്പെടുന്നത് മനുഷ്യരാണ്. ഉദാഹരണമായി രണ്ടു വാക്യങ്ങള്‍ പരിഗണിച്ചെന്നേയുള്ളൂ. വിത്തിനെ വചനത്തോടും മനുഷ്യരോടും ഉപമിക്കുന്ന പല വാക്യങ്ങളും ബൈബിളിലുണ്ട്. ഈ രണ്ടു ഉപമകളെയും (വചനമെന്ന വിത്തും മനുഷ്യനെന്ന വിത്തും) ബന്ധിപ്പിക്കുന്ന ബൈബിള്‍ ഭാഗം പൗലോസിന്‍റെ കൊളോസൂസുകാര്‍ക്ക് എഴുതിയ ലേഖനത്തിലുണ്ട്. "നിങ്ങള്‍ സുവിശേഷം ശ്രവിച്ച ... നാള്‍മുതല്‍ ... നിങ്ങളുടെയിടയില്‍ അതു വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു"(കൊളോ. 1:6). "കര്‍ത്താവിനു യോജിച്ച ... ജീവിതം നയിക്കാന്‍ നിങ്ങള്‍ക്കിടയാകട്ടെ. അതുവഴി നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികളും ഫലദായകമാകും..." (കൊളോ. 1:10). ആദ്യത്തെ വാക്യം സുവിശേഷം (വചനം) വിത്തിനെപ്പോലെ ഫലം പുറപ്പെടുവിക്കുന്നതിനെക്കുറിച്ചും രണ്ടാമത്തെ വാക്യം കൊളോസൂസുകാര്‍ (മനുഷ്യര്‍) ഫലം പുറപ്പെടുവിക്കുന്നതിനെക്കുറിച്ചുമാണല്ലോ പരാമര്‍ശിക്കുന്നത്. ഈ വാക്യങ്ങളില്‍ നിന്നു നമുക്ക് ഒരു കാര്യം സുവ്യക്തമാകുന്നു: വിത്ത് വചനമാണെന്ന ഉപമയും വിത്ത് മനുഷ്യരാണെന്ന ഉപമയും പരസ്പരപൂരകങ്ങളായ ഉപമകളാണ്. വചനമെന്ന വിത്തു വിതയ്ക്കുന്നതിലൂടെ ദൈവം നടുന്നത് മനുഷ്യരെന്ന ഞാറുകളെയാണ്. വിതക്കാരന്‍റെ ഉപമയിലെ 4:14-20 വാക്യങ്ങളില്‍ പരസ്പരപൂരകങ്ങളായ ഈ രണ്ടു വസ്തുതകളും സുന്ദരമായി ഇഴചേര്‍ന്നു നില്‍ക്കുന്നതു ശ്രദ്ധിച്ചാല്‍ കാണാവുന്നതേയുള്ളൂ.


ഉപസംഹാരം

മര്‍ക്കോ 4:11-ല്‍ "ദൈവരാജ്യത്തിന്‍റെ രഹസ്യം" എന്നൊരു പ്രയോഗമുണ്ട്. 'അജ്ഞാതമായത്' എന്ന അര്‍ത്ഥത്തിലല്ല 'രഹസ്യ'ത്തെ നാം മനസ്സിലാക്കേണ്ടത്. യേശു വെളിപ്പെടുത്തിത്തരാതെ ദൈവരാജ്യത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ നമുക്ക് അജ്ഞാതമായി തുടരുമല്ലോ. അപ്പോള്‍ 'ദൈവരാജ്യത്തിന്‍റെ രഹസ്യ'മെന്നത്  'ദൈവരാജ്യത്തിന്‍റെ വെളിപാട്' എന്നാണു മനസ്സിലാക്കേണ്ടത്.

യേശുവിന്‍റെ ജീവിതവും നിലപാടുകളും പ്രഘോഷണവും ഉപമകളും എല്ലാം ദൈവരാജ്യത്തിന്‍റെ വെളിപ്പെടുത്തലുകളായിരുന്നല്ലോ. അതിനോടു മറുതലിച്ചു നിന്നവര്‍ സ്വയം പുറത്താകുകയും ഫലം ചൂടാതെ പോകുകയും ചെയ്തു. ("ഇല്ലാത്തവനില്‍ നിന്ന് ഉള്ളതുകൂടി എടുക്കപ്പെടും" മര്‍ക്കോ 4:25.) അവന്‍റെ വെളിപ്പെടുത്തലുകളോട് സര്‍വ്വാത്മനാ സഹകരിച്ചവര്‍ക്ക് അവന്‍ കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുത്തുകൊണ്ടിരുന്നു. ("ഉള്ളവനു വീണ്ടും നല്കപ്പെടും" മര്‍ക്കോ 4:25.) ആഗ്രഹത്തോടെ അവന്‍റെ അടുത്തു കൂടിയവര്‍ക്ക് വീണ്ടും വീണ്ടും കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നത് സുവിശേഷങ്ങളില്‍ പലയിടത്തും നമുക്കു കാണാനാകും. (മര്‍ക്കോ 7:17-23;9:28; 10:10; മത്തായി 13:36; 15:12; 17:10; 17:19; 19:23; ലൂക്കാ10:23; 11:1; 17:22). വചനമാകുന്ന കൂടുതല്‍ വിത്തുകള്‍ വിതയ്ക്കപ്പെട്ടപ്പോള്‍ അവര്‍ മുപ്പതും അറുപതും നൂറും മേനി ഫലം പുറപ്പെടുവിക്കുകയും ചെയ്തു.

സത്യത്തില്‍ ഈ ഉപമ വിതക്കാരന്‍റെ ഉപമയല്ല, നിലത്തിന്‍റെ ഉപമയാണ്. വിതക്കാരനും വിത്തുമെല്ലാം ഒന്നുതന്നെ. വിതയ്ക്കപ്പെട്ട വിത്തിനെ ഏറ്റുവാങ്ങിയ നിലത്തിന്‍റെ ഗുണമാണ് ഫലത്തിന്‍റെ അളവു നിശ്ചയിക്കുന്നത്. അവധാനതയോടെയും ജാഗരൂകതയോടെയും കൈകാര്യം ചെയ്യേണ്ടതാണു വിതയ്ക്കപ്പെട്ട ഓരോ വിത്തും. പലകാര്യ വ്യഗ്രത ക്രിസ്തുശിഷ്യനു പറ്റിയ പരിപാടിയല്ല.

Featured Posts

bottom of page